Wednesday 25 December 2019

മാർക്സിന്റെ മക്കളുടെ ആത്മഹത്യ

ഭർത്താവ് ലഫാർഗും കൂടെ മരിച്ചു 

കാൾ മാർക്സിന്റെ രണ്ടാമത്തെ മകൾ ലോറയും ഭർത്താവ് പോൾ ലഫാർഗും ഇനി പ്രസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെന്ന കുറിപ്പ് എഴുതി വച്ചിട്ടാണ് 1911 നവംബർ 25 ന് ആത്മഹത്യ ചെയ്തത്.മാർക്സിന്റെ ഇളയ മകൾ ഏലിയനോർ 1898 ൽ ആത്മഹത്യ ചെയ്തത്,ഭർത്താവിൻറെ പരസ്ത്രീ ബന്ധം കാരണമായിരുന്നു.മാർക്സിന്റെ മൂത്ത മകൾ ജെന്നി കരോലിൻ 38 വയസിൽ കാൻസർ ബാധിച്ചു മരിച്ചു.

ആത്മഹത്യ ചെയ്യുമ്പോൾ,ലോറയ്ക്ക് 66;ലഫാർഗിന് 69.ഇതായിരുന്നു,ലഫാർഗ് എഴുതിയ കുറിപ്പ്:

"ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഞാൻ,ദയാരഹിതമായ വാർധക്യത്തിന് മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നു.ഒന്നിന് പിന്നാലെ ഒന്നായി അത് എൻറെ ആഹ്ലാദങ്ങൾ കവർന്നെടുത്തു.ശാരീരിക,മാനസിക ശാക്തിയെ ക്ഷയിപ്പിക്കുന്നു.എന്നെ തളർത്തിയും ഇച്ഛാശക്തിയെ തകർത്തും അത് എന്നെ എനിക്കും മറ്റുള്ളവർക്കും ബാധ്യതയാക്കും.കുറച്ചു വർഷമായി 70 നപ്പുറം ജീവിക്കില്ലെന്ന് തീരുമാനിച്ച് ജീവിതം വെടിയാനുള്ള വർഷം ഉറപ്പിച്ചിരുന്നു.ഞങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള രീതി ഞാൻ തയ്യാറാക്കി -അത് സയനൈഡ് കുത്തി വയ്ക്കുന്ന സൂചിയാണ്.45 കൊല്ലം ഞാൻ ഏത് ലക്ഷ്യത്തിനായി ജീവിച്ചോ അത് ഭാവിയിൽ വിജയിക്കും എന്ന സന്തോഷത്തോടെയാണ് ഞാൻ മരിക്കുന്നത്.കമ്മ്യൂണിസം നീണാൾ വാഴട്ടെ !രണ്ടാം ഇൻറർനാഷനൽ നീണാൾ വാഴട്ടെ."
ലോറ മാർക്സ് 
പാരിസിൽ പേരെ ലഷെയ്‌സ് സെമിത്തേരിയിലെ അവരുടെ സംസ്കാരത്തിൽ ലെനിൻ സംസാരിച്ചു.ലെനിൻറെ ഭാര്യ ക്രൂപ്സ്കായ ലെനിൻ തന്നോട് ഇങ്ങനെ പറഞ്ഞതായി ഓർമിച്ചു:
"പാർട്ടിക്ക് വേണ്ടി ഇനിയൊന്നും ചെയ്യാനാവില്ല എന്ന് തോന്നുമ്പോൾ,സത്യത്തിൻറെ മുഖത്ത് നോക്കി അവരെപ്പോലെ മരിക്കണം."

മാർക്സിന്റെ പ്രവാസത്തിൽ ബ്രസൽസിൽ പിറന്ന ലോറ ( 1845 -1911 ) ഫ്രാൻസിലും പ്രഷ്യയിലും ജീവിച്ച ശേഷമാണ് ലണ്ടനിൽ എത്തിയത്.ക്യൂബയിൽ ജനിച്ച ഫ്രഞ്ച് സോഷ്യലിസ്റ്റായ ലഫാർഗ്,ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിനായി പ്രവർത്തിക്കാൻ 1866 ൽ ലണ്ടനിൽ എത്തി.അവിടെ മാർക്സുമായി പരിചയപ്പെട്ട് കുടുംബവുമായും ലോറയുമായും അടുത്തു.1868 ൽ വിവാഹം റജിസ്റ്റർ ചെയ്തു.ആദ്യ മൂന്ന് വർഷങ്ങളിൽ ഉണ്ടായ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു -രണ്ടാണും ഒരു പെണ്ണും.

മാർക്സിന്റെ രചനകൾ ഫ്രഞ്ചിലേക്ക് പരിഭാഷ ചെയ്യുകയായിരുന്നു,ജോലി.ഫ്രാൻസിലും സ്പെയിനിലും മാർക്സിസം പ്രചരിപ്പിച്ചു.എംഗൽസ് പണം കൊടുത്തു.എംഗൽസ് മരിച്ചപ്പോൾ സ്വത്ത് ഭൂരിഭാഗവും കിട്ടി.
ലഫാർഗ് 
പത്രപ്രവർത്തകനും സാഹിത്യ വിമർശകനും കൂടിയായിരുന്നു,ലഫാർഗ് ( 1842 -1911 ). The Right To Be Lazy യാണ് പ്രധാന രചന.മാർക്സിന്റെ ഒരു പ്രധാന ഉദ്ധരണിക്ക് കാരണക്കാരനാണ്,ലഫാർഗ്.1883 ൽ മരിക്കും മുൻപ് മാർക്സ് ലഫാർഗിനും ഫ്രഞ്ച് വർക്കേഴ്സ് പാർട്ടി സംഘാടകൻ ജൂൾസ് ഗുസ്‌ഥേയ്‌ക്കും ഒരു കത്തെഴുതി.മാർക്സിസ്റ്റ് തത്വങ്ങളിൽ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന ഇരുവരെയും വിപ്ലവ വായാടിത്തത്തിൻറെയും തിരുത്തൽ പ്രക്രിയയെ നിരാകരിക്കുന്നതിൻറെയും പേരിൽ മാർക്സ് ശകാരിച്ചു.ഈ തർക്കത്തിനിടയിൽ മാർക്സ് ഇങ്ങനെ പറഞ്ഞതായി എംഗൽസ് കുറിച്ചു:"what is certain to me is that [, if they are Marxists, then] I am not [a] Marxist".അവർ മാർക്സിസ്റ്റ് ആണെങ്കിൽ,ഞാൻ മാർക്സിസ്റ്റ് അല്ല.

ക്യൂബയിൽ കാപ്പി തോട്ടം ഉടമയായിരുന്നു,ലഫാർഗിന്റെ പിതാവ്.ജമൈക്കയിൽ നിന്നുള്ള ഒരിന്ത്യക്കാരൻ അദ്ദേഹത്തിൻറെ മുത്തച്ഛൻ ആയിരുന്നു.പിതാമഹന്മാരിൽ ജൂതനും ക്രിസ്ത്യാനിയും നീഗ്രോയും  ഉണ്ടായിരുന്നു.സാർവ്വ ദേശീയത രക്തത്തിൽ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പാരിസിൽ മെഡിസിൻ പഠിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ താൽപര്യം വന്നത്.പ്രൂധോൻ മുന്നോട്ട് വച്ച ആശയങ്ങളിൽ പെട്ട് അരാജക വാദിയായി.മാർക്‌സും അഗസ്തെ ബ്ളാങ്കിയുമായുള്ള ബന്ധം,പ്രൂധോണിൽ നിന്നകറ്റി.1865 ൽ ഫ്രഞ്ച് സർവകലാശാലകളിൽ പഠനം നിഷേധിച്ചപ്പോൾ ലണ്ടനിൽ എത്തി.ആദ്യ കോമിന്റേൺ ജനറൽ കൗൺസിൽ അംഗമെന്ന നിലയിൽ സ്‌പെയിനിന്റെ ചുമതല കിട്ടി.1871 ലെ പാരീസ് കമ്മ്യൂണിന് ശേഷം സ്പെയിനിലേക്ക് പലായനം ചെയ്തു.അവിടന്ന് തിരിച്ചടി കിട്ടിയായിരുന്നു മടക്കം.മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിനാൽ വൈദ്യ ശാസ്ത്രത്തിൽ വിശ്വാസം പോയി ഡോക്ടർ ആയി ജോലി ചെയ്യേണ്ട എന്ന് തീരുമാനിച്ചു.L'Egalité എഡിറ്റർ ആയി അതിലാണ്,'അലസനായിരിക്കാനുള്ള അവകാശം'എഴുതിയത്.പാരിസിൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി നോക്കി.

ഫ്രഞ്ച് വർക്കേഴ്സ് പാർട്ടി രൂപം കൊണ്ടപ്പോൾ .അതിൻറെ സൈദ്ധാന്തികൻ ആയി.1891 ൽ ഫ്രഞ്ച് പാർലമെൻറിൽ എത്തുന്ന ആദ്യ സോഷ്യലിസ്റ്റ്.പാർട്ടി വ്യതിയാനങ്ങൾക്കെതിരെ മാർക്സിസ്റ്റ് യാഥാസ്ഥിതികത്വം നില നിർത്തി.
അഡോൾഫ് ജോഫെ 
സോഷ്യലിസ്റ്റ് നേതാവ് ഴാങ് ജോറസുമായി അങ്ങനെ നിരന്തര സമരം വേണ്ടി വന്നു.പാരിസിന് പുറത്ത് ദ്രവെയിൽ ഗ്രാമത്തിലേക്ക് മാറി,രാഷ്ട്രീയത്തിൽ നിന്നകന്നു.അവിടെയാണ് ജീവനൊടുക്കിയത്.സ്പെയിനിലും ഫ്രാൻസിലും ലഫാർഗിന്റെ ആശയങ്ങൾക്ക് പിന്തുണ കിട്ടിയില്ല.

സോവിയറ്റ് നയതന്ത്രജ്ഞൻ അഡോൾഫ് ജോഫെ,ട്രോട് സ്കിയെ സോവിയറ്റ് പാർട്ടി പുറത്താക്കിയതിൽ പ്രതിഷേധിച്ച് 1927 ൽ ആത്മഹത്യ ചെയ്തു.ആത്മഹത്യാ മുനമ്പിൽ നിന്ന് ജോഫെ,ട്രോട് സ്‌കിക്ക് എഴുതിയ കത്തിൽ,താൻ യുവാവായിരിക്കെ ലഫാർഗിന്റെയും ലോറയുടെയും ആത്മഹത്യയെ അനുകൂലിച്ചിരുന്നു എന്ന് എഴുതിയിരുന്നു.

ലഫാർഗിന്റെയും ലോറയുടെയും കല്ലറയിലാണ് പിൽക്കാലത്ത് അനന്തരവൻ ഴാങ് ലോങ്ക്യുറ്റിനെയും ഭാര്യയെയും രണ്ട് ആൺമക്കളെയും അടക്കിയത്.
ഏലിയനോർ 20 വയസിൽ 

ഏലിയനോറിന്റെ ആത്മഹത്യ 1898 മാർച്ച് 31 ന് 43 വയസിൽ ആയിരുന്നു.ഭർത്താവ് എഡ്‌വേഡ്‌ എവ്‌ലിങ് അതിന് മുൻപത്തെ ജൂണിൽ ഒരു നടിയെ രഹസ്യ വിവാഹം ചെയ്തു എന്ന വിവരം കിട്ടിയപ്പോൾ വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു.

ഫ്രഞ്ച് പത്രപ്രവർത്തകനും പാരീസ് കമ്മ്യൂൺ പങ്കാളിയുമായ ലിസാഗരേയുമായി ടുസി എന്ന വിളിപ്പേരുള്ള ഏലിയനോർ പ്രണയത്തിൽ ആയിരുന്നെങ്കിലും 16 വയസ് ഏലിയനോറിനേക്കാൾ മൂത്ത അദ്ദേഹവുമായി വിവാഹത്തിന് മാർക്സ് തടസ്സം നിന്നു.അവർ വീട്ടിൽ നിന്നിറങ്ങിപ്പോയി ബ്രൈറ്റണിൽ അധ്യാപികയായി.History of the Commune of 1871 എഴുതാൻ ലിസാഗരേയെ അവർ സഹായിച്ചു.മാർക്സ് ആ ബന്ധത്തിന് സമ്മതം മൂളിയപ്പോൾ ഏലിയനോർ മനസ്സ് മാറ്റിയിരുന്നു.


എംഗൽസിന്റെ മേൽനോട്ടത്തിൽ 'മൂലധന'ത്തിൻറെ ഇംഗ്ലീഷ് കരട് തയ്യാറാക്കാൻ ഏലിയനോറിനെ സഹായിച്ചയാളാണ് ജീവശാസ്ത്രജ്ഞൻ ഡോ എവ്‌ലിങ്.ഉപദേശിയുടെ മകനായ അയാൾ ജന്തു ശാസ്ത്രത്തിൽ ബിരുദമെടുത്ത് ലക്‌ചറർ ആയി;ഇടത് രാഷ്ട്രീയം തലയ്ക്ക് പിടിച്ച് ഉപേക്ഷിച്ചു.പിന്നീട് ലണ്ടൻ ഹോസ്പിറ്റലിൽ അനാട്ടമി പഠിപ്പിച്ചു.കണ്ടവരിൽ നിന്നൊക്കെ കടം വാങ്ങിയതിനാൽ 
അയാളെ പലരും വെറുത്തിരുന്നു."അയാൾക്ക് പല്ലിയുടെ മുഖവും ചെവി തുളയ്ക്കുന്ന ശബ്ദവുമാണ്" എന്ന് ബർണാഡ് ഷാ പരിഹസിച്ചു.ധൂർത്തൻ.അയാൾ ഏലിയനോറിനെ ചൂഷണം ചെയ്തു;അവഗണിച്ചു.ഏലിയനോറിനു മുൻപ് 1872 ൽ ഇസബെൽ കാംപ്ബെൽ ഫ്രാങ്ക് എന്നൊരു ധനികയെ അയാൾ വിവാഹം ചെയ്തിരുന്നു.രണ്ടു വർഷമേ അതുണ്ടായുള്ളു.20 വയസിൽഅവർ മരിച്ചപ്പോൾ അത് ഏലിയനോറിൽ നിന്ന് മറച്ചു വച്ചു.

ഏലിയനോറിന്റെ സഹജീവി ആയത് 1884 ൽ.അലെക് നെൽസൺ എന്ന പേരിൽ അയാൾ നല്ല നാടകങ്ങൾ എഴുതി.
എവ്‌ലിങ് 
മാരക വൃക്ക രോഗത്തിന് അടിമയായിരിക്കെയാണ് അലെക് നെൽസൺ എന്ന പേരിൽ അയാൾ  22 വയസുള്ള നടി ഈവ ഫ്രെയ്‌യെ വിവാഹം ചെയ്തത്.രോഗം കലശലായപ്പോൾ ഏലിയനോറിനടുത്തേക്ക് മടങ്ങി.കുറച്ചു ദിവസം ശുശ്രൂഷിച്ചു.ഡോ എവ്‌ലിങ് എന്ന പേരിൽ കുറിപ്പടിയുമായി 
വേലക്കാരിയെ അയച്ച് ക്ളോറോഫോമും പട്ടിയെ കൊല്ലാൻ എന്ന് പറഞ്ഞ് സയനൈഡും വാങ്ങിയാണ് ഏലിയനോർ ജീവനൊടുക്കിയത്.തൽക്കാല ഉന്മാദത്തിൽ ചെയ്ത ആത്മഹത്യ എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് എവ്‌ലിങിനെ ഒഴിവാക്കി.എവ്‌ലിങ്,അവരെ കൊന്നതാകാമെന്ന് എ എൻ വിത്സൺ God's Funeral ൽ പറയുന്നു.

.എംഗൽസ്1895 ൽ  മരണക്കിടക്കയിൽ,മാർക്സിന് വീട്ടു വേലക്കാരിയിൽ ഫ്രഡ്‌ഡി എന്ന അവിഹിത സന്തതി ജനിച്ച രഹസ്യം ഏലിയനോറിനോട് വെളിപ്പെടുത്തിയിരുന്നു.അതു ജീവിക്കാനുള്ള ഇച്ഛ നശിപ്പിച്ചിരിക്കാം എന്നും വാദമുണ്ട്.വെളിപ്പെടുത്തൽ കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമായിരുന്നു,ആത്മഹത്യ.ഏലിയനോർ ജീവനൊടുക്കി നാല് മാസം കഴിഞ്ഞ് 48 വയസിൽ എവ്‌ലിങ് മരിച്ചു.ബ്രിട്ടീഷ് മാർക്സിസ്റ്റ് പ്രസ്ഥാനത്തിൽ ശ്രദ്ധേയൻ ആയിരുന്നെങ്കിലും അതിൽ പെട്ടവർ ശവമടക്കിൽ പങ്കെടുത്തില്ല.ഏലിയനോറിനെ അയാൾ കൊന്നു എന്ന് അവർ വിശ്വസിച്ചു.

ആത്മഹത്യ തടയാൻ മാർക്സിസത്തിന് പ്രാപ്തിയില്ല എന്ന് ഗുണ പാഠം.
----------------------------------
Reference:
1.Eleanor Marx:A Life / Rachel Holmes,2014 
2.Yvonne Kapp, Eleanor Marx,1976 


See https://hamletram.blogspot.com/2019/12/blog-post_24.html

© Ramachandran 





 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...