Thursday, 3 October 2019

പാസ്റ്റർനാക് വേട്ടയിലെ നായിക

ഓൾഗ,'ഷിവാഗോ'യിലെ നായിക 

ബോറിസ് പാസ്റ്റർനാക്കിന് 1958 ൽ സാഹിത്യ നൊബേൽ കിട്ടിയത് ലോകം ഓർക്കുന്നു;'ഡോക്റ്റർ ഷിവാഗോ'യ്ക്ക് നൊബേൽ കിട്ടിയത്,സോവിയറ്റ് യൂണിയന് പിടിച്ചില്ല.ആ സമ്മാനം വാങ്ങാൻ സമ്മതിച്ചതും ഇല്ല.

വേട്ട അവിടെ തീർന്നില്ല.നോവലിലെ ലാറ എന്ന കഥാപാത്രം പാസ്റ്റർനാക് സൃഷ്ടിച്ചത്,കാമുകി ഓൾഗ ഇവിൻസ്കായയെ വച്ചായിരുന്നു.പാസ്റ്റർനാക് മരിച്ച ശേഷം,ഓൾഗയെയും മകളെയും അറസ്റ്റ് ചെയ്‌ത്‌ ലേബർ ക്യാമ്പിലാക്കി.പടിഞ്ഞാറ് നിന്ന് തൻറെ നോവലിനും ആത്മകഥയ്ക്കുമുള്ള റോയൽറ്റി,വിൽപത്രത്തിൽ ഓൾഗയ്ക്ക് പാസ്റ്റർനാക് എഴുതി വച്ചതായിരുന്നു,കാരണം.

സമ്മാനം കിട്ടിയ ശേഷം പാസ്റ്റർനാക്കിനെ തെറി കൊണ്ട് അഭിഷേകം ചെയ്‌ത പാർട്ടി,അദ്ദേഹത്തെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടു.1960 മെയ് 30 നായിരുന്നു,മരണം.ഏപ്രിലിൽ രോഗബാധിതനായ അദ്ദേഹം,ഏപ്രിൽ 15 നാണ് വിൽപത്രം തയ്യാറാക്കിയത്.റോയൽറ്റി ഓൾഗയ്ക്ക് നൽകുക മാത്രമല്ല,പാശ്ചാത്യ ലോകത്ത് തൻറെ കൃതികളുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും മേൽനോട്ടവും അവർക്ക് നൽകുകയും ചെയ്‌തു.പാസ്റ്റർനാക്കിൻറെ മരണ ശേഷം വിൽപത്രം 'കാണാതായി'.ഓൾഗയും മകളും ഓഗസ്റ്റിൽ അറസ്റ്റിലായി.
ഓൾഗ,പാസ്റ്റർനാക്,ഐറിൻ 
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്:'ഡോക്റ്റർ ഷിവാഗോ'യുടെ പ്രസിദ്ധീകരണത്തിന് പിന്നിലെ കഥ വച്ച് നോവൽ എഴുതാൻ പെൻഗ്വിൻ ലാറ പ്രെസ്‌കോട്ടിന് 20 ലക്ഷം ഡോളർ ( 14 .22 കോടി രൂപ ) അഡ്വാൻസ് കൊടുത്തു.ഇതറിഞ്ഞ പാസ്റ്റർനാക്കിൻറെ കൊച്ചനന്തരവൾ അന്ന കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കി.ലാറയുടെ നോവൽ The Secrets We Kept ഇറങ്ങി.ശീത യുദ്ധകാലത്ത് സി ഐ എ 'ഡോക്റ്റർ ഷിവാഗോ' പ്രചാരണത്തിന് ഉപയോഗിക്കാൻ നടത്തിയ ശ്രമമാണ്,പശ്ചാത്തലം.അതിൽ,പാസ്റ്റർനാക്കിന് ഓൾഗയോടുള്ള പ്രണയ കഥയുടെ ഭാഗം,2016 ൽ താൻ എഴുതിയ ഓൾഗയുടെ ജീവ ചരിത്രം 'ലാറ'യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അന്ന ആരോപിച്ചു.

ആരോപണത്തിന് ക്ലച്ചു പിടിക്കും എന്ന് തോന്നുന്നില്ല.'ഡോക്റ്റർ ഷിവാഗോ'യ്ക്ക് പ്രചോദനം ഓൾഗയാണ് എന്നത് രഹസ്യമല്ല.ഓൾഗ 1978 ൽ ആത്മകഥ എഴുതി-A Captive of Time.അവരുടെ മകൾ ഐറിന എമല്യനോവ ഒരു പുസ്തകം എഴുതി.പീറ്റർ ഫിൻ,പെട്ര കൂവി എന്നിവർ ചേർന്ന് 2014 ൽ The Zhivago Affair എഴുതി.
കവയിത്രിയായ ഓൾഗ ( 1912 -1995 ) ലെനിൻറെ ഭരണത്തിൽ കർഷക കലാപം നടന്ന തംബോവിൽ ആണ് ജനിച്ചത്.സ്‌കൂൾ അധ്യാപകൻറെ മകൾ.1915 ൽ കുടുംബം മോസ്‌കോയിൽ എത്തി.എഡിറ്റോറിയൽ വർക്കേഴ്‌സ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് 1936 ൽ പാസായി സാഹിത്യ മാസികകളിൽ എഡിറ്ററായി.കൗമാരം മുതൽ പാസ്റ്റർനാക്കിനെ ആരാധിച്ചു.അരങ്ങുകളിൽ അദ്ദേഹം കവിത ചൊല്ലുന്നത് കേട്ടു.1936 ൽ ഇവാൻ എമല്യനോവിനെ വിവാഹം ചെയ്‌തു;മൂന്ന് വർഷം കഴിഞ്ഞ് അയാൾ തൂങ്ങി മരിച്ചു.അതിൽ ഐറിൻ എന്ന മകൾ.1941 ൽ അലക്‌സാണ്ടർ വിനോഗ്രദോവിനെ വിവാഹം ചെയ്‌തു;അദ്ദേഹം യുദ്ധത്തിൽ കൊല്ലപ്പെട്ടു.അതിൽ ദിമിത്രി,മകൻ.

പാസ്റ്റർനാക്കിനെ 1946 ഒക്ടോബറിൽ 'നോവി മിർ'ഓഫിസിൽ കണ്ടുമുട്ടി.പുതിയ എഴുത്തുകാരുടെ ചുമതലയായിരുന്നു അവിടെ ഓൾഗയ്ക്ക്.ബന്ധം വളർന്ന് ഓഫിസ് ജീവിതം സുഖമല്ലാതായപ്പോൾ 1948 ൽ ജോലി വിട്ട് ഓൾഗ പാസ്റ്റർനാക്കിന് ഒപ്പം ആയി.അക്കാലത്ത് അവർ രവീന്ദ്രനാഥ് ടഗോർ കവിതകൾ റഷ്യനിലേക്ക് മൊഴി മാറ്റി.'ഡോക്റ്റർ ഷിവാഗോ'യിൽ യൂറി ലാറയ്ക്ക് എഴുതുന്ന കവിതകൾ,പാസ്റ്റർനാക്ക്,ഓൾഗയ്ക്ക് എഴുതിയവയാണ്.1949 ഒക്ടോബറിൽ സ്റ്റാലിന്റെ ചാരന്മാർ ഓൾഗയെ അറസ്റ്റ് ചെയ്‌ത്‌ 1950 ജൂലൈയിൽ അഞ്ചു വർഷം തടവിന് ഗുലാഗിലേക്ക് വിട്ടു.1958 ൽ പശ്ചിമ ജർമനിയിലെ സുഹൃത്തിന് പാസ്റ്റർനാക് എഴുതി:

"She was put in jail on my account, as the person considered by the secret police to be closest to me, and they hoped that by means of a grueling interrogation and threats they could extract enough evidence from her to put me on trial. I owe my life and the fact that they did not touch me in those years to her heroism and endurance."
ഞാൻ കാരണം അവൾ തടവിലായി.അവളെ ചോദ്യം ചെയ്‌താൽ,എന്നെ പിടിക്കാൻ തെളിവ് കിട്ടുമെന്ന് അവർ കരുതി.അവളുടെ സഹനവും ധീരതയും കാരണം,എൻറെ ജീവൻ നില നിന്നു.

അന്ന എഴുതിയ 'ലാറ' എന്ന പുസ്തകത്തിൽ നിന്ന് കിട്ടുന്ന കഥ:
അന്ന പാസ്റ്റർനാക് 
ഇതിഹാസ മാനങ്ങളുള്ള ഒരു നോവൽ എഴുതാനുള്ള ആഗ്രഹം പാസ്റ്റർനാക് 1935 ൽ 45 വയസുള്ളപ്പോൾ ഇളയ സഹോദരി ജോസഫീനോടാണ് ആദ്യം പറഞ്ഞത്.റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയിൽ ഒരു പ്രണയ കഥ.ആഴമുള്ള ഒരാൾ ഒരു പൈങ്കിളി കഥ എഴുതുകയോ എന്ന ശങ്ക അവർക്ക് തോന്നി.പ്രമേയത്തിൻറെ കരുത്ത് അവർ അറിഞ്ഞില്ല.ഈ നോവലിന് മുൻപ് ആറു തവണ നൊബേലിന് അദ്ദേഹം നിർദേശിക്കപ്പെട്ടിരുന്നു.

റഷ്യയിൽ നിന്ന് കയ്യെഴുത്തു പ്രതി കടത്തി 1957 ൽ ഇറ്റലിയിൽ പ്രസിദ്ധീകരിച്ച നോവൽ ജന്മനാട്ടിൽ എത്തിയത് 1988 ൽ മാത്രമാണ്.ബ്രിട്ടീഷ് ചാര സംഘടന അതിന് മുൻപ് നോവൽ കള്ളക്കടത്തായി എത്തിക്കുമായിരുന്നു.വിപ്ലവ വിരുദ്ധ നോവലായി ക്രൂഷ്ചേവ് ഭരണ കൂടം മുദ്ര കുത്തിയിരുന്നു.

ഡോക്ടറും കവിയുമായ യൂറി ഷിവാഗോ നഴ്‌സ് ആയ ലാറ ഗിച്ചാഡിനെ പ്രണയിക്കുന്നതാണ്,കേന്ദ്ര പ്രമേയം. രണ്ടു തവണ വിധവ ആയ ഓൾഗ വെസ്ലാവോദോവ്ന ഇവിൻസ്കായയായിരുന്നു ലാറയ്ക്ക് മാതൃക.എഡിറ്ററായ അവരെ പാസ്റ്റർനാക് 1946 ൽ അവർക്ക് 36 വയസുള്ളപ്പോൾ ( അദ്ദേഹത്തിന് 56 ) ആണ് കണ്ടുമുട്ടിയത്.14 കൊല്ലം,അദ്ദേഹത്തിൻറെ മരണം വരെ ആ ബന്ധം നീണ്ടു.പാസ്റ്റർനാക് ഭാര്യയെ ഉപേക്ഷിച്ചില്ല;ഓൾഗ വെപ്പാട്ടി ആയി.ഡേവിഡ് ലീൻ 1965 ൽ എടുത്ത സിനിമയിൽ ജൂലി ക്രിസ്റ്റി അവരെ അവിസ്മരണീയമാക്കി.ചിത്രം അഞ്ച് ഓസ്കർ നേടി.

അന്നയുടെ മുത്തശ്ശിയാണ്,ജോസഫീൻ.ഓക്സ്ഫോഡിലെ വീട്ടിലിരുന്ന്,1990 ൽ 90 വയസിൽ,മരണത്തിന് മൂന്ന് വർഷം മുൻപ് അവർ ജീവിതം ഓർമിച്ചു.അതിൽ ലാറയുമായുള്ള പ്രണയം വന്നില്ല.മോസ്‌കോയിൽ പോയി അന്ന പാസ്റ്റർനാക്കിൻറെ മകൻ യെവജെനിയെ ( അന്ന് 87 ) കണ്ടു.മോസ്‌കോയ്ക്ക് പുറത്ത് പാസ്റ്റർനാക് നോവൽ എഴുതിയ പേരെദേൽകിനോയ്ക്ക് പോയി.അവിടെ മകൻറെ ഭാര്യ നടാഷയെ കണ്ടു.ജോസഫീൻ രേഖകൾ നൽകിയ സ്റ്റാൻഫോഡ് സർവകലാശാലയിലും ഷിവാഗോ കയ്യെഴുത്തു പ്രതിയുള്ള മിലാനിലെ ഫെൽട്രിനെല്ലി ഫൗണ്ടേഷനിലും പോയി.ഇറ്റാലിയൻ പ്രസാധകൻ ജിയാൻജിയാൻകോമോ ഫെൽട്രിനെല്ലി നോവലിൻറെ ആഗോള അവകാശം വാങ്ങിയിരുന്നു.നോവലിലെ വിപ്ലവ വിരുദ്ധ നിലപാടിനാൽ സ്റ്റാലിന് കീഴിലെ റഷ്യയിൽ നോവൽ പ്രസിദ്ധീകരിക്കില്ല എന്ന് വന്നപ്പോൾ ജീവൻ പണയം വച്ചാണ്,കയ്യെഴുത്തു പ്രതി കടത്തിയത് -നോവൽ പ്രസിദ്ധീകരിക്കുമ്പോൾ സ്റ്റാലിൻ മാറി ക്രൂഷ്ചേവ് വന്നിരുന്നു.ഫെൽട്രിനെല്ലിയുടെ മകൻ കാർലോ,പിതാവും ഓൾഗയും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾ ഓർമിച്ചു.ലാറ,ഓൾഗ തന്നെ എന്ന് സ്ഥിരീകരണം ഉണ്ടായി.പാസ്റ്റർനാക്ക് കുടുംബവും ജീവചരിത്രകാരന്മാരും സാഹസിക ആയ സ്വൈരിണി ആയി ഓൾഗയെ തള്ളിയിരുന്നു.
പാസ്റ്റർനാക്കിൻറെ രണ്ടാം ഭാര്യ സിനയ്ദയാണ് ലാറയ്ക്ക് മാതൃക എന്ന് ജോസഫീൻ അന്നയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
നോവൽ എഴുതി തുടങ്ങിയപ്പോൾ പാസ്റ്റർനാക് ഓൾഗയെ കണ്ടിരുന്നില്ല.പ്രായമായ വിക്റ്റർ കൊമറോവ്സ്കി,കൗമാരത്തിൽ ലാറയെ ശാരീരികമായി കീഴ്പെടുത്തുന്ന ഭാഗം,കാമഭ്രാന്തനായ ഒരു ബന്ധു സിനയ്ദയോട് ചെയ്‌തത്‌ ആയിരുന്നു.ഓൾഗയെ പാസ്റ്റർനാക് കണ്ടതോടെ,ലാറ മാറി മൃദുവായി.പൂർണമായും ഓൾഗ ആയി.ഓൾഗയെ കുടുംബം മൂടിവച്ചതിന് കാരണം,എവിജിനിയ,സിനയ്ദ എന്നീ ഭാര്യമാർക്ക് പുറമെ ഒരു വെപ്പാട്ടി കൂടിയുണ്ടാകുന്നത് അധാർമികം എന്ന ബോധത്താൽ ആയിരുന്നു.രണ്ടു ഭാര്യമാരിലും ഓരോ പുത്രന്മാരുണ്ടായി;ഓൾഗയുമായുള്ള പ്രണയകാലമത്രയുo സിനയ്ദ ഭാര്യയായിരുന്നു.

ഓൾഗയുടെ മകൾ ഐറിന,അഞ്ചു വർഷത്തെ നിർബന്ധത്തിനൊടുവിൽ അന്നയെ കണ്ടു.നോവലിൽ ലാറയുടെ മകൾ കതേങ്ക,ഐറിന തന്നെ.പാസ്റ്റർനാക്കും ഓൾഗയും കണ്ടുമുട്ടുമ്പോൾ ഐറീനയ്ക്ക് എട്ടു വയസ്സായിരുന്നു.അവളുടെ കൗമാരം മുഴുവൻ കണ്ടത്,അവരുടെ പ്രണയമാണ്.30 കൊല്ലം ഐറിന താമസിച്ച പാരിസിലാണ്,അന്ന അവരെ കണ്ടത്.തനിക്ക് പാസ്റ്റർനാക് സമ്മാനിച്ച ഗൊയ്ഥെയുടെ 'ഫൗസ്റ്റ്' പരിഭാഷ ഐറിന കാട്ടി."അച്ഛനെപ്പോലെ,ബി പി " എന്നാണ് അതിൽ എഴുതിയത്.റോയൽറ്റി അനധികൃതമായി കടത്തി എന്ന കള്ളക്കേസിലാണ്,ഓൾഗയെയും ഐറീനയെയും തടവിലാക്കിയത്.എന്നും ഐറിന,പാസ്റ്റർനാക്കിനെ ആരാധിച്ചു.അദ്ദേഹത്തെ ബോറിയ എന്ന് വിളിച്ചു.അവൾ രാഷ്ട്രീയക്കളിയിൽ പാവയായി വില കൊടുത്തു.

സ്റ്റാലിൻ പാസ്റ്റർനാക്കിനെ തടവിലാക്കിയില്ല എന്നത് അദ്‌ഭുതമാണ് -1917 ന് ശേഷം 1500 എഴുത്തുകാരെ പാർട്ടി കൊന്നു.സ്റ്റാലിന് പാസ്റ്റർനാക്കിനോട് പ്രത്യേക ആദരം ഉണ്ടായിരുന്നതായി പറയുന്നു.ഓൾഗയെയാണ് അവർ ഉന്നം വച്ചത്.രണ്ടു തവണ അവരെ തടവിലാക്കി.ആദ്യം 1949 ൽ 'ഷിവാഗോ'എഴുതുമ്പോൾ ആയിരുന്നു.എഴുതുന്ന നോവലിനെപ്പറ്റി ഒൻപത് മാസം അവരെ ചോദ്യം ചെയ്‌തു;അവർ ഒന്നും പറഞ്ഞില്ല.ചോദ്യം ചെയ്‌ത രേഖകളിൽ കാണുന്നത്,ധീരതയും കൂറുമാണ്.ലുബിയാങ്ക തടവറയിൽ,പാസ്റ്റർനാക്കിൽ നിന്നുള്ള ഗർഭം അലസി.മൂന്നരകൊല്ലം മോൾഡേവിയ തടവറയിൽ കഴിഞ്ഞു.അമ്മ മരിയ,ഐറിനയെ നോക്കി.വിരഹവും കുറ്റബോധവും ആകുലതയും പാസ്റ്റർനാക്ക് നോവലിലേക്ക് എടുത്തു.യൂറിയും ലാറയും തമ്മിലുള്ള പ്രണയം ശക്തമായി.
സ്റ്റാലിൻ 1953 ൽ മരിച്ചപ്പോൾ മോചിതയായ ഓൾഗ പാസ്റ്റർനാക്കിൻറെ വലംകൈ ആയി.പാസ്റ്റർനാക് സിനയ്ദയ്‌ക്കൊപ്പം വലിയ വീട്ടിൽ താമസിച്ചപ്പോൾ,അടുത്ത് ചിന്ന വീട്ടിൽ,ഓൾഗ.ഇരുവർക്കുമിടയിൽ പരസ്യമായി സമയം പങ്കിട്ടു.കയ്യെഴുത്തു പ്രതികൾ  രണ്ടു തവണ ഓൾഗ ടൈപ്പ് ചെയ്‌തു;അവർ അനൗദ്യോഗിക ലിറ്റററി ഏജൻറ് ആയി.നൊബേൽ കിട്ടിയ ശേഷം വിപ്ലവത്തെപ്പറ്റി 'സത്യം'എഴുതാൻ ഭീഷണിപ്പെടുത്തി എഴുത്തുകാരുടെ യൂണിയനിൽ നിന്ന് പുറത്താക്കിയപ്പോൾ,പാസ്റ്റർനാക്കിനെ ഓൾഗ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു.സിനയ്ദയിൽ നിന്ന് പിരിയാൻ ഓൾഗ അവശ്യപ്പെട്ടത് മാത്രം ചെയ്‌തില്ല.സന്ദർശകരോട് അദ്ദേഹം ഓൾഗയുടെ ഫോൺ നമ്പർ കൊടുത്ത ശേഷം പറഞ്ഞു:
"ലാറ ജീവിച്ചിരിപ്പുണ്ട്;അവരെ കാണൂ"

സിനയ്ദയെ വിട്ട് ഓൾഗയെ ഭാര്യയാക്കിയിരുന്നെങ്കിൽ,പാസ്റ്റർനാക്കിൻറെ മരണശേഷം അവർ തടവിൽ ആവില്ലായിരുന്നു.ഓൾഗ പാസ്റ്റർനാക്ക് എന്നായിരുന്നു പേരെങ്കിൽ അത് സംഭവിക്കില്ലായിരുന്നു.മരണക്കിടക്കയിൽ അദ്ദേഹം ഓൾഗയോട് ഈ ദൗർബല്യത്തിന് കുമ്പസാരിച്ചു.പക്ഷെ 'ഷിവാഗോ' ഓൾഗയ്ക്ക് നിതാന്ത സ്മാരകമാണ്.'ഷിവാഗോ
യിൽ ലാറയെപ്പറ്റി / ഓൾഗയെപ്പറ്റി പാസ്റ്റർനാക് എഴുതി:
"How well he loved her, and how loveable she was in exactly the way he needed..."
അയാൾ നന്നായി അവളെ സ്നേഹിച്ചു;അയാൾക്ക് വേണ്ടവണ്ണം അവൾ സ്നേഹം അർഹിച്ചു.

പാസ്റ്റർനാക്കിൻറെ മരണശേഷം അറസ്റ്റിലായ ഓൾഗയെ 1964 ലും ഐറിനെ 1962 ലും വിട്ടയച്ചു.എട്ടു വർഷ ശിക്ഷ നാലാക്കി ഇളവ് ചെയ്‌തു.പാരിസിൽ റഷ്യൻ ഭാഷയിൽ ഇറക്കിയ ഓർമക്കുറിപ്പുകൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി.അവസാന അറസ്റ്റിൽ,എല്ലാ രേഖകളും കെ ജി ബി പിടിച്ചെടുത്തു -പാസ്റ്റർനാക് എഴുതിയ കത്തുകൾ,കയ്യെഴുത്തു പ്രതികൾ.അവ തിരിച്ചു കിട്ടാനുള്ള നിയമ പോരാട്ടത്തിൽ,പാസ്റ്റർനാക്കിൻറെ മകൻറെ ഭാര്യ നതാലിയ വിഘ്നമായി.ഉടമാവകാശ രേഖയില്ലാത്തതിനാൽ രാജ്യത്തിൻറെ ആർകൈവ്സിൽ സൂക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.1995 ൽ കാൻസർ വന്നായിരുന്നു,മരണം.

See https://hamletram.blogspot.com/2019/08/blog-post_29.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...