Monday 24 June 2019

ട്രോട് സ്‌കിയെ കൊന്ന മഴു

സ്റ്റാ ലിനുമായി  ഇടഞ്ഞ് മെക്സിക്കോയ്ക്ക് നാടു കടത്തപ്പെട്ട് അവിടെയാണ് ലിയോൺ ട്രോട് സ്‌കി കൊല്ലപ്പെട്ടത്. 1940 ഓഗസ്റ്റ് 20 ന് ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന്റെ വാടക കൊലയാളി റമോൺ  മെർകാദർ ഉപയോഗിച്ച ഐസ് മഴു വാഷിങ്ങ്ടണിലെ  ചാര മ്യൂസിയത്തിൽ എത്തി. മഴുവിൽ രക്തക്കറയുള്ള ഒരു പാട് കാണാം. അതാണ് കൊലയാളിയുടെ വിരലടയാളം. അന്ന് ഒരു ചരടിൽ കെട്ടി സ്യൂട്ട് ജാക്കറ്റിൽ തിരുകിയാണ്, മെർകാദർ ട്രോട് സ്‌കിയുടെ വീട്ടിൽ പോയത്. ട്രോട് സ്‌കിയുടെ ഡെസ്കിനു പിന്നിൽ ചെന്ന് സർവ്വശക്തിയുമെടുത്ത് അയാൾ അദ്ദേഹത്തിൻറെ തലയിലേക്ക് ആ മഴു ആഞ്ഞിറക്കി. രണ്ടര ഇഞ്ച് അത് താണു . 26 മണിക്കൂർ കഴിഞ്ഞ് അദ്ദേഹം മരിച്ചു. 20 കൊല്ലം ജയിലിൽ കഴിഞ്ഞ്, മോസ്കോയിലെത്തിയ മെർകാദറിന് വീരനായകനുള്ള വരവേൽപ് കിട്ടി.

 1978 ൽ മരണക്കിടക്കയിൽ അയാളുടെ അവസാന വാക്കുകൾ ഇങ്ങനെ ആയിരുന്നു:

“അത് ഞാൻ എപ്പോഴും കേൾക്കുന്നു.നിലവിളി ഞാൻ കേൾക്കുന്നു. മറുവശത്ത് അദ്ദേഹം കാത്തിരിക്കുകയാണെന്ന് എനിക്കറിയാം”.


തെളിവായി സൂക്ഷിച്ച മഴു 1940 ലെ പത്രസമ്മേളനത്തിൽ മെക്സിക്കോ പൊലീസ് പ്രദർശിപ്പിച്ചു. പിന്നെ വർഷങ്ങൾ അത് തെളിവ് മുറിയിൽ കിടന്നു രഹസ്യ പൊലീസ് ഓഫിസർ ആൽഫ്രഡോ സാലസ് അത് സൂക്ഷിക്കാൻ വേണ്ടി ചോദിച്ചു വാങ്ങി. 40 കൊല്ലം അത് കിടക്കടിയിൽ വച്ച് ഉറങ്ങിയ അദ്ദേഹത്തിൻറെ മകൾ അന അലീഷ്യ 2005 ൽ അത് വിറ്റു. അതാണ് വാഷിങ്‌ടണിൽ  തുറന്ന ചാര മ്യൂസിയത്തിൽ എത്തിയത്.  മെക്സിക്കോയിൽ മ്യൂസിയമായി സൂക്ഷിക്കുന്ന ട്രോട് സ്‌കിയുടെ വീട്ടിൽ മഴു സൂക്ഷിക്കാൻ നൽകുകയാണെങ്കിൽ താൻ ഡി എൻ എ പരിശോധനയ്ക്ക് രക്തം നൽകാമെന്ന് ട്രോട് സ്‌കിയുടെ കൊച്ചു മകൻ എസ്തബാൻ വോൾക്കോവ്‌ പറയുകയും അന അത് നിരാകരിക്കുകയും ചെയ്തിരുന്നു. പണം കിട്ടിയാൽ വിൽക്കാൻ അവർ തയ്യാറായിരുന്നു. ചാര ചരിത്രം എഴുതുന്ന അമേരിക്കൻ എഴുത്തുകാരൻ കെയ്ത്ത് മെ ൽട്ടൻ അത് വാങ്ങി. ചാര മ്യൂസിയം സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.മെൽട്ടൻ മഴു അന്വേഷിച്ചു നടക്കുകയായിരുന്നു. മെക്സിക്കോ പ്രസിഡൻറ് അത് പേപ്പർ വെയ്റ്റ് ആയി ഉപയോഗിക്കുന്നു എന്ന കേൾവിക്കിടയിലാണ്, അനയെ കണ്ടത്. വില എത്രയെന്ന് അനയോ മെൽട്ടനോ പറഞ്ഞില്ല.കൊന്ന മഴു തന്നെ എന്ന് മെൽട്ടൻ ഉറപ്പുവരുത്തി. സലാസിലേക്ക് എത്തിയതിന്റെ രേഖകൾ. അതിൽ ഓസ്ട്രിയൻ നിർമാതാവ് വർക്കാൻ ഫൽപ് മേസിന്റെ മുദ്രയുണ്ട്. പൊലീസ് റിപ്പോർട്ടിലെ അളവുകൾ. വിരലടയാളം.
മെർകാദർ 
ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന് രണ്ടു പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ നേരിട്ടുള്ള ആക്രമണം മെക്സിക്കൻ ചുമർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് നടത്തി പരാജയപ്പെട്ടു. പിന്നെയാണ് ദൗത്യം സ്പാനിഷ് കമ്മ്യുണിസ്റ്റ് മെർകാദറിന് കിട്ടിയത്. പാരിസിൽ നാലാം ഇന്റര്നാഷനലിന് കണ്ട അമേരിക്കക്കാരി സിൽവിയ ആഗ ലോഫിനെ വശത്താക്കി അവരുമൊത്താണ്, മെക്സിക്കോയിലെത്തി മെർകാദർ ട്രോട് സ്‌കിയെ കയ്യിലെടുത്തത്. പത്താമത്തെ സന്ദര്ശനത്തിലായിരുന്നു, കൊല. തോക്കായിരുന്നെങ്കിൽ വെടിയൊച്ച കേൾക്കും’കഠാര ആണെങ്കിൽ മരണം ഉറപ്പില്ല. അങ്ങനെ അനുഭവത്തിൽ നിന്ന് സോവിയറ്റ് രഹസ്യപൊലീസ് നിർദേശിച്ചതാണ് പിന്നിൽ നിന്നുള്ള ആയുധം. വീട്ടുടമയുടെ മകൻറെ മഴു മെർകാദർ മോഷ്ടിക്കുകയായിരുന്നു  സ്റ്റാലിനെക്കാൾ ധിഷണാശാലി ആയിരുന്ന ട്രോട് സ്‌കി പാർട്ടിക്കുള്ളിൽ സ്റ്റാലിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ലെനിൻ നേതൃത്വത്തിലേക്ക്, ട്രോട് സ്‌കിയെക്കാൾ പ്രോത്സാഹിപ്പിച്ചത്, സ്റ്റാലിനെയായിരുന്നു.
ട്രോട് സ്‌കിയുടെ വധം കെന്നഡി വധം പോലെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിന്റെ പതനം,ബ്രിട്ടൻറെ യുദ്ധം തുടങ്ങി,ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങൾക്കിടയിൽ,അർഹിക്കുന്ന ശ്രദ്ധ അതിനു കിട്ടിയില്ല.കൊലയാളി യഥാർത്ഥത്തിൽ ആരെന്നു പോലും അന്നറിഞ്ഞില്ല.


ബെൽജിയത്തിൽ നിന്നുള്ള ട്രോട് സ്‌കി അനുയായി  ജാക്വസ് മൊർണാർഡ് ആണ് താനെന്ന് അയാൾ അവകാശപ്പെട്ടു.രാജ്യാന്തര തൊഴിലാളി പ്രസ്ഥാനത്തെ അയാൾ വഞ്ചിക്കുകയാൽ കൊന്നതാണെന്ന് അയാൾ പറഞ്ഞു.ഇത് തട്ടിപ്പാണെന്ന് ഒറ്റയടിക്ക് തോന്നിയെങ്കിലും,ചോദ്യം ചെയ്യലിനോ മർദ്ദനത്തിനോ 20 കൊല്ലത്തെ തടവിനോ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല.മെക്സിക്കോയിൽ വധശിക്ഷ ഇല്ലാത്തതിനാൽ,കൊലയാളിയെ 1960 ൽ മോചിപ്പിച്ചു.വർഷങ്ങൾ കഴിഞ്ഞ്,ജൂലിയൻ ഗോർക്കിൻ ആണ് ആൾ ആരാണെന്ന് കണ്ടെത്തിയത്.സ്പെയിനിൽ സ്റ്റാലിന്റെ രഹസ്യ പൊലീസ് ഏജൻറ് ആയ മെർകാദർ ആണ് മൊർണാർഡ് -1913 ൽ ബാർസിലോനയിൽ തുണി വ്യവസായിയുടെ മകനായി ജനിച്ച അയാൾ,മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം ഫ്രാൻസിൽ ആണ് വളർന്നത്.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത അമ്മ,ഉസ്‌തിക്യ മരിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു.കമ്മ്യൂണിസ്റ്റായ മെർകാദർ,മുപ്പതുകളിൽ സ്പെയിനിൽ ഇടതു സംഘടനകളിൽ പ്രവർത്തിച്ച് തടവിലായിരുന്നു.1936 ൽ ഇടതനുകൂല മുന്നണി സർക്കാർ വന്നപ്പോൾ,മോചിതനായി.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധ കാലത്ത് സോവിയറ്റ് ചാര സംഘടനയിൽ ചേർന്ന് മോസ്‌കോയിൽ പരിശീലനം കിട്ടി.കെ ജി ബി ക്ക് മുൻപുള്ള എൻ കെ വി ഡി യുടെ നാഹം എയ്‌റ്റിങ്‌ടൺ എന്ന ഓഫീസറാണ് റിക്രൂട്ട് ചെയ്തത്.ഇയാളും സിൽവിയയും,മെർകാദർ ,ട്രോട് സ്‌കിയുടെ വീട്ടിൽ കയറിയപ്പോൾ പുറത്ത് കാത്തിരുന്നു.ലിയോനിദ് അലക്സന്ദ്രേവിച്ച് എയ്‌റ്റിങ്‌ടൺ എന്നായിരുന്നു മുഴുവൻ പേര്.
സിൽവിയ ആഗലോഫ് 
മെർകാദറിൻറെ  അർദ്ധ സഹോദരിയും നടിയുമായ മരിയ,വിഖ്യാത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ ഡി സിക്കയുടെ രണ്ടാം ഭാര്യ ആയിരുന്നു -ഡി സിക്കയുടെ സിനിമ ബൈസിക്കിൾ തീവ്സ് അറിയാത്ത ആസ്വാദകർ ഉണ്ടാവില്ല 
.ഇംഗ്ലീഷ് കമ്മ്യൂണിസ്റ്റ് ഡേവിഡ് ക്രൂക്കിനെ ചാരപ്പണിയിൽ മെർകാദർ പരിശീലിപ്പിച്ചിരുന്നുവെന്ന് ഓർവെൽ ജീവചരിത്രകാരൻ ഗോർഡൻ ബൗകർ രേഖപ്പെടുത്തുന്നു .ന്യൂസ് ക്രോണിക്കിൾ റിപ്പോർട്ടർ എന്ന നിലയിൽ ക്രൂക്, ജോർജ് ഓർവെലിനെ സോവിയറ്റ് യൂണിയന് വേണ്ടി നിരീക്ഷിച്ചു കൊണ്ടിരുന്നു.
ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ 1938 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ്,മെർകാദർ,സോവിയറ്റ് ചാരൻ മാർക്ക് സൊബ്രോവ്സ്കിയുടെ സഹായത്തോടെ അമേരിക്കൻ ജൂത ബുദ്ധിജീവി സിൽവിയ ആഗലോഫിനെ പരിചയപ്പെട്ടത്.പാരിസിൽ ട്രോട് സ്‌കിയുടെ വിശ്വസ്തയായിരുന്ന അവരെ,ബെൽജിയൻ നയതന്ത്രജ്ഞൻറെ മകൻ ജാക്വസ് മൊണാർഡ് എന്ന പേരിലാണ് പരിചയപ്പെട്ടത്.സെപ്റ്റംബറിൽ ബ്രുക്ലിനിലേക്ക് മടങ്ങിയ സിൽവിയയെ കാണാൻ മെർകാദർ അങ്ങോട്ട് പോയി.സ്പെയിനിൽ കൊല്ലപ്പെട്ട കനേഡിയൻ ഭടൻ ടോണി ബാബിച്ചിന്റെ പാസ്പോർട്ട് ആണുപയോഗിച്ചത്.അയാളുടെ പടം മാറ്റി മെർകാദറിൻറെ ഒട്ടിച്ചു.1939 ഒക്ടോബറിൽ അയാൾ മെക്സിക്കോയിൽ എത്തി.സിൽവിയയെ നിർബന്ധിച്ച് വരുത്തി.സ്റ്റാലിനുമായുള്ള അധികാര വടംവലിയിൽ നാടു കടത്തപ്പെട്ട ട്രോട് സ്‌കി ആയിരുന്നു ,ഉന്നം.


ട്രോട് സ്‌കി കല്ലറ 
മെർകാദർ ചെല്ലും മുൻപ് ട്രോട് സ്‌കിയെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയ ചുവർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് കൊല്ലാൻ ശ്രമിച്ചിരുന്നു.സോവിയറ്റ് ചാര സംഘടനയുടെ വിദേശവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ പാവേൽ സുഡോപ്ലേറ്റോവ് ആണ് അത് ആസൂത്രണം ചെയ്തത്.1939 മാർച്ചിൽ തന്നെ ചാര മേധാവി ബേറിയ,സ്റ്റാലിന്റെ അടുത്തു കൊണ്ടു പോയെന്ന് പാവേൽ ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തി."ഒരു കൊല്ലത്തിനകം ട്രോട് സ്‌കിയെ കൊല്ലണം;അയാളെ കൊന്നാൽ ഭീഷണി ഇല്ലാതാകും",സ്റ്റാലിൻ ഉത്തരവിട്ടു.അത് കഴിഞ്ഞാണ് ഒരാളെ ദൗത്യം ഏൽപിക്കാൻ തീരുമാനിച്ചത് -മെർകാദർ മാത്രമല്ല,അമ്മ കാൻഡാഡും സംഘത്തിൽ ഉണ്ടായിരുന്നു.അയാളെ താനാണ് തിരഞ്ഞെടുത്തതെന്ന് പാവേൽ,Special Tasks എന്ന ആത്മകഥയിൽ ഏറ്റു പറഞ്ഞിട്ടുണ്ട്.കാമുകി സിൽവിയയ്ക്ക് ട്രോട് സ്‌കിയുടെ വീട്ടിലുള്ള സ്വാതന്ത്ര്യം അയാൾ ഉപയോഗപ്പെടുത്തി.
കാൻഡാഡ്,മെർകാദറിൻറെ അമ്മ 
പാർട്ടിയിൽ നിന്ന് 1927 ൽ പുറത്താക്കപ്പെട്ട ട്രോട് സ്‌കി 1929 ൽ തുർക്കിയിലേക്ക് നാടു കടത്തപ്പെട്ടു .ഭാര്യ നറ്റാലിയയ്‌ക്കൊപ്പം ഫ്രാന്സിലേക്കും നോർവേയിലേക്കും അദ്ദേഹം മാറി.1936 ഡിസംബറിലാണ്,പോർക്കപ്പലിൽ ഇരുവരും മെക്സിക്കോയിൽ എത്തിയത്.അവിടെ ചുവർ ചിത്രകാരനായ ഡീഗോ റിവേറയുടെ  ഭാര്യ ഫ്രീഡ കാലോ അദ്ദേഹത്തെ സ്വീകരിച്ചു;ട്രോട് സ്‌കിയും ഭാര്യയും ഫ്രീഡയുടെ തറവാട്ടിൽ താമസിച്ചു.ട്രോട് സ്‌കിയും ഫ്രീഡയും പ്രണയത്തിലായി -ഫ്രീഡയുടെ അനുജത്തി ക്രിസ്റ്റീന യുമായി റിവേറ ബന്ധം പുലർത്തിയിരുന്നതിൻറെ പക കൂടി ഇതിൽ കാണുന്നവരുണ്ട്.ഇംഗ്ലീഷ് അറിയാത്ത ഭാര്യയ്ക്ക് മുന്നിൽ,ആ ഭാഷയിലാണ്,ട്രോട് സ്‌കി,ഫ്രീഡയുമായി പ്രണയിച്ചിരുന്നത്;പുസ്തകങ്ങളിൽ കത്തുകൾ വച്ചിരുന്നത്.ക്രിസ്റ്റീനയുടെ വീട്ടിലായിരുന്നു,ചിലപ്പോൾ സമാഗമങ്ങൾ.


ഫ്രീഡ നടുവിൽ 
1937 ജൂലൈയിൽ തന്നെ ആ ബന്ധം അവസാനിച്ചു.വലിയ ചിത്രകാരിയായ അവർ വരച്ച്  ട്രോട് സ്‌കിക്ക് സമ്മാനിച്ച സെൽഫ്  പോർട്രെയ്റ്റ് നില നിൽക്കുന്നു.Between Curtains എന്ന ചിത്രത്തിൽ അവർ കൈയിൽ വച്ചിരിക്കുന്ന രേഖയിൽ,ഇങ്ങനെ എഴുതിയിരിക്കുന്നു:ട്രോട് സ്‌കിക്ക്,വലിയ സ്നേഹത്തോടെ,1937 നവംബർ ഏഴിന് ഈ ചിത്രം സമ്മാനിക്കുന്നു.നവംബർ ഏഴ് ട്രോട് സ്‌കിയുടെ ജന്മദിനവും ഒക്ടോബർ വിപ്ലവ വാർഷികവുമായിരുന്നു.



പ്രണയം അറിഞ്ഞ ശേഷവും റിവേറ ട്രോട് സ്‌കിയെ വീട്ടിൽ നിന്നിറക്കി വിട്ടില്ല.നിരവധി കലാകാരന്മാരുമായും നടിമാരുമായും ഫ്രീഡ ബന്ധം പുലർത്തിയിരുന്നത് പോലെ , നിരവധി കാമുകിമാർ റിവേറയ്ക്കുമുണ്ടായിരുന്നു .1939 ൽ റിവേറ,ട്രോട് സ്‌കിയിസത്തോട് കലഹിച്ചപോഴാണ്,ട്രോട് സ്‌കി വീട് മാറിയത്.ഈ കലഹം കാരണം,റിവേറയാണ് കൊലയാളി എന്ന് ആദ്യം സംശയിക്കപ്പെട്ടു.റിവേറയെ കാമുകിയായ നടി പോളിറ്റ് ഗൊദാർദ് അമേരിക്കയ്ക്ക് കടത്തി .കൊലയാളിയെ പരിചയമുണ്ടായിരുന്ന ഫ്രീഡ രണ്ടു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു .കലഹിച്ചെങ്കിലും,വീട് മാറിയപ്പോൾ,ചിത്രം റിവേറ ട്രോട് സ്‌കിക്ക് കൊടുത്തു.

കൊലയാളിക്ക് സ്റ്റാലിൻ ഓർഡർ ഓഫ് ലെനിൻ ബഹുമതി പ്രഖ്യാ;പിച്ചു.റഷ്യയിലെ വൻ വരവേൽപിനു ശേഷം ഫിദൽ കാസ്ട്രോ,മെർകാദറെ സ്വീകരിച്ചു.ഹവാനയിൽ 1978 ൽ മരിച്ചു .
ട്രോട് സ്‌കിയെ സ്റ്റാലിൻ പാർട്ടിയിൽ നിന്നു പുറത്താക്കിയില്ലെന്നും സ്റ്റാലിന് ശേഷം ട്രോട് സ്‌കി വന്നെന്നും കരുതുക;അല്ലെങ്കിൽ,ലെനിന് ശേഷം സ്റ്റാലിന് പകരം,ട്രോട് സ്‌കിയാണ് വന്നത് എന്ന് കരുതുക -കൊല്ലുന്ന നേതാവ് തന്നെ ആയിരുന്നേനെ ട്രോട് സ്‌കി.ലെനിൻറെ ഒസ്യത്തിലെ ട്രോട് സ്‌കിയെപ്പറ്റിയുള്ള വിലയിരുത്തലും,Robert Payne എഴുതിയ Life and Death of Trotsky യും ലെനിൻറെ പല ജീവചരിത്രങ്ങളും വായിച്ചപ്പോൾ തെളിഞ്ഞു വന്ന ട്രോട് സ്‌കിയുടെ ചിത്രം ഉന്മൂലനത്തിൽ പങ്കെടുത്ത ഒരാളുടേതാണ്;ചോരയുടെ വഴിയിൽ,സ്വന്തം ചോര കൂടി വീണു.


വാൾട്ടർ ബെഞ്ചമിനെ സ്റ്റാലിൻ കൊന്നു

വിമത മാർക്‌സിസ്റ്റ് ആയ വാൾട്ടർ ബെഞ്ചമിനെ 1940 സെപ്റ്റംബർ 26 ന് സ്‌പാനിഷ്‌ നഗരമായ പോർട്ട് ബോയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.നാസികൾ കീഴടക്കിയ ഫ്രാൻസിൽ നിന്ന് കാൽ നടയായി രക്ഷപ്പെട്ട് എത്തിയ ഉടനെയായിരുന്നു,മരണം.എന്നാൽ, സ്റ്റാലിന്റെ ഏജന്റുമാർ അദ്ദേഹത്തെ വകവരുത്തിയതാണെന്ന്,The Mysterious Death of Walter Benjamin എന്ന പ്രബന്ധത്തിൽ സ്റ്റീഫൻ ഷ്വാർസ്‌  എഴുതുന്നു.

ജർമൻ ജൂതനായ ബെഞ്ചമിൻ ജീവിത കാലത്ത് പ്രശസ്തനായിരുന്നില്ല.അറുപതുകളിലും എഴുപതുകളിലും രചനകൾ പരിഭാഷ ചെയ്തു വന്ന ശേഷമാണ്,മാർക്സിസത്തിൽ തുടങ്ങി,അതിൽ നിന്ന് തെന്നി മാറിയ ദാർശനികനെ ലോകം തിരിച്ചറിയുന്നത്.ബൗദ്ധിക ജീവിതത്തോട് വിട പറഞ്ഞ കേരളത്തിലെ മാർക്സിസ്റ്റുകളിൽ ബെഞ്ചമിനെ പറ്റി കേട്ടറിവുള്ളവർ,അദ്ദേഹത്തെ മാർക്സിസ്റ്റായാണ് കരുതുന്നത്.അദ്ദേഹത്തിൻറെ Moscow Diary ആണ് ആദ്യം ഞാൻ വായിച്ചത്.തുടർന്ന്,Illuminations.ഒറ്റപ്പെട്ട പ്രബന്ധങ്ങൾ,The Work of Art in the age of Mechanical Reproduction,കാഫ്‌ക ,ബ്രെഹ്ത് എന്നിവരെപ്പറ്റിയുള്ള പഠനങ്ങൾ  പോലെ.മോസ്കോ ഡയറി ഡൽഹി വിമാന താവളത്തിലെ ഒരു പുസ്തകശാലയിൽ നിന്നാണ് കിട്ടിയത്.ഞാൻ വായിച്ച ശേഷം എം കൃഷ്ണൻ നായർക്ക് കൊടുത്തു .പിന്നെ പി എസ് സി അംഗമായിരുന്ന വിമർശകൻ കെ പി വാസു അത് എൻറെ കൈയിൽ നിന്ന് വാങ്ങി-അദ്ദേഹത്തിൻറെ മരണ ശേഷം,സഹ അംഗം എം സി ജോർജ് എനിക്ക് അത് തിരിച്ചു തന്നു,ജോർജിനെ അദ്ദേഹം ഏൽപ്പിച്ചിരുന്നു.


ബെഞ്ചമിൻറെ ജഡം കണ്ട ഹോട്ടൽ ഫ്രഞ്ച് അതിർത്തിയിലെ കാറ്റലോണിയയിലാണ്.ഒരു കുതിരയെ കൊല്ലാൻ മാത്രമുള്ള മോർഫിൻ താൻ കരുതിയിട്ടുണ്ടെന്ന് ആർതർ കൊയ്‌സലറോട് ബെഞ്ചമിൻ പറഞ്ഞിരുന്നു.മയോപ്പിയ ബാധിതനും ദുർബലനുമായ ബെഞ്ചമിന് 48 വയസ്സേ ആയിരുന്നുള്ളു.ഏതാനും ജൂത അഭയാർത്ഥികൾക്കൊപ്പം,പിറനീസ് മലനിരകൾ കടന്നാണ്,സ്പെയിനിൽ എത്തിയത്.സെപ്റ്റംബർ 24 നാണ് യാത്ര തുടങ്ങിയത്.

ജർമനിയിലെ ബർലിനിൽ നിന്ന് പലായനം ചെയ്‌ത്‌ ബെഞ്ചമിൻ പാരിസിൽ എത്തിയത് 1933 ലാണ്.1940 ജൂണിൽ  ഫ്രാൻസ് ജർമനിയുമായി സന്ധി ചെയ്തപ്പോൾ,ഫ്രാൻസിലെ ജൂത അഭയാർത്ഥികൾ ഉന്മൂലന ക്യാംപുകളിൽ എത്തുമെന്ന ഭീഷണിയുണ്ടായി.ജൂൺ 14 ന് ജർമൻ സേന ഫ്രാൻസിലെത്തി .അങ്ങനെയാണ് ,ബെഞ്ചമിന് പലായനം ചെയ്യേണ്ടി വന്നത്.മാഴ്‌സെൽസിൽ പോയി ശ്രീലങ്കയിലേക്കുള്ള യുദ്ധക്കപ്പലിൽ രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞിരുന്നു.കപ്പലിൽ കണ്ടെത്തി ഇറക്കി വിടുകയായിരുന്നു.പിറനീസ് വഴി പോയാൽ അതിർത്തി നിരീക്ഷണ സംഘങ്ങളെ വെട്ടിക്കാം എന്നതിനാൽ ആ വഴി തിരഞ്ഞെടുത്തു.അമേരിക്കൻ വിസ ഉണ്ടായിരുന്നു.സ്പെയിനിൽ എത്തിയാൽ,അമേരിക്കയിൽ ഫ്രാങ്ക്ഫുർട്ട് സ്‌കൂൾ പുനരാരംഭിച്ച തിയഡോർ അഡോണോ,മാക്സ് ഹോർക്കൻ ഹൈമർ എന്നിവർക്കൊപ്പം ചേരാം എന്ന് കരുതി.എന്നാൽ പോർട്ട് ബോയിൽ ബെഞ്ചമിൻ താമസിച്ച ഹോട്ടലിൻറെ ഉടമ ബെഞ്ചമിനെ ഒറ്റി.സ്പെയിൻ പൊലീസ് അതിർത്തിയിലെ ഫ്രഞ്ച് പോലീസിന് കൈമാറിയേക്കാം എന്ന ഘട്ടത്തിൽ ആത്മഹത്യ ചെയ്തു എന്നാണ് കരുതിപ്പോന്നത്.ഫ്രോയിഡ് ഗവേഷകനായ ലെസ്ലി ചേംബർലൈൻ അങ്ങനെയാണ് ടൈംസിൽ എഴുതിയത്.അടുത്ത നാൾ തീവണ്ടിയിൽ ഫ്രാൻസിന് മടങ്ങേണ്ടി വരും,ഉന്മൂലന ക്യാംപിൽ മരിക്കും എന്ന ഘട്ടത്തിൽ,മോർഫിൻ അകത്താക്കി.
മൂൺസെൻബെർഗ് 
ഈ സിദ്ധാന്തത്തെയാണ്,ഷ്വാർസ്‌  നിരാകരിക്കുന്നത്.മോണ്ടെനെഗ്രോയിൽ പത്രപ്രവർത്തകനായ അദ്ദേഹം മുപ്പതുകളിലെ കമ്മ്യൂണിസത്തിൽ ഗവേഷണം നടത്തുന്ന ആളാണ്.
തെക്കൻ ഫ്രാൻസിലും വടക്കൻ സ്പെയിനിലും സ്റ്റാലിന്റെ ഏജന്റുമാർ ഉണ്ടായിരുന്നു.നാസികളും സോവിയറ്റ് യൂണിയനും സന്ധി ചെയ്തിരുന്നു.ശക്തമായ രണ്ടു ചാര സംവിധാനങ്ങൾ ഒന്നിച്ചായിരുന്നു.തെക്കൻ ഫ്രാൻസിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾ സോവിയറ്റ് ചാരന്മാരുടെ നോട്ടപ്പുള്ളികൾ ആയിരുന്നു.ഇരു പതുകളിലും മുപ്പതുകളിലും ചില പടിഞ്ഞാറൻ ബുദ്ധിജീവികളെ സോവിയറ്റ് പക്ഷത്തു കൊണ്ടു വന്ന വില്ലി മുൻസൺബെർഗ് എന്ന മുൻ സോവിയറ്റ് ചാരനെ തടവിലാക്കിയിരുന്നു.അയാൾ,"രണ്ട് ജർമൻ സോഷ്യലിസ്റ്റുകൾക്കൊപ്പം" തടവിൽ നിന്ന് രക്ഷപ്പെട്ട ശേഷം,ഗ്രനോബിളിൽ ഒരു മരത്തിൽ തൂങ്ങി നിന്നു.അതോടെ സോവിയറ്റ് രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ ഇല്ലാതായി.ഇയാളാണ്,ആർതർ കൊയ്സ്ലറെ സോവിയറ്റ് ഏജൻറ് ആക്കിയത്.ഇയാൾ 1937 ലും കോയിസ്‌ലർ ഒരു വർഷം കഴിഞ്ഞുമാണ് ,സോവിയറ്റ് പക്ഷത്തു നിന്ന് മാറിയത് ..ബെഞ്ചമിൻ തിന്മയുടെ ഈ കൂട്ടിലേക്ക് നടന്നു കയറുകയായിരുന്നു.അയാൾ സോവിയറ്റ് ഹിറ്റ് ലിസ്റ്റിൽ പെട്ടു.
മുൻസൺബെർഗിന്റെ സഹചാരിയായ കോയ് സ്‌ലർ സോവിയറ്റ് യൂണിയൻറെനോട്ടപ്പുള്ളിയായിരുന്നു.ബോധമുള്ളവരൊക്കെ,മുൻസൺബെർഗ് മരിച്ച ശേഷം കോയ്സ്ലറെ ഒഴിവാക്കിയിരുന്നു;പക്ഷെ,ബെഞ്ചമിൻ ആ ബന്ധം തുടർന്നു.ഒരു കഫെയിലിരുന്ന് ഇരുവരും പരസ്യമായി ഭാവി ചർച്ച ചെയ്തു.1941 ൽ ഇറങ്ങിയ  Scum of Earth എന്ന ഓർമ്മക്കുറിപ്പിൽ കോയിസ്‌ലർ,ആ കൂടിക്കാഴ്ച വിവരിക്കുന്നു.ബെഞ്ചമിൻ 1933 ൽ ഹിറ്റ്‌ലർ അധികാരമേറ്റത് മുതൽ,ആവശ്യം വന്നാൽ ജീവനൊടുക്കാൻ  താൻ സൂക്ഷിക്കുന്ന,പത്രക്കടലാസിൽ പൊതിഞ്ഞ  62 ഉറക്ക ഗുളികകൾ കോയ്സ്ലറെ കാട്ടി.പകുതി കോയ്‌സ്‌ലർക്കു കൊടുത്തു.പോർട്ട് ബോയിൽ പൊലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്‌തെന്നും അടുത്ത നാൾ തിരിച്ചയയ്ക്കുമായിരുന്നെന്നും കോയിസ്‌ലർ പറയുന്നു.ട്രെയിനിൽ കയറ്റാൻ അവരെത്തിയപ്പോൾ ബെഞ്ചമിൻ മരിച്ചിരുന്നു.
കോയ്സ്ലറെയും വിശ്വസിക്കാൻ വയ്യ.അതിൽ അദ്ദേഹം പറയുന്നത്,ബെഞ്ചമിന് 55  വയസ്സായിരുന്നു എന്നാണ്.48 വയസ്സേ  ആയിരുന്നുള്ളു.പിന്നെ വന്ന The Invisible Writing എന്ന പുസ്തകത്തിൽ,ബെഞ്ചമിൻറെ കയ്യിലെ ഗുളികകളുടെ എണ്ണം വെറും 30 ആയി,കോയ്സ്ലർ കുറച്ചു.Scum of Earth ൻറെ പിൽക്കാല പരിഭാഷയിൽ എണ്ണം 50 ആയി.
ആർതർ കോയ്സ്ലർ 
കോയ്‌സ്‌ലർക്ക് ബെഞ്ചമിനെപ്പറ്റി വേറെന്തോ അറിയാമായിരുന്നു എന്ന് ഷ്വാർസ്‌ കരുതുന്നു.മൂൻസ്ബെർഗ് സോവിയറ്റ് യൂണിയനുമായി തെറ്റിയ ശേഷം,പാരിസിൽ കോയിസ്‌ലറും ബെഞ്ചമിനും അയൽക്കാരായിരുന്നു.മൂൻസ്ബെർഗിനൊപ്പം ചാരനാവുകയും,സോവിയറ്റ് യൂണിയനൊപ്പം നിൽക്കുകയും ചെയ്ത ഓട്ടോ കാറ്റ്സിനൊപ്പം ഇരുവരും പോക്കർ കളിച്ചിരുന്നു.പോക്കർ മേശയിലെ ബെഞ്ചമിൻറെ സ്വതന്ത്ര സംഭാഷണം കാറ്റ്സ്,മുകളിൽ അറിയിച്ചിരിക്കാം.ഇവരല്ലാതെ റുഡോൾഫ് റോസലർ എന്ന സ്വിറ്റ്‌സർലൻഡിലെ ജർമൻ അഭയാർത്ഥി പ്രസാധകനുമായുള്ള ബെഞ്ചമിൻറെ ബന്ധവും അപകടമായിരുന്നിരിക്കാം.1936 ൽ ബെഞ്ചമിൻ എഡിറ്റ് ചെയ്ത ജർമൻ മെൻ ക്‌ളാസിക് കത്തുകളുടെ സമാഹാരം ഇറക്കിയ ഇയാൾ സോവിയറ്റ് ചാരനായിരുന്നു.
റുഡോൾഫ് റോസ്‌ലർ 
മരണത്തിന് ഏതാനും മാസം മുൻപ് ബെഞ്ചമിൻ,Theses on the Philosophy of History എഴുതി.മാർക്സിസത്തിൻറെ പരാജയത്തെ ഇതു പോലെ വിശകലനം ചെയ്യുന്ന അധികം രചനകൾ ഇല്ല.ഹിറ്റ്‌ലർ -സ്റ്റാലിൻ സന്ധി കാരണം പല സോവിയറ്റ് അനുകൂലികളും നിരാശരായ സമയം.ഇതിനു പ്രതികരണമായി,സോഷ്യലിസ്റ്റ് ബിദ്ധിജീവികളിൽ നിന്ന് റിക്രൂട്ട് ചെയ്ത സ്റ്റാലിന്റെ ഏജന്റുമാർ,ഇത്തരക്കാരെ ഉന്മൂലനം ചെയ്യുകയായിരുന്നു.കോമിന്റേൺ ഏജന്റുമാരും ആർതർ കോയിസ്ലറുമായും ബെഞ്ചമിന് ആവശ്യമില്ലാത്ത ബന്ധമുണ്ടായിരുന്നു.ഹങ്കറിക്കാരനായ കോയ് സ്‌ലർ സോവിയറ്റ് ഏജൻറ് ആയ ശേഷം വിമതനാവുകയായിരുന്നു.ഇത്തരം അപകടകാരികളുടെ തേൻ നിറഞ്ഞ ഉപസംസ്കാരത്തിൻറെ ഭാഗമായിരുന്നു,ബെഞ്ചമിൻ.മുപ്പതുകളുടെ ഒടുവിൽ സ്പെയിനിൽ,ജർമൻകാരായ സ്റ്റാലിൻ വിരുദ്ധരെ കണ്ടെത്തി ഉന്മൂലനം ചെയ്യാൻ നിർദേശമുണ്ടായിരുന്നു.സോവിയറ്റ് യൂണിയനെതിരെ പ്രവർത്തിച്ചു എന്ന വ്യാജ കുറ്റസമ്മതം നിർബന്ധിച്ചു വാങ്ങിയാണ് ഇത് ചെയ്തത്.ഈ പട്ടികയിൽ സോവിയറ്റ് യൂണിയൻ ജോർജ് ഓർവെല്ലിനെയും പെടുത്തിയിരുന്നു.

സ്പെയിൻ ജഡ്ജി തയ്യാറാക്കിയ,ബെഞ്ചമിൻറെ മരണ രേഖയിൽ മയക്കുമരുന്നിൻറെ അമിത ഉപയോഗം കാണുന്നില്ല.പിറനീസ് കടന്നതിൻറെ ക്ഷീണം കൊണ്ടുണ്ടായ മസ്തിഷ്ക രക്തസ്രാവമാകാം കാരണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു.ബെഞ്ചമിനൊപ്പമുണ്ടായിരുന്ന അഭയാർത്ഥി ഫൊട്ടോഗ്രഫർ  ഹെന്നി ഗുർലാൻഡ് പറഞ്ഞത്,ബെഞ്ചമിൻ തന്നെ രണ്ട് ആത്മഹത്യാ കുറിപ്പുകൾ ഏൽപിച്ചെന്നും അവർ അത് നശിപ്പിച്ചെന്നുമാണ്.അത്  അവർ ഓർമയിൽ നിന്നെഴുതി,അഡോണോ,1999 ൽ താനും ബെഞ്ചമിനുമായി നടന്ന കത്തിടപാടുകളിൽ പ്രസിദ്ധീകരിച്ചു.ഒരു കുറിപ്പ് അഡോണോയ്ക്കുള്ളതായിരുന്നു എന്നാണ് ഹെന്നി പറഞ്ഞത്.ഫ്രഞ്ചിലായിരുന്നു കുറിപ്പുകൾ എന്നതിനാൽ,ഹെന്നി പറഞ്ഞത്,ഷ്വാർസ്‌  വിശ്വസിക്കുന്നില്ല.ബെഞ്ചമിൻ എഴുതിയിരുന്നത്,ജർമനിലാണ് .കുറിപ്പിൽ അവർ എഴുതിയ  പോലെ, പോർട്ട് ബോ ഗ്രാമമല്ല,കടലോര പട്ടണമാണ്.
ഇവർ ഭർത്താവ് ആർക്കാദി ഗുർലാൻഡിന് ബെഞ്ചമിൻ മരിച്ച് രണ്ടാഴ്ചയ്ക്കു ശേഷം എഴുതിയ കത്തിൽ രണ്ടു കുറിപ്പുകളുടെ കാര്യം പറഞ്ഞിരുന്നു എന്നാണ് അവകാശവാദം .രണ്ടാം ദിവസം വൈകിട്ട് ഏഴിന് തന്നെ വിളിച്ച് തലേന്ന് രാത്രി പത്തിന് മോർഫിൻ കഴിച്ചതായി ബെഞ്ചമിൻ പറഞ്ഞുവെന്നും രണ്ടു കുറിപ്പുകൾ നൽകിയെന്നും അവകാശപ്പെട്ടു.ഒരു കുറിപ്പ് തനിക്കും മറ്റൊന്ന് അഡോണോയ്ക്കുമായിരുന്നു.തനിക്ക് ഗുരുതരമായ അസുഖമാണെന്നേ പുറത്തു പറയാവൂ എന്നുപദേശിച്ചു.പിന്നെ അബോധാവസ്ഥയിലായി.ഇതാണ് ഹെന്നി ഓർമയിൽ നിന്നെടുത്ത കുറിപ്പ്:


In a situation with no way out, I have no other choice but to end it. It is in a little village in the Pyrenees where nobody knows me that my life will be finished. I ask you to transmit my thoughts to my friend Adorno and to explain to him the position in which I saw myself placed. There is not enough time to write all the letters I would have liked to write.

മോർഫിൻ ഇത്ര തലേന്ന് രാത്രി  ബെഞ്ചമിൻ കഴിച്ചിരുന്നെങ്കിൽ,ഹെന്നിയോട് അടുത്ത വൈകിട്ട് സംസാരിക്കാൻ ബെഞ്ചമിൻ ഉണ്ടാവില്ലായിരുന്നു . ഗുർലാൻഡ് തന്നെ സോവിയറ്റ് ചാരനായിരുന്നു.
ലിസ ഫിറ്റ്‌കോ 
പലായനം തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപ്,ബെഞ്ചമിൻ മർസെയിൽസിൽ എത്തി ചിന്തക ഹന്നാ ആരെന്റ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ കണ്ടിരുന്നു.അവിടെയാണ്,അമേരിക്കയ്ക്കുള്ള വിസ വാഗ്‌ദാനം കിട്ടിയത്.അതിന് സ്പെയിനിൽ പോകണം.അത് അനധികൃതമായേ പറ്റൂ.ജൂത പോരാളി ലിസ ഫിറ്റ്‌കോ,ഭർത്താവ് ഹാൻസ് എന്നിവരെ ബെഞ്ചമിൻ കണ്ടുമുട്ടി.കേണൽ ലിസ്റ്റർ എന്നൊരു ഓഫിസറുമായി ലിസയ്ക്കുണ്ടായ സൗഹൃദം വഴി മലമ്പാത വഴി പോകാനുള്ള മാപ് വരച്ചു കിട്ടി.ലിസ,ബെഞ്ചമിൻ,ഫൊട്ടോഗ്രഫർ ഹെന്നി,അവരുടെ മകൻ ജോസഫ് എന്നിവരായിരുന്നു,സംഘത്തിൽ.മാപ് വരച്ചത് സോഷ്യലിസ്റ്റ് മേയർ അസീമയാണെന്ന് ലിസ പിൽക്കാലത്ത് എഴുതിയ Escape through the Pyrenees  
എന്ന പുസ്തകത്തിൽ പറയുന്നു .സംഘം അതിർത്തി കടന്ന അന്നുമാത്രം സ്പെയിനിൽ കുടിയേറ്റ നിയമം മാറി -വരുന്നവരെ തടവിലാക്കുക.അങ്ങനെ ബെഞ്ചമിൻറെ സ്പെയിൻ വിസ പിൻവലിച്ചു.ബെഞ്ചമിൻ മരിച്ച് അടുത്ത നാൾ തന്നെ പുതിയ നിയമം പിൻവലിച്ചു.ബെഞ്ചമിൻറെ കൂടെ പോയ മൂന്നു പേർക്ക് അഭയം കിട്ടി-ദുരൂഹം.അമേരിക്കൻ വിസ ,ബെഞ്ചമിൻ മരിച്ച് അടുത്ത നാൾ വന്നു.ഹന്നാ ആരെന്റ് എഴുതി:

One day before and Benjamin would have entered without any problem; a day later and friends in Marseille would have known that it would not be possible to enter Spain legally. Only on that particular day was the catastrophe possible.

അതിർത്തിയിലെ സോവിയറ്റ് ചാരന്മാർ,New Beginning എന്ന സംഘടനയിൽ പെട്ടവരായിരുന്നു .അവരായിരുന്നു,ബെഞ്ചമിനെ വലയം ചെയ്തത് എന്നാണ് കരുതേണ്ടത് .ഗുർലാൻഡും കേണൽ ലിസ്റ്ററും റോസ്‌ലറും  അതിൻറെ ഭാഗമായിരുന്നു .ചാരവലയത്തിൽ ലൂസി എന്നാണ് റോസ്‌ലർ അറിയപ്പെട്ടിരുന്നത് .പലായനം ചെയ്യുമ്പോൾ ബെഞ്ചമിൻറെ പക്കൽ,ഒരു കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നു.പാരിസിലെ ബിബ്ലിയോതെക് നാഷണലി ൽ ബെഞ്ചമിൻ ഗവേഷണം ചെയ്തിരുന്ന് എഴുതിയ മാസ്റ്റർ പീസാകാം ഇത്..ഇതടങ്ങിയ ബ്രീഫ്‌കേസ് ഒരു സഹ അഭയാർഥിയെ ബെഞ്ചമിൻ ഏൽപ്പിച്ചിരുന്നു.അത് ബാർസിലോനയിൽ നിന്ന് മാഡ്രിഡിലേക്കുള്ള യാത്രയിൽ തീവണ്ടിയിൽ നഷ്ടപ്പെട്ടു.ഇത് സ്റ്റാലിനോട് മാത്രമല്ല,മാർക്സിനോട് തന്നെയും വിട പറയുന്ന പുസ്തകമാകാനേ തരമുള്ളു.ഇങ്ങനെ ഒരു പുസ്തകം ഉണ്ടാകണം എന്നുമില്ല.ലിസയുടെ പുസ്തകത്തിൽ ഒരു ബ്രീഫ് കേസിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.സ്പെയിനിലെ പൊലീസ് രേഖകളിൽ,ഒരു ബ്രീഫ് കേസുണ്ട്.അതിൽ പഴയ പത്രങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു.
പോർട്ട് ബോ പള്ളി സെമിത്തേരിയിൽ ജൂത ഭാഗം ഉണ്ടായിട്ടും,കത്തോലിക്കാ ഭാഗത്ത്,ക്രിസ്ത്യൻ ആചാര പ്രകാരമാണ്,ബെഞ്ചമിനെ അടക്കിയത്.നാലു മാസത്തിനു ശേഷം ഹന്നാ ആരെന്റ് സെമിത്തേരിയിൽ പോയി.അവിടെ ബെഞ്ചമിൻറെ പേരോ കല്ലറയോ ഉണ്ടായിരുന്നില്ല.
അസ് ജ 
ബെഞ്ചമിൻറെ ജീവിതത്തിലെ ബൗദ്ധിക സ്വാധീനമായിരുന്നു,ലാത്വിയൻ നടിയും സംവിധായികയുമായ അസ് ജ ലാസിസ് .അവരാണ്,ബ്രെഹ്തിനെ ബെഞ്ചമിന് പരിചയപ്പെടുത്തിയത്.ജോർജ് ലൂക്കാച്ചിൻറെ History and Class Consciousness വായിക്കാൻ പ്രേരിപ്പിച്ചതും അവർ തന്നെ.അവർക്കാണ്,ബെഞ്ചമിൻ One Way Street സമർപ്പിച്ചത്.അവരിൽ ഒരു കുഞ്ഞു വേണമെന്ന ബെഞ്ചമിൻറെ ആഗ്രഹം അവർ നിരാകരിച്ചു.ബെഞ്ചമിനൊപ്പം അവർ ജർമൻ നാടക വിമർശകൻ ബേൺഹാർഡ്‌ റീച്ചിനെയും കാമുകനാക്കിയിരുന്നു.അവർക്കു വേണ്ടി ബെഞ്ചമിൻ ഭാര്യ ഡോറയിൽ നിന്ന് വിവാഹ മോചനം നേടി .ജൂല കോഹൻ എന്ന ശിൽപിയും ബെഞ്ചമിൻറെ കാമുകി ആയിരുന്നു.അസ് ജയ്ക്ക് ശേഷം,ഓൾഗ പരീമിനോട് ബെഞ്ചമിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചു.ഇക്കാലത്ത് 1932 ൽ വിൽപത്രം എഴുതി വച്ച്,നൈസിലെ ഹോട്ടൽ മുറിയിൽ ബെഞ്ചമിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.കാഫ്‌ക യെപ്പറ്റിയുള്ള പബന്ധത്തിൽ,തന്നോട് കാഫ്‌ക പറഞ്ഞ ഒരു വാചകം ബെഞ്ചമിൻ ഉദ്ധരിക്കുന്നു :" ഒരുപാട് പ്രതീക്ഷയുണ്ട്;അനന്തമായ പ്രതീക്ഷയുണ്ട് -നമുക്കല്ല എന്ന് മാത്രം ."( There is hope,infinite hope,but not for us !).

See https://hamletram.blogspot.com/2019/06/blog-post_58.html









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...