Monday 24 June 2019

ട്രോട് സ്‌കിയെ കൊന്ന മഴു

സ്റ്റാ ലിനുമായി  ഇടഞ്ഞ് മെക്സിക്കോയ്ക്ക് നാടു കടത്തപ്പെട്ട് അവിടെയാണ് ലിയോൺ ട്രോട് സ്‌കി കൊല്ലപ്പെട്ടത്. 1940 ഓഗസ്റ്റ് 20 ന് ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന്റെ വാടക കൊലയാളി റമോൺ  മെർകാദർ ഉപയോഗിച്ച ഐസ് മഴു വാഷിങ്ങ്ടണിലെ  ചാര മ്യൂസിയത്തിൽ എത്തി. മഴുവിൽ രക്തക്കറയുള്ള ഒരു പാട് കാണാം. അതാണ് കൊലയാളിയുടെ വിരലടയാളം. അന്ന് ഒരു ചരടിൽ കെട്ടി സ്യൂട്ട് ജാക്കറ്റിൽ തിരുകിയാണ്, മെർകാദർ ട്രോട് സ്‌കിയുടെ വീട്ടിൽ പോയത്. ട്രോട് സ്‌കിയുടെ ഡെസ്കിനു പിന്നിൽ ചെന്ന് സർവ്വശക്തിയുമെടുത്ത് അയാൾ അദ്ദേഹത്തിൻറെ തലയിലേക്ക് ആ മഴു ആഞ്ഞിറക്കി. രണ്ടര ഇഞ്ച് അത് താണു . 26 മണിക്കൂർ കഴിഞ്ഞ് അദ്ദേഹം മരിച്ചു. 20 കൊല്ലം ജയിലിൽ കഴിഞ്ഞ്, മോസ്കോയിലെത്തിയ മെർകാദറിന് വീരനായകനുള്ള വരവേൽപ് കിട്ടി.

 1978 ൽ മരണക്കിടക്കയിൽ അയാളുടെ അവസാന വാക്കുകൾ ഇങ്ങനെ ആയിരുന്നു:

“അത് ഞാൻ എപ്പോഴും കേൾക്കുന്നു.നിലവിളി ഞാൻ കേൾക്കുന്നു. മറുവശത്ത് അദ്ദേഹം കാത്തിരിക്കുകയാണെന്ന് എനിക്കറിയാം”.


തെളിവായി സൂക്ഷിച്ച മഴു 1940 ലെ പത്രസമ്മേളനത്തിൽ മെക്സിക്കോ പൊലീസ് പ്രദർശിപ്പിച്ചു. പിന്നെ വർഷങ്ങൾ അത് തെളിവ് മുറിയിൽ കിടന്നു രഹസ്യ പൊലീസ് ഓഫിസർ ആൽഫ്രഡോ സാലസ് അത് സൂക്ഷിക്കാൻ വേണ്ടി ചോദിച്ചു വാങ്ങി. 40 കൊല്ലം അത് കിടക്കടിയിൽ വച്ച് ഉറങ്ങിയ അദ്ദേഹത്തിൻറെ മകൾ അന അലീഷ്യ 2005 ൽ അത് വിറ്റു. അതാണ് വാഷിങ്‌ടണിൽ  തുറന്ന ചാര മ്യൂസിയത്തിൽ എത്തിയത്.  മെക്സിക്കോയിൽ മ്യൂസിയമായി സൂക്ഷിക്കുന്ന ട്രോട് സ്‌കിയുടെ വീട്ടിൽ മഴു സൂക്ഷിക്കാൻ നൽകുകയാണെങ്കിൽ താൻ ഡി എൻ എ പരിശോധനയ്ക്ക് രക്തം നൽകാമെന്ന് ട്രോട് സ്‌കിയുടെ കൊച്ചു മകൻ എസ്തബാൻ വോൾക്കോവ്‌ പറയുകയും അന അത് നിരാകരിക്കുകയും ചെയ്തിരുന്നു. പണം കിട്ടിയാൽ വിൽക്കാൻ അവർ തയ്യാറായിരുന്നു. ചാര ചരിത്രം എഴുതുന്ന അമേരിക്കൻ എഴുത്തുകാരൻ കെയ്ത്ത് മെ ൽട്ടൻ അത് വാങ്ങി. ചാര മ്യൂസിയം സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.മെൽട്ടൻ മഴു അന്വേഷിച്ചു നടക്കുകയായിരുന്നു. മെക്സിക്കോ പ്രസിഡൻറ് അത് പേപ്പർ വെയ്റ്റ് ആയി ഉപയോഗിക്കുന്നു എന്ന കേൾവിക്കിടയിലാണ്, അനയെ കണ്ടത്. വില എത്രയെന്ന് അനയോ മെൽട്ടനോ പറഞ്ഞില്ല.കൊന്ന മഴു തന്നെ എന്ന് മെൽട്ടൻ ഉറപ്പുവരുത്തി. സലാസിലേക്ക് എത്തിയതിന്റെ രേഖകൾ. അതിൽ ഓസ്ട്രിയൻ നിർമാതാവ് വർക്കാൻ ഫൽപ് മേസിന്റെ മുദ്രയുണ്ട്. പൊലീസ് റിപ്പോർട്ടിലെ അളവുകൾ. വിരലടയാളം.
മെർകാദർ 
ട്രോട് സ്‌കിയെ കൊല്ലാൻ സ്റ്റാലിന് രണ്ടു പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ നേരിട്ടുള്ള ആക്രമണം മെക്സിക്കൻ ചുമർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് നടത്തി പരാജയപ്പെട്ടു. പിന്നെയാണ് ദൗത്യം സ്പാനിഷ് കമ്മ്യുണിസ്റ്റ് മെർകാദറിന് കിട്ടിയത്. പാരിസിൽ നാലാം ഇന്റര്നാഷനലിന് കണ്ട അമേരിക്കക്കാരി സിൽവിയ ആഗ ലോഫിനെ വശത്താക്കി അവരുമൊത്താണ്, മെക്സിക്കോയിലെത്തി മെർകാദർ ട്രോട് സ്‌കിയെ കയ്യിലെടുത്തത്. പത്താമത്തെ സന്ദര്ശനത്തിലായിരുന്നു, കൊല. തോക്കായിരുന്നെങ്കിൽ വെടിയൊച്ച കേൾക്കും’കഠാര ആണെങ്കിൽ മരണം ഉറപ്പില്ല. അങ്ങനെ അനുഭവത്തിൽ നിന്ന് സോവിയറ്റ് രഹസ്യപൊലീസ് നിർദേശിച്ചതാണ് പിന്നിൽ നിന്നുള്ള ആയുധം. വീട്ടുടമയുടെ മകൻറെ മഴു മെർകാദർ മോഷ്ടിക്കുകയായിരുന്നു  സ്റ്റാലിനെക്കാൾ ധിഷണാശാലി ആയിരുന്ന ട്രോട് സ്‌കി പാർട്ടിക്കുള്ളിൽ സ്റ്റാലിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ലെനിൻ നേതൃത്വത്തിലേക്ക്, ട്രോട് സ്‌കിയെക്കാൾ പ്രോത്സാഹിപ്പിച്ചത്, സ്റ്റാലിനെയായിരുന്നു.
ട്രോട് സ്‌കിയുടെ വധം കെന്നഡി വധം പോലെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിന്റെ പതനം,ബ്രിട്ടൻറെ യുദ്ധം തുടങ്ങി,ലോകത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങൾക്കിടയിൽ,അർഹിക്കുന്ന ശ്രദ്ധ അതിനു കിട്ടിയില്ല.കൊലയാളി യഥാർത്ഥത്തിൽ ആരെന്നു പോലും അന്നറിഞ്ഞില്ല.


ബെൽജിയത്തിൽ നിന്നുള്ള ട്രോട് സ്‌കി അനുയായി  ജാക്വസ് മൊർണാർഡ് ആണ് താനെന്ന് അയാൾ അവകാശപ്പെട്ടു.രാജ്യാന്തര തൊഴിലാളി പ്രസ്ഥാനത്തെ അയാൾ വഞ്ചിക്കുകയാൽ കൊന്നതാണെന്ന് അയാൾ പറഞ്ഞു.ഇത് തട്ടിപ്പാണെന്ന് ഒറ്റയടിക്ക് തോന്നിയെങ്കിലും,ചോദ്യം ചെയ്യലിനോ മർദ്ദനത്തിനോ 20 കൊല്ലത്തെ തടവിനോ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല.മെക്സിക്കോയിൽ വധശിക്ഷ ഇല്ലാത്തതിനാൽ,കൊലയാളിയെ 1960 ൽ മോചിപ്പിച്ചു.വർഷങ്ങൾ കഴിഞ്ഞ്,ജൂലിയൻ ഗോർക്കിൻ ആണ് ആൾ ആരാണെന്ന് കണ്ടെത്തിയത്.സ്പെയിനിൽ സ്റ്റാലിന്റെ രഹസ്യ പൊലീസ് ഏജൻറ് ആയ മെർകാദർ ആണ് മൊർണാർഡ് -1913 ൽ ബാർസിലോനയിൽ തുണി വ്യവസായിയുടെ മകനായി ജനിച്ച അയാൾ,മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം ഫ്രാൻസിൽ ആണ് വളർന്നത്.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത അമ്മ,ഉസ്‌തിക്യ മരിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു.കമ്മ്യൂണിസ്റ്റായ മെർകാദർ,മുപ്പതുകളിൽ സ്പെയിനിൽ ഇടതു സംഘടനകളിൽ പ്രവർത്തിച്ച് തടവിലായിരുന്നു.1936 ൽ ഇടതനുകൂല മുന്നണി സർക്കാർ വന്നപ്പോൾ,മോചിതനായി.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധ കാലത്ത് സോവിയറ്റ് ചാര സംഘടനയിൽ ചേർന്ന് മോസ്‌കോയിൽ പരിശീലനം കിട്ടി.കെ ജി ബി ക്ക് മുൻപുള്ള എൻ കെ വി ഡി യുടെ നാഹം എയ്‌റ്റിങ്‌ടൺ എന്ന ഓഫീസറാണ് റിക്രൂട്ട് ചെയ്തത്.ഇയാളും സിൽവിയയും,മെർകാദർ ,ട്രോട് സ്‌കിയുടെ വീട്ടിൽ കയറിയപ്പോൾ പുറത്ത് കാത്തിരുന്നു.ലിയോനിദ് അലക്സന്ദ്രേവിച്ച് എയ്‌റ്റിങ്‌ടൺ എന്നായിരുന്നു മുഴുവൻ പേര്.
സിൽവിയ ആഗലോഫ് 
മെർകാദറിൻറെ  അർദ്ധ സഹോദരിയും നടിയുമായ മരിയ,വിഖ്യാത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ ഡി സിക്കയുടെ രണ്ടാം ഭാര്യ ആയിരുന്നു -ഡി സിക്കയുടെ സിനിമ ബൈസിക്കിൾ തീവ്സ് അറിയാത്ത ആസ്വാദകർ ഉണ്ടാവില്ല 
.ഇംഗ്ലീഷ് കമ്മ്യൂണിസ്റ്റ് ഡേവിഡ് ക്രൂക്കിനെ ചാരപ്പണിയിൽ മെർകാദർ പരിശീലിപ്പിച്ചിരുന്നുവെന്ന് ഓർവെൽ ജീവചരിത്രകാരൻ ഗോർഡൻ ബൗകർ രേഖപ്പെടുത്തുന്നു .ന്യൂസ് ക്രോണിക്കിൾ റിപ്പോർട്ടർ എന്ന നിലയിൽ ക്രൂക്, ജോർജ് ഓർവെലിനെ സോവിയറ്റ് യൂണിയന് വേണ്ടി നിരീക്ഷിച്ചു കൊണ്ടിരുന്നു.
ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ 1938 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ്,മെർകാദർ,സോവിയറ്റ് ചാരൻ മാർക്ക് സൊബ്രോവ്സ്കിയുടെ സഹായത്തോടെ അമേരിക്കൻ ജൂത ബുദ്ധിജീവി സിൽവിയ ആഗലോഫിനെ പരിചയപ്പെട്ടത്.പാരിസിൽ ട്രോട് സ്‌കിയുടെ വിശ്വസ്തയായിരുന്ന അവരെ,ബെൽജിയൻ നയതന്ത്രജ്ഞൻറെ മകൻ ജാക്വസ് മൊണാർഡ് എന്ന പേരിലാണ് പരിചയപ്പെട്ടത്.സെപ്റ്റംബറിൽ ബ്രുക്ലിനിലേക്ക് മടങ്ങിയ സിൽവിയയെ കാണാൻ മെർകാദർ അങ്ങോട്ട് പോയി.സ്പെയിനിൽ കൊല്ലപ്പെട്ട കനേഡിയൻ ഭടൻ ടോണി ബാബിച്ചിന്റെ പാസ്പോർട്ട് ആണുപയോഗിച്ചത്.അയാളുടെ പടം മാറ്റി മെർകാദറിൻറെ ഒട്ടിച്ചു.1939 ഒക്ടോബറിൽ അയാൾ മെക്സിക്കോയിൽ എത്തി.സിൽവിയയെ നിർബന്ധിച്ച് വരുത്തി.സ്റ്റാലിനുമായുള്ള അധികാര വടംവലിയിൽ നാടു കടത്തപ്പെട്ട ട്രോട് സ്‌കി ആയിരുന്നു ,ഉന്നം.


ട്രോട് സ്‌കി കല്ലറ 
മെർകാദർ ചെല്ലും മുൻപ് ട്രോട് സ്‌കിയെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയ ചുവർ ചിത്രകാരൻ ഡേവിഡ് അൽഫാറോ സിക്വേയ്‌റോസ് കൊല്ലാൻ ശ്രമിച്ചിരുന്നു.സോവിയറ്റ് ചാര സംഘടനയുടെ വിദേശവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ പാവേൽ സുഡോപ്ലേറ്റോവ് ആണ് അത് ആസൂത്രണം ചെയ്തത്.1939 മാർച്ചിൽ തന്നെ ചാര മേധാവി ബേറിയ,സ്റ്റാലിന്റെ അടുത്തു കൊണ്ടു പോയെന്ന് പാവേൽ ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തി."ഒരു കൊല്ലത്തിനകം ട്രോട് സ്‌കിയെ കൊല്ലണം;അയാളെ കൊന്നാൽ ഭീഷണി ഇല്ലാതാകും",സ്റ്റാലിൻ ഉത്തരവിട്ടു.അത് കഴിഞ്ഞാണ് ഒരാളെ ദൗത്യം ഏൽപിക്കാൻ തീരുമാനിച്ചത് -മെർകാദർ മാത്രമല്ല,അമ്മ കാൻഡാഡും സംഘത്തിൽ ഉണ്ടായിരുന്നു.അയാളെ താനാണ് തിരഞ്ഞെടുത്തതെന്ന് പാവേൽ,Special Tasks എന്ന ആത്മകഥയിൽ ഏറ്റു പറഞ്ഞിട്ടുണ്ട്.കാമുകി സിൽവിയയ്ക്ക് ട്രോട് സ്‌കിയുടെ വീട്ടിലുള്ള സ്വാതന്ത്ര്യം അയാൾ ഉപയോഗപ്പെടുത്തി.
കാൻഡാഡ്,മെർകാദറിൻറെ അമ്മ 
പാർട്ടിയിൽ നിന്ന് 1927 ൽ പുറത്താക്കപ്പെട്ട ട്രോട് സ്‌കി 1929 ൽ തുർക്കിയിലേക്ക് നാടു കടത്തപ്പെട്ടു .ഭാര്യ നറ്റാലിയയ്‌ക്കൊപ്പം ഫ്രാന്സിലേക്കും നോർവേയിലേക്കും അദ്ദേഹം മാറി.1936 ഡിസംബറിലാണ്,പോർക്കപ്പലിൽ ഇരുവരും മെക്സിക്കോയിൽ എത്തിയത്.അവിടെ ചുവർ ചിത്രകാരനായ ഡീഗോ റിവേറയുടെ  ഭാര്യ ഫ്രീഡ കാലോ അദ്ദേഹത്തെ സ്വീകരിച്ചു;ട്രോട് സ്‌കിയും ഭാര്യയും ഫ്രീഡയുടെ തറവാട്ടിൽ താമസിച്ചു.ട്രോട് സ്‌കിയും ഫ്രീഡയും പ്രണയത്തിലായി -ഫ്രീഡയുടെ അനുജത്തി ക്രിസ്റ്റീന യുമായി റിവേറ ബന്ധം പുലർത്തിയിരുന്നതിൻറെ പക കൂടി ഇതിൽ കാണുന്നവരുണ്ട്.ഇംഗ്ലീഷ് അറിയാത്ത ഭാര്യയ്ക്ക് മുന്നിൽ,ആ ഭാഷയിലാണ്,ട്രോട് സ്‌കി,ഫ്രീഡയുമായി പ്രണയിച്ചിരുന്നത്;പുസ്തകങ്ങളിൽ കത്തുകൾ വച്ചിരുന്നത്.ക്രിസ്റ്റീനയുടെ വീട്ടിലായിരുന്നു,ചിലപ്പോൾ സമാഗമങ്ങൾ.


ഫ്രീഡ നടുവിൽ 
1937 ജൂലൈയിൽ തന്നെ ആ ബന്ധം അവസാനിച്ചു.വലിയ ചിത്രകാരിയായ അവർ വരച്ച്  ട്രോട് സ്‌കിക്ക് സമ്മാനിച്ച സെൽഫ്  പോർട്രെയ്റ്റ് നില നിൽക്കുന്നു.Between Curtains എന്ന ചിത്രത്തിൽ അവർ കൈയിൽ വച്ചിരിക്കുന്ന രേഖയിൽ,ഇങ്ങനെ എഴുതിയിരിക്കുന്നു:ട്രോട് സ്‌കിക്ക്,വലിയ സ്നേഹത്തോടെ,1937 നവംബർ ഏഴിന് ഈ ചിത്രം സമ്മാനിക്കുന്നു.നവംബർ ഏഴ് ട്രോട് സ്‌കിയുടെ ജന്മദിനവും ഒക്ടോബർ വിപ്ലവ വാർഷികവുമായിരുന്നു.



പ്രണയം അറിഞ്ഞ ശേഷവും റിവേറ ട്രോട് സ്‌കിയെ വീട്ടിൽ നിന്നിറക്കി വിട്ടില്ല.നിരവധി കലാകാരന്മാരുമായും നടിമാരുമായും ഫ്രീഡ ബന്ധം പുലർത്തിയിരുന്നത് പോലെ , നിരവധി കാമുകിമാർ റിവേറയ്ക്കുമുണ്ടായിരുന്നു .1939 ൽ റിവേറ,ട്രോട് സ്‌കിയിസത്തോട് കലഹിച്ചപോഴാണ്,ട്രോട് സ്‌കി വീട് മാറിയത്.ഈ കലഹം കാരണം,റിവേറയാണ് കൊലയാളി എന്ന് ആദ്യം സംശയിക്കപ്പെട്ടു.റിവേറയെ കാമുകിയായ നടി പോളിറ്റ് ഗൊദാർദ് അമേരിക്കയ്ക്ക് കടത്തി .കൊലയാളിയെ പരിചയമുണ്ടായിരുന്ന ഫ്രീഡ രണ്ടു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു .കലഹിച്ചെങ്കിലും,വീട് മാറിയപ്പോൾ,ചിത്രം റിവേറ ട്രോട് സ്‌കിക്ക് കൊടുത്തു.

കൊലയാളിക്ക് സ്റ്റാലിൻ ഓർഡർ ഓഫ് ലെനിൻ ബഹുമതി പ്രഖ്യാ;പിച്ചു.റഷ്യയിലെ വൻ വരവേൽപിനു ശേഷം ഫിദൽ കാസ്ട്രോ,മെർകാദറെ സ്വീകരിച്ചു.ഹവാനയിൽ 1978 ൽ മരിച്ചു .
ട്രോട് സ്‌കിയെ സ്റ്റാലിൻ പാർട്ടിയിൽ നിന്നു പുറത്താക്കിയില്ലെന്നും സ്റ്റാലിന് ശേഷം ട്രോട് സ്‌കി വന്നെന്നും കരുതുക;അല്ലെങ്കിൽ,ലെനിന് ശേഷം സ്റ്റാലിന് പകരം,ട്രോട് സ്‌കിയാണ് വന്നത് എന്ന് കരുതുക -കൊല്ലുന്ന നേതാവ് തന്നെ ആയിരുന്നേനെ ട്രോട് സ്‌കി.ലെനിൻറെ ഒസ്യത്തിലെ ട്രോട് സ്‌കിയെപ്പറ്റിയുള്ള വിലയിരുത്തലും,Robert Payne എഴുതിയ Life and Death of Trotsky യും ലെനിൻറെ പല ജീവചരിത്രങ്ങളും വായിച്ചപ്പോൾ തെളിഞ്ഞു വന്ന ട്രോട് സ്‌കിയുടെ ചിത്രം ഉന്മൂലനത്തിൽ പങ്കെടുത്ത ഒരാളുടേതാണ്;ചോരയുടെ വഴിയിൽ,സ്വന്തം ചോര കൂടി വീണു.


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...