Saturday 24 August 2019

ഗോമുൽക്കയുടെ വരവും പോക്കും

കൊളക്കോവ്‌സ്‌കിയെ പുറത്താക്കി 

റോമൻ കത്തോലിക്കാ പോളണ്ടിൽ കമ്മ്യൂണിസം നടപ്പാക്കൽ പശുവിന് ജീനി കെട്ടുന്നത് പോലെ അസംബന്ധമായിരിക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്.ഒന്നാം ലോകയുദ്ധം തുടങ്ങിയത് രഹസ്യ ഉടമ്പടി വഴി സോവിയറ്റ് യൂണിയനും ജർമനിയും രണ്ടു വശത്തു നിന്ന് പോളണ്ടിനെ ആക്രമിച്ചു കൊണ്ടാണെന്ന് ചരിത്രം വായിക്കുന്നവർക്ക് അറിയാം;1919 ൽ ലെനിൻ പോളണ്ടിനെ ആക്രമിച്ച് തോറ്റതിനുള്ള പകയായി അതിനെ കാണാം.രണ്ടാം ലോക യുദ്ധ ശേഷം അവിടെ വ്‌ളാദിസ്ലാവ് ഗോമുൽക്കയെ പ്രതിഷ്ഠിച്ച് സ്റ്റാലിൻ കമ്മ്യൂണിസം നടപ്പാക്കി.അത് വേര് പിടിച്ചില്ല.ഗോമുൽക്കയെ തന്നെ 1948 ൽ സ്റ്റാലിൻ പുറത്താക്കി.സ്റ്റാലിന്റെ മരണ ശേഷം അയാൾ തിരിച്ചു വന്നു.ഗോമുൽക്കയുടെ ജീവിതം തന്നെ അവിടത്തെ ഉന്മൂലനങ്ങളുടെയും കഥയാണ്.തിരിച്ചെത്തിയ ഗോമുൽക്ക പുറത്താക്കിയവരിൽ പ്രമുഖനായിരുന്നു,ലെസ്സക് കൊളക്കോവ്സ്കി.Main Currents of Marxism ( 1976 ) എന്ന മൂന്ന് വാല്യങ്ങളുള്ള കൊളക്കോവ്സ്കിയുടെ പുസ്‌തകം,അസാമാന്യമായ ധിഷണയുടെ പ്രതിഫലനമാണ്.
ഗോമുൽക്ക
ഗോമുൽക്ക ( 1905 -1982 ) ദരിദ്ര കുടുംബത്തിൽ  ജനിച്ചയാളായിരുന്നു.മാതാപിതാക്കൾ അമേരിക്കയിൽ ജോലി തേടിപ്പോയി അവിടെ കണ്ടുമുട്ടി വിവാഹം ചെയ്‌തതാണ്.അവിടെ നല്ല ജോലി കിട്ടാത്തതിനാൽ സോവിയറ്റ് അധിനിവേശ പോളണ്ടിൽ  തിരിച്ചെത്തി,എണ്ണ കമ്പനി തൊഴിലാളിയായി.ജീർണിച്ച കുടിലിൽ ഉരുളക്കിഴങ്ങ് തിന്നു പോക്കിയ ബാല്യം.ആറു വർഷത്തെ  വിദ്യാഭ്യാസ ശേഷം ഗോമുൽക്കയും എണ്ണ തൊഴിലാളിയായി.പതിമൂന്നാം വയസിൽ മെറ്റൽ വർക്ക് ഷോപ്പിൽ സഹായിയായി.എക്കാലവും വായിച്ചിരുന്നു.1922 ൽ ഇടതു പക്ഷവുമായി ബന്ധപ്പെട്ടു.പണിമുടക്കുകൾ നടത്തി.രണ്ടു വർഷം കഴിഞ്ഞ് അറസ്റ്റിലായപ്പോൾ അത് പാർലമെൻറിൽ ചർച്ചാ വിഷയമായി;സമ്മർദം കാരണം മോചിതനായി.കമ്മ്യൂണിസ്റ്റ് യൂണിയൻ സെക്രട്ടറിയായി 1930 വരെ.പശ്ചിമ യുക്രൈൻ പാർട്ടി അംഗമായിരുന്നു.മോസ്‌കോയിൽ യൂണിയനുകളുടെ അഞ്ചാം കോൺഗ്രസിൽ പങ്കെടുത്തു.ബെർലിൻ വഴി അനധികൃതമായി എത്തിയപ്പോൾ വൈകിയിരുന്നു.1932 ഓഗസ്റ്റിൽ അറസ്റ്റിലായി രക്ഷപെടാൻ ശ്രമിക്കെ ഇടതു തുടയിൽ വെടിയേറ്റു ജീവിതകാലം മുഴുവൻ ഞൊണ്ടനായി.നാലു വർഷം തടവ് കിട്ടിയെങ്കിലും കാൽ ചികിത്സയ്ക്ക് മോചിതനായി.സോവിയറ്റ് യൂണിയനിൽ ക്രിമിയയിൽ ആയിരുന്നു ചികിത്സ.

സ്റ്റെഫാൻ സ്‌കൊവാൾസ്‌കി എന്ന പേരിൽ ലെനിൻ സ്‌കൂളിൽ പഠിച്ചു.പിന്നീട് പോളണ്ടിൽ മന്ത്രിയും ഗോമുൽക്കയുടെ ശത്രുവുമായ  റോമൻ റോംകോവ്സ്കി സഹപാഠി ആയിരുന്നു.സോവിയറ്റ് യൂണിയനിൽ കണ്ട നിർബന്ധ കൂട്ടുകൃഷി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരാശനായി 1935 ഒടുവിൽ മടങ്ങി.രണ്ടാം ലോകയുദ്ധം തുടങ്ങും വരെ തടവിലായി.ഈ തടവ് രക്ഷ ആയി.പോളണ്ട് പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളെയും 1937 -38 ലെ മഹാ ശുദ്ധീകരണത്തിൽ സ്റ്റാലിൻ കൊന്നിരുന്നു.ജോസഫ് പിൽസുഡ് സ്‌കി ഭരിച്ച അക്കാലത്തെ പോളണ്ടിൽ കമ്മ്യൂണിസ്റ്റുകൾക്ക് സുരക്ഷിത സ്ഥാനം ജയിലായിരുന്നു എന്ന് ഗോമുൽക്ക ഉറപ്പിച്ചു.
പാവേൽ ഫൈൻഡർ 
1939 സെപ്റ്റംബർ 17 ന് കിഴക്കൻ പോളണ്ടിനെ സോവിയറ്റ് യൂണിയൻ ആക്രമിക്കുമ്പോൾ ഗോമുൽക്ക അവിടെയായിരുന്നു.രാഷ്ട്രീയ തടവുകാർക്ക് ഒരു കേന്ദ്രം നടത്തിയ ഗോമുൽക്ക അതിനിടയിൽ കാണാതായിരുന്ന ഭാര്യയെ കണ്ടുമുട്ടി.കീവിൽ സോവിയറ്റ് പാർട്ടി അംഗമായി.1941 ൽ ജർമ്മനി സോവിയറ്റ് സേനയെ കിഴക്കൻ പോളണ്ടിൽ ആക്രമിച്ചപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.1942 ജനുവരിയിൽ വാഴ്സയിൽ സ്റ്റാലിൻ ഒരു പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പുനഃസ്ഥാപിച്ചു.ഇത് മഹാശൂദ്ധീകരണത്തിൽ ഇല്ലാതായിരുന്നു.അതിൻറെ നേതാവ്  പവേൽ ഫൈൻഡർ,ഗോമുൽക്കയെ വാഴ്സയിൽ എത്തിച്ചു.മേഖലാ കമ്മിറ്റി സെക്രട്ടറിയെ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്തപ്പോൾ ഗോമുൽക്ക ആ സ്ഥാനമേറ്റു.1942 നവംബർ 28 ന് പാർട്ടി ജനറൽ സെക്രട്ടറി മർസെലി നോവൊട്കോ കൊല്ലപ്പെട്ടു.വെടിയേറ്റ് വാഴ്സ സ്റ്റേഷനടുത്ത റോഡിൽ ജഡം കാണുകയായിരുന്നു.ബോലോസ്‌ലോ മോലോജെക് ആണ് കൂടെയുണ്ടായിരുന്നത്.ഇയാളും മർസെലിയും പവേലും ചേർന്നതായിരുന്നു നേതൃത്വം.അജ്ഞാതർ ആക്രമിച്ചെന്ന് ന്യായം പറഞ്ഞ് മോലോജെക് സ്ഥാനമേറ്റു -കൊല ഇന്നും ദുരൂഹമാണ്.
നോവൊട്കോ 
പവേലും ഗോമുൽക്കയും ഉൾപ്പെടെയുള്ളവർ ഇതിനെ പാർട്ടി പിടിക്കാൻ മോലോജെക് നടത്തിയ കൊലയായി കണ്ടു.ഡിസംബറിൽ ഒരു സി സി യോഗത്തിൽ അയാളെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.അത് കഴിഞ്ഞ് സി സി അംഗം മാൽഗർസാറ്റ ഫോർമൽ സ്‌ക കൊല്ലാമെന്നേറ്റു -മോലോജെക്കിനെ ജാൻ ക്രാസിക്കി ഡിസംബറിൽ പഴയ വാഴ്സയിൽ വെടി വച്ച് കൊന്നു.മോലോജെക്കിൻറെ സഹോദരൻ സിബിന്യു ആണ് നോവോട്കൊയെ കൊന്നതെന്ന് പാവേൽ,മോസ്‌കോയെ അറിയിച്ചു.പാവേൽ ജനറൽ സെക്രട്ടറി ആയപ്പോൾ ഗോമുൽക്ക മൂന്നാമനായി.സി സി യിൽ ബോലെസ്ലാവ് ബെയ്‌റൂത് കൂടി എത്തി.ഗോമുൽക്ക സൈദ്ധാന്തികനായി.

ഗോമുൽക്കയും ബെയ്‌റൂതും രണ്ടു ചേരികളിലായി.അക്കാലത്ത് ലണ്ടനിൽ പ്രവാസി പോളണ്ട് സർക്കാറുണ്ടായിരുന്നു.നാസികൾക്കെതിരെ പയറ്റിയ ഹോം ആർമി പോളണ്ടിൽ ഉണ്ടായിരുന്നു.ഇരുവരുമായും പാർട്ടി സഹകരണത്തിന് ഗോമുൽക്ക നടത്തിയ ചർച്ച അലസി.നാം എന്തിന് പോരടിക്കുന്നു? എന്ന ലഘുലേഖ എഴുതി.ബെയ്‌റൂത് ഇതിലൊരു താൽപര്യവും കാട്ടിയില്ല.റെഡ് ആർമി വരട്ടെ എന്നായി അയാളുടെ നിലപാട്.ഒരർദ്ധ പാർലമെൻറ് ദേശീയ കൗൺസിൽ രൂപീകരിക്കാൻ പാർട്ടി കോമിന്റേൺ സെക്രട്ടറി ദിമിത്രോവിൻറെ അനുമതി ചോദിച്ചു.പാവേൽ,ഫോർമൽ സ്‌ക എന്നിവരെ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്‌തു.ഇവരുടെ കൈയിലായിരുന്നു മോസ്കോയുമായുള്ള ആശയ വിനിമയത്തിന്റെ രഹസ്യ കോഡ്.ഗോമുൽക്ക ജനറൽ സെക്രട്ടറി ആയി;ബെയ്‌റൂത് മൂന്നംഗ നേതൃത്വത്തിൽ.ദേശീയ കൗൺസിൽ ചെയർ മാൻ ആയ ബെയ്‌റൂതും ഗോമുൽക്കയും അടി മൂത്തു.കൗൺസിൽ രൂപീകരിച്ചതായി 1944 ൽ അറിയിച്ചപ്പോൾ ദിമിത്രോവും യാക്കൂബ് ബർമൻ തുടങ്ങി മോസ്കോയിലെ പോളിഷ് പാർട്ടി നേതാക്കളും ക്ഷുഭിതരായി.സ്റ്റാലിൻ കൗൺസിലിനെ അംഗീകരിച്ചു.
1945 -47  ഇടക്കാല സർക്കാരിൽ ഗോമുൽക്ക ഉപ പ്രധാനമന്ത്രി ആയി.ജർമനിയിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളുടെ മന്ത്രി എന്ന നിലയിൽ അദ്ദേഹം നന്നായി പണി എടുത്തു.1947 തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകൾക്കും സഖ്യ കക്ഷികൾക്കും ഭൂരിപക്ഷം കിട്ടി.ക്രമക്കേട് വഴി ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.പ്രതിപക്ഷത്തെ ഇല്ലായ്‌മ ചെയ്‌തു.1946 -48 ൽ 32477 രാഷ്ട്രീയ പ്രവർത്തകരെ പട്ടാളക്കോടതികൾ വിചാരണ ചെയ്‌തു.എന്നിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പ് സമിതികളിൽ 47% ചാരന്മാരായിരുന്നു.394 സീറ്റ് കമ്മ്യൂണിസ്റ്റ് സഖ്യത്തിന് കിട്ടി.28 പോളിഷ് പീപ്പിൾ പാർട്ടിക്ക്.ലണ്ടനിൽ പ്രവാസി സർക്കാർ പ്രധാനമന്ത്രി സ്റ്റാനിസ്ലാവ് മിക്കോളജിസിക് അവിടന്ന് മടങ്ങിയെത്തി പുനരുജ്ജീവിപ്പിച്ചതായിരുന്നു,ആ പാർട്ടി.ജനപിന്തുണയുള്ള അദ്ദേഹം തിരഞ്ഞെടുപ്പ് മര്യാദയ്ക്ക് നടന്നെങ്കിൽ പ്രധാന മന്ത്രി ആയേനെ.ഉന്മൂലനം ഭയന്ന് അദ്ദേഹം പലായനം ചെയ്‌തു.

ജൂത വിരുദ്ധനായ സ്റ്റാലിന് 1948 ൽ എഴുതിയ കുറിപ്പിൽ ഗോമുൽക്ക തൻറെ ജൂത വിദ്വേഷം പുറത്തെടുത്തു.ആൻ ആപ്പിൾ ബാം  Iron Curtain:The Crushing of Eastern Europe ൽ ആ കുറിപ്പ് ഉദ്ധരിക്കുന്നു:

some of the Jewish comrades don’t feel any link to the Polish nation or to the Polish working class…or they maintain a stance which might be described as ‘national nihilism.
ചില ജൂത സഖാക്കൾ പോളിഷ് രാഷ്ട്രത്തോടോ പോളിഷ് തൊഴിലാളി വർഗത്തോടോ ഒരു ബന്ധവും കാട്ടുന്നില്ല...ദേശീയ ശൂന്യതാ വാദത്തിന്റെ വക്താക്കളാണ്,അവർ.

ഗോമുൽക്ക തുടർന്നു:

it is "absolutely necessary not only to stop any further growth in the percentage of Jews in the state as well as the party apparatus, but also to slowly lower that percentage, especially at the highest levels of the apparatus".
രാജ്യത്തും പാർട്ടിയിലും ഇനി ജൂതന്മാർ പെരുകാതെ നോക്കണം.പാർട്ടി നേതൃത്വത്തിൽ അത് കുറച്ചു കൊണ്ട് വരണം.
ബെയ്‌റൂത് 
ഈ കുറിപ്പ് ബോലെസ്ലാവ് ബെയ്‌റൂതിനെ പുറത്താക്കാനുള്ള ലൈൻ ആണോ എന്ന് സംശയിക്കാം -ബെയ്‌റൂത് ജൂതൻ ആയിരുന്നില്ല;അധികാരമേറിയപ്പോൾ ജൂത ശത്രുക്കൾ വേറെ ആയിരുന്നു.എന്നാൽ,പാർട്ടിയിൽ നാല്പതുകളുടെ ഒടുവിൽ പാർട്ടിയിൽ ഗോമുൽക്ക ദേശീയ വാദികളുടെയും ബെയ്‌റൂത് സ്റ്റാലിൻ നിയന്ത്രിക്കുന്ന സോവിയറ്റ് പക്ഷത്തിൻറെയും തലവന്മാരായി.സ്വാഭാവികമായും,ഗോമുൽക്കയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.വലതു പക്ഷ വ്യതിയാനമായിരുന്നു,കാരണം.എട്ടു കൊല്ലത്തെ വനവാസമായി.തടവ് വിധിച്ചു.ബെയ്‌റൂത് ജനറൽ സെക്രട്ടറി ആയി.1956 മാർച്ചിൽ ബെയ്‌റൂത് മരിക്കുകയും സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് ഭൂപടത്തിൽ നിന്ന് മായുകയും ചെയ്‌തപ്പോൾ,എഡ്‌വേഡ്‌ ഒച്ചാബ് പുതിയ ജനറൽ സെക്രട്ടറി പദമേറ്റു.

ബെയ്‌റൂത് ( 1892 -1956 ) 1947 -52 ൽ പോളിഷ് പ്രസിഡന്റും 1952 -54 ൽ പ്രധാന മന്ത്രിയും 1948 -56 ൽ പാർട്ടി ജനറൽ സെക്രട്ടറിയും ആയിരുന്നു.കർഷക കുടുംബത്തിലെ ആറു മക്കളിൽ ഇളയവൻ.റഷ്യാ വിരുദ്ധ പ്രകടനത്തിന് സ്‌കൂളിൽ നിന്ന് പുറത്താക്കി.14 വയസു മുതൽ തൊഴിലാളി.മാർക്‌സിസ്റ്റ് ബുദ്ധിജീവി ജാൻ ഹെംപെൽ പാർട്ടിയിൽ കൊണ്ട് വന്നു.1921 ൽ അദ്ധ്യാപിക ജനീന കോഴ്സിൻസ്‌കയെ ലുബിൻ കത്തീഡ്രലിൽ കെട്ടുമ്പോൾ വികാരി കുമ്പസാരത്തിൽ നിന്ന് ഒഴിവാക്കി.ഓസ്ട്രിയ,ചെക്കോസ്ലാവാക്യ,ബൾഗേറിയ എന്നിവിടങ്ങളിൽ സോവിയറ്റ് ചാരനായിരുന്നു.ഫോർമൽസ്കയെ കാണുന്നത് മോസ്കോയിലാണ്.അവർ പ്രണയിക്കുകയും മകൾ ഉണ്ടാവുകയും ചെയ്‌തു.പോളണ്ടിൽ 1935 ൽ അറസ്റ്റിലായി ഏഴു വർഷം തടവിലായിരിക്കെ,1936 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.പാർട്ടിക്ക് ചേരാത്തവണ്ണം അന്വേഷണത്തിനും വിചാരണയ്ക്കും ഇടയിൽ പെരുമാറി എന്നതായിരുന്നു കുറ്റം -പാർട്ടി രഹസ്യങ്ങൾ ചോർത്തി എന്നർത്ഥം.ഇത് കോമിന്റേൺ 1940 ൽ അസാധുവാക്കി.തടവിലായതിനാൽ സ്റ്റാലിന്റെ ശുദ്ധീകരണത്തിൽ നിന്നൊഴിവായി.1938 ൽ മോചിതനായി സോവിയറ്റ് യൂണിയനിൽ ഫോർമൽസ്‌കയെ കണ്ടെത്തി.അധിനിവേശ പോളണ്ടിൽ ചാരനായിരിക്കെയാണ് സി സി യിൽ എത്തിയത്.അന്ന് ഗോമുൽക്കയെ അറിയില്ലായിരുന്നു.

ബെയ്‌റൂത് 1944 ജൂണിൽ ദിമിത്രോവിന് എഴുതിയ കത്തിൽ,ഗോമുൽക്കയെ കുറ്റപ്പെടുത്തി.അയാൾ ഏകാധിപതി ആണെന്നും കമ്യൂണിസത്തിന് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നുവെന്നും തെളിവ് നിരത്തി.1948 ൽ പോളണ്ടിൽ തനിക്കെതിരെ ഉപയോഗിച്ചപ്പോഴാണ് ഗോമുൽക്ക കത്തിനെപ്പറ്റി അറിഞ്ഞത്.അത് എഴുതിയ കാലത്ത് സ്റ്റാലിൻ ഗൗരവമായി കണ്ടെങ്കിൽ ഗോമുൽക്ക ഉണ്ടാകുമായിരുന്നില്ല.
പ്രസിഡൻറ് ആയി 1947 നവംബർ 16 ന് നടത്തിയ പ്രസംഗത്തിൽ ബെയ്‌റൂത്,കലയ്ക്കും സാഹിത്യത്തിനും കൂച്ചു വിലങ്ങിടുമെന്ന് വ്യക്തമാക്കി.സ്റ്റാലിനും ചാരമേധാവി ബേറിയയുമായി പലപ്പോഴും പഴയ പോളിഷ് പാർട്ടി നേതാക്കളെപ്പറ്റി  ബെയ്‌റൂത് ചോദിച്ചിരുന്നു.അവർ മഹാശുദ്ധീകരണത്തിൽ വധിക്കപ്പെട്ടത് പുറത്തു വന്നിരുന്നില്ല.ഫോർമൽസ്‌കയുടെ കുടുംബവും അപ്രത്യക്ഷമായിരുന്നു.ആദ്യ ഭാര്യ ജനീന അയാളുമൊത്ത് ജീവിതം മതിയാക്കിയിരുന്നു.ഫോർമൽസ്‌ക അറസ്റ്റിലായ ശേഷം അയാൾ സെക്രട്ടറി വാൻഡാ ഗോർസ്‌കയെ പങ്കാളിയാക്കി.
ഫോർമൽസ്‌ക 
ഗോമുൽക്കയെ 1948 ഓഗസ്റ്റിലെ പ്ലീനത്തിലാണ് പുറത്താക്കിയത്.ബെയ്‌റൂത് ജനറൽ സെക്രട്ടറിയും പ്രസിഡന്റും -സമ്പൂർണ കമ്മ്യൂണിസ്റ്റ് ഏകാധിപതി.1949 നവംബറിൽ മാർഷൽ കോൺസ്റ്റാന്റിൻ റോക്കോസോവ്സ്കിയുടെ സേവനം സോവിയറ്റ് യൂണിയനോട് ആവശ്യപ്പെട്ടു.രണ്ടാം ലോകയുദ്ധ വീരനായ അയാൾ പ്രതിരോധ മന്ത്രിയായി.1951 ഓഗസ്റ്റിൽ ഗോമുൽക്കയെയും ഭാര്യയെയും അറസ്റ്റ് ചെയ്‌തു.കുറ്റം സമ്മതിക്കാതെ ഗോമുൽക്ക പ്രതിരോധിച്ചു നിന്നു.1954 ൽ മോചിതനായി.സ്റ്റാലിൻ മരിച്ചിരുന്നു.1953 സെപ്റ്റംബറിൽ കർദിനാൾ സ്റ്റെഫാൻ വിഷിൻസ്‌കിയെ അറസ്റ്റ് ചെയ്‌തു.
ന്യുമോണിയ വന്ന് സോവിയറ്റ് യൂണിയനിൽ ആശുപത്രിയിലായ ബെയ്‌റൂത് 1956 മാർച്ച് 12 ന് മരിച്ചു.പാർട്ടി ഇരുപതാം കോൺഗ്രസിൽ സ്റ്റാലിനെതിരെ ക്രൂഷ്ചേവ് നടത്തിയ രഹസ്യ പ്രസംഗം വായിച്ച ശേഷമായിരുന്നു,ഹൃദയാഘാതം.

ഹംഗറിയിലെ ജന വിപ്ലവത്തിനൊപ്പം,പോളണ്ടിലും കാറ്റും വെളിച്ചവും കടന്നു.1956 ജൂണിൽ പോസ്‌നാനിൽ തെഴിലാളികൾ പണിമുടക്കി.അത് അടിച്ചമർത്തിയപ്പോൾ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടു.പാർട്ടിയിലെ പരിഷ്‌കരണ വാദികൾ ഗോമുൽക്കയിലേക്ക് തിരിഞ്ഞു.പരിഷ്‌കാരത്തിന് പൂർണ സ്വാതന്ത്ര്യം അദ്ദേഹം ആവശ്യപ്പെട്ടു .പോളിഷ് ഒക്ടോബർ എന്നറിയപ്പെടുന്ന പരിഷ്‌കരണ കാലത്ത് ഗോമുൽക്ക,സോവിയറ്റ് അനുകൂല പ്രതിരോധ മന്ത്രി കോൺസ്റ്റാന്റിൻ റോക്കോസോവ്‌സ്‌കി ഉൾപ്പെടെയുള്ള നേതാക്കളെ പുറത്താക്കി.വിരണ്ട സോവിയറ്റ് യൂണിയനിൽ നിന്ന്  ക്രൂഷ്ചേവ്,മികോയൻ,ബുൾഗാനിൻ,മൊളോട്ടോവ് തുടങ്ങിയവർ അടങ്ങിയ സംഘം,വാഴ്സയിൽ എത്തി.സോവിയറ്റ് യൂണിയനിടപെട്ടാൽ തിരിച്ചടിക്കുമെന്ന് ഗോമുൽക്കയും ഒച്ചാബും അവരോട് പറഞ്ഞു.ക്രൂഷ്ചേവ് പിൻവാങ്ങി.

പി ബി യിലെ ഭൂരിപക്ഷം പോയപ്പോൾ ഒച്ചാബ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒക്ടോബർ 20 ന് ഇറങ്ങി.സിസി യോഗം ഗോമുൽക്കയെയും സഹായികളെയും പി ബി യിൽ കൊണ്ട് വന്നു.മറ്റുള്ളവരെ നീക്കി.ഗോമുൽക്ക ജനറൽ സെക്രട്ടറി ആയി.സോവിയറ്റ് യൂണിയനുമായി സൗഹൃദം തുടരുമെന്നും റെഡ് ആർമിയുടെ സാന്നിധ്യം അംഗീകരിക്കുമെന്നും പറഞ്ഞ ഗോമുൽക്കയെ ക്രൂഷ്ചേവ് സഹിച്ചു.ജർമൻ ആക്രമണം തടയാൻ സോവിയറ്റ് സഹായം പോളണ്ടിന് വേണ്ടിയിരുന്നു.1968 ൽ സോവിയറ്റ് യൂണിയൻ നടത്തിയ ചെക്കോസ്ലാവാക്യൻ ആക്രമണത്തെ ഗോമുൽക്ക തുണച്ചു.1967 ലെ ആറു ദിവസത്തെ അറബ് -ഇസ്രയേൽ യുദ്ധത്തിൻറെ ഫലത്തിൽ സോവിയറ്റ് യൂണിയൻ നിരാശ പൂണ്ടിരിക്കെ പോളണ്ടിലെ ജൂത വിരുദ്ധ പ്രക്ഷോഭങ്ങൾക്കൊപ്പം ജൂത വിരുദ്ധനായ ഗോമുൽക്ക നിന്നു.പട്ടാളത്തിൽ നിന്ന് ജൂതരെ പുറത്താക്കി.വ്യോമ പ്രതിരോധ മേധാവി സെസ്‌ലോ മൻകീവിസിനെ പുറത്താക്കാനുള്ള നീക്കം തടയാൻ  ശ്രമിച്ച പ്രതിരോധ മന്ത്രി മരിയൻ സ്‌പിച്ചാൽസ്‌കിക്ക് കസേര പോയി . ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സോവിയറ്റ് യൂണിയൻ അവസാനിപ്പിച്ചപ്പോൾ,ആഭ്യന്തര മന്ത്രി ജനറൽ മെസിസ്‌ലോ മൊസാർ ഗോമുൽക്കയുടെ അനുമതിയോടെയാണ് ജൂതർക്കെതിരെ നീങ്ങിയത്.മൊസാർ പക്ഷം പാർട്ടിയിലും ശുദ്ധീകരണം നടത്തി.
 അതിൽ പാർട്ടി പത്രം 'ട്രിബ്യുണ ലുഡു' ചീഫ് എഡിറ്റർ ലിയോൺ കസ്‌മാനും പെട്ടു. സാമ്പത്തിക സ്ഥിതി താറുമാറായപ്പോൾ ഇത് വച്ച് ഗോമുൽക്ക ജനശ്രദ്ധ തിരിച്ചു വിട്ടു.13,000 ജൂതർ പോളണ്ടിൽ നിന്ന് പലായനം ചെയ്‌തു.പത്രങ്ങളുടെ വായടച്ചു.പ്രതിഷേധിച്ച വിദ്യാർത്ഥികളെ തടവിലിട്ടു.1968 ജനുവരിയിൽ ആഡം മക്കീവിസ് 1824 ൽ എഴുതിയ ദിസ്യാദി എന്ന നാടകത്തിൻറെ അവതരണം സി സി കണ്ട ശേഷം നിരോധിച്ചു.അതിൽ സോവിയറ്റ് വിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ !സംവിധായകൻ കാസ്മീർസ് ദെജ്മെക്കിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.1968 മാർച്ചിൽ പാർട്ടി ഉന്നതരായ ഒച്ചാബ്,സ്‌പിച്ചാൽസ്‌കി,റോമൻ സംബറോവ്‌സ്‌കി,സ്റ്റെഫാൻ സ്റെസീവ്സ്‌കി, ആഡം റപ്പാക്കി എന്നിവരെ പുറത്താക്കി.
ഗോമുൽക്കയുടെ ഭാര്യ സോഫിയ ജൂതയായിരുന്നു.

മടങ്ങി വരവിൽ ഗോമുൽക്ക കത്തോലിക്കാ സഭയുടെ വേട്ടയാടലിന് കൂട്ട് നിന്നു.ഇക്കാലത്തെ ഏറ്റവും വലിയ ക്രൂരതയാണ്,കൊളക്കോവ്‌സ്‌കിയുടെ പാർട്ടിയിൽ നിന്നുള്ള പുറത്താക്കലും നാട് കടത്തലും.മാർക്സിസ്റ് ചിന്തകരിൽ മൂന്ന് പേർക്ക് മൗലികതയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്‍ :റോസാ ലക്‌സംബർഗ്,വാൾട്ടർ ബെഞ്ചമിൻ,കൊളക്കോവ്‌സ്‌കി.ലെനിൻ കാട്ടുന്നത് തട്ടിപ്പാണെന്ന് റോസ അന്ന് തന്നെ പറഞ്ഞിട്ടുണ്ട്;മാർക്സിനെ തിരുത്തിയിട്ടുണ്ട്.ബെഞ്ചമിൻ സ്‌റ്റാലിനിസം മടുത്ത് ജൂത മിസ്റ്റിസിസത്തിലേക്ക് പോയി.കൊളാക്കോവ്‌സ്‌കിക്കും സ്റ്റാലിനിസം മടുത്തിരുന്നു.
കൊളക്കോവ്സ്കി 
കൊളക്കോവ്‌സ്‌കി ( 1927 -2009)
ചിന്തകൻ മാത്രമല്ല,ചരിത്രകാരനുമായിരുന്നു.ജർമൻ അധിനിവേശ കാലത്ത് സ്‌കൂളിൽ പോകാൻ കഴിയാതെ,പുസ്തകങ്ങൾ വായിച്ചും സ്വകാര്യ ട്യൂഷൻ വഴിയുമാണ് പഠിച്ചത്.സ്‌കൂൾ അവസാന പരീക്ഷ വീട്ടിലിരുന്ന് പഠിച്ചാണ് എഴുതിയത്.യുദ്ധശേഷം ലോഡ്‌സ് സർവകലാശാലയിൽ ഫിലോസഫി പഠിച്ചു.നാല്പതുകളുടെ ഒടുവിൽ  ജീനിയസായി രൂപപ്പെട്ടിരുന്നു.സ്‌പിനോസയെ സംബന്ധിച്ച മാർക്‌സിസ്റ്റ്‌ വിലയിരുത്തലിന് ആയിരുന്നു,ഡോക്റ്ററേറ്റ്.1959 -68 ൽ വാഴ്സ സർവകാശാലയിൽ ഹിസ്‌റ്ററി ഓഫ് ഫിലോസഫി മേധാവി.1947 ൽ പാർട്ടിയിൽ ചേരുകയും മോസ്‌കോയിൽ പോവുകയും ചെയ്‌തു.കണ്ട കമ്മ്യൂണിസം ബീഭത്സമായിരുന്നു.സ്‌റ്റാലിനിസം വിട്ട് അദ്ദേഹം മാർക്‌സിസത്തിലെ  മാനവികത കാണാൻ ശ്രമിച്ചു.1956 ലെ പോളിഷ് ഒക്ടോബറിന് ശേഷം,സോവിയറ്റ് മാർക്സിസ്റ്റ് വരട്ടു വാദങ്ങളെ പൊളിക്കുന്ന നാല് ഭാഗങ്ങളുള്ള വിമർശം പ്രസിദ്ധീകരിച്ചു.സംഭവങ്ങൾ ചരിത്രപരമായി പൂർവ നിശ്ചിതമാണ് എന്ന വാദത്തെ ( historical determinism ) നിരാകരിച്ചു.പോളിഷ് ഒക്ടോബറിൻറെ പത്താം വാർഷികത്തിൽ വാഴ്സ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന്,പാർട്ടിയിൽ നിന്ന് പുറത്താക്കി.1968 ലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ജോലിയിൽ നിന്ന് നീക്കി;ജോലി കിട്ടുന്നത് തടസ്സപ്പെടുത്തി.സ്റ്റാലിനിസത്തിന്റെ സർവാധിപത്യ ക്രൂരത അപഭ്രംശമല്ല,മാർക്‌സിസത്തിന്റെ അന്തിമ ഉൽപന്നമാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തി.ചരിത്രപരമായ ഭൗതിക വാദത്തിന്റെ അടിസ്ഥാന നിയമങ്ങൾ പിഴച്ചതാണെന്ന് Main Currents of Marxism കണ്ടെത്തുന്നു.ശാസ്ത്രീയമായി തെളിയിക്കാൻ ആകാത്ത അസംബന്ധങ്ങൾ.വിദേശ സർവകലാശാലകളിൽ 1968 മുതൽ അദ്ദേഹം പഠിപ്പിച്ചു.ഒടുവിൽ ഓക്സ്ഫഡിൽ ആയിരുന്നു .പോളണ്ടിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിച്ചു.അവ രഹസ്യമായി പ്രചരിച്ച് സ്വാതന്ത്ര്യ സ്വപ്നങ്ങളെ ഉറപ്പിച്ചു.

പ്രതിഷേധം കടുത്തു.ഗഡാൻസ്‌കിലും ഗിഡിനിയയിലും 1970 ഡിസംബറിൽ തൊഴിലാളികൾ പണിമുടക്കി.വലം കൈ ആയ സെനോൺ ക്ലിസ്‌കോയ്‌ക്കൊപ്പം ഗോമുൽക്ക പട്ടാള മേധാവി ജനറൽ ബോലെസ്‌ലോ ചോച്ചയ്ക്ക് തൊഴിലാളികളെ വെടി വച്ച് കൊല്ലാൻ ആജ്ഞ നൽകി.41 കപ്പൽശാലാ തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഏകാധിപതി ഇറങ്ങി.നിര്ബന്ധ വിരമിക്കൽ പാർട്ടി വിധിച്ചു.സദാ പുകവലിച്ചു തള്ളിയ ഗോമുൽക്ക,ശ്വാസകോശ കാൻസർ വന്ന് 1982 സെപ്റ്റംബർ ഒന്നിന് മരിച്ചു.കമ്മ്യൂണിസം അവസാനിച്ച്  അഞ്ചു വർഷത്തിന് ശേഷം,1994 ൽ മാത്രമേ ആത്മകഥ ഇറങ്ങിയുള്ളു.
കൊളക്കോവ്‌സ്‌കിയുടെ 1971 ലെ പ്രബന്ധം, In Stalin's Countries: Theses on Hope and Despair, ഒരു ഏകാധിപത്യ രാജ്യത്ത് സ്വയം സംഘടിത ഗ്രൂപ്പുകൾക്ക് പൗര സമൂഹത്തിൻറെ കർമ്മ മേഖലകൾ വികസിപ്പിക്കാൻ കഴിയുമെന്ന ആശയം മുന്നോട്ടു വച്ചു.ഇത് സോളിഡാരിറ്റി ക്ക് പ്രചോദനമായി.


See https://hamletram.blogspot.com/2019/08/blog-post_23.html















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...