Friday, 23 August 2019

ലൂക്കാച്ച് -ഒരു പൊളിച്ചെഴുത്ത്

എന്നും സ്റ്റാലിനൊപ്പം  

only he who acknowledges unflinchingly and without any reservations that murder is under no circumstances to be sanctioned can commit the murderous deed that is truly — and tragically — moral. To express this sense of the most profound human tragedy in the incomparably beautiful words of Hebbel’s Judith: “Even if God had placed sin between me and the deed enjoined upon me — who am I to be able to escape it?
-Georg Lukacs / Tactics and Ethics,  1919

ഹംഗറിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഉന്മൂലനങ്ങൾ നോക്കുന്നതിനിടയിലാണ്, ജിയോർഗി ലൂക്കാച്ചിൻറെ പേര് ഏതു പക്ഷത്തും നിൽക്കുന്ന സൈദ്ധാന്തികനായി പൊന്തി വന്നത്.കേരളത്തിൽ വിവരമുള്ള അപൂർവം മാർക്സിസ്റ്റുകൾക്കിടയിൽ അറിയപ്പെടുന്ന പേരാണ്,അത്.അദ്ദേഹത്തിൻറെ The Sociology of Modern Drama മുൻപ് എന്നെ ആകർഷിച്ചിട്ടുണ്ട്.ബ്രെഹ്തിൻറെ എപ്പിക് തിയറ്ററിന്റെ ഉള്ളിലേക്ക് അദ്ദേഹത്തിന് കടക്കാനായി എന്ന് തോന്നി;എറിക് ബെന്റ്ലി The Theory of Modern Stage ൽ അതിൽ നിന്നുള്ള ഭാഗങ്ങൾ ചേർത്തിട്ടുമുണ്ട്.

എന്നാൽ,പാർട്ടി ഉന്മൂലനം നടത്തി ഭരിച്ച കാലത്ത് ഉടനീളം ലൂക്കാച്ചിൻറെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്.ലെസ്സക് കൊളക്കോവ്‌സ്‌കിയുടെ വിഖ്യാതമായ Main Currents of Marxism ലൂക്കാച്ചിന് വേണ്ടി ഒരു വലിയ അധ്യായം നീക്കി വച്ചിരിക്കുന്നത് തന്നെ,ശങ്കകൾ നില നിർത്തിക്കൊണ്ടാണ്.സ്റ്റാലിനിസ്റ്റ് എന്ന നിലയിൽ സ്വയം വിമർശനം നടത്തി താൻ എഴുതിയ History and Class Consciousness നെ തന്നെ സ്വയം തള്ളിപ്പറയുന്ന ലൂക്കാച്ചിനെ അതിൽ കാണാം.മാർക്‌സിസ്റ്റ്‌ ലോകമിന്ന് കൊണ്ടാടുന്ന പുസ്‌തകം അതാണ്.കമ്മ്യൂണിസത്തിലേക്ക് മതം മാറുമ്പോൾ എഴുതിയ വാചകങ്ങളാണ്,തുടക്കത്തിൽ ഉദ്ധരിച്ചത്.കൊലയെ ന്യായീകരിച്ചാണ് അതിൽ എത്തിയത്.പാപത്തിന് അനുമതി നൽകുന്നതിനാൽ ബോൾഷെവിസം മനഃസാക്ഷിക്ക് വിരുദ്ധമാണ് എന്ന് അൽപം മുൻപ് എഴുതിയ ലേഖനം ലൂക്കാച്ച് തിരുത്തുകയായിരുന്നു.ഉദ്ധരണിയിൽ പറയുന്ന ജൂഡിത്ത്, ജർമ്മൻ കവിയും നാടക കൃത്തുമായ ക്രിസ്ത്യൻ ഫ്രഡറിക് ഹെബ്ബലിന്റെ ആദ്യ ദുരന്ത നാടകമാണ്.
ലൂക്കാച്ച് 
ഹംഗറിയിൽ രണ്ടു മന്ത്രിസഭകളിൽ ലൂക്കാച്ച് അംഗമായിരുന്നു;1919 ൽ 133 ദിവസം മാത്രം സോവിയറ്റ് ഹംഗറി റിപ്പബ്ലിക് എന്നൊരു പരീക്ഷണം നില നിന്നിരുന്നു.പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ നിയന്ത്രിച്ച മുന്നണി മന്ത്രി സഭ.അതിൽ വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്നു ലൂക്കാച്ച്;വർഷങ്ങൾ കഴിഞ്ഞ് 1956 ൽ ജനം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറന്തള്ളിയപ്പോൾ, വിമതനായ ഇoറെ നാഗി രൂപീകരിച്ച മന്ത്രി സഭയിൽ സാംസ്‌കാരിക മന്ത്രിയും ആയിരുന്നു.രണ്ടു വള്ളത്തിൽ കാലു വച്ച് നിന്ന ഒരാൾ.ഉന്മൂലനത്തെ 1919 ൽ അംഗീകരിച്ചയാൾ -അത് ലെനിൻ നടപ്പാക്കിയ ചുവപ്പ് ഭീകരതയുടെ കാലമായിരുന്നു.

ധനിക ജൂത ബാങ്കറുടെ മകനായ ലൂക്കാച്ച് ( 1885 -1974 ) ബുഡാപെസ്റ്റിൽ തന്നെയാണ് പഠിച്ചത്.പിതാവിന് രാജാവ് പ്രഭു പദവി നൽകിയതിനാൽ,അത് ലൂക്കാച്ചിൻറെയും മുഴുവൻ പേരിനൊപ്പമുണ്ട് .ഇടത് പക്ഷ സോഷ്യൽ ഡെമോക്രാറ്റ് എർവിൻ സാബോ (  1877 -1918 ) യുടെ സ്വാധീനത്തിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി സ്‌കൂൾ കാലത്തു തന്നെ ബന്ധപ്പെട്ടു.സാബോ യാഥാസ്ഥിതിക മാർക്സിസ്റ്റ് ആയിരുന്നില്ല.അയാൾ വഴി ഫ്രഞ്ച് തത്വ ചിന്തകൻ ജോർജെസ് സൊറെൽ സ്വാധീനമായി.ദേശീയത ഒരു മിത്ത് എന്ന നിലയിൽ മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന അദ്ദേഹത്തിൻറെ ചിന്തയും അക്രമത്തിൻറെ ന്യായീകരണവും മാർക്സിസ്റ്റുകൾക്ക് ഇഷ്ടപ്പെട്ടു.ഇബ്‌സൻ,സ്ട്രിൻഡ്‌ബെർഗ്,ഹോപ്റ്റ് മാൻ എന്നിവരുടെ നാടകങ്ങൾ അവതരിപ്പിക്കാൻ സംഘമുണ്ടാക്കി.ബെർലിനിൽ പഠിക്കാൻ പോയപ്പോൾ സ്വാഭാവികമായും കാന്റിൻറെ ചിന്തകൾ ഒപ്പം കൂടി.ഹെയ്‌ഡൽബെർഗിൽ പഠിക്കുമ്പോൾ,മാക്‌സ് വെബറിനെയും ഏണസ്റ്റ് ബ്ലോക്കിനെയും പരിചയപ്പെട്ടു.ധനശാസ്ത്രത്തിലും പൊളിറ്റിക്‌സിലുമായിരുന്നു ആദ്യ ഡോക്‌ടറേറ്റ്‌.രണ്ടാമത്തേത് തത്വ ശാസ്ത്രത്തിൽ .1914 -18 ൽ,ഒന്നാം ലോകയുദ്ധ കാലത്ത്,ദസ്തയേവ്‌സ്‌കി,കീർക്കെഗാദ് എന്നിവരുടെ രചനകൾ ലൂക്കാച്ചിനെ പിടിച്ചുലച്ചു എന്ന് കാണുന്നു.വർഗ്ഗമോ സാമൂഹ്യ സാഹചര്യങ്ങളോ നിർണയിക്കാത്ത മനുഷ്യ ബന്ധങ്ങളെ വ്യാഖ്യാനിച്ച ദസ്തയേവ്‌സ്‌കിയിൽ നിന്ന് ഒരാൾ മാർക്സിസത്തിലേക്ക് പോവുക ദുരൂഹമാണ്.ദസ്തയേവ്‌സ്കിയെപ്പറ്റിയും കീർക്കെഗാദിനെയും പറ്റിയുള്ള  ലൂക്കാച്ചിന്റെ പ്രബന്ധങ്ങൾ  അപൂർണമായത്  ഇതുകൊണ്ടാകാം.വെബർ ഒന്നാം ലോകയുദ്ധത്തെ അനുകൂലിച്ചതിനാൽ,ലൂക്കാച്ച് അദ്ദേഹത്തെ നിരാകരിച്ചിരുന്നു.

1915 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി.അവിടെ പൊതുവെ ഇടത് അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും,അത് ബോൾഷെവിസത്തോട് കൂറുണ്ടാക്കുന്ന വിധം ആയിരുന്നില്ല.അതിനാൽ 1918 ഒടുവിൽ പാർട്ടി ഉണ്ടായ ഉടൻ ലൂക്കാച്ച് അതിൽ ചേർന്നത് കൂട്ടുകാരെ അദ്‌ഭുതപ്പെടുത്തി.ഏതാനും നാൾ മുൻപ് ഏകാധിപത്യവും ഭീകരതയും വഴി സംഘർഷ രഹിത ഭാവി കെട്ടിപ്പടുക്കാൻ ആകാത്തതിനാൽ ബോൾഷെവിക്കുകൾക്ക് സാംഗത്യമില്ല എന്ന് ഏതാനും നാൾ മുൻപ് അയാൾ എഴുതുകയും ചെയ്‌തിരുന്നു.കണ്ടത്,അവസര വാദിയുടെ ഉദയമാണ്.യുദ്ധം കാരണം കമ്മ്യൂണിസമാണ് പോംവഴി എന്ന് ധരിച്ച ശുദ്ധാത്മാവ് ആണ് ലൂക്കാച്ച് എന്ന് കരുതാൻ ന്യായമില്ല.അന്ന് മുതൽ അയാൾ മോസ്‌കോയെ അനുസരിച്ചു.ഉന്മൂലനങ്ങൾ,ബേല കുനിൻറെ  ഉൾപ്പെടെ കണ്ടു തന്നെ വിനീത വിധേയനായി.

മൊത്തം ഹംഗറിയുടെ 23 % മാത്രം വരുന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സോവിയറ്റ് വിപ്ലവത്തിൻറെ പ്രത്യാഘാതമായിരുന്നു.ഫ്രാൻസിൽ നിലവിൽ വന്ന പാരീസ് കമ്മ്യൂൺ 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 71 ദിവസം മാത്രം നിന്നു.ഹംഗറി സോവിയറ്റ് റിപ്പബ്ലിക് 1919 മാർച്ച് 21 മുതൽ ഓഗസ്റ്റ് ഒന്ന് വരെ മാത്രം നിന്നു.പഴയ,പുതിയ സംസ്‌കാരങ്ങൾ എന്ന വിഷയത്തിൽ ലൂക്കാച്ച് ഒരു ഹാൾ നിറഞ്ഞ ആൾക്കൂട്ടത്തോട് പ്രസംഗിക്കുമ്പോഴാണ്,സോവിയറ്റ് യൂണിയന് ശേഷം ഹംഗറിയിൽ വിപ്ലവം വന്നതെന്ന് ഹംഗറിയിലെ കവി ജോസഫ് നദാസ് എഴുതി-വിപ്ലവം ഭരണ കൂട അട്ടിമറി മാത്രമായിരുന്നു.ആ വാർത്ത പ്രസംഗത്തെ അപൂർണമാക്കി.

ഇതിൻറെ നാമമാത്ര പ്രസിഡൻറ് സാൻഡോർ ഗർബായ് ആയിരുന്നു;അധികാരം മുഴുവൻ വിദേശ മന്ത്രി ബേല കുൻ -ൻറെ കൈയിലും.റേഡിയോ ടെലിഗ്രാഫ് വഴി ലെനിനുമായി സദാ അയാൾ ബന്ധം പുലർത്തിയിരുന്നു.ലെനിൻ ഉത്തരവുകളും ഉപദേശങ്ങളും നൽകി.സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ വിപ്ലവം വഴി വന്ന അടുത്ത രാജ്യം ആയിരുന്നു,അത്.ബേല കുനിന്നെ 1938 ൽ ശുദ്ധീകരണ കാലത്ത് സ്റ്റാലിന്റെ പൊലീസ് വെടി വച്ച് കൊന്നു.


ഹോർത്തി 
സ്വകാര്യ സ്വത്ത് പൊതു ഉടമയിലാക്കി.ലെനിൻ പറഞ്ഞെങ്കിലും,ഭൂമി കർഷകർക്ക് വിതരണം ചെയ്‌തില്ല.മൊത്തം ഭൂമി കൂട്ടുകൃഷി കളം ആക്കാൻ തീരുമാനിച്ചു.ലെനിൻസ് ബോയ്‌സ് എന്ന ചെമ്പട ഉണ്ടാക്കി റഷ്യയിൽ നിന്ന് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു.ഗ്രാമങ്ങളിൽ കർഷക നികുതി നിർത്തി.പാർട്ടിയിൽ ഗ്രാമീണ,നഗര വിഭാഗങ്ങൾ അടിയായി.ജൂൺ 24 ന് കമ്മ്യൂണിസ്റ്റ് വിരുദ്ധർ അട്ടിമറി ശ്രമം നടത്തിയപ്പോൾ,ഉന്മൂലന കാലമായി.600 പേരെ അറസ്റ്റ് ചെയ്‌ത്‌ 370 പേരെ കൊന്നു.സെഗാദ് നഗരത്തിൽ റിയർ അഡ്‌മിറൽ മിക്‌ളോസ് ഹോർത്തിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആയിരുന്നു ഭരണം.ചുവപ്പ് ഭീകരതയ്ക്ക് എതിരെ അവർ ശുഭ്ര ഭീകരത നടപ്പാക്കി.ജൂതരല്ലാത്ത ഗ്രാമീണരെ കൊന്നു.ബന്ദികളാക്കി പണം പിടുങ്ങി.5000 പേർ കൊല്ലപ്പെട്ടു.
ഹോർത്തിക്ക് എതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പൊരുതുക എന്ന നയമായിരുന്നു ശരി.വിദ്യാഭ്യാസ ഉപമന്ത്രി ലൂക്കാച്ച് എന്നാൽ ഇതിനൊപ്പം നിൽക്കാതെ കുൻ ലൈനിനൊപ്പം നില കൊണ്ടു എന്ന് ലെസ്സക് കൊളക്കോവ്സ്കി (Main Currents of Marxism / Volume 3 ) എഴുതുന്നു.മുപ്പതുകളിൽ ആകട്ടെ,കുൻ മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ഫാഷിസത്തിനൊപ്പവും സ്റ്റാലിനിസ്റ്റ് ആയ ലൂക്കാച്ച് നിന്നു( Page 261). സോഷ്യൽ ഡെമോക്രസി ഫാഷിസത്തിലേക്കാണ്  പോകുന്നത് എന്ന വിഡ്ഢിത്തമാണ് ലൂക്കാച്ച് വാദിച്ചത്.സിഗ്‌മണ്ട് കുൻഫി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.
.അക്കാലത്ത് ലെനിൻ നേതൃത്വം  നൽകിയ ചുവപ്പ് ഭീകരതയുടെ വക്താവായിരുന്നു,ലൂക്കാച്ച് .1919 ഏപ്രിൽ 15 ന് നെപ്‌സാവ പത്രത്തിൽ അദ്ദേഹം എഴുതി:

The possession of the power of the state is also a moment for the destruction of the oppressing classes. A moment, we have to use.

അധികാരം പീഡക വർഗത്തെ നശിപ്പിക്കാനുള്ളതാണ്;അത് നാം പ്രയോഗിക്കണം.

മന്ത്രിയായിരുന്ന ലൂക്കാച്ച് ചെറിയ കാലത്ത് പലതും നടപ്പാക്കി:സ്വകാര്യ തിയറ്ററുകൾ പൊതു ഉടമയിലാക്കി.ബൂർഷ്വകൾ ബുക്ക് ചെയ്‌ത ടിക്കറ്റുകൾ തൊഴിലാളികൾക്ക് കൊടുത്തു.അദ്ദേഹത്തിൻറെ വകുപ്പ് ഇങ്ങനെ ഒരു തിട്ടൂരമിറക്കി:

From now on, the theater belongs to the people! Art will not anymore be the privilege of the leisurely rich. Culture is the rightful due of the working people.

തിയറ്ററുകൾ ഇനി ജനത്തിന്റേതാണ്.കല ഇനി ധനികരുടെ അവകാശമല്ല.സംസ്‌കാരം തൊഴിലാളിക്ക് കിട്ടേണ്ട അവകാശമാണ്. 
തൊഴിലാളി ബോക്‌സ് ഓഫിസുകൾ ഉണ്ടാക്കി ചെറിയ വിലയ്ക്ക് തൊഴിലാളിക്ക് ടിക്കറ്റ് കൊടുത്തു.നടന്മാരുടെ യൂണിയൻ ഉണ്ടാക്കി.പിന്നീട് ഡ്രാക്കുള ആയി അഭിനയിച്ച ബേല ലുഗോസി ഇതിലെ പ്രധാന പ്രവർത്തകൻ ആയിരുന്നു.

സ്വകാര്യ ശേഖരത്തിലെ അമൂല്യ ചിത്രങ്ങൾ പൊതു ഉടമയിലാക്കാൻ പട്ടിക തയ്യാറാക്കി.ബ്രൂഗലിന്റെ ഒരു ചിത്രത്തിന് ഒരു പ്രഭുവിൻറെ കൊട്ടാരം അരിച്ചു പെറുക്കി.ഇവ ജനത്തിന് പ്രദർശിപ്പിച്ചു.മുതിർന്ന തൊഴിലാളികൾക്ക് വിദ്യാഭ്യാസ പദ്ധതി വന്നു.മാർക്‌സ് -എംഗൽസ് തൊഴിലാളി സർവകലാശാല ഉണ്ടാക്കി,വിപ്ലവം  വന്നപ്പോൾ നിന്ന പ്രസംഗം അവിടെ പൂർത്തിയാക്കി.മത ഗ്രന്ഥങ്ങളുടെ സ്ഥാനത്ത് മാർക്‌സിസ്റ്റ്‌ പുസ്തകങ്ങൾ വന്നു -കാൽ മാൻഹീമിനെപ്പോലുള്ള ഇടതു ബുദ്ധിജീവികളെ പ്രൊഫസർമാരാക്കി.അംഗീകരിച്ച എഴുത്തുകാർക്ക് വേതനം കൊടുത്തു.ലൂക്കാച്ച് ഒരു മുദ്രാവാക്യം ഉണ്ടാക്കി:
Art is the end and politics is the means.
കല ലക്ഷ്യവും രാഷ്ട്രീയം മാർഗവുമാണ്.
മാർക്‌സിന്റെ മൂലധനം ആദ്യമായി ഹംഗറിയിൽ പരിഭാഷ ചെയ്‌തു.ദസ്തയേവ്‌സ്‌കി,ഷേക്‌സ്‌പിയർ കൃതികളും പരിഭാഷപ്പെടുത്തി.സഞ്ചരിക്കുന്ന ലൈബ്രറികൾ വന്നു.സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കി.തങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഗുണ പാഠ കഥകൾക്ക് എന്ത് സംഭവിക്കുമെന്ന് കൂട്ടുകാരി അന ലെസ്നയ് ലൂക്കാച്ചിനോട് ചോദിച്ചു." അവ സത്യമാകും,കമ്മ്യൂണിസത്തിൽ കല്ലുകളും മരങ്ങളും സംസാരിക്കും", അയാൾ പറഞ്ഞു.ഒരു സാരോപദേശ കഥാ വിഭാഗമുണ്ടാക്കി അതിൻറെ ചുമതല അനയെയും ബേല ബലാസിനേയും ഏൽപിച്ചു.

ബുഡാപെസ്റ്റിലെ സോവിയറ്റ് ഹൗസിൽ ലൂക്കാച്ച് പലപ്പോഴും ചർച്ചയിൽ ആയിരുന്നു.അത്തരം ഒരു ചർച്ചയിൽ അയാൾ പറഞ്ഞു:
"നാം കമ്മ്യൂണിസ്റ്റുകൾ യൂദാസിനെ പോലെയാണ്.ക്രിസ്‌തുവിനെ ക്രൂശിക്കൽ നമ്മുടെ ചോര പുരണ്ട പണിയാണ്.ഈ പാപ കർമ്മം നമ്മുടെ ദൗത്യവുമാണ്:കുരിശിലെ മരണം വഴിയേ ക്രിസ്‌തു ദൈവമാകൂ;ലോകരക്ഷയ്ക്ക് അതാവശ്യവുമാണ്.എന്നിട്ട് നാം കമ്മ്യൂണിസ്റ്റുകൾ ലോക പാപങ്ങൾ ഏറ്റെടുക്കുന്നു-ലോക രക്ഷയ്ക്കായി."

റിപ്പബ്ലിക് വീണപ്പോൾ അണ്ടർ ഗ്രൗണ്ട് പ്രവർത്തനത്തിന് ബേല കുൻ ലൂക്കാച്ചിനെ നിയോഗിച്ചു.കുപ്രസിദ്ധനായിക്കഴിഞ്ഞ തന്നെ പിടിച്ച് ഉന്മൂലനം ചെയ്യാനാണ് ഇതെന്ന് ലൂക്കാച്ച് ശങ്കിച്ചു. ഗേറിയൻ റെഡ് ആർമി അഞ്ചാം ഡിവിഷൻ കമ്മിസാർ ആയ അയാൾ,1919 മെയിൽ പൊറോസ്ലോയിൽ സ്വന്തം ഡിവിഷനിലെ എട്ട് സൈനികരെ കൊല്ലാൻ ഉത്തരവിട്ടു.വിയന്നയിലേക്ക് പലായനം ചെയ്‌ത അയാൾ അറസ്റ്റിലായെങ്കിലും തോമസ് മൻ അടക്കമുള്ള എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് മോചിപ്പിച്ചു.തോമസ് മൻ എഴുതിയ The Magic Mountain കേരളത്തിൽ വിഖ്യാതമാണ്;അതിലെ നാഫ്‌ത എന്ന കഥാപാത്രം ലൂക്കാച്ച് ആണ്.ആ നോവൽ വന്നത് 1924 ൽ.ദാവോസിൽ ശ്വാസകോശ രോഗ ചികിത്സയിലായിരുന്ന ഭാര്യയെ കണ്ട ശേഷം മൻ 1912 ൽ എഴുതി തുടങ്ങിയതാണ്,നോവൽ.യുദ്ധം വന്നപ്പോൾ യൂറോപ്യൻ മുതലാളിത്തത്തെ ഒന്ന് കൂടി വിലയിരുത്തി.കച്ചവട കുടുംബത്തിലെ ഹാൻസ് കസ്റ്റോർപ് ആണ് നായകൻ.കപ്പൽ നിര്മാണത്തിലേക്ക് കടക്കും മുൻപ് ദാവോസിൽ രോഗിയായ ബന്ധുവിനെ കാണുന്നു.അവിടെ വച്ചാണ് സ്വയം ക്ഷയ രോഗ ബാധിതൻ ആണെന്നറിയുന്നത്.അപ്പോൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സമഗ്രാധിപത്യത്തെ അനുകൂലിക്കുന്ന ജെസ്വിറ്റ്‌ ആയി മതം മാറിയ ജൂതനാണ്,ലിയോ നാഫ്‌ത .

വിയന്നയിൽ അന്റോണിയോ ഗ്രാംഷിയെ പരിചയപ്പെട്ട ലൂക്കാച്ച്,തത്വ ശാസ്ത്രത്തിൽ ലെനിനിസം കലർത്തി.അതാണ് History and Class Consciousness എന്ന പുസ്തകം.1924 ലെ അഞ്ചാം കോമിന്റേൺ  കോൺഗ്രസിൽ ഗ്രിഗറി സിനോവീവ് ഈ പുസ്തകത്തെ ആക്രമിച്ചു.തൊഴിലാളി വർഗ സർവാധിപത്യം എന്ന ലെനിൻ ലൈനിന് എതിരെ ജനാധിപത്യ തൊഴിലാളി,കർഷക സർവാധിപത്യം എന്ന സിദ്ധാന്തം ലൂക്കാച്ച് കൊണ്ട് വന്നപ്പോൾ കോമിന്റേൺ തെറിയുടെ പൊങ്കാലയിട്ടു -സജീവ രാഷ്ട്രീയം ലൂക്കാച്ച് നിർത്തി.ബുദ്ധിജീവി ആയതിനാൽ വിരണ്ടു കാണും.ആ പുസ്‌തകം തൻറെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല എന്ന് പല തവണ ലൂക്കാച്ച് ആവർത്തിച്ചു.പുസ്തകത്തിൽ എംഗൽസിനെ ലൂക്കാച്ച് എതിർത്തിരുന്നു.പ്രകൃതിയിലെ വൈരുധ്യാത്മകത എന്ന എംഗൽസിന്റെ വാദം വൈരുധ്യാത്മകത എന്ന ആശയത്തിന് തന്നെ വിരുദ്ധമാണ് എന്നായിരുന്നു വാദം;മാർക്‌സിസ്റ്റ് ജ്ഞാനശാസ്ത്രത്തിൻറെ സത്ത ''പ്രതിഫലനം ' ആണെന്ന ലെനിൻറെ വാദത്തെ നിരാകരിച്ചു.സിനോവീവ് അന്ന് കോമിന്റേൺ എക്സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു.സിനോവീവ് ലൂക്കാച്ചിൻറെ പുസ്തകം വായിച്ചിരുന്നോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു.തുടർന്ന്  തത്വചിന്തകർ അബ്രാം  ഡെബോറിൻ,എൻ ലുപ്പോൾ,ലാസ്ലോ രുദാസ്‌ എന്നിവരും പുസ്തകത്തെ എതിർത്തു.

അന്ന് തന്നെ ലൂക്കാച്ച് സ്വയം വിമർശനം നടത്തിയോ എന്നറിയില്ല;1933 ൽ അതുണ്ടായി.പാളിച്ചകൾ നിറഞ്ഞതും പ്രതിലോമകരവുമാണ് പുസ്തകം എന്ന് ലൂക്കാച്ച് എഴുതി.കമ്മ്യൂണിസ്റ്റ് പരമ്പരയിൽ നിന്ന് പുസ്‍തകം അപ്രത്യക്ഷമായി.സ്റ്റാലിന്റെ മരണ ശേഷം മാത്രം പുനഃപ്രസിദ്ധീകരിച്ചു.ജർമനിയിലെ വിമത മാർക്സിസ്റ്റുകളെ പുസ്തകം സ്വാധീനിച്ചു.1925 ൽ ബുഖാറിൻറെ ചരിത്രപരമായ ഭൗതിക വാദ കൈപുസ്തകത്തെ ലൂക്കാച്ച് വിമർശിച്ചിരുന്നു.
ലൂക്കാച്ച് 1928 വരെ ഹംഗറി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ വിവാദ സ്ഥാനത്തുണ്ടായിരുന്നു.ആ വർഷം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ ബദൽ രേഖ തയ്യാറാക്കി.ലൂക്കാച്ചിൻറെ തൂലികാനാമം ബ്ലും എന്നായിരുന്നു.രേഖ ബ്ലും സിദ്ധാന്തം എന്നറിയപ്പെട്ടു.ബേല കുനും അനുയായികളും ഉൾപ്പെട്ട ഭൂരിപക്ഷ ഗ്രൂപ് ഇതിനെ പിച്ചി ചീന്തി.ഇതിനെതിരെ കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റി ഹംഗറി കമ്മ്യൂണിസ്റ്റുകൾക്ക് തുറന്ന കത്ത് എഴുതി.1956 ൽ സ്റ്റാലിന് ശേഷം മാത്രം പ്രസിദ്ധീകരിച്ച ഈ സിദ്ധാന്തം വച്ചാണ്,ലൂക്കാച്ച് ഭക്തർ,അയാൾ സ്റ്റാലിന്റെ കാലത്തെ വ്യതിയാനങ്ങളെ എതിർത്തു എന്ന് സ്ഥാപിക്കാൻ ശ്രമിക്കാറ്.ഇതിൽ 1935 ൽ കോമിന്റേൺ അവസാന കോൺഗ്രസിൽ അംഗീകരിച്ച ജനകീയ മുന്നണി സിദ്ധാന്തം മുന്നോട്ട് വച്ചെന്നാണ് ന്യായം.അതിൽ കഥയില്ല.അത് തയ്യാറാക്കിയ ശേഷമുള്ള ശകാരം കേട്ട് കുഞ്ഞാടായി അയാൾ ജീവിച്ചതാണ്,ചരിത്രം.ഇരുപതുകളിൽ ബേല കുൻ മുന്നോട്ട് വച്ച നയത്തോട് ലൂക്കാച്ചിൻറെ എതിർപ്പ് പരിമിതമായിരുന്നു.ഹംഗറി റീജൻറ് ആയിരുന്ന ഭീകരൻ  ഹോർത്തിക്കെതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി മുന്നണിക്ക് ലൂക്കാച്ച് വാദിച്ചില്ല.സോഷ്യൽ ഫാഷിസത്തെ ലൂക്കാച്ച് അനുകൂലിച്ചു.ജനാധിപത്യവും ഫാഷിസവും തമ്മിലല്ല,വർഗ്ഗവും വർഗ്ഗവും തമ്മിലാണ് പോരാട്ടം എന്ന് അയാൾ പറഞ്ഞു.തൊഴിലാളികളുടെയും കർഷകരുടെയും ഏകാധിപത്യം എന്ന വിചിത്ര സിദ്ധാന്തം അയാൾ കൊണ്ട് വന്നു.ഇതൊന്നും മോസ്‌കോയ്ക്ക് പിടിക്കുന്നത് ആയിരുന്നില്ല.ബ്ലും സിദ്ധാന്തം ഉന്മൂലനം മുന്നോട്ട് വയ്ക്കുന്നുവെന്ന് കോമിന്റേൺ ശകാരിച്ചു.പാർട്ടി പുറത്താക്കുമെന്ന് ഭയന്ന് ലൂക്കാച്ച് പിൻവാങ്ങി.അയാൾ എഴുത്തിൽ ഒതുങ്ങി.മുപ്പതുകളിലും രണ്ടാം ലോകയുദ്ധ കാലത്തും കാര്യമായി ഒന്നും എഴുതിയില്ല.

1930 മാർച്ചിൽ  ലൂക്കാച്ചിനെ മോസ്കോയിലേക്ക് വിളിച്ച് മാർക്സ് ഏംഗൽസ് ഇൻസ്റ്റിട്ട്യൂട്ടിന്റെ നിലവറയിൽ ഡേവിഡ് റിയാസനോവിനൊപ്പം ജോലി ചെയ്യാൻ ഉത്തരവായി.രണ്ടാം ലോകയുദ്ധം കഴിയും വരെ അവിടെ ബന്ദിയായി.സ്റ്റാലിന്റെ മഹാ ശുദ്ധീകരണ കാലത്ത്,താഷ്‌ക്കെന്റിൽ ആഭ്യന്തര പ്രവാസത്തിന് വിധിച്ചു.സോവിയറ്റ് യൂണിയനിലെ 80% ഹംഗറിക്കാരെയും ഉന്മൂലനം ചെയ്‌തിട്ടും ലൂക്കാച്ച് ജീവിച്ചു.അക്കാദമി ഓഫ് സയൻസസിൽ ജോലി നോക്കി.1945 ൽ ഹംഗറിക്ക് മടങ്ങിയ ശേഷം,ബേല ഹംവാസ്,ഇസ്തവൻ ബിബോ ലാജോസ് പ്രോഹസ്‌ക,കരോലി കേനറി തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഇതര ബുദ്ധിജീവികളെ ഹംഗേറിയൻ അക്കാദമിക ജീവിതത്തിൽ നിന്ന് നീക്കുന്നതിൽ ലൂക്കാച്ച് പങ്കു വഹിച്ചു.ബിബോയെയും മറ്റും തടവിലാക്കി കൈത്തൊഴിലുകൾ ചെയ്യിച്ചു.1955 -56 ൽ ഹംഗേറിയൻ റൈറ്റേഴ്‌സ് യൂണിയൻ ശുദ്ധീകരിക്കാൻ പാർട്ടി അയാളെ ഉപയോഗിച്ചു.
സ്റ്റാലിൻ ലൈൻ ഉപഗ്രഹ രാജ്യങ്ങളിൽ ശക്തമായപ്പോൾ ലൂക്കാച്ചിനെ വെറുതെ വിട്ടില്ല.1949 ലാണ് ഹംഗറിയിൽ ഇത് പ്രത്യക്ഷപ്പെട്ടത്.അവിടത്തെ സാംസ്‌കാരിക ഏകാധിപതിയായ ജെ റീവൈ,ആക്രമണത്തിന് മുന്നിൽ നിന്നു.അപ്പോഴും ലൂക്കാച്ച്,പി ഗോവിന്ദ പിള്ളയെപ്പോലെ,പാർട്ടിക്ക് തല കുനിച്ചു.പുസ്തകങ്ങൾ വന്നത് ജർമനിയിലാണ് -ലൂക്കാച്ച് എഴുതിയിരുന്നത് ജർമൻ ഭാഷയിൽ ആയിരുന്നു.പാർട്ടി അവയെ സംശയത്തോടെ കണ്ടു.നൂറു ശതമാനം മാർക്‌സിസ്റ്റ്‌ ആണോ എന്ന സംശയം.
ലൂക്കാച്ച്,പഴയ കാലം 

സ്റ്റാലിന്റെ മരണ ശേഷം 1956 ൽ ക്രൂഷ്ചേവ് അയാളുടെ  ചെയ്തികളെ നിരാകരിച്ചപ്പോഴാണ് ഹംഗറിയിൽ സോവിയറ്റ് ഉപഗ്രഹ സർക്കാരിനെതിരെ ജന വിപ്ളവം  പൊട്ടിപ്പുറപ്പെട്ടത്.ഒക്ടോബർ കലാപങ്ങളുടെ ആദ്യ ഘട്ടത്തിൽ വിമതർ ജയിച്ചപ്പോൾ,ഇoറെ നാഗി പ്രധാനമന്ത്രി ആയി.ബഹുകക്ഷി സമ്പ്രദായം വാഗ്‌ദാനം ചെയ്ത അദ്ദേഹം നിഷ്‌പക്ഷത പ്രഖ്യാപിച്ച് യു എൻ സഹായം തേടി.ആഗോള സംഘർഷത്തിന് പാശ്ചാത്യ ശക്തികൾ തയ്യാറായില്ല.1956 നവംബർ നാലിന് വിപ്ലവം അടിച്ചമർത്താൻ സോവിയറ്റ് സേന ഹംഗറിയിൽ എത്തി.സ്ഥാനഭ്രഷ്ടനായ നാഗിയെ 1958 ൽ തൂക്കി കൊന്നു.അദ്ദേഹത്തോടൊപ്പം മന്ത്രി ആയിരുന്ന ലൂക്കാച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു.നാഗിക്കൊപ്പം യൂഗോസ്ലാവ് എംബസിയിൽ അഭയം തേടിയ ലൂക്കാച്ചിനെയും നാഗിക്കൊപ്പം സോവിയറ്റ് യൂണിയൻ രോമണിയയ്ക്ക് അയയ്ക്കുകയായിരുന്നു.അവിടെ സോവിയറ്റ് ചാരന്മാർ ചോദ്യം ചെയ്‌തു.
ലൂക്കാച്ചിൻറെ പ്രതിമ 
സോവിയറ്റ് വിരുദ്ധമായ 1956 ലെ നാഗി സർക്കാരിൽ ലൂക്കാച്ച് മന്ത്രി ആയത് അത് നില നിൽക്കും എന്ന വിശ്വാസം കൊണ്ടാകണം.Budapest Diary യിൽ ലൂക്കാച്ച് പറയുന്നത് സോവിയറ്റ് അനുകൂല പുത്തൻ പാർട്ടിക്കായി താൻ നിലകൊണ്ടു എന്നാണ്.ബലപ്രയോഗം ഒഴിവാക്കി,പ്രേരണ പ്രയോഗിക്കണം.
നവ വിപ്ലവം അലസിയ ശേഷം പാർട്ടി  അയാളെ വിശ്വസിച്ചില്ല.അറുപതുകളിലും എഴുപതുകളിലും അയാളുടെ അനുയായികളെ രാഷ്ട്രീയ കുറ്റ കൃത്യങ്ങളിൽ പെടുത്തി.ചിലർ അമേരിക്കയ്ക്ക് പോയി.1957 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി,പൊതു വേദികൾ വിട്ട് ലൂക്കാച്ച് വീട്ടിൽ കഴിഞ്ഞു .അപ്പോഴും പാർട്ടിക്കാർ പൊങ്കാലയിട്ടു;പഴയ ശിഷ്യൻ ജെ സിഗെറ്റി അതിന് മുന്നിൽ നിന്നു.പാർട്ടി അംഗത്വം ലൂക്കാച്ച് പുതുക്കാൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി വഴങ്ങിയില്ല.അയാൾ സ്വയം വിമര്ശനത്തിന് തയ്യാറായില്ല.ഒരഭിമുഖത്തിൽ ലൂക്കാച്ച് പറഞ്ഞു:
ഏറ്റവും മോശം സോഷ്യലിസം ഏറ്റവും മികച്ച മുതലാളിത്തത്തേക്കാൾ നല്ലതാണ്.

കാലാവസ്ഥ മാറിയിരുന്നു.1967 ൽ പാർട്ടിയിൽ തിരിച്ചെടുത്തു.1964 ലും 69 ലും സോൾഷെനിത് സിനെ അനുകൂലിച്ച് എഴുതി -സോഷ്യലിസ്റ്റ് റിയലിസത്തിൻറെ പുതിയ വക്താവ് എന്നാണ് കണ്ടത്.തിയഡോർ അഡോണോ,അൽത്തൂസർ ,ലൂസിയോ കോളേറ്റി,ഹാബെർമാസ് തുടങ്ങിയ  മാർക്‌സിസ്റ്റ്‌ ചിന്തകർ അപ്പോഴും ലൂക്കാച്ചിനെ  സ്റ്റാലിനിസ്റ്റ് എന്ന് തന്നെ വിളിച്ചു.അതാണ് ശരി-സ്വന്തം സേനയിലെ എട്ട് ഭടന്മാരെ ഉന്മൂലനം ചെയ്‌തവനാണ് ലൂക്കാച്ച്.കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോൾ മനുഷ്യത്വം കൈമോശം വരും.2017 ജനുവരി 25 ന് ബുഡാപെസ്റ്റ് സിറ്റി കൗൺസിൽ ലൂക്കാച്ചിൻറെ പ്രതിമ സെൻറ് ഇസ്തവാൻ പാർക്കിൽ നിന്ന് നീക്കി.

ആത്മീയത ഇല്ലാത്ത എഴുത്തുകാർ പൊള്ളയാണെന്ന് മികച്ച രചനകൾ വായിക്കുന്നവർക്ക് അറിയാം.മനുഷ്യ ബന്ധങ്ങൾ പോലും ലൂക്കാച്ചിന് നില നിർത്താൻ ആയില്ല.ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നു.കണ്ണിൽ മരണ തിളക്കമുള്ള കോടീശ്വരൻ.സമഗ്ര പാപത്തിൻറെ കാലത്ത്,ആത്മീയ ഗേഹം കാണാനാകാതെ പുതിയ പ്രഭാതം ആഗ്രഹിച്ചവൻ.ഒക്ടോബർ വിപ്ലവത്തിന് തൊട്ടു മുൻപ് ദസ്തയേവ്‌സ്‌കിയുടെ നോവലുകൾ അങ്ങനെ ഒരു കാലം വിളംബരം ചെയ്യുന്നുവെന്ന് കണ്ട്,The Theory of the Novel എഴുതി.പുതിയ പ്രഭാതം കാത്ത് പാർട്ടിയിൽ ചേർന്ന് ജീവിതം പാപ പങ്കിലമാക്കി.


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...