Wednesday 24 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 3

3.പ്ലഖനോവിൻറെ വരട്ടു വാദങ്ങൾ 

പുസ്‌തകങ്ങളുടെ ലോകത്തെത്തിയ കാലത്ത്,പി കേശവദേവ് മാക്‌സിം ഗോർക്കിയുടെ അമ്മയും നോർവീജിയൻ എഴുത്തുകാരൻ നട്ട് ഹാംസണിന്റെ വിശപ്പും വായിച്ച് ആവേശം കൊണ്ടു.
വിശപ്പിലെ നായകൻ എഴുത്തുകാരനാണ്.രാത്രി ആഹാരത്തിനായി ആളെ പിടിക്കാൻ തെരുവിൽ അലയുന്ന വേശ്യ അയാളെ വിളിച്ചു കൊണ്ടു പോയി,കൈയിൽ കാശില്ലെന്നറിഞ്ഞ്, ആട്ടിപ്പുറത്താക്കുന്ന ഒരു സംഭവം ആ നോവലിലുണ്ട്.
ഒരിക്കൽ നായകൻ ഇറച്ചിക്കടയിൽ ചെന്ന് പട്ടിക്ക് കൊടുക്കാനെന്നു കള്ളം പറഞ്ഞ് ഒരെല്ലു വാങ്ങിക്കൊണ്ടു പോയി,തെരുവിൽ വിജനമായിടത്തു ചെന്ന്,എല്ലിൽ പറ്റിപ്പിടിച്ചിരുന്ന മാംസ ശകലം ചവച്ചിറക്കുമ്പോൾ,ഛർദിച്ചു.എല്ലു വലിച്ചെറിഞ്ഞ് സകല വെറുപ്പും രോഷവും സമാഹരിച്ച് അയാൾ ദൈവത്തെ നിന്ദിച്ചു.
ആ വാചകങ്ങൾ കേശവദേവ് പലവട്ടം ഉരുവിടുമായിരുന്നു.
ആര്യസമാജത്തിൽ ചേർന്ന് കേശവ പിള്ളയിലെ പിള്ള കളഞ്ഞ്,പൂണൂലിട്ട് കേശവദേവായ അദ്ദേഹം സമാജം ഉപേക്ഷിച്ച് നാട്ടിലെത്തി.1928 ൽ തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയുടെ മരുമകൻ സ്വരാട് പത്രാധിപർ ബാരിസ്റ്റർ എ കെ പിള്ളയ്ക്ക് ദേവ് കത്തെഴുതി.
പിള്ള പത്രം നിർത്തി പ്രസ് വിറ്റിരുന്നു.പിള്ളയുടെ വീട്ടിൽ ചെന്നിരുന്ന് നിർബാധം വായിക്കണം എന്നാണ് ദേവ് എഴുതിയത്.പിള്ള സമ്മതിച്ചു.അവിടെയാണ് ദേവ്,അമേരിക്കൻ പത്രപ്രവർത്തകൻ ജോൺ റീഡ് എഴുതിയ  Ten Days that Shook the World കണ്ടത്.ഇന്ന് ,ആ പുസ്തകം ലെനിന് വേണ്ടി എഴുതിയ വ്യാജ നിര്മിതിയാണെന്ന് നമുക്കറിയാം.
ലൈബ്രറിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രമല്ല,പ്ലഖനോവിൻറെ ഡയലെക്റ്റിക്കൽ മെറ്റീരിയലിസവും* വായിക്കണമെന്ന് പിള്ള നിർദേശിച്ചു.
പി കൃഷ്‌ണ പിള്ളയ്ക്കും  ഇ എം എസിനും മുൻപ് കമ്മ്യൂണിസ്റ്റ് ആയ ആളാണ്,ദേവ്.
മാർക്‌സിസത്തിന്റെ ചരിത്രത്തിൽ, ചെക്ക് -ഓസ്ട്രിയൻ ചിന്തകൻ കാൾ കൗട് സ്‌കിക്ക് ഒപ്പമാണ്,പ്ലഖനോവിൻറെ സ്ഥാനം.ശരിപ്പേർ ജോർജ് വലന്റീനോവിച് പ്ലഖനോവ് ( 1856 -1918 ).റഷ്യയിൽ മാർക്സിസത്തിൻറെ പിതാവ്.ലെനിൻറെ തലമുറയിലെ മാർക്സിസ്റ്റുകൾ പ്ലഖനോവ് ശിഷ്യന്മാരായിരുന്നു.
മൗലിക താത്വികൻ ആയിരുന്നില്ല.തത്വ ശാസ്ത്രം പഠിച്ചിരുന്നുമില്ല.മാർക്സിസത്തിലെ ആദ്യ വരട്ടു തത്വ വാദിയായും അറിയപ്പെടുന്നു.ആദ്യ മാർക്‌സിസ ഇടയ ലേഖനങ്ങൾ എഴുതിയത് അദ്ദേഹമായിരുന്നു.പ്രവാസിയായിരുന്ന അദ്ദേഹം,ലെനിൻ അയച്ച മാസികകൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ്,റഷ്യയിലെ കാര്യങ്ങൾ അറിഞ്ഞിരുന്നത്.
പട്ടാള സ്‌കൂളിൽ പഠിച്ച്,മിലിട്ടറി അക്കാദമിയിൽ ചേർന്ന്,അവിടം വിട്ട് മൈനിംഗ് ഇൻസ്റ്റിട്യൂട്ടിൽ പോയ പ്ലഖനോവിനെ അവിടന്ന് പുറത്താക്കുകയായിരുന്നു.ഇക്കാലത്താണ് നിക്കോളായ് ചേർനിഷെവ്‌സ്‌കി തുടങ്ങിയ തീവ്ര എഴുത്തുകാരുടെ വലയിൽ വീണത്.പാവേൽ ആക്സൽറോഡ്,ലിയോവ് ദ്യൂഷ് എന്നിവർ പിൽക്കാലത്ത് ഉറ്റ സുഹൃത്തുക്കൾ ആയി.റഷ്യൻ ഏകാധിപത്യത്തിന് എതിരായ സെംലിയ ഐ വോല്യയുടെ സ്ഥാപകാംഗമായി.1876 ൽ സെൻറ് പീറ്റേഴ്‌സ്ബർഗിൽ നടന്ന പ്രകടനത്തിൻറെ സംഘാടകരിൽ ഒരാളായി,അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ബെർലിനിലേക്ക് കടന്നു.1877 ൽ മുഴുവൻ സമയ വിപ്ലവകാരിയായി മടങ്ങി വിപ്ലവ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു.സാർ ഭരണ കൂടത്തിനെതിരെ ലഘു ലേഖകൾ എഴുതി.വ്യക്തിപരമായ ഭീകര പ്രവർത്തനങ്ങൾക്ക് എതിരായിരുന്നു.വിപ്ലവ ചേരി രണ്ടായി;ഭരണ കൂടം ഇതിനെ അടിച്ചമർത്തി.1880 ൽ ഈ ഗ്രൂപ് വീണ്ടും ഉണർന്നപ്പോൾ,പ്ലഖനോവ്, ദ്യൂഷ്,വേറ സസൂലിച് എന്നിവർക്ക് റഷ്യ വിടേണ്ടി വന്നു.ജനീവയിൽ താമസിച്ച പ്ലഖനോവ് പിന്നെ റഷ്യയിൽ എത്തിയത് 1917 ൽ മാത്രമാണ്.

ജനീവയിലെ ആദ്യ രണ്ടു വർഷങ്ങളിൽ പ്ലഖനോവ് മാർക്സിസത്തിലേക്ക് മതം മാറി.റഷ്യയുടെ മോചനത്തിന് രാഷ്ട്രീയ സമരം മാർഗമായി അദ്ദേഹം അതുവരെ കണ്ടിരു ന്നി ല്ല.സാമൂഹിക വിപ്ലവമാണ് വേണ്ടത്.ഇതിൽ നിന്ന് മാർക്സിസത്തിലേക്ക് മാറിയപ്പോഴും,ആശയങ്ങൾക്ക് മുകളിൽ സാമ്പത്തികാവസ്ഥയെ പ്രതിഷ്ഠിച്ചില്ല.മതത്തിനു പകരം,ഭൗതിക വാദത്തെയും വച്ചില്ല.മതം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.വിപ്ലവം നടത്തേണ്ടത് ജനമല്ല,വ്യവസായ തൊഴിലാളികളും പിന്നെ കര്ഷകരുമാണെന്ന് കരുതി.ഇവിടെ നിന്ന് മുന്നേറാത്തതിനാൽ പറഞ്ഞത് തന്നെ ഇ എം എസിനെപോലെ ആവർത്തിച്ച് കൊണ്ടിരുന്നു.പ്ലഖനോവ്,  ദ്യൂഷ്,വേറ,ആക്സൽറോഡ് എന്നിവർ Labour Emancipation Group ഉണ്ടാക്കി.രണ്ടു വർഷം കൊണ്ട് റഷ്യൻ സോഷ്യൽ ഡെമോക്രസിക്ക് അടിത്തറയിട്ടു.സോഷ്യലിസവും രാഷ്ട്രീയ  പോരാട്ടവും ( Socialism and Political Struggle 1883 ),നമ്മുടെ ഭിന്നതകൾ ( Our Differences ,1885 ) എന്നീ പുസ്തകങ്ങൾ വഴി പ്ലഖനോവ് സ്വയം ന്യായീകരിച്ചു.അങ്ങനെ,ജനകീയ ചേരിയും വിപ്ലവ ചേരിയും തമ്മിൽ അകൽച്ചയ്ക്ക് താത്വിക അടിത്തറയുണ്ടാക്കി.അലക്‌സാണ്ടർ രണ്ടാമൻ ചക്രവർത്തി റഷ്യയെ മുതലാളിത്തത്തിലേക്കാണ് നയിക്കുന്നത്.അതിനെ ഒറ്റച്ചാട്ടം വഴി മറികടന്ന് കമ്മ്യൂണിസത്തിൽ എത്താനാകില്ല.റഷ്യയുടെ ഉടൻ ആവശ്യം സോഷ്യലിസ്റ്റ് വിപ്ലവം അല്ല.ബൂർഷ്വ രാഷ്ട്രീയ വിപ്ലവമാണ്.ഈ സിദ്ധാന്ത പ്രകാരവും 1917 ൽ സോഷ്യലിസ്റ്റ് വിപ്ലവം അല്ല നടന്നത്.ബൂർഷ്വ വിപ്ലവവും   നടത്തേണ്ടത് തൊഴിലാളികൾ തന്നെയായിരിക്കണം-മാർക്‌സിസവുമായി ബന്ധമൊന്നും ഇല്ലാത്ത ഈ സിദ്ധാന്തത്തിൽ നിന്നാണ് ലെനിനിസം രൂപപ്പെട്ടത്.ജനകീയ ചേരിയുടെ പ്രത്യയ ശാസ്ത്രം പ്രതിവിപ്ലവ ഉട്ടോപ്യയായി പ്ലഖനോവ് ചിത്രീകരിച്ചു.ഒരു സംഘം വിപ്ലവകാരികൾ അട്ടിമറി വഴി ഭരണം പിടിച്ചാലും അവർക്ക് സോഷ്യലിസ്റ്റ് സംവിധാനം നടപ്പാക്കാനാകില്ല എന്ന് പ്ലഖനോവ് പറഞ്ഞത്,സത്യം തന്നെ എന്ന് ലെനിൻ പിന്നീട് തെളിയിച്ചു..
പ്ലഖനോവ് മറ്റൊരു വിഡ്ഢിത്തം കൂടി വിളമ്പി:തൊഴിലാളി വർഗ്ഗത്തിൽ പെടാത്ത ബുദ്ധിജീവി വർഗമാണ്,തൊഴിലാളികൾക്ക് സോഷ്യലിസ്റ്റ് അവബോധം നൽകേണ്ടത്.
ഈ വിഡ്ഢിത്തങ്ങൾ വലിയൊരു സമസ്യ ഉയർത്തി -ഒരു ബൂർഷ്വ വിപ്ലവത്തിൽ മറ്റു വര്ഗങ്ങളുമായി തൊഴിലാളി വർഗത്തിന് സഖ്യം ആകാമെങ്കിൽ,തൊഴിലാളി വർഗ്ഗത്തിൻറെ സ്വാഭാവിക സഖ്യം ബൂർഷ്വയുമായാണോ,കര്ഷകനുമായാണോ?അതോ,രണ്ടിലേയും ചില വിഭാഗങ്ങളോടാണോ?
ഇരുപതു വർഷത്തിന് ശേഷം,ഈ ചോദ്യങ്ങൾ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളെ പിളർപ്പിൽ എത്തിച്ചു.അവർ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും ആയി.
പ്ലഖനോവിൻറെ രചനകൾ 1890 കളിൽ ജനാധിപത്യ പ്രസ്ഥാനത്തിന് അടിത്തറയായി .ഒരു സംഘം റഷ്യൻ ഭീകരർ നടത്തിയ സ്ഫോടനം അദ്ദേഹത്തെ സ്വിറ്റ്‌സർലൻഡിൽ നിന്ന് പുറത്താക്കി.ഫ്രാൻസിലേക്ക് പോയ അദ്ദേഹത്തെ 1894 ൽ സൂറിച്ചിൽ കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൻ്റെ ആദ്യ കോൺഗ്രസിൽ ഫ്രഞ്ച് സർക്കാരിനെ വിമർശിച്ചപ്പോൾ,ഫ്രാൻസ് പുറത്താക്കി.ലണ്ടനിലെത്തിയ അദ്ദേഹത്തിന് കുറച്ചു കഴിഞ്ഞ് ജനീവയിൽ പുനഃപ്രവേശം നൽകി.1894 ൽ റഷ്യയിൽ ബെൽറ്റോവ് എന്ന വ്യാജപ്പേരിൽ പ്ലഖനോവിൻറെ പുസ്തകം പുറത്തു വന്നു.അതിൻറെ യഥാർത്ഥ ശീർഷകം In Defence of Materialism** എന്നായിരുന്നെങ്കിലും,റഷ്യയിൽ ഇറക്കിയത്,A Contribution to the Question of the Development of the Monistic View of History എന്ന പേരിലായിരുന്നു!
ഈ പുസ്തകം റഷ്യയിൽ അദ്ദേഹത്തെ മഹാ പണ്ഡിതനാക്കി.ഈ പുസ്തകം അവർത്തിച്ചതാണ്,അദ്ദേഹത്തിൻറെ പിൽക്കാല രചനകൾ.ലോകമാകെ മാർക്സിസ്റ്റുകൾ ഇന്നോളം നടത്തിയ ചില പ്രയോഗങ്ങൾക്ക് ഏംഗൽസ് കഴിഞ്ഞാൽ അവർ കടപ്പെട്ടത് പ്ലഖനോവിനോടാണ്.ജനകീയ ചേരിക്കാർക്ക് ശേഷം,ജർമൻ പ്രതിവിപ്ലവകാരികളും നിയോ കാന്റിയനുകളും റഷ്യൻ എംപിരിയോ വിമർശകരും ശത്രു പക്ഷത്ത് വന്നു.അവർ മാർക്സിസത്തിന് അകത്തു നിന്ന് അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്,പ്ലഖനോവിന് പിടിച്ചില്ല.
പടിഞ്ഞാറൻ യൂറോപ്പിലെ മാർക്സിസ്റ്റ് ചിന്തകർ സാമൂഹിക വികാസ സിദ്ധാന്തമായ മാർക്‌സിസവും ജ്ഞാനശാസ്ത്ര പ്രശ്‍നങ്ങളും തമ്മിൽ ഒരു ബന്ധവും കണ്ടിരുന്നില്ല.കൗട് സ്‌കിയും ഒടുവിൽ ഈ നിലപാടിൽ എത്തിയിരുന്നു.എന്നാൽ,പ്ലഖനോവിന് എല്ലാറ്റിനുമുള്ള ഉത്തരം,മാർക്സിസത്തിൽ ഉണ്ടായിരുന്നു.മാർക്‌സിസ്റ്റ് തത്വചിന്തയെ സമഗ്രമായി വിശേഷിപ്പിക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialectical Materialism ) എന്ന് ആദ്യം പ്രയോഗിച്ചത് പ്ലഖനോവ്   ആണ്.ഈ വാദത്തെ ലെനിനും സ്വീകരിച്ചു.ഇത് സോവിയറ്റ് ഭരണകൂടത്തിൻറെ പ്രത്യയ ശാസ്ത്രവും സൗന്ദര്യ ശാസ്ത്രവുമായി.
പ്ലഖനോവ് മുന്നോട്ടു വച്ച തത്വ ചിന്ത എംഗൽസ് ക്രോഡീകരിച്ച സിദ്ധാന്തങ്ങളുടെ അതിശയോക്തി കലർന്ന രൂപം മാത്രമായിരുന്നു.ജർമൻ ചിന്തകരായ ഹെഗൽ,ഫോയർബാക് എന്നിവരിൽ നിന്ന് മാർക്‌സ് കോപ്പിയടിച്ചതാണ്,മാർക്സിസത്തിൻറെ ഭൗതികവാദ അടിത്തറ.പ്ലഖനോവിൻറെ അപരിഷ്‌കൃത രൂപമാണ്,ചിന്തകൻ എന്ന നിലയിൽ,ലെനിൻ.മാർക്‌സിസ്റ്റ്‌ മതത്തിലേക്ക് മാറാൻ തീരുമാനിച്ചു കഴിഞ്ഞാൽ,എല്ലാ പ്രശ്നങ്ങൾക്കും ഉത്തരമായി,ശത്രുവിനെ തച്ചു തകർക്കാൻ എന്തും സ്വീകരിക്കാം എന്നായി.ഫ്രാൻസ് മെഹ്‌റിങ്,പോൾ ലഫാർഗ് എന്നിവർക്കൊപ്പം മാർക്‌സിയൻ കലാനിരൂപണം തുടങ്ങി വച്ചവരിൽ ഒരാളായിരുന്നു,പ്ലഖനോവ് .മാർക്‌സിസ്റ്റ് സമീപനം ഗൗരവമായി എടുത്താൽ,ഒരു നല്ല എഴുത്തുകാരന്,സമൂഹത്തിൻറെ സാമ്പത്തിക നില വച്ച് അതിൻറെ കല,സാഹിത്യം എന്നിവയെപ്പറ്റി അനുമാനത്തിൽ എത്താൻ ആകണം.എലിസബത്തൻ കാലത്തെ ഇംഗ്ലണ്ടിലെ സാമ്പത്തികാവസ്ഥ അറിഞ്ഞാൽ,ഷേക്‌സ്‌പിയറിന്റെ നാടകങ്ങൾ എഴുതാൻ കഴിയണം.കലാപ്രവർത്തനത്തെ നിർണയിക്കുന്നത് വർഗ മൂല്യങ്ങൾ മാത്രമാണെന്നും ഉള്ളടക്കം വച്ചാണ് കലാരൂപത്തെ വിലയിരുത്തേണ്ടതെന്നും പ്ലഖനോവ് വാദിക്കുന്നു.ഉള്ളടക്കം,കലാരൂപം ഇല്ലാതെയും ആവിഷ്‌കരിക്കാവുന്നതേയുള്ളു.സ്വന്തം നിലയ്ക്കും ചെര്നിഷേവ്സ്കിയുടെ സ്വാധീനം വഴിയും പ്ലഖനോവ് സോഷ്യലിസ്റ്റ് റിയലിസത്തിലേക്ക് കൂപ്പു കുത്തി.ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളെ അദ്ദേഹം വെറുത്തു.
കല കലയ്ക്കു വേണ്ടി എന്ന മുദ്രാവാക്യം,ഒരു കലാപ്രതിഭ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയതിൻറെ ഉൽപന്നം മാത്രമാണെന്ന് പ്ലഖനോവ് വിശ്വസിച്ചു.ചിത്രകലയിലെ ക്യൂബിസം,ഇമ്പ്രഷനിസം എന്നിവ ബൂർഷ്വ ജീർണതയുടെ സൂചകങ്ങൾ മാത്രമായി അദ്ദേഹം കണ്ടു.ധ്വനിസാന്ദ്രമായ ( symbolic ) സാഹിത്യത്തിനും ഇത് തന്നെ ബാധകമാക്കി.മുസ്സോളിനിയെ പുൽകിയ ക്രിസ്ത്യൻ നോവലിസ്റ്റ് ദിമിത്രി മെറേകോവ്‌സ്‌കി,ഭാര്യ സീനായ്‌ദ ജിപ്പിയസ്,പേഴ്സിബിസേവ്സ്കി എന്നിവരെ വിമർശിച്ചു.പ്ലഖനോവ് എഴുതി:

നീലവസ്ത്രമണിഞ്ഞ സ്ത്രീ എന്ന ചിത്രം കലാകാരൻ വരയ്ക്കുന്നു എന്നിരിക്കട്ടെ.അത് ശരിക്കും ആ സ്ത്രീയെപ്പോലെ ഇരുന്നാൽ,അത് നല്ല ചിത്രമാണ് നാം കാൻവാസിൽ കാണുന്നത് നേർത്ത നിലയിൽ,പ്രാകൃതമായി,അവിടെയുമിവിടെയും കോറിയിട്ട ചില രൂപങ്ങൾ ആണെങ്കിൽ,അതിനെ നമുക്ക് എന്തെങ്കിലും പേരിട്ടു വിളിക്കാം;അതൊരു നല്ല ചിത്രം ആവില്ല ( Art and Social Life,1912 ).

ഗോർക്കിയുടെ അമ്മ എന്ന കൃതിയെ വിമർശിച്ചു കൊണ്ട്,താൻ കലാകാരൻറെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞയാളായിരുന്നു,പ്ലഖനോവ് .രാഷ്ട്രീയ നേതാവിൻറെ ആജ്ഞ കൊണ്ട് നിർമിക്കുന്ന കല പോലെയായിരിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.ക്‌ളാസിക്കൽ ദുരന്ത നാടകങ്ങൾ വരേണ്യ വർഗ്ഗത്തിൻറെ ആദർശങ്ങൾ ആവിഷ്‌കരിക്കുന്നു എന്ന് അദ്ദേഹം പറയുന്നത്,അസംബന്ധമാണ് എന്ന് നമുക്കറിയാം.ക്‌ളാസിക് ദുരന്തനാടകങ്ങളുടെ പ്രേക്ഷകർ വരേണ്യർ മാത്രമായിരുന്നില്ല.പ്രേക്ഷകനും വേദിയും ചേർന്നാലേ നാടകം ഉണ്ടാകൂ.പ്രധാനപ്പെട്ട ഗ്രീക്ക് ദുരന്ത നാടകകൃത്തുക്കൾ ആതൻസുകാരായിരുന്നു.മദ്യ ദേവതയായ ബാക്കസിൻറെ ആരാധനയുമായി ബന്ധിപ്പിച്ച് നടന്ന നാടക മത്സരത്തിനാണ് നാടകങ്ങൾ എഴുതിയത്.ആദ്യം പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമായിരുന്നു.ബി സി അഞ്ചാം ശതകത്തിൽ ചെറിയ പ്രവേശന തുക വന്നു.ദരിദ്രരായവർക്ക് സർക്കാർ ചെലവിൽ നാലാം ശതകത്തിൽ പ്രവേശനം നൽകി.അപ്പോൾ എങ്ങനെയാണ്,നാടകം വരേണ്യ വർഗത്തിന്റേത് ആകുന്നത്?
പ്ലഖനോവിൻറെ രാഷ്ട്രീയ സിദ്ധാന്തങ്ങൾ വിശദമായി പറയാത്തത്,മാർക്‌സിസം തന്നെ അപ്രസക്തമായി കഴിഞ്ഞതിനാൽ ആണ്;എന്നാൽ അയാളുടെ കലാ,സാഹിത്യ സിദ്ധാന്തങ്ങൾ,വിപ്ലവാനന്തരം നല്ല കലാകാരന്മാരെയും എഴുത്തുകാരെയും ഉന്മൂലനം ചെയ്യുന്നതിന് കാരണമായി.
------------------------------------
*Dialectical Materialism അല്ല പുസ്തകം;The Materialist  Conception of History ( 1891  ) ആണ്.
** The Material Conception of History
See https://hamletram.blogspot.com/2019/07/1.html
  
       

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...