Monday, 22 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 1

ഏകാധിപതിയുടെ പരീക്ഷണശാല 


ഷ്യയിൽ 1917 ലെ ' മഹത്തായ ഒക്ടോബർ വിപ്ലവം' നടന്ന് വെറും ആറു മാസം കഴിഞ്ഞപ്പോൾ, മാർക്‌സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്‌സംബർഗ്,ആ ' വിപ്ലവ'ത്തിൻറെ അനന്തര ഫലങ്ങളെ പ്രവചന സ്വഭാവത്തോടെ, ഇങ്ങനെ  സമാഹരിച്ചു:

ഒന്ന്:പൊതു തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമില്ലാത്ത ഒരു പൊതു ഭരണസംവിധാനം,ജീവിതം മരവിച്ച്,ഉദ്യോഗസ്ഥ സംവിധാനം മാത്രമായി തീരും.
രണ്ട്:ഊർജസ്വലരായ ചില നേതാക്കളുടെ കൈയിൽ അധികാരം കുമിഞ്ഞു കൂടും.തൊഴിലാളി വർഗത്തിലെ വരേണ്യ വിഭാഗം നേതാക്കളുടെ പ്രസംഗങ്ങൾക്ക് കൈയടിക്കും;പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കും.
മൂന്ന്:തൊഴിലാളി വർഗ സർവാധിപത്യത്തിനു പകരം,ബൂർഷ്വാ ഏകാധിപത്യം വരും.ചോദ്യമില്ലാത്ത ഉന്മൂലനങ്ങൾ വഴി പൊതു ജീവിതം നരകമാകും.
നാല്:ഒരു പാർട്ടിയുടെ അംഗങ്ങൾക്കും അനുയായികൾക്കും മാത്രമായിരിക്കും,സ്വാതന്ത്ര്യം.
ഇത്രയും 'റഷ്യൻ വിപ്ലവം' എന്ന പ്രബന്ധത്തിൽ ( 1918 ) എഴുതിയ ശേഷമാണ്  റോസാ ലക്സംബർഗിൻറെ പ്രസിദ്ധമായ വാചകം വന്നത്:"സ്വാതന്ത്ര്യം എപ്പോഴും,വ്യത്യസ്തമായി ചിന്തിക്കുന്നവന് വേണ്ടി മാത്രമുള്ളതാണ്" 
പോളണ്ടിലെ ജൂത കുടുംബത്തിൽ ജനിച്ച റോസ,സൂറിച്ച് സർവകലാശാലയിൽ നിന്ന് തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടുമ്പോൾ,അവർ ഒരപൂർവത ആയിരുന്നു.ഡോക്ടറേറ്റ് നേടിയ സ്ത്രീകളിൽ അധികം ഉണ്ടായിരുന്നില്ല.പോളണ്ട് അന്ന് റഷ്യയുടെ അധീനതയിൽ ആയിരുന്നു.മാർക്‌സിസ്റ്റ് ചിന്താ ലോകത്ത് മൗലികതയുള്ള അപൂർവം പേരിൽ ഒരാളാണ്,റോസ.മാർക്‌സിസ്‌റ്റിൻറെ പല പിഴവുകളും അവർ തിരുത്തിയിട്ടുണ്ട്.റോസയുടെ 'റഷ്യൻ വിപ്ലവം" അവരുടെ മരണശേഷം പ്രസിദ്ധീകരിച്ചതിന് അവരുടെ പങ്കാളി പോൾ ലെവിയെ മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനിൽ നിന്ന് പുറത്താക്കി.
1917 ഒക്ടോബറിൽ നടന്നത് ' മഹത്തായ വിപ്ലവം' പോയിട്ട്, ഒരു വിപ്ലവമേ ആയിരുന്നില്ല;അതേ സമയം ഫെബ്രുവരിയിൽ നടന്നത് വിപ്ലവം ആയിരുന്നുവെന്നും റോസ കണ്ടു ( The Politics of Mass Strikes and Unions,Collected Works,Volume 2, Page 245.).അതാണ് ശരിയെന്ന് നൂറു വർഷത്തിന് ശേഷം ലോകവും തിരിച്ചറിഞ്ഞിരിക്കുന്നു.ഒക്ടോബറിൽ ലെനിൻറെ നേതൃത്വത്തിൽ നടന്നത്,ഒരു ഭരണകൂട അട്ടിമറി മാത്രമായിരുന്നു.
നമ്മുടെ കലണ്ടർ പ്രകാരം,2017 മാർച്ച് എട്ടിനാണ് നടന്നതാണ്,ഫെബ്രുവരി വിപ്ലവം.അലക്‌സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ നടന്ന ആ വിപ്ലവമാണ്,400 വർഷത്തെ സാർ ചക്രവർത്തി ഭരണത്തെ കടപുഴക്കിയത്.അത് നടക്കുമ്പോൾ,ലെനിനോ ട്രോട് സ്‌കിയോ റഷ്യയിൽ ഉണ്ടായിരുന്നില്ല..ഒന്നാം ലോകയുദ്ധത്തിന്റെ അസ്വസ്ഥതകൾ പെരുകിയിരുന്ന റഷ്യയിലെ തെരുവുകളിൽ,ഒരു നേരത്തെ റൊട്ടിക്ക് വേണ്ടിയായിരുന്നു,ആ വിപ്ലവം.റഷ്യ യുദ്ധത്തിൽ പങ്കു കൊണ്ടത് തന്നെ,അപകടമായിരുന്നു.ജർമനിയെപ്പോലെ റഷ്യയിൽ വ്യവസായം വളർന്നിരുന്നില്ല.ജർമനിയുടെ സൈനിക ശക്തിക്ക് മുന്നിൽ റഷ്യൻ പട്ടാളത്തിന് പിടിച്ചു നിൽക്കാനാവുമായിരുന്നില്ല.നിക്കോളാസ് രണ്ടാമൻ ചക്രവർത്തി,പൊതുസഭയായ ദൂമ പിരിച്ചു വിട്ടു.മാർച്ച് എട്ടിന് പെട്രോഗ്രാഡിലെ തെരുവുകളിൽ ആഹാരത്തിനായി ജനം ഇറങ്ങി.മാർച്ച് പത്തിന് തൊഴിലാളികളിലേക്ക് പടർന്നു.പൊലീസ് സ്റ്റേഷനുകൾ തകർത്തു.1905 ലെ വിപ്ലവകാലത്തെന്ന പോലെ,ഫാക്റ്ററികൾ,പെട്രോഗ്രാഡ് സോവിയറ്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തു.അവർ പ്രകടനക്കാരെ പിന്തുണച്ചു.സാർ ചക്രവർത്തി സ്ഥാനത്യാഗം ചെയ്‌തു.കെറൻസ്കിയുടെ നേതൃത്വത്തിൽ താൽക്കാലിക ഭരണകൂടം നിലവിൽ വന്നു.ഈ ജനകീയ ഭരണകൂടത്തെയാണ്,ലെനിൻ അട്ടിമറിച്ചത്.അത് വിപ്ലവം ആകുന്നതെങ്ങനെ?
റോസാ ലക്സംബർഗ് 
കെറൻസ്കിയുടെ ഭരണകൂടത്തെ അട്ടിമറിക്കാൻ അതിനു മുൻപ് പട്ടാളമേധാവി ജനറൽ ലാവർ കോർണിലേവ് ശ്രമം നടത്തിയിരുന്നു.ആ സമയത്ത് കെറൻസ്കി,സ്വന്തം രക്ഷ ലാക്കാക്കി തൊഴിലാളികൾക്ക് ആയുധങ്ങൾ വിതരണം ചെയ്‌തു.ഇതാണ്,ലെനിൻറെ നേതൃത്വാതിലുള്ള ബോൾഷെവിക്കുകളുടെ കൈയിൽ എത്തിയത്.ഫെബ്രുവരി വിപ്ലവം നടക്കുമ്പോൾ ലെനിൻ ഫിൻലൻഡിലായിരുന്നു.ബോൾഷെവിക്കുകളുടെ അട്ടിമറി നടക്കുമ്പോൾ,സൈന്യം കെറൻസ്കിയെ വിട്ട്,ലെനിനൊപ്പം ചേർന്നു.20 മണിക്കൂർ കൊണ്ട് കെറൻസ്കിയുടെ ഭരണകൂടം നിലം പൊത്തി.
അട്ടിമറി വേണോ എന്ന പ്രശ്‍നം ബോൾഷെവിക്കുകളുടെ കേന്ദ്ര കമ്മിറ്റിയിൽ ലെനിൻ വോട്ടിനിട്ടു.10 -2 ന് പ്രമേയം പാസായി.എതിർത്ത് വോട്ടു ചെയ്‌തത്‌,സിനോവീവും കാമനേവും ആയിരുന്നു.അതിൻറെ പേരിൽ ലെനിൻ അവരെ ആവർത്തിച്ചു ശകാരിച്ചു കൊണ്ടിരുന്നു.മരണക്കിടക്കയിലിരുന്ന് ലെനിന് സ്റ്റാലിനെതിരെ പാർട്ടി കോൺഗ്രസിന് എഴുതിയ കത്തുകളിലും ഇരുവരുടെയും പേരുകൾ കാണാം.ഇരുവരെയും പിൽക്കാലത്ത് സ്റ്റാലിൻ കൊന്നു.
കെറൻസ്കിയുടെ ഭരണകൂടത്തെ അട്ടിമറിക്കുകയല്ല,കെറൻസ്കിയുമായി സന്ധി ചെയ്യുകയായിരുന്നു വേണ്ടത് എന്നായിരുന്നു,ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എഴുത്തുകാരൻ മാക്‌സിം ഗോർക്കിയുടെ അഭിപ്രായം.ഇതിൻറെ പേരിൽ ലെനിൻ,ഗോർക്കിക്കെതിരെ പ്രസ്താവനയിറക്കി.ലെനിൻറെ നീക്കങ്ങൾ വിനാശകരമായിരിക്കുമെന്ന്,റോസാ ലക്സംബർഗിന് മുൻപേ,ഗോർക്കി പ്രവചിച്ചു.ഒക്ടോബർ അട്ടിമറി നടക്കുമ്പോൾ തന്നെ,ലെനിൻറെ ഏകാധിപത്യ സ്വഭാവത്തെയും റഷ്യ കാണാനിരിക്കുന്ന ദുരന്തത്തെയും,സ്വന്തം പത്രമായ നൊവായ ഷിസനിൽ നിന്ന് ഗോർക്കി എഴുതിയ മുഖപ്രസംഗത്തിൽ വരച്ചു കാട്ടി." തൊഴിലാളി വർഗത്തോട്" എന്ന ശീർഷകത്തിൽ വന്ന ആ മുഖപ്രസംഗത്തിൻറെ ( നവംബർ 23 ) ചുരുക്കം ഇതാണ്:
ഒന്ന്:മാർക്‌സിന്റെ അല്ല,തീവ്രവാദിയായ നെചായേവിന്റെ സിദ്ധാന്തമാണ്,ലെനിൻ നടപ്പാക്കുന്നത്." ഏതു റഷ്യക്കാരനെയും അപമാനിച്ച് നമ്മുടെ ഭാഗത്താക്കാം " എന്നാണ് നെചയേവിൻറെ സിദ്ധാന്തം.തൊഴിലാളികളെക്കൊണ്ട് ലെനിൻ വംശഹത്യകളും കൂട്ടക്കൊലകളും ചെയ്യിക്കുന്നു.
രണ്ട്:ലെനിനും ട്രോട് സ്‌കിയും ജനാധിപത്യത്തിൻറെ കശാപ്പ് ചെയ്‌തു.റഷ്യയിൽ അവർ ദുരന്തം വിതയ്ക്കുന്നു.റഷ്യ ചോരക്കടൽ കൊണ്ട് വില നൽകേണ്ടി വരും.
മൂന്ന്:ഒരു നേതാവിന് വേണ്ട ധാർമിക നിലവാരം ലെനിന് ഇല്ല.വരേണ്യ വർഗത്തിൽ പെട്ട അയാൾക്ക് തൊഴിലാളികളോട് പുച്ഛമാണ്.റഷ്യയുടെ ദുരന്തം അയാൾക്ക് പ്രശ്നമല്ല.
നാല്:ലെനിൻ വരട്ടു തത്വ വാദത്തിന്റെ അടിമയും അനുയായികൾ അയാളുടെ അടിമകളുമാണ്.അയാൾക്ക് ജീവിതത്തിൻറെ സമഗ്രതയെപ്പറ്റി വിവരമില്ല.പുസ്തകം വായിച്ച് കലാപം നടത്തുകയാണ്,അയാൾ.
അഞ്ച്:രസ തന്ത്രജ്ഞൻ ജഡവസ്തുക്കളെ കൊണ്ട് പരീക്ഷണശാലയിൽ കളിക്കുമ്പോൾ,ലെനിൻ തൊഴിലാളികളെ വലിച്ചിഴച്ച്,വിപ്ലവത്തിൻറെ സ്വാഭാവിക വികാസത്തെ തടയുകയാണ്.
ഗോർക്കിയും റോസാ ലക്‌സംബർഗും പറഞ്ഞ പോലെ,ലെനിന് റഷ്യ,ഒരു ഏകാധിപതിയുടെ പരീക്ഷണശാല മാത്രമായിരുന്നു.അത് മാർക്സിസത്തിൻറെ പരീക്ഷണശാലയേ ആയിരുന്നില്ല;മാർക്സിസമാകട്ടെ,നടപ്പാക്കാൻ കഴിയുന്ന ഒരു പ്രത്യയ ശാസ്ത്രവും അല്ല.റഷ്യയിൽ 1905 ൽ നടന്ന ആദ്യ വിപ്ലവം തന്നെ ഒരു ഓർത്തഡോക്‌സ് വൈദികൻ നടത്തിയതാണ്.നമുക്ക് അതിലേക്ക് പോകാം.
------------------
നെചായേവ്:ഏതു മാർഗം വഴിയും,ഭീകരത കൊണ്ട് പോലും വിപ്ലവമാകാം എന്ന് ' വിപ്ലവത്തിൻറെ അനുഷ്ടാനവിധി" ( Catechism of Revolution ) എന്ന പുസ്തകത്തിൽ സിദ്ധാന്തിച്ചയാളാണ്,സെർജി നെചായേവ്.ഒരു സഖാവിനെ കൊന്ന് റഷ്യ വിട്ടു.ആദ്യ കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ നിന്ന് പുറത്താക്കപ്പെട്ടു.20 വർഷം ശിക്ഷിക്കപ്പെട്ട് തടവിൽ മരിച്ചു.
Rosa Luxemburg/ The Russian Revolution,Chapter 6/ The Problem of Dictatorship:
When all this is eliminated, what really remains? In place of the representative bodies created by general, popular elections, Lenin and Trotsky have laid down the soviets as the only true representation of political life in the land as a whole, life in the soviets must also become more and more crippled. Without general elections, without unrestricted freedom of press and assembly, without a free struggle of opinion, life dies out in every public institution, becomes a mere semblance of life, in which only the bureaucracy remains as the active element. Public life gradually falls asleep, a few dozen party leaders of inexhaustible energy and boundless experience direct and rule. Among them, in reality only a dozen outstanding heads do the leading and an elite of the working class is invited from time to time to meetings where they are to applaud the speeches of the leaders, and to approve proposed resolutions unanimously – at bottom, then, a clique affair – a dictatorship, to be sure, not the dictatorship of the proletariat but only the dictatorship of a handful of politicians, that is a dictatorship in the bourgeois sense, in the sense of the rule of the Jacobins (the postponement of the Soviet Congress from three-month periods to six-month periods!) Yes, we can go even further: such conditions must inevitably cause a brutalization of public life: attempted assassinations, shooting of hostages, etc. (Lenin’s speech on discipline and corruption.)



2 comments:

  1. വളരെ വിജ്ഞാനപ്രദമായ അറിവുകള്‍ ലഭിച്ചു. റഷ്യന്‍വിപ്ലവത്തെപറ്റി കുടുതല്‍ അറിയാന്‍ കഴിഞ്ഞു.

    ReplyDelete
  2. Thanks.Vairelil is in my place,Tripunithura.

    ReplyDelete

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...