Tuesday, 23 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 2

2.ലെനിൻ എന്ന ജപ്പാൻ ചാരൻ 

ർത്തഡോക്‌സ് വൈദികനായ ജോർജി അപ്പോളോനോവിച്  ഗാപോൺ  ( 1870 -1906 ) 1905 ജനുവരി 22 ന് സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് നയിച്ച ജനക്കൂട്ടത്തെ പട്ടാളം കൂട്ടക്കൊല ചെയ്‌ത സംഭവം, ' ചോരയുടെ ഞായർ ' ( Bloody Sunday ) എന്നറിയപ്പെടുന്നു.
യുക്രൈനിലെ കർഷക കുടുംബത്തിൽ ജനിച്ച ഗാപോൺ ,ടോൾസ്റ്റോയിയുടെ രചനകളിലെ പാവപ്പെട്ടവരോടുള്ള കാരുണ്യത്താൽ പ്രചോദിതനായി.നിലവിലുള്ള സഭയെ വിമർശിച്ചയാളാണ്,ലിയോ ടോൾസ്റ്റോയ്.അതായത്,1905 ലെ ആദ്യ റഷ്യൻ വിപ്ലവത്തിനുള്ള പ്രചോദനം മാർക്‌സ് അല്ല,ടോൾസ്റ്റോയ് ആണ്.കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു,അച്ചന്റെ കൗമാര,യൗവന ജീവിതം.ഡോക്ടറാകാൻ ആഗ്രഹിച്ച് സെമിനാരിയിൽ ചേർന്ന അയാൾക്ക് അത് പഠിക്കാനുള്ള ഗ്രേഡ് വിമത രീതികൾ കാരണം സെമിനാരിയിൽ നിന്ന് കിട്ടിയില്ല.കണക്കെഴുത്തും ട്യൂഷനുമായി കഴിയവേ,വിവാഹിതനായി.ലാറിയൻ മെത്രാന് അപേക്ഷ നൽകി വീണ്ടും സെമിനാരിയിൽ ചേർന്ന് വൈദികനായ ഗാപോണിൻറെ കുർബാനയിലെ പുതുമ ജനത്തെ ആകർഷിച്ചു.
രണ്ടാമത്തെ പ്രസവത്തിൽ ഭാര്യ മരിച്ച ശേഷം വിഷാദരോഗത്തിൽ പെട്ട് ക്രിമിയയിൽ ചികിത്സ തേടി.മടങ്ങിയെത്തി പെട്രോഗ്രാഡിൽ സെൻറ് ഓൾഗ ചിൽഡ്രൻസ് ഓർഫനേജിൽ 1900 ൽ എത്തി,കടകളിലും ഫാക്റ്ററികളിലും പോയി തൊഴിലാളി കുടുംബങ്ങളെ അടുത്തു പരിചയപ്പെട്ടു.
ഫാ ഗാപോൺ 
റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കാത്ത ഒന്നാണ്,1904 -1905 ൽ റഷ്യയും ജപ്പാനും തമ്മിൽ നടന്ന യുദ്ധം.1917 ലെ 'വിപ്ലവ'ത്തിൻറെ കൂടി പശ്ചാത്തലത്തിൽ,റഷ്യയിൽ ജനത്തിനിടയിൽ അസ്വസ്ഥതയുടെ വിത്ത് വിതച്ച സംഭവമാണ് അത്.രണ്ടു രാജ്യങ്ങളിലും രാജഭരണം നിലനിൽക്കെ,മഞ്ചൂറിയയ്ക്കും കൊറിയയ്ക്കും മേലുള്ള ആധിപത്യത്തെ ചൊല്ലിയായിരുന്നു,യുദ്ധം.ചൈനയിൽ നിന്ന് റഷ്യ പാട്ടത്തിന് എടുത്തിരുന്ന പോർട്ട് ആർതർ പിടിച്ച ജപ്പാൻ,റഷ്യ റഷ്യയ്ക്ക് മേൽ വിജയം ഉറപ്പിച്ചു.അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെ മധ്യസ്ഥതയിൽ 1905 ൽ ഇരുരാജ്യങ്ങളും വെടി നിർത്തി.ഒരു ഏഷ്യൻ രാജ്യം ഒരു യൂറോപ്യൻ രാജ്യത്തിന് മേൽ വിജയം നേടിയ മറ്റൊരു സംഭവം,ലോക ചരിത്രത്തിൽ ഇല്ല.ജപ്പാൻ നേടിയ ഈ വിജയമാണ്,ജനത്തെ സാർ ചക്രവർത്തിക്ക് എതിരെ തിരിച്ചത്.
ആക്രമിക്കുന്ന രാജ്യം ശത്രു രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ഏതു മാർഗവും തേടും.ജപ്പാൻ പട്ടാളത്തിൻറെ യൂറോപ്പിലെ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്,കേണൽ ആകാഷി മോട്ടോജിറോ ആയിരുന്നു.ഫാ ഗാപോണിന് പണം കൊടുത്ത്,അസംബ്ലി ഓഫ് റഷ്യൻ ഫാക്‌റ്ററി ആൻഡ് മിൽ വർക്കേഴ്‌സ് ഓഫ് സെൻറ് പീറ്റേഴ്‌സ്ബർഗ് എന്ന സംഘടന ഉണ്ടാക്കി.12 ശാഖകളും 8000 അംഗങ്ങളുമുള്ള സംഘടനയിൽ ഓർത്തഡോക്‌സ് സഭക്കാരാണ് ഉണ്ടായിരുന്നത്.അച്ചന് ഇതേസമയം,റഷ്യൻ രഹസ്യ പൊലീസായ ഓഖ്‌റാനയുമായും ബന്ധമുണ്ടായിരുന്നു.ഈ സംഘടന നടത്തിയ പൊതുപണിമുടക്കിന് പിന്നാലെയാണ്,ഞായറാഴ്ച അച്ചൻ ഒന്നരലക്ഷം വരുന്ന ജനക്കൂട്ടത്തെ സാർ ചക്രവർത്തിയുടെ വിന്റർ പാലസിലേക്ക് നയിച്ചത്.
ആകാഷി മോട്ടോജിറോ 
ആയുധമില്ലാത്ത ജനക്കൂട്ടമായിരുന്നു,അത്.ചക്രവർത്തിയുടെ ചിത്രങ്ങൾ വഹിച്ച്,'സാറിനെ ദൈവം രക്ഷിക്കട്ടെ ' എന്ന കീർത്തനം പാടി,ചക്രവർത്തിയെ സ്തുതിച്ചു തന്നെ ആയിരുന്നു,മാർച്ച്.അച്ചടിച്ച അഞ്ചു പേജ് നിവേദനം ,ഗാപോണിൻറെ കൈയിൽ ഉണ്ടായിരുന്നു.സർക്കാർ നടപടി ക്രമങ്ങളിൽ,17 മാറ്റങ്ങളും കാലങ്ങളായി ഉന്നയിച്ചു വന്ന പരിഷ്‌കാരങ്ങളുമാണ്,നിവേദനത്തിൽ ഉണ്ടായിരുന്നത്.ജനക്കൂട്ടം ആവശ്യപ്പെട്ട പരിഷ്‌ക്കാരങ്ങൾക്ക്,പുന്നപ്ര വയലാർ സമരക്കാർ പിൽക്കാലത്ത് 1946 ൽ ഉന്നയിച്ച ചില ആവശ്യങ്ങളോട് സാദൃശ്യമുണ്ടായിരുന്നു.നെഹ്‌റു ഭരിക്കുമ്പോഴായിരുന്നു,പുന്നപ്ര വയലാർ കലാപം എന്ന പ്രശ്നമേയുള്ളു!
അച്ചനും ജനവും ഉന്നയിച്ച ആവശ്യങ്ങൾ ഇവയായിരുന്നു:

  • നിര്ബന്ധിതവും സാർവത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുക.
  • പുരോഗമനപരമായ ആദായ നികുതി ചുമത്തുക .
  • അധ്വാന സമയം എട്ടുമണിക്കൂറായി ചുരുക്കുക.
  • ചുരുങ്ങിയ ദിവസ വേതനം ഒരു റൂബിൾ ആക്കുക.
  • ഓവർടൈം അവസാനിപ്പിക്കുക 
  • ചികിത്സാസൗകര്യം നടപ്പാക്കുക 
  • മഴ,മഞ്ഞ് എന്നിവയിൽ നിന്ന് രക്ഷ നൽകും വിധം ഫാക്റ്ററികൾ പണിയുക 
സർ സി പി നാട് വിടുക എന്ന് പുന്നപ്ര വയലാർ സമരക്കാർ ഉന്നയിച്ച പോലെ,ഒരു രാഷ്ട്രീയ ആവശ്യവും നിവേദനത്തിൽ ഉണ്ടായിരുന്നു:ജപ്പാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക.
മേലാപ്പിലെ ജനാലയ്ക്കരികിൽ നിന്ന് സാർ ചക്രവർത്തി തങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച ജനക്കൂട്ടത്തിന് തെറ്റി -ചക്രവർത്തി കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല.ചക്രവർത്തിയുടെ അമ്മാവൻ ഗ്രാൻഡ് ഡ്യൂക്ക് വ്‌ളാദിമിർ,വെടി വയ്ക്കാൻ പട്ടാളത്തിന് ആജ്ഞ കൊടുത്തു.കൊല്ലപ്പെട്ടവർ 300 എന്നും പരുക്കേറ്റവർ 1500 എന്നും പറയുന്നുണ്ടെങ്കിലും,കൃത്യമായ കണക്കില്ല.പുന്നപ്ര വയലാർ പോലെ തന്നെ.പുന്നപ്ര വയലാറിലെ ഏറ്റവും കുറഞ്ഞ മരണ സംഖ്യ,ഇ എം എസ് കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആയിരുന്നു.
ജനം ഒന്നടങ്കം,വൃദ്ധരും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ഒരു സമരം ആയതിനാലാണ്,1905 ലെ സമരമാണ് വിപ്ലവം എന്ന് മാർക്സിസ്റ്റ് ചരിത്രകാരി റോസാ ലക്‌സംബർഗ് നിരീക്ഷിച്ചത്.1917 ലെ ' വിപ്ലവം ' അവർ നിരാകരിച്ചത്.പക്ഷെ,നാം കണ്ടത് പോലെ,1905ലെ വിപ്ലവം ജപ്പാൻ സംഘടിപ്പിച്ചതായിരുന്നു.
ചോര ഞായർ കഴിഞ്ഞ് തിങ്കളാഴ്ച ജനീവയിൽ ലൈബ്രറിക്ക് പോകുന്ന വഴിയിൽ,അനറ്റോലി ലൂണാചാർസ്‌കി,ഭാര്യ അന്ന എന്നിവരിൽ നിന്നാണ്,ലെനിനും ഭാര്യ ക്രൂപ്സ് കേയയും സംഭവം അരിഞ്ഞത്.വിപ്ലവകാരിയായ നാടകകൃത്തും വിമര്ശകനുമായ ലൂണാചാർസ്‌കി 1917 നു ശേഷം ആദ്യ ജനകീയ വിദ്യാഭ്യാസ കമ്മിസാർ ആയി.
പിൽ സുഡ് സ്‌കി 
സത്യത്തിൽ വിപ്ലവം ഒന്നും നടന്നില്ല.നിരായുധരായ ഒരു പറ്റം മനുഷ്യരുടെ കൂട്ടക്കുരുതി ആണുണ്ടായത്.അച്ചൻ ആൾക്കൂട്ടത്തെ വഴിതെറ്റിച്ച പൊലീസ് ഏജൻറ് ആണെന്നാണ് ലെനിൻ കരുതിയത്.അച്ചൻ പെട്രോഗ്രാഡിൽ നിന്ന് രക്ഷപ്പെട്ട് സാർ ചക്രവർത്തിക്ക് ഒരു മാനിഫെസ്റ്റോയും റഷ്യയിലെ സോഷ്യലിസ്റ്റ് പാർട്ടിക്ക് തുറന്ന കത്തും പുറത്തിറക്കി.മാനിഫെസ്റ്റോ സാർ ചക്രവർത്തിയെ അപലപിച്ചു.മാനിഫെസ്റ്റോയിലും കത്തിലും," വ്യക്തികളും ജനക്കൂട്ടവും ബോംബും ഡൈനാമിറ്റും ഭീകരതയും പ്രയോഗിച്ച് രാജഭരണത്തെ താഴെയിറക്കാൻ" ആഹ്വാനം ചെയ്‌തു.
അച്ചനെ തൽക്കാലം മാക്‌സിം ഗോർക്കി സംരക്ഷിച്ചു.കുറച്ചു നാൾ കഴിഞ്ഞ് അയാൾ ജനീവയിൽ പൊങ്ങി.വിപ്ലവ പാർട്ടിക്കാർ തിരിഞ്ഞു നോക്കാത്ത ഒരു കഫെയിൽ,വിപ്ലവ പാർട്ടിയിൽ പെട്ട ഒരു സ്ത്രീ,അച്ചനും ലെനിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി." അച്ചോ ,മണ്ടനായിപ്പോകരുത്",ലെനിൻ പറഞ്ഞ,"നന്നായി വായിച്ചു പഠിച്ചില്ലെങ്കിൽ,നിങ്ങളുടെ സ്ഥാനം ഇവിടെ ആയിരിക്കും",ലെനിൻ മേശയ്ക്ക് താഴേക്ക് വിരൽ ചൂണ്ടി.
ലെനിൻറെ ഉപദേശം സ്വീകരിച്ച് അച്ചൻ,പ്ലഖനോവിൻറെ ഉണക്ക സാഹിത്യം വായിച്ചു നോക്കി.കുതിര സവാരിയും തോക്ക് ഉപയോഗിക്കലും വിപ്ലവകാരിക്ക് വേണമെന്ന് കരുതി രണ്ടും ശീലിച്ചു.അച്ചന് പൊലീസുമായുള്ള ബന്ധം വച്ച്,വിപ്ലവകാരികൾ അയാളെ വിശ്വസിച്ചില്ല.ജപ്പാൻ പട്ടാളം കൊടുത്ത പണം കൊണ്ട് ഇംഗ്ലണ്ടിൽ നിന്ന് ആയുധങ്ങൾ സംഭരിച്ച് അച്ചൻ ജോൺ ഗ്രാഫ്റ്റൺ എന്ന കപ്പലിൽ അവ റഷ്യയിലേക്ക് അയച്ചു.ഫിനിഷ് തീരത്തിനടുത്ത് കപ്പൽ പൊട്ടിത്തെറിച്ചു.ലെനിൻ ആയുധം സംഭരിച്ച്,പെട്രോഗ്രാഡിലെ രഹസ്യ വിലാസങ്ങളിലേക്ക് അയച്ചതാണെന്ന് പാഠഭേദമുണ്ട്.*സെപ്റ്റംബറിൽ കപ്പൽ നശിച്ചതോടെ,അച്ഛൻറെ ഹൃദയം തകർന്നു.താമസിയാതെ,പെട്രോഗ്രാഡിന് പുറത്ത്,ഒരു കോട്ടേജിൽ അച്ഛൻറെ ജഡം തൂങ്ങിനിന്നു.വിപ്ലവകാരികൾ കൊന്നതാണെന്ന് സംശയിക്കപ്പെടുന്നു.അച്ചനെ ചരിത്രത്തിൽ നിന്ന് മായ്ച്ച് ,1905 ലെ വിപ്ലവം തങ്ങളുടെ അക്കൗണ്ടിൽ വരവ് വയ്ക്കാൻ ചെയ്തതാകാം.
ലെനിനും ആയുധം സംഭരിച്ചതായി പറഞ്ഞല്ലോ-എവിടെ നിന്നായിരുന്നു,പണം ?
അച്ചനു പണം കൊടുത്ത ജപ്പാൻ പട്ടാള ചാര മേധാവി ആകാഷി തന്നെ ലെനിനും ട്രോട് സ്‌കിക്കും പോളണ്ടിലെ വിപ്ലവകാരി ജോസഫ് പിൽ സുഡ് സ്‌കിക്കും പണം കൊടുത്തു.പത്തു ലക്ഷം യെൻ ആയിരുന്നു അന്ന് ആകാഷിക്ക്,ചാരവൃത്തിക്കുള്ള  ബജറ്റ്.  സിഡ്‌നി റൈലി എന്ന കുപ്രസിദ്ധ ചാരനെ പോർട്ട് ആർതറിലേക്ക് അയച്ചു.കവിയും ചിത്രകാരനുമായിരുന്ന ആകാഷി ,പിൽക്കാലത്ത് തായ്‌വാനിൽ ഗവർണർ ജനറലായി.പോളണ്ടിലെ ആദ്യ ഭരണാധികാരിയാണ്,മാർഷൽ പിൽ സുഡ് സ്‌കി.രണ്ടാം പോളിഷ് റിപ്പബ്ലിക്കിൻറെ സൈനിക മന്ത്രി.വിപ്ലവം ശൂന്യതയിൽ നിന്നുണ്ടാകില്ല -അത് പലപ്പോഴും ജാര സന്തതി ആയിരിക്കും.
കരിങ്കടലിൽ 1905 ജൂൺ 27 ന് പൊട്ടെoകിൻ എന്ന യുദ്ധക്കപ്പലിലെ കലാപത്തിന് പണം മുടക്കിയതും ജപ്പാൻ പട്ടാളമായിരുന്നു.കപ്പലിലെ എഴുന്നൂറോളം നാവികർ,കപ്പലിലെ തന്നെ ഓഫിസർമാർക്കെതിരെ കലാപം നടത്തി.അവരെ കൊന്ന് കപ്പൽ റുമേനിയൻ തുറമുഖമായ ഒഡേസയിലേക്ക് കൊണ്ടു പോയതാണ് സംഭവം.പല നാവികരും റഷ്യയിൽ തിരിച്ചെത്തിയത് 1917 ഫെബ്രുവരി വിപ്ലവ  ശേഷമാണ്.സംഭവം ബോൾഷെവിക്കുകൾ പ്രചാരണ ആയുധമാക്കി എന്നു മാത്രമല്ല,ലോക സിനിമാ ചരിത്രത്തിൽ ഒരു ക്‌ളാസിക് ഉണ്ടാവുകയും ചെയ്‌തു-സെർജി ഐസെന്സ്റ്റീന്റെ ബാറ്റിൽഷിപ് പൊട്ടെoകിൻ ( 1925 ) എന്ന നിശബ്ദ ചിത്രം.ഒഡേസയിലെ പടവുകളിൽ ഒരു പുതിയ സിനിമാ സങ്കേതം,വിപരീത ദൃശ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി എഡിറ്റ് ചെയ്തപ്പോൾ,രൂപപ്പെട്ടു;അതിന് മാർക്‌സിസ്റ്റ് സംജ്ഞ നൽകി -ഡയലെക്റ്റിക്കൽ മൊണ്ടാഷ്.
------------------
*Life and Death of Trotsky / Robert Payne,Page 101:
The Japanese were inflicting terrible defeats on the Russians in the Far East.They were also fanning the revolutionary flame in Russia,pouring huge amounts of money into the coffers of the revolutionaries.Colonel Akashi Motojiro,the chief of the Japanese secret agents in Europe,gave money to Lenin and Trotsky and to the Polish revolutionary Josef  Pilsudski ...Lenin was deeply involved with the outfitting of the John Grafton,a gun running steamer,which,it was hoped,would land enough guns and ammunitions near St Petersburg to arm the revolutionary army.Colonel Akashi was involved with the same project.


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...