Tuesday, 20 August 2019

ഡ്യുബ്‌ചെക്, കടക്കു പുറത്ത് !

പ്രാഗ് വസന്തം കൊഴിയുന്നു

The struggle of man against power is the struggle of memory against forgetting.
—Milan Kundera
കേരളത്തിൽ അറിയപ്പെടുന്ന നോവലിസ്റ്റ് മിലൻ കുന്ദേരയുടെ നോവലുകളിലെ രാഷ്ട്രീയത്തിൽ,ചെക്കോസ്ലോവാക്യൻ  കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ  നടുക്കുന്ന ഉന്മൂലനമുണ്ട്. പ്രാഗ് വസന്തത്തിന് മുൻപ്, അവിടെ  വരണ്ട കാലമായിരുന്നു.

അലക്‌സാണ്ടർ ഡ്യൂബ്ചെക്കിന് കീഴിൽ ചെക്കോസ്ലോവാക്യയിൽ 1968 ൽ ഉദാരവൽക്കരണം നടപ്പാക്കിയ ചെറിയ ഘട്ടമാണ്,പ്രാഗ് വസന്തം.ജനുവരി അഞ്ചിന് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം പത്രങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.സ്റ്റാലിൻ കാലത്തെ ശുദ്ധീകരണത്തിൽ പെട്ട ഇരകളെ പാർട്ടിയിൽ തിരിച്ചെടുത്തു.ഏപ്രിലിൽ പ്രഖ്യാപിച്ച പരിഷ്‌കരണത്തിൽ സ്ലോവാക്യയ്ക്ക് സ്വയംഭരണം നൽകി.പൗര സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ ഭരണഘടന പരിഷ്‌കരിക്കുമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും ഉറപ്പ് നൽകി.സോവിയറ്റ് യൂണിയനും വാഴ്സ ഉടമ്പടി രാജ്യങ്ങളും ഇതിനെ പ്രതി വിപ്ലവമായി കണ്ടു;ഓഗസ്റ്റ് 20 വൈകിട്ട് സോവിയറ്റ് സേന ചെക്കോസ്ലോവാക്യയെ കീഴടക്കി.സ്റ്റാലിനിസ്റ്റുകൾ ഭരണത്തിൽ തിരിച്ചെത്തി.പരിഷ്‌കാരങ്ങൾ ഇല്ലാതായി.ഡ്യുബ്‌ചെക്ക് പുറത്തായി.ബ്രഷ്നേവ് ആയിരുന്നു സോവിയറ്റ് പാർട്ടി സെക്രട്ടറി.

ക്രൂഷ്ചേവ് ഹംഗറിയിലും ബ്രഷ്നേവ് ചെക്കോസ്ലോവാക്യയിലും ചെയ്‌ത പോലുള്ള വൃത്തികേട് സ്റ്റാലിൻ ചെയ്‌തില്ല എന്നതാണ്,വാസ്‌തവം.ടിറ്റോ സോവിയറ്റ് നുകക്കീഴിൽ നിന്ന് പിരിഞ്ഞപ്പോൾ,സ്റ്റാലിൻ യുഗോസ്ലാവിയയെ ആക്രമിച്ചില്ല.
ഡ്യുബ്‌ചെക് 

ഡ്യുബ്‌ചെക് ( 1921 -1922 ) സ്ലോവാക്യയിൽ നിന്നുള്ളയാളായിരുന്നു.മൂന്ന് വയസിൽ കുടുംബം സോവിയറ്റ് യൂണിയനിലേക്ക് കുടിയേറി.ചെക്കോസ്ലോവാക്യയിൽ തൊഴിൽ ഇല്ലാത്തതിനാൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ പോയതായിരുന്നു.12 വയസ് വരെ കിർഗിസ്ഥാനിൽ വളർന്നു.1923 -43 ൽ തൊഴിലാളികളുടെയും കര്ഷകരുടെയും നേതൃത്വത്തിൽ ഇന്റർഹെൽപോ എന്ന പേരിൽ പ്രവർത്തിച്ചിരുന്നു.അവിടെയായിരുന്ന കുടുംബം 1933 ൽ ഗോർക്കിയിലേക്ക് മാറി 1938 ൽ ചെക്കോസ്ലോവാക്യയിൽ തിരിച്ചെത്തി.

രണ്ടാം യുദ്ധകാലത്ത് ജോസഫ് ടിസോ നയിച്ച ഹിറ്റ്‌ലർ അനുകൂല സ്ലോവാക് ഭരണകൂടത്തിനെതിരെ നിന്നു.1944 ഓഗസ്റ്റിലെ കലാപത്തിൽ പങ്കെടുത്ത് രണ്ടു തവണ പരുക്കേറ്റു.സഹോദരൻ ജൂലിയസ് കൊല്ലപ്പെട്ടു.അപ്പോഴാണ് പാർട്ടിയിൽ ചേർന്നത്.1951 -55 ൽ ദേശീയ അസംബ്ലി അംഗമായി.1953 ൽ മോസ്‌കോ പൊളിറ്റിക്കൽ കോളജിൽ ചേർന്ന് അഞ്ചു കൊല്ലം പഠിച്ചു.അക്കാലത്ത് സ്ലോവാക് ശാഖ സി സി അംഗമായി.1962 ൽ പി ബി യിൽ.1958 ൽ തന്നെ ചെക്കോസ്ലോവാക്യൻ പാർട്ടി സി സി യിൽ എത്തി 1960 -62 ൽ സെക്രട്ടറി ആയിരുന്നു.1968 വരെ പാർലമെൻറ് അംഗം.

കമ്മ്യൂണിസ്റ്റ് പാർട്ടി ആകയാൽ വിഭാഗീയത വേണം.പാർട്ടി സ്ലോവാക് ശാഖയിലെ വിഭാഗീയതയിൽ 1963 ൽ കരോൾ ബാസിലേക്,പാവോൽ ഡേവിഡ് എന്നിവരെ പുറത്താക്കി.ഇവർ സ്റ്റാലിനിസ്റ്റുകളും ചെക്കോസ്ലോവാക്യൻ പാർട്ടി സെക്രട്ടറിയും രാജ്യത്തിൻറെ പ്രസിഡൻറുമായ അന്റോണിൻ നൊവോട്ടിനിയുടെ അനുയായികളും ആയിരുന്നു.പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകൾ സ്ലോവാക്യൻ പാർട്ടി പിടിച്ചു.പാർട്ടി പ്രസിദ്ധീകരണങ്ങളും കയ്യടക്കി.ഇവരുടെ നേതാവായിരുന്നു, ഡ്യുബ്‌ചെക്.

നൊവോട്ടിനി 

സ്ലോവാക് സ്വത്വം ഉയർത്തിപ്പിടിച്ച നേതാക്കൾക്കെതിരെ അൻപതുകളിൽ സ്റ്റാലിനിസ്റ്റ് വാൾ ഓങ്ങിയവനായിരുന്നു, നൊവോട്ടിനി. ബൂർഷ്വ ദേശീയവാദികൾ എന്ന് വിളിച്ച് ഗുസ്താവ് ഹുസാക്,വ്ളാദിമിർ ക്ലെമെന്റിസ് എന്നീ പ്രമുഖ നേതാക്കളെ ഇയാൾ ഒരരുക്കാക്കിയിരുന്നു. പി ജയരാജൻ കണ്ണൂരിൽ അഷ്ടമി രോഹിണി ശോഭായാത്ര നടത്തും പോലെ സ്ലോവാക് നേതാക്കൾ അവിടത്തെ ആഘോഷങ്ങൾ ഗംഭീരമാക്കി. പത്തൊൻപതാം നൂറ്റാണ്ടിലെ സ്ലോവാക് നവോത്ഥാന നേതാക്കൾ ലുഡോവിറ്റ് സ്‌തൂർ,ജോസഫ് മിലോസ്ലാവ് എന്നിവരുടെ നൂറ്റൻപതാം ജന്മ ദിനം, മാറ്റിക സ്ലൊവേൻസ്‌കയുടെ ജന്മശതാബ്‌ദി പോലുള്ളവ ഇവർ കൊണ്ടാടി.

ഹുസാക് പ്രാഗ് വസന്ത ശേഷം പ്രസിഡന്റാവുക മാത്രമല്ല, 1969 -87 ൽ പാർട്ടി സെക്രട്ടറിയും ആയിരുന്നു. ഇന്നത്തെ ബ്രാട്ടിസ്ലാവയിൽ ജനിച്ച ഗുസ്താവ് ദരിദ്രനായിരുന്നു. പിതാവിന് ജോലി ഉണ്ടായിരുന്നില്ല. നിയമവിദ്യാർത്ഥി ആയിരിക്കെ പാർട്ടി അംഗമായി. 1938 -45 ൽ പാർട്ടി നിരോധിച്ചിരുന്നു. 1944 ലെ സ്ലോവാക് കലാപ നേതാവായി. പി ബി അംഗമായിരുന്നു.

യുദ്ധശേഷം 1946 -50 ൽ സ്ലോവാക് ഭരണാധികാരി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയെ നാമാവശേഷമാക്കി.അതിന് 1946 തിരഞ്ഞെടുപ്പിൽ സ്ലോവാക്യയിൽ 62% വോട്ട് കിട്ടിയിരുന്നു. ചെക്ക് ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു, ജയം.ഇത്രയും കൂറുകാട്ടിയ ഹുസാക്കിനെ 1950 ൽ നൊവോട്ടിനി പാർട്ടിയിൽ നിന്ന് പുറത്താക്കി. 1954 മുതൽ 60 വരെ ലിയോപോൾഡോവ് ജയിലിൽ കിടന്നു.അവിടെ നിന്ന് പാർട്ടിക്ക് നിരവധി അപ്പീലുകൾ നൽകി. നൊവോട്ടിനി മാപ്പ് കൊടുത്തില്ല -ഹുസാക് ഭരണം പിടിക്കുമെന്ന് ഏകാധിപതി പേടിച്ചു.

സ്റ്റാലിൻ മരിച്ചു വളരെ കഴിഞ്ഞ് 1963 ൽ മാത്രമാണ് പാർട്ടി അംഗത്വം തിരിച്ചു കൊടുത്തത്. നാലു വർഷം കഴിഞ്ഞപ്പോൾ ഇയാൾ നൊവോട്ടിനിയുടെ വലിയ വിമർശകനായി മാറിയിരുന്നു. ഡ്യുബ്‌ചെക് പ്രധാനമന്ത്രി ആയപ്പോൾ ഉപ പ്രധാനമന്ത്രി ആയി.
ഹുസാക് 

എഴുത്തുകാരൻ കൂടിയായിരുന്നു,മന്ത്രിയായ ക്ലെമെന്റിസ്.( 1902 -1952 ).1935 ൽ എം പി ആയ അദ്ദേഹം രണ്ടാം ലോകയുദ്ധത്തിന് മുൻപ് പാരിസിലേക്ക് കുടിയേറി.ഭാര്യ ലിഡ പാറ്റ് കോവ,ചെക് മോർട്ഗേജ് ബാങ്ക് ഡയറക്‌ടറുടെ മകളായിരുന്നു.1939 ൽ പോളണ്ടിനെ സംയുക്തമായി ആക്രമിക്കാനുള്ള സോവിയറ്റ് -ജർമനി ഉടമ്പടിയെ ക്ലെമെന്റിസ് വിമർശിച്ചത് പാർട്ടിക്ക് പിടിച്ചില്ല.പിന്നീട് ചെക് പ്രധാനമന്ത്രി ആയ വില്യം സിറോകി മോസ്‌കോയിൽ നിന്ന് പാരിസിൽ എത്തി ക്ലെമെന്റിസിന് എതിരെ പാർട്ടി തല അന്വേഷണം നടത്തി.

യുദ്ധകാലത്ത് ജയിലിൽ ആയി;മോചനശേഷം ലണ്ടനിൽ താമസിച്ച് യുദ്ധത്തിനെതിരെ റേഡിയോ പ്രഭാഷണങ്ങൾ നടത്തി. 1945 ൽ മടങ്ങി വിദേശകാര്യ ഉപമന്ത്രി.ജാൻ മസാരിക്കിനെ അട്ടിമറിച്ച് വിദേശമന്ത്രിയായി.1950 ൽ പാർട്ടി വ്യതിയാനം ആരോപിച്ച് പുറത്താക്കി.അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌തു. ബൂർഷ്വ ദേശീയ വാദിയും ട്രോട് സ്‌കിയിസ്റ്റുമായി മുദ്ര കുത്തി 1952 ഡിസംബർ മൂന്നിന് തൂക്കി കൊന്നു.ചിതാഭസ്‌മം പ്രാഗിനടുത്ത് റോഡിൽ വിതറി.തടവിൽ നിന്ന് മോചിതയായ ഭാര്യ ലിഡയ്ക്ക് അദ്ദേഹം പുക വലിക്കാൻ ഉപയോഗിച്ച രണ്ട് പൈപ്പുകൾ മാത്രം കിട്ടി.

 മിലൻ കുന്ദേരയുടെ The Book of Laughter and Forgetting പറയുന്നത്, ഈ കഥയാണ്.

1948  ലെ ചിത്രം ;മായ്ച്ചത് വലത്ത് 

1948 ഫെബ്രുവരി 21 ലെ പ്രസിദ്ധമായ ചിത്രത്തിൽ,ക്ലെമെന്റിസ്,ക്ലെമെന്റ് ഗോട്ട് വാൾഡിനൊപ്പം നിൽക്കുന്നു -ഗോട്ട്വാൾഡ് പിന്നീട് ചെക് പ്രസിഡൻറായി.ക്ലെമെന്റിസിനെ കൊന്ന ശേഷം ഈ ചിത്രത്തിൽ നിന്ന് ഫൊട്ടോഗ്രഫർ കരൾ ഹയേക്കിനൊപ്പം,ക്ലെമെന്റിസിനെ മായ്ച്ചു കളഞ്ഞു.ഈ കഥ നോവലിൽ ഉണ്ട്.നോവലിലെ ആദ്യ ചെറിയ അധ്യായത്തിൽ കുന്ദേര എഴുതുന്നു:

“In February 1948, the Communist leader Klement Gottwald stepped out on the balcony of a Baroque palace in Prague to harangue hundreds of thousands of citizens massed in Old Town Square. That was a great turning point in the history of Bohemia. A fateful moment of the kind that occurs only once or twice in a millennium.
“Gottwald was flanked by his comrades, with Clementis standing close to him. It was snowing and cold, and Gottwald was bareheaded. Bursting with solicitude, Clementis took off his fur hat and set it on Gottwald’s head.
“The propaganda section made hundreds of thousands of copies of the photograph…
“Four years later, Clementis was charged with treason and hanged. The propaganda section immediately made him vanish from history and, of course, from all photographs. Ever since, Gottwald has been alone on the balcony. Where Clementis stood, there is only the bare palace wall. Nothing remains of Clementis but the fur hat on Gottwald’s head.”
തണുപ്പിൽ,തൊപ്പിയില്ലാതിരുന്ന ഗോട്ട്വാൾഡിന്, ക്ലെമെന്റിസ് സ്വന്തം രോമത്തൊപ്പി എടുത്തു കൊടുത്ത് ഗോട്ട്വാൾഡ് പ്രസംഗിക്കുന്നതാണ് ഒറിജിനൽ ചിത്രം. ക്ലെമെന്റിസ് ഇല്ലാതായപ്പോൾ,അയാളെ നീക്കിയതാണ് പാർട്ടി ചെയ്‌ത വലത്തെ ചിത്രം.
ക്ലെമെന്റിസ് 

ക്ലെമെന്റിസിനെ കൊന്ന സംഭവം,സ്റ്റാൻസ്‌കി വ്യാജ വിചാരണ (Stansky show trial) എന്നറിയപ്പെടുന്നു.അന്ന് വിചാരണ ചെയ്‌തത്‌, പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന റുഡോൾഫ് സ്റ്റാൻസ്‌കിയെയും ക്ലെമെന്റിസ് ഉൾപ്പെടെ മറ്റ് 13 പേരെയും ആയിരുന്നു.

യൂഗോസ്ലാവ് നേതാവ് ടിറ്റോയുടെ ലൈൻ ഇവർ സ്വീകരിച്ചുവെന്നും ജൂത രാഷ്ട്രത്തിനു ശ്രമിച്ചു എന്നുമായിരുന്നു, ആരോപണം. നവംബർ 20 നായിരുന്നു വിചാരണ. സ്റ്റാൻസ്‌കിയും ക്ലെമെന്റിസും ഉൾപ്പെടെ 11 പേരെ ഡിസംബർ മൂന്നിന് തൂക്കിക്കൊന്നു. മൂന്ന് പേർക്ക് ജീവപര്യന്തം. ജോസഫ് ഉർവലേക് എന്ന വ്യാജ വിചാരണാ വിദഗ്ദ്ധൻ ആയിരുന്നു പ്രോസിക്യൂട്ടർ. മിലാദ ഹൊറോകോവ (1901 -1950) യ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതും ഇയാൾ ആയിരുന്നു.

ചെക് പ്രസിഡൻറ് ക്ലെമെന്റ് ഗോട്ട്വാൾഡ് സ്ഥാനം പോകുമെന്ന് പേടിച്ച് ആത്മ സുഹൃത്ത് ആയിരുന്ന സ്റ്റാൻസ്‌കിയെ സ്റ്റാലിന്റെ നിർദേശ പ്രകാരം കൊല്ലുകയായിരുന്നു. സോവിയറ്റ് യൂണിയന് ഒപ്പമല്ല എന്ന് തോന്നിയ പാർട്ടിക്കാരെ, പ്രത്യേകിച്ച് ജൂതരെ വക വരുത്തി. സ്റ്റാൻസ്‌കി അന്ന് പാർട്ടിയിൽ രണ്ടാമൻ ആയിരുന്നു. വിവിധ ഗ്രൂപ്പുകൾക്കുള്ള സന്ദേശമായാണ് വിചാരണയ്ക്ക് ആളുകളെ എടുത്തത്. സ്വാബ്, റെയ്‌സിൻ എന്നിവർ നേരമ്പോക്കിന് കൊന്നിരുന്ന ഗുണ്ടകൾ ആയിരുന്നു.

സ്റ്റാൻസ്‌കിയും ഗോട്ട്വാൾഡും ക്ഷണിച്ചു വരുത്തിയ സോവിയറ്റ് ഉപദേഷ്ടാക്കൾ തന്നെയാണ് പട്ടിക തയ്യാറാക്കിയത്. 1949 സെപ്റ്റംബറിൽ ഹംഗറിയിൽ റാക്കോവ്‌സ്‌കി ആഭ്യന്തര മന്ത്രി ലാസ്ലോ റായ്ക്കിനെ (Laszlo Rajk) വിചാരണ ചെയ്‌ത്‌ കൊന്നതായിരുന്നു മാതൃക. സ്റ്റാൻസ്‌കി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സ്റ്റാൻസ്‌കിക്കൊപ്പം, ക്ലെമെന്റിസിനെ കൂടാതെ, ധന ഉപമന്ത്രി ഓട്ടോ ഫിഷിൽ, പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ജോസഫ് ഫ്രാങ്ക് സാമ്പത്തിക സമിതി തലവൻ ലുഡ്വിക് ഫ്രയ്ക്ക പാർട്ടി രാജ്യാന്തര വിഭാഗം മേധാവി ബദ്രിക് ജെമിൻഡർ, വിദേശ വാണിജ്യ ഉപമന്ത്രി റുഡോൾഫ് മർഗോലിയാസ് ദേശീയ സുരക്ഷാ ഉപമന്ത്രി ബദ്‌റിച്ച് റെയ്‌സിൻ, റൂദ് പ്രാവോ എഡിറ്റർ ഓട്ടോ കാറ്റ്സ് (ആന്ദ്രേ സൈമൺ) ബിമോ മേഖല സെക്രട്ടറി ഓട്ടോ സ്റ്റിങ് ദേശീയ സുരക്ഷാ ഉപമന്ത്രി കരൾ സ്വാബ് എന്നിവരെയും തൂക്കിക്കൊന്നു.

സ്റ്റാൻസ്‌കി 

രണ്ടാം ലോകയുദ്ധത്തിന് ശേഷം ജനറൽ സെക്രട്ടറിയായ സ്റ്റാൻസ്‌കി (1901 -1952) കമ്മ്യൂണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി ആയിരുന്നു. സ്റ്റാലിനും ടിറ്റോയും 1948 ൽ പിരിഞ്ഞ ശേഷം, ടിറ്റോയ്ക്ക് അടുത്ത് നിൽക്കും എന്ന് തോന്നിയ നേതാക്കളുടെ ഉന്മൂലനത്തിൽ പെട്ടതായിരുന്നു, സ്റ്റാൻസ്‌കിയുടെ കൊല. അയാൾ ജൂതനായിരുന്നു. 1929 ൽ അഞ്ചാം പാർട്ടി കോൺഗ്രസിൽ പി ബി യിൽ എത്തി. അപ്പോൾ ഗോട്ട്വാൾഡ് ജനറൽ സെക്രട്ടറി ആയി. 1935 ൽ ഇരുവരും ദേശീയ അസംബ്ലിയിൽ എത്തി. യുദ്ധകാലത്ത് മോസ്‌കോയ്ക്ക് പോയി. 1943 ൽ സ്റ്റാൻസ്‌കിയുടെ കുഞ്ഞ് നാദിയയെ ഒരു സ്ത്രീ തട്ടിക്കൊണ്ടു പോയി -സ്റ്റാലിൻ ഇടപെട്ടിട്ടും കിട്ടിയില്ല.സ്റ്റാൻസ്‌കിയും ഭാര്യയും റേഡിയോ മോസ്‌കോയിൽ ആയിരുന്നു.

യുദ്ധശേഷം 1946 ൽ ജനറൽ സെക്രട്ടറിയായി.ഗോട്ട്വാൾഡ് ചെയർമാൻ.തിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രസിഡൻറ്. 1948 ഫെബ്രുവരി അട്ടിമറിയിൽ പാർട്ടി മൊത്തത്തിൽ ഭരണം പിടിച്ചു.രണ്ടു വർഷം കഴിഞ്ഞ് സ്റ്റാൻസ്‌കിയുടെ അനുയായികൾ ഓട്ടോ സ്ലിങ്, ബദ്‌റിച്ച് റെയ്‌സിൻ എന്നിവർക്കെതിരെ നടപടി എടുത്തു കൊണ്ടാണ് ഗോട്ട്വാൾഡ് ഉന്മൂലനം തുടങ്ങിയത്.

മിലാദ ഹോറോക്കോവയെ പാർട്ടി വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കൊന്നത്. മിലാദ ക്രാലോവ എന്ന് ശരിപ്പേര്. പതിനേഴു വയസിൽ യുദ്ധ വിരുദ്ധ പ്രകടനത്തിന് സ്‌കൂളിൽ നിന്ന് പുറത്താക്കി. 1938 ൽ ചെക്കോസ്ലോവാക്യ ഉണ്ടായപ്പോൾ നിയമ ബിരുദം നേടി. സാമൂഹ്യക്ഷേമ വകുപ്പിൽ ജോലി നേടി സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധിച്ചു. ജർമ്മനി 1939 ൽ ചെക്കോസ്ലോവാക്യ ആക്രമിച്ചപ്പോൾ ഒളിവ് പോരാട്ടം നടത്തി.ഭർത്താവിനൊപ്പം അറസ്റ്റിലായി. ജർമനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ മർദനമേറ്റു. എട്ടു കൊല്ലം ശിക്ഷ കിട്ടി. 1945 ൽ തിരിച്ചെത്തി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന് ദേശീയ അസംബ്ലി അംഗമായി. 1948 ഫെബ്രുവരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണകൂടത്തെ അട്ടിമറിച്ചതിനെ എതിർത്തു എം പി സ്ഥാനം രാജി വച്ചു. വിമർശകർ അമേരിക്കയ്ക്ക് പോകുന്ന വഴി നോക്കാതെ നാട്ടിൽ കഴിഞ്ഞു. 1949 സെപ്റ്റംബർ 27 ന് കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി അറസ്റ്റ് ചെയ്‌തു.വിദേശ ശക്തികൾക്ക് ചാര പ്രവർത്തനം നടത്തി എന്ന് സമ്മതിപ്പിക്കാൻ പീഡിപ്പിച്ചു. 1950 മെയ് 31 ന് മിലാദയുടെയും 12 സഹായികളുടെയും വിചാരണ തുടങ്ങി. മിലാദ, ജാൻ ബുച്ചാൽ, ഓൾഡ്‌ഫിച് പെക്കിൽ, സാവിസ് കലാന്ദ്ര എന്നിവർക്ക് 1950 ജൂൺ എട്ടിന് വധശിക്ഷ നൽകി. ആൽബർട്ട് ഐൻസ്റ്റീൻ ഉൾപ്പെടെയുള്ളവരുടെ അപേക്ഷ കമ്മ്യൂണിസ്റ്റ് ഭരണകൂടം കേട്ടില്ല. അവരെ പാൻക്രാക് ജയിലിൽ ജൂൺ 27 ന് തൂക്കി കൊന്നു. അവരുടെ അവസാന വാക്കുകൾ:

I have lost this fight but I leave with honour. I love this country, I love this nation, strive for their well-being. I depart without rancour towards you. I wish you, I wish you...

ശത്രുവിനോട് പകയില്ലാതെ വിട എന്ന് അവർ പറഞ്ഞത്, മാർക്സിസത്തിൽ ഇല്ലാത്ത ആന്തരിക ജീവിതം അവർക്ക് ഉണ്ടായതിനാലാണ്.

മിലാദ 

സ്റ്റാൻസ്‌കിയെയും മിലാദയെയും ഉന്മൂലനം ചെയ്‌ത ക്ലെമെന്റ് ഗോട്ട്വാൾഡ് (1896 -1953) 1948 ൽ അട്ടിമറി വഴി സമ്പൂർണ കമ്മ്യൂണിസ്റ്റ് ഭരണം വന്ന ശേഷം മരണം വരെ പാർട്ടി ചെയർമാൻ ആയിരുന്നു.രാജ്യത്തിൻറെ പ്രസിഡന്റും. 1945 വരെ ജനറൽ സെക്രട്ടറി.1946 -48 ൽ മുന്നണി സർക്കാരിൽ പ്രധാനമന്ത്രി.സ്റ്റാലിന്റെ പാവ.

പാവം കർഷക തൊഴിലാളിയുടെ അവിഹിത സന്തതി. വിയന്നയിൽ ആശാരിയായിരുന്നു.ഭാര്യ മാർത്തയും ജാര സന്തതി ആയിരുന്നു. ഭാര്യ ഒരിക്കലും പാർട്ടിയിൽ ചേർന്നില്ല. 1929 ൽ ജനറൽ സെക്രട്ടറി ആയ ഗോട്ട്വാൾഡ്, 1946 ലെ മുന്നണി മന്ത്രിസഭ മറിച്ചിട്ടത്, മന്ത്രിസഭയിലെ ഭൂരിപക്ഷം, പാർട്ടിയുടെ ആഭ്യന്തര മന്ത്രി വാക്ലാവ് നോസെക്കിനോട് പൊലീസിനെ കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നിറയ്ക്കരുത് എന്ന് പറഞ്ഞപ്പോൾ ആയിരുന്നു. 1953 മാർച്ച് ഒൻപതിന് സ്റ്റാലിന്റെ ശവമടക്കിൽ പങ്കെടുത്ത് മടങ്ങിയ ഗോട്ട്വാൾഡിന്റെ ഒരു ഹൃദയ ധമനി പൊട്ടി -14 നായിരുന്നു മരണം.

ഇയാളുടെ പിൻഗാമിയായ നൊവോട്ടിനി (Novotny) യുമായാണ്, ഡ്യുബ്‌ചെക് ഉടക്കിയത്.

നൊവോട്ടിനി 1953 -68 ൽ ജനറൽ സെക്രട്ടറി ആയിരുന്നു; 1957 -68 ൽ പ്രസിഡന്റും. ചെറിയ പ്രായത്തിൽ കൊല്ലപ്പണി ചെയ്‌തു തുടങ്ങി.1937 ൽ മേഖലാ സെക്രട്ടറി. യുദ്ധകാലത്ത് കോൺസൻട്രേഷൻ ക്യാമ്പിലായി.1946 ൽ സി സി യിൽ എത്തി.സ്റ്റാൻസ്‌കി അറസ്റ്റിലായപ്പോൾ പി ബി യിൽ കരുത്തനായി. ഗോട്ട്വാൾഡ് മരിച്ചപ്പോൾ പിൻഗാമി തർക്കമുണ്ടായി. നൊവോട്ടിനി ജനറൽ സെക്രട്ടറിയായി.പ്രസിഡൻറ് അന്റോണിൻ സപ്പോട്ടോകി, പ്രധാന മന്ത്രി വില്യം സരോകി എന്നിവർക്ക് അയാളുടെ കാർക്കശ്യം പിടിച്ചില്ലെങ്കിലും, ക്രൂഷ്ചേവ് അയാൾക്കൊപ്പമായിരുന്നു. മോസ്കോയിലേക്ക് വിളിച്ച് ഇരുവരോടും നൊവോട്ടിനിയെ അനുസരിക്കാൻ നിർദേശിച്ചിരുന്നു. 1957 ൽ സപ്പോട്ടോകി മരിച്ചപ്പോൾ നൊവോട്ടിനി ആ പദവിയിലെത്തി. ഭരണകൂടത്തിനെതിരെ ശബ്ദിച്ചവരെ നിശ്ശബ്ദരാക്കിയപ്പോൾ, ശബ്ദങ്ങൾ കൂടി വന്നു; അയാൾ 1968 ജനുവരിയിൽ ഒഴിയാൻ നിർബന്ധിതനായി. പകരം ഡ്യുബ്‌ചെക് വന്നു.മാർച്ചിൽ നൊവോട്ടിനി പ്രസിഡൻറ് സ്ഥാനത്തു നിന്നു പുറത്തായി.മെയിൽ അയാൾ സി സി യിൽ നിന്ന് രാജി വച്ചു.1971 ൽ സി സി യിൽ എടുത്തെങ്കിലും, അച്യുതാനന്ദനെപ്പോലെ ദുർബലനായിരുന്നു.

ഗോട്ട്വാൾഡ് 

വലിയ കഴിവുകൾ ഇല്ലാതിരുന്ന ഡ്യുബ്‌ചെക് ജനസമ്മർദത്തിൻറെ തേരിലേറിയാണ് നേതാവായത്. പത്രങ്ങൾ സ്വതന്ത്രമായപ്പോൾ ജനവികാരം ശക്തമായി പ്രതിഫലിച്ചു. പല സ്റ്റാലിനിസ്റ്റുകളും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും, അധികാര കൈമാറ്റം സമാധാനപരമായിരുന്നു -വസന്തം വരും പോലെ. ഓൾഡ്‌ഫിക് ചേർനിക്‌ പ്രധാനമന്ത്രി. ലുഡ്വിക് സ്വബോധ പ്രസിഡൻറ്. അയാൾ യുദ്ധാനന്തര സർക്കാരിൽ പ്രതിരോധ മന്ത്രി ആയിരുന്നു; അൻപതുകളിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായിരുന്നു. ഇത് പോലെ പുറത്താക്കപ്പെട്ടിരുന്ന ജോസഫ് പാവേൽ ആഭ്യന്തര മന്ത്രി. പുതുമുഖങ്ങളുടെ പി ബി.ഏപ്രിലിലെ സി സി യോഗം കർമ്മ പദ്ധതി തയ്യാറാക്കി-പുതിയ മുഖമുള്ള സോഷ്യലിസം.

പുതിയ കക്ഷികൾ ഉണ്ടായി;നിരോധിത സംഘടനകൾ ഉയിർത്തെഴുന്നേറ്റു.പള്ളികളിൽ കുർബാന കേട്ടു.ജൂൺ 27 ന് വിമത എഴുത്തുകാരൻ ലുഡ്വിക് വക്കുലിക് നിരവധി പേര് ഒപ്പിട്ട മാനിഫെസ്റ്റോ തയ്യാറാക്കി -രണ്ടായിരം വാക്ക് മാനിഫെസ്റ്റോ. അത്, യഥാർത്ഥ ജനാധിപത്യത്തിന് ജനകീയ പോരാട്ടം ആഹ്വാനം ചെയ്‌തു. അത് ഡ്യുബ്‌ചെക്കിനെ ഞെട്ടിച്ചെങ്കിലും മാറ്റം കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസം നില നിന്നു.

പ്രാഗ്, ഓഗസ്റ്റ് 21, 1968 

വാഴ്സ ഉടമ്പടി രാഷ്ട്രങ്ങൾ അഥവാ സോവിയറ്റ് ഉപഗ്രഹങ്ങൾ ഭയന്നു. പ്രതിവിപ്ലവം  നടക്കുകയാണെന്ന് അവ യോഗം കൂടി ഡ്യുബ്‌ചെക്കിനെ അറിയിച്ചു. അയാൾ അതിൽ പങ്കെടുത്തില്ല.സ്ലോവാക്യയോട് അടുത്ത ചെറിയ ഗ്രാമമായ സിയർന നദ് ടിസുവിൽ സോവിയറ്റ് പി ബി യോഗത്തിലേക്ക് ബ്രഷ്നേവ് ചെക്ക് നേതാക്കളെ ക്ഷണിച്ചു. ഡ്യുബ്‌ചെക് പങ്കെടുത്തു. ബ്രാട്ടിസ്ലാവയിൽ ഓഗസ്റ്റ് മൂന്നിന്, സോവിയറ്റ്, കിഴക്കൻ ജർമനി, പോളണ്ട്, ബൾഗേറിയ, ഹംഗറി, ചെക് പാർട്ടികൾ സമ്മേളിച്ചു. അത് ഇറക്കിയ വിജ്ഞാപനത്തിൽ കുഴപ്പമൊന്നും കണ്ടില്ല. എന്നാൽ 20 ന് സോവിയറ്റ് നേതൃത്വത്തിലുള്ള സേന ചെക്കോസ്ലോവാക്യയിൽ എത്തി.

ഡ്യുബ്‌ചെക്, ചേർനിക്‌ തുടങ്ങിയ നേതാക്കളെ തടവിലാക്കി. ജനം സമാധാന പോരാട്ടം നടത്തി. റോഡ് സൂചനകൾ എടുത്തു മാറ്റി -സേനയ്ക്ക് വഴി തെറ്റട്ടെ.വാർത്താവിനിമയം, ഭക്ഷ്യ വിതരണം എന്നിവ തടസപ്പെട്ടെങ്കിലും ജനം സഹിച്ചു. 22 ന് മുൻകൂട്ടി തീരുമാനിച്ച പതിനാലാം പാർട്ടി കോൺഗ്രസ് നടന്നു. ഡ്യുബ്‌ചെക് അനുകൂല സി സി യും പി ബി യും തന്നെ. ദേശീയ അസംബ്ലി കൂടി.23 ന് പ്രസിഡൻറ് സ്വബോധയും ഹുസാകും മോസ്‌കോയിൽ പോയി അധിനിവേശ സേനാ പിന്മാറ്റം ചർച്ച ചെയ്‌തു. 27 ന് ഉടമ്പടിയിൽ ഒപ്പിടേണ്ടി വന്നു. സ്വബോധ, ഡ്യുബ്‌ചെക്ക് തുടങ്ങിയ നേതാക്കളുമായി മടങ്ങി. സോവിയറ്റ് സേന തുടരും; പരിഷ്‌കാരങ്ങൾ മരവിപ്പിക്കും.

ഹുസാക് സ്റ്റാലിനിസ്റ്റുകൾക്കൊപ്പം, ഡ്യുബ്‌ചെക്കിനെ തോൽപിക്കാൻ ചേർന്നു. നടന്ന പാർട്ടി കോൺഗ്രസ് അസാധുവാക്കി. സ്റ്റാലിനിസ്റ്റുകൾ പദവികളിൽ തിരിച്ചെത്തി. ബൊഹീമിയ, മൊറാവിയ എന്നീ സ്വയംഭരണ മേഖലകളും സ്ലോവാക്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും ചേർന്ന ഫെഡറൽ റിപ്പബ്ലിക് ആയി ചെക്കോസ്ലോവാക്യ. 1969 ജനുവരി 16 ന് ജാൻ പലാക് എന്ന വിദ്യാർത്ഥി മനം നൊന്ത് ആത്മാഹുതി ചെയ്‌തു. ഏപ്രിൽ 17 ന് ഹുസാക് ജനറൽ സെക്രട്ടറി ആയി. കുറച്ചു നാൾ സ്‌പീക്കർ ആയിരുന്ന ഡ്യുബ്‌ചെക് അനന്തരം തുർക്കിയിൽ സ്ഥാനപതി ആയി. 1970 ൽ അവിടന്ന് തിരിച്ചു വിളിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കി.

സ്റ്റാലിൻ മരിച്ചെങ്കിലും പ്രേതം കമ്മ്യൂണിസ്റ്റ് ലോകത്ത് ചുറ്റി തിരിയുന്നു എന്ന് ഗുണ പാഠം.

Copyright: Ramachandran







FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...