Saturday, 27 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 9

9.പാർലമെൻറ് ലെനിൻ പിരിച്ചു വിടുന്നു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസകരിൽ ഒരാളാണ്,ലെനിൻ. 'വിപ്ലവ' ശേഷം തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന നിയമ നിർമാണ സഭയെ ഒരു സമ്മേളനത്തിന് ശേഷം 1918 ജനുവരിയിൽ അയാൾ പിരിച്ചു വിട്ടു.ആ തിരഞ്ഞെടുപ്പിൽ ജനം ബോൾഷെവിക്കുകളെ തള്ളിക്കളഞ്ഞതായിരുന്നു,കാരണം.സ്വന്തം ജീവൻ തന്നെ  അപകടത്തിലാണെന്ന് ശങ്കിച്ച ലെനിൻ,ഏതൊരു ഏകാധിപതിയെയും പോലെ,ഭയത്തിന് അടിമയായി,ശത്രുക്കളെ ഉന്മൂലനം  ചെയ്യുന്ന ഭീകരത രാജ്യമെങ്ങും നടപ്പാക്കി.

ജനം സാർ ചക്രവർത്തിയുടെ ഭരണം തൂത്തെറിഞ്ഞത്,റഷ്യൻ പാർലമെന്റായ ദൂമ പിരിച്ചു വിട്ടത് കൊണ്ടാണ്.കെറൻസ്കിയുടെ താൽക്കാലിക ഭരണ കൂടത്തിനെതിരെ ബോൾഷെവിക്കുകൾ ചാർത്തിയ കുറ്റവും,സഭ സജീവമാക്കാത്തതാണ്.ലെനിൻറെ മാതൃകയായ ഭീകരൻ നെചായേവ് ,ചക്രവർത്തിയുടെ സാക്ഷിക്കൂട്ടിൽ നിന്ന് വാദിച്ചപ്പോൾ ചൂണ്ടിക്കാണിച്ചതും റഷ്യയിൽ മധ്യ കാലഘട്ടത്തിൽ പോലും,സെംസ്‌കി സോബോർ ( Semski Sobor ) എന്ന സഭ ഉണ്ടായിരുന്നതാണ്.
സെംസ്‌കി സോബോർ എന്ന വാക്കിനർത്ഥം,നാടിൻറെ സഭ എന്നാണ്.16,17 നൂറ്റാണ്ടുകളിൽ റഷ്യയിൽ നില നിന്ന നിയമ സഭയാണ്,അത്.അതിന് പകരം,ചക്രവർത്തി നിക്കോളാസ് രണ്ടാമൻ ദൂമ രൂപീകരിച്ചത് 1905 ലാണ്.
ചക്രവർത്തിയോ ഓർത്തഡോക്സ് പാത്രിയർക്കീസോ ആയിരുന്നു,സോബോറിന്റെ അധ്യക്ഷൻ.മൂന്ന് വിഭാഗങ്ങളിൽ നിന്നായിരുന്നു,അംഗങ്ങൾ: പ്രഭുക്കൾ,വൈദികർ,കച്ചവടക്കാരുടെയും ജനത്തിൻറെയും പ്രതിനിധികൾ.ആദ്യ സോബോർ 1549 ൽ ഇവാൻ ദി ടെറിബിൾ രൂപീകരിച്ചു.ചക്രവർത്തിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന റബർ സ്റ്റാമ്പ് ആയിരുന്നു സഭ.1566 ൽ ഒപ്രിച് നിന  ( Oprichnina ) നിരോധിക്കാൻ ആവശ്യപ്പെട്ട സഭ ചക്രവർത്തിയെ ഞെട്ടിച്ചു.രാഷ്ട്രീയ പൊലീസിനെ വച്ച് ചക്രവർത്തി പരസ്യ വധശിക്ഷയും അടിച്ചമർത്തലും പ്രഭുക്കളുടെ ഭൂമി പിടിക്കലും നടത്തുന്ന നയമായിരുന്നു,ഇത്.
സോഷ്യൽ ഡെമോക്രാറ്റ് പോസ്റ്റർ ,1917 
റൊമാനോവ് വംശം അധികാരമേറിയപ്പോൾ,സഭ ഇല്ലാതായി.1654 ൽ സഭ ചേർന്നത്,30 വർഷത്തിന്‌ ശേഷമായിരുന്നു.1682 ലും 84 ലും ആണ് ഒടുവിൽ സഭ ചേർന്നത്.1922 ൽ ചക്രവർത്തിയെ സ്ഥാന ഭ്രഷ്ടനാക്കിയതിൽ പശ്ചാത്തപിച്ച്,അമൂർ മേഖലയിൽ,പട്ടാള ജനറൽ ആയിരുന്ന എം കെ ഡീയാട്രിക്‌സ്‌,സോബോർ വിളിച്ചു കൂട്ടി.അധ്യക്ഷ സ്ഥാനത്ത് ഗ്രാൻഡ് ഡ്യൂക്ക് നിക്കോളാസിൻറെയും ടൈഖോൻ പാത്രിയർക്കീസിന്റെയും പേരുകൾ വച്ചെങ്കിലും,വന്നില്ല.രണ്ടു മാസം കഴിഞ്ഞ് സഭ ഇല്ലാതായി.
നിയമ നിർമാണ സഭയ്ക്കായുള്ള ജനരോഷത്തോട് ലെനിൻ ആദ്യം പ്രതികരിച്ചത്,തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടായിരുന്നു.നാലഞ്ച് വർഷം ജനത്തെ രാഷ്ട്രീയം പഠിപ്പിച്ച് പാകമാകുമ്പോൾ തിരഞ്ഞെടുപ്പാകാം എന്ന് അയാൾ സിദ്ധാന്തിച്ചു.ആ സമയം കൊണ്ട് വോട്ടർ പട്ടികയിൽ ബോൾഷെവിക്കുകൾ മാത്രം ഉണ്ടാകുന്ന സ്ഥിതി വരും.ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ,ഭൂരിപക്ഷം കിട്ടണം എന്നില്ല.ഒരു ബൂർഷ്വാ സംവിധാനം മാത്രമാണ്,പാർലമെൻറ് !

1917 നവംബർ 25 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് നവംബർ 9 ന് ലെനിൻറെ തിട്ടൂരം  ( decree ) വന്നു.മാൽനിൻസ്‌കി കൊട്ടാരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം തുടങ്ങി.നവംബർ 11 ന് മിലിട്ടറി കമ്മിറ്റി ചെയർ മാൻ പോഡ് വോയ്‌സ്‌കി,പെട്രോഗ്രാഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.നഗരത്തെ സൈന്യം വലയം ചെയ്‌തു.പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയായിരുന്നു,ഉന്നം.പ്രതിപക്ഷത്തിന് പോസ്റ്ററുകൾ തയ്യാറാക്കാൻ ആവശ്യമുള്ളത്ര കടലാസുകൾ കിട്ടാതായി.കമ്മീഷൻ പ്രവർത്തനത്തെ ലെനിൻ ഭരണ കൂടം തടസ്സപ്പെടുത്തി.
കേഡറ്റ് പോസ്റ്റർ,1917 
പട്ടാള മേധാവി ആയിരുന്ന കോർണിലെവിനെ പിന്തുണയ്ക്കുന്ന കേഡറ്റുകൾ,സോഷ്യലിസ്റ്റ് റെവല്യൂഷനറി പാർട്ടി,ബോൾഷെവിക് പാർട്ടി എന്നിവയായിരുന്നു,പ്രധാന കക്ഷികൾ.പെട്രോഗ്രാഡിലെ ഫലം,നവംബർ 30 ന് വന്നു.കേഡറ്റുകൾക്ക് 2,45,006 വോട്ട്.റെവല്യൂഷനറി പാർട്ടിക്ക് 1,52,230.ബോൾഷെവിക്കുകൾക്ക് 4,24,027.ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷം.മോസ്‌കോയിലും മറ്റ് ചില നഗരങ്ങളിലും ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷം കിട്ടി.പ്രവിശ്യകളിലെ കഥ മറ്റൊന്നായിരുന്നു.റെവല്യൂഷനറി പാർട്ടിക്കായിരുന്നു,ഭൂരിപക്ഷം.ആകെ 4 .17 കോടി വോട്ടിൽ ഈ പാർട്ടിക്ക് 2.08 കോടി കിട്ടി.ബോൾഷെവിക്കുകൾക്ക് 98 ലക്ഷം.മെൻഷെവിക്കുകൾക്ക് ഏതാനും ആയിരം.
ഈ അവസ്ഥയിൽ,ലെനിൻ തിരഞ്ഞെടുപ്പ് കമ്മീഷനെ തടവിലാക്കി.മോസസ് യൂറിറ്റ്സ്‌കിയെ പകരക്കാരനാക്കി.പ്രതിപക്ഷ നേതാക്കൾ വീട്ടു തടങ്കലിൽ ആയി.അച്ചടി ശാലകൾ പൂട്ടിച്ചു.ഡിസംബർ അഞ്ചിന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട്,ആ സ്ഥാനത്ത് പ്രതിവിപ്ലവ പ്രതിരോധ വകുപ്പ്,ചേക  ഉണ്ടാക്കി.സിനോവീവും കൂട്ടരും സന്ധിക്കു വേണ്ടി വാദിച്ചെങ്കിലും നടന്നില്ല.

നിയമ നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡപ്യുട്ടികൾ ഡിസംബർ 10 ന് മോസ്‌കോയിൽ എത്തി.അടുത്ത നാൾ സമ്മേളനം.ബോൾഷെവിക്കുകൾ രാത്രി തന്നെ,കാതറീൻ രാജ്ഞി വാണിരുന്ന,സമ്മേളനം നടക്കേണ്ട ടോറിഡ് കൊട്ടാരം കൈയടക്കി.ഗേറ്റ് പുറത്തു നിന്ന് പൂട്ടി.ഭടന്മാർ കൊട്ടാരത്തിന് കാവൽ നിന്നു.കൊട്ടാരത്തിനകത്ത് യൂറിറ്റ്സ്‌കിയും 50 പേരും മാത്രം.കേഡറ്റ് പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ പീറ്റർ പോൾ കോട്ടയിലേക്ക് കൊണ്ട് പോയി.കെറൻസ്കി സർക്കാരിൽ മന്ത്രിമാരായിരുന്ന പ്രൊഫസർ ആൻഡ്രി ഷിംഗറേവ്,ഡോ ഫയദോർ കൊകോഷ്‌കിൻ എന്നിവരെയും അറസ്റ്റ് ചെയ്‌തു.ഇരുവർക്കും ജന സ്വാധീനം ഉണ്ടായിരുന്നു.
അങ്ങനെ,സമ്മേളനം അലസി.ജനുവരി 18 ന് വീണ്ടും ചേരാൻ ലെനിൻ തിട്ടൂരമിറക്കി.
നിയമനിർമ്മാണസഭ,1918 
ജനുവരി 14 ന് ലെനിൻ,മിഖയിലോവ്സ്കി റൈഡിങ് സ്‌കൂളിൽ പുതുതായി രൂപം നൽകിയ സോഷ്യലിസ്റ്റ് ആർമി വിഭാഗത്തോട് സംസാരിച്ചു.ഇവിടെയാണ് ചക്രവർത്തി സേനയെ അവലോകനം ചെയ്‌തിരുന്നത്‌.കവചിത വാഹനങ്ങൾ ഹാളിനെ വലയം ചെയ്‌തു.ഒരു കവചിത വാഹനത്തിൽ ലെനിൻ എത്തിയപ്പോൾ,ആരവങ്ങൾ മുഴങ്ങി.ലെനിൻറെ പ്രസംഗം തീർന്നപ്പോൾ,ചെറിയ കൈയടി ഉണ്ടായെങ്കിലും,ആളുകൾ എഴുന്നേറ്റ് നിന്ന് ആദരിച്ച് പതിവ് പോലെ ശബ്ദം മുഴക്കിയില്ല.പ്രസംഗം നന്നായില്ല.സംഘർഷം ലഘൂകരിക്കാൻ,അമേരിക്കക്കാരനായ ആൽബർട്ട് റീസ്  വില്യംസ് അവിടത്തെ സഖാക്കൾക്ക് വേണ്ടി,ഇപ്പോൾ അഭിവാദ്യം ചെയ്യുമെന്ന് പോഡ് വോയ്‌സ്‌കി അറിയിച്ചു.പത്രപ്രവർത്തകനായ വില്യംസ്,ബോൾഷെവിക്കുകളുടെ ജനസമ്പർക്ക വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു.ലെനിൻ പരിഭാഷയ്ക്ക് തയ്യാറായപ്പോൾ,റഷ്യനിൽ പ്രസംഗിക്കാം എന്നായി വില്യംസ്.ക്ഷീണിതനായ ലെനിന് ,തൻറെ പ്രസംഗം നന്നായില്ലെന്ന് അറിയാമായിരുന്നു.വില്യംസ് പ്രസംഗിച്ചു മുന്നേറിയപ്പോൾ,ഇടക്കിടെ പട്ടാളക്കാർ പൊട്ടിച്ചിരിച്ചു,കൈയടിച്ചു.വില്യംസ് ആയി,അന്നത്തെ താരം.
ആൽബർട്ട് റീസ് വില്യംസ് 
യോഗം കഴിഞ്ഞ്,ലെനിൻ നടുമുറ്റത്തേക്ക് നടന്നു.പട്ടാളം അനുഗമിച്ചു.ലെനിൻ,ഫിൻലൻഡിൽ മേൽനോട്ടക്കാരനായിരുന്ന സ്വിസ് കമ്മ്യൂണിസ്റ്റ്  ഫ്രിറ്റ്സ് പ്ലാറ്റനെയും തൻറെ സഹോദരി മരിയയെയും കൂടെ കൂട്ടിയിരുന്നു.റൈഡിങ് സ്‌കൂളിൽ നിന്ന് 50 വാര മഞ്ഞിലൂടെ കാർ നീങ്ങിയപ്പോൾ,മൂന്ന് വെടിയുണ്ടകൾ വിൻഡ് ഷീൽഡ് തകർത്ത് കാറിനുള്ളിലേക്ക് കയറി.പ്ലാറ്റൻ ലെനിൻറെ തല പിടിച്ചു താഴ്ത്തി.ഡ്രൈവർ വേഗം കൂട്ടി,അടുത്ത വളവെടുത്ത്,കാർ നിർത്തി.നിർത്തിയത് വിഡ്ഢിത്തമായിരുന്നു -വീണ്ടും ആക്രമണം നടക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നില്ല.വെടിയുണ്ടകൾ  വന്നത്,പിന്നിൽ റൈഡിങ് സ്‌കൂളിന്റെ ഭാഗത്തു നിന്ന് തന്നെ ആയിരുന്നു.ലെനിൻ രക്ഷപ്പെട്ടത്,മാർക്സിസത്തിൽ ഇല്ലാത്ത അദ്‌ഭുതം കൊണ്ട് മാത്രമായിരുന്നു.ഡ്രൈവർ പുറത്തിറങ്ങി ടയറുകൾ പരിശോധിച്ചു.ടയർ പൊട്ടിയെങ്കിൽ അപകടമായേനെ.മഞ്ഞിൻറെ പുതപ്പിലൂടെ അവർ ഭരണ കേന്ദ്രമായ സ്‌മോൾനിക്ക് നീങ്ങി.പ്ലാറ്റന്റെ കൈയിൽ നേരിയ പരുക്ക് മാത്രം.ആ പരുക്ക് പിൽക്കാലത്ത് അയാൾ സദാ പ്രദർശിപ്പിച്ചു .
ഫ്രിറ്റ്സ് പ്ലാറ്റൻ 
നാലു ദിവസത്തിന് ശേഷം നിയമ നിർമാണ സഭ ചേർന്നു.രണ്ടായിരം നാവികരും പട്ടാളക്കാരും കൊട്ടാരം വളഞ്ഞു.12 മണി ആയപ്പോൾ ജനക്കൂട്ടം ഇരച്ചെത്തി.പട്ടാളം അതിന് നേരെ നിറയൊഴിച്ചു.എട്ടൊമ്പതു പേർ കൊല്ലപ്പെട്ടു.വീണ്ടും മറ്റൊരു ജനക്കൂട്ടം രൂപപ്പെട്ടു.അതിന് നേരെയും നിറയൊഴിച്ചു.അത്രയും പേർ പിന്നെയും കൊല്ലപ്പെട്ടു.
സഭാംഗങ്ങൾ സമ്മേളനം പുലരും വരെ നീളുമെന്ന് സംശയിച്ച് മെഴുകു തിരികൾ കരുതിയിരുന്നു.ഹാളിൽ ബോൾഷെവിക് അംഗങ്ങളെ കണ്ടില്ല.അവർ കൊട്ടാരത്തിലെ മറ്റൊരു മുറിയിൽ ലെനിനൊപ്പം ചർച്ചയിൽ ആയിരുന്നു-രണ്ടു മണി.ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയയും സഹോദരി മരിയയും സെക്രട്ടറി ബ്രോൻച് ബ്രയെവിച്ചും ഉണ്ടായിരുന്നു.നാലുമണിയോടെ,അവിടെ നിന്ന് ലെനിൻ സമ്മേളന ഹാളിലേക്ക് നടക്കുമ്പോൾ,പിസ്റ്റൾ മുറിയിൽ മറന്നു.ഓവർ കോട്ടിലാണെന്ന് ഓർമിച്ചു തിരിഞ്ഞ് നടന്നു.മുറിയിലെത്തിയപ്പോൾ,പിസ്റ്റൾ കാണാതായിരുന്നു.ലെനിൻ രോഷം കൊണ്ടു.
വിക്റ്റർ ചെർണോവ് 
സമ്മേളനാരംഭത്തിൽ,സോഷ്യലിസ്റ്റ് റെവല്യൂഷനറി പാർട്ടിയിലെ വലതു വലതു വിഭാഗത്തിലുള്ള സെർജി ഷ്വെറ്റ് സോവ് എന്ന മുതിർന്ന അംഗം അധ്യക്ഷനാകണമെന്ന് കീഴ്വഴക്കം ചൂണ്ടിക്കാട്ടി അംഗങ്ങൾ വാദിച്ചു.അദ്ദേഹം എഴുന്നേറ്റ് സമ്മേളനം തുടങ്ങുന്നതായി പ്രഖ്യാപിക്കാൻ ഒരുമ്പെട്ടപ്പോൾ,അയാളെ തള്ളി മാറ്റി,ബോൾഷെവിക് അംഗം യാക്കോവ് സ്വെർദ് ലോവ്,സമ്മേളനം തുടങ്ങുന്നതായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ പാടണമെന്ന് ഒരംഗം ആവശ്യപ്പെട്ടപ്പോൾ എല്ലാവരും യോജിച്ചു.അധ്യക്ഷ സ്ഥാനത്തേക്ക് റെവല്യൂഷനറി പാർട്ടി ഇടത് പക്ഷത്തിലെ മരിയ സ്പിരിഡോനോവയും വലതു പക്ഷത്തിലെ വിക്റ്റർ ചെർണോവും മത്സരിച്ചു.തംബോവിലെ ഗവർണറെ വെടിവച്ചു കൊന്ന് ശിക്ഷിക്കപ്പെട്ടവളായിരുന്നു,മരിയ.തിരഞ്ഞെടുപ്പിൽ,244 -151 ന് മരിയ തോറ്റു.
റെവല്യൂഷനറി പാർട്ടി നയം സ്വെർദ് ലോവും ബോൾഷെവിക്കുകളുടേത് ബുഖാറിനും വിശദീകരിച്ചു.രാത്രി 11 ന് സ്വെർദ് ലോവിൻറെ രേഖയിൽ,ബോൾഷെവിക്കുകൾ 136 -237 ന് തോറ്റു.റെവല്യൂഷനറി പാർട്ടിയുടെ പരിപാടി പാർലമെന്റ്‌ അംഗീകരിച്ചു.തങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് ,ബോൾഷെവിക്കുകൾ ഇറങ്ങിപ്പോയി.
റെഡ് ഗാർഡുകൾ സഭയിൽ/ ബോറിസ് സ്വികോറിൻ 
സമ്മേളനം തുടർന്നു.ചെർണോവ് ഭൂപരിഷ്‌കരണ ബില്ലിൻറെ കരട് അവതരിപ്പിച്ചു.പുതിയ റിപ്പബ്ലിക് നിലവിൽ വന്നതായുള്ള പ്രമേയം അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ, ഹാളിലെ വിളക്കുകൾ അണഞ്ഞു.പുലർച്ചെ നാലരയോട് അടുത്തിരുന്നു.സമ്മേളനം തുടങ്ങി 13 മണിക്കൂർ പിന്നിട്ടിരുന്നു.അങ്ങനെ,ബഹളത്തിൽ തുടങ്ങി,ഇരുളിൽ ആദ്യസമ്മേളനം ബോൾഷെവിക്കുകൾ അവസാനിപ്പിച്ചു.മണിക്കൂറുകൾ കഴിഞ്ഞ്,പാർലമെൻറ് പിരിച്ചു വിട്ട്,ലെനിൻ തിട്ടൂരം ഇറക്കി.
ആ അട്ടിമറി കഴിഞ്ഞ്,അടുത്ത നാൾ ഉച്ചയോടെ സ്‌മോൾ നിയിൽ ഓൾ റഷ്യൻ സോവിയറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു.ലെനിൻ കടന്നു വരുമ്പോൾ,ആറടി അഞ്ചിഞ്ച് ഉയരമുള്ള ബോൾഷെവിക് പാർലമെൻറ് അംഗം ക്രാമനോവ് ഉച്ചത്തിൽ വിളിച്ചു:ഏകാധിപതി നീണാൾ വാഴട്ടെ !

ലെനിൻ പ്രസംഗിച്ചു:പാർലമെന്റിന്റെ നയം താൽക്കാലിക ഭരണ കൂടത്തിന്റേത് തന്നെ.റഷ്യൻ വിപ്ലവം ബൂർഷ്വാ വിപ്ലവത്തിൽ നിൽക്കരുത്.ജനം പറഞ്ഞത് കൊണ്ട് പാർലമെൻറ് സമ്മേളനം വിളിച്ചെന്നേയുള്ളൂ .
ലെനിൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല.പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തണം എന്നത് ബോഷെവിക്കുകളുടെ കൂടി ആവശ്യമായിരുന്നു.അതിൽ ബോൾഷെവിക്കുകൾ തോറ്റപ്പോൾ,ലെനിന് ഇറങ്ങിപ്പോകാമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചു വിട്ടു;തിരഞ്ഞെടുപ്പ് അട്ടിമറിച്ചു,പാർലമെന്റും പിരിച്ചു വിട്ടു.
തൊഴിലാളി സർവാധിപത്യത്തെ  മാർക്സിസ്റ്റ് ചിന്തകൻ കൗട് സ്‌കി വിമർശിച്ചപ്പോൾ,ലെനിൻ അദ്ദേഹത്തെ ചീത്ത വിളിച്ചു:ബൂർഷ്വ,ചെരുപ്പ് നക്കി !
അത് ശരിയായില്ലെന്ന് റോസാ ലക്സംബർഗ് റഷ്യൻ വിപ്ലവം എന്ന പ്രബന്ധത്തിൽ എഴുതി:*
ഇതെല്ലാം നശിപ്പിച്ചു കഴിഞ്ഞാൽ,എന്താണ് ബാക്കി?തിരഞ്ഞെടുപ്പ് വഴി നിലവിൽ വന്ന പ്രതിനിധി സഭകൾക്ക് പകരം,ലെനിനും ട്രോട് സ്‌കിയും സോവിയറ്റുകൾ മാത്രമാണ് യഥാർത്ഥ പ്രതിനിധാനമെന്ന് ഉറപ്പിച്ചിരിക്കുന്നു...ജനാധിപത്യത്തിന് പകരം,ഏകാധിപത്യം ,ബൂർഷ്വാ ഏകാധിപത്യം .ഇത് സോഷ്യലിസ്റ്റ് നയമല്ല.

തൻറെ നടപടിയെ ന്യായീകരിക്കാൻ ലെനിൻ പ്രത്യയ ശാസ്ത്രം മുഴുവൻ അരിച്ചു പെറുക്കി.ഒടുവിൽ 1903 ലെ രണ്ടാം പാർട്ടി കോൺഗ്രസിൽ പ്ലഖനോവ് നടത്തിയ പ്രസംഗത്തിലെ ലാറ്റിൻ ഉദ്ധരണിയിൽ അഭയം  തേടിയെന്ന് ക്രൂപ് സ്കേയ പിന്നീട് ഓർമിച്ചു:Salus revolutionis Suprema.വിപ്ലവത്തിൻറെ വിജയമാണ്,ഏറ്റവും വലിയ നിയമം.( The  Success of revolution is the Supreme Law .).
ഈ വരട്ടുവാദം മുഴുവൻ ലെനിന് ഗുരുവായ ഭീകരൻ നെചായെവിൽ നിന്ന് കിട്ടിയതാണെന്ന് കാണാം.അയാളുടെ വിപ്ലവകാരിയുടെ അനുഷ്ഠാന വിധി ( Catechism of a Revolutionary ) യിലെ പ്രധാന തത്വങ്ങൾ ഇവയാണ്:**

  • വിപ്ലവകാരിക്ക് ഒന്നും നോക്കാനില്ല.അയാൾക്ക് താല്പര്യങ്ങളോ വികാരങ്ങളോ ഇല്ല.വിപ്ലവം മാത്രമാണ് ലക്ഷ്യം.സാമൂഹിക ക്രമവുമായി സകല ബന്ധവും അയാൾ വിച്ഛേദിച്ചിരിക്കുന്നു.ധാർമികതയോ സംസ്കാരമോ അയാൾക്കില്ല.അയാൾ സമൂഹത്തെ നശിപ്പിക്കും.
  • എല്ലായിടത്തും വിപ്ലവകാരി നുഴഞ്ഞു കയറും.സകലരെയും ചൂഷണം ചെയ്യും.സകലരെയും കാൽകീഴിലാക്കും.സാധാരണക്കാരൻറെ ദുരിതങ്ങൾക്ക് ആക്കം കൂട്ടും.അയാൾ ക്രൂരനായ ക്രിമിനലിൻറെ സഖ്യത്തിലാകും.ആ ക്രിമിനലാണ്,റഷ്യയിലെ യഥാർത്ഥ വിപ്ലവകാരി.
ഈ സിദ്ധാന്തത്തിൻറെ മൂർത്ത രൂപമാണ്,ലെനിൻ.
നെചായേവ് 
പഴയ സഖാവിനെ 1869 ൽ കൊന്ന് റഷ്യ വിട്ട ഭീകരനാണ്,ഈ ഗുരു.ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ നിന്ന് പുറത്തായ അയാൾ,1872 ൽ സ്വിറ്റ്സർലൻഡിൽ പിടിയിലായി.റഷ്യയിലേക്ക് നാട് കടത്തി.20 കൊല്ലം ശിക്ഷ കിട്ടി.ദസ്തയേവ്സ്കിയുടെ Demons എന്ന നോവലിലെ പ്യോത്തർ വെർഖോവൻസ്‌കി,ഈ ഗുരുവാണ്.അയാളുടെ നിഹിലിസ്റ്റ് പ്രസ്ഥാനത്തിന് എതിരായ നോവലാണ്,അത്.ദസ്തയേവ്സ്കി ലെനിന് പ്രിയങ്കരൻ ആയിരുന്നില്ല.ലെനിൻ എങ്ങനെ ഇരിക്കുമെന്ന് 1917 വരെ റഷ്യക്കാർക്ക് അറിവുണ്ടായിരുന്നില്ല.അത് വരെ പ്രവദ ലെനിൻറെ ചിത്രം അടിച്ചിരുന്നില്ല.1921 ലെ ആഭ്യന്തര യുദ്ധ കാലത്തും അയാളെ അറിയുമായിരുന്നില്ല.ആ വർഷത്തെ പുത്തൻ സാമ്പത്തിക നയം വന്നപ്പോൾ ജനം അയാളെ ശ്രദ്ധിച്ചു.

അടിമ കുടുംബത്തിൽ ജനിച്ച നെചായേവ്,18 വയസിൽ ചരിത്രകാരൻ മിഖയിൽ പോഗോഡിൻറെ സഹായി ആയി.അധ്യാപക പരിശീലനം നേടി.നിക്കോളായ് ചേർനിഷെവ്‌സ്‌കിയുടെ എന്താണ് ചെയ്യേണ്ടത് ?( 1863 )എന്ന നോവലിലെ റാഖ്മെറ്റോവിനെപ്പോലെ പായയിൽ ഉറങ്ങി.കറുത്ത റൊട്ടി  തിന്നു.ആ നോവൽ ലെനിനും പ്രിയമായിരുന്നു -ആ ശീർഷകം കടമെടുത്താണ് ലെനിൻറെ മുഖ്യ പ്രബന്ധം.തുർഗനേവിന്റെ Fathers and Sons എന്ന നോവലിന് മറുപടി ആയിരുന്നു,ഈ നോവൽ.
സ്‌കൂളിൽ രാത്രി മെഴുകുതിരി വെട്ടത്തിൽ വിപ്ലവം വായിച്ചിരുന്ന നെചായേവ് അതിന് വേറ സസൂലിച്ചിനെയും ക്ഷണിച്ചിരുന്നു.അതിന് പോയെങ്കിലും പ്രണയം അവൾ നിരസിച്ചു.വിപ്ലവകാരിക്ക് വികാരങ്ങൾ പാടില്ല എന്ന് അയാൾ എഴുതിയത്,ഇത് കൊണ്ടാകാം.ജനീവയിൽ സൈദ്ധാന്തികൻ ബക്കുനിൻറെ വത്സല ശിഷ്യനായി.നെചായേവിന്റെ അനുഷ്ഠാന വിധി യിലാണ്,ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന അപകടകരമായ വാചകം പ്രത്യക്ഷപ്പെട്ടത്.
------------------------------------------
*Rosa Luxemberg / The Russian Revolution,1918,Chapter 6 
**Sergy Nechayev / Catechism of a Revolutionary,1869.Quoted in Stalin:The First in -depth Biogrophy  based on Explosive New Documents from Russia's Secret Archives,1997 / Edward Radzinsky 




ഒരു റഷ്യൻ യക്ഷിക്കഥ 8

8 .ലെനിൻ തൊഴിലാളികൾക്ക് എതിരെ 


ലോക ചരിത്രത്തിൽ ലെനിന്റേതു പോലെ ഒരു വൃത്തികെട്ട ഭരണം വേറെ ഉണ്ടായിട്ടില്ല.

അയാൾ സിംഹാസനം ഏറിയ ശേഷം,ഭരണം വിലയിരുത്താനും മറ്റും പാർട്ടി യോഗങ്ങൾ നടന്നത് വല്ലപ്പോഴുമാണ്.യോഗങ്ങൾ നടക്കുമ്പോൾ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കും.ഒടുവിൽ സിനോവീവോ കാൾ റാഡെക്കോ ചോദിക്കും:" സഖാവിൻറെ അഭിപ്രായമെന്ത്?"
അപ്പോൾ പ്രസംഗിക്കും.

യോഗത്തിന് എത്തുന്നവരോട് പുച്ഛമായിരുന്നു.രണ്ട് പേരെ മാത്രം അയാൾ പരിഗണിച്ചു:ട്രോട് സ്‌കി,ഷെർഷിൻസ്കി.പോളിഷ്,ജർമൻ സോഷ്യലിസ്റ്റ് നേതാവായ റാഡെക് ( 1885 -1939 )  1917 ന് ശേഷം റഷ്യയിൽ എത്തി.ജൂതൻ.ശരിപ്പേർ കരോൾ സോബൽസോഹൻ .സ്റ്റാലിന്റെ കാലത്ത് കൊന്നു.ലെനിൻറെ രഹസ്യ പൊലീസ് ചേക യുടെ മേധാവി ആയിരുന്നു,ഫെലിക്സ് ഷെർഷിൻസ്കി ( Felix Dzerzhinsky )പോളിഷ് സമ്പന്ന കുടുംബത്തിലെ അംഗം.വിമത ശബ്‌ദം ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുകയായിരുന്നു,അയാളുടെ പണി.കൊല ഇഷ്ടപ്പെട്ടത് കൊണ്ടല്ല,സഖാക്കളുടെ പാപം സഹിക്കാൻ കഴിയാത്തത്‌ കൊണ്ടാണ് കൊന്നതെന്ന് അയാൾ പറഞ്ഞു പോന്നു.

കേന്ദ്ര തടി കമ്മിറ്റി ( Central timber committee ) മേധാവി എന്ന നിലയിൽ തൊഴിൽ / പ്രതിരോധ സോവിയറ്റിൽ അംഗമായിരുന്ന സൈമൺ ലീബർമാൻ ഓർത്തിരുന്ന ഒരു സംഭവമുണ്ട്:വന മേഖലകളിലെ കർഷകർ നിശ്ചിത തൂക്കം വിറക് കേന്ദ്രത്തിന് നൽകാൻ ക്വോട്ട വച്ചിരുന്നു.പലപ്പോഴും അത് കിട്ടിയില്ല.എന്ത് പരിഹാരം എന്ന ചർച്ചയിൽ ഷെർഷിൻസ്കി പറഞ്ഞു:" കർഷകർ തന്നില്ലെങ്കിൽ ഇരട്ടി ഫോറസ്റ്റർമാർ നൽകണമെന്ന് നിശ്ചയിക്കാം;തന്നില്ലെങ്കിൽ വെടി വയ്ക്കാം".
ഷെർഷിൻസ്കി 
അങ്ങനെ നിരവധി ഫോറസ്റ്റർമാർ കൊല്ലപ്പെട്ടപ്പോൾ,ആ തൊഴിലിൽ അനുഭവ ജ്ഞാനം ഉള്ളവർ ഇല്ലാതായി.1919 വസന്തത്തിൽ പുട്ടിലോവ് ഫാക്റ്ററി തൊഴിലാളികൾ പെട്രോഗ്രാഡ് തെരുവുകളിൽ ലെനിന് എതിരെ പ്രകടനം നടത്തി.അവർ വിളിച്ചു പറഞ്ഞു:" ലെനിനും കുതിര മാംസവും തുലയട്ടെ,ഞങ്ങൾക്ക് സാറും ( ചക്രവർത്തി ) പന്നി മാംസവും മതി".
തൊഴിലാളികളെ വെടിവച്ചു കൊന്നു,ഫാക്ടറികൾ പൂട്ടി.ഫാക്റ്ററികൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ,ലെനിൻ ഉയർത്തിയ ഭീകരത കാരണം കിട്ടിയില്ല.സമ്പദ് രംഗം താറുമാറായി.1921 ഫെബ്രുവരിയിൽ ലെനിൻ സുഹൃത്ത് ഗ്ളെബ് കിർഷിഷാനോവ്‌സ്‌കിക്ക് എഴുതി:"നാം യാചകരായി;പട്ടിണിയിൽ നാം അനാഥരായ പിച്ചക്കാരായി".
അലക്‌സാണ്ടർ ഷ്ല്യാപ്നിക്കോവും അലക്‌സാൻഡ്ര കൊലോന്റെയും നേതൃത്വം നൽകിയ ' തൊഴിലാളി പ്രതിപക്ഷം',ഫാക്റ്ററികൾ തൊഴിലാളികൾക്ക് കൊടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി.
നടക്കാത്ത ഒക്ടോബർ വിപ്ലവത്തെപ്പറ്റിയാണ്,' ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന വ്യാജ നിർമിതി അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് ലോകത്തിന് നൽകിയത്.ലോകത്തെ ഇന്നും പിടിച്ചു കുലുക്കുന്ന നാല് സംഭവങ്ങൾ ലെനിൻറെ ദുർഭരണത്തിൽ നടന്നു.പോളണ്ടുമായുള്ള യുദ്ധം,തംബോവ്  കലാപം,ക്രോൺസ്റ്റാറ്റ് കലാപം,1921 -22 ലെ ക്ഷാമം.

പോളണ്ടുമായുള്ള യുദ്ധം 

1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.
പോളിഷ് പ്രതിരോധ നിര,1920 
പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.

തംബോവ് കലാപം 

ആഭ്യന്തരയുദ്ധ കാലത്ത്,റഷ്യയിൽ 1920 -21 ൽ ഉണ്ടായ,ലോകത്തിലെ ഏറ്റവും വലിയ കർഷക കലാപം.ഇതിൽ 1,40,000 പേർ കൊല്ലപ്പെട്ടു.
മോസ്‌കോയിൽ നിന്ന് 300 മൈൽ തെക്കുകിഴക്ക് തംബോവ് ഒബ്ലാസ്റ്റ്,വോറൊനേഷ് ഒബ്ലാസ്റ്റ് ,മേഖലയിൽ ആണ് ഇതുണ്ടായത്.സോഷ്യലിസ്റ്റ് റവലൂഷനറി പാർട്ടി നേതാവായ അലക്‌സാണ്ടർ ആന്റോനോവ് ആണ് നേതൃത്വം നൽകിയത്.ആന്റോനോവ് ലഹള എന്നും അറിയപ്പെടുന്നു.

ലെനിൻ ഭരണം ഏറിയതോടെ,ബോൾഷെവിക്കുകൾ അധിക ധാന്യം പിടിച്ചെടുക്കൽ ( Prodrazryorstka ) നയം നടപ്പാക്കി.ഒരു മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം,കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ,വീട്ടാവശ്യത്തിനുള്ളതു കഴിച്ച്,ബാക്കി നഗര വിതരണത്തിനായി ചെറിയ തുക നൽകി പിടിച്ചെടുക്കുന്ന പരിപാടി ആയിരുന്നു,ഇത്.തംബോവിൻറെ ക്വോട്ട 1.8 കോടിയിൽ നിന്ന് 2 .7 കോടി പൂഡ്‌സ് ആയി ഉയർത്തി.ഒരു പൂഡ്‌സ് 16 .38 കിലോ.
ഇതിൽ രോഷാകുലരായ കർഷകർ 1920 ഓഗസ്റ്റ് 19 ന് ഖിട്രോവോയിൽ കലാപം തുടങ്ങി.ജനത്തിന് മുന്നിൽ,കാരണവന്മാരെ തല്ലി റെഡ് ആർമി ധാന്യം പിടിച്ചതായിരുന്നു,പ്രകോപനം.തംബോവ് കർഷകർ യൂണിയൻ ഉണ്ടാക്കി സ്വന്തമായി കോൺഗ്രസ് വിളിച്ചുകൂട്ടി സോവിയറ്റ് അധികാരത്തെ നിരാകരിച്ചു;സ്വന്തമായി നിയമ നിർമാണ സഭ ഉണ്ടാക്കി.സഭ,പ്രായപൂർത്തി വോട്ടവകാശവും ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു.ഭൂമി മുഴുവൻ കർഷകർക്ക് വിട്ടു നൽകുകയായിരുന്നു,ഉന്നം.
ആന്റോനോവ് ( നടുവിൽ )
കലാപകാരികളായ കർഷകരുടെ എണ്ണം 1920 ഒക്ടോബറിൽ 50000 ആയിരുന്നു.ഇവർക്കൊപ്പം റെഡ് ആർമിയിൽ നിന്ന് വിരമിച്ച ഭടന്മാരും ചേർന്നു,ഇക്കൂട്ടർ സോവിയറ്റ് രഹസ്യ പൊലീസ് ആയ ചേക യിൽ നുഴഞ്ഞു കയറി.70000 വരുന്ന കലാപകാരികളെ റെഡ് ആർമി,അതിൻറെ മേധാവി മിഖയിൽ തുഖാചേവ്സ്കിയുടെ നേതൃത്വത്തിൽ നേരിട്ടു.ബോൾഷെവിക്കുകൾ കർഷകർക്ക് നേരെ രാസായുധങ്ങൾ പ്രയോഗിച്ചു.ഏഴു ഉന്മൂലന ക്യാമ്പുകൾ ഭരണകൂടം തുറന്നു.1921 ഫെബ്രുവരി രണ്ടിന് ഭരണകൂടം ധാന്യം പിടിക്കൽ നിർത്തി .അന്റോനോവിനെ 1922 ൽ കൊന്നു.പത്താം കോൺഗ്രസിന് മുൻപ് ഈ മേഖലയിൽ,നികുതി ( Prodnalog ) ഏർപ്പെടുത്തി.കോൺഗ്രസ് ഈ നയം അംഗീകരിച്ചു.
കർഷകരായ കലാപകാരികളെ ബോൾഷെവിക്കുകൾ,കാട്ടുകള്ളന്മാർ എന്ന് വിളിച്ചു.കലാപ കാലത്ത്,കസാൻ മൊണാസ്ട്രിയുടെ വിന്റർ ചർച്,പ്രാദേശിക ചേക ആസ്ഥാനമാക്കി.അത് തംബോവ് സൈനിക കമ്മിസാരിയറ്റിന്റെ ആർകൈവ്സ് ആയി.1933 ൽ പ്രാദേശിക ഭരണകൂടം കലാപ രേഖകൾക്ക് തീയിട്ടു.തീ നിയന്ത്രണാതീതമായപ്പോൾ,വെള്ളമൊഴിച്ചു ;മണ്ണ് വിതറി.അൾത്താരയിൽ തീയിട്ടില്ല.അതിനാൽ,1982 ൽ കുറെ രേഖകൾ കിട്ടി.
തംബോവിലെ പാർട്ടി മേധാവി അലക്‌സാണ്ടർ ഷ്ലിക്റ്റർ ,ലെനിനെ നേരിട്ട് വിളിച്ച ശേഷമാണ്,പട്ടാളത്തെ അയച്ചത്.

കലാപത്തെ ആധാരമാക്കി,2011 ൽ ആൻഡ്രി സ്മിർനോവ് Once Upon a time there Lived a Simple Woman എന്ന സിനിമയെടുത്തു.അലക്‌സാണ്ടർ സോൾഷെനിത്സിൻറെ Apricot Jam and Other Stories ൽ യൗവനത്തിൽ കലാപകാരികളെ നേരിട്ട ജനറലിന്റെ കഥയുണ്ട്.

ക്രോൺസ്റ്റാറ്റ് കലാപം 

സോവിയറ്റ് ബാൾട്ടിക് നാവിക വ്യൂഹത്തിൻറെ താവളമായ ഫിൻലൻഡ്‌ ഉൾക്കടലിലെ കോട്ട്ലിൻ ദ്വീപിലുള്ള നാവികക്കോട്ടയാണ്,ക്രോൺസ്റ്റാറ്റ്.55 കിലോമീറ്റർ അകലെയുള്ള പെട്രോഗ്രാഡിൻറെ കാവൽപ്പുര.അവിടെ സ്റ്റെപ്പാൻ പെട്രിചെങ്കോയുടെ നേതൃത്വത്തിൽ 1921 മാർച്ചിൽ ആയിരുന്നു,നാവിക കലാപം.നാവികരും നാട്ടുകാരുമായി 10000 പേരെ റെഡ് ആർമി വെടിവച്ചു കൊന്നു.
റഷ്യയുടെ സമ്പദ് രംഗം താറുമാറായിരുന്നു.വ്യവസായോത്പാദനം കുത്തനെ താണു.ഒന്നാം ലോകയുദ്ധകാലത്ത് നിന്ന് 1921 ൽ ഖനികളുടെയും ഫാക്റ്ററികളുടെയും ഉൽപാദനം 20 ശതമാനത്തിലേക്ക് താണു.മറ്റു ചില മേഖലകൾ മരവിച്ചു.പരുത്തി ഉൽപാദനം വെറും 5 %,ഇരുമ്പ് 2 %.ഒപ്പം 1920 ലെ വരൾച്ചയും 1921 ലെ ക്ഷാമവും.കർഷകർ പാടങ്ങൾ ഉഴുതില്ല.1921 ഫെബ്രുവരിയിൽ നൂറിലധികം കർഷക കലാപങ്ങൾ ഉണ്ടായി.പെട്രോഗ്രാഡ് തൊഴിലാളികൾ പണിമുടക്കി.റൊട്ടി റേഷൻ മൂന്നിലൊന്നായി.
1921 ഫെബ്രുവരി 26 ന് ക്രോൺസ്റ്റാറ്റിലെ നാവിക പ്രതിനിധികൾ പെട്രോഗ്രാഡിൽ എത്തി സ്ഥിതി വിലയിരുത്തി.28 ന് ബാൾട്ടിക് കപ്പലുകളായ പെട്രോപാവ്ലോസ്‌ക്,സേവാസ്റ്റോപോൾ എന്നിവയിലെ നാവികർ അടിയന്തര യോഗം ചേർന്ന് 15 ആവശ്യങ്ങൾ അടങ്ങിയ പ്രമേയം അംഗീകരിച്ചു.നിലവിലുള്ള സോവിയറ്റുകൾ തൊഴിലാളി,കർഷക താൽപര്യങ്ങൾ സംരക്ഷിക്കാത്തതിനാൽ,സോവിയറ്റുകളിലേക്ക് രഹസ്യ ബാലറ്റ് വഴി പുതിയ തിരഞ്ഞെടുപ്പ്,ആവിഷ്കാര സ്വാതന്ത്ര്യം,യൂണിയൻ സ്വാതന്ത്ര്യം,തടവുകാരുടെ മോചനം,സായുധ സേനകളിൽ പാർട്ടി നിരോധനം,റേഷൻ സമത്വം,കർഷക വാതന്ത്ര്യം എന്നിവയായിരുന്നു ആവശ്യങ്ങൾ.മാർച്ച് ഒന്നിലെ പൊതുയോഗത്തിൽ ബാൾട്ടിക് കമ്മിസാർ മിഖയിൽ കാലിനിൻ പങ്കെടുത്തു.16000 നാവികർ കാലിനിന്റെ  ഭീഷണിക്ക് വഴങ്ങിയില്ല.ഏഴിന് റെഡ് ആർമി നാവികരെ ആക്രമിച്ചു.17 ന് ബോൾഷെവിക്കുകൾ എത്തി.അവരും സൈന്യവും ചേർന്ന് 10000 പേരെ കൊന്നൊടുക്കി.12 ദിവസത്തെ കലാപം അമർച്ച ചെയ്ത ശേഷം,ബോൾഷെവിക്കുകൾ പാരീസ് കമ്മ്യൂണിന്റെ 50 വർഷം കൊണ്ടാടി.1200 -2168 കലാപകാരികളെ ഉന്മൂലനം ചെയ്‌തു.
കലാപത്തിന് ശേഷം ലെനിൻ പറഞ്ഞു:" ഒരു മിന്നൽ പോലെ ക്രോൺസ്റ്റാറ്റ് സത്യം വെളിവാക്കി."
പെട്രിചെങ്കോ  
'യുദ്ധ കമ്മൂണിസം ' നിർത്തി ലെനിൻ പുത്തൻ സാമ്പത്തിക നയം കൊണ്ട് വന്നു.ലോകവിപ്ലവം ഉടൻ ഉണ്ടാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.കലാപ നേതാവായ പെട്രോചെങ്കോ കർഷക കുടുംബത്തിൽ നിന്നായിരുന്നു.നാവികരിൽ മുക്കാൽ പങ്കും തെക്കുകിഴക്ക് നിന്നുള്ള പുത്തൻ കർഷക യുവാക്കൾ ആയിരുന്നു.സ്വാതന്ത്ര്യം ആഗ്രഹിച്ചതായിരുന്നു,കുറ്റം.
കലാപശേഷം രക്ഷപ്പെട്ട് ഫിൻലൻഡിൽ എത്തിയ പെട്രിചെങ്കോ  അവിടെ ചാരനായി 1941 ൽ അറസ്റ്റിലായി.അയാളെ 1944 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.പത്തു കൊല്ലം തടവിൽ കിടന്ന് മരിച്ചു.8000 പേർ ഫിൻലൻഡിൽ അഭയം തേടി.1917 ൽ 30 ലക്ഷം വ്യവസായ തൊഴിലാളികൾ ഉണ്ടായിരുന്നത്,കലാപശേഷം 12,40,000  ആയി കുറഞ്ഞു-58 .7% ഇടിവ്.കർഷകരുടെ എണ്ണം 21 ലക്ഷത്തിൽ നിന്ന് 34000 ആയി -98.59 % ഇടിവ്.
ലൂയി ഫിഷർ God that Failed ( 1949 ) എന്ന പുസ്തകത്തിൽ,കലാപത്തിൻറെ അനന്തര ഫലം ഇങ്ങനെ രേഖപ്പെടുത്തി:മുൻപ് സഖാക്കളും അനുഭാവികളും പാർട്ടി വിടുക മാത്രമായിരുന്നു;ക്രോൺസ്റ്റാറ്റിന് ശേഷം,അവർ പാർട്ടി വിരുദ്ധരായി.

1921 -22 ലെ ക്ഷാമം 

വോൾഗ,യുറാൾ നദീ മേഖലകളിലായിരുന്നു,ക്ഷാമം.ഒരു കോടിയോളം മനുഷ്യർ ക്ഷാമത്തിൽ മരിച്ചു.മനുഷ്യൻ,മനുഷ്യനെ തിന്നുന്ന നിലയുണ്ടായി.ഒന്നാം ലോകയുദ്ധം,റഷ്യൻ ആഭ്യന്തര യുദ്ധം എന്നിവ വഴി റയിൽ ഗതാഗതം താറുമാറായതും സമ്പദ് രംഗം ശോഷിച്ചതും ബോൾഷെവിക്കുകളുടെ ധാന്യം പിടിച്ചെടുക്കൽ മൂലം കർഷകർ ഭക്ഷ്യോൽപാദനം ഉപേക്ഷിച്ചതും വോൾഗയിലെ വെള്ളപ്പൊക്കവും ക്ഷാമത്തിന് മുൻപത്തെ വരൾച്ചയുമാണ് കാരണങ്ങൾ;കുലാക്കുകൾ ഭക്ഷണം പൂഴ്ത്തി എന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു.
മാക്‌സിം ഗോർക്കിയുടെ അഭ്യർത്ഥന മാനിച്ച്,അമേരിക്കൻ വ്യവസായിയും പിന്നീട് പ്രസിഡൻറുമായ  ഹെർബർട്ട് ഹൂവറുടെ എ  ആർ എ ( American Relief Administration ) റഷ്യയിൽ ഭക്ഷ്യ വസ്‌തുക്കൾ എത്തിച്ചു."അമേരിക്കൻ ഭക്ഷണം കുട്ടികകൾക്ക് മാത്രം കൊടുത്താൽ മതി  എന്ന് ലെനിൻറെ തിട്ടൂരം വന്നു.
1921 ക്ഷാമം,യുക്രൈനിലെ കുട്ടി 
ക്ഷാമം,ക്രിസ്ത്യൻ സഭക്കെതിരെ നീങ്ങാൻ അവസരമാണെന്ന് ലെനിൻ 1922 മാർച്ച് 19 ന് പൊളിറ്റ് ബ്യുറോയ്ക്ക് എഴുതി.ഓർത്തഡോക്സ് സഭയുടെ 45 ലക്ഷം ഗോൾഡൻ റൂബിളിൻറെ സ്വത്ത് കണ്ടുകെട്ടി അതിൽ പത്തു ലക്ഷം ദുരിതാശ്വാസത്തിന് ചെലവാക്കി.
ക്രോൺസ്റ്റാറ്റ് കലാപത്തിന് ശേഷം നടന്ന പത്താം പാർട്ടി കോൺഗ്രസ്,റഷ്യയിൽ അനുസരണ കർക്കശമാക്കാൻ തീരുമാനിച്ചു.ചേക യ്ക്ക് അളവറ്റ അധികാരം നൽകി.മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റുകളുടെയും അവശിഷ്ടങ്ങൾ കൂടി,ചേക വെടി വച്ച് തീർത്തു.
ഷെർഷിൻസ്കി 
ലെനിൻ 1917 ഡിസംബർ 20 ന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട് സൃഷ്ടിച്ചതാണ്,ചേക .നിയമനിർമാണ സഭ നിലവിൽ വരുന്ന അടിയന്തര സാഹചര്യം പറഞ്ഞായിരുന്നു,സൃഷ്ടി.' ഉരുക്ക് ഫെലിക്സ്' എന്നറിയപ്പെട്ട ഫെലിക്‌സ് ഷെർഷിൻസ്കി ( 1877 -1926 ) മേധാവി ആയി.മരണം വരെ തുടർന്നു.കത്തോലിക്കനായ അയാളുടെ കുടുംബത്തിന് വലിയ തോട്ടമുണ്ടായിരുന്നു.തോട്ടത്തിൽ അയാളുടെ സഹോദരി 12 വയസിൽ വെടിയേറ്റ് മരിച്ചു.വെടി വച്ചത് ഷെർഷിൻസ്‌കിയാണോ സഹോദരൻ സ്റ്റാനിസ്ലാവ് ആണോ എന്ന് ഇനിയും തീരുമാനം ആയിട്ടില്ല.
പോളണ്ട് ഭരണത്തലവൻ പിൽസുഡ്സ്‌കിയും ഷെർഷിൻസ്കിയും ഒരേ സ്‌കൂളിലാണ് പഠിച്ചത്.1904 ൽ സ്വിറ്റ്‌സർലൻഡിൽ ഷെർഷിൻസ്കിയുടെ കൈയിലാണ്,രോഗിയായ കാമുകി ജൂലിയ ഗോൾഡ് മാൻറെ മരണം.അയാൾ വിഷാദ രോഗിയായി.1905 ലെ വിപ്ലവം അയാളെ അതിൽ നിന്ന് രക്ഷിച്ചു.ആറാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ എത്തി.ഒക്ടോബർ അട്ടിമറിക്ക് ലെനിൻ വിളിച്ച 12 പേരുടെ രഹസ്യ യോഗത്തിൽ ഷെർഷിൻസ്കി ഉണ്ടായിരുന്നു.ലൈനിനൊപ്പം നിന്ന അയാൾ ലുബിയങ്ക തടവറയിലേത് ഉൾപ്പെടെ നിരവധി നിലവറകളിൽ ഉന്മൂലനം നടപ്പാക്കി.വർഗ്ഗവും വിപ്ലവ പൂർവ ചരിത്രവും നോക്കി ആയിരുന്നു,ശിക്ഷ.അയാളുടെ ലുബിയങ്ക ഓഫിസ് ചുമരിൽ റോസാ ലക്സംബർഗിൻറെ ചിത്രം ഉണ്ടായിരുന്നു.

See https://hamletram.blogspot.com/2019/07/7.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...