9.പാർലമെൻറ് ലെനിൻ പിരിച്ചു വിടുന്നു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസകരിൽ ഒരാളാണ്,ലെനിൻ. 'വിപ്ലവ' ശേഷം തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന നിയമ നിർമാണ സഭയെ ഒരു സമ്മേളനത്തിന് ശേഷം 1918 ജനുവരിയിൽ അയാൾ പിരിച്ചു വിട്ടു.ആ തിരഞ്ഞെടുപ്പിൽ ജനം ബോൾഷെവിക്കുകളെ തള്ളിക്കളഞ്ഞതായിരുന്നു,കാരണം.സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്ന് ശങ്കിച്ച ലെനിൻ,ഏതൊരു ഏകാധിപതിയെയും പോലെ,ഭയത്തിന് അടിമയായി,ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഭീകരത രാജ്യമെങ്ങും നടപ്പാക്കി.ജനം സാർ ചക്രവർത്തിയുടെ ഭരണം തൂത്തെറിഞ്ഞത്,റഷ്യൻ പാർലമെന്റായ ദൂമ പിരിച്ചു വിട്ടത് കൊണ്ടാണ്.കെറൻസ്കിയുടെ താൽക്കാലിക ഭരണ കൂടത്തിനെതിരെ ബോൾഷെവിക്കുകൾ ചാർത്തിയ കുറ്റവും,സഭ സജീവമാക്കാത്തതാണ്.ലെനിൻറെ മാതൃകയായ ഭീകരൻ നെചായേവ് ,ചക്രവർത്തിയുടെ സാക്ഷിക്കൂട്ടിൽ നിന്ന് വാദിച്ചപ്പോൾ ചൂണ്ടിക്കാണിച്ചതും റഷ്യയിൽ മധ്യ കാലഘട്ടത്തിൽ പോലും,സെംസ്‌കി സോബോർ ( Semski Sobor ) എന്ന സഭ ഉണ്ടായിരുന്നതാണ്.
സെംസ്‌കി സോബോർ എന്ന വാക്കിനർത്ഥം,നാടിൻറെ സഭ എന്നാണ്.16,17 നൂറ്റാണ്ടുകളിൽ റഷ്യയിൽ നില നിന്ന നിയമ സഭയാണ്,അത്.അതിന് പകരം,ചക്രവർത്തി നിക്കോളാസ് രണ്ടാമൻ ദൂമ രൂപീകരിച്ചത് 1905 ലാണ്.
ചക്രവർത്തിയോ ഓർത്തഡോക്സ് പാത്രിയർക്കീസോ ആയിരുന്നു,സോബോറിന്റെ അധ്യക്ഷൻ.മൂന്ന് വിഭാഗങ്ങളിൽ നിന്നായിരുന്നു,അംഗങ്ങൾ: പ്രഭുക്കൾ,വൈദികർ,കച്ചവടക്കാരുടെയും ജനത്തിൻറെയും പ്രതിനിധികൾ.ആദ്യ സോബോർ 1549 ൽ ഇവാൻ ദി ടെറിബിൾ രൂപീകരിച്ചു.ചക്രവർത്തിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന റബർ സ്റ്റാമ്പ് ആയിരുന്നു സഭ.1566 ൽ ഒപ്രിച് നിന ( Oprichnina ) നിരോധിക്കാൻ ആവശ്യപ്പെട്ട സഭ ചക്രവർത്തിയെ ഞെട്ടിച്ചു.രാഷ്ട്രീയ പൊലീസിനെ വച്ച് ചക്രവർത്തി പരസ്യ വധശിക്ഷയും അടിച്ചമർത്തലും പ്രഭുക്കളുടെ ഭൂമി പിടിക്കലും നടത്തുന്ന നയമായിരുന്നു,ഇത്.
സോഷ്യൽ ഡെമോക്രാറ്റ് പോസ്റ്റർ ,1917 |
നിയമ നിർമാണ സഭയ്ക്കായുള്ള ജനരോഷത്തോട് ലെനിൻ ആദ്യം പ്രതികരിച്ചത്,തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടായിരുന്നു.നാലഞ്ച് വർഷം ജനത്തെ രാഷ്ട്രീയം പഠിപ്പിച്ച് പാകമാകുമ്പോൾ തിരഞ്ഞെടുപ്പാകാം എന്ന് അയാൾ സിദ്ധാന്തിച്ചു.ആ സമയം കൊണ്ട് വോട്ടർ പട്ടികയിൽ ബോൾഷെവിക്കുകൾ മാത്രം ഉണ്ടാകുന്ന സ്ഥിതി വരും.ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ,ഭൂരിപക്ഷം കിട്ടണം എന്നില്ല.ഒരു ബൂർഷ്വാ സംവിധാനം മാത്രമാണ്,പാർലമെൻറ് !
1917 നവംബർ 25 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് നവംബർ 9 ന് ലെനിൻറെ തിട്ടൂരം ( decree ) വന്നു.മാൽനിൻസ്‌കി കൊട്ടാരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം തുടങ്ങി.നവംബർ 11 ന് മിലിട്ടറി കമ്മിറ്റി ചെയർ മാൻ പോഡ് വോയ്‌സ്‌കി,പെട്രോഗ്രാഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.നഗരത്തെ സൈന്യം വലയം ചെയ്‌തു.പ്രതിപക്ഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയായിരുന്നു,ഉന്നം.പ്രതിപക്ഷത്തിന് പോസ്റ്ററുകൾ തയ്യാറാക്കാൻ ആവശ്യമുള്ളത്ര കടലാസുകൾ കിട്ടാതായി.കമ്മീഷൻ പ്രവർത്തനത്തെ ലെനിൻ ഭരണ കൂടം തടസ്സപ്പെടുത്തി.
കേഡറ്റ് പോസ്റ്റർ,1917 |
ഈ അവസ്ഥയിൽ,ലെനിൻ തിരഞ്ഞെടുപ്പ് കമ്മീഷനെ തടവിലാക്കി.മോസസ് യൂറിറ്റ്സ്‌കിയെ പകരക്കാരനാക്കി.പ്രതിപക്ഷ നേതാക്കൾ വീട്ടു തടങ്കലിൽ ആയി.അച്ചടി ശാലകൾ പൂട്ടിച്ചു.ഡിസംബർ അഞ്ചിന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട്,ആ സ്ഥാനത്ത് പ്രതിവിപ്ലവ പ്രതിരോധ വകുപ്പ്,ചേക ഉണ്ടാക്കി.സിനോവീവും കൂട്ടരും സന്ധിക്കു വേണ്ടി വാദിച്ചെങ്കിലും നടന്നില്ല.
നിയമ നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡപ്യുട്ടികൾ ഡിസംബർ 10 ന് മോസ്‌കോയിൽ എത്തി.അടുത്ത നാൾ സമ്മേളനം.ബോൾഷെവിക്കുകൾ രാത്രി തന്നെ,കാതറീൻ രാജ്ഞി വാണിരുന്ന,സമ്മേളനം നടക്കേണ്ട ടോറിഡ് കൊട്ടാരം കൈയടക്കി.ഗേറ്റ് പുറത്തു നിന്ന് പൂട്ടി.ഭടന്മാർ കൊട്ടാരത്തിന് കാവൽ നിന്നു.കൊട്ടാരത്തിനകത്ത് യൂറിറ്റ്സ്‌കിയും 50 പേരും മാത്രം.കേഡറ്റ് പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌ത് പീറ്റർ പോൾ കോട്ടയിലേക്ക് കൊണ്ട് പോയി.കെറൻസ്കി സർക്കാരിൽ മന്ത്രിമാരായിരുന്ന പ്രൊഫസർ ആൻഡ്രി ഷിംഗറേവ്,ഡോ ഫയദോർ കൊകോഷ്‌കിൻ എന്നിവരെയും അറസ്റ്റ് ചെയ്‌തു.ഇരുവർക്കും ജന സ്വാധീനം ഉണ്ടായിരുന്നു.
അങ്ങനെ,സമ്മേളനം അലസി.ജനുവരി 18 ന് വീണ്ടും ചേരാൻ ലെനിൻ തിട്ടൂരമിറക്കി.
നിയമനിർമ്മാണസഭ,1918 |
ആൽബർട്ട് റീസ് വില്യംസ് |
ഫ്രിറ്റ്സ് പ്ലാറ്റൻ |
സഭാംഗങ്ങൾ സമ്മേളനം പുലരും വരെ നീളുമെന്ന് സംശയിച്ച് മെഴുകു തിരികൾ കരുതിയിരുന്നു.ഹാളിൽ ബോൾഷെവിക് അംഗങ്ങളെ കണ്ടില്ല.അവർ കൊട്ടാരത്തിലെ മറ്റൊരു മുറിയിൽ ലെനിനൊപ്പം ചർച്ചയിൽ ആയിരുന്നു-രണ്ടു മണി.ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയയും സഹോദരി മരിയയും സെക്രട്ടറി ബ്രോൻച് ബ്രയെവിച്ചും ഉണ്ടായിരുന്നു.നാലുമണിയോടെ,അവിടെ നിന്ന് ലെനിൻ സമ്മേളന ഹാളിലേക്ക് നടക്കുമ്പോൾ,പിസ്റ്റൾ മുറിയിൽ മറന്നു.ഓവർ കോട്ടിലാണെന്ന് ഓർമിച്ചു തിരിഞ്ഞ് നടന്നു.മുറിയിലെത്തിയപ്പോൾ,പിസ്റ്റൾ കാണാതായിരുന്നു.ലെനിൻ രോഷം കൊണ്ടു.
വിക്റ്റർ ചെർണോവ് |
റെവല്യൂഷനറി പാർട്ടി നയം സ്വെർദ് ലോവും ബോൾഷെവിക്കുകളുടേത് ബുഖാറിനും വിശദീകരിച്ചു.രാത്രി 11 ന് സ്വെർദ് ലോവിൻറെ രേഖയിൽ,ബോൾഷെവിക്കുകൾ 136 -237 ന് തോറ്റു.റെവല്യൂഷനറി പാർട്ടിയുടെ പരിപാടി പാർലമെന്റ് അംഗീകരിച്ചു.തങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് ,ബോൾഷെവിക്കുകൾ ഇറങ്ങിപ്പോയി.
റെഡ് ഗാർഡുകൾ സഭയിൽ/ ബോറിസ് സ്വികോറിൻ |
ആ അട്ടിമറി കഴിഞ്ഞ്,അടുത്ത നാൾ ഉച്ചയോടെ സ്‌മോൾ നിയിൽ ഓൾ റഷ്യൻ സോവിയറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു.ലെനിൻ കടന്നു വരുമ്പോൾ,ആറടി അഞ്ചിഞ്ച് ഉയരമുള്ള ബോൾഷെവിക് പാർലമെൻറ് അംഗം ക്രാമനോവ് ഉച്ചത്തിൽ വിളിച്ചു:ഏകാധിപതി നീണാൾ വാഴട്ടെ !
ലെനിൻ പ്രസംഗിച്ചു:പാർലമെന്റിന്റെ നയം താൽക്കാലിക ഭരണ കൂടത്തിന്റേത് തന്നെ.റഷ്യൻ വിപ്ലവം ബൂർഷ്വാ വിപ്ലവത്തിൽ നിൽക്കരുത്.ജനം പറഞ്ഞത് കൊണ്ട് പാർലമെൻറ് സമ്മേളനം വിളിച്ചെന്നേയുള്ളൂ .
ലെനിൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല.പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തണം എന്നത് ബോഷെവിക്കുകളുടെ കൂടി ആവശ്യമായിരുന്നു.അതിൽ ബോൾഷെവിക്കുകൾ തോറ്റപ്പോൾ,ലെനിന് ഇറങ്ങിപ്പോകാമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചു വിട്ടു;തിരഞ്ഞെടുപ്പ് അട്ടിമറിച്ചു,പാർലമെന്റും പിരിച്ചു വിട്ടു.
തൊഴിലാളി സർവാധിപത്യത്തെ മാർക്സിസ്റ്റ് ചിന്തകൻ കൗട് സ്‌കി വിമർശിച്ചപ്പോൾ,ലെനിൻ അദ്ദേഹത്തെ ചീത്ത വിളിച്ചു:ബൂർഷ്വ,ചെരുപ്പ് നക്കി !
അത് ശരിയായില്ലെന്ന് റോസാ ലക്സംബർഗ് റഷ്യൻ വിപ്ലവം എന്ന പ്രബന്ധത്തിൽ എഴുതി:*
ഇതെല്ലാം നശിപ്പിച്ചു കഴിഞ്ഞാൽ,എന്താണ് ബാക്കി?തിരഞ്ഞെടുപ്പ് വഴി നിലവിൽ വന്ന പ്രതിനിധി സഭകൾക്ക് പകരം,ലെനിനും ട്രോട് സ്‌കിയും സോവിയറ്റുകൾ മാത്രമാണ് യഥാർത്ഥ പ്രതിനിധാനമെന്ന് ഉറപ്പിച്ചിരിക്കുന്നു...ജനാധിപത്യത്തിന് പകരം,ഏകാധിപത്യം ,ബൂർഷ്വാ ഏകാധിപത്യം .ഇത് സോഷ്യലിസ്റ്റ് നയമല്ല.
തൻറെ നടപടിയെ ന്യായീകരിക്കാൻ ലെനിൻ പ്രത്യയ ശാസ്ത്രം മുഴുവൻ അരിച്ചു പെറുക്കി.ഒടുവിൽ 1903 ലെ രണ്ടാം പാർട്ടി കോൺഗ്രസിൽ പ്ലഖനോവ് നടത്തിയ പ്രസംഗത്തിലെ ലാറ്റിൻ ഉദ്ധരണിയിൽ അഭയം തേടിയെന്ന് ക്രൂപ് സ്കേയ പിന്നീട് ഓർമിച്ചു:Salus revolutionis Suprema.വിപ്ലവത്തിൻറെ വിജയമാണ്,ഏറ്റവും വലിയ നിയമം.( The Success of revolution is the Supreme Law .).
ഈ വരട്ടുവാദം മുഴുവൻ ലെനിന് ഗുരുവായ ഭീകരൻ നെചായെവിൽ നിന്ന് കിട്ടിയതാണെന്ന് കാണാം.അയാളുടെ വിപ്ലവകാരിയുടെ അനുഷ്ഠാന വിധി ( Catechism of a Revolutionary ) യിലെ പ്രധാന തത്വങ്ങൾ ഇവയാണ്:**
- വിപ്ലവകാരിക്ക് ഒന്നും നോക്കാനില്ല.അയാൾക്ക് താല്പര്യങ്ങളോ വികാരങ്ങളോ ഇല്ല.വിപ്ലവം മാത്രമാണ് ലക്ഷ്യം.സാമൂഹിക ക്രമവുമായി സകല ബന്ധവും അയാൾ വിച്ഛേദിച്ചിരിക്കുന്നു.ധാർമികതയോ സംസ്കാരമോ അയാൾക്കില്ല.അയാൾ സമൂഹത്തെ നശിപ്പിക്കും.
- എല്ലായിടത്തും വിപ്ലവകാരി നുഴഞ്ഞു കയറും.സകലരെയും ചൂഷണം ചെയ്യും.സകലരെയും കാൽകീഴിലാക്കും.സാധാരണക്കാരൻറെ ദുരിതങ്ങൾക്ക് ആക്കം കൂട്ടും.അയാൾ ക്രൂരനായ ക്രിമിനലിൻറെ സഖ്യത്തിലാകും.ആ ക്രിമിനലാണ്,റഷ്യയിലെ യഥാർത്ഥ വിപ്ലവകാരി.
ഈ സിദ്ധാന്തത്തിൻറെ മൂർത്ത രൂപമാണ്,ലെനിൻ.
നെചായേവ് |
പഴയ സഖാവിനെ 1869 ൽ കൊന്ന് റഷ്യ വിട്ട ഭീകരനാണ്,ഈ ഗുരു.ഒന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ നിന്ന് പുറത്തായ അയാൾ,1872 ൽ സ്വിറ്റ്സർലൻഡിൽ പിടിയിലായി.റഷ്യയിലേക്ക് നാട് കടത്തി.20 കൊല്ലം ശിക്ഷ കിട്ടി.ദസ്തയേവ്സ്കിയുടെ Demons എന്ന നോവലിലെ പ്യോത്തർ വെർഖോവൻസ്‌കി,ഈ ഗുരുവാണ്.അയാളുടെ നിഹിലിസ്റ്റ് പ്രസ്ഥാനത്തിന് എതിരായ നോവലാണ്,അത്.ദസ്തയേവ്സ്കി ലെനിന് പ്രിയങ്കരൻ ആയിരുന്നില്ല.ലെനിൻ എങ്ങനെ ഇരിക്കുമെന്ന് 1917 വരെ റഷ്യക്കാർക്ക് അറിവുണ്ടായിരുന്നില്ല.അത് വരെ പ്രവദ ലെനിൻറെ ചിത്രം അടിച്ചിരുന്നില്ല.1921 ലെ ആഭ്യന്തര യുദ്ധ കാലത്തും അയാളെ അറിയുമായിരുന്നില്ല.ആ വർഷത്തെ പുത്തൻ സാമ്പത്തിക നയം വന്നപ്പോൾ ജനം അയാളെ ശ്രദ്ധിച്ചു.
അടിമ കുടുംബത്തിൽ ജനിച്ച നെചായേവ്,18 വയസിൽ ചരിത്രകാരൻ മിഖയിൽ പോഗോഡിൻറെ സഹായി ആയി.അധ്യാപക പരിശീലനം നേടി.നിക്കോളായ് ചേർനിഷെവ്‌സ്‌കിയുടെ എന്താണ് ചെയ്യേണ്ടത് ?( 1863 )എന്ന നോവലിലെ റാഖ്മെറ്റോവിനെപ്പോലെ പായയിൽ ഉറങ്ങി.കറുത്ത റൊട്ടി തിന്നു.ആ നോവൽ ലെനിനും പ്രിയമായിരുന്നു -ആ ശീർഷകം കടമെടുത്താണ് ലെനിൻറെ മുഖ്യ പ്രബന്ധം.തുർഗനേവിന്റെ Fathers and Sons എന്ന നോവലിന് മറുപടി ആയിരുന്നു,ഈ നോവൽ.
സ്‌കൂളിൽ രാത്രി മെഴുകുതിരി വെട്ടത്തിൽ വിപ്ലവം വായിച്ചിരുന്ന നെചായേവ് അതിന് വേറ സസൂലിച്ചിനെയും ക്ഷണിച്ചിരുന്നു.അതിന് പോയെങ്കിലും പ്രണയം അവൾ നിരസിച്ചു.വിപ്ലവകാരിക്ക് വികാരങ്ങൾ പാടില്ല എന്ന് അയാൾ എഴുതിയത്,ഇത് കൊണ്ടാകാം.ജനീവയിൽ സൈദ്ധാന്തികൻ ബക്കുനിൻറെ വത്സല ശിഷ്യനായി.നെചായേവിന്റെ അനുഷ്ഠാന വിധി യിലാണ്,ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന അപകടകരമായ വാചകം പ്രത്യക്ഷപ്പെട്ടത്.
------------------------------------------
*Rosa Luxemberg / The Russian Revolution,1918,Chapter 6
**Sergy Nechayev / Catechism of a Revolutionary,1869.Quoted in Stalin:The First in -depth Biogrophy based on Explosive New Documents from Russia's Secret Archives,1997 / Edward Radzinsky
No comments:
Post a Comment