Thursday 31 October 2019

ഒരു ഭദ്രവട്ടക സ്വപ്നം

മരണം കണ്ണകിയായും കാളിയായും

രു വല്ലാത്ത സ്വപ്നാനുഭവത്തിലാണ് ഞാൻ.

ഇന്ന് പുലർച്ചെ ( 2019 ഒക്ടോബർ 31 ) യാണ് അതുണ്ടായത്.ഇടത്തോട്ട് കൈവച്ച് അതിൽ തലവച്ച് ഉറങ്ങുകയായിരുന്നു ഞാൻ;അങ്ങനെ ഉറങ്ങുക സാധാരണമല്ല.കുട്ടിക്കാലത്ത് കമിഴ്ന്നായിരുന്നു ഉറക്കം;കുറേക്കഴിഞ്ഞപ്പോൾ മലർന്നു.ഇപ്പോൾ പലപ്പോഴും വലത്തേക്ക് കൈവച്ച് അതിൽ തല വച്ചും കിടക്കാറുണ്ട്.

വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു;ഭാര്യ മൂകാംബിക്ക് പോയിരുന്നു.രാവിലെ ആശുപത്രിയിൽ ആയ എന്നെ വിട്ട് പോകാൻ അവർക്ക് മടിയായിരുന്നു."എന്നെ ഞാൻ നോക്കിക്കോളാം" എന്ന് വാക്ക് നൽകി ഞാൻ രാത്രി ട്രെയിനിൽ പോകാൻ അവരെ അനുവദിച്ചു.

മഴ കോരിച്ചൊരിയുന്നുണ്ട്.അതിൽ കലർന്ന് ആയിരക്കണക്കിന് പള്ളിവാളുകളും കാൽച്ചിലമ്പുകളും ചേർന്ന് കൂരിരുളിൽ വലിയ സിംഫണി.അത് പുറത്തു നിന്നുവന്ന് എന്നെ വലയം ചെയ്യുന്നു.അങ്ങനെ ഭീതിദമായ നാദ മുഖരതയിൽ ഒരു അരൂപിയുടെ പള്ളിവാൾ എൻറെ കഴുത്തിന്റെ വലതു വശത്തു വെട്ടുന്നു.വെട്ടിയോ ഇല്ലയോ?എൻറെ കഴുത്ത് വേർപെട്ടില്ല.

ഞാൻ കണ്ണ് തുറന്നു.ചിലമ്പുകളുടെ ഓർക്കെസ്ട്ര നിലച്ചിട്ടില്ല;ഇനി എൻറെ ആത്മാവിൽ മരണം വരെ നിലക്കില്ല..അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുകയുമില്ല.അത് ഒരു സിനിമയിൽ വന്നാൽ അതിനെ വെല്ലാൻ ഒന്നിനും കഴിയുകയും ഇല്ല.

ഇത് എങ്ങനെയുണ്ടായി?

നാലു ദിവസം മുൻപ് ''പള്ളി വാള് ഭദ്രവട്ടകം" എന്ന പാട്ട് പുണ്യ എന്ന കുട്ടി പാടിയത് ഞാൻ കേട്ടു;അത് ശക്തമായിരുന്നു.ഇത് മുൻപ് അമൃത പാടിയതും വന്ദന അയ്യർ,ഗോമടേഷ്‌ ഉപാധ്യായ എന്നിവരുടെ പാഠഭേദങ്ങളും കേട്ടിരുന്നു .ഒരു മാതിരി മലയാള വാക്കുകൾ അറിയാം എന്നാണ് ധാരണ.ഭദ്രവട്ടകം എന്താണ് എന്നറിയുമായിരുന്നില്ല.ഇതാണ് പാട്ട്:

പള്ളിവാള് ഭദ്രവട്ടകം കയ്യിലേറ്റും തമ്പുരാട്ട്യേ
നല്ലച്ഛൻറെ തിരുമുൻപിൽ വന്ന്
കളി,കളി തുടങ്ങി
പള്ളി വാള് പള്ളിവാള് പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനെ

വേതാള വാഹനമേറി പോകുന്ന തമ്പുരാട്ടി
ദാരികപുര സന്നിധി തന്നിൽ ചെന്നടുക്കുന്നു
അങ്ങനങ്ങനെ

പോരിക പോരിന് വേഗം അസുരേശ ദാരികനെ
പരമേശ പുത്രി രഘു ഭദ്ര ഞാനൊന്നോർത്തിടാം
അങ്ങനങ്ങനെ

ഇനി ഞാനും മറന്നിടാം,നല്ലച്ഛനും മറന്നിടാം
മറന്നീടുക സ്ത്രീധന മുതലേ വേറെയുണ്ട്
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറേ നടയിൽ വാളാണ് കല്ലറയിൽ
ഏഴര വട്ടി വിത്ത് അവിടെ കിടപ്പതുണ്ട്
അങ്ങനങ്ങനെ

അതിൽ നിന്നും അരവട്ടി വിത്ത് അകത്തൊരു സ്ത്രീധനമായി
തരിക വേണം,വടക്കും കുളം വാഴും നല്ല പൊന്നച്ഛനെ
അങ്ങനങ്ങനെ

ഇങ്ങനങ്ങനെ പോകുന്നു,കവിത.മുഴുവൻ എഴുതുന്നില്ല.നല്ലച്ഛൻ എന്നാൽ ദൈവം.ഒരു പ്രാചീന കാലത്തും ഇവിടെ സ്ത്രീധനം ഉണ്ടായിരുന്നു എന്ന് സാമൂഹ്യ ശസ്ത്രജ്ഞർക്ക് അനുമാനിക്കാം!
മുടിയേറ്റ് 
അപാരമാണ്'അങ്ങനങ്ങനെ' എന്ന് പറയുമ്പോഴത്തെ താളം.മുടിയേറ്റിലെ പാട്ടാണ് ഇത്.ഒരു മനുഷ്യനും കൊല്ലില്ല എന്ന് ദാരികന് ബ്രഹ്മാവിൽ നിന്ന് വരം കിട്ടി.അയാൾ അഹങ്കാരിയായി.അയാളെ വധിക്കാൻ ശിവൻ കാളിയെ സൃഷ്ടിച്ചു.നമ്മുടെ നാട്ടിൽ ശിവനും വിഷ്‌ണുവും അധിനിവേശം നടത്തും മുൻപ് കാവുകളും ഭഗവതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളു;ഗുരുവായൂർ ക്ഷേത്രം ഒറിജിനൽ മഞ്ജുളാൽ ഭഗവതിയാണെന്നും തൃശൂർ വടക്കുന്നാഥൻ,പാറമേക്കാവ് ഭഗവതിയാണെന്നും പുത്തേഴത്ത് രാമൻ മേനോൻ എഴുതിയ "ട്രിച്ചുർ =തൃശൂർ" എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു.പുരുഷാധിപത്യം കേരളത്തിൽ വന്നത് പിന്നീടാണ്.എല്ലാം മതമാണ്.

കാവുകളെപ്പറ്റി,സർപ്പക്കാവുകൾ ഭുഗർഭജലം സംരക്ഷിച്ചു നിർത്താനുള്ള വിരുതാണ് എന്നതിനെപ്പറ്റി,ആൽമരം ഓസോണിനെ തടഞ്ഞ് അന്തരീക്ഷം സംരക്ഷിക്കുന്നു എന്നതിനെപ്പറ്റി,അന്ധ വിശ്വാസങ്ങൾക്ക് പിന്നിലെ ശാസ്ത്ര ബുദ്ധിയെപ്പറ്റി ഇവിടെ പറയുന്നില്ല.ആചാരങ്ങൾ നിലനിൽക്കുന്നതും നല്ലതാണ് -നല്ല ആചാരങ്ങൾ.കാവ് എന്തെന്നറിയാൻ ഇരിങ്ങോൾ കാവിൽ തന്നെ പോകണം.അവിടെ മാത്രമല്ല,മണ്ണാറശാലയിലും ഞാൻ പലവട്ടം പോയിട്ടുണ്ട്.അവിടെ സ്ത്രീയാണ്,പൂജാരി.നൈഷ്ഠിക ബ്രഹ്മചാരിയെ കാണാൻ സ്ത്രീകൾ പോകരുത് എന്ന ആചാരമുള്ള നാട്ടിൽ ഇങ്ങനെയുമുണ്ട്.

മുൻപ് എം ടി വാസുദേവൻ നായർ കർക്കടകം എന്ന പേരിലോ മറ്റോ എഴുതിയ ലേഖനത്തിൽ 'അന്തരീക്ഷം ചെമ്പുകിടാരം പോലെ പഴുത്തു കിടന്നു"എന്ന് വായിച്ചിരുന്നു.കിടാരം എന്താണ് എന്നറിയില്ല -വലിയ വാർപ്പായിരിക്കും എന്ന് കരുതുന്നു.വമ്പൻ ഉരുളി.അത് നമുക്ക് വേണ്ടല്ലോ.വലിയൊരു ചെമ്പുരുളി ആകാശത്തു വിളങ്ങുമ്പോൾ.

ഭദ്രവട്ടകം എന്താണ് എന്നന്വേഷിച്ചപ്പോൾ,"പള്ളിവാള്" പാട്ടിൻറെ പരിഭാഷ തന്നെ സ്വപ്ന തലേന്ന് കിട്ടി.ഭദ്രവട്ടകം Sacred Anklet ആണ്.ഭഗവതിയുടെ കാൽ തള,കാൽ ചിലമ്പ്.ഇത് മനസ്സിൽ സാന്ദ്രീകരിച്ച് സ്വപ്നം ആയതാകണം. പാട്ട് മുഴുവൻ 'തുമ്പീ വാ' എന്ന പേരിൽ മലയാള ഗാനങ്ങൾ പരിഭാഷ ചെയ്യുന്ന പെൺകുട്ടി,സുന്ദരമായി പരിഭാഷ ചെയ്തിട്ടുണ്ട്:

The temple sword and sacred anklet, lifted in your arms, Goddess
Before Nallachan (the God), you started dancing, like that!

Now let me forget, you should forget too God,
Let us forget that thee is all these dowry, like that!
On the Western part of our house, in the stone vault of vaalaar,
We have seven and a half baskets of rice grain, like that!
From that, a half basket of rice grain, as a gift to me,
Should be given by you, the good God of Northern dynasty, like that!


ഇങ്ങനിങ്ങനെ.

ഈ മാസം 18 വെള്ളിയാഴ്ച എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ 'ഇക്കണോമിക് ടൈംസ്' കൊച്ചി ബ്യുറോ ചീഫ് ആയിരുന്ന സനന്ദൻ നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തിൽ നിന്ന് പോവുകയുണ്ടായി.അന്ന് രാത്രി കിടക്കാൻ നേരം "വണ്ടിക്കൂലി എടുത്ത് മേശപ്പുറത്തു വച്ചേക്കു,അതിരാവിലെ സനന്ദനെ കാണാൻ രാമപുരത്ത് പോകണം;എൻറെ പ്രായക്കാരും മരിക്കാൻ തുടങ്ങി " എന്ന് ഞാൻ പറഞ്ഞിരുന്നു.രാവിലെ ഞാൻ തളർന്നു പോയി.രാമപുരത്ത് പോകാനായില്ല.കഴിഞ്ഞ ദിവസം ഞാൻ തന്നെ ആശുപത്രിയിലായി.രാവിലെ അഞ്ചിന് തുടങ്ങിയ വയറു വേദന പത്തായിട്ടും നിലച്ചില്ല.വേദന സംഹാരി ഡ്രിപ്പിലും അത് പോയില്ല.അടുത്ത വട്ടം സംഹാരി എളിയിൽ കുത്തി വയ്‌ക്കേണ്ടി വന്നു.വൈകിട്ട് നാലിന് വേദന പോയി.അതിൻറെ കാരണം ഡോക്ട്ടർമാർക്ക് കണ്ടെത്താൻ ആയില്ല.സ്കാനിംഗിൽ ഒന്നുമില്ല.സർജനെ കാണാം എന്ന് യൂറോളജിസ്റ്റ് പറഞ്ഞപ്പോൾ,ഞാൻ ആശുപത്രി വിട്ടു.വേദനയുടെ കാരണം എനിക്ക് മനസ്സിലായി.
മുടിയേറ്റിലെ കൂളി 
ഈ വേദനാനുഭവം ഞാൻ സുഹൃത്ത് അനന്തനുമായി പങ്കിട്ട ശേഷം."ചുറ്റും മരണം നിറയുന്നു"എന്ന് കൂടി പറഞ്ഞു.കടവന്ത്ര പൊന്നേത്ത്  ക്ഷേത്രത്തിനടുത്ത് ജ്യോൽസ്യൻ രാധാകൃഷ്‌ണ ശർമ്മയുടെ അടുത്ത് മരണഭീതിയുള്ള ഒരു സുഹൃത്തിനെ കൊണ്ട് പോയ കഥ അനന്തൻ പങ്കിട്ടു.ശിവക്ഷേത്രത്തിൽ പുറകിലെ വിളക്ക് 41 ദിവസം കത്തിക്കാൻ ജ്യോൽസ്യൻ ഉപദേശിച്ചു.അതിന് കാരണം പ്രശ്നമുള്ളയാളോട് പറഞ്ഞില്ല.ശിവക്ഷേത്രങ്ങൾക്ക് പിന്നിൽ പാർവതി പ്രതിഷ്ഠ ഉണ്ടാകും.ശിവന് പുറം തിരിഞ്ഞിരിക്കുന്ന പാർവതി.അവർ സദാ പിണക്കമാണ്.പ്രശ്നമുള്ളയാൾ അവിടെ വിളക്ക് വയ്ക്കുമ്പോൾ മുൻപിലിരിക്കുന്ന ശിവനെയും വലം വയ്ക്കുമല്ലോ.അദ്ദേഹമാണ് മരണ ദേവൻ.

ഇത് എനിക്ക് വേണ്ടി പറഞ്ഞതല്ല.എനിക്ക് മരണ ഭയം ഇല്ല.ഞാൻ ക്ഷേത്രങ്ങളിൽ പോകാറുമില്ല.

സ്വപ്നം കണ്ടപ്പോൾ,ഞാൻ മുഴുവൻ ബോധവാനായില്ല.ഇഹലോകം അവസാനിച്ചതായി അനുഭവപ്പെട്ടു.ഞാൻ തീക്ഷ്ണ വാക്കുകൾ പ്രയോഗിച്ചവരോട് മാപ്പ് പറഞ്ഞു.രമണ മഹർഷി വിവരിച്ച മരണാനുഭവം ഓർമയിൽ വന്നു.ബോധം തെളിഞ്ഞപ്പോൾ ഞാൻ കിടക്ക വിട്ട് ലൈറ്റിട്ടു.മുൻ വാതിൽ തുറന്നു.ചിലമ്പിൻറെ ഉടമസ്ഥയെ നോക്കി.മഴ കോരി ചൊരിയുകയായിരുന്നു.അതിന് ചിലമ്പിൻറെ ശബ്ദമാണെന്ന് എനിക്ക് തോന്നി.ചിലമ്പിച്ച ശബ്ദം എന്ന ഒരു പ്രയോഗം തന്നെയുണ്ട്.ഒരു മരണത്തെ അതിജീവിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.എൻറെ ഈ പ്രായത്തിലാണ് എൻറെ അച്ഛൻ മരിച്ചത്,ജന്മാഷ്ടമി നാളിൽ.കൃഷ്ണ ജയന്തിയിൽ ഞങ്ങൾക്ക് ശ്രാദ്ധമാണ്.

രാവിലെ തിരുവനന്തപുരത്തു നിന്ന് സുഹൃത്ത് ഡോ കെ എസ് രാധാകൃഷ്ണൻ വിളിച്ചപ്പോൾ,ഞാൻ സ്വപ്നം വിവരിച്ചു."ഒരു വാക്ക് അന്വേഷിച്ചു പോയ തനിക്ക് ആ വാക്ക് അനുഭവം ആകുകയായിരുന്നു,തൻറെ ഉള്ളിൽ സംഗീതമുണ്ട് .അതിൻറെ താളവും ",അദ്ദേഹം പറഞ്ഞു.അത് എനിക്കിഷ്ടപ്പെട്ടു.സ്വപ്നം വ്യാഖ്യാനിക്കാൻ ഫ്രോയ്ഡ് ഒന്നും വേണ്ട.രാധാകൃഷ്‌ണൻ മതി.
ഗാന്ധി ഇല്ലാതെ രാധാകൃഷ്ണൻ ഇല്ല.അദ്ദേഹം ഇത്ര കൂടി പറഞ്ഞു"മനസ്സ് എത്തിയ ഇടത്ത് ശരീരവും എത്തിയിരിക്കും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്".

വെളിച്ചപ്പാടായിരുന്നു,രാധാകൃഷ്ണൻറെ അച്ഛൻ.

See https://hamletram.blogspot.com/2019/09/blog-post_24.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...