പ്രളയകാലത്തെ മൺവണ്ടി 3
മലയാള നാടകത്തെ സമൃദ്ധമാക്കിയ കൂടിയാട്ട കുലപതികളുടെ ജീവിതത്തിൽ നിന്ന് ചില മിന്നായങ്ങൾ
'ആശ്ചര്യ ചൂഡാമണി',ഭാസൻറെ 'പ്രതിമാ നാടകം','അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്,21 അങ്കങ്ങളിലായി,'രാമായണ നാടകം' കൂടിയാട്ടത്തിൽ,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും.നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും.നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ,1500 പണവും ചെലവും മതി.ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്,പ്രതിമാ,അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്.കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.
കൂടിയാട്ടം,സംസ്‌കൃത നാടകാഭിനയമാണ്.അതിൻറെ ക്രമവും വിധിയുമുള്ള 'ക്രമ ദീപിക','ആട്ട പ്രകാരം' എന്നിവയിൽ,'ആശ്ചര്യ ചൂഡാമണി'യുണ്ട്.ഇതിലെ ശൂർപ്പണഖാങ്കം ,അംഗുലീയാങ്കം,അശോക വനികാങ്കം എന്നിവ കൂടിയാട്ടത്തിൽ ഒഴിച്ച് കൂടാനാവില്ല.
ആദ്യം പറയേണ്ടത് അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരുടെ പേരാണ്.കുഞ്ഞായിരുന്നപ്പോൾ,അച്ഛൻ നമ്പൂതിരി ഓത്ത് ചൊല്ലി നമസ്കരിക്കുമ്പോൾ,''അമ്മന്നൂരിട്ടിയമ്മ നാടായ് വരേണം' എന്ന് ജപിച്ചിരുന്നു.ഇപ്പോൾ ഇല്ലാത്ത 'പറക്കും കൂത്തി'ൽ,വിദഗ്ദ്ധനായിരുന്നു,ഇട്ടിയമ്മൻ. 1745 ൽ എൻറെ നാടായ തൃപ്പൂണിത്തുറയിൽ ആയിരുന്നു,അവസാനത്തെ
'പറക്കും കൂത്ത്.'അത് കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ മലയ ശിഖരത്തിലേക്ക് കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം.അവതരിപ്പിച്ചത്,അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്നായിരുന്നു.കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:
മഞ്ചാനത്യാർത്ഥ സമ്പന്നാൽ
ധ്രുവ നിത്യമ്മനാം നടൻ
പറന്ന നേരം നഷ്ടാസ്തേ
നാഗാ: പ്രീതി വരാം യയുഃ ?
'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.
ഇട്ടിയമ്മൻറെ വാർധക്യത്തിൽ,കുട്ടഞ്ചേരി മൂത്ത ചാക്യാർ ഉണ്ടായി.അന്തർജനങ്ങൾക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരും മക്കളും ചാക്യാർമാരാകും.ഈ കുട്ടഞ്ചേരിച്ചാക്യാർ 28 വയസ്സ് വരെ നമ്പൂതിരി ആയിരുന്നു.ആ പ്രായത്തിൽ മണ്ഡപത്തിൽ ഓത്ത് ഘോഷിച്ചു കൊണ്ടിരിക്കെ,ഒരാളെത്തി,"അമ്മയ്ക്ക് ദോഷമുണ്ട്;താൻ കാലത്തിൽ പെട്ടിരിക്കുന്നു എന്നറിയിച്ചു.അദ്ദേഹം മണ്ഡപത്തിൽ നിന്നിറങ്ങി,"എന്നാലിനി ഓത്തമ്പലത്തിൽ നിന്ന് കൂത്തമ്പലത്തിൽ കാണാം എന്ന് പറഞ്ഞു വിട വാങ്ങി.മനുഷ്യൻറെ ആത്മാവ് നീറുമല്ലോ -അദ്ദേഹം വാഗ്മിയും വല്ലഭനുമായി.
മലയാള നാടകത്തെ സമൃദ്ധമാക്കിയ കൂടിയാട്ട കുലപതികളുടെ ജീവിതത്തിൽ നിന്ന് ചില മിന്നായങ്ങൾ
ഒന്ന്
'ആശ്ചര്യ ചൂഡാമണി'എഴുതിയ ശക്തി ഭദ്രൻ,പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം.പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ.അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.
കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് ( 1781 ) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ ( 1791 ) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന് ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.
ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ,'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു.മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല.നിരാശനായ ശക്തി ഭദ്രൻ,നാടകം തീയിട്ടു.പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു.നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:
ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ
രജനിചര നിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന
ഇതോർമിച്ച് ,'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു.നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു;ശക്തി ഭദ്രൻ എഴുതി എടുത്തു.
ശങ്കരാചാര്യർ |
'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത് അതിൻറെ പ്രസ്താവനയിലാണ്:
ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം
കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.
തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.ഭാസ നാടകങ്ങൾ കണ്ടെടുക്കും വരെ ഇതാണ് കേരളത്തിൽ നിന്നുള്ള ആദ്യ സംസ്‌കൃത നാടകം എന്ന് കരുതിയിരുന്നു .അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്,മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം.പിൽക്കാലത്ത്,'തപതീ സംവരണം','സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ,'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല.ശക്തി ഭദ്രനോടുള്ള പുച്ഛം,മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ,ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്ന തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.
'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിൽ ശക്തി ഭദ്രനെ പരാമർശിക്കുന്നു:
അസ്മാകം പ്രബന്ധകൃദപി മഹാനേവ
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി
കൂടിയാട്ട സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ,പ്രധാനമാണ്,'ആശ്ചര്യ ചൂഡാമണി'.പർണ ശാലാങ്കo,ശൂർപ്പണഖാങ്കം,മായാസീതാങ്കം,ജടായു വധാങ്കം,അശോക വനികാങ്കം,അംഗുലീയാങ്കം എന്നിവ അങ്കങ്ങൾ.ഏഴാം അങ്കത്തിന് പേരില്ല.ഓരോ അങ്കവും ആറോ ഏഴോ ദിവസം എടുക്കും,അവതരണത്തിൽ.
ചാക്യാന്മാർ 'ശൂർപ്പണഖാങ്കം' അവതരിപ്പിക്കുമ്പോൾ,മൂക്കും മുലയും അരിഞ്ഞ് ആന്ത്ര മാലയും കെട്ടി നിണവും അണിഞ്ഞ്,തെള്ളിയും പന്തവുമായി,കൂത്തമ്പലത്തിൻറെ ഒരറ്റത്ത് നിന്ന് അരങ്ങിലേക്ക് പ്രവേശിക്കണം എന്നാണ് ആട്ട പ്രകാരം.ഇത് ശക്തി ഭദ്രൻറെ നാടകത്തിൽ നിന്നുള്ള വ്യതിയാനമാണെന്ന് 'നാടാങ്കുശ' കർത്താവ് പറയുന്നു.മുല, ശക്തി ഭദ്രൻ പറഞ്ഞില്ല.ചെവിയും മൂക്കും അരിഞ്ഞാൽ മതി:" ന്യസ്തമസ്ത്രം നിശാചര്യം കഴഞ്ചിൽ കർണ നാസികേ".
ശക്തി ഭദ്രൻ എന്ന പേര് സൂത്രധാരൻ പറയുന്നതാണ്.ശങ്കരൻ എന്നും രാമഭദ്രൻ എന്നും പാഠ ഭേദമുണ്ട്.'ഉന്മാദ വാസവദത്തം' ശക്തി ഭദ്രൻ എഴുതിയതായി സൂത്രധാരൻ പറയുന്നു;കിട്ടിയിട്ടില്ല.
ഗംഭീരമായ നാടക മാറ്റമാണ്,'സീതാപഹരണത്തി'ലുള്ളത്.രാവണൻ സീതയെ അപഹരിക്കുന്നത്,രാമൻറെ രൂപത്തിലാണ്.സീതയ്ക്ക് തോന്നാതിരിക്കാൻ,സൂതൻ ലക്ഷ്‌മണ വേഷം ധരിക്കുന്നു.ഭരതന് ശത്രു ഭീഷണി ഉണ്ടായതിനാൽ വേഗം അയോധ്യയ്ക്ക് പോകണം എന്ന് പറഞ്ഞാണ്,സീതയെ രഥത്തിൽ കയറ്റുന്നത്.ശൂർപ്പണഖ,യഥാർത്ഥ രാമനെ വഴിയിൽ തടഞ്ഞ്,രാവണന് സീതാപഹരണം എളുപ്പമാക്കാൻ,സീതയുടെ രൂപം സ്വീകരിക്കുന്നു.യഥാർത്ഥ സീതയും രാമ രൂപിയായ രാവണനും മുകളിൽ വിമാനത്തിൽ.യഥാർത്ഥ രാമനും സീതാ രൂപ ശൂർപ്പണഖയും ഭൂമിയിൽ.
ജടായു വധം |
ഭാസൻറെ രൂപകങ്ങളിൽ പ്രധാനപ്പെട്ട,ഉദയന രാജാവിൻറെ കഥയായ 'പ്രതിജ്ഞാ യൗഗന്ധ രായണം' ,മുഴുവനായി കൂടിയാട്ടത്തിൽ അഭിനയിച്ചു വന്നിരുന്നു.ഇന്ന് അതിൻറെ മൂന്നാമങ്കം മാത്രമാണ് അഭിനയിക്കുന്നത് -മന്ത്രാങ്കം.മന്ത്രം അഥവാ കാര്യാലോചന വർണിക്കുന്നതിനാൽ,മന്ത്രാങ്കം.
യൗഗന്ധ രായണൻ,വാസന്തകൻ,രുമണ്വാൻ,വിഷ്‌ണു ത്രാതൻ എന്നീ മന്ത്രിമാരുടെ സഹായത്തോടെ,രാജ്യം ഭരിച്ച വത്സ രാജാവ്,ഉദയനൻറെ പക്കൽ സർപ്പ രാജാവ് നൽകിയ നാലു രത്നങ്ങൾ -നീല കുവലയം ആന,സുന്ദര പാടലം കുതിര,ഘോഷവതി വീണ,അഗുണം മാല.ഉജ്ജയിനി രാജാവ് മഹാ സേനൻ,മകൾ വാസവ ദത്തയ്ക്ക് ഉദയനനെ ആലോചിക്കാൻ മന്ത്രിമാരായ ഭരത രോഹൻ,ശാലങ്കായൻ എന്നിവരെ അയച്ചു.വാസവ ദത്തയുടെ ജാതക ദോഷം പറഞ്ഞ് നിരാകരിച്ചു.ഉദയനനെ വശത്താക്കാൻ മഹാസേനൻ ഉറച്ചു.
ഒരു നാൾ പുരാണ പാരായണം കേൾക്കെ,അഭിമന്യു വധം കേട്ട് ബോധം കെട്ടു.പരിചരണം കിട്ടാതെ,നീല കുവലയം ചങ്ങല പൊട്ടിച്ചോടി.ബോധം തെളിഞ്ഞ ഉദയനൻ,ഭരണം യൗഗന്ധ രായണനെ ഏൽപിച്ച് ആനയെ തേടിയിറങ്ങി.ഗജ വനത്തിൽ ആനപ്പുറത്തായ ഉദയനനെ പിടിക്കാൻ മഹാ സേനൻ സൂത്രം പ്രയോഗിച്ചു.നീല കുവലയ ഛായയിൽ മണ്ണ് കൊണ്ട് അനായേ ഉണ്ടാക്കി അതിനകത്തും സമീപ ദേശത്തും ആയുധ ധാരികളെ ഇരുത്തി.ആ കൃത്രിമ ജീവിക്ക് പുറത്തു കയറി വീണ വായിച്ച ഉദയനനെ ആനയ്ക്കുള്ളിലെ ഭടന്മാർ തളച്ച് തടവിലാക്കി.വിഷ്‌ണു ത്രാതൻ ആത്മഹത്യ ചെയ്‌തു.വസന്തകൻ തപസ്സ് അനുഷ്ഠിച്ചു.രുമണ്വാൻ തലസ്ഥാനമായ കൗശo ബിയിലേക്ക് പോയി.യൗഗന്ധ രായണൻ,വ്യാസന്റെ ഉപദേശ പ്രകാരം,ഉന്മത്തകൻറെ വേഷമിട്ടു.രുമണ്വാൻ,ശ്രമണകന്റെയും,വസന്തകൻ ഡിണ്ടികൻറെയും.മൂവരും ഉദയനനെ രക്ഷിക്കാൻ നടത്തുന്ന ആലോചനയാണ്,നാടകം.ബൃഹസ്പതിയുടെ ആത്മോദയ നീതിയോ ശുക്രാചാര്യരുടെ പരജ്യാനി നീതിയോ എന്നാലോചിച്ച്,ആത്മോദയം നടപ്പാക്കാൻ തീരുമാനിക്കുന്നു.അഭേദോക്തി സമയം നല്ലത് -അതിൽ പ്രച്ഛന്ന ബാർഹസ്പത്യം നടപ്പാക്കാം.വേഷ പ്രച്ഛന്ന ഭടന്മാർ ഉജ്ജയിനിയിൽ പോയി കാര്യമറിഞ്ഞ് വന്ന ശേഷം,നേരം പ്രഭാതമാകയാൽ.കാര്യാലോചന തൽക്കാലം നിര്ത്തുന്നു.
'മന്ത്രാങ്കം',ചാക്യാരുടെ വലിയ പരീക്ഷണമാണ്.വേണ്ടവിധം പറയാറായാൽ,വേറെ വിദൂഷക ഭാഗമൊന്നും വേണ്ട.പെരുവനം മഹാ ക്ഷേത്രത്തിൽ,കുട്ടഞ്ചേരി,മാണി,മേക്കാട് ചാക്യാർ കുടുംബങ്ങൾ വർഷങ്ങളായി 'മന്ത്രാങ്കം' നടത്തുന്നു.
നാളികേര കദളീ ഗുളമിശ്രാ -
ണ്യദ്‌ഭുതാനി ഘൃത ഭാര്ജനഭാജി
മോദകാനി രസവന്തി ബൃഹന്തി
പ്രീണിതാഖില ജഗന്തി ജയന്തി
എന്ന ശ്ലോകത്തിൻറെ അർത്ഥം,നാളികേരം,കദളിപ്പഴം,ശർക്കര മുതലായവ വാട്ടിയ ഇലയിൽ വച്ച് വെള്ളം കടക്കാതെ മടക്കി വേവിച്ച് ഇല പൊളിച്ച് നെയ്യിൽ മൂപ്പിച്ച വലിയ അട എല്ലാവരെയും രസിപ്പിക്കുന്നു എന്നാണ്.കൂടിയാട്ടത്തിൽ മുദ്ര കാട്ടുന്നത്,നാല് മന്ത്രിമാർക്കൊപ്പം ഉദയനൻ ഐശ്വര്യത്തോടെ കഴിയുന്നു എന്നും.ഈ ഡയലക്റ്റിക്സ് അറിഞ്ഞാൽ സംഗതി ഉഷാറാവും.
പെരുവനത്തിന് പുറമെ,തളിപ്പറമ്പ്,അവിട്ടത്തുർ,അന്നമ നട തുടങ്ങിയ ക്ഷേത്രങ്ങളിലും ആണ്ടു തോറും 'മന്ത്രാങ്കം' നടന്നിരുന്നു.ഒരു മണ്ഡലം അഥവാ 41 ദിവസം കൊണ്ടാണ് ആട്ടപ്രകാരം അനുസരിച്ച്,ഇത് പൂർത്തിയാവുക.കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കിടങ്ങുർ ചാക്യാർമാർ നടത്തുന്നതിന് മാറ്റമുണ്ട്.
രംഗത്ത് ആടാനും ചൊല്ലാനും വാക്യങ്ങൾ കുറവായ കഥാപാത്രങ്ങളെ കൂടിയാട്ടത്തിൽ പ്രവേശിപ്പിക്കില്ല.ആ ഭാഗം മൂടിച്ചൊല്ലും അല്ലെങ്കിൽ കിംബ്ര വീഷിയായി നടത്തും.കിംബ്ര വീഷി എന്നാൽ,സൂത്ര വഴി.വസന്തകൻറെ ഡിണ്ടികനും യൗഗന്ധരായണൻറെ ഭ്രാന്തനും തമ്മിലുള്ള സംഭാഷണം മുഴുവൻ വിഡ്ഢിത്തമാണ് -അസംബന്ധ നാടകം !മൊത്തത്തിൽ ഈ കൂടിയാട്ടത്തിൽ ദൃഷ്ടാന്ത കഥകളും പേക്കഥകളുമാണ്.പല അർത്ഥ തലങ്ങൾ.ഡിണ്ടികൻ എന്നാൽ പ്രച്ഛന്നൻ.
രണ്ട്
ചാക്യാർ കുലങ്ങൾ അഞ്ച്.പ്രധാനം മൂന്ന്:അമ്മന്നൂർ -ഇരിങ്ങാലക്കുടയും മൂഴിക്കുളത്തും കിടങ്ങൂരും ശാഖകൾ.കുട്ടഞ്ചേരി ഭവനം:തലപ്പിള്ളി നെല്ലുവായിൽ.മൂന്ന് പൊതിയിൽ ഭവനം.ചൊവ്വരയ്ക്കടുത്ത് വെള്ളാരപ്പിള്ളിയിൽ മൂലം;കോട്ടയത്ത് ശാഖ.
ഈ മൂന്നിനാണ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശം.കൂടിയാട്ടത്തിലെ പുറപ്പാട്,ഉത്സവകാല കൂത്ത് എന്നിവ.ഓരോ കുലത്തിനും പ്രത്യേക നമ്പ്യാർ ഭവനങ്ങൾ മിഴാവ് കൊട്ടാനുണ്ട്.മൂന്നിന് പുറമെ,രണ്ടെണ്ണം മാണി ഭവനവും പൈങ്കുളം കൊയ്‌പ ഭവനവും.മാണിക്ക് പെരുവനത്തും വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലും അവകാശം.'അമ്മന്നൂർ നാട്യം,പൊതിയിൽ വാക്കു,കുട്ടഞ്ചേരി ഫലിതം' എന്ന് ചൊല്ല്.കുട്ടഞ്ചേരിക്ക് മാത്രം 'ഇട്ട്യാറാണൻ' കഥ പ്രബന്ധം പോലെ പറയാം.മറ്റുള്ളവർക്ക് 'മന്ത്രാങ്ക'ത്തിൽ ആ സന്ദർഭം വരുമ്പോൾ മാത്രം. പൊതിയിൽ ചാക്യാർക്ക്,'ഉദ്യാന പ്രവേശം' ഒറ്റ ദിവസം കൊണ്ട് ആടാം.മറ്റുള്ളവർക്ക് മൂന്ന് ദിവസം.
പറക്കും കൂത്ത് ക്രയിൻ വഴി,2013,തൃശൂർ |
മഞ്ചാനത്യാർത്ഥ സമ്പന്നാൽ
ധ്രുവ നിത്യമ്മനാം നടൻ
പറന്ന നേരം നഷ്ടാസ്തേ
നാഗാ: പ്രീതി വരാം യയുഃ ?
'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.
കൂടിയാട്ടത്തിലെ ഒരു ഖണ്ഡമാണ്,ഹർഷന്റെ 'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കും കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,കൊക്ക്,ചിറക്,വാല് എന്നിങ്ങനെ 64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,യഥാവസരം അയയ്ക്കുകയും മുറുക്കുകയും ചെയ്യും.ഗരുഡൻ പറന്നു വരുന്നത് കണക്കെ ചാക്യാരെ തട്ടിൽ നിന്ന് താഴേക്ക് എത്തിച്ച്,കൊക്ക് പൊളിപ്പിച്ച് ആളെയെടുപ്പിച്ച് മുകളിലേക്ക് കൊണ്ട് വരും.ചരടുകൾ യഥാ സ്ഥാനത്ത് കെട്ടുന്നതും വേണ്ടവണ്ണം പിടിച്ചു പറപ്പിക്കുന്നതും വിരുത് വേണ്ട കലയാണ്.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:
കുട്ടഞ്ചേരി ചാക്യാര്
കൊടുങ്ങല്ലൂർ പറന്നനാള്
തദാ വന്ന തരക്കേട്:
തല തൂങ്ങി കിടന്നു പോയ്
ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.

ഇത് നേർച്ചയായി നടത്തുമ്പോൾ,നേർന്നയാൾ നായകനായി കിടക്കും.
തൃപ്പൂണിത്തുറ രാജ കുടുംബത്തിലെ പുരുഷന്മാർക്ക് പൂർണത്രയീശ ക്ഷേത്രത്തിൽ ഇടനാഴി വിട്ട് അകത്തേക്ക് കടക്കാൻ ആവില്ല.പറക്കo കൂത്ത് നടക്കുന്ന ദിവസം,അരിയിട്ട് പാട്ട് കഴിച്ചാൽ,ജീവിച്ചിരിക്കുന്നവരും ഗർഭസ്ഥരായവരുമായ പുരുഷന്മാർക്ക് ആയുഷ്‌കാലം സോപാനത്തിൽ കയറി തൊഴാം.ആ ദിവസം രാജാവിന് പണ്ട് പെരുമാക്കന്മാർ ധരിച്ചിരുന്ന കിരീടവും ഉടവാളും ധരിക്കാം.
മൂത്ത ചാക്യാർ ഒരിക്കൽ പാദുക പട്ടാഭിഷേകം കഥ പറയുമ്പോൾ,കൂത്ത് കേൾക്കാൻ,അമ്മയ്ക്ക് ദോഷം വരുത്തിയ നമ്പൂതിരി സദസ്സിൽ;താൻ ഭരതനും നമ്പൂതിരി ശ്രീരാമനുമായി സങ്കൽപിച്ച്,ചാക്യാർ നമ്പൂതിരിക്ക് അടുത്തെത്തി പറഞ്ഞു:
"ജ്യേഷ്ഠ ! എനിക്ക് മാപ്പ് തരണേ ! ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല;എല്ലാം എൻറെ അമ്മയുടെ ദോഷമാണ്;അത് ഞാൻ ഇല്ലാത്തപ്പോൾ ചെയ്‌തതുമാണ്".
മികച്ച ഫലിതം കണ്ണീരിൽ കുതിരും.
മരണം എന്നർത്ഥമുള്ള 'ചാക്ക്' എന്ന വാക്കിൽ നിന്നാണ് ചാക്കിയാർ ഉണ്ടായത് എന്ന് പറയുന്നത് വെറുതെയല്ല.കൂത്തമ്പലത്തിൽ അയാൾ പ്രജാപതിയാണ്.തറയിൽ ഇരിക്കുന്ന ബ്രാഹ്മണർക്കിടയിൽ,ഇരിക്കാൻ പീഠമുള്ള ഒരേ ഒരാൾ.
കൂടിയാട്ടം പുനരുദ്ധരിച്ച കുലശേഖര പെരുമാൾ സദസ്സിലെ തോലൻ വിലക്കിയതിനാൽ,നായരെ കണ്ടാൽ,ചാക്യാർ കളിയാക്കുക പതിവില്ലായിരുന്നു.ബ്രാഹ്മണനും ക്ഷത്രിയനും അമ്പല വാസിയും ആയിരുന്നു,ഇര.നായരെ ഭരിച്ചത് നായർ തന്നെ എന്നതായിരുന്നു,കാരണം.ആദ്യമായി നായരെയും കൂട്ടിപ്പിടിച്ചത് പരമേശ്വര ചാക്യാരാണ്.അദ്ദേഹം താടകയുടെ ഉപജീവന മാർഗം വിവരിച്ചപ്പോൾ,പാറപ്പുറത്ത് നമ്പൂതിരിയും ഒരു നായർ സ്ത്രീയും തല കുനിച്ച് കൂത്തമ്പലത്തിൽ നിന്നിറങ്ങി.
ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.
കുലശേഖരൻ കൊണ്ട് വന്ന പരിഷ്‌കാരങ്ങൾ:
ശ്ലോകം:
സൗന്ദര്യം സുകുമാരതാ മധുരതാ
കാന്തിര മനോഹാരിതാ
ശ്രീമത്താ മഹിമേതി സർഗ്ഗ വിഭവാൻ
നിശ്ശേഷ നാരീ ഗുണാൻ
ഏതസ്യാമുപയുജ്യ ദുർവിതയാ
ദീന: പരാം പത്മഭൂ -
സ്രഷ്ടും വാഞ്ചതി ചേൽ കമോതു പുനര -
പ്യത്രൈവ ഭിക്ഷാടനം/ ( ധനഞ്ജയം )
പ്രതിശ്ലോകം
വായ്നാറ്റം കവർനാറ്റമീറ പൊടിയും
ഭാവം കൊടും ക്രൂരമാം
വാക്കും നോക്കുമിതാദി സർഗ്ഗ വിഭവാൻ
നിശ്ശേഷ ചക്കീ ഗുണാൻ
ഇച്ചക്യാം ഉപയുജ്യ പത്മജനഹോ!
ചക്യാണ ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വ -
ന്നെല്ലാമിരന്നീടണം.
മെക്കയിലേക്കോ സ്വർഗ്ഗത്തേക്കോ പോയ അവസാന പെരുമാളാണ്,വിദൂഷകന് പ്രാധാന്യം നൽകിയത് .പണ്ഡിതർ മാത്രമല്ല,ജനം മുഴുവൻ രസിക്കണമെന്ന് അദ്ദേഹം കരുതി.
തച്ചു ശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലം.സദസ്യർക്ക് ഒരു തറ.അഭിനയത്തിന് അൽപം ഉയർന്ന തറ-രംഗം.അതിന് പിന്നിൽ അണിയറ.രംഗത്തെ മൂന്നായി തിരിച്ചു:അഭിനയ സ്ഥാനം,മൃദംഗ പദം ( മിഴാവ് / വാദ്യ സ്ഥാനം ),നേപഥ്യo ( അണിയറ ).മിഴാവ് കൊട്ടുന്നത് നമ്പ്യാർ,അതിന് വലത്ത്,കുറച്ചു മുൻപിൽ വിരിച്ച മുണ്ടിൽ ഇരുന്ന് കുഴിത്താളം കൊണ്ട് കൊട്ടിന് അനുസരിച്ച് താളം പിടിക്കുന്നു നങ്യാർ.
ചാക്യാർ അണിയറയിലിരുന്ന് കാൽ കഴുകി,ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ്യ് തേച്ച് അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിഞ്ഞ്,ഒരു കാതിൽ കുണ്ഡലമിട്ട്,മറ്റേതിൽ വെറ്റില തെറുത്ത് തിരുകി ചെത്തിപ്പൂ തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കൈയിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം എന്നിവ ധരിച്ച് രംഗ പ്രവേശത്തിന് ഒരുങ്ങും.മിഴാവ് ഒച്ചപ്പെടുത്തിയാൽ,രംഗ പ്രവേശം.
മൂന്ന്
പാളയും പട്ടും ചെത്തിപ്പൂവുമുണ്ടെങ്കിൽ,കൂടിയാട്ടത്തിൽ മറ്റ് അണിയലം ഒന്നും വേണ്ട എന്ന് പറയും.ചെത്തി കിട്ടാതെ പട്ടു നൂലിട്ടിട്ടുണ്ട്.'ആടാ ചാക്യാർക്ക് അണിയലം മുഖ്യം' എന്നും 'ആടും ചാക്യാർക്ക് അണിയലം വേണ്ട' എന്നും പറയും.പണ്ടൊരു പീറ ചാക്യാർ,പ്രഗത്ഭനോട് അണിയലം ചോദിച്ചു.ഉള്ളതിൽ നല്ലതു തന്നെ തരാം എന്ന് പറഞ്ഞപ്പോൾ,അയാൾ,കഴിവാണ് മുഖ്യം എന്ന് പിടി കിട്ടി സ്ഥലം വിട്ടു.
അമ്മന്നൂർ മാധവ ചാക്യാരുടെ അരങ്ങേറ്റം 1928 ൽ പരദേവത കുടി കൊള്ളുന്ന തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ.
പ്രതിഭാ ശാലി ചാച്ചു ചാക്യാരാണ്,മരുമകൻ അമ്മന്നൂർ മാധവ ചാക്യാർക്ക്,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ,'ജടായു വധ'ത്തിലെ സൂത വേഷത്തിന് മുഖത്തെഴുത്ത് നിശ്ചയിച്ചത്.11 വയസിൽ തലയിൽ ചുവപ്പ് തുണിയും പീലിപ്പട്ടവും കെട്ടി,കണ്ണും പുരികവും എഴുതി,ചുണ്ട് ചുവപ്പിച്ച്,മുഖത്ത് നെയ് തേച്ച് നെറ്റിയിൽ പൊട്ടിട്ട് അദ്ദേഹം സൂത വേഷത്തിൽ ഷഷ്ടി പൂർത്തിക്ക് ശേഷമാണ്, ക്ഷേത്രതിന് പുറത്ത് വന്നത്.2001 ഒക്ടോബർ 16 ന് പാരിസിലെ യുനെസ്‌കോ വേദിയിൽ 84 വയസിൽ നടത്തിയ പ്രകടനം അഭിനയ പാരമ്യമായി.കൈലാസം കാണുമ്പോൾ,ഉയർച്ചയെ താഴ്ച കൊണ്ട് പെരുപ്പിക്കുന്ന ശരീര ഭാവവും ദൃഷ്ടി മുകളിലേക്ക് ചലിപ്പിച്ച് അനന്തതയെ എത്തിപ്പിടിക്കുന്നതിലെ ഒതുക്കവും കണ്ടു.കൃഷ്ണ മണിക്കാണ് സൗന്ദര്യം എന്ന ധാരണ തിരുത്തി,ശ്വാസ ഗതി നിയന്ത്രിച്ച്,മുഖത്ത് നിറ മാറ്റം വരുത്തി,അദ്ദേഹം.കൊടുങ്ങല്ലൂർ കളരിയിൽ നിന്നായിരുന്നു,ഈ സമ്പാദ്യം.ആരും ഏതു വേഷവും കെട്ടണം എന്ന വ്യവസ്ഥ കൂടിയാട്ടത്തിൽ ഉണ്ട്.അത് ലോക നാടക വേദിക്ക് പാഠമാണ്.
കൂടിയാട്ടം അനുഷ്ഠാനമായി അമ്പലത്തിൽ നിൽക്കണമെന്ന ആചാരം അമ്പതുകളിൽ തന്നെ മാറി.സർദാർ കെ എം പണിക്കർ പ്രസിഡന്റും പി കെ ശിവശങ്കര പിള്ള സെക്രട്ടറിയും ആയിരിക്കെ,സാഹിത്യ അക്കാദമിയിൽ കൂടിയാട്ടം നടന്നു.വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് വന്നു.ക്ഷേത്ര മതിൽകെട്ടിന് പുറത്ത് കൊണ്ട് പോയതിന് മിഴാവ് പുണ്യാഹം വഴി ശുദ്ധീകരിച്ചു.അതിന് തുക അക്കാദമി ക്ഷേത്രത്തിൽ ആദ്യമേ കെട്ടി വച്ചു.പിന്നീട് പോളണ്ടുകാരൻ ക്രിസ്തോഫ് ബിർസ്‌കി,മാണി മാധവ ചാക്യാരുടെ ശിഷ്യനായി,'നാഗാനന്ദ'ത്തിൽ ജീമൂത വാഹനൻ ആയി.
മാധവ ചാക്യാർമാർ രണ്ടുണ്ട്:അമ്മന്നൂരും മാണിയും.ലക്കിടിയിൽ താമസിച്ച മാണി,കണ്ണുകളിൽ വായു ഉൾക്കൊണ്ട് അതിൻറെ വലിപ്പം കൂട്ടിയിരുന്നു.ദൃഷ്ടികൾ കൊണ്ട് അക്ഷരങ്ങൾ എഴുതി.
അമ്മന്നൂരിൻറെ രാവണനെപ്പോലെ,കൂടിയാട്ടം അരങ്ങിൽ നിറഞ്ഞ വേഷമാണ്,പൈങ്കുളം രാമ ചാക്യാരുടെ കപാലി.കലാമണ്ഡലത്തിൽ അധ്യാപകൻ ആയിരുന്നു.പൈങ്കുളo രാമ ചാക്യാരെ,ചാച്ചു ചാക്യാർ,ഏഴു കൂടിയാട്ടങ്ങളും 'ദൂത വാക്യം','രാജ സൂയം' മുതലായ പ്രബന്ധങ്ങളും അശനം മുതലായ പുരുഷാർത്ഥങ്ങളും പഠിപ്പിച്ചു.അഞ്ചു കൊല്ലം മഴക്കാലത്ത് മൂന്നു മാസം ചവിട്ടി ഉഴിച്ചിൽ നടത്തി.രാമ ചാക്യാരാണ് കൂത്തിനെ ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.
\ഇരിങ്ങാലക്കുട അമ്മന്നൂർ മഠത്തിൽ,ചാച്ചു ചാക്യാർ നില നിർത്തിയ കളരിയിലാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,പരമേശ്വര ചാക്യാർ എന്നിവർ പഠിച്ചത്.കേരളം ആദരിക്കാതിരുന്ന മാധവ ചാക്യാർക്ക്,62 വയസിൽ 1979 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടി.അന്യ നാട്ടിൽ പോകുന്നത് അരുതായ്‌ക ആണെന്ന് പഠിച്ചിരുന്ന ചാക്യാർ അത് വാങ്ങാൻ പോയി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു.ഡൽഹിയിൽ ഒരു നിലവിളക്കും പീഠവും യവനികയും വച്ച് അദ്ദേഹം വിസ്മയം തീർത്തു.-'തോരണ യുദ്ധ'ത്തിലെ രാവണൻ.ഈ രംഗ സാമഗ്രികൾ മുഴുവൻ വച്ചാണ്,ത്രിലോക സംഭവങ്ങൾ ചിത്രീകരിക്കേണ്ടത്.ആ നടൻറെ കണ്ണുകളിലാണ്,പർവ്വതവും ഗുഹയും വൃക്ഷങ്ങളും വെള്ളച്ചാട്ടവും പാറക്കൂട്ടവുമൊക്ക വിരിഞ്ഞത്.'പർവത വർണന'യും 'പാർവതീ വിരഹ'ത്തിൽ പകർന്നാട്ടവും ഉണ്ടായി.
സ്വന്തം നിലയ്ക്ക് ഒരു അണിയലം,അമ്മന്നൂർ ഉണ്ടാക്കി-കഥാ പാത്ര വേഷം ഇല്ലാതെ കൂടിയാട്ടത്തിലെ ഏതു ഭാഗവും അവതരിപ്പിക്കാൻ വേണ്ടി.പൊയ് തകം,മാറ്റ്,ഉത്തരീയം എന്നിവ മാത്രം.കണ്ണും പുരികവും മഷി എഴുതി.ചുണ്ട് ചുവപ്പിച്ചു.മുഖത്ത് അൽപം നെയ്യ്.തലയിൽ ചുവപ്പ് തുണി,പീലിപ്പട്ടം.ഇങ്ങനെ മുഖത്തെ ഭാവ വ്യത്യാസം കാണാം.മനയോല തേച്ചാൽ പറ്റില്ല.നെയ് തേച്ചാൽ ഭാവ മാറ്റം കൂടുതൽ കാണും.നെയ് തേച്ച സൂത്രധാരൻ എന്ന വേഷം തന്നെയുണ്ട്.
ഭാസൻറെ 'അഭിഷേക നാടകം' ഒന്നാം അങ്കമാണ്,'ബാലി വധം' കൂടിയാട്ടം.ശ്രീരാമൻ,ലക്ഷ്മണൻ,സുഗ്രീവൻ,ബാലി,താര,ഹനുമാൻ,അംഗദൻ കഥാപാത്രങ്ങൾ.വടക്കുന്നാഥ ക്ഷേത്രത്തിൽ കാലങ്ങളായി ഇത് അവതരിപ്പിക്കുമ്പോൾ,ബാലിയും സുഗ്രീവനും മാത്രമാണ് രംഗത്ത്.മറ്റിടങ്ങളിൽ താര ഒഴികെയുള്ളവർ ഉണ്ടായിരുന്നു എന്ന് 'ക്രമ ദീപിക'യിൽ കാണാം.1948 ൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കിടങ്ങുർ രാമ ചാക്യാരും അമ്മന്നൂർ ചാച്ചു ചാക്യാരും നേതൃത്വം നൽകി 'ബാലി വധം'അങ്ങനെയാണ് അവതരിപ്പിച്ചത്.പൈങ്കുളം രാമചാക്യാർ വഴി താര ആദ്യമായി അരങ്ങിൽ എത്തി.സുഗ്രീവൻറെ പൂർവ കഥാ വിവരണത്തിൽ,ബാലിയെ ഭയന്ന സുഗ്രീവൻറെ മനോ വിചാരങ്ങൾ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന അഭിനയ ഭാഗവും രാമ ചാക്യാർ ചേർത്തു.ഇത് പിന്നീട് അമ്മന്നൂരും എടുത്തു.'ബാലി വധ'ത്തിൽ 15 മിനിറ്റ് അമ്മന്നൂർ ബാലിയുടെ മരണ രംഗം അഭിനയിക്കുന്നത്,ലോകോത്തര നടന്മാരുടെ ഉള്ളുലയ്ക്കും വിധം ആയിരുന്നു.
അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് മൂഴിക്കുളത്ത്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 ) ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.അദ്ദേഹത്തിൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.
പിന്നീട് പ്രശസ്തനായ അമ്മന്നൂർ വലിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും മരുമകനുമായ ചെറിയ പരമേശ്വര ചാക്യാരെപ്പറ്റി പ്രസിദ്ധമായ കഥ:
തിരുവിതാംകൂർ -കൊച്ചി റെസിഡൻറ് കൊല്ലം റെസിഡൻസിയിൽ താമസം.റെസിഡന്റിൻറെ കാവൽ നായ പ്രസരിപ്പോടെ പുറത്തേക്ക് പോയി,ഉടൻ പിൻ കാലുകളിൽ ഒന്ന് മടക്കി നിലവിളിച്ച് പാഞ്ഞെത്തി.പ്രിയ പട്ടിയെ വേദനിപ്പിച്ച കശ്മലനെ ഹാജരാക്കാൻ റെസിഡൻറ് ഉത്തരവായി.മധ്യ വയസ്‌കനായ വഴി പോക്കനെ ഹാജരാക്കി.തൊഴു കൈയോടെ വിറച്ചു വിറച്ച് അയാൾ കെഞ്ചി.നായയെ എറിഞ്ഞു കാൽ ഒടിച്ചില്ല.കടിക്കാൻ വന്നപ്പോൾ,കരിങ്കൽ തുണ്ടെടുത്തു എറിഞ്ഞതായി നടിച്ചേയുള്ളു.നാട്യ വിദ്യ കൊണ്ട് ജീവിക്കുകയാണ്.
അഭിനയം കണ്ട് നൊന്ത് നായ നിലവിളിക്കുമോ എന്നായി റെസിഡൻറ്.അതൊന്നു കണ്ടാൽ കൊള്ളാം.
വഴി പോക്കൻ,വാനര യൂഥം കല്ലുകളും തടികളും പർവ്വതങ്ങളും മറ്റും ഏറ്റി കൊണ്ട് വന്ന് സേതു ബന്ധനം നടത്തുന്ന രംഗം മനസ്സിൽ കണ്ട് ചില ചുവടുകൾ വച്ചു.റെസിഡൻസിയുടെ മുന്നിൽ കിടന്ന കരിങ്കൽ പലക പൊക്കി എടുത്തു.അയാൾ കൈലാസം പൊക്കുന്ന രാവണൻ ആയി.പർവതത്തെ അയാൾ റെസിഡന്റിന് നേരെ എറിഞ്ഞു.തലയിൽ കൈ വച്ച് ആർത്ത നാദത്തോടെ റെസിഡൻറ് കസേരയോട് കൂടി മറിഞ്ഞു വീണു.
കരിങ്കല്ല് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.വഴിപോക്കൻ ചെറിയ പരമേശ്വര ചാക്യാർ.ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ ( 1814 -1860 ) കഥകളി യോഗത്തിലെ പ്രധാന നടൻ ആയിരുന്ന ഈശ്വര പിള്ള വിചാരിപ്പുകാരുടെ ( 1815 -1874 ) ഗുരു ആയിരുന്നു അദ്ദേഹം.ചെറിയ പരമേശ്വര ചാക്യാരുടെ മുഖ്യ ശിഷ്യൻ കിടങ്ങുർ ചെറു പരിഷ മാധവ ചാക്യാർ ആയിരുന്നു.ഈ ചാക്യാരുടെ മരുമകനാണ്,കിടങ്ങുർ രാമ ചാക്യാർ.കഥയുടെ കാലം അനുസരിച്ചു വില്യം കല്ലൻ ആയിരുന്നിരിക്കാം റെസിഡൻറ്.1840 മുതൽ 20 കൊല്ലം റെസിഡൻറ് ആയിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂടിയാട്ടം ആചാര്യൻ 1881 ൽ പിറന്ന അമ്മന്നൂർ ചാച്ചു ചാക്യാർ തന്നെ.ശരിപ്പേര് പരമേശ്വര ചാക്യാർ.അദ്ദേഹത്തിൻറെ കളരിയിൽ പഠിച്ചവരാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,അമ്മന്നൂർ പരമേശ്വര ചാക്യാർ,പൊതിയിൽ പരമേശ്വര ചാക്യാർ,നാരായണ ചാക്യാർ എന്നിവർ.
താത്രിക്കുട്ടിയെ 1905 ൽ സ്മാർത്ത വിചാരം ചെയ്യുന്നതിന് ഉത്തരവിട്ട രാജർഷി രാമവർമ രാജാവ് ഒന്നാം ലോകയുദ്ധ കാലത്ത്,ജർമൻ ഓഫീസർമാരെ കപ്പലിൽ പോയി കണ്ട് ബ്രിട്ടിഷ് അതൃപ്തി നേടി വാഴ്ച ഒഴിഞ്ഞു.'വാഴ്ച ഒഴിഞ്ഞ തമ്പുരാൻ' എന്നറിയപ്പെട്ടു.വാഴ്ചയൊഴിഞ്ഞ് താമസിക്കാൻ പണി കഴിപ്പിച്ച കൊട്ടാരമാണ്,ഇന്നത്തെ കേരള വർമ്മ കോളജ്.
അക്കാലത്ത്,വടക്കുന്നാഥ ക്ഷേത്ര കൂത്തു സദസിൽ സ്ഥിരക്കാരനായിരുന്നു അദ്ദേഹം.ഒരിക്കൽ അദ്ദേഹം ചാച്ചു ചാക്യാരോട് പറഞ്ഞു :
"ശ്ലോകത്തിന് അർത്ഥം പറയാൻ ഞങ്ങൾക്കും അറിയാം.അതിനല്ല കൂത്ത് കേൾക്കാൻ വരുന്നത്.ചാക്യാർ ആണെങ്കിൽ ശകാരം വേണം.എന്നെ ശകാരിച്ചോളൂ".
'രാമായണ പ്രബന്ധ'ത്തിൽ രാവണനും രാമനും തമ്മിൽ നേരിട്ടുള്ള യുദ്ധ ഭാഗമാണ്,അന്ന് ചാച്ചു ചാക്യാർ എടുത്തത്.യുദ്ധത്തിനിടെ രാവണൻ,രാമനെ ചീത്ത വിളിക്കുന്നു.'സ്ത്രീ വിപ്രേണ വനൗകസാം' എന്നാരംഭിക്കുന്ന ശ്ലോകം.അതിൽ രാമനെതിരായ വിശേഷണങ്ങൾ രാജാവിനും ചേരുന്നതായിരുന്നു:
"ഹേ രാഘവ ( രാമ ) സ്ത്രീയെയും ( താടക ) ബ്രാഹ്മണനെയും ( പരശു രാമൻ ) ഏണത്തെയും ( മാൻ ചമഞ്ഞ മാരീചൻ ) വനൗകസ്സിനെയും ( കുരങ്ങൻ- ബാലി ) ആണ് നീ ജയിച്ചത്.അതെനിക്കറിയാം.പിന്നെയോ ?പൈതൃകമായി കിട്ടിയ രാജ്യത്തിൽ നിന്ന് ഭ്രഷ്ടനാക്കപ്പെട്ട് കാട്ടിൽ കിഴങ്ങുകളും കായ്‌കളും തിന്ന് ജീവിക്കുന്നവനാണ്,നീ".
ചാച്ചു ചാക്യാർ ശ്ലോകാർത്ഥം വിശദീകരിച്ചു:
അദ്ദേഹം ഒരു സ്ത്രീയെ ജയിച്ചു ( താത്രി ).ഒരു ബ്രാഹ്മണനുമായി നടന്ന കേസിൽ ( കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് ) ബ്രാഹ്മണനെ തോൽപിച്ചു.രാജാവിന് ഇഷ്ടം കിഴങ്ങുകളും കായ്‌കളും.അടുത്ത കാലത്താണ്,അധികാരം ഒഴിയേണ്ടി വന്നത്.ഇഷ്ട പ്രകാരം സ്ഥാനത്യാഗം ചെയ്‌തു എന്നാണ് പുറമെ പറഞ്ഞത്;സത്യം അതല്ല.ഒഴിപ്പിക്കുക ആയിരുന്നു.
ഒന്ന് നിർത്തി,ചാച്ചു ചാക്യാർ,ഒഴിഞ്ഞ രാജാവിനോട് ചോദിച്ചു:
"ഒഴിയേ,ഒഴിപ്പിക്കേ?"
ചോദിച്ചു വാങ്ങിയ പ്രഹരം.
ചാച്ചു പണ്ഡിതനായിരുന്നു.തർക്കവും വ്യാകരണവും പഠിപ്പിച്ചത്,കരിങ്ങമ്പിള്ളി നമ്പൂതിരിപ്പാട്.അദ്ദേഹത്തിൻറെ മന ക്ഷേത്രത്തിലാണ്,ചാച്ചു ഒറ്റയ്ക്ക് 24 വയസ്സിൽ 'മന്ത്രാങ്കം'നടത്തിയത്.41 ദിവസം.അവസാനനാൾ 'വലിയ കൂടിയാട്ട'മാണ്.15 മണിക്കൂർ നീളുന്നതാണ്,വിദൂഷകൻറെ ആട്ടം.ഉച്ചയ്ക്ക് രണ്ടിന് അരങ്ങിലെത്തി പിറ്റേന്ന് വെളുപ്പിന് അഞ്ചു വരെ.ഇങ്ങനെ ഒന്ന് ലോക നാടക വേദിയിൽ വേറെയില്ല.15 മണിക്കൂർ തോരാത്ത വാഗ് ധാര.ചാച്ചു വെളുപ്പിന് നാലിന് വിദൂഷകൻറെ അവസാന വന്ദന ശ്ലോകങ്ങൾ ഉരുവിടാൻ തുടങ്ങിയപ്പോൾ,അത് കണ്ടിരുന്ന കരിങ്ങമ്പിള്ളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവസാന വന്ദന ശ്ലോകവും ഉരുവിട്ട് മുടിയഴിച്ച് ചാച്ചു അരങ്ങത്തു തിരിച്ചു വന്ന് നമ്പൂതിരിപ്പാടിന് മുന്നിൽ സാഷ്ടംഗം പ്രണമിച്ചു.കാൽക്കൽ കിടക്കുന്ന ശിഷ്യൻറെ തലയിൽ കൈ വച്ച് കണ്ണീരൊഴുക്കി,ഗുരു ഏറെ നേരം അങ്ങനെ ഇരുന്നു.
അരങ്ങ് വിട്ട ശേഷം ചാച്ചു ചാക്യാർ പറഞ്ഞു:"എല്ലാ പ്രബന്ധങ്ങളും അവതരിപ്പിക്കാൻ കഴിവുള്ളവനായി,ഞാൻ മാത്രമേ ഉണ്ടായിട്ടുള്ളൂ ".ഷഷ്ടി പൂർത്തി കഴിഞ്ഞാണ് അരങ്ങ് വിട്ടത്.മൂഴിക്കുളത്തെ കൂടിയാട്ടത്തിന്,അമ്മന്നൂരിലെ കാരണവർ വേണം.മരണത്തിന് തലേ കൊല്ലം വരെ ചാച്ചു ചാക്യാർ,ആ വേഷം കെട്ടി.അരങ്ങു വിട്ടിട്ടും,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ തുടങ്ങിയ ശിഷ്യർ അരങ്ങു നടത്തുന്നത് കാണാൻ പോയി.അരങ്ങിൻറെ തൂണിന്മേൽ ആരും അറിയാതെ,മുഖത്ത് കുറ്റി രോമങ്ങളുമായി,ആ മെലിഞ്ഞ വൃദ്ധൻ നിന്നു.
ചാച്ചു ചാക്യാരുടെ പ്രിയ വേഷം 'ശൂർപ്പണഖാങ്ക'ത്തിലെ നിണമണിഞ്ഞ ശൂർപ്പണഖ.അതിന് അത് പോലെ വേറെ ആളുണ്ടായില്ല.പൈങ്കുളം രാമ ചാക്യാരുടെ സഹോദരി ആയിരുന്നു,ഭാര്യ.
അവസാന കാലം മഠത്തിലെ താളിയോലകളിലെ ആട്ട ക്രമങ്ങൾ കടലാസിലേക്ക് പകർത്തിച്ചു1966 ആദ്യം പക്ഷ വാതം മൂലം കാലുകൾ തളർന്നു.തലച്ചോറിനും അസുഖമായി.നെയ്യ്,ശർക്കര എന്നിവയോട് ഭ്രമമായി.ഒരു കാലത്ത് കൂടിയാട്ട കളരി ഇരുന്നിടത്ത്,വരാന്തയിൽ നിലത്തു വിരിച്ച പായ മേൽ കാലും നീട്ടിയിരുന്നു.ഊണ് നേരത്ത് നിരങ്ങി അടുക്കളയിലേക്ക് നീങ്ങി ഉച്ചത്തിൽ യാചിച്ചു:
"ഇത്തിരി ചോറ് തരണേ !"
വിളമ്പിയാൽ പിന്നെയും യാചന:
"ഇത്തിരി നെയ് തരണേ,ശർക്കര തരണേ !"
അത് ബുദ്ധി കലമ്പിയ വൃദ്ധ വിലാപമായി പലരും കരുതി.'സുഭദ്രാ ധനഞ്ജയ'ത്തിലെ വിദൂഷകൻറെ ഭിക്ഷ യാചിച്ചു കൊണ്ടുള്ള രംഗപ്രവേശത്തിൽ ഓർമ്മ ഉടക്കി നിന്നതായിരുന്നു,അത്.ബുദ്ധി മരവിച്ചപ്പോഴും,നടൻ ഉണർന്നിരുന്നു.1967 ൽ 86 വയസിൽ നടൻ ജീവിത വേദിയും വിട്ടു.
ചെറിയ പരമേശ്വര ചാക്യാരുടെ കാലത്ത്,അമ്മന്നൂർ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീയെ കിടങ്ങുർ ചെറിയ പരിഷ കുടുംബത്തിലേക്ക് ദത്തെടുത്തു.രണ്ടു കുടുംബങ്ങൾ ഒന്നായി.ചെറു പരിഷ കുടുംബത്തിലെ മരുമകനായ മാധവ ചാക്യാർ,ചെറിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും നടനെന്ന നിലയിൽ,ഇതിഹാസവുമായി.മാധവ ചാക്യാരെ കണ്ടാണ്,മഹാ കഥകളി നടൻ കേശവക്കുറുപ്പ് അഭിനയം പഠിച്ചത്.രാവിലെ നാലിന് എഴുന്നേറ്റ് കണ്ണ് സാധകം അരങ്ങൊഴിഞ്ഞ വാർധക്യത്തിലും തുടർന്നു."പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു,"അദ്ദേഹം പറഞ്ഞു.
ശക്തൻ തമ്പുരാന് ശേഷം,ഭരണമേറ്റ അനന്തരവന്മാർ രാമവര്മയും വീര കേരളവർമയും ദുർബലരായിരുന്നു.ബാല്യം മുതൽ വാത രോഗി ആയിരുന്നു വീര കേരളവർമ്മ.തൃപ്പൂണിത്തുറ കണ്ണെഴുത്തു മഠത്തിലെ ചേച്ചിയും അനിയത്തിയും,ലക്ഷ്മിയും കുഞ്ഞിക്കാവും ഭാര്യമാർ.മാധ്വ മതം സ്വീകരിച്ച് ഉഡുപ്പി സ്വാമിയാരുടെ അനുയായി ആയിരുന്നു.അദ്ദേഹം ഒരിക്കൽ കൂത്ത് കണ്ടു കൊണ്ടിരിക്കെ,ചാക്യാർ ഇരിപ്പിടത്തിനടുത്തേക്ക് കുനിഞ്ഞ്‍ ചോദിച്ചു:"എന്താ! ഉടുപ്പും കണ്ണെഴുത്തുമായി കഴിഞ്ഞാൽ മതിയോ ?"
ഇത് ചാച്ചു ചാക്യാർക്ക് മുൻപായിരുന്നു.ഗ്രീസിലെപ്പോലെ നാടകം ഇവിടെയും ജനാധിപത്യ ബോധം വളർത്തി.
കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത് എന്ന്]പറഞ്ഞല്ലോ -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:
"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.
ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.
കൊടുങ്ങല്ലൂർ വഴി പോകുമ്പോൾ ഞാൻ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ കയറും.ആ ക്ഷേത്ര മണ്ഡപത്തിൽ നോക്കും.അവസാനത്തെ ചാക്യാർ,കൂടിയാട്ടം മരിക്കുമ്പോൾ,തൻറെ അണിയലം അഥവാ ആടയാഭരണങ്ങൾ ഭാണ്ഡമാക്കി,മണ്ഡപത്തിൻറെ ഉത്തരത്തിൽ വച്ച് കാശിക്ക് പോകണം എന്നാണ് വിധി.അണിയലം അടുത്തൊന്നും ഉത്തരത്തിൽ കയറില്ല.ഇതുവരെ ഈ ക്ഷേത്രത്തിൽ കൂടിയാട്ടം നടന്നിട്ടുമില്ല.ആ അയിത്തം കൂടി ഒരു ചാക്യാർ പൊളിച്ച്,അവസാനത്തെ ചാക്യാർ എന്നൊന്നില്ലെന്നും ചാക്യാർ ചിരഞ്ജീവി ആണെന്നും സ്ഥാപിക്കേണ്ടതുണ്ട്.
---------------------------
റഫറൻസ്:
പ്രബന്ധ പൂർണിമ / ടി പി ബാലകൃഷ്ണൻ നായർ,ആശ്ചര്യ ചൂഡാമണി വ്യാഖ്യാനം / എൻ വി നമ്പ്യാതിരി,മന്ത്രാങ്കം / പി കെ നാരായണൻ നമ്പ്യാർ,അമ്മന്നൂർ മാധവ ചാക്യാർ / വേണു ജി,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമവർമ്മ,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ
കുറിപ്പ് :തൃശൂരിൽ 'മൃണ്മയ'ക്രയിൻ ഉപയോഗിച്ച് 2013 ൽ പറക്കും കൂത്ത് അവതരിപ്പിച്ചു.
See https://hamletram.blogspot.com/2019/09/o.html
കൂടിയാട്ടം പുനരുദ്ധരിച്ച കുലശേഖര പെരുമാൾ സദസ്സിലെ തോലൻ വിലക്കിയതിനാൽ,നായരെ കണ്ടാൽ,ചാക്യാർ കളിയാക്കുക പതിവില്ലായിരുന്നു.ബ്രാഹ്മണനും ക്ഷത്രിയനും അമ്പല വാസിയും ആയിരുന്നു,ഇര.നായരെ ഭരിച്ചത് നായർ തന്നെ എന്നതായിരുന്നു,കാരണം.ആദ്യമായി നായരെയും കൂട്ടിപ്പിടിച്ചത് പരമേശ്വര ചാക്യാരാണ്.അദ്ദേഹം താടകയുടെ ഉപജീവന മാർഗം വിവരിച്ചപ്പോൾ,പാറപ്പുറത്ത് നമ്പൂതിരിയും ഒരു നായർ സ്ത്രീയും തല കുനിച്ച് കൂത്തമ്പലത്തിൽ നിന്നിറങ്ങി.
ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.
കുലശേഖരൻ കൊണ്ട് വന്ന പരിഷ്‌കാരങ്ങൾ:
- വിദൂഷകനും മറ്റ് ചില പാത്രങ്ങളും പ്രാകൃത സംസ്‌കൃതത്തിൽ അല്ലാതെ മലയാളത്തിൽ സംസാരിച്ച്,സംസ്‌കൃതം അറിയാത്തവർക്ക് കൂടി സംസ്‌കൃത നാടകാഭിനയം മനസിലാക്കി കൊടുക്കണം.
- നാടകത്തിന്റെ ഏത് പ്രധാന അംഗത്തിനും അവതാരികാ രൂപേണ നാന്ദി വേണം.
- നായകനും മറ്റു പാത്രങ്ങളും പറയുന്ന സംസ്‌കൃത വാക്കുകൾക്ക് ഉത്തരമായി,യോജിച്ച മണിപ്രവാള ശ്ലോകങ്ങൾ ചൊല്ലണം.ഇതിന് പ്രതിശ്ലോകം എന്ന് പറയും.
ശ്ലോകം:
സൗന്ദര്യം സുകുമാരതാ മധുരതാ
കാന്തിര മനോഹാരിതാ
ശ്രീമത്താ മഹിമേതി സർഗ്ഗ വിഭവാൻ
നിശ്ശേഷ നാരീ ഗുണാൻ
ഏതസ്യാമുപയുജ്യ ദുർവിതയാ
ദീന: പരാം പത്മഭൂ -
സ്രഷ്ടും വാഞ്ചതി ചേൽ കമോതു പുനര -
പ്യത്രൈവ ഭിക്ഷാടനം/ ( ധനഞ്ജയം )
പ്രതിശ്ലോകം
വായ്നാറ്റം കവർനാറ്റമീറ പൊടിയും
ഭാവം കൊടും ക്രൂരമാം
വാക്കും നോക്കുമിതാദി സർഗ്ഗ വിഭവാൻ
നിശ്ശേഷ ചക്കീ ഗുണാൻ
ഇച്ചക്യാം ഉപയുജ്യ പത്മജനഹോ!
ചക്യാണ ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വ -
ന്നെല്ലാമിരന്നീടണം.
- നായകനും മറ്റു പാത്രങ്ങളും അവർ ചൊല്ലുന്ന ശ്ലോകത്തിൻറെ അർത്ഥം സൂചിപ്പിക്കുന്ന സ്വരത്തിലും രീതിയിലും ഉച്ചരിക്കണം.ഓരോ പദവുമെടുത്ത്,അഭിനയം,സ്തോഭം,ഹസ്തമുദ്ര എന്നിവ വഴി അർത്ഥം വിശദീകരിക്കണം.
മെക്കയിലേക്കോ സ്വർഗ്ഗത്തേക്കോ പോയ അവസാന പെരുമാളാണ്,വിദൂഷകന് പ്രാധാന്യം നൽകിയത് .പണ്ഡിതർ മാത്രമല്ല,ജനം മുഴുവൻ രസിക്കണമെന്ന് അദ്ദേഹം കരുതി.
\കൂത്തമ്പലം |
ചാക്യാർ അണിയറയിലിരുന്ന് കാൽ കഴുകി,ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ്യ് തേച്ച് അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിഞ്ഞ്,ഒരു കാതിൽ കുണ്ഡലമിട്ട്,മറ്റേതിൽ വെറ്റില തെറുത്ത് തിരുകി ചെത്തിപ്പൂ തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കൈയിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം എന്നിവ ധരിച്ച് രംഗ പ്രവേശത്തിന് ഒരുങ്ങും.മിഴാവ് ഒച്ചപ്പെടുത്തിയാൽ,രംഗ പ്രവേശം.
മൂന്ന്
പാളയും പട്ടും ചെത്തിപ്പൂവുമുണ്ടെങ്കിൽ,കൂടിയാട്ടത്തിൽ മറ്റ് അണിയലം ഒന്നും വേണ്ട എന്ന് പറയും.ചെത്തി കിട്ടാതെ പട്ടു നൂലിട്ടിട്ടുണ്ട്.'ആടാ ചാക്യാർക്ക് അണിയലം മുഖ്യം' എന്നും 'ആടും ചാക്യാർക്ക് അണിയലം വേണ്ട' എന്നും പറയും.പണ്ടൊരു പീറ ചാക്യാർ,പ്രഗത്ഭനോട് അണിയലം ചോദിച്ചു.ഉള്ളതിൽ നല്ലതു തന്നെ തരാം എന്ന് പറഞ്ഞപ്പോൾ,അയാൾ,കഴിവാണ് മുഖ്യം എന്ന് പിടി കിട്ടി സ്ഥലം വിട്ടു.
അമ്മന്നൂർ മാധവ ചാക്യാരുടെ അരങ്ങേറ്റം 1928 ൽ പരദേവത കുടി കൊള്ളുന്ന തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ.
പ്രതിഭാ ശാലി ചാച്ചു ചാക്യാരാണ്,മരുമകൻ അമ്മന്നൂർ മാധവ ചാക്യാർക്ക്,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ,'ജടായു വധ'ത്തിലെ സൂത വേഷത്തിന് മുഖത്തെഴുത്ത് നിശ്ചയിച്ചത്.11 വയസിൽ തലയിൽ ചുവപ്പ് തുണിയും പീലിപ്പട്ടവും കെട്ടി,കണ്ണും പുരികവും എഴുതി,ചുണ്ട് ചുവപ്പിച്ച്,മുഖത്ത് നെയ് തേച്ച് നെറ്റിയിൽ പൊട്ടിട്ട് അദ്ദേഹം സൂത വേഷത്തിൽ ഷഷ്ടി പൂർത്തിക്ക് ശേഷമാണ്, ക്ഷേത്രതിന് പുറത്ത് വന്നത്.2001 ഒക്ടോബർ 16 ന് പാരിസിലെ യുനെസ്‌കോ വേദിയിൽ 84 വയസിൽ നടത്തിയ പ്രകടനം അഭിനയ പാരമ്യമായി.കൈലാസം കാണുമ്പോൾ,ഉയർച്ചയെ താഴ്ച കൊണ്ട് പെരുപ്പിക്കുന്ന ശരീര ഭാവവും ദൃഷ്ടി മുകളിലേക്ക് ചലിപ്പിച്ച് അനന്തതയെ എത്തിപ്പിടിക്കുന്നതിലെ ഒതുക്കവും കണ്ടു.കൃഷ്ണ മണിക്കാണ് സൗന്ദര്യം എന്ന ധാരണ തിരുത്തി,ശ്വാസ ഗതി നിയന്ത്രിച്ച്,മുഖത്ത് നിറ മാറ്റം വരുത്തി,അദ്ദേഹം.കൊടുങ്ങല്ലൂർ കളരിയിൽ നിന്നായിരുന്നു,ഈ സമ്പാദ്യം.ആരും ഏതു വേഷവും കെട്ടണം എന്ന വ്യവസ്ഥ കൂടിയാട്ടത്തിൽ ഉണ്ട്.അത് ലോക നാടക വേദിക്ക് പാഠമാണ്.
കൂടിയാട്ടം അനുഷ്ഠാനമായി അമ്പലത്തിൽ നിൽക്കണമെന്ന ആചാരം അമ്പതുകളിൽ തന്നെ മാറി.സർദാർ കെ എം പണിക്കർ പ്രസിഡന്റും പി കെ ശിവശങ്കര പിള്ള സെക്രട്ടറിയും ആയിരിക്കെ,സാഹിത്യ അക്കാദമിയിൽ കൂടിയാട്ടം നടന്നു.വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് വന്നു.ക്ഷേത്ര മതിൽകെട്ടിന് പുറത്ത് കൊണ്ട് പോയതിന് മിഴാവ് പുണ്യാഹം വഴി ശുദ്ധീകരിച്ചു.അതിന് തുക അക്കാദമി ക്ഷേത്രത്തിൽ ആദ്യമേ കെട്ടി വച്ചു.പിന്നീട് പോളണ്ടുകാരൻ ക്രിസ്തോഫ് ബിർസ്‌കി,മാണി മാധവ ചാക്യാരുടെ ശിഷ്യനായി,'നാഗാനന്ദ'ത്തിൽ ജീമൂത വാഹനൻ ആയി.
മാധവ ചാക്യാർമാർ രണ്ടുണ്ട്:അമ്മന്നൂരും മാണിയും.ലക്കിടിയിൽ താമസിച്ച മാണി,കണ്ണുകളിൽ വായു ഉൾക്കൊണ്ട് അതിൻറെ വലിപ്പം കൂട്ടിയിരുന്നു.ദൃഷ്ടികൾ കൊണ്ട് അക്ഷരങ്ങൾ എഴുതി.
അമ്മന്നൂരിൻറെ രാവണനെപ്പോലെ,കൂടിയാട്ടം അരങ്ങിൽ നിറഞ്ഞ വേഷമാണ്,പൈങ്കുളം രാമ ചാക്യാരുടെ കപാലി.കലാമണ്ഡലത്തിൽ അധ്യാപകൻ ആയിരുന്നു.പൈങ്കുളo രാമ ചാക്യാരെ,ചാച്ചു ചാക്യാർ,ഏഴു കൂടിയാട്ടങ്ങളും 'ദൂത വാക്യം','രാജ സൂയം' മുതലായ പ്രബന്ധങ്ങളും അശനം മുതലായ പുരുഷാർത്ഥങ്ങളും പഠിപ്പിച്ചു.അഞ്ചു കൊല്ലം മഴക്കാലത്ത് മൂന്നു മാസം ചവിട്ടി ഉഴിച്ചിൽ നടത്തി.രാമ ചാക്യാരാണ് കൂത്തിനെ ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.
അമ്മന്നൂർ മാധവ ചാക്യാർ |
സ്വന്തം നിലയ്ക്ക് ഒരു അണിയലം,അമ്മന്നൂർ ഉണ്ടാക്കി-കഥാ പാത്ര വേഷം ഇല്ലാതെ കൂടിയാട്ടത്തിലെ ഏതു ഭാഗവും അവതരിപ്പിക്കാൻ വേണ്ടി.പൊയ് തകം,മാറ്റ്,ഉത്തരീയം എന്നിവ മാത്രം.കണ്ണും പുരികവും മഷി എഴുതി.ചുണ്ട് ചുവപ്പിച്ചു.മുഖത്ത് അൽപം നെയ്യ്.തലയിൽ ചുവപ്പ് തുണി,പീലിപ്പട്ടം.ഇങ്ങനെ മുഖത്തെ ഭാവ വ്യത്യാസം കാണാം.മനയോല തേച്ചാൽ പറ്റില്ല.നെയ് തേച്ചാൽ ഭാവ മാറ്റം കൂടുതൽ കാണും.നെയ് തേച്ച സൂത്രധാരൻ എന്ന വേഷം തന്നെയുണ്ട്.
ഭാസൻറെ 'അഭിഷേക നാടകം' ഒന്നാം അങ്കമാണ്,'ബാലി വധം' കൂടിയാട്ടം.ശ്രീരാമൻ,ലക്ഷ്മണൻ,സുഗ്രീവൻ,ബാലി,താര,ഹനുമാൻ,അംഗദൻ കഥാപാത്രങ്ങൾ.വടക്കുന്നാഥ ക്ഷേത്രത്തിൽ കാലങ്ങളായി ഇത് അവതരിപ്പിക്കുമ്പോൾ,ബാലിയും സുഗ്രീവനും മാത്രമാണ് രംഗത്ത്.മറ്റിടങ്ങളിൽ താര ഒഴികെയുള്ളവർ ഉണ്ടായിരുന്നു എന്ന് 'ക്രമ ദീപിക'യിൽ കാണാം.1948 ൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കിടങ്ങുർ രാമ ചാക്യാരും അമ്മന്നൂർ ചാച്ചു ചാക്യാരും നേതൃത്വം നൽകി 'ബാലി വധം'അങ്ങനെയാണ് അവതരിപ്പിച്ചത്.പൈങ്കുളം രാമചാക്യാർ വഴി താര ആദ്യമായി അരങ്ങിൽ എത്തി.സുഗ്രീവൻറെ പൂർവ കഥാ വിവരണത്തിൽ,ബാലിയെ ഭയന്ന സുഗ്രീവൻറെ മനോ വിചാരങ്ങൾ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന അഭിനയ ഭാഗവും രാമ ചാക്യാർ ചേർത്തു.ഇത് പിന്നീട് അമ്മന്നൂരും എടുത്തു.'ബാലി വധ'ത്തിൽ 15 മിനിറ്റ് അമ്മന്നൂർ ബാലിയുടെ മരണ രംഗം അഭിനയിക്കുന്നത്,ലോകോത്തര നടന്മാരുടെ ഉള്ളുലയ്ക്കും വിധം ആയിരുന്നു.
അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് മൂഴിക്കുളത്ത്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 ) ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.അദ്ദേഹത്തിൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.
പിന്നീട് പ്രശസ്തനായ അമ്മന്നൂർ വലിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും മരുമകനുമായ ചെറിയ പരമേശ്വര ചാക്യാരെപ്പറ്റി പ്രസിദ്ധമായ കഥ:
തിരുവിതാംകൂർ -കൊച്ചി റെസിഡൻറ് കൊല്ലം റെസിഡൻസിയിൽ താമസം.റെസിഡന്റിൻറെ കാവൽ നായ പ്രസരിപ്പോടെ പുറത്തേക്ക് പോയി,ഉടൻ പിൻ കാലുകളിൽ ഒന്ന് മടക്കി നിലവിളിച്ച് പാഞ്ഞെത്തി.പ്രിയ പട്ടിയെ വേദനിപ്പിച്ച കശ്മലനെ ഹാജരാക്കാൻ റെസിഡൻറ് ഉത്തരവായി.മധ്യ വയസ്‌കനായ വഴി പോക്കനെ ഹാജരാക്കി.തൊഴു കൈയോടെ വിറച്ചു വിറച്ച് അയാൾ കെഞ്ചി.നായയെ എറിഞ്ഞു കാൽ ഒടിച്ചില്ല.കടിക്കാൻ വന്നപ്പോൾ,കരിങ്കൽ തുണ്ടെടുത്തു എറിഞ്ഞതായി നടിച്ചേയുള്ളു.നാട്യ വിദ്യ കൊണ്ട് ജീവിക്കുകയാണ്.
അഭിനയം കണ്ട് നൊന്ത് നായ നിലവിളിക്കുമോ എന്നായി റെസിഡൻറ്.അതൊന്നു കണ്ടാൽ കൊള്ളാം.
വഴി പോക്കൻ,വാനര യൂഥം കല്ലുകളും തടികളും പർവ്വതങ്ങളും മറ്റും ഏറ്റി കൊണ്ട് വന്ന് സേതു ബന്ധനം നടത്തുന്ന രംഗം മനസ്സിൽ കണ്ട് ചില ചുവടുകൾ വച്ചു.റെസിഡൻസിയുടെ മുന്നിൽ കിടന്ന കരിങ്കൽ പലക പൊക്കി എടുത്തു.അയാൾ കൈലാസം പൊക്കുന്ന രാവണൻ ആയി.പർവതത്തെ അയാൾ റെസിഡന്റിന് നേരെ എറിഞ്ഞു.തലയിൽ കൈ വച്ച് ആർത്ത നാദത്തോടെ റെസിഡൻറ് കസേരയോട് കൂടി മറിഞ്ഞു വീണു.
കരിങ്കല്ല് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.വഴിപോക്കൻ ചെറിയ പരമേശ്വര ചാക്യാർ.ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ ( 1814 -1860 ) കഥകളി യോഗത്തിലെ പ്രധാന നടൻ ആയിരുന്ന ഈശ്വര പിള്ള വിചാരിപ്പുകാരുടെ ( 1815 -1874 ) ഗുരു ആയിരുന്നു അദ്ദേഹം.ചെറിയ പരമേശ്വര ചാക്യാരുടെ മുഖ്യ ശിഷ്യൻ കിടങ്ങുർ ചെറു പരിഷ മാധവ ചാക്യാർ ആയിരുന്നു.ഈ ചാക്യാരുടെ മരുമകനാണ്,കിടങ്ങുർ രാമ ചാക്യാർ.കഥയുടെ കാലം അനുസരിച്ചു വില്യം കല്ലൻ ആയിരുന്നിരിക്കാം റെസിഡൻറ്.1840 മുതൽ 20 കൊല്ലം റെസിഡൻറ് ആയിരുന്നു.
മാണി മാധവ ചാക്യാർ |
താത്രിക്കുട്ടിയെ 1905 ൽ സ്മാർത്ത വിചാരം ചെയ്യുന്നതിന് ഉത്തരവിട്ട രാജർഷി രാമവർമ രാജാവ് ഒന്നാം ലോകയുദ്ധ കാലത്ത്,ജർമൻ ഓഫീസർമാരെ കപ്പലിൽ പോയി കണ്ട് ബ്രിട്ടിഷ് അതൃപ്തി നേടി വാഴ്ച ഒഴിഞ്ഞു.'വാഴ്ച ഒഴിഞ്ഞ തമ്പുരാൻ' എന്നറിയപ്പെട്ടു.വാഴ്ചയൊഴിഞ്ഞ് താമസിക്കാൻ പണി കഴിപ്പിച്ച കൊട്ടാരമാണ്,ഇന്നത്തെ കേരള വർമ്മ കോളജ്.
അക്കാലത്ത്,വടക്കുന്നാഥ ക്ഷേത്ര കൂത്തു സദസിൽ സ്ഥിരക്കാരനായിരുന്നു അദ്ദേഹം.ഒരിക്കൽ അദ്ദേഹം ചാച്ചു ചാക്യാരോട് പറഞ്ഞു :
"ശ്ലോകത്തിന് അർത്ഥം പറയാൻ ഞങ്ങൾക്കും അറിയാം.അതിനല്ല കൂത്ത് കേൾക്കാൻ വരുന്നത്.ചാക്യാർ ആണെങ്കിൽ ശകാരം വേണം.എന്നെ ശകാരിച്ചോളൂ".
'രാമായണ പ്രബന്ധ'ത്തിൽ രാവണനും രാമനും തമ്മിൽ നേരിട്ടുള്ള യുദ്ധ ഭാഗമാണ്,അന്ന് ചാച്ചു ചാക്യാർ എടുത്തത്.യുദ്ധത്തിനിടെ രാവണൻ,രാമനെ ചീത്ത വിളിക്കുന്നു.'സ്ത്രീ വിപ്രേണ വനൗകസാം' എന്നാരംഭിക്കുന്ന ശ്ലോകം.അതിൽ രാമനെതിരായ വിശേഷണങ്ങൾ രാജാവിനും ചേരുന്നതായിരുന്നു:
"ഹേ രാഘവ ( രാമ ) സ്ത്രീയെയും ( താടക ) ബ്രാഹ്മണനെയും ( പരശു രാമൻ ) ഏണത്തെയും ( മാൻ ചമഞ്ഞ മാരീചൻ ) വനൗകസ്സിനെയും ( കുരങ്ങൻ- ബാലി ) ആണ് നീ ജയിച്ചത്.അതെനിക്കറിയാം.പിന്നെയോ ?പൈതൃകമായി കിട്ടിയ രാജ്യത്തിൽ നിന്ന് ഭ്രഷ്ടനാക്കപ്പെട്ട് കാട്ടിൽ കിഴങ്ങുകളും കായ്‌കളും തിന്ന് ജീവിക്കുന്നവനാണ്,നീ".
ചാച്ചു ചാക്യാർ ശ്ലോകാർത്ഥം വിശദീകരിച്ചു:
അദ്ദേഹം ഒരു സ്ത്രീയെ ജയിച്ചു ( താത്രി ).ഒരു ബ്രാഹ്മണനുമായി നടന്ന കേസിൽ ( കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് ) ബ്രാഹ്മണനെ തോൽപിച്ചു.രാജാവിന് ഇഷ്ടം കിഴങ്ങുകളും കായ്‌കളും.അടുത്ത കാലത്താണ്,അധികാരം ഒഴിയേണ്ടി വന്നത്.ഇഷ്ട പ്രകാരം സ്ഥാനത്യാഗം ചെയ്‌തു എന്നാണ് പുറമെ പറഞ്ഞത്;സത്യം അതല്ല.ഒഴിപ്പിക്കുക ആയിരുന്നു.
ഒന്ന് നിർത്തി,ചാച്ചു ചാക്യാർ,ഒഴിഞ്ഞ രാജാവിനോട് ചോദിച്ചു:
"ഒഴിയേ,ഒഴിപ്പിക്കേ?"
ചോദിച്ചു വാങ്ങിയ പ്രഹരം.
ചാച്ചു ചാക്യാർ |
അരങ്ങ് വിട്ട ശേഷം ചാച്ചു ചാക്യാർ പറഞ്ഞു:"എല്ലാ പ്രബന്ധങ്ങളും അവതരിപ്പിക്കാൻ കഴിവുള്ളവനായി,ഞാൻ മാത്രമേ ഉണ്ടായിട്ടുള്ളൂ ".ഷഷ്ടി പൂർത്തി കഴിഞ്ഞാണ് അരങ്ങ് വിട്ടത്.മൂഴിക്കുളത്തെ കൂടിയാട്ടത്തിന്,അമ്മന്നൂരിലെ കാരണവർ വേണം.മരണത്തിന് തലേ കൊല്ലം വരെ ചാച്ചു ചാക്യാർ,ആ വേഷം കെട്ടി.അരങ്ങു വിട്ടിട്ടും,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ തുടങ്ങിയ ശിഷ്യർ അരങ്ങു നടത്തുന്നത് കാണാൻ പോയി.അരങ്ങിൻറെ തൂണിന്മേൽ ആരും അറിയാതെ,മുഖത്ത് കുറ്റി രോമങ്ങളുമായി,ആ മെലിഞ്ഞ വൃദ്ധൻ നിന്നു.
ചാച്ചു ചാക്യാരുടെ പ്രിയ വേഷം 'ശൂർപ്പണഖാങ്ക'ത്തിലെ നിണമണിഞ്ഞ ശൂർപ്പണഖ.അതിന് അത് പോലെ വേറെ ആളുണ്ടായില്ല.പൈങ്കുളം രാമ ചാക്യാരുടെ സഹോദരി ആയിരുന്നു,ഭാര്യ.
അവസാന കാലം മഠത്തിലെ താളിയോലകളിലെ ആട്ട ക്രമങ്ങൾ കടലാസിലേക്ക് പകർത്തിച്ചു1966 ആദ്യം പക്ഷ വാതം മൂലം കാലുകൾ തളർന്നു.തലച്ചോറിനും അസുഖമായി.നെയ്യ്,ശർക്കര എന്നിവയോട് ഭ്രമമായി.ഒരു കാലത്ത് കൂടിയാട്ട കളരി ഇരുന്നിടത്ത്,വരാന്തയിൽ നിലത്തു വിരിച്ച പായ മേൽ കാലും നീട്ടിയിരുന്നു.ഊണ് നേരത്ത് നിരങ്ങി അടുക്കളയിലേക്ക് നീങ്ങി ഉച്ചത്തിൽ യാചിച്ചു:
"ഇത്തിരി ചോറ് തരണേ !"
വിളമ്പിയാൽ പിന്നെയും യാചന:
"ഇത്തിരി നെയ് തരണേ,ശർക്കര തരണേ !"
അത് ബുദ്ധി കലമ്പിയ വൃദ്ധ വിലാപമായി പലരും കരുതി.'സുഭദ്രാ ധനഞ്ജയ'ത്തിലെ വിദൂഷകൻറെ ഭിക്ഷ യാചിച്ചു കൊണ്ടുള്ള രംഗപ്രവേശത്തിൽ ഓർമ്മ ഉടക്കി നിന്നതായിരുന്നു,അത്.ബുദ്ധി മരവിച്ചപ്പോഴും,നടൻ ഉണർന്നിരുന്നു.1967 ൽ 86 വയസിൽ നടൻ ജീവിത വേദിയും വിട്ടു.
ചെറിയ പരമേശ്വര ചാക്യാരുടെ കാലത്ത്,അമ്മന്നൂർ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീയെ കിടങ്ങുർ ചെറിയ പരിഷ കുടുംബത്തിലേക്ക് ദത്തെടുത്തു.രണ്ടു കുടുംബങ്ങൾ ഒന്നായി.ചെറു പരിഷ കുടുംബത്തിലെ മരുമകനായ മാധവ ചാക്യാർ,ചെറിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും നടനെന്ന നിലയിൽ,ഇതിഹാസവുമായി.മാധവ ചാക്യാരെ കണ്ടാണ്,മഹാ കഥകളി നടൻ കേശവക്കുറുപ്പ് അഭിനയം പഠിച്ചത്.രാവിലെ നാലിന് എഴുന്നേറ്റ് കണ്ണ് സാധകം അരങ്ങൊഴിഞ്ഞ വാർധക്യത്തിലും തുടർന്നു."പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു,"അദ്ദേഹം പറഞ്ഞു.
പൈങ്കുളം രാമ ചാക്യാർ |
ഇത് ചാച്ചു ചാക്യാർക്ക് മുൻപായിരുന്നു.ഗ്രീസിലെപ്പോലെ നാടകം ഇവിടെയും ജനാധിപത്യ ബോധം വളർത്തി.
കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത് എന്ന്]പറഞ്ഞല്ലോ -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:
"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.
ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.
കൊടുങ്ങല്ലൂർ വഴി പോകുമ്പോൾ ഞാൻ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ കയറും.ആ ക്ഷേത്ര മണ്ഡപത്തിൽ നോക്കും.അവസാനത്തെ ചാക്യാർ,കൂടിയാട്ടം മരിക്കുമ്പോൾ,തൻറെ അണിയലം അഥവാ ആടയാഭരണങ്ങൾ ഭാണ്ഡമാക്കി,മണ്ഡപത്തിൻറെ ഉത്തരത്തിൽ വച്ച് കാശിക്ക് പോകണം എന്നാണ് വിധി.അണിയലം അടുത്തൊന്നും ഉത്തരത്തിൽ കയറില്ല.ഇതുവരെ ഈ ക്ഷേത്രത്തിൽ കൂടിയാട്ടം നടന്നിട്ടുമില്ല.ആ അയിത്തം കൂടി ഒരു ചാക്യാർ പൊളിച്ച്,അവസാനത്തെ ചാക്യാർ എന്നൊന്നില്ലെന്നും ചാക്യാർ ചിരഞ്ജീവി ആണെന്നും സ്ഥാപിക്കേണ്ടതുണ്ട്.
---------------------------
റഫറൻസ്:
പ്രബന്ധ പൂർണിമ / ടി പി ബാലകൃഷ്ണൻ നായർ,ആശ്ചര്യ ചൂഡാമണി വ്യാഖ്യാനം / എൻ വി നമ്പ്യാതിരി,മന്ത്രാങ്കം / പി കെ നാരായണൻ നമ്പ്യാർ,അമ്മന്നൂർ മാധവ ചാക്യാർ / വേണു ജി,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമവർമ്മ,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ
കുറിപ്പ് :തൃശൂരിൽ 'മൃണ്മയ'ക്രയിൻ ഉപയോഗിച്ച് 2013 ൽ പറക്കും കൂത്ത് അവതരിപ്പിച്ചു.
See https://hamletram.blogspot.com/2019/09/o.html
No comments:
Post a Comment