പ്രളയകാലത്തെ മൺവണ്ടി 9
ദാമോദരൻ കഥയും കവിതയും എഴുതിയിരുന്നെങ്കിലും നാടകം ആദ്യമായിരുന്നു.ആതിഥേയൻ നാരായണൻ നമ്പൂതിരി ഒരു ബൗണ്ട് പുസ്തകവുമായി എത്തി."എന്നാൽ തുടങ്ങാം;ആ മുറിയിൽ പോയിരിക്കാം.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി".
© Ramachandran
ഗുരുവായൂരിന് വടക്ക്,വൈലത്തൂരിൽ 1937 ൽ പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തോട് അനുബന്ധിച്ചാണ്,കെ ദാമോദരൻറെ 'പാട്ടബാക്കി' നാടകം ആദ്യമായി അവതരിപ്പിച്ചത്.'മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകം' എന്ന് സി ജെ തോമസ് 'ഉയരുന്ന യവനിക' യിൽ ഇതിനെ വിശേഷിപ്പിച്ചു.
സമ്മേളനത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വന്ന നേതാക്കൾ കടലായി മനയ്ക്കലിരുന്ന് അത് വിജയിപ്പിക്കാൻ ആലോചിച്ചു.ദാമോദരൻ പറഞ്ഞു:
"ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ,കൂടുതൽ കൃഷിക്കാരെ ആകർഷിക്കാൻ കഴിയും".
ഇ എം എസ് പറഞ്ഞു:
"ശരിയാണ്,നാടകം ഉണ്ടെന്നറിഞ്ഞാൽ കൂടുതൽ ആളുകൾ വരും.എന്തെങ്കിലും നാടകം ആയാൽ പോരാ,കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം.അത്തരമൊന്ന് മലയാളത്തിൽ ആരും എഴുതിയിട്ടില്ല.പ്രായോഗികമായ വല്ല നിർദേശവുമുണ്ടോ?"
ദാമോദരനെക്കാൾ മൂന്ന് വയസ്സിന് മൂത്തതാണ് ഇ എം എസ്.അദ്ദേഹം പെട്ടെന്ന് ദാമോദരന് നേരെ തിരിഞ്ഞു:"തനിക്കൊരു നാടകം എഴുതിക്കൂടെ ?"
നിശ്ശബ്ദത.എല്ലാവരും ദാമോദരനെ നോക്കി.
''ശ്രമിച്ചു നോക്കാം",ദാമോദരൻ പറഞ്ഞു.
"നോക്കാമെന്ന് പറഞ്ഞാൽ പോരാ,ഇനി ഒരാഴ്ചയേയുള്ളു",ഇ എം എസ് പറഞ്ഞു.
നാടകമെഴുത്തും റിഹേഴ്‌സലും ഒരാഴ്ചയ്ക്കകം നടക്കുമോ എന്നാരോ ശങ്കിച്ചപ്പോൾ,ദാമോദരൻ ഏറ്റു കഴിഞ്ഞല്ലോ എന്ന് കൊടമന നാരായണൻ നായർ ഉറപ്പിച്ചു.
കെ ദാമോദരൻ |
രണ്ടു ദിവസം കൊണ്ട് എഴുതി.സംവിധായകനും ദാമോദരൻ.ചില യുവ പ്രവർത്തകരെയും പണിക്കരെയും വിളിച്ചിരുത്തി വേഷം തീരുമാനിച്ചു.നോട്ട് പുസ്തകത്തിൽ എഴുതിയത് കീറിയെടുത്ത് വിതരണം ചെയ്‌തു.ഒരു ഭാഗം ദാമോദരനും എടുത്തു.മൂന്ന് ദിവസം റിഹേഴ്‌സൽ.ദാമോദരൻ സമ്മേളനത്തിൽ പ്രസംഗിച്ച് അണിയറയിൽ ചെന്ന് അമ്മയുടെ വേഷം കെട്ടി.
മലബാറിൽ ഉടനീളവും കൊച്ചിയുടെ പല ഭാഗത്തും നാടകം അവതരിപ്പിച്ചു.കർഷക സമ്മേളനങ്ങളോടും ഇടതു നിയന്ത്രണത്തിൽ നടന്ന കോൺഗ്രസ് സമ്മേളനങ്ങളോടും തൊഴിലാളി യൂണിയൻ വാർഷികങ്ങളോടും ചേർന്ന് ദാമോദരനും കർഷക പ്രസ്ഥാനത്തിൻറെ സംഘാടകരായ കെ പി ആർ ഗോപാലൻ,കെ എ കേരളീയൻ,എ കെ ഗോപാലൻ,സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവർ നാടകത്തിൽ അഭിനയിച്ചു.
നാടകം കൃഷിക്കാർക്ക് ആവേശമായി.ജന്മികൾക്ക് വിറളിയും.പഴയ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിലെ ശിവരാമ പൊതുവാളുടെ കുടുംബത്തിന് തെക്കേ മലബാറിലെ ജന്മി കുടുംബമായ ഒളപ്പമണ്ണ മനയിൽ കഴകം ഉണ്ടായിരുന്നു.1939 മേയിൽ വെള്ളിനേഴി വില്ലേജ് കർഷക സമ്മേളനത്തിൽ 'പാട്ടബാക്കി' അവതരിപ്പിച്ചപ്പോൾ പൊതുവാൾ അതിൽ ജന്മി വേഷം കെട്ടി.ശിക്ഷയായി പൊതുവാൾ കുടുംബത്തെ കഴകത്തിൽ നിന്നൊഴിവാക്കി.'പ്രഭാതം 'വാരിക ചുമതല ഉണ്ടായിരുന്ന ദാമോദരൻ,അതിൽ ചോദിച്ചു:
"മുൻപ് പാട്ടബാക്കി വച്ചാലേ ഒഴിപ്പിച്ചിരുന്നുള്ളു;ഇപ്പോൾ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കുകയോ?"
'പാട്ടബാക്കി' ആദ്യം അവതരിപ്പിച്ചപ്പോൾ,സംഭാഷണം പഠിക്കാൻ പുസ്തക താളുകൾ കീറികൊടുത്തിരുന്നു.അവ ശേഖരിച്ച് പകർത്തി 'മാതൃഭൂമി'ക്ക് കൊടുത്തു.ചില വ്യത്യാസങ്ങൾ വരുത്തി.
കോൺഗ്രസ് സോഷ്യലിസ്റ്റുകൾക്ക്,ഇടതുപക്ഷത്തിന് ആയിരുന്നു അന്ന് കെ പി സി സി യിൽ മുൻതൂക്കം.ഇ എം എസും ദാമോദരനും പി നാരായണൻ നായരുമൊക്കെ അതിലായിരുന്നു.നാരായണൻ നായർ 'മാതൃഭൂമി'പത്രാധിപർ ആയതിനാൽ നിരവധി ഇടത് ലേഖനങ്ങൾ അതിൽ വന്നു.'പാട്ടബാക്കി'മൂന്ന് ലക്കങ്ങളിൽ വന്നു.സഞ്ജയനും കുട്ടികൃഷ്ണ മാരാരും മറ്റും വിമർശിച്ചു.
"ഇത് കലയാണെന്നൊന്നും നിങ്ങൾ സമ്മതിക്കണ്ട;ആവശ്യമാണെന്ന് സമ്മതിച്ചാൽ മതി",ദാമോദരൻ പറഞ്ഞു.കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി'ക്ക് എഴുതിയ അവതാരികയിൽ,മാക്‌സിം ഗോർക്കിയുടെ 'താഴ്ന്ന അടിത്തട്ടുകാർ' എന്ന കൃതിയോട് കിടപിടിക്കുന്നതാണ് 'പാട്ടബാക്കി'യെന്ന് കേസരി ബാലകൃഷ്ണ പിള്ള നിരീക്ഷിച്ചു.പുതുതായി രൂപം കൊണ്ട 'ജീവൽസാഹിത്യ'ത്തെപ്പറ്റി മൂന്ന് ലേഖനങ്ങൾ കേസരി 'മാതൃഭൂമി'യിൽ എഴുതി.
ആദ്യ ജീവൽസാഹിത്യ സമ്മേളനം 1937 മെയ് എട്ടിന് തൃശൂരിൽ എ ഡി ഹരിശർമയുടെ അധ്യക്ഷതയിൽ നടന്നു.ചർച്ചയ്ക്ക് ദാമോദരൻ നേതൃത്വം നൽകി.'കല കലയ്ക്ക് വേണ്ടി' എന്ന വാദമുന്നയിച്ച് ജന്മി,നാടുവാഴി,മുതലാളിത്ത വ്യവസ്ഥയുടെ കുഴലൂത്തുകാരാകാതെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ,ദേശീയ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന ജനത്തിൻറെ എഴുത്തുകാരും ഗായകരുമാകാൻ ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ അംഗീകരിച്ചു.എഴുതിയത് ദാമോദരൻ.
ഇത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് 'പാട്ടബാക്കി'ഉണ്ടായത്.ഇതിന് കുറച്ചുകൂടി വലിയ പശ്ചാത്തലമുണ്ട്.
സോവിയറ്റ് പാർട്ടി 1925 ൽ എഴുത്തിനെയും എഴുത്തുകാരെയും പറ്റി നാല് തീരുമാനങ്ങൾ എടുത്തു:
ഈ സമ്മേളനത്തിലാണ്,നിങ്ങൾ]ഏതു ചേരിയിൽ എന്ന് ഷഡാനോവ് എഴുത്തുകാരോട് ചോദിച്ചത്.മനുഷ്യാത്മാക്കളുടെ എഞ്ചിനിയർമാരാണ് എഴുത്തുകാരെന്ന് പറഞ്ഞത്.മാക്സിം ഗോർക്കി യൂണിയൻ പ്രസിഡൻറായി.ജെയിംസ് ജോയ്‌സിന്റെ നോവൽ
'യുലീസസ്',കൃമികൾ നുരയ്ക്കുന്ന ചാണകക്കൂനയാണെന്ന് ഈ സമ്മേളനം വിധിച്ചു.1935 ൽ ഗോർക്കി ലണ്ടനിൽ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചു.അതിൽ തോമസ് മൻ,റൊമെയ്ൻ റൊളാങ് എന്നിവരും ഇന്ത്യയിൽ നിന്ന് മുൽക് രാജ് ആനന്ദ്,സജ്ജാദ് സഹീർ,ഡോ ജ്യോതി ഘോഷ്,ഡോ മുഹമ്മദ് ദീൻ തൻസീർ എന്നിവരും പങ്കെടുത്തു.
ഉത്തർ പ്രദേശിൽ ദേശീയ മുസ്ലിം കുടുംബത്തിൽ ജനിച്ച ഉർദു എഴുത്തുകാരനായ സഹീർ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സഹോദരൻ ഡോ ഹുസ്സൈൻ സഹീർ ഹൈദരാബാദ് റീജനൽ ലബോറട്ടറി ഡയറക്ടറായിരുന്നു.പിൽക്കാലത്ത് സി എസ് ഐ ആർ ഡയറക്ടർ എന്ന നിലയിൽ റീജനൽ ലാബുകൾ സ്ഥാപിക്കാൻ നെഹ്രുവിനൊ പ്പം നിന്നു.മൂത്ത സഹോദരൻ അലി സഹീർ യു പി കോൺഗ്രസ് നേതാവായിരുന്നു.
ഉർദു സാഹിത്യത്തിൽ മുപ്പതുകളിൽ നവീന സാഹിത്യം കെട്ടിപ്പടുത്തവരാണ്,പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ സെഡ് എ അഹമ്മദ്,ഭാര്യ ഹജ്‌റ ബീഗം,സജ്ജാദ് സഹീർ,മുഹമ്മദ് സഫർ,ഡോ റഷീദ ജഹാൻ തുടങ്ങിയവർ.ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് സെഡ് എ അഹമ്മദിനെ ഹജ്‌റ ബീഗം വിവാഹം ചെയ്‌തത് തന്നെ,മുസ്ലിം യാഥാസ്ഥികത്വത്തെ വിറളി പിടിപ്പിച്ചു.കേരളത്തിൽ ബഷീർ, തകഴി, പൊൻകുന്നം വർക്കി, പി കേശവദേവ്,എസ് കെ പൊറ്റെക്കാട് എന്നിവർ 'അഞ്ചു ചീത്തക്കഥകൾ' സമാഹാരം ഇറക്കിയ പോലെ,ഇവരും ഒരു കഥാസമാഹാരം ഇറക്കി.ഈ ഉറുദു എഴുത്തുകാർ,പാർട്ടി പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചപ്പോൾ അതിനൊപ്പം നിന്നു;പാർട്ടി അത് നിരാകരിച്ചപ്പോൾ നിരാശരായി.
ലണ്ടനിൽ ഗോർക്കി വിളിച്ച സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ 1935 ഡിസംബറിൽ അഹമ്മദാബാദിൽ ചേർന്ന് ഇന്ത്യൻ പുരോഗമന സാഹിത്യ സംഘടനയുണ്ടാക്കി.അന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ പ്രേം ചന്ദ്,സുമിത്രാനന്ദൻ പന്ത്,നിരാല,രഘുപതി സഹായ് ഫിറാക് എന്നിവർ ഉൾപ്പെട്ടു.വിശപ്പ്,ദാരിദ്ര്യം,സാമൂഹിക പിന്നാക്കാവസ്ഥ,രാഷ്ട്രീയ അടിമത്തം എന്നിവയുടെ പ്രശ്നങ്ങളാണ് പുതിയ സാഹിത്യം കൈകാര്യം ചെയ്യേണ്ടത്.പ്രതിലോമ ശക്തികളെയും സാമ്രാജ്യത്വത്തെയും എതിർക്കണം.സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ആവേശവും നൽകണം.
സഹീർ സംഘാടകനായി 1936 ൽ ലക്‌നോയിൽ ആദ്യ അഖിലേന്ത്യ പുരോഗമന സാഹിത്യ സമ്മേളനം ചേർന്നു.ഇതിൽ പങ്കെടുത്ത ഏക മലയാളി,കെ ദാമോദരൻ.24 വയസ്സ്.പ്രേംചന്ദ് അധ്യക്ഷത വഹിച്ചു.
തിരൂർ പെരുമണ്ണ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടെയും പൊറൂർ കിഴക്കേടത്ത് നാരായണിയമ്മയുടെയും അഞ്ചു മക്കളിൽ മൂത്തതായിരുന്നു,ദാമോദരൻ.കേന്ദ്ര,സംസ്ഥാന തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള തിരൂർ വില്ലേജിലെ ഏഴു കുടുംബങ്ങളിൽ ഒന്നായിരുന്നു നമ്പൂതിരിയുടേത്.4500 രൂപ പ്രതിവർഷം ഭൂനികുതി അടച്ചിരുന്നു.
കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർ ജൂനിയർ വാർഷിക പരീക്ഷ എഴുതിയ ശേഷമാണ് ഉപ്പു സത്യഗ്രഹത്തിൽ ദാമോദരന് ആവേശമുണ്ടായത്.പ്രായപൂർത്തി ആകാത്തതിനാൽ നിയമം ലംഘിച്ച് ജയിലിൽ പോകാനായില്ല.തിരൂർ അങ്ങാടിയിലെത്തി തൻറെ വിദേശവസ്ത്രങ്ങൾ ദാമോദരൻ തീയിട്ടു.1930 ജൂണിൽ സീനിയർ ഇന്ററിന് കോഴിക്കോട്ടെത്തി.അന്തർജനങ്ങൾ ഉപയോഗിച്ച തരം ഓലക്കുട ചൂടി കോളജിൽ പോയി -സ്വദേശി വ്രതം.കേരള വിദ്യാർത്ഥി സംഘമുണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി.1931 മാർച്ച് 17 ന് താനൂരിൽ നിരോധനം ലംഘിച്ച് രാജ്യദ്രോഹ പ്രസംഗം നടത്തിയതിന് അറസ്റ്റിലായി.പൊലീസ് സ്റ്റേഷനിൽ പരസ്യമായി കീഴേടത്തെ കാരണവർ ദാമോദരൻറെ മുഖത്ത് ആഞ്ഞടിച്ചു.ഇന്റർമീഡിയറ്റിന് ഒരു പാർട്ടിന് തോറ്റു.ജയിലിൽ ഇരുന്ന് പഠിച്ചു.പരീക്ഷയുടെ തലേന്ന് മോചിതനായി.അന്ന് കോൺഗ്രസ് പ്രസംഗങ്ങളിൽ ദാമോദരന് ഒപ്പം ഉണ്ടായിരുന്നയാളാണ്,ഉറൂബ്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആചാര്യ നരേന്ദ്ര ദേവും ബാബു സമ്പൂർണാനന്ദും ശ്രീപ്രകാശും പ്രൊഫസർമാരായ കാശി വിദ്യാപീഠത്തിൽ ദാമോദരന് പ്രവേശനം കിട്ടി.കോഴിക്കോട് താമസിച്ച ബാരിസ്റ്റർ എ കെ പിള്ളയുടെ ലൈബ്രറിയിൽ നിന്ന് മാർക്സിസ്റ്റ് പുസ്തകങ്ങൾ വായിച്ചു.കടം വാങ്ങിയ പണം കൊണ്ട് കാശിയിലെത്തി ബി എ യ്ക്ക് തുല്യമായ ശാസ്ത്രി കോഴ്‌സിന് ചേർന്നു.സഹപാഠികൾ ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയും യു പി യിൽ പിന്നീട് മന്ത്രി ആയ അളഗു റായ് ശാസ്ത്രിയും.സീനിയറും പാർട്ടി അംഗവുമായ ഓംകാർ നാഥ് ശാസ്ത്രിയാണ് ദാമോദരനെ പാർട്ടിയിൽ ചേർത്തത്.1937 ൽ വി എസ് ഘാട്ടെ,പി കൃഷ്ണ പിള്ള,ഇ എം എസ് എൻ സി ശേഖർ,കെ ദാമോദരൻ എന്നിവർ കോഴിക്കോട് പാളയത്തെ ഒരു പച്ചക്കറിക്കടയ്ക്ക് മുകളിൽ പാർട്ടി രുപീകരിക്കാൻ ചേരുന്നതിന് രണ്ടു വർഷം മുൻപാണ്.
കാശി വിദ്യാപീഠം ലൈബ്രറിയിൽ മാർക്സ്,എംഗൽസ്,ലെനിൻ,സ്റ്റാലിൻ എന്നിവരുടെ പുസ്തകങ്ങൾ വായിച്ചു.ട്രോട് സ്‌കി,ബുഖാറിൻ എന്നിവരെ ഒഴിവാക്കി.കാശിയിൽ താമസിച്ചിരുന്ന പ്രേം ചന്ദിന്റെ 'ഹംസ്' എന്ന മാസികയിൽ ലേഖനങ്ങൾ എഴുതി.ആ ബന്ധമാണ് ലക്‌നോ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രേരണ.കേരളത്തിലേക്ക് മടങ്ങി സംഘടനയ്ക്ക് കേരളഘടകം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പ്രേം ചന്ദിനോട് പറഞ്ഞു.
മടങ്ങി എത്തി ദാമോദരൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ മൂന്ന് പ്രഭാഷണങ്ങൾ നടത്തി.സത്യഗ്രഹ കാലത്ത് ദാമോദരനൊപ്പം ജയിലിലുണ്ടായിരുന്ന വി പരമേശ്വരയ്യർ അതിന് സഹായിച്ചു.എൻ വി കൃഷ്ണ വാരിയർ അന്ന് വിദ്യാർത്ഥി.1937 ഏപ്രിൽ 14 രാത്രി ജീവൽ സാഹിത്യ സംഘ രൂപീകരണ യോഗം തൃശൂരിൽ ചേർന്നു.ആകസ്മികമായി എത്തിയ 'ബോംബെ ക്രോണിക്കിൾ' സഹ പത്രാധിപർ വി നാരായണ സ്വാമി അധ്യക്ഷനായി.വടക്കാഞ്ചേരിക്കാരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു.
ദാമോദരൻറെ ഈ സാഹിത്യ ചുവട് വയ്‌പിന്റെ ഭാഗമാണ്,'പാട്ടബാക്കി'.ഇതാണ് കഥ:
കിട്ടുണ്ണി എന്ന ഫാക്റ്ററി തൊഴിലാളി,അമ്മ,സഹോദരി കുഞ്ഞി മാളു,സഹോദരൻ എന്നിവർക്കൊപ്പം ജീവിക്കുന്നു.അവരുടെ വീട്,ജന്മിയുടേതായി.അവർ ജന്മി രാമൻ നായർക്ക് പാട്ടബാക്കിയും കൊടുക്കാനുണ്ട്.കിട്ടുണ്ണിക്ക് കിട്ടുന്ന കൂലി കൊണ്ട് കുടുംബം പോറ്റാനാവില്ല.ഇത് മുതലാക്കി ജന്മിയുടെ കാര്യസ്ഥൻ കിട്ടുണ്ണിയുടെ സഹോദരിക്ക് പിന്നാലെ കൂടുന്നു.കിട്ടുണ്ണി ഗതികേട് കൊണ്ട് മോഷ്ടാവാകുന്നു.കിട്ടുണ്ണി തടവിൽ.കാര്യസ്ഥൻ ഉപദ്രവിക്കുന്നു.കുഞ്ഞിമാളു അയാളെ ചൂല് കൊണ്ടടിക്കുന്നു.രാമൻ നായർ കുടുംബത്തെയിറക്കി വിടുന്നു.കിട്ടുണ്ണിയുടെ അമ്മ,കൊച്ചുമകനെ കുഞ്ഞിമാളുവിനെ ഏൽപിച്ച് മരിക്കുന്നു.കുഞ്ഞിമാളു വേശ്യയാകുന്നു.തടവിൽ നിന്നിറങ്ങിയ കിട്ടുണ്ണിക്ക് ക്ഷോഭമുണ്ട്.അയാൾ വിവരങ്ങൾ അറിഞ്ഞ് കുഞ്ഞിമാളുവിനെ കൂട്ടി അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നു.
ആ നിമിഷത്തിൽ മലയാള നാടകം മാറിയെന്ന് ഇ എം എസ് എഴുതി ( 1 ).മലയാള നാടക ചരിത്രത്തിൽ ആദ്യമായി ജോലി ചെയ്‌ത് ജീവിക്കുന്ന ഭുരിപക്ഷത്തിൻറെ ജീവിത സമരം കലാകാരൻ കൈകാര്യം ചെയ്‌തു."ഇത് പഴയ തലമുറയിലെ കലാവിമര്ശകർക്ക് പിടിച്ചില്ല.ഒന്നുകിൽ പുച്ഛവും പരിഹാസവും അല്ലെങ്കിൽ ദേഷ്യവും വെറുപ്പും -ഇതാണവർ 'പാട്ടബാക്കി','രക്ത പാനം' മുതലായ നാടകങ്ങളുടെ നേരെ എടുത്ത മനോഭാവം.നാടക ലക്ഷണങ്ങൾ നിർണയിക്കാൻ സ്വീകരിക്കേണ്ടതെന്ന് തങ്ങൾ പഠിച്ചു വച്ച നിയമങ്ങൾ എടുത്ത് മലർത്തിയടിച്ച് അവർ കൂക്കി വിളിച്ചു.ഇതൊന്നും നാടകമേയല്ല,വെറും കോപ്പിരാട്ടികൾ",ഇ എം എസ് എഴുതി.
ദാമോദരൻ 1939 ൽ തൊഴിലാളികൾക്കായി എഴുതിയ നാടകമാണ്,'രക്ത പാനം'.
ഇ എം എസിൻറെ ലേഖനത്തിൽ നിന്ന്:
"പാട്ടബാക്കിയിലെ അമ്മയും കിട്ടുണ്ണിയും കുഞ്ഞിമാളുവും ബാലനും തമ്മിലുള്ള ബന്ധങ്ങളിൽ ഓരോന്നിന്റെയും പശ്ചാത്തലത്തിൽ അവരുടെ മുക്കാട്ടിൽ മനയ്ക്കലെ ജന്മിയും കാര്യസ്ഥൻ രാമൻ നായരുമായുള്ള കുടിയായ്മ ഇന്നും നമുക്ക് കാണാം.
"കുടിയിറക്കപ്പെട്ട് നിരത്തു വക്കത്തു കിടന്ന് മരിക്കുന്ന അമ്മ,കുഞ്ഞി മാളുവിനോട് 'ഞാൻ മരിച്ചാൽ ...നിയ്യെയ് ...അവനേം കൊണ്ട് ...തിരുമനസ്സിനോട് ...സങ്കടം പറഞ്ഞാൽ ...അവിടുന്ന് ...എന്തെങ്കിലും ചെയ്യാണ്ടിരിക്കില്ല'എന്ന് പറയുന്നു.
"കുഞ്ഞു മാളുവാകട്ടെ,"ഇല്യ അമ്മേ,ഞാൻ മനയ്ക്കലേക്ക് ഈ ജന്മത്ത് പോവില്യ.നമ്മളെ ഈ നിലയിലാക്കിയ ഈ ജന്മിയുടെ പടി ഞാൻ ഒരിക്കലും കേറില്യ.അമ്മ വ്യസനിക്കണ്ട.ബാലനെ ഞാൻ നല്ല പോലെ നോക്കിക്കൊള്ളാം.എന്ത് തൊഴിൽ എടുത്തെങ്കിലും ഞാൻ ബാലനെ രക്ഷിച്ചു കൊള്ളാം' എണ് അമ്മയോട് പ്രതിജ്ഞ ചെയ്യുന്നത്.
"അങ്ങനെ അവൾ വ്യഭിചാര ശാലയിൽ എത്തുന്നു.താനിങ്ങനെ വ്യഭിചാരിണി ആയി തീർന്നതിൽ സ്വയം വേദനിക്കപ്പെട്ടു കൊണ്ടിരിക്കെ തന്നെ ആ നിലയ്ക്ക് കണ്ട് കോപാകുലനായി തീർന്ന കിട്ടുണ്ണിയോട് പറയുന്നു:
ഏട്ടാ,കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഏട്ടന്റെ അനിയത്തി മാനം വിറ്റു...ഏട്ടാ നമ്മുടെ പ്രിയപ്പെട്ട അമ്മ യാതൊരു ഗതിയുമില്ലാതെ നിരത്തിൻറെ വക്കത്ത് കിടന്നു.മരുന്ന് കിട്ടാതെ...ഏട്ടാ,അമ്മ മരിച്ചുവെന്നല്ല പറയേണ്ടത്.ആ ജന്മി,ആ ദുഷ്ടൻ,ആ കൊടും ക്രൂരൻ അമ്മയെ കൊന്നുവെന്ന് പറയണം !"
ഇ എം എസ് തുടർന്ന് എഴുതുന്നു:
''പാട്ടബാക്കിയിലെ കിട്ടുണ്ണിയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ മറ്റ് ചില സാമൂഹ്യ നാടക കൃത്തുക്കളും ചിത്രീകരിച്ചെന്ന് വരും.കക്കുകയോ കക്കാതിരിക്കുകയോ ചെയ്യണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാനായി വ്യഭിചാരിയായി മാറുന്ന കുഞ്ഞിമാളുവിനും നേരിടേണ്ടി വരുന്നത് പോലുള്ള മാനസിക കുഴപ്പങ്ങൾ ചില 'മനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും.പക്ഷെ,ഇത്തരം ദുരിതങ്ങളുടെയും മാനസിക കുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണ കൃഷിക്കാരൻ,നാം കാണാറുള്ള 'ചുവപ്പ് കൊടി'ക്കാരനായി,സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്ന ആളായി മാറുന്നത്,ദാമോദരനാണ് നമുക്കാദ്യം കാണിച്ചു തന്നത്.ഇതാണ് അദ്ദേഹത്തിൻറെ പാത്ര നിർമ്മാണകാര്യത്തിലുള്ള വിജയം".
'പാട്ടബാക്കി' അവതരിപ്പിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷം വന്ന തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കമ്മ്യൂണിസ്റ്റിതരരുടെയും പ്രശംസ നേടിയെന്ന് ഇ എം എസ് 19 കൊല്ലത്തിന് ശേഷം ഒരു ലേഖനത്തിൽ ( 2 ) കണ്ടു.അദ്ദേഹം എഴുതി:
"പാട്ടബാക്കിക്ക് ശേഷം ) വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു.സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം.അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു.വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ,പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്.ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല.ഈ കുറവ് പരിഹരിച്ചതാണ്,'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ.'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്.പക്ഷെ അതിൻറെ പശ്ചാത്തലമായി,സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്.മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."
'പാട്ടബാക്കി'യിൽ ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റിതര സാമൂഹ്യ പശ്ചാത്തലം 'കമ്മ്യൂണിസ്റ്റാക്കി'യിൽ ഉണ്ടെന്നും അത് വിജയമാണെന്നും അർഥം.എന്നാൽ,''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.
ഇ എം എസ് എഴുതുന്നു:
"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല.നേരെ മറിച്ച്,ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക.'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"
അദ്‌ഭുതകരമാണ്,ഈ നിരീക്ഷണം.ഇതിൽ പറയുന്ന ഇ എം എസിൻറെ രണ്ടു ലേഖനങ്ങളിൽ ദാമോദരനെക്കുറിച്ചുള്ളത് 1954 ൽ അവിഭക്ത പാർട്ടിയുടെ കാലത്തും ഭാസിയെക്കുറിച്ചുള്ളത് 1973 ൽ പാർട്ടി പിളർപ്പിന് ശേഷവുമാണ് വന്നത്.പിളർപ്പിന് ശേഷം ദാമോദരനും ഭാസിയും ഇ എം എസ് വിരുദ്ധ ചേരിയിൽ ആയിരുന്നു.കമ്മ്യൂണിസ്റ്റ് നാടകം എന്ന നിലയിൽ ഒരു ക്‌ളാസിക് ഭാസിയുടെ നാടകമാണ് താനും.
സി ജെ തോമസ് ഇ എം എസ് സർക്കാരിനെതിരെ 1959 ൽ 'വിഷവൃക്ഷo ' നാടകം എഴുതിയപ്പോൾ,അതിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യിലെ കഥാപാത്രങ്ങളെ തന്നെയാണ് ഉപയോഗിച്ചത്.ഗോപാലൻ 1957 മന്ത്രിസഭയുടെ കാലത്ത്,അധികാര ദല്ലാൾ ആയി പണമുണ്ടാക്കുന്ന അവസരവാദിയാകുന്നു അതിൽ.സി ജെ തോമസിനോട് ഇ എം എസ്,ഗോപാലൻറെ കാര്യത്തിൽ യോജിക്കുന്ന നില.അനാവശ്യമായ ഒരു പ്രേമകഥ നാടകത്തിൽ തിരുകിയതിന് ഇ എം എസ് ഭാസിയെ കുറ്റപ്പെടുത്തുന്നു:
"ഭാസിയാകട്ടെ,'താനൊരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല,പ്രതിഭാശാലിയായ ഒരു കലാകാരൻ കൂടിയാണെന്ന' പ്രശസ്തി നേടുന്നതിനിടയിൽ 'പ്രതിഭാശാലികളായ കലാകാരൻ'മാരുടെ ധാരണകൾക്കൊത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വികൃതമായ ഒരു ചിത്രം വരച്ചു കാട്ടി;അങ്ങനെ,പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം,ഗുണത്തോടൊപ്പം തന്നെ ദോഷവുമുള്ള നാടകമായി 'കമ്മ്യൂണിസ്റ്റാക്കി'കലാശിച്ചു ".
മലയാളത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകമാണ് 'പാട്ടബാക്കി'എന്ന് വിലയിരുത്തിയ സി ജെ തോമസ്,1950 ൽ 'ഉയരുന്ന യവനിക'യിൽ എഴുതി:
"പത്തും പന്ത്രണ്ടും മൈൽ അകലെ നിന്ന് 'പാട്ടബാക്കി' കാണാൻ വേണ്ടി കൃഷിക്കാർ നടന്നെത്തുക എന്നത്,സാധാരണ സംഭവമായിരുന്നു.അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റ് നിന്ന് നീച പാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് ഒരു നാടകത്തിന് എന്ത് വിജയമാണ് വേണ്ടത്?...പ്രചാരണമെന്ന നിലയിൽ,ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകം ഏതെന്നു ചോദിച്ചാൽ 'പാട്ടബാക്കി' എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും".
ഈ വിജയം 'പാട്ടബാക്കി'യെ കലാപരമായി പരാജയപ്പെടുത്തിയെന്ന് സി ജെ നിരീക്ഷിച്ചു.ഉത്തമ നാടകങ്ങളുടെ വിജയം,പാത്രങ്ങളുടെ മനസ്സിലെ സംഘട്ടനങ്ങളെ നാടകീയമായി ചിത്രീകരിക്കുന്നതിലാണ്.'പാട്ടബാക്കി'യിൽ അത്തരം ഘട്ടങ്ങൾ മൂന്നാണ്.അവയിലൊന്നും പ്രേക്ഷകരെ ശ്വാസം മുട്ടിക്കാനുള്ള സംഘർഷം നാടകകൃത്തിന് സൃഷ്ടിക്കാൻ ആയില്ല.കിട്ടുണ്ണി അധികം ആലോചിക്കാതെയാണ് മോഷണം നടത്തുന്നത്.കുഞ്ഞിമാളു വേശ്യാവൃത്തിക്ക് പ്രവേശിക്കും മുൻപ് മാനസിക സംഘർഷമില്ല.അവസാന രംഗത്തിൽ കിട്ടുണ്ണിയുടെ കോപം അടങ്ങുന്നത്,അസംഭവ്യമായി തോന്നും.'പാട്ടബാക്കി 'യിലെ കഥാപാത്രങ്ങൾ ചതുരവടിവിൽ ചലിക്കുന്ന പാവകൾ മാത്രമാണ്."എന്നിരുന്നാലും 'പാട്ടബാക്കി'യിലെ പാത്രങ്ങൾക്ക് ആകെക്കൂടി ഒരു പന്തികേടുണ്ട്.അവരോട് നമുക്ക് അനുഭാവമോ വെറുപ്പോ തോന്നിയെന്ന് വരാം.പക്ഷെ ഒരിക്കൽക്കൂടി അവരെ കാണണമെന്ന് ആഗ്രഹമുണ്ടവുകയില്ല-സി ജെ നിരീക്ഷിച്ചു.
'പാട്ടബാക്കി'നാടകമെന്ന നിലയിൽ നന്നല്ല എന്നർത്ഥം;കലാരൂപം ആയില്ല.അതാണ് സോഷ്യലിസ്റ്റ് റിയലിസത്തിൻറെ പ്രശ്‍നം -മുദ്രാവാക്യം വിളി കലാരൂപമല്ല.
'പാട്ടബാക്കി'യുടെ കുറവുകൾ ദാമോദരന് ബോധ്യപ്പെട്ടിരുന്നു.ആദ്യം അവതരിപ്പിച്ച ശേഷം,വേദിയിൽ നടന്ന പരീക്ഷണങ്ങളുടെയും തിരുത്തലുകളുടെയും വെളിച്ചത്തിൽ,നാടകം മാറ്റി എഴുതാൻ ആഗ്രഹിച്ചു.ആ പണിക്ക് മുൻപേ അറസ്റ്റിലായി.അഞ്ചുകൊല്ലം തടവിന് ശേഷം,മടങ്ങി വന്ന് തിരുത്തലിന് ശ്രമിക്കും മുൻപ് വീണ്ടും അറസ്റ്റിൽ.1950 ൽ ജയിലിൽ ആയിരിക്കെ ഇരിങ്ങാലക്കുട വിജയ പ്രസ് ഉടമ ശ്രീകണ്ഠ വാരിയർ 'പാട്ടബാക്കി'യുടെ ഒരു പതിപ്പിറക്കി.കൊച്ചി സർക്കാർ 'പാട്ടബാക്കി' പുസ്തകവും അവതരണവും നിരോധിച്ചു.പ്രസ് കണ്ടുകെട്ടി.കോപ്പികൾ പിടിച്ചെടുത്തു.
ദാമോദരൻ 1952 തുടക്കം നാടകം തിരുത്താൻ ഇരുന്നു.പുതിയ സാഹചര്യത്തിൽ അത് എളുപ്പവും അഭിലഷണീയവും അല്ല എന്ന് ബോധ്യപ്പെട്ടു.1972 ൽ ഏഴാം പതിപ്പ് സ്വയം പ്രസിദ്ധീകരിച്ചു.1964 ലെ പാർട്ടി പിളർപ്പിൽ എതിർ ചേരി നടത്തിയ പ്രചാരണമാണ് പുതിയ പതിപ്പിന് പ്രേരകമായത്.
അപ്പോൾ സാഹിത്യത്തെ സംബന്ധിച്ച സ്റ്റാലിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് ദാമോദരൻ മാറിയിരുന്നു.ദാമോദരൻ നിലപാട് ഇങ്ങനെ വ്യക്തമാക്കി ( 3 ):
"സാമൂഹ്യ ജീവിതം പ്രതിഫലിപ്പിക്കുന്ന വെറുമൊരു കണ്ണാടിയോ ക്യാമറയോ അല്ല സാഹിത്യം.ഒരു കണ്ണാടിയുടെയോ ക്യാമറയുടെയോ ധർമ്മമല്ല മനുഷ്യ ഹൃദയത്തിന് നിർവഹിക്കാനുള്ളത്.കാളിദാസനും ഷേക്ക് സ്‌പിയറും പുഷ്‌കിനും മറ്റും ഏത് വർഗ്ഗത്തിൻറെ പ്രതിനിധികളാണ് ?മാർക്സ് പതിവായി എസ്കിലസും ഹോമറും മറ്റും വായിച്ച് ആസ്വദിച്ചിരുന്നത് എന്ത് കൊണ്ട്?തൊഴിലാളി കർഷക ബഹുജന പ്രസ്ഥാനങ്ങളിൽ നിന്നാവേശം ഉൾക്കൊള്ളുകയും ബഹുജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ സമരങ്ങളിൽ ബോധപൂർവം പങ്കെടുക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം ആർക്കും പ്രതിഭാശാലിയായ സാഹിത്യകാരനാകാൻ കഴിയില്ല.സാഹിത്യ നിർമാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൗന്ദര്യം.ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് സൗന്ദര്യം പകർന്നു കൊടുക്കാൻ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചു നിൽക്കുന്നു."
ഒരു കാലത്ത് സാഹിത്യവും സാഹിത്യ സംഘടനയും 'കല കലയ്ക്ക് വേണ്ടി' എന്ന് വാദിച്ചവരിൽ നിന്ന് പിടിച്ചെടുക്കാൻ അധ്വാനിച്ച ദാമോദരൻ,'കല കലയ്ക്ക് വേണ്ടി'എന്നിടത്ത് എത്തി.സ്റ്റാലിനെയും ഷഡാനോവിനെയും നിരാകരിക്കുന്നതാണ് നാം കണ്ടത്.'വിഷവൃക്ഷ'ത്തിൽ നിന്ന് വിമോചന സമരം മാറ്റി,പകരം മരണത്തെ വച്ച് അത് തിരുത്തി എഴുതാൻ ആഗ്രഹിക്കുന്നുവെന്ന് സി ജെ തോമസ് പറഞ്ഞതായി എം ഗോവിന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്.ദാമോദരനായാലും സി ജെ ആയാലും തിരുത്തലുകൾ എളുപ്പമല്ല.ഭൂതകാലം ജീവിതത്തിന് മുന്നിൽ തളം കെട്ടി കിടക്കും.തിരുത്തലിൽ ഇ എം എസിനേക്കാൾ ഭേദം ദാമോദരൻ തന്നെ.
-----------------------------------------------
1.ഇ എം എസ് / പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ.'ജനയുഗം' വിശേഷാൽ പ്രതി,1954.
2.ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.
3.കെ ദാമോദരൻ / സാഹിത്യത്തിലെ മാർക്സിയൻ വീക്ഷണം.നവയുഗം വിശേഷാൽ പ്രതി,1971
"മുൻപ് പാട്ടബാക്കി വച്ചാലേ ഒഴിപ്പിച്ചിരുന്നുള്ളു;ഇപ്പോൾ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കുകയോ?"
'പാട്ടബാക്കി' ആദ്യം അവതരിപ്പിച്ചപ്പോൾ,സംഭാഷണം പഠിക്കാൻ പുസ്തക താളുകൾ കീറികൊടുത്തിരുന്നു.അവ ശേഖരിച്ച് പകർത്തി 'മാതൃഭൂമി'ക്ക് കൊടുത്തു.ചില വ്യത്യാസങ്ങൾ വരുത്തി.
കോൺഗ്രസ് സോഷ്യലിസ്റ്റുകൾക്ക്,ഇടതുപക്ഷത്തിന് ആയിരുന്നു അന്ന് കെ പി സി സി യിൽ മുൻതൂക്കം.ഇ എം എസും ദാമോദരനും പി നാരായണൻ നായരുമൊക്കെ അതിലായിരുന്നു.നാരായണൻ നായർ 'മാതൃഭൂമി'പത്രാധിപർ ആയതിനാൽ നിരവധി ഇടത് ലേഖനങ്ങൾ അതിൽ വന്നു.'പാട്ടബാക്കി'മൂന്ന് ലക്കങ്ങളിൽ വന്നു.സഞ്ജയനും കുട്ടികൃഷ്ണ മാരാരും മറ്റും വിമർശിച്ചു.
"ഇത് കലയാണെന്നൊന്നും നിങ്ങൾ സമ്മതിക്കണ്ട;ആവശ്യമാണെന്ന് സമ്മതിച്ചാൽ മതി",ദാമോദരൻ പറഞ്ഞു.കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി'ക്ക് എഴുതിയ അവതാരികയിൽ,മാക്‌സിം ഗോർക്കിയുടെ 'താഴ്ന്ന അടിത്തട്ടുകാർ' എന്ന കൃതിയോട് കിടപിടിക്കുന്നതാണ് 'പാട്ടബാക്കി'യെന്ന് കേസരി ബാലകൃഷ്ണ പിള്ള നിരീക്ഷിച്ചു.പുതുതായി രൂപം കൊണ്ട 'ജീവൽസാഹിത്യ'ത്തെപ്പറ്റി മൂന്ന് ലേഖനങ്ങൾ കേസരി 'മാതൃഭൂമി'യിൽ എഴുതി.
ആദ്യ ജീവൽസാഹിത്യ സമ്മേളനം 1937 മെയ് എട്ടിന് തൃശൂരിൽ എ ഡി ഹരിശർമയുടെ അധ്യക്ഷതയിൽ നടന്നു.ചർച്ചയ്ക്ക് ദാമോദരൻ നേതൃത്വം നൽകി.'കല കലയ്ക്ക് വേണ്ടി' എന്ന വാദമുന്നയിച്ച് ജന്മി,നാടുവാഴി,മുതലാളിത്ത വ്യവസ്ഥയുടെ കുഴലൂത്തുകാരാകാതെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ,ദേശീയ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന ജനത്തിൻറെ എഴുത്തുകാരും ഗായകരുമാകാൻ ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ അംഗീകരിച്ചു.എഴുതിയത് ദാമോദരൻ.
ഇത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് 'പാട്ടബാക്കി'ഉണ്ടായത്.ഇതിന് കുറച്ചുകൂടി വലിയ പശ്ചാത്തലമുണ്ട്.
സോവിയറ്റ് പാർട്ടി 1925 ൽ എഴുത്തിനെയും എഴുത്തുകാരെയും പറ്റി നാല് തീരുമാനങ്ങൾ എടുത്തു:
- കമ്മ്യൂണിസ്റ്റ് നിരൂപകർ തങ്ങൾക്ക് സാഹിത്യ ലോകത്ത് ശാസനാധികാരം ഉണ്ടെന്ന ഭാവം ഉപേക്ഷിക്കണം.
- രചനയിൽ ഒരു പ്രത്യേക സമ്പ്രദായത്തെയും പാർട്ടി അംഗീകരിക്കുന്നില്ല
- തൊഴിലാളി വർഗ സാഹിത്യം കൃത്രിമമായി നട്ടുവളർത്താനുള്ള വാസനയെ എതിർക്കുന്നു.
- സാംസ്‌കാരിക പാരമ്പര്യത്തെ ആലോചന കൂടാതെ എതിർക്കുകയും പുഛിക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല.
ഈ സമ്മേളനത്തിലാണ്,നിങ്ങൾ]ഏതു ചേരിയിൽ എന്ന് ഷഡാനോവ് എഴുത്തുകാരോട് ചോദിച്ചത്.മനുഷ്യാത്മാക്കളുടെ എഞ്ചിനിയർമാരാണ് എഴുത്തുകാരെന്ന് പറഞ്ഞത്.മാക്സിം ഗോർക്കി യൂണിയൻ പ്രസിഡൻറായി.ജെയിംസ് ജോയ്‌സിന്റെ നോവൽ
'യുലീസസ്',കൃമികൾ നുരയ്ക്കുന്ന ചാണകക്കൂനയാണെന്ന് ഈ സമ്മേളനം വിധിച്ചു.1935 ൽ ഗോർക്കി ലണ്ടനിൽ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചു.അതിൽ തോമസ് മൻ,റൊമെയ്ൻ റൊളാങ് എന്നിവരും ഇന്ത്യയിൽ നിന്ന് മുൽക് രാജ് ആനന്ദ്,സജ്ജാദ് സഹീർ,ഡോ ജ്യോതി ഘോഷ്,ഡോ മുഹമ്മദ് ദീൻ തൻസീർ എന്നിവരും പങ്കെടുത്തു.
ഉത്തർ പ്രദേശിൽ ദേശീയ മുസ്ലിം കുടുംബത്തിൽ ജനിച്ച ഉർദു എഴുത്തുകാരനായ സഹീർ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സഹോദരൻ ഡോ ഹുസ്സൈൻ സഹീർ ഹൈദരാബാദ് റീജനൽ ലബോറട്ടറി ഡയറക്ടറായിരുന്നു.പിൽക്കാലത്ത് സി എസ് ഐ ആർ ഡയറക്ടർ എന്ന നിലയിൽ റീജനൽ ലാബുകൾ സ്ഥാപിക്കാൻ നെഹ്രുവിനൊ പ്പം നിന്നു.മൂത്ത സഹോദരൻ അലി സഹീർ യു പി കോൺഗ്രസ് നേതാവായിരുന്നു.
ഉർദു സാഹിത്യത്തിൽ മുപ്പതുകളിൽ നവീന സാഹിത്യം കെട്ടിപ്പടുത്തവരാണ്,പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ സെഡ് എ അഹമ്മദ്,ഭാര്യ ഹജ്‌റ ബീഗം,സജ്ജാദ് സഹീർ,മുഹമ്മദ് സഫർ,ഡോ റഷീദ ജഹാൻ തുടങ്ങിയവർ.ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് സെഡ് എ അഹമ്മദിനെ ഹജ്‌റ ബീഗം വിവാഹം ചെയ്‌തത് തന്നെ,മുസ്ലിം യാഥാസ്ഥികത്വത്തെ വിറളി പിടിപ്പിച്ചു.കേരളത്തിൽ ബഷീർ, തകഴി, പൊൻകുന്നം വർക്കി, പി കേശവദേവ്,എസ് കെ പൊറ്റെക്കാട് എന്നിവർ 'അഞ്ചു ചീത്തക്കഥകൾ' സമാഹാരം ഇറക്കിയ പോലെ,ഇവരും ഒരു കഥാസമാഹാരം ഇറക്കി.ഈ ഉറുദു എഴുത്തുകാർ,പാർട്ടി പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചപ്പോൾ അതിനൊപ്പം നിന്നു;പാർട്ടി അത് നിരാകരിച്ചപ്പോൾ നിരാശരായി.
ലണ്ടനിൽ ഗോർക്കി വിളിച്ച സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ 1935 ഡിസംബറിൽ അഹമ്മദാബാദിൽ ചേർന്ന് ഇന്ത്യൻ പുരോഗമന സാഹിത്യ സംഘടനയുണ്ടാക്കി.അന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ പ്രേം ചന്ദ്,സുമിത്രാനന്ദൻ പന്ത്,നിരാല,രഘുപതി സഹായ് ഫിറാക് എന്നിവർ ഉൾപ്പെട്ടു.വിശപ്പ്,ദാരിദ്ര്യം,സാമൂഹിക പിന്നാക്കാവസ്ഥ,രാഷ്ട്രീയ അടിമത്തം എന്നിവയുടെ പ്രശ്നങ്ങളാണ് പുതിയ സാഹിത്യം കൈകാര്യം ചെയ്യേണ്ടത്.പ്രതിലോമ ശക്തികളെയും സാമ്രാജ്യത്വത്തെയും എതിർക്കണം.സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ആവേശവും നൽകണം.
സഹീർ സംഘാടകനായി 1936 ൽ ലക്‌നോയിൽ ആദ്യ അഖിലേന്ത്യ പുരോഗമന സാഹിത്യ സമ്മേളനം ചേർന്നു.ഇതിൽ പങ്കെടുത്ത ഏക മലയാളി,കെ ദാമോദരൻ.24 വയസ്സ്.പ്രേംചന്ദ് അധ്യക്ഷത വഹിച്ചു.
തിരൂർ പെരുമണ്ണ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടെയും പൊറൂർ കിഴക്കേടത്ത് നാരായണിയമ്മയുടെയും അഞ്ചു മക്കളിൽ മൂത്തതായിരുന്നു,ദാമോദരൻ.കേന്ദ്ര,സംസ്ഥാന തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള തിരൂർ വില്ലേജിലെ ഏഴു കുടുംബങ്ങളിൽ ഒന്നായിരുന്നു നമ്പൂതിരിയുടേത്.4500 രൂപ പ്രതിവർഷം ഭൂനികുതി അടച്ചിരുന്നു.
കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർ ജൂനിയർ വാർഷിക പരീക്ഷ എഴുതിയ ശേഷമാണ് ഉപ്പു സത്യഗ്രഹത്തിൽ ദാമോദരന് ആവേശമുണ്ടായത്.പ്രായപൂർത്തി ആകാത്തതിനാൽ നിയമം ലംഘിച്ച് ജയിലിൽ പോകാനായില്ല.തിരൂർ അങ്ങാടിയിലെത്തി തൻറെ വിദേശവസ്ത്രങ്ങൾ ദാമോദരൻ തീയിട്ടു.1930 ജൂണിൽ സീനിയർ ഇന്ററിന് കോഴിക്കോട്ടെത്തി.അന്തർജനങ്ങൾ ഉപയോഗിച്ച തരം ഓലക്കുട ചൂടി കോളജിൽ പോയി -സ്വദേശി വ്രതം.കേരള വിദ്യാർത്ഥി സംഘമുണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി.1931 മാർച്ച് 17 ന് താനൂരിൽ നിരോധനം ലംഘിച്ച് രാജ്യദ്രോഹ പ്രസംഗം നടത്തിയതിന് അറസ്റ്റിലായി.പൊലീസ് സ്റ്റേഷനിൽ പരസ്യമായി കീഴേടത്തെ കാരണവർ ദാമോദരൻറെ മുഖത്ത് ആഞ്ഞടിച്ചു.ഇന്റർമീഡിയറ്റിന് ഒരു പാർട്ടിന് തോറ്റു.ജയിലിൽ ഇരുന്ന് പഠിച്ചു.പരീക്ഷയുടെ തലേന്ന് മോചിതനായി.അന്ന് കോൺഗ്രസ് പ്രസംഗങ്ങളിൽ ദാമോദരന് ഒപ്പം ഉണ്ടായിരുന്നയാളാണ്,ഉറൂബ്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആചാര്യ നരേന്ദ്ര ദേവും ബാബു സമ്പൂർണാനന്ദും ശ്രീപ്രകാശും പ്രൊഫസർമാരായ കാശി വിദ്യാപീഠത്തിൽ ദാമോദരന് പ്രവേശനം കിട്ടി.കോഴിക്കോട് താമസിച്ച ബാരിസ്റ്റർ എ കെ പിള്ളയുടെ ലൈബ്രറിയിൽ നിന്ന് മാർക്സിസ്റ്റ് പുസ്തകങ്ങൾ വായിച്ചു.കടം വാങ്ങിയ പണം കൊണ്ട് കാശിയിലെത്തി ബി എ യ്ക്ക് തുല്യമായ ശാസ്ത്രി കോഴ്‌സിന് ചേർന്നു.സഹപാഠികൾ ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയും യു പി യിൽ പിന്നീട് മന്ത്രി ആയ അളഗു റായ് ശാസ്ത്രിയും.സീനിയറും പാർട്ടി അംഗവുമായ ഓംകാർ നാഥ് ശാസ്ത്രിയാണ് ദാമോദരനെ പാർട്ടിയിൽ ചേർത്തത്.1937 ൽ വി എസ് ഘാട്ടെ,പി കൃഷ്ണ പിള്ള,ഇ എം എസ് എൻ സി ശേഖർ,കെ ദാമോദരൻ എന്നിവർ കോഴിക്കോട് പാളയത്തെ ഒരു പച്ചക്കറിക്കടയ്ക്ക് മുകളിൽ പാർട്ടി രുപീകരിക്കാൻ ചേരുന്നതിന് രണ്ടു വർഷം മുൻപാണ്.
കാശി വിദ്യാപീഠം ലൈബ്രറിയിൽ മാർക്സ്,എംഗൽസ്,ലെനിൻ,സ്റ്റാലിൻ എന്നിവരുടെ പുസ്തകങ്ങൾ വായിച്ചു.ട്രോട് സ്‌കി,ബുഖാറിൻ എന്നിവരെ ഒഴിവാക്കി.കാശിയിൽ താമസിച്ചിരുന്ന പ്രേം ചന്ദിന്റെ 'ഹംസ്' എന്ന മാസികയിൽ ലേഖനങ്ങൾ എഴുതി.ആ ബന്ധമാണ് ലക്‌നോ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രേരണ.കേരളത്തിലേക്ക് മടങ്ങി സംഘടനയ്ക്ക് കേരളഘടകം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പ്രേം ചന്ദിനോട് പറഞ്ഞു.
മടങ്ങി എത്തി ദാമോദരൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ മൂന്ന് പ്രഭാഷണങ്ങൾ നടത്തി.സത്യഗ്രഹ കാലത്ത് ദാമോദരനൊപ്പം ജയിലിലുണ്ടായിരുന്ന വി പരമേശ്വരയ്യർ അതിന് സഹായിച്ചു.എൻ വി കൃഷ്ണ വാരിയർ അന്ന് വിദ്യാർത്ഥി.1937 ഏപ്രിൽ 14 രാത്രി ജീവൽ സാഹിത്യ സംഘ രൂപീകരണ യോഗം തൃശൂരിൽ ചേർന്നു.ആകസ്മികമായി എത്തിയ 'ബോംബെ ക്രോണിക്കിൾ' സഹ പത്രാധിപർ വി നാരായണ സ്വാമി അധ്യക്ഷനായി.വടക്കാഞ്ചേരിക്കാരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു.
ദാമോദരൻറെ ഈ സാഹിത്യ ചുവട് വയ്‌പിന്റെ ഭാഗമാണ്,'പാട്ടബാക്കി'.ഇതാണ് കഥ:
കിട്ടുണ്ണി എന്ന ഫാക്റ്ററി തൊഴിലാളി,അമ്മ,സഹോദരി കുഞ്ഞി മാളു,സഹോദരൻ എന്നിവർക്കൊപ്പം ജീവിക്കുന്നു.അവരുടെ വീട്,ജന്മിയുടേതായി.അവർ ജന്മി രാമൻ നായർക്ക് പാട്ടബാക്കിയും കൊടുക്കാനുണ്ട്.കിട്ടുണ്ണിക്ക് കിട്ടുന്ന കൂലി കൊണ്ട് കുടുംബം പോറ്റാനാവില്ല.ഇത് മുതലാക്കി ജന്മിയുടെ കാര്യസ്ഥൻ കിട്ടുണ്ണിയുടെ സഹോദരിക്ക് പിന്നാലെ കൂടുന്നു.കിട്ടുണ്ണി ഗതികേട് കൊണ്ട് മോഷ്ടാവാകുന്നു.കിട്ടുണ്ണി തടവിൽ.കാര്യസ്ഥൻ ഉപദ്രവിക്കുന്നു.കുഞ്ഞിമാളു അയാളെ ചൂല് കൊണ്ടടിക്കുന്നു.രാമൻ നായർ കുടുംബത്തെയിറക്കി വിടുന്നു.കിട്ടുണ്ണിയുടെ അമ്മ,കൊച്ചുമകനെ കുഞ്ഞിമാളുവിനെ ഏൽപിച്ച് മരിക്കുന്നു.കുഞ്ഞിമാളു വേശ്യയാകുന്നു.തടവിൽ നിന്നിറങ്ങിയ കിട്ടുണ്ണിക്ക് ക്ഷോഭമുണ്ട്.അയാൾ വിവരങ്ങൾ അറിഞ്ഞ് കുഞ്ഞിമാളുവിനെ കൂട്ടി അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നു.
ആ നിമിഷത്തിൽ മലയാള നാടകം മാറിയെന്ന് ഇ എം എസ് എഴുതി ( 1 ).മലയാള നാടക ചരിത്രത്തിൽ ആദ്യമായി ജോലി ചെയ്‌ത് ജീവിക്കുന്ന ഭുരിപക്ഷത്തിൻറെ ജീവിത സമരം കലാകാരൻ കൈകാര്യം ചെയ്‌തു."ഇത് പഴയ തലമുറയിലെ കലാവിമര്ശകർക്ക് പിടിച്ചില്ല.ഒന്നുകിൽ പുച്ഛവും പരിഹാസവും അല്ലെങ്കിൽ ദേഷ്യവും വെറുപ്പും -ഇതാണവർ 'പാട്ടബാക്കി','രക്ത പാനം' മുതലായ നാടകങ്ങളുടെ നേരെ എടുത്ത മനോഭാവം.നാടക ലക്ഷണങ്ങൾ നിർണയിക്കാൻ സ്വീകരിക്കേണ്ടതെന്ന് തങ്ങൾ പഠിച്ചു വച്ച നിയമങ്ങൾ എടുത്ത് മലർത്തിയടിച്ച് അവർ കൂക്കി വിളിച്ചു.ഇതൊന്നും നാടകമേയല്ല,വെറും കോപ്പിരാട്ടികൾ",ഇ എം എസ് എഴുതി.
ദാമോദരൻ 1939 ൽ തൊഴിലാളികൾക്കായി എഴുതിയ നാടകമാണ്,'രക്ത പാനം'.
തോപ്പിൽ ഭാസി |
"പാട്ടബാക്കിയിലെ അമ്മയും കിട്ടുണ്ണിയും കുഞ്ഞിമാളുവും ബാലനും തമ്മിലുള്ള ബന്ധങ്ങളിൽ ഓരോന്നിന്റെയും പശ്ചാത്തലത്തിൽ അവരുടെ മുക്കാട്ടിൽ മനയ്ക്കലെ ജന്മിയും കാര്യസ്ഥൻ രാമൻ നായരുമായുള്ള കുടിയായ്മ ഇന്നും നമുക്ക് കാണാം.
"കുടിയിറക്കപ്പെട്ട് നിരത്തു വക്കത്തു കിടന്ന് മരിക്കുന്ന അമ്മ,കുഞ്ഞി മാളുവിനോട് 'ഞാൻ മരിച്ചാൽ ...നിയ്യെയ് ...അവനേം കൊണ്ട് ...തിരുമനസ്സിനോട് ...സങ്കടം പറഞ്ഞാൽ ...അവിടുന്ന് ...എന്തെങ്കിലും ചെയ്യാണ്ടിരിക്കില്ല'എന്ന് പറയുന്നു.
"കുഞ്ഞു മാളുവാകട്ടെ,"ഇല്യ അമ്മേ,ഞാൻ മനയ്ക്കലേക്ക് ഈ ജന്മത്ത് പോവില്യ.നമ്മളെ ഈ നിലയിലാക്കിയ ഈ ജന്മിയുടെ പടി ഞാൻ ഒരിക്കലും കേറില്യ.അമ്മ വ്യസനിക്കണ്ട.ബാലനെ ഞാൻ നല്ല പോലെ നോക്കിക്കൊള്ളാം.എന്ത് തൊഴിൽ എടുത്തെങ്കിലും ഞാൻ ബാലനെ രക്ഷിച്ചു കൊള്ളാം' എണ് അമ്മയോട് പ്രതിജ്ഞ ചെയ്യുന്നത്.
"അങ്ങനെ അവൾ വ്യഭിചാര ശാലയിൽ എത്തുന്നു.താനിങ്ങനെ വ്യഭിചാരിണി ആയി തീർന്നതിൽ സ്വയം വേദനിക്കപ്പെട്ടു കൊണ്ടിരിക്കെ തന്നെ ആ നിലയ്ക്ക് കണ്ട് കോപാകുലനായി തീർന്ന കിട്ടുണ്ണിയോട് പറയുന്നു:
ഏട്ടാ,കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഏട്ടന്റെ അനിയത്തി മാനം വിറ്റു...ഏട്ടാ നമ്മുടെ പ്രിയപ്പെട്ട അമ്മ യാതൊരു ഗതിയുമില്ലാതെ നിരത്തിൻറെ വക്കത്ത് കിടന്നു.മരുന്ന് കിട്ടാതെ...ഏട്ടാ,അമ്മ മരിച്ചുവെന്നല്ല പറയേണ്ടത്.ആ ജന്മി,ആ ദുഷ്ടൻ,ആ കൊടും ക്രൂരൻ അമ്മയെ കൊന്നുവെന്ന് പറയണം !"
ഇ എം എസ് തുടർന്ന് എഴുതുന്നു:
''പാട്ടബാക്കിയിലെ കിട്ടുണ്ണിയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ മറ്റ് ചില സാമൂഹ്യ നാടക കൃത്തുക്കളും ചിത്രീകരിച്ചെന്ന് വരും.കക്കുകയോ കക്കാതിരിക്കുകയോ ചെയ്യണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാനായി വ്യഭിചാരിയായി മാറുന്ന കുഞ്ഞിമാളുവിനും നേരിടേണ്ടി വരുന്നത് പോലുള്ള മാനസിക കുഴപ്പങ്ങൾ ചില 'മനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും.പക്ഷെ,ഇത്തരം ദുരിതങ്ങളുടെയും മാനസിക കുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണ കൃഷിക്കാരൻ,നാം കാണാറുള്ള 'ചുവപ്പ് കൊടി'ക്കാരനായി,സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്ന ആളായി മാറുന്നത്,ദാമോദരനാണ് നമുക്കാദ്യം കാണിച്ചു തന്നത്.ഇതാണ് അദ്ദേഹത്തിൻറെ പാത്ര നിർമ്മാണകാര്യത്തിലുള്ള വിജയം".
'പാട്ടബാക്കി' അവതരിപ്പിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷം വന്ന തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കമ്മ്യൂണിസ്റ്റിതരരുടെയും പ്രശംസ നേടിയെന്ന് ഇ എം എസ് 19 കൊല്ലത്തിന് ശേഷം ഒരു ലേഖനത്തിൽ ( 2 ) കണ്ടു.അദ്ദേഹം എഴുതി:
"പാട്ടബാക്കിക്ക് ശേഷം ) വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു.സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം.അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു.വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ,പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്.ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല.ഈ കുറവ് പരിഹരിച്ചതാണ്,'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ.'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്.പക്ഷെ അതിൻറെ പശ്ചാത്തലമായി,സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്.മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."
'പാട്ടബാക്കി'യിൽ ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റിതര സാമൂഹ്യ പശ്ചാത്തലം 'കമ്മ്യൂണിസ്റ്റാക്കി'യിൽ ഉണ്ടെന്നും അത് വിജയമാണെന്നും അർഥം.എന്നാൽ,''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.
ഇ എം എസ് എഴുതുന്നു:
"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല.നേരെ മറിച്ച്,ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക.'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"
അദ്‌ഭുതകരമാണ്,ഈ നിരീക്ഷണം.ഇതിൽ പറയുന്ന ഇ എം എസിൻറെ രണ്ടു ലേഖനങ്ങളിൽ ദാമോദരനെക്കുറിച്ചുള്ളത് 1954 ൽ അവിഭക്ത പാർട്ടിയുടെ കാലത്തും ഭാസിയെക്കുറിച്ചുള്ളത് 1973 ൽ പാർട്ടി പിളർപ്പിന് ശേഷവുമാണ് വന്നത്.പിളർപ്പിന് ശേഷം ദാമോദരനും ഭാസിയും ഇ എം എസ് വിരുദ്ധ ചേരിയിൽ ആയിരുന്നു.കമ്മ്യൂണിസ്റ്റ് നാടകം എന്ന നിലയിൽ ഒരു ക്‌ളാസിക് ഭാസിയുടെ നാടകമാണ് താനും.
സി ജെ തോമസ് ഇ എം എസ് സർക്കാരിനെതിരെ 1959 ൽ 'വിഷവൃക്ഷo ' നാടകം എഴുതിയപ്പോൾ,അതിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യിലെ കഥാപാത്രങ്ങളെ തന്നെയാണ് ഉപയോഗിച്ചത്.ഗോപാലൻ 1957 മന്ത്രിസഭയുടെ കാലത്ത്,അധികാര ദല്ലാൾ ആയി പണമുണ്ടാക്കുന്ന അവസരവാദിയാകുന്നു അതിൽ.സി ജെ തോമസിനോട് ഇ എം എസ്,ഗോപാലൻറെ കാര്യത്തിൽ യോജിക്കുന്ന നില.അനാവശ്യമായ ഒരു പ്രേമകഥ നാടകത്തിൽ തിരുകിയതിന് ഇ എം എസ് ഭാസിയെ കുറ്റപ്പെടുത്തുന്നു:
"ഭാസിയാകട്ടെ,'താനൊരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല,പ്രതിഭാശാലിയായ ഒരു കലാകാരൻ കൂടിയാണെന്ന' പ്രശസ്തി നേടുന്നതിനിടയിൽ 'പ്രതിഭാശാലികളായ കലാകാരൻ'മാരുടെ ധാരണകൾക്കൊത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വികൃതമായ ഒരു ചിത്രം വരച്ചു കാട്ടി;അങ്ങനെ,പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം,ഗുണത്തോടൊപ്പം തന്നെ ദോഷവുമുള്ള നാടകമായി 'കമ്മ്യൂണിസ്റ്റാക്കി'കലാശിച്ചു ".
മലയാളത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകമാണ് 'പാട്ടബാക്കി'എന്ന് വിലയിരുത്തിയ സി ജെ തോമസ്,1950 ൽ 'ഉയരുന്ന യവനിക'യിൽ എഴുതി:
"പത്തും പന്ത്രണ്ടും മൈൽ അകലെ നിന്ന് 'പാട്ടബാക്കി' കാണാൻ വേണ്ടി കൃഷിക്കാർ നടന്നെത്തുക എന്നത്,സാധാരണ സംഭവമായിരുന്നു.അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റ് നിന്ന് നീച പാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് ഒരു നാടകത്തിന് എന്ത് വിജയമാണ് വേണ്ടത്?...പ്രചാരണമെന്ന നിലയിൽ,ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകം ഏതെന്നു ചോദിച്ചാൽ 'പാട്ടബാക്കി' എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും".
ഈ വിജയം 'പാട്ടബാക്കി'യെ കലാപരമായി പരാജയപ്പെടുത്തിയെന്ന് സി ജെ നിരീക്ഷിച്ചു.ഉത്തമ നാടകങ്ങളുടെ വിജയം,പാത്രങ്ങളുടെ മനസ്സിലെ സംഘട്ടനങ്ങളെ നാടകീയമായി ചിത്രീകരിക്കുന്നതിലാണ്.'പാട്ടബാക്കി'യിൽ അത്തരം ഘട്ടങ്ങൾ മൂന്നാണ്.അവയിലൊന്നും പ്രേക്ഷകരെ ശ്വാസം മുട്ടിക്കാനുള്ള സംഘർഷം നാടകകൃത്തിന് സൃഷ്ടിക്കാൻ ആയില്ല.കിട്ടുണ്ണി അധികം ആലോചിക്കാതെയാണ് മോഷണം നടത്തുന്നത്.കുഞ്ഞിമാളു വേശ്യാവൃത്തിക്ക് പ്രവേശിക്കും മുൻപ് മാനസിക സംഘർഷമില്ല.അവസാന രംഗത്തിൽ കിട്ടുണ്ണിയുടെ കോപം അടങ്ങുന്നത്,അസംഭവ്യമായി തോന്നും.'പാട്ടബാക്കി 'യിലെ കഥാപാത്രങ്ങൾ ചതുരവടിവിൽ ചലിക്കുന്ന പാവകൾ മാത്രമാണ്."എന്നിരുന്നാലും 'പാട്ടബാക്കി'യിലെ പാത്രങ്ങൾക്ക് ആകെക്കൂടി ഒരു പന്തികേടുണ്ട്.അവരോട് നമുക്ക് അനുഭാവമോ വെറുപ്പോ തോന്നിയെന്ന് വരാം.പക്ഷെ ഒരിക്കൽക്കൂടി അവരെ കാണണമെന്ന് ആഗ്രഹമുണ്ടവുകയില്ല-സി ജെ നിരീക്ഷിച്ചു.
പാട്ടബാക്കി/ ചന്ദ്രദാസൻ,2009 |