വീണ്ടെടുപ്പിൻറെ പാപസ്നാനങ്ങൾ
ബെന്യാമിൻ
രാമചന്ദ്രൻ എഴുതിയ ‘പാപസ്നാനം’ എന്ന നോവൽ നോവലിസ്റ്റ്കൂടിയായ ലേഖകൻ വായിക്കുന്നു. അസാമാന്യമായ കൈത്തഴക്കവും ചരിത്രബോധവും അന്വേഷണപാടവവും ഉള്ള ഒരാൾക്കുമാത്രം സാധ്യമാകുന്ന ഒരു നോവലാണിതെന്ന് വായനാ സാക്ഷ്യം.
ഈ സഹസ്രാബ്ദത്തിൻറെ തുടക്കകാലങ്ങളിൽ ചെറുകഥ വായനയിൽ സജീവമായിരുന്നവർ അത്രപെട്ടെന്ന് മറന്നുപോകാൻ ഇടയില്ലാത്ത ഒരു പേരാണ് രാമചന്ദ്രന്റേത് . ഈ കടവിലെ മുതല, കപ്പൽച്ചേതം, ഇതാണെെൻറ വേര്, അൽത്തൂസർ തുടങ്ങി ഒരുപിടി നല്ലകഥകളിലൂടെ നമ്മെ അദ്ഭുതപ്പെടുത്തിയ സർഗപ്രതിഭ. എന്നാൽ ഒരു അഭിമുഖത്തിൽ സ്വയം പ്രവചിച്ചതുപോലെ തന്നെ രാമചന്ദ്രൻ വളരെവേഗം കഥയെഴുത്തിൽനിന്ന് നിഷ്ക്രമിക്കുകയും നിശ്ശബ്ദതയിലേക്ക് കൂമ്പി അടയുകയും ചെയ്തു. അങ്ങനെ കുറച്ചുപേരുണ്ടല്ലോ നമ്മുടെ കഥാസാഹിത്യത്തിൽ. സുമിത്ര വർമ, എ. സഹദേവൻ, കെ.യു. ജോ
ണി, നളിനി ബേക്കൽ, കെ.എ. ശരച്ചന്ദ്രൻ, അക്കൂട്ടത്തിൽ ഒരാളായിരുന്നു
രാമചന്ദ്രനും.
എന്നാൽ, സർഗാത്മകത ഉള്ളിൽ തിളയ്ക്കുന്ന ഒരാൾക്ക് ഏറെക്കാലം അതിനെ അടക്കിജീവിക്കാനും ആവില്ല, ഒരു ദിവസം അത് സർവ മൂടികളെയും പൊളിച്ച് പുറത്തുവരുകതന്നെ ചെയ്യും എന്ന് രാമചന്ദ്രൻ ഇപ്പോൾ സ്വയം തെളിയിച്ചിരിക്കുന്നു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം തൻറെ പ്രതിഭയുടെ തിളക്കം പ്രകടമാക്കിക്കൊണ്ട് ‘പാപസ്നാനം’ എന്ന നോവലുമായി രാമചന്ദ്രൻ സാഹിത്യലോകത്തേക്ക് മടങ്ങി വന്നിരിക്കുന്നു.
കൊച്ചി രാജകുടുംബാംഗമായിരുന്ന രാമവർമൻ എന്നൊരാൾ സ്നാനപ്പെട്ട്, യാക്കോബ് രാമവർമൻ എന്ന പേര് സ്വീകരിച്ച്, ക്രിസ്ത്യാനിയായ കഥ, ചരിത്രം ആഴത്തിൽ പഠിക്കുന്ന ചിലരെങ്കിലും നേരത്തേ കേട്ടിട്ടുണ്ടാവണം. ആ രാമവർമൻറെ ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ‘പാപസ്നാനം’ എന്ന നോവൽ എന്ന് ഒറ്റവാക്കിൽ പറഞ്ഞു വെക്കാം.
1840 മുതൽ 42 വരെ ബെൽഗാമിലും 1842 മുതൽ 58 വരെ കണ്ണൂരിലും നടക്കുന്ന വിധത്തിൽ രണ്ടുഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന നോവൽ കൊച്ചി രാജവംശത്തിലെ അന്തർനാടകങ്ങൾ, സുവിശേഷപ്രചാരകരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്, മലങ്കര സഭയിലെ ആഭ്യന്തര സംഘർഷങ്ങൾ, തിരുവിതാംകൂറിൻറെ അധിനിവേശ ശ്രമങ്ങൾ, ഫ്രാൻസിസ് സേവ്യറുടെ ഗോവയിലെ മതദ്രോഹ വിചാരണ, കൊങ്കണികളുടെ പലായനം,കൊച്ചി രാജവംശത്തിനു മേൽ ഉഡുപ്പി സോദേമഠം സ്വാമിയാർക്ക് ഉണ്ടായിരുന്ന സ്വാധീനം, കുരുമുളക് കച്ചവടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചതിവുകൾ. മെക്കാളെയ്ക്ക് എതിരെ നടന്ന പരാജയപ്പെട്ട കലാപശ്രമം എന്നിങ്ങനെ സാധാരണ ചരിത്രാന്വേഷകർ
ക്കുപോലും അപ്രാപ്യമായ പല ഇടങ്ങളിലേക്കും സസൂക്ഷ്മം കടന്നു ചെല്ലുന്നു. അങ്ങനെ നോവൽ പറഞ്ഞുകേട്ട ചരിത്രത്തിന് ഒരു പൊളിച്ചെഴുത്തായി മാറുകയും ചെയ്യുന്നു.
ക്രിസ്തുമതത്തിനോടുള്ള അനുരാഗം എന്നതിനെക്കാൾ, രാജകുടുംബത്തിലെ അധികാരത്തർക്കങ്ങളും തിരസ്കാരങ്ങളും ഭിന്നിപ്പുമാണ് രാമവർമൻറെ സ്നാനത്തിൽ കലാശിച്ചതെന്ന് ഈ നോവൽ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തി സമർഥിക്കുന്നു. വീരകേരളവർമൻറെ സപത്നി ആയിപത്തൊൻപത് വർഷക്കാലം ജീവിച്ച കുഞ്ഞിക്കാവിനെ, രാമവർമെൻറ അമ്മയെ, ഏഴു മക്കൾക്കൊപ്പം പത്ത് പ ഗോഡ മാത്രം ചെലവിനു കൊടുത്ത് (ഒരു പഗോഡ മൂന്നര രൂപ) വൈപ്പി നിലേക്ക് ആട്ടിപ്പായിച്ചത് പിൽക്കാലത്ത് രാമവർമന് വലിയ ആത്മസംഘർഷമായി മാറുന്നുണ്ട്. കൊട്ടാരത്തിലെ മേൽശാന്തി, പൂർണത്രയീശനു ചാർത്തേണ്ടുന്ന തിരുവാഭരണങ്ങളും വേറൊരു എമ്പ്രാന്തിരി വിഷ്ണുവിെൻറ സ്വർണ പ്രതിമ തന്നെയും മോഷ്ടിച്ചുകൊണ്ടു പോയതും അതേച്ചൊല്ലിയുള്ള രാമവർമൻറെ പ്രാർഥനകൾ ഒന്നും ഫലിക്കാതെ പോയതും ഒക്കെ പിന്നെ മതംമാറലിനു കാരണമാകുന്നുണ്ട്. അന്തശ്ഛിദ്രം, പടലപ്പിണക്കം, പാലിയത്തച്ചൻറെ കുതന്ത്രങ്ങൾ, മെക്കാളെ പ്രഭുവിനെതിരെ നടത്തിയ പരാജയപ്പെട്ടുപോയ കലാപശ്രമം, സമീപ രാജാക്കന്മാരിൽനിന്നുള്ള ആക്രമണങ്ങൾ, തിരുവിതാംകൂറിൻറെ അധിനിവേശ മോഹങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ എന്നിവ കൊണ്ടെല്ലാം ഉള്ളാലെ തകർന്നുകൊണ്ടിരിക്കുന്ന ഒരു കൊച്ചി രാജവംശത്തെയാണ് നാം നോവലിൽ കണ്ടുമുട്ടുക. ശക്തൻ തമ്പുരാൻ തൃശൂരിലേക്ക് ആസ്ഥാനം മാറ്റുന്നതിലും പിന്നെതൃപ്പൂണിത്തുറയിലേക്ക് തന്നെ മടങ്ങിവരുന്നതിനും ഒക്കെ നാം മനസ്സിലാക്കിവച്ചിരുന്നതിനെക്കാൾ അധികം ഭീരുത്വവും അന്തർനാടകങ്ങളും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ തന്നെ ഉദ്ധരിച്ച് ഈ നോവൽ നമ്മോട് പറയുന്നു. ഒരുവിധത്തിൽ അതിൽനിന്നെല്ലാം ഉള്ള ഒരു ഒളിച്ചോട്ടം എന്ന നിലയിലാണ് യാക്കോബ് രാമവർമൻ ക്രിസ്തുമതത്തിലേക്ക് ചേക്കേറുന്നത്.
സമാന്തരമായി ഇന്ത്യയിലേക്കുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ കടന്നു വരവും അവരുടെ ആധിപത്യമുറപ്പിക്കലും നമുക്ക് ഈ നോവലിൽ കാണാം. അതുകൊണ്ടു തന്നെ പിന്നീട് ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള റവ.ജോസഫ് ടെയ്ലർ, റവ. ചാൾസ് തിയോഫിലസ് ഇവാൾഡ്, റവ. ജോൺ ടക്കർ, റവ. തോമസ് നോർട്ടൻ, ബെഞ്ചമിൻ ബെയ്ലി, ഹെൻറി ബേക്കർ, ഹെർമൻ ഗുണ്ടർട്ട്, പിന്നീട് സ്നാനം ഏറ്റ് ജോസഫ് ഫെൻ എന്ന പേരു സ്വീകരിച്ച ചന്തുമേനോൻ എന്നിവരെല്ലാം നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. അതിനിടയിലെ രസമുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്: ചന്തു മേനോൻ കോട്ടയത്ത് തഹസിൽദാർ ആയിരിക്കുന്ന കാലത്താണ് ജൂതപണ്ഡിതനായ മോസസ് ഈശർപതി, തമിഴ് പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവർക്കൊപ്പം ചേർന്ന് ബൈബിൾ പരിഭാഷയിൽ സുപ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് ബൈബിളി ലെ അപ്പോസ്തോല പ്രവൃത്തികളിൽ(19:35) ടൗൺ ക്ലാർക്ക് എന്ന പദം പരിഭാഷപ്പെടുത്തിയപ്പോൾ അത് ‘പട്ടണമേനവൻ’ എന്നായി മാറിയത്! ചന്തു എന്ന മേനോന് ‘ക്ലാർക്കിനെ’ ‘മേനവൻ’ ആയി മാത്രമേ അക്കാലത്ത് പരിഭാഷപ്പെടുത്താൻ ആകുമായിരുന്നുള്ളൂ.
ഈ ചരിത്രങ്ങൾക്ക് സമാന്തരമായി മലങ്കര സുറിയാനി സഭയിൽ, മിഷനറിമാരുടെ കടന്നുവരവ് ഉണ്ടാക്കിയ അങ്കലാപ്പുകളും പടലപ്പിണക്കങ്ങളും പിന്നീട് എങ്ങനെ ഭിന്നിപ്പുകൾക്കും വേർപിരിയലുകൾക്കും കാരണമായി എന്നും അതിൽ തിരുവിതാംകൂർ, കൊച്ചി രാജവംശങ്ങൾ വഹിച്ച പങ്കും നോവൽ വിശദമാക്കുന്നുണ്ട്. അന്ത്യോഖ്യയിൽചെന്ന് പാത്രിയാർക്കീസിൽ നിന്ന് കൈവെപ്പ് സ്വീകരിച്ചാൽ മലങ്കരയിലെ മെത്രാൻ ആവാം എന്നു കരുതി പുറപ്പെടുന്ന പാലക്കുന്നത്ത് മാത്തനൊപ്പമാണ് രാമവർമൻ ബൽഗാമിൽ എത്തിപ്പെടുന്നത്. എന്നാൽ കണ്ണുദീനം പിടിപെട്ടതുകാരണം തുടർ യാത്രയിൽ നിന്ന് രാമവർമൻ ഒഴിവാക്കപ്പെടുന്നു. അങ്ങനെയാണ് രാമവർമൻ അവിടെ ചെന്നമേരിയുടെ തടവിൽ ആയിപ്പോകുന്നത്. ക്രിസ്തുമത വിശ്വാസത്തെ മനസ്സുകൊണ്ട് സ്വീകരിച്ച ഒരാൾക്ക് അത്തരം ബന്ധങ്ങൾ ഉള്ളിൽ നിറയ്ക്കുന്നത് പാപബോധമാണ്. അത് രാമവർമനെ വേട്ടയാടുകയും പിന്നെ ബൽഗാമിൽനിന്നുള്ള പലായനത്തിൽ അത് ചെന്നുകലാശിക്കുകയുംചെയ്യുന്നു. അങ്ങനെയാണ് രാമവർമൻ പിന്നീട് ഗുണ്ടർട്ടിെൻറ തലശ്ശേരിയിൽ അഭയംതേടുന്നത്.
കൊച്ചിയിൽ നിന്ന് അനന്തൻ എന്നു പേരായ ഒരു കൊങ്കണിയും ജോൺ എന്ന പേരിൽ ക്രിസ്തുമതത്തിലേക്ക് ചേക്കേറിയിരുന്നു . അവനായിരുന്നു കോൺസ്റ്റാൻറിൻ എന്ന പേരിൽ ക്രിസ്തുമതത്തിലേക്ക് വരാൻ രാമവർമനു പ്രേരകം. ജോൺ എന്ന അനന്തൻറെ ദുരൂഹമരണവും കഥയിലേക്ക് കടന്നുവരുന്നുണ്ട്. പിന്നീടാണ് രാമവർമൻ കോൺസ്റ്റാൻറിൻ എന്ന പേരുപേക്ഷിച്ച് യാക്കോബ് ആവുന്നത്.
ഇങ്ങനെ വിവിധ ചരിത്രങ്ങളുടെ കെട്ടുപിണയലുകളിലൂടെയും കൂടിക്കുഴയലിലൂടെയുമാണ് നോവൽ മുന്നേറുന്നത്. അത് പത്തൊൻപതാം നൂറ്റാണ്ടിൻറെ കേരളചരിത്രത്തിലേക്ക് വീശുന്ന ഒരു പുതു വെളിച്ചമായി മാറുന്നു. അതിലൂടെ അധികാരത്തിെൻറ ഇടനാഴിയിലെ ജീർണിച്ച വായുവിൻറെ ഗന്ധം നമുക്ക് അനുഭവിക്കാൻ കഴിയുന്നു.
ഈ നോവലിൽ ചരിത്രമെത്ര, ഭാവന എത്ര എന്നു ചോദിച്ചാൽ നമുക്കത് വേർ തിരിച്ചെടുക്കാൻ പ്രയാസമായിരിക്കും. ചരിത്രം ഭാവനയ്ക്ക് വളമാകുന്ന ഉജ്ജ്വലമായ ഒരു പ്രതിഭാസം നമുക്കിതിൽ വായിച്ചറിയാൻ സാധിക്കും. അസാമാന്യമായ കൈത്തഴക്കവും ചരിത്രബോധവും അന്വേഷണപാടവവും ഉള്ള ഒരാൾക്കു മാത്രം സാധ്യമാകുന്നഒരു നോവലാണ് ‘പാപസ്നാനം’. രാമചന്ദ്രനിൽ അത് എത്ര അളവിലുണ്ടെന്ന് തൊട്ടറിയാൻ ഇത് വായിക്കുകയേ നിർവാഹമുള്ളൂ.
ഏറെക്കാലത്തെ നിശ്ശബ്ദതയ്ക്കു ശേഷം എഴുത്തിലേക്ക് മടങ്ങിവന്നവർ ആരും നമ്മെ നിരാശരാക്കിയിട്ടില്ല. എൻ. എസ്. മാധവൻ, കെ.യു. ജോണി, ജോൺ അയ്മനം. അക്കൂട്ടത്തിലേക്ക് നിശ്ചയമായും നമുക്ക് രാമചന്ദ്രൻറെ പേരും ചേർത്തു വെക്കാം. ഈ മടക്കം ഒരു മഹാപ്രവാഹമായി മാറട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യാം.
പാപസ്നാനം
(നോവൽ)
രാമചന്ദ്രൻ
നാഷണൽ ബുക്ക് സ്റ്റാൾ
പേജ്: 175, വില: 170.00
92 മാധ്യമം ആഴ്ചപ്പതിപ്പ് 2017