Friday 14 June 2019

വൃത്തഭംഗത്തിന് ഡോക്‌ടറേറ്റ്‌

കാലടിയിൽ വൃത്തം പോയി 

കാലടി ശ്രീശങ്കര സർവകലാശാല,അബദ്ധങ്ങൾ വിളമ്പിയ മലയാള കവിതാ പ്രബന്ധത്തിനും പി എച് .ഡി നൽകി. ‘ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതയിലെ പുതുമകൾ‘ എന്ന ശീർഷകത്തിൽ, രതി വി.കെ .സമർപ്പിച്ചതാണ് വിവാദ പ്രബന്ധം. സർവകലാശാലാ തൃശൂർ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.എം .കൃഷ്ണൻ നമ്പുതിരിയായിരുന്നു ഗൈഡ്. തൃശൂർ കാംപസ് ഡിറക്ടറുമാണ് നമ്പുതിരി.

ചുള്ളിക്കാടിന്റെ,വസന്ത തിലകം വൃത്തത്തിലുള്ള  താത വാക്യം‘ എന്ന കവിത, കേക വൃത്തത്തിലാണ് എന്നാണ് ഗവേഷകയുടെ കണ്ടെത്തൽ.


ചുള്ളിക്കാടിന്റെ ‘മാനസാന്തരം ‘ എന്ന കവിതാ സമാഹാരത്തിലുള്ള കവിതയാണ്, ‘താത വാക്യം.’ ഈ സമാഹാരത്തിന് അവതാരികയെഴുതിയത് ഡോ.കെ എസ്.രാധാകൃഷ്ണനാണ്. ‘താത വാക്യം’ വസന്ത തിലകത്തിലുള്ളതാണ് എന്ന് അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ഗവേഷക മാത്രമല്ല, ഗൈഡും പരിശോധകരും അവതാരിക വായിച്ചില്ലെന്നു മാത്രമല്ല, മലയാള വൃത്തങ്ങളെപ്പറ്റി ഇവർക്ക് ഒരു വിവരവും ഇല്ലെന്നും തെളിയുന്നു.

പ്രബന്ധത്തിൽ ഗവേഷക വിളമ്പുന്ന വിഡ്ഢിത്തം നോക്കുക:
“എഴുത്തച്ഛന്റെ രാമായണത്തിലും ജി യുടെ ‘സാഗര ഗീത ‘ത്തിലും വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിലും അയ്യപ്പപ്പണിക്കരുടെ ‘ആന്ധ്ര ഗ്രീഷ്മ’ത്തിലും കേകയുടെ ഭാവാനുസൃതമായ താള വൈവിധ്യം സദൃശമാകുന്നുണ്ട് (അനിൽ വള്ളത്തോൾ 1997 :101 ) എന്ന അഭിപ്രായം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകുന്നത്, കാലഘട്ടങ്ങൾ ഗണിയാതെ, കേകവൃത്തത്തിൻറെ  ഭാവാനുസൃതമായ താള ഭംഗി മലയാള കവിതയിൽ തുടർന്നു വന്നിരുന്നു എന്നാണല്ലോ? എന്നാലീ താള വൈവിധ്യത്തിൻറെ അഭാവം കേകവൃത്തത്തിന് പുതിയൊരു സ്വര ഗാംഭീര്യം നൽകുന്നതാണ് ‘താത വാക്യം’ എന്ന കവിതയിൽ നാം കാണുന്നത്.”

അതായത്,വസന്ത തിലകം വൃത്തത്തിലുള്ള കവിത, കേക വൃത്തത്തിന് സ്വര ഗാംഭീര്യം നൽകുന്നു എന്ന് !

മലയാളിക്ക് സുപരിചിതമാണ് വസന്ത തിലകം. കാരണം, കുമാരനാശാൻറെ ‘വീണ പൂവ്’ ആ വൃത്തത്തിലാണ്. എല്ലാവരും കേൾക്കുന്ന വെങ്കടേശ സുപ്രഭാതം അതിലാണ്. വ്യാസൻ എഴുതിയ, വിശ്വനാഥാഷ്ടകം അതിലാണ്-എസ്.പി ബാലസുബ്രഹ്മണ്യം മനോഹരമാക്കിയ ‘ഗംഗാ തരംഗ രമണീയ ജടാ കലാപം ….’എന്നു തുടങ്ങുന്ന കവിതയാണ്, വിശ്വനാഥാഷ്ടകം..

ഇത്രയും വൃത്ത ഭംഗം വന്ന പ്രബന്ധം തിരുത്തി സമർപ്പിക്കാനാണ് പരിശോധകർ പറയേണ്ടിയിരുന്നത്. പരിശോധകർ പച്ചക്കൊടി കാട്ടിയ ശേഷം, ഡോക്ടറേറ്റ് നൽകാൻ ‘പബ്ലിക് ഡിഫെൻസ്’ എന്ന ചടങ്ങിൽ വിദഗ്ദ്ധർ വന്നിരിക്കാറുണ്ട്. അവരും തിരുത്തിയില്ല. ഗൈഡിനെയും പരിശോധകരെയും ഡീബാർ ചെയ്യാം; സുനിൽ പി. ഇളയിടത്തിന്റെ പ്രബന്ധ കഥ കൂടി മുൻ നിർത്തി, സർവകലാശാലയുടെ മലയാള വിഭാഗം തന്നെ അക്കാദമിക് ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതാണ്.

സുനിൽ പി ഇളയിടം മോഷ്ടിച്ചോ? ..വായിക്കുക:



വയനാട് ന്യൂനപക്ഷ മണ്ഡലം തന്നെ

 രാഹുൽ ഗാന്ധിയുടെ പേരു പറയാതെ,ചിലർ രോഷം ഭയന്ന് ,ഹിന്ദു മേഖലയിൽ നിന്ന് ഒളിച്ചോടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വാർധയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പറയുകയുണ്ടായി.വയനാട് ന്യൂനപക്ഷ മണ്ഡലമാണ് എന്ന് ധ്വനി.
ഇതിൻറെ അടിസ്ഥാനം എന്തെന്ന് ചിലർ പിന്നീട് ചോദിച്ചു കണ്ടു.അടിസ്ഥാനം,2011 ൽ രാജ്യമാകമാനം നടന്ന മത സെൻസസ് ആണ്.
അതനുസരിച്ച് വയനാട് ജില്ലയിൽ ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും തുല്യമായി വരും.ഹിന്ദു 49 .48 %.മുസ്ലിം 28 .65,ക്രിസ്ത്യൻ 21 .34.
എന്നാൽ,ജില്ലാടിസ്ഥാനത്തിൽ അല്ല ലോക് സഭാമണ്ഡലം.
വയനാട് ലോക് സഭാ മണ്ഡലം 2008 ൽ ആണ് ഉണ്ടാക്കിയത്.വയനാട്ടിൽ നിന്ന് മൂന്ന്,മലപ്പുറത്തു നിന്ന് മൂന്ന്,കോഴിക്കോട്ട് നിന്ന് ഒന്ന് നിയമസഭാ മണ്ഡലങ്ങൾ ആണ് ഈ ലോക് സഭാ മണ്ഡലത്തിൽ.വയനാട്ടു നിന്ന് കൽപറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി.മലപ്പുറത്തു നിന്ന് നിലമ്പുർ,വണ്ടൂർ,ഏറനാട്.കോഴിക്കോട്ടു നിന്ന് തിരുവാമ്പാടി.

ഇതൊരു ലീഗ് മണ്ഡലമാണെന്ന് പറയുന്നത് വെറുതെയല്ല.
കേരളത്തിൽ ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള,ഏക ജില്ലയാണ്,മലപ്പുറം.മുസ്ലിം 70 24 %.ഹിന്ദു 27 .60.ക്രിസ്ത്യൻ 1 .98.അവിടെ നിന്നാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങൾ വന്നിരിക്കുന്നത്.
ഇവയിൽ ന്യൂനപക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള വണ്ടൂരും(വണ്ടൂർ നിലമ്പുർ താലൂക്കിൽ വരും ) തിരുവാമ്പാടിയും ഒഴിച്ചുള്ളവയുടെ കണക്ക്:
ബത്തേരി :ഹിന്ദു 58 .19 ,മുസ്ലിം 16 .74,ക്രിസ്ത്യൻ 24 .65.
മാനന്തവാടി :ഹിന്ദു 46 .31,മുസ്ലിം 29 .52,ക്രിസ്ത്യൻ 23 .6.
കൽപറ്റ;ഹിന്ദു 49 .48,മുസ്ലിം 28 .65,ക്രിസ്ത്യൻ 21 .34.
ഏറനാട്:മുസ്ലിം 72 .29,ഹിന്ദു 26 .17 ,ക്രിസ്ത്യൻ 1 .34
നിലമ്പുർ:മുസ്ലിം 57 .85,ഹിന്ദു 33 .52,ക്രിസ്ത്യൻ 1 .98.
നിയമസഭാ മണ്ഡലം തിരിച്ച് കണക്ക് ലഭ്യമല്ലാത്തതിനാൽ,താലൂക്ക് കണക്കാണ് എടുക്കുന്നത്.ചെറിയ പിശകു വരുമെങ്കിലും ഏകദേശ ധാരണ കിട്ടും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കനുസരിച്ച്,വയനാട് ലോക് സഭാമണ്ഡലത്തിൽ,ആ ജില്ലയിൽ നിന്നുള്ളവർ 44 % മാത്രമാണ്.മലപ്പുറത്തു നിന്നുള്ളവർ 43.എട്ടിലൊന്ന് കോഴിക്കോട്ടു നിന്ന്.
ഈ കണക്ക് വച്ച്,വയനാട് ലോക് സഭാ മണ്ഡലത്തിൽ മുസ്ലിം 45 %,ക്രിസ്ത്യൻ 13 %.അതായത്,ന്യൂന പക്ഷം 58 %..ഹിന്ദുക്കൾ 41.3.
എം ഐ ഷാനവാസിന് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണ്,വയനാട് എന്നു മാത്രമാണ്,പലരും ഓർക്കുന്നത്.അത് 2009 ൽ ആണ്.ഭൂരിപക്ഷം 153439 .എന്നാൽ 2014 ൽ സത്യൻ മൊകേരിക്കെതിരെ ഇത് 20870 ആയി ഇടിഞ്ഞു.അതു കൊണ്ടാവണം,രാഹുൽ വൈകിയത് -ആരായാലും ചങ്കിടിക്കും,അമേഠിയാണ് ഇതിലും സുരക്ഷിതം എന്നു തോന്നും.
ഏപ്രിൽ രണ്ട്,2019 

രാഹുലും ഇടതു ബുദ്ധി ജീവികളും

ൻ എസ് മാധവനെപ്പോലെ, കാലേകൂട്ടി രാഹുൽ ഗാന്ധിയെ തുണച്ചിരിക്കുന്നയാളാണ്, കെ സച്ചിദാനന്ദൻ, വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ, സച്ചിദാനന്ദനും രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.
രാഹുലിൻറെ എതിർസ്ഥാനാർഥി സി പി ഐ ക്കാരനായിപ്പോയി. അത് പിണറായി വിജയൻറെ പാർട്ടിക്കാരനായിരുന്നെങ്കിൽ,ഇവർ എന്തു ചെയ്യുമായിരുന്നു? ചില വലിയ മഹാഭാരത കഥാപാത്രങ്ങളുടെ അസ്തിത്വ ദുഃഖം പേറിനടക്കുന്ന കഥാപാത്രങ്ങളുടെ വംശാവലിയിൽ ആയിപ്പോയി, ഇടതു ബുദ്ധിജീവികൾ.
സച്ചിദാനന്ദൻ പറഞ്ഞത്: “രാഹുൽ ഗാന്ധിയെ ഇടതുപക്ഷം അടക്കം പിന്തുണയ്ക്കുന്നത് സ്വപ്‌നം കാണാതിരിക്കാൻ ആകുന്നില്ല. പ്രധാനമന്ത്രിയായോ പ്രതിപക്ഷ നേതാവായോ രാഹുലിനെ പ്രതിപക്ഷ നിര ഒന്നടങ്കം പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നത്, ജനാധിപത്യ ഐക്യം എന്ന ആശയം നിലനിൽക്കേണ്ടതിന്റെ അനിവാര്യത കൊണ്ടാണ്”.
മാധവനെക്കാൾ ബോധം ഇങ്ങേർക്കുണ്ട്, രാഹുൽ പ്രതിപക്ഷ നിരയിൽ ആയിരിക്കാം എന്ന് കരുതുന്നുണ്ട്. അപ്പോഴും സി പി എം പിന്തുണയ്ക്കണം എന്നു മാത്രമേ അവിടുന്ന് അപേക്ഷിക്കുന്നുള്ളു.
കഴിഞ്ഞ ലോക് സഭയിൽ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല എന്ന സത്യം നിശ്ചയമുണ്ടോ? ലോക് സഭയിലെ മൊത്തം സീറ്റിൻറെ പത്തു ശതമാനം കിട്ടിയാലേ, പ്രതിപക്ഷ നേതൃസ്ഥാനം ഒരു പാർട്ടിക്ക് കിട്ടൂ. 545 ൻറെ പത്തു ശതമാനം അഥവാ 55 സീറ്റ്. കോൺഗ്രസിന് 44 സീറ്റേ ഉണ്ടായിരുന്നുള്ളൂ. 37 സീറ്റുമായി തൊട്ടു പുറകെ,അണ്ണാ ഡി എം കെ ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാത്തതിനാലാണ്, സോണിയയും രാഹുലും അംഗങ്ങൾ ആയിരിക്കെ, ദലിതനായ മല്ലികാർജുൻ ഖാർഗെയെ കക്ഷി നേതാവാക്കിയത്. അപ്പോഴും, ദലിതനെ പറ്റിച്ചു.
44 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടാൻ സച്ചിദാനന്ദൻ കൊടുങ്ങല്ലൂരമ്മയോടും, മാധവൻ പൂർണത്രയീശനോടും മുട്ടിപ്പായി പ്രാർത്ഥിക്കണം.
രാഹുലിൻറെ കൂടെയാണ്, സക്കറിയ. അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിനെതിരെ ധാരാളം എഴുതിയ ദേഹമാണ്. ഒ വി വിജയൻറെ ‘ധർമ പുരാണ’ത്തെ അവതാരിക കൊണ്ട് അനുഗ്രഹിച്ച സജ്ജനവുമാണ്. രാഹുൽ പ്രതിപക്ഷ നേതാവാകാൻ, ടി ദേഹം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കുഴിമാടത്തിലാണ്, പ്രാർത്ഥിക്കുന്നത്.
രാഹുലിൻറെ  കൈകൾക്ക് സി പി എം ശക്തി പകരണം എന്നാണ്, മാധവനും സച്ചിദാനന്ദനും വാദിക്കുന്നത്. ഈ വാദം 1996 ൽ സി പി എം നിരാകരിച്ചു.ജ്യോതി ബസു പ്രധാന മന്ത്രിയാകുന്നത്, കേരള ഘടകത്തിന് പിടിച്ചില്ല.ഒരു അധീശ ശക്തിയായി പാർട്ടി നിൽക്കുന്ന സംവിധാനത്തിലേ പാർട്ടി ഭരണത്തിൽ പങ്കാളികളാകാവൂ എന്ന് ലെനിൻ പറഞ്ഞതായി ഇവർ ഉദ്ഘോഷിച്ചു. അങ്ങനെ ഗൗഡപാദർ സർവ്വജ്ഞ പീഠം റാഞ്ചി.
രാമുവാലിയ 
ഹർകിഷൻ സിങ് സുർജിത് ആയിരുന്നു, പാർട്ടി സെക്രട്ടറി. അദ്ദേഹം ഗൗഡപാദരോട് പറഞ്ഞ് സ്വന്തമായി ഒരു മന്ത്രിയെ, സ്വന്തം ശുപാർശകൾ നടത്തിക്കിട്ടാൻ സ്ഥാപിച്ചു: ബൽവന്ത് സിങ് രാമുവാലിയ. അയാളെ മന്ത്രി ആയ ശേഷം രാജ്യസഭാംഗമാക്കി.
രാഹുലിൻറെ കൈകൾക്ക് ശക്തി പകരണം എന്നു വാദിക്കുന്ന മാധവനും സച്ചിദാനന്ദനും 1964 പിന്നിലേക്ക് സഞ്ചരിക്കണം. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾക്കൊപ്പം നിൽക്കണം എന്ന് വാദിച്ചവർക്കൊപ്പം നിൽക്കാൻ വയ്യാതെ പുറത്തു പോന്നവരാണ്, സി പി.എം.മറു വിഭാഗം സി പി ഐ. അന്ന് സി പി ഐ പറഞ്ഞതാണ് ശരി എന്നു കൂടി മാധവനും സച്ചിദാനന്ദനും അഭിപ്രായമുണ്ടാകാം. അതു കൊണ്ടാകാം വയനാട്ടിൽ സി പി ഐ സ്ഥാനാർഥി വേണ്ട, രാഹുൽ മതി എന്നു പറയുന്നത്.
രാഹുൽ നിൽക്കരുതായിരുന്നു, എന്നാണ് സി പി എം പറയുന്നത്. മതേതരത്വം കാക്കാൻ രാഹുൽ ഇടതിനെതിരെ മത്സരിക്കരുതായിരുന്നു. ഇതിനോട് എന്തായാലും, മാധവൻ യോജിക്കുന്നില്ല. രാഹുൽ വന്നുനിന്നത് ബഹുസ്വരതയാണ് അദ്ദേഹം ഖനനം ചെയ്‌ത്‌ കണ്ടെത്തി.
രാഹുലിനെതിരെ ഇടതുമുന്നണി നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നാണ്. മാധവൻ വാക്കുകൾക്കിടയിലൂടെ പറയുന്നത്. അതിന് ഇടതു മുന്നണി തയ്യാറുണ്ടോ?

ഏപ്രിൽ 8 ,2019 

കേരളത്തിൽ അയ്യപ്പ തരംഗം

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ആർക്കു ഗുണം ചെയ്യുമെന്ന ചോദ്യത്തിൻറെ ഉത്തരം രണ്ടു ദിവസത്തെ പിണറായി വിജയൻറെ പെരുമാറ്റത്തിൽ നിന്നാണ് വ്യക്തമായത്. പോളിംഗ് ദിവസം അദ്ദേഹം പറഞ്ഞത്, മത്സരം എൽ ഡി എഫും യു ഡി എഫും തമ്മിലായിരുന്നു എന്നാണ്. ഒരു രാഷ്ട്രീയ നേതാവ് അങ്ങനെ പറയുന്ന വാചകം വിപരീത അർത്ഥത്തിലാണ് എടുക്കേണ്ടത്. കേരളത്തിൽ കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും മത്സരം യു ഡി എഫും ബി ജെ പി യും തമ്മിലായിരുന്നു.
രണ്ടാം ദിവസം വിജയൻ മാധ്യമപ്രവർത്തകരെ ചീത്ത വിളിച്ചത്, അടിത്തട്ടിൽ നിന്നുള്ള വിവരം കിട്ടിയതു കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിൽ രണ്ടാം അയ്യപ്പ തരംഗമായിരുന്നു. വിജയൻറെ പാർട്ടിയെ കാത്തിരിക്കുന്നത്, ഏറ്റവും വലിയ പതനങ്ങളിൽ ഒന്നാണ്. 1977 ൽ കിട്ടിയത് പൂജ്യമായതിനാൽ, അതിൻറെ താഴേക്ക് പോകാനാവില്ല. ദേശീയ പ്രശ്നങ്ങളാണ് ലോക് സഭാ തിരഞ്ഞെടുപ്പിൽ വരിക എന്ന് പറഞ്ഞൊഴിയാൻ വിജയന് ആവില്ല. നിർത്തിയ ആറ് എം എൽ എ മാരും തോറ്റാൽ, അത് സർക്കാരിനെതിരായ വിധിയെഴുത്തായി തീരും.ആ വിഭ്രാന്തിയാണ്, വിജയനിൽ കാണുന്നത്.


അയ്യപ്പ തരംഗം, രാഹുൽ ഗാന്ധിയുടെ വരവിലെ  ന്യൂനപക്ഷ ധ്രുവീകരണവും കൂടി ചേർത്ത്, യു ഡി എഫ് തരംഗമാകാനാണ്, സാധ്യത. ദുർബലമായ നേതൃത്വത്തിൽ നട്ടം തിരിയുന്ന കേരളത്തിലെ ആർ എസ് എസിനും ബി ജെ പി ക്കും ഇത് ചുവരെഴുത്തകാമെങ്കിലും, വോട്ട് ശതമാനം 20 ൽ എത്തിയാൽ അതും പറഞ്ഞ് കാലം കഴിക്കാനാണിട. ഒരു സീറ്റ് കിട്ടിയാൽ പിന്നെ പറയുകയും വേണ്ട. അക്രമമല്ല, സംവാദമാണ് ഭാരതീയത.
ഇത് രണ്ടാം അയ്യപ്പ തരംഗമാണ്. 1957 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുത്തതും, ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭ ഉണ്ടാക്കി കൊടുത്തതും അയ്യപ്പ തരംഗമായിരുന്നു. 1950 ലെ ശബരിമല തീവയ്പ്പാണ് തിരുവിതാംകൂറിൽ പാർട്ടി തിരഞ്ഞെടുപ്പ് വിഷയമാക്കിയത്.
ഇവിടെ 1957 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ, മാത്രം പറയാം.
ആകെ സീറ്റ് 16, കമ്മ്യൂണിസ്റ്റ് പാർട്ടി 10, കോൺഗ്രസ് 5,സ്വതന്ത്രർ 1  .പോളിംഗ് ശതമാനം 65 .49.വോട്ട് ശതമാനം കമ്മ്യൂണിസ്റ്റ് പാർട്ടി 40 .57,കോൺഗ്രസ് 38 .1 . അന്ന് 50 % വോട്ട് കിട്ടിയ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ച മണ്ഡലങ്ങളും സ്ഥാനാർത്ഥികളും വോട്ടുശതമാനവും:
തിരുവനന്തപുരം:എസ് ഈശ്വരയ്യർ (സ്വതന്ത്രൻ ) 42
ചിറയിൻകീഴ് :എം കെ കുമാരൻ 52
കൊല്ലം (ദ്വയാo ഗം ):പി കെ കൊടിയൻ 24 .2 ,വി പി നായർ 22 .3
അമ്പലപ്പുഴ:പി ടി പുന്നൂസ് 51 .5
തിരുവല്ല:പി കെ വാസുദേവൻ നായർ 46 .6
മുകുന്ദപുരം:നാരായണൻ കുട്ടി  മേനോൻ 44
തൃശൂർ:കെ കൃഷ്‌ണൻ വാരിയർ 46 .5
പാലക്കാട്;പി കുഞ്ഞൻ 23 .7 (സംവരണം )
കാസർകോട്:എ കെ ഗോപാലൻ 51.
സവർണർ ഭൂരിപക്ഷമാണെന്നു പറയേണ്ടതില്ല.കോൺഗ്രസിൽ ക്രിസ്ത്യാനികൾക്കായിരുന്നു മുൻ തൂക്കം.കോൺഗ്രസിൽ ജയിച്ചവർ;
കോട്ടയം:മാത്യു മണിയങ്ങാടൻ 51 .6
മൂവാറ്റുപുഴ:സി തോമസ് 50 .8
എറണാകുളം:എ എം തോമസ്  48 .3
കോഴിക്കോട്:കെ പി കുട്ടിക്കൃഷ്ണൻ നായർ 38 .3
തലശ്ശേരി:എം കെ ജിനചന്ദ്രൻ 37 .2
അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അയ്യപ്പൻറെ കൂടെ നിന്ന് രക്ഷപ്പെട്ടു;അന്ന് ആചാരത്തിൻറെയും വിശ്വാസത്തിന്റെയും കൂടെ നിന്നു.അനുഗ്രഹം കിട്ടി.ഇന്നോ ?
നിധിപേടകം തുറക്കട്ടെ.
(ഏപ്രിൽ 25 ന് എഴുതിയത്;വോട്ടെണ്ണലിന് ഒരു മാസം മുൻപ് )

ഗോഡ്‌സെ എന്ന കളിപ്പാവ

മൽ ഹാസൻ ഒരു മുസ്ലിം മേഖലയിൽ പോയി നടത്തിയ ഗോഡ്‌സെ പ്രസംഗം, ഭീകരവാദത്തിന് ജാതിയും മതവുമുണ്ടോ എന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നതിനാണ്, ഇവിടെ മതേതരത്വം എന്ന് മിക്കവരും പറയുന്നത്. അയ്യപ്പൻ പേടിപ്പിച്ചതിനാൽ, ഇക്കുറി കേരളത്തിൽ മതേതരത്വം, ന്യൂനപക്ഷ പ്രീണന വാദികൾ ചർച്ചാ വിഷയം ആക്കിയതേയില്ല. കമൽ ഹാസൻ വരുത്തിയ  ഭീമാബദ്ധം, ഇന്ത്യയിലെ ആദ്യ ഭീകരൻ ഹിന്ദുവായിരുന്നു എന്ന് പറഞ്ഞതിലാണ്. ഭഗത് സിംഗിനെ ഗാന്ധി വിശേഷിപ്പിച്ചത്, ഭീകരൻ എന്നായിരുന്നു. അപ്പോൾ ഗാന്ധിയെ കൊന്നയാൾ ആദ്യ ഭീകരൻ ആയിരിക്കില്ല. ബ്രിട്ടീഷ് കലക്ടറെ ഭഗത് സിംഗിന് മുൻപ് വെടിവച്ചു കൊന്ന ചെങ്കോട്ടക്കാരൻ വഞ്ചിനാഥൻ എത്രാമത്തെ ഹിന്ദു ഭീകരനാ യിരിക്കും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം? ജാലിയൻ വാലാ ബാഗിൽ കൂട്ടക്കൊല നടത്തിയ ഡയറെ ക്രിസ്ത്യൻ ഭീകരൻ എന്ന് ഹിന്ദു മേഖലയിൽ ചെന്ന് കമൽ ഹാസൻ വിളിക്കുമോ?
ഗോഡ്‌സെ കോടതി മുറിയിൽ 
ഭീകരത എന്നുമുണ്ട്. ബുർഹൻ വാനി ഭീകരനല്ല എന്ന് പറയുന്നവർ കാണും. കശ്മീരിൽ നടക്കുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് ഒവൈസിക്ക് തോന്നുന്നുണ്ടാകാം. മാവോയിസ്റ്റുകൾ നടത്തുന്നത് സ്വാതന്ത്ര്യ സമരമെന്ന് അരുന്ധതി റോയിക്ക് തോന്നുന്നത് പോലെ.
ഗോഡ്‌സെയുടെ ഉന്നം ഗാന്ധി മാത്രമായിരുന്നില്ല.ബംഗാൾ പ്രധാനമന്ത്രി ഷഹീദ് സുഹ്രവർദി കൂടിയായിരുന്നു.
ഗാന്ധിയെ  വധിക്കാൻ അഞ്ചാമത്തെ ശ്രമമാണ് വിജയിച്ചത്. നാലാമത്തെ ശ്രമം 1948 ജനുവരി 20 നായിരുന്നു. അന്ന് സുഹ്രവർദി ഗാന്ധിക്കൊപ്പം ബിർള ഹൗസിൽ ഉണ്ടാകുമായിരുന്നു.മദന്‍ലാല്‍ പഹ്‌വ, ശങ്കര്‍ കിസ്തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിഷ്ണു കര്‍ക്കരെ, ഗോപാല്‍ ഗോഡ്‌സെ, നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവര്‍ ഗാന്ധിയെയും ഹുസൈന്‍ ഷാഹിദ് സുഹ്രവര്‍ദിയെയും കൊല്ലാന്‍,  ബിര്‍ളാ ഭവനിലെത്തി. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ വന്നശേഷം, 1946 ല്‍ ബംഗാളില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിംലീഗ് പ്രധാനമന്ത്രിയായിരുന്നു, സുഹ്രവര്‍ദി. ഒരു മുസ്ലിം, ഗോഡ്‌സെയുടെ ഉന്നമായിരുന്നു, എന്നര്‍ത്ഥം. സ്വാതന്ത്ര്യ ശേഷം, സുഹ്രവര്‍ദി പാക്കിസ്ഥാനില്‍ പോയി, അവിടത്തെ അഞ്ചാം പ്രധാനമന്ത്രിയായി. സമ്പന്ന ബംഗാളി മുസ്ലിം കുടുംബത്തില്‍പ്പെട്ട സുഹ്രവര്‍ദി, ഓക്‌സ്ഫഡില്‍ പഠിച്ച്, ചിത്തരഞ്ജന്‍ ദാസിന്റെ സ്വരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന്, കൊല്‍ക്കത്ത മേയറായശേഷമാണ്, ലീഗില്‍ എത്തിയത്. 1946 ഓഗസ്റ്റില്‍ ജിന്ന പ്രഖ്യാപിച്ച പ്രത്യക്ഷ സമരദിനത്തിന്റെ അന്നും തലേന്നുമായി, 4000 ഹിന്ദുക്കളെയാണ്, സുഹ്രവര്‍ദിയുടെ, ഭാരതത്തിലെ ഏകലീഗ് ഭരണകൂടം കൊന്നത്. അതാണ്, ഭാരതത്തിലെ ആദ്യ ഭരണകൂട ഭീകരത. ജിന്നയുടെ പ്രത്യക്ഷ സമര പ്രഖ്യാപനത്തെ കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചിരുന്നു.
ജനുവരി 20 ന്, ബിര്‍ളാ ഭവനില്‍, പഹ്‌വയും കര്‍ക്കരെയും ഒഴിച്ചുള്ളവര്‍ പിന്നിലെ കവാടം വഴി കാറില്‍ സമയത്തിനെത്തി. ബിര്‍ള ഭവനിലെ ഡ്രൈവര്‍ ചോട്ടുറാമിന് കോഴ കൊടുക്കാന്‍, പഹ്‌വ തുനിഞ്ഞപ്പോള്‍, ചോട്ടുറാമിന് സംശയമായി. വേദിക്കു പിന്നില്‍നിന്ന് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനാണ്, പഹ്‌വ കോഴ വാഗ്ദാനം ചെയ്തത്. ചോട്ടുറാമിന് സംശയം വന്നത്, ക്യാമറ കാണാഞ്ഞിട്ടാണ്. പഹ്‌വ അവിടെ നിന്ന്, താന്‍ പോവുകയാണെന്ന് ചോട്ടുറാമിനെ ബോധ്യപ്പെടുത്താന്‍, ടാക്‌സിയിലേക്ക് നടന്നു. എന്നാല്‍, അയാള്‍, വേദിക്കു പിന്നിലെ മതിലില്‍ ഒരു തുണി ബോംബുവച്ച്, തീകൊളുത്തി. അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കാതെ, പൊട്ടി. പഹ്‌വയെ ഉപേക്ഷിച്ച്, ബാക്കിയുള്ളവര്‍ കടന്നു. പിടിക്കപ്പെട്ട പഹ്‌വ, കാര്യങ്ങള്‍ തത്തപോലെ പറഞ്ഞു. പഹ്‌വ ബോംബ് പൊട്ടിച്ചുണ്ടാകുന്ന ആശയക്കുഴപ്പത്തിനിടയില്‍, ബഡ്‌ഗെയും കിഷ്തയ്യയും തലയില്‍ വെടിവയ്ക്കും. ആശയക്കുഴപ്പം കൂട്ടാന്‍, കര്‍ക്കരെ ഗ്രനേഡ് ആള്‍ക്കൂട്ടത്തിലെറിയും. ചോട്ടുറാം സംശയിച്ചതിനാല്‍, ബഡ്‌ഗെ അത് വേണ്ടെന്ന് തീരുമാനിച്ച്, തന്റെ വേലക്കാരനായ കിഷ്തയ്യയോട് പതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. പഹ്‌വ, ഗോഡ്‌സെയും ആപ്‌തെയും പാര്‍ക്കുന്ന മറീനാ ഹോട്ടലിലേക്കും, മറ്റുള്ളവര്‍ പാര്‍ക്കുന്ന ഷറീഫ് ഹോട്ടലിലേക്കും പൊലീസിനെ നയിച്ചു. എല്ലാവരും സ്ഥലം വിട്ടിരുന്നു.
ഗോഡ്സെയെയും പഹ്‌വയെയും പൊലീസ് അന്ന് തന്നെ പിടിച്ചു. പക്ഷെ 22 ന് തന്നെ വിട്ടു. പഹ്‌വ ഗാന്ധിയെ കൊല്ലുമെന്ന വിവരം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി മൊറാർജി ദേശായ് ഡൽഹിയിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. എന്ത് കൊണ്ട്?
എന്ത് കൊണ്ട് ഗാന്ധിയെ കൊല്ലുന്നതിന് എട്ടു ദിവസം മുൻപ്, പൊലീസ് ഗോഡ്‌സെയെ വിട്ടയച്ചു?
അയാൾ ഗാന്ധിയെ കൊന്നോട്ടെ എന്ന് ആരോ കരുതിയിരുന്നില്ലേ?
അങ്ങനെ കരുതിയവരല്ലേ ഭീകരർ?

വാൾട്ടർ ബെഞ്ചമിൻ മാർക്‌സിസ്റ്റല്ല

ർമൻ തത്വചിന്തകനും കലാ വിമർശകനുമായ വാൾട്ടർ ബെഞ്ചമിനെ  (1892-1940) കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ മാർക്‌സിസ്റ്റായാണ് വായനക്കാർക്കിടയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവിതത്തിൽ കുറച്ചുകാലം കമ്മ്യൂണിസ്റ്റായിരുന്ന സി.ജെ.തോമസിനെ ആരും കമ്മ്യൂണിസ്റ്റ് എന്ന പറയാറില്ല. അദ്ദേഹം അതിനോട് കൽക്കട്ട തീസിസിനു (1948) പിന്നാലെ വിട പറഞ്ഞിരുന്നു. അതുപോലെ ജീവിതത്തിൽ മാർക്‌സിസത്തോട് വിട പറഞ്ഞ ആളാണ്, വാൾട്ടർ ബെഞ്ചമിൻ. 1940ൽ ‘ചരിത്ര തത്വചിന്തയെപറ്റിയുള്ള സിദ്ധാന്തങ്ങൾ’ (Theses on the Philosophy of History) എഴുതിയ  ബെഞ്ചമിൻ ജ്ഞാന ആത്മീയതയിലേക്ക് മടങ്ങുകയാണ് ചെയ്തത്. 1940 സെപ്റ്റംബർ 26 ന്  അദ്ദേഹം ആത്മഹത്യ ചെയ്തു. സ്റ്റാലിൻ ഉന്മൂലനം ചെയ്തതാണെന്നും വാദമുണ്ട്.


വാൾട്ടർ ബെഞ്ചമിൻ മാർക്‌സിസം ഉപേക്ഷിച്ചതിന് ദൃഷ്ടാന്തമായ സിദ്ധാന്തങ്ങൾ, അദ്ദേഹം, ‘പ്രസിദ്ധീകരിക്കരുത്’ എന്ന നിർദ്ദേശത്തോടെ മാർക്‌സിസ്റ്റ് സൈദ്ധാന്തിക ഹന്നാ ആരെണ്ടിന് അയക്കുകയായിരുന്നു. ഹന്നയുടെ ആദ്യ വിവാഹം ബെഞ്ചമിൻ്റെ  അടുത്ത ബന്ധു ഗുന്തർ ആൻ സ്റ്റർനുമായിട്ടായിരുന്നു. ഹന്ന, സിദ്ധാന്തങ്ങൾ മാർക്‌സിസ്റ്റ്
സൈദ്ധാന്തികൻ  തിയഡോർ അഡോർണോയ്ക്ക് കൊടുത്തു. ‘വാൾട്ടർ ബെഞ്ചമിൻ്റെ ഓർമ്മയ്ക്ക്’ എന്ന പേരിൽ 1942ൽ ന്യൂയോർക്കിലെ ഇൻസ്റ്റിട്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് ആണ് ഇത് പ്രസിദ്ധീകരിച്ചത്. 1947ൽ ഫ്രഞ്ച് പരിഭാഷയുണ്ടായി. ഹന്ന എഡിറ്റ് ചെയ്ത,’ ഇല്ല്യൂമിനേഷൻസ്’ (Illuminations) എന്ന ബെഞ്ചമിൻ്റെ പ്രബന്ധ സമാഹാരത്തിൽ 1968ൽ ഇത് ഇംഗ്ലീഷിൽ വന്നു.

അസ് ജ ലാസിസ്  
 ബെഞ്ചമിൻ്റെ 1986ൽ ഇറങ്ങിയ  ‘മോസ്‌ക്കോ ഡയറി’ യാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഞാൻ ആദ്യം വായിച്ചത്. ബെഞ്ചമിൻ്റെ സ്വകാര്യജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. വിച്ചി  ഫ്രാൻസിൽനിന്ന് ജൂതനായ ബെഞ്ചമിൻ നിരവധി വർഷങ്ങൾ തൻ്റെ കാമുകിയായിരുന്ന അസ് ജ   ലാസിസെന്ന ലാത്‌വിയയിലെ ബോൾഷെവിക്കിനെ കാണാൻ നടത്തിയ യാത്രയാണ്, ‘മോസ്‌കോ ഡയറി.’ നടിയും നാടക സംവിധായികയുമായ അസ് ജ  യെ  1924ൽ ബെഞ്ചമിൻ ഇറ്റലിയിലെ കാപ്രിയിൽ കണ്ടിരുന്നു. ജർമൻ നാടക കൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ബെർട്ടോൾട്ട് ബ്രഹ്തിന്റെ സുഹൃത്തായിരുന്ന, അസ് ജ , 1922ൽ ജർമനിയിലെത്തി ബ്രഹ്തിനെയും എർവിൻ പിസ്കേറ്ററിനേയും കണ്ടിരുന്നു. റഷ്യൻ കവി മയക്കോവ്സ്കിയേയും നാടക സംവിധായകൻ മേയർഹോൾഡിനെയും പറ്റി ഇവരോട് പറഞ്ഞത് അസ് ജ 
 യായിരുന്നു. മയക്കോവ്സ്കി ആത്മഹത്യ ചെയ്തു. മേയർഹോൾഡിനെ സ്റ്റാലിൻ കൊന്നു. ബെഞ്ചമിൻ മാർക്‌സിസ്റ്റ് ആകാൻ കാരണം തന്നെ അസ് ജ  യായിരുന്നു. ഇരുപതുകളിലും മുപ്പതുകളിലും ബെഞ്ചമിനു  മേൽ രതിതൃഷ്ണകൾ കത്തിച്ചതും അസ് ജ  തന്നെ. പ്രണയിനിയെ കാണാൻ 1926ൽ നടത്തിയ സാഹസിക യാത്രയുടെ വിവരണം കൂടിയാണ് ‘മോസ്‌കോ ഡയറി.’


 
ബെഞ്ചമിൻറെ ജീവിതത്തിലെ ബൗദ്ധിക സ്വാധീനമായിരുന്നു,അസ് ജ .അവരാണ്,ബ്രെഹ്തിനെ ബെഞ്ചമിന് പരിചയപ്പെടുത്തിയത്.ജോർജ് ലൂക്കാച്ചിൻറെ History and Class Consciousness വായിക്കാൻ പ്രേരിപ്പിച്ചതും അവർ തന്നെ.അവർക്കാണ്,ബെഞ്ചമിൻ One Way Street സമർപ്പിച്ചത്.അവരിൽ ഒരു കുഞ്ഞു വേണമെന്ന ബെഞ്ചമിൻറെ ആഗ്രഹം അവർ നിരാകരിച്ചു.ബെഞ്ചമിനൊപ്പം അവർ ജർമൻ നാടക വിമർശകൻ ബേൺഹാർഡ്‌ റീച്ചിനെയും കാമുകനാക്കിയിരുന്നു.അവർക്കു വേണ്ടി ബെഞ്ചമിൻ ഭാര്യ ഡോറയിൽ നിന്ന് വിവാഹ മോചനം നേടി .ജൂല കോഹൻ എന്ന ശിൽപിയും ബെഞ്ചമിൻറെ കാമുകി ആയിരുന്നു.അസ് ജയ്ക്ക് ശേഷം,ഓൾഗ പരീമിനോട് ബെഞ്ചമിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചു.ഇക്കാലത്ത് 1932 ൽ വിൽപത്രം എഴുതി വച്ച്,നൈസിലെ ഹോട്ടൽ മുറിയിൽ ബെഞ്ചമിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.കാഫ്‌ക യെപ്പറ്റിയുള്ള പബന്ധത്തിൽ,തന്നോട് കാഫ്‌ക പറഞ്ഞ ഒരു വാചകം ബെഞ്ചമിൻ ഉദ്ധരിക്കുന്നു :" ഒരുപാട് പ്രതീക്ഷയുണ്ട്;അനന്തമായ പ്രതീക്ഷയുണ്ട് -നമുക്കല്ല എന്ന് മാത്രം .".( There is hope,infinite hope,but not for us !).

മരണത്തിനു മുന്നിൽനിന്ന്, ജീവിത സമസ്യകളെ  നിർധാരണം ചെയ്യുന്ന  അന്വേഷകൻ്റെ മനസ്സാണ്, ‘സിദ്ധാന്തങ്ങളിൽ’ കാണുന്നത്. അതാണ് ബെഞ്ചമിൻ്റെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രബന്ധം. എന്നാൽ അഡോർണോ, മാക്സ് ഹോർകൻ ഹൈമർ, ഹെർബർട്ട് മർക്യൂസ്‌ എന്നിവരടങ്ങിയ ഫ്രങ്ക് ഫർട്ട് സ്കൂളിനെ  സൈദ്ധാന്തികമായി സ്വാധീനിച്ച ബെഞ്ചമിൻ്റെ പ്രബന്ധമാകട്ടെ, ‘യന്ത്രപകർപ്പുകളുടെ കാലത്തു കല’ (The Work of Art in the Age of  Mechanical Reproduction-1935) ആയിരുന്നു. ഇതിലും, ‘സിദ്ധാന്തങ്ങളി’ലും, ചിത്രകലയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ജ്ഞാനാന്വേഷിയെ കാണാം.
അദ്ദേഹത്തിൻറെ സിദ്ധാന്തം ലളിതമായി ഇതാണ്:ഡാവിഞ്ചിയുടെ ചിത്രത്തിന് അമൂല്യമായ ഒറ്റ മൂലമുണ്ട്.എന്നാൽ,മാൻ റേയുടെ ഒരു ഫോട്ടോയ്ക്ക് അതില്ല.എത്ര പകർപ്പെങ്കിലും ആകാം.അപ്പോൾ,ഒരു ചിത്രം പകർപ്പെടുത്താൽ,എന്തെങ്കിലും നശിക്കുന്നുണ്ടോ ?ഉണ്ടെന്നു ബെഞ്ചമിൻ പറയുന്നു -പ്രഭാ വലയം അഥവാ aura.സ്ഥല കാലങ്ങളുടെ മായികമായ വലയം.വാൻ ഗോഗിനെപ്പറ്റി ബെഞ്ചമിൻ പറഞ്ഞു: He  directly depicts the aura of things.

  കലാചരിത്രം, വാസ്തകലാ സിദ്ധാന്തം, സാംസ്‌കാരിക പഠനങ്ങൾ, മാധ്യമസിദ്ധാന്തങ്ങൾ, എന്നിവയെ സ്വാധീനിച്ച പ്രബന്ധമാണ് ‘യന്ത്രപകർപ്പുകളുടെ കാലത്തു കല.’ നാസി ഭരണ കാലത്തു, രാഷ്ട്രീയത്തിൽ വിപ്ലവ ആവശ്യങ്ങൾക്ക്  കലാസിദ്ധാന്ധം രൂപപ്പെടുത്തുകയായിരുന്നു, ബെഞ്ചമിൻ. പകർപ്പുകളുട കാലത്തു കലയ്ക്ക് പൈതൃക അനുഷ്‌ഠാന  മൂല്യമില്ലെന്ന് ബെഞ്ചമിൻ സിദ്ധാന്തിച്ചു. രാഷ്ട്രീയ പ്രയോഗത്തെ ആശ്രയിച്ചാണ്, കലയുടെ ഉൽപാദനം. ഫ്രഞ്ച് കവിയും തത്വചിന്തകനുമായ പോൾ വലേരിയുടെ ‘സർവവ്യാപ്തിയെ കീഴടക്കൽ’ (The Conquest of Ubiquity-1928) എന്ന പ്രബന്ധം ഉദ്ധരിച്ചു കൊണ്ടാണ് ബെഞ്ചമിൻ്റെ തുടക്കം. കലയെ സംബന്ധിച്ച മാർക്‌സിസ്റ്റ് കാഴ്ചപ്പാട്, സമൂഹ നിർമിതി, മുതലാളിത്ത ലോകത്തു കലയുടെ സ്ഥാനം, മുതലാളിത്തത്തിൻ്റെ വികസനം,  ചൂഷണം, മുതലാളിത്ത തകർച്ചയുടെ സാഹചര്യങ്ങൾ എന്നിവ ആമുഖത്തിൽ വിവരിച്ച ശേഷമാണ്, ബെഞ്ചമിൻ കലാ പ്രവർത്തനം വർത്തമാനകാലത്ത് എങ്ങനെ മാറിയിരിക്കുന്നു എന്ന് വിശദീകരിക്കുന്നത്.

      ആധുനിക സന്ദർഭത്തിൽ കലാരൂപത്തെ അറിയാൻ കലാ  ജ്ഞാനം അനുകൂലമായി വികസിച്ചിരിക്കണം. പൂർണമായ യാന്തിക പകർപ്പിനുപോലും ഒരു പ്രധാന ഘടകമുണ്ടാവില്ല. അതിൻ്റെ സ്ഥലകാല സാന്നിധ്യം; അതുണ്ടായ സ്ഥലത്തെ അസ്തിത്വം. പകർപ്പ് കൂട്ടായ ഉൽപാദനത്തിൽ കൃത്യത കൊണ്ടുവരുമ്പോഴും, വിശ്വാസ്യത നേടുന്നില്ല. ബ്രൂഗലിൻ്റെ ‘അന്ധൻ നയിക്കുന്ന അന്ധന്മാർ’ (The Blind Leading The Blind) എന്ന ചിത്രം (1568) ബെഞ്ചമിൻ ഉദാഹരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ‘അന്ധരുടെ ദൃഷ്ടാന്തം’ (Parable of the Blind) എന്നും പേരുണ്ട്. നേതാവായ അന്ധൻ വെള്ളം നിറഞ്ഞ കുഴിയിൽ വീഴുമ്പോൾ, തൊട്ടു പുറകെയുള്ളവർക്ക് അടിതെറ്റുന്നു. അവസാനത്തെ രണ്ടു സഖാക്കൾക്ക് ലക്ഷ്യം തന്നെ അറിയാതാകുന്നു. ഈ ചിത്രം പരാമർശിക്കാതെ കാഴ്ചയുടെ രാഷ്ട്രീയത്തെപ്പറ്റി ഒരു പ്രബന്ധവും എഴുതപ്പെടുന്നില്ല.

        മാർക്‌സിസത്തിന്  ആധാരമായ ചരിത്രപരമായ ഭൗതിക വാദത്തെ ‘അർധ മത തട്ടിപ്പാ’യി (quasi religious fraud) കടപുഴക്കിയെറിഞ്ഞ് , ആ പ്രത്യയ  ശാസ്ത്രത്തോട് എന്നന്നേക്കുമായി വിട പറയുന്ന ബെഞ്ചമിനെയാണ് ‘ചരിത്ര തത്വചിന്താ സിദ്ധാന്തങ്ങളിൽ’ കാണുന്നത്. തൻ്റെ വാദം സമർത്ഥിക്കാൻ വീണ്ടും ഒരു ചിത്രബിംബത്തെ ബെഞ്ചമിൻ ആശ്രയിക്കുന്നു. പോൾ ക്ളീയുടെ ‘ഏഞ്ചലസ് നോവസ്‌’ (1920). അക്കമിട്ട് 20 ഖണ്ഡികകളിൽ 20 തത്വങ്ങൾ പറയുന്ന ഈ അവസാന രചനയിൽ, ഒൻപതാം തത്വമാണ് നിർണായകം. അവിടെയാണ് ക്ളീയുടെ ചിത്രത്തിലെ മാലാഖയുടെ ബിംബത്തെ ബെഞ്ചമിൻ ആനയിക്കുന്നത്. വിനാശകാലത്തെ മാലാഖയുടേതാണ്, ഈ ചിത്രം.ഇത് ബെഞ്ചമിൻ മുറിയിൽ തൂക്കിയിരുന്നു.നാസി ഉന്മൂലന ക്യാമ്പുകൾ ജൂതനായ അദ്ദേഹത്തെ അലട്ടിയിരുന്ന കാലമായിരുന്നു,അത്.

പോൾ ക്ളീ 
ഇതിൽ ആദ്യകാല രചനകളിലെപ്പോലെ ജൂത മതാത്മകതയിലേക്ക്, കബ്ബാല (Kabbalah) പൈതൃകത്തിലേക്ക് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ ബെഞ്ചമിൻ തിരിയുകയാണ്. ഈ പൈതൃകത്തിൽ ഒരു വിശുദ്ധൻ്റെ കർമം, ‘ടിക്കുൻ’ (Tikun) ആണ്. ആദിയിൽ, ദൈവഘടകങ്ങൾ സ്‌ഫടിക പാത്രങ്ങളിൽ സൃഷ്ടിച്ചു. തിന്മ ബാധിച്ച് സ്ഫടികങ്ങൾ പൊട്ടിച്ചിതറി, ദൈവഘടകങ്ങൾ ഭൂമിയുടെ നാല് മുലകളിലേക്ക് പോയി.ഈ ചിതറിയ കഷ്ണങ്ങൾ വീണ്ടെടുത്ത് സ്ഫടിക പാത്രം പുനഃ സൃഷ്ടിക്കുന്ന കർമമാണ് ‘ടിക്കുൻ.’ ഈ തത്വത്തെ സർറിയലിസവുമായി സംയോജിപ്പിക്കുകയാണ് ബെഞ്ചമിൻ. അദ്ദേഹം  എഴുതുന്നു:


ക്ളീയുടെ ‘ഏഞ്ചലസ് നോവസ്‌’ ചിത്രത്തിലെ മാലാഖ ധ്യാനത്തിൽ നിന്നു നീങ്ങാൻ പോകുന്നു. കണ്ണുകൾ തുറിച്ച്, വാതുറന്ന്, ചിറകുകൾ വിരിച്ച്. ചരിത്രത്തിൻറെ  മാലാഖയെയും നാം ഇങ്ങനെ കാണണം. മാലാഖയുടെ മുഖം ഭൂതകാലത്തേക്കു തിരിഞ്ഞിരിക്കുന്നു.അവിടെ സംഭവ ശൃംഖലയുണ്ട്; ഒരു വിനാശവും. അവശിഷ്ടങ്ങൾക്കുമേൽ അവശിഷ്ടങ്ങൾ കുന്നുകൂടുന്നു. അവ മാലാഖയുടെ കാലിലേക്ക് എറിയപ്പെടുന്നു. മാലാഖക്ക് അവിടെ നിൽക്കണം, മരിച്ചവരെ ഉയിർപ്പിക്കണം, അവശിഷ്ടങ്ങൾ  പെറുക്കി സമഗ്രത  സൃഷ്ടിക്കണം. എന്നാൽ സ്വർഗ്ഗത്തിൽനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. അത് ചിറകി ൽ പതിച്ചതിനാൽ  മാലാഖക്ക് അവ ഒതുക്കാനാകുന്നില്ല. കൊടുങ്കാറ്റ്  അതിനെ ഭാവിയിലേക്ക് പായിക്കുന്നു. ഭാവിക്ക് പുറംതിരിഞ്ഞു അത് നിൽക്കുന്നു. മുന്നിലെ അവശിഷ്ട കൂന ആകാശം മുട്ടെ ഉയരുന്നു. ആ കൊടുങ്കാറ്റിനെ നാം പുരോഗതി എന്ന് വിളിക്കുന്നു. 

  കാൾ മാർക്സിൻ്റെ ചരിത്രപരമായ  ഭൗതികവാദത്തെ (Historical Materialism), വാൾട്ടർ ബെഞ്ചമിൻ, ശീർഷാസനത്തിൽ നിർത്തുകയാണ്. പ്രബന്ധത്തിൽ ഉടനീളം, മാർക്‌സിസത്തെ പൊളിക്കാൻ, കാവ്യ ശാസ്ത്ര ബിംബങ്ങൾ അദ്ദേഹം നിരത്തുന്നു. ബെഞ്ചമിൻ്റെ 20 സിദ്ധാന്തങ്ങളിൽ ആദ്യത്തേത്, ശാസ്ത്രീയവും വസ്തുനിഷ്ഠവുമെന്ന് മാർക്സ് പറയുന്ന ചരിത്രപരമായ ഭൗതികവാദം, അർധ മത തട്ടിപ്പാണ്, എന്നതാണ്. ബെഞ്ചമിൻ ഇവിടെ കൊണ്ട് വരുന്ന ബിംബം 18-ാം നൂറ്റാണ്ടിൽ ചിലർ ആനയിച്ച ടർക്ക് (Turk) എന്ന ചെസ്സ് കളിക്കുന്ന വ്യാജ യന്ത്രമനുഷ്യന്റേതാണ്. 1770ൽ വോൾഫ് ഗാങ്  കെം പാലൻ, ഓസ്‌ട്രേലിയയിലെ മരിയ തെരേസ രാജ്ഞിയെ ആകർഷിക്കാൻ സൃഷ്ടിച്ച യന്ത്ര മനുഷ്യനായിരുന്നു, ഇത്. നെപ്പോളിയനെയും ബെഞ്ചമിൻ ഫ്രാങ്കളിനെയും വരെ, 84 വർഷം, ടർക്ക്, ചെസ്സിൽ തോൽപിച്ചു. അത് യന്ത്ര മനുഷ്യനായിരുന്നില്ല അതിൻ്റെ ഉള്ളിൽ  ഒരു കുള്ളനായിരുന്നുവെന്ന്  പിന്നീട് വെളിപ്പെട്ടു. കുള്ളന്മാർ മാറിമാറി വന്നു. കളിച്ച മഹാരഥർ, യന്ത്രമനുഷ്യന് മുന്നിൽ പകച്ച്, കളിയിൽ തോറ്റു. ഇതുപോലെ ടർക്കിനോട് സദൃശമായ ഒന്നിനെ തത്വചിന്തയിൽ സങ്കൽപിച്ചാൽ, അതാണ് ചരിത്രപരമായ ഭൗതികവാദം എന്ന് ബെഞ്ചമിൻ പരിഹസിച്ചു. ആ
പാവ എന്നും ജയിക്കുമെന്നാണ്  സങ്കൽപ്പം. ദൈവശാസ്ത്രത്തിൻ്റെ സേവന ങ്ങളുള്ളിടത്തോളം, മാർക്സിസത്തിന്  വലിയ കോലാഹലമില്ലാതെ ഏതു ശത്രുവിനേയും തോൽപ്പിക്കാം. ദൈവശാസ്ത്രമാകട്ടെ പൊക്കമില്ലാത്തതും, വിരൂപവും, അകറ്റിനിർത്തപ്പെടേണ്ടതുമാണ്.

  ഇവിടെ “ചരിത്രപരമായ ഭൗതികവാദം” എന്നിടത്തെല്ലാം ബെഞ്ചമിൻ ഉദ്ധരണി  ചിഹ്നങ്ങൾക്കുള്ളിലാണ് അത് പ്രയോഗിച്ചിരിക്കുന്നത്. ഇത് വച്ച് ബെഞ്ചമിൻ ചരിത്രപരമായ ഭൗതികവാദത്തെയല്ല,  യാന്തിക ചരിത്രപരമായ ഭൗതികവാദത്തെയാണ്  ലാക്കാക്കിയത് എന്നൊരു തൊടുന്യായം ഫ്രഞ്ച്-ബ്രസീലിയൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ മൈക്കൽ ലോവി കൊണ്ടുവന്നു.ബെഞ്ചമിൻ രണ്ടും മൂന്നും കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലുകളിലെ സൈദ്ധാന്തികരെയാണ് കുള്ളന്മാരെന്നു വിളിച്ചത് എന്നാണ് ലോവിയുടെ വാദം. ഈ വാദം വിലപ്പോവില്ല. 1889-1916ലാണ് രണ്ടാം ഇന്റർനാഷണൽ. ബെൽജിയൻ ലേബർ പാർട്ടിയുടെ എമിലി വാൻഡർവെയ്‌ഡ്‌ ചെയർമാനും കാമിലെ ഇയ്‌സ്‌മാൻസ് സെക്രട്ടറിയുമായ ഇതിൽ, 1905 മുതൽ ലെനിൻ അംഗമായിരുന്നു. ഈ ഇന്റർനാഷണൽ ആണ് മെയ് ഒന്ന് തൊഴിലാളിദിനമായി പ്രഖ്യാപിച്ചത്. ലെനിൻ കുള്ളനാണെന്നാണോ ലോവിയുടെ വാദം? റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1919ൽ നിലവിൽ വന്ന കോമിന്റേൺ  ആണ്, മൂന്നാം ഇന്റർനാഷണൽ. 1943ൽ ഇതിനെ സ്റ്റാലിൻ പിരിച്ചുവിട്ടു. 1939ൽ ജർമനിയുമായി റഷ്യയുണ്ടാക്കിയ അനാക്രമണ സന്ധി, ബെഞ്ചമിനെ  സ്റ്റാൻലിൻ വിരുദ്ധനാക്കിയിരുന്നു.

    ലോവിയുടെ വാദം വിഡ്ഢിത്തമാണെന്നതിന്, ബെഞ്ചമിൻ്റെ പ്രബന്ധത്തിൽ പ്രത്യക്ഷ ഉദാഹരങ്ങളുണ്ട്. ചരിത്രപരമായ ഭൗതികവാദം പ്രവചിച്ചത്  വിപ്ലവാത്മകമായ  ഭാവിയെ ആണ്. എന്നാൽ ചരിത്രപരമായ ഭൗതികവാദം ഭാവിക്കും പുരോഗതിക്കും പുറംതിരിഞ്ഞു നിൽക്കുന്നതാണ് ബെഞ്ചമിൻ കണ്ടത്.
ബെഞ്ചമിൻ വിശദീകരിക്കുന്നു:

ഭൂതകാലത്തിൻ്റെ ‘അനന്തമായ’ ചിത്രമാണ്, ചരിത്രപരമായ ഭൗതികവാദം മുന്നോട്ടു വച്ചത്. ഭൗതികവാദിയാകട്ടെ, അതിൻ്റെ അനുഭവവും. എന്നാൽ, അത് ഒറ്റയ്ക്ക് നിൽക്കുന്നു (16-ാം സിദ്ധാന്തം ). ‘അനന്തമായ ചിത്ര’ത്തെ ബെഞ്ചമിൻ നിരാകരിക്കുന്നു. ചരിത്രം സ്വയം നിൽക്കുന്ന അനുഭവമാണ്. അതു വേണ്ടവണ്ണം ഭൂതകാലത്തെ കാണുന്നില്ല. അതിൻ്റെ ഓർമ്മ ഒരു വിനാശകാലത്തെ മിന്നൽ മാത്രമാവുന്നു
(6-ാം സിദ്ധാന്തം ).

അവസാനത്തെ (20) സിദ്ധാന്തത്തിൽ ബെഞ്ചമിൻ ആശ്രയിക്കുന്നത് മിശിഹായ്ക്കുള്ള ജ്യൂത  ആത്മീയാന്വേഷണത്തെയാണ്. ഇതുതന്നെ ബെഞ്ചമിൻ്റെ മാരക പീഡയാർന്ന ജീവിതാന്ത്യവുമാകുന്നു. അതിൽ നാം കാണുന്നത് മാനവികതയും ശൂന്യതാവാദവും (Nihilism)തമ്മിലുള്ള സംഘർഷവും വിനാശവും പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കുമാണ്. മിശിഹ ഇനി എപ്പോൾ വരുമെന്നതിനെപ്പറ്റിയുള്ള പല ജ്യൂത വ്യാഖ്യാ നങ്ങളും  സംയോജിപ്പിച്ച് ബെഞ്ചമിൻ പറയുന്നു: ഓരോ നിമിഷവും മിശിഹ വരാനുള്ള തുറന്ന വാതിലാണ്.
ഈ അവസാന  രചനയിൽ ബെഞ്ചമിൻ തൻ്റെ സുഹൃത്തും, ജർമനിയിൽ ജനിച്ച ജ്ഞാനതത്വ ചിന്തകനുമായ ഗർഷോം ഷോലമിനെ പരാമർശിക്കുന്നുണ്ട്. പിന്നീട് ഇസ്രയേലിൽ കുടിയേറി മിസ്റ്റിസിസത്തിൻ്റെ പ്രൊഫസറായ ഷോലം പറഞ്ഞത്, ബെഞ്ചമിൻ ചരിത്രപരമായ ഭൗതികവാദത്തെപ്പറ്റി നടത്തിയ വിമർശം,  അന്തിമമായിരുന്നു എന്നാണ്; “അവശേഷിക്കുന്നത് ആ പ്രയോഗം മാത്രമാണ്.”

പഴയ രണ്ടു മണ്ടന്മാർ

ട്ടാപ്പകൽ 24 പാക്ക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നു എന്നതിൻറെ സൈനിക അർത്ഥം ഒന്നു മാത്രം – ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്ക്  പട്ടാളം പേടിച്ചു പോയി. നാം അവരുടെ ചെറു ദൂര ആണവായുധ ഭീഷണി വക വയ്ക്കുന്നില്ലെന്നു കാട്ടിക്കൊടുത്തു. ഇതു വരെയുള്ള സൈനിക സിദ്ധാന്തം മാറി.
വലിയൊരു മണ്ടത്തരം പരസ്യമായി പറഞ്ഞയാളാണ്, നെഹ്‌റു. പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു, 1962 ൽ ചൈന ആക്രമിച്ചപ്പോൾ പറഞ്ഞത്, “ഞാൻ അവരെ അടിച്ചോടിക്കാൻ പട്ടാളത്തോട് പറഞ്ഞിട്ടുണ്ട്” എന്നാണ്. മോദി, സേനാമേധാവികളെ വിളിച്ച് എന്തും ചെയ്യാൻ അവകാശം കൊടുത്തു.
നെഹ്രുവിനെയും പ്രതിരോധമന്ത്രി വി കെ കൃഷ്‌ണ മേനോനെയും 1962 തുറന്നു കാട്ടി.

ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞൻ നെവിൽ മാക്സ് വെൽ, 2014 ൽ 1962 ലെ തോൽവിയെ സംബന്ധിച്ച രഹസ്യ റിപ്പോർട്ട് പുറത്തു വിട്ടു, ലഫ്. ജനറൽ ഹെൻഡേഴ്സൻ ബ്രൂക്ക്സ് , ബ്രിഗേഡിയർ പി എസ് ഭഗത് എന്നിവർ 1963 ൽ തയ്യാറാക്കിയ റിപ്പോർട്ട്, അവരെ പരാജയ കാരണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടാണ്. 50 കൊല്ലം ഇന്ത്യ റിപ്പോർട്ട് മൂടി വച്ചു. രാഷ്ട്രീയ നേതൃത്വത്തെ അത് കുറ്റപ്പെടുത്തി.
അതിൽ മൂന്ന് കാര്യങ്ങൾക്ക് അടിവരയിട്ടു:
ഒന്ന്: ചൈനയുമായി നയതന്ത്ര പരിഹാരം ഉണ്ടാക്കുന്നതിൽ നേതൃത്വം തോറ്റു. അമ്പതുകളുടെ ആദ്യം വരെ ചൈനീസ് അവകാശവാദത്തെപ്പറ്റി നാം അജ്ഞരായിരുന്നു. 1954 ൽ ബെയ്‌ജിങ്‌ ഇറക്കിയ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ വടക്കു കിഴക്കൻ മൂല, അക് സായ് ചിൻ , കുപ്പിക്കഴുത്ത്, ചൈനീസ് മേഖലയായി കാട്ടിയപ്പോഴാണ് ഡൽഹി ഉണർന്നത് – സദാ മയക്കു മരുന്നിലായിരുന്നല്ലോ, മേനോൻ. നെഹ്‌റു, പ്രശ്‍നം ചൈനയോട് സംസാരിക്കുന്നതിനു പകരം, മൗനം പാലിച്ചു.
രണ്ട്: ഭക്ഷണമോ ആയുധമോ ഒന്നും എത്തിക്കാനാകാത്ത അവിടെ 1957 ൽ സൈനിക പോസ്റ്റ് ഉണ്ടാക്കി. ചൈന അവരുടെ സ്ഥലമായി കണക്കാക്കിയിടത്തെല്ലാം പോസ്റ്റുണ്ടാക്കി. അന്നത്തെ നേഫ അഥവാ അരുണാചൽ പ്രദേശിൽ ചൈന ആക്രമണം നടത്താൻ ഇത് ഇടയാക്കി.ചൈന ഇങ്ങനെ ചെയ്യുമെന്ന്, രണ്ടു മണ്ടന്മാർ, നെഹ്രുവും മേനോനും കരുതിയില്ല.
മൂന്ന്: തവാങിൽ നാലാം കോറിൻറെ കമാൻഡർ ബി എം കൗൾ, ചൈനയെ ആട്ടിയോടിക്കുന്ന ദൗത്യം ഏറ്റെടുത്തയാൾ, സൈനിക പാപ്പരത്തം കാട്ടി.
കൂടുതൽ അന്വേഷണത്തിന് ഇവർക്ക് അനുമതി കിട്ടിയില്ല-നെഹ്രുവും മേനോനും കൂടുതൽ നാറിയില്ല.
ബി എം കൗൾ 
തേസ് പൂർ ആസ്ഥാനമായ നാലാം കോർ 1962 ഒക്ടോബർ നാലിന് തട്ടിക്കൂട്ടി ഉണ്ടാക്കിയതും അതു ബി എം കൗളിന് ഏൽപിച്ചു കൊടുത്തതും ആന മണ്ടത്തരമായിരുന്നു. കരസേനാ മേധാവിയായ തിമ്മയ്യയെ നെഹ്രുവിനെ കാണാൻ അനുവദിക്കാതെ മേനോൻ തെറി വിളിച്ചതും തിമ്മയ്യ രാജി വച്ചതും ചരിത്രമാണ്.
നെഹ്‌റുവിനെപ്പോലെ കശ്മീരി പണ്ഡിറ്റായ  കൗളിനാണ് ഇന്ത്യയിൽ ആദ്യത്തെ പരമവിശിഷ്ട സേവാമെഡൽ കിട്ടിയത്-1960ൽ .
ചൈന ഇന്ത്യൻ പട്ടാളത്തെ കശാപ്പ് ചെയ്തപ്പോൾ അസുഖം ബാധിച്ച് മുങ്ങിയ ബ്രിജ് മോഹൻ കൗൾ രാജി വയ്‌ക്കേണ്ടി വന്നു.
ഇവിടെയാണ്, ഇപ്പോൾ നേതൃത്വത്തിൽ നട്ടെല്ലു കണ്ടത്. മോദിക്ക് സേനാ നേതൃത്വത്തിൽ വയ്ക്കാൻ അളിയന്മാരില്ല.

കോൺഗ്രസിൻറെ ക്രിസ്ത്യൻ ദുഃഖം

കേരള കോൺഗ്രസ് ക്രിസ്ത്യാനികൾ വീണ്ടും കോൺഗ്രസിനോട് വില പേശുമ്പോൾ,കോൺഗ്രസിനു സംഭവിക്കുന്ന നഷ്ടങ്ങളെപ്പറ്റി , വസ്തുതകൾ മുൻ നിർത്തി ,ആ പാർട്ടി വീണ്ടു വിചാരം ചെയ്യേണ്ടതാണ്; ആ പാർട്ടിയുടെ ഉന്നതങ്ങളിലുള്ള ചില ക്രിസ്ത്യാനികൾ, സ്വാർത്ഥലാഭത്തിന് വേണ്ടി യൂദാസിൻറെ പണിയെടുക്കുകയാണ്.
ഇപ്പറയുന്ന സ്വാധീനം ക്രിസ്ത്യാനിക്കുണ്ടോ?
കേരളത്തിൽ ഞാൻ അറിഞ്ഞിടത്തോളം, എട്ട് കേരള കോൺഗ്രസുകൾ ഉണ്ട്. ക്രിസ്ത്യാനികളുടേതാണ് ഏഴെണ്ണവും. ഒരെണ്ണം പിള്ള.
ആ എട്ടെണ്ണം  പറയാം: മാണി ,ജോസഫ് ,ജേക്കബ് ,സ്കറിയ തോമസ്,പി .സി .തോമസ്, ഫ്രാൻസിസ് ജോർജ് ,പി സി ജോർജ് ,പിള്ള.
എത്രയാണ് കേരളത്തിൽ ക്രിസ്ത്യാനികൾ?
18 .32 %(2011 ലെ മത സെൻസസ് ).
ഈ 18 ശതമാനം വച്ച് 36 % കയ്യടക്കുന്ന പരിപാടിയാണ് , വിവിധ സഭകളുടെ  നേതൃത്വത്തിൽ ഏഴു  കേരള കോൺഗ്രസുകൾ നടത്തിപ്പോരുന്നത് . ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അദ്ദേഹമല്ലാതെ ബാക്കി ക്രിസ്ത്യാനി മന്ത്രിമാരുടെ എണ്ണം ക്രിസ്ത്യാനി ജനസംഖ്യയുമായി ചേരുന്നതായിരുന്നോ?
കെ.സി .ജോസഫ് ,കെ എം മാണി ,പി ജെ ജോസഫ്,ഷിബു ബേബി ജോൺ,അനൂപ്  ജേക്കബ് .
ഏതു  സഭയുടെയും താൽപര്യങ്ങൾ നടക്കും.ഉമ്മൻ ചാണ്ടി മുന്നിൽ നിൽക്കും.
അങ്ങനെ ചിലർ  ക്രിസ്ത്യാനികൾക്ക് കൂടുതൽ വാങ്ങിക്കൊടുക്കുന്നതാണ്,മുല്ല  പ്പള്ളി രാമചന്ദ്രൻ കാണുന്നത്….


കേരള ജന സംഖ്യയിൽ 60 ലക്ഷം ക്രിസ്ത്യാനികളേ  ഉള്ളു.അവർ ഭൂരിപക്ഷം വരുന്ന ഒരു ജില്ലയും കേരളത്തിൽ ഇല്ല.കോട്ടയത്ത് മാത്രമാണ് അടുത്ത് നിൽക്കുന്നത് -ഹിന്ദു 49 .81 %.ക്രിസ്ത്യാനി 43 .48 %.അവിടെയും ക്രിസ്ത്യാനിക്ക് ഭൂരിപക്ഷം ഇല്ല.
ഇടുക്കി ക്രിസ്ത്യാനി 43 .42 ,ഹിന്ദു 48.86. എറണാകുളം ക്രിസ്ത്യാനി 24 .27, ഹിന്ദു 45 .99 .
എറണാകുളത്ത് ലത്തീൻ കത്തോലിക്കൻ സ്ഥാനാർത്ഥിയാകണം ,അത് കെ .വി .തോമസ് തന്നെയാകണം എന്ന് പറയുന്നത്,വിവരക്കേടാണ്.
ഇനി ശബരിമല വരുന്ന പത്തനംതിട്ട.ക്രിസ്ത്യാനി 38 .12 %.ഹിന്ദു 56 .93 .
ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒറ്റ ജില്ലയേ കേരളത്തിൽ ഉള്ളു -മലപ്പുറം.മുസ്ലിംകൾ 70 .24 %.
ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ളത് ,നാലു ജില്ലകളിലാണ്:തിരുവനന്തപുരം 66 .54 ,കൊല്ലം 64 .42 ,ആലപ്പുഴ 68 .64,പാലക്കാട് 66 .76 .
കേരളം ഭരിക്കുന്ന സി പി എമ്മിൻറെ കണ്ണൂർ ,കേരളത്തിൽ ക്രിസ്ത്യാനികൾ കുറഞ്ഞ ജില്ലകളിൽ ഒന്നാണ് -10 .41 %.
പാലക്കാട് വെറും നാലു ശതമാനം,മലപ്പുറത്ത് 2 %,കാസർകോട് 7 %.
കോൺഗ്രസിന് അടുത്ത നഷ്ടം വരാനിരിക്കുന്നേ ഉള്ളു.മുസ്ലിം ലീഗ് വില പേശും.
മുസ്ലിംകൾ കേരളത്തിൽ,ക്രിസ്ത്യാനികളെക്കാൾ എട്ടു ശതമാനം കൂടുതലാണ്-26 .56 .
കയ്‌പ്‌ നീരിന്റെ ഈ പാന പാത്രം കോൺഗ്രസിലെ ഹിന്ദുവിൻറെ കയ്യിൽ ഇരിക്കട്ടെ.

കലിഗുല പിണറായിയിൽ

ലതവണയായി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് ഇറങ്ങാൻ പറയുന്നു. കയറാൻ വേണ്ടിവന്ന ബദ്ധപ്പാട് കാരണമായിരിക്കും, തുടരെത്തുടരെ ഇത് പറഞ്ഞോണ്ടി രിക്കുന്നത്. മാധ്യമ പ്രവർത്തകർ ഒരു അധികാര സ്ഥാനത്തുo കയറാത്തതിനാൽ അവർക്ക് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല. എന്നാൽ പിണറായി വിജയൻ ഇറങ്ങും. അല്ലെങ്കിൽ ജനം താഴെയിറക്കും. വെറുതെ കേരള എർദോഗൻ ചമയുകയാണ്, പിണറായി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന എർദോഗനെ തുർക്കിക്കാർ ഇറക്കിക്കോളും.
അധികാരത്തിലിരിക്കുന്നവന് സ്ഥലജല  വിഭ്രാന്തി പിടിപെടുക അസ്വാഭാവികമല്ല.
ആൽബേർ കാമുവിൻറെ കലിഗുല എന്ന നാടകമാണ് ഓർത്തു പോകുന്നത്. ഇത്തരം എഴുത്തുകാർ വെറുതെ ഒന്നും എഴുതുന്നില്ല. അൾജീരിയയിൽ ജനിച്ച്‌ ഫ്രാൻസിൽ ചിന്തകനായ കാമു, ഹിറ്റ്ലറുടെ ഭ്രാന്തിൻറെ മൂർദ്ധന്യത്തിലാണ്, കലിഗുല എഴുതുന്നത്. 1938 ൽ എഴുത്തു തുടങ്ങി പലതവണ മിനുക്കി,1944 ലാണ് പ്രസിദ്ധീകരിച്ചത്.

റോമാ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ചക്രവർത്തിയായിരുന്നു, കലിഗുല. അയാളുടെ ക്രൂരതകൾ ഇവിടെ വിവരിക്കുന്നില്ല. അധാർമികതകളും വിസ്തരിക്കുന്നില്ല. അയാൾ എൻറെ മനസ്സിൽ നില്കുന്നത് സ്വന്തം കുതിരയെ ഉപദേഷ്ടാവാക്കി വച്ചു എന്ന് കൗമാരത്തിൽ വായിച്ചതിനാലാണ്. ഇൻസിറ്റാറ്റസ്‌ എന്നായിരുന്നു , കുതിരയുടെ പേര്. പ്രാചീന ചരിത്രകാരൻ സ്യൂട്ടോണിയസ് ആണ് ആ കഥ ലോകത്തിനു മുന്നിൽ വച്ചത്.കുതിരയോടുള്ള സ്നേഹം മൂത്ത് കലിഗുല, അതിന് ദന്തം കൊണ്ട് തൊഴുത്തുണ്ടാക്കി. കഴുത്തിൽ ആഭരണങ്ങൾ അണിയിച്ചു.കൊട്ടാരം പണിതു. സ്വർണത്തരി കലർത്തിയ ഓട് സ് ആണ് കുതിരയ്ക്ക് കൊടുത്തിരുന്നതെന്ന് ചരിത്രകാരൻ കാഷ്യസ് ഡിയോ എഴുതി. ഇവർക്കുശേഷം വന്ന ചരിത്രകാരനാണ്, കുതിരയായിരുന്നു, ചക്രവർത്തിയുടെ ഉപദേഷ്ടാവ് എന്നെഴുതിയത്.
പുസ്തകങ്ങളും കാർട്ടൂണുകളും നിരോധിക്കുന്ന ഒരു ജനതയാണ്,നാം.കലിഗുല തുടങ്ങി താമസിയാതെ രണ്ടാം ലോകയുദ്ധം തുടങ്ങിയതിനാലും.ഹിറ്റ്‌ലർ ഉള്ളതിനാലും,കാമുവിന് പല തവണ നാടകം പരിഷ്‌കരിക്കേണ്ടി വന്നു.കാമുവിൻറെ അസംബന്ധ ചക്രത്തിൻറെ ഭാഗമായിരുന്നു,അത്.ഔട്ട് സൈഡർ,മിത്ത് ഓഫ് സിസിഫസ് എന്നിവയാണ്,മറ്റുള്ളവ.ഞാൻ ചിന്തിക്കുന്നു,അതിനാൽ ഞാനുണ്ട്  (  I think ,therefore I  Am ) എന്ന ദെക്കാർത്തെയുടെ തത്വത്തെ,ഞാൻ കലഹിക്കുന്നു , അതിനാൽ ഞാനുണ്ട്  ( I rebel ,therefore I Am ) എന്ന് മാറ്റിയെഴുതിയ ചിന്തകനാണ്,കാമു.

സഹോദരി ദ്രൂസിലയുടെ മരണത്തിൽ ദുഖിതനായ കലിഗുലയിലാണ്,നാടകം തുടങ്ങുന്നത്.സ്വന്തം വധം കലിഗുല  തന്നെ ആസൂത്രണം ചെയ്യുന്നതായിട്ടാണ്,കാമുവിൻറെ വ്യാഖ്യാനം.എ ഡി 41 ജനുവരി 24 നായിരുന്നു,ചരിത്രത്തിൽ അയാളുടെ മരണം.1957 ൽ Theater എന്ന അമേരിക്കൻ പതിപ്പിൽ ,കാമു തന്നെ നാടകത്തെ ഇങ്ങനെ അവതരിപ്പിച്ചു:
"Caligula, a relatively kind prince so far, realizes on the death of Drusilla, his sister and his mistress, that "men die and they are not happy." Therefore, obsessed by the quest for the Absolute and poisoned by contempt and horror, he tries to exercise, through murder and systematic perversion of all values, a freedom which he discovers in the end is no good. He rejects friendship and love, simple human solidarity, good and evil. He takes the word of those around him, he forces them to logic, he levels all around him by force of his refusal and by the rage of destruction which drives his passion for life.
But if his truth is to rebel against fate, his error is to deny men. One cannot destroy without destroying oneself. This is why Caligula depopulates the world around him and, true to his logic, makes arrangements to arm those who will eventually kill him. Caligula is the story of a superior suicide. It is the story of the most human and the most tragic of errors. Unfaithful to man, loyal to himself, Caligula consents to die for having understood that no one can save himself all alone and that one cannot be free in opposition to other men."
ആഹ്ളാദമില്ലാതെയാണ് മനുഷ്യർ മരിക്കുന്നത് എന്ന് കണ്ടെത്തുന്ന കലിഗുല,ആഹ്ളാദ വഴികൾ തേടുന്നു.കേവല സത്യം കണ്ടെത്താൻ അയാൾക്കുള്ള ഉപകരണം സർവ പുച്ഛവും പേടിപ്പിക്കലുമാണ്.കൊലപാതകവും മൂല്യങ്ങളുടെ തച്ചു തകർക്കലും വഴി,അയാൾ കണ്ടെത്തുന്ന സ്വാതന്ത്ര്യം വിലയില്ലാത്തതായി പരിണമിക്കുന്നു.സൗഹൃദവും സ്നേഹവും അയാൾക്ക് വേണ്ട.ഐക്യവും നന്മയും വേണ്ട.ഉപജാപക സംഘത്തിൻറെ വാക്കുകൾ വിശ്വസിച്ച് അവയ്ക്ക് യുക്‌തികൾ കണ്ടെത്തി,ചുറ്റുമുള്ളവരെ അയാൾ അരിഞ്ഞു വീഴ്ത്തുന്നു.സംഹാര ത്വരയാണ് അയാളുടെ ജീവിത പ്രചോദനം.സംഹാരം,അവനെ തന്നെ സംഹരിക്കും.ഉപജാപക സംഘത്തെ ആയുധം അണിയിച്ച് അയാൾ സ്വന്തം അന്തകനാകുന്നു.
മാർക്സിസ്റ്റ് ആയ സാർത്രും അതിനെയും സ്റ്റാലിനെയും ഹിറ്റ്ലറെയും എതിർത്ത കാമുവും തമ്മിൽ,സൗഹൃദം വിച്ഛേദിച്ചത്,പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ കാരണമാണ്.അതിനു വഴിവച്ചത്,കാമു 1951 ൽ പ്രസിദ്ധീകരിച്ച Rebel എന്ന പുസ്തകവും.സ്റ്റാലിൻറെ മൂടു താങ്ങിയ സാർത്ര് ചരിത്രത്തിൻറെ ചവറ്റുകൂട്ടയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു.
ആൽബേർ കാമു 
ഏതു ഭരണാധികാരിക്കും സ്തുതിപാഠകരെ ഇഷ്ടമായിരിക്കും. അതിൽ തന്നിഷ്ടം നോക്കികളായ മാധ്യമ ഉടമകളും പ്രവർത്തകരും കാണും. എന്നാൽ.പ്രോലിറ്റേറിയൻ ഭരണാധികാരി,ബൂർഷ്വ മാധ്യമത്തിന്റെ ബൂർഷ്വ ഉടമയുമായി ചങ്ങാത്തം കൂടി എന്നതിനാൽ മാധ്യമ പ്രവർത്തകരെല്ലാം കീഴാളരായി, “ഇറങ്ങടാ ” എന്ന് പറയാം എന്ന് കരുതിയാൽ, അത് പതനമാണ്. മാർക്സിസ്റ്റിന്റെ പരമ പദം ബൂർഷ്വയാണെന്ന് പ്രത്യയ ശാസ്ത്രത്തിൽ പറയുന്നില്ല എന്ന് മാത്രമല്ല, ദാരിദ്ര്യ കാലത്ത് കാൾ മാർക്സിന് അഷ്ടിക്ക് വക നൽകിയത്, ന്യൂയോർക് ഡെയിലി ട്രിബ്യു ൺ  എന്ന പത്രമായിരുന്നു. മാർക്സ് പത്ര പ്രവർത്തകനായിരുന്നു. ദരിദ്രനായി തന്നെ മാർക്സ് മരിച്ചു. അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്‌കാരം കിട്ടിയില്ല.
അടുത്ത തവണ ദരിദ്രരായ മാധ്യമ പ്രവർത്തകരെ ബൂർഷ്വയായ വിജയൻ ആട്ടുമ്പോൾ , ആ കൂട്ടത്തിൽ മാർക്സ് ഉണ്ടോ എന്ന് ഒരു നിമിഷം ശങ്കിക്കണം. അപ്പോൾ, വന്ന വഴിയിൽ കൂടി തിരിച്ചു നടക്കാൻ പറ്റും. നിങ്ങൾ ഓരോ തവണയും മാധ്യമങ്ങളോട് ഇറങ്ങാൻ പറയുമ്പോൾ, നിങ്ങൾ നാട്ടുകാരുടെ മനസ്സിൽ നിന്നിറങ്ങുകയാണെന്ന് ഓർമ്മ വേണം.

'മനോരമ' കാണാത്ത ദാവീദ്

2016 ഡിസംബര്‍ 13 ന്റെ ‘മലയാള മനോരമ’ രണ്ടു കാര്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ഒന്നാം പേജിന്റെ മുകളില്‍, ബിനാലെയുടെ ഉദ്ഘാടനം. ഒന്നാം പേജിന്റെ ഒന്നാം കോളത്തിന് നടുവില്‍, രണ്ടു കലാകാരന്മാരെ രണ്ടു കലാരൂപങ്ങളെ തമസ്‌കരിച്ച്, ക്ഷമാപണം. ഇങ്ങനൊന്ന് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടിട്ടില്ല.
ബിനാലെയുടെ സംഘാടനത്തില്‍ എന്തോ പങ്ക് ‘മനോരമ’യ്ക്കുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ തോന്നുന്നു. അതിന്റെ സംഘാടകരിലൊരാളാണ് പ്രമുഖ ചിത്രകാരനായ റിയാസ് കോമു. അദ്ദേഹം 11 കൊല്ലം മുന്‍പ് രചിച്ച നാരായണ ഗുരുവിന്റെ ശില്‍പത്തെ സംബന്ധിച്ചാണ് ‘മനോരമ’യുടെ ക്ഷമാപണം; അത് ഡിസംബര്‍ ലക്കം ‘ഭാഷാ പോഷിണി’യുടെ കവര്‍ ചിത്രമായിരുന്നു. ‘മനോരമ’യുടെ രണ്ടാം ക്ഷമാപണം ഇതേ ‘ഭാഷാ പോഷിണി’യുടെ അകത്ത് പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ‘അവസാനത്തെ അത്താഴ’ചിത്രത്തെ സംബന്ധിച്ചാണ്. ഒരു കന്യാസ്ത്രീയുടെ നഗ്നമാറിടം ആ ചിത്രത്തില്‍ കാട്ടിയിരുന്നു. ഗുരുവിന്റെ ശില്‍പവും കന്യാസ്ത്രീയുടെ മാറിടവും വായനക്കാരെ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയാണ് ക്ഷമാപണം എന്നാണ് ‘മനോരമ’ പറഞ്ഞത്.
സി.ആര്‍. ഓമനക്കുട്ടന്റെ മരുമകനും അമല്‍ നീരദിന്റെ അളിയനും എന്റെ സുഹൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിനാണ്, ടോം വട്ടക്കുഴി ചിത്രം വരച്ചത്. ആ നാടകത്തില്‍ പറയുന്നതാകണമല്ലോ, ചിത്രത്തില്‍ വന്നത്. ‘മനോരമ’, ആ നാടകവും നിരോധിച്ചോ? ചിത്രകാരനോടുള്ള അതേ സമീപനം നാടകകൃത്തിനോടും കാട്ടിയോ? ‘ഭാഷാ പോഷിണി’യില്‍ ചിത്രങ്ങള്‍ വന്നതിന്, എന്തിനാണ് ‘മനോരമ’ മാപ്പുപറഞ്ഞത്? ക്ഷമാപണം ഗൗരവമാണെങ്കില്‍, രണ്ടു ഭീകരതെറ്റുകള്‍ ‘ഭാഷാ പോഷിണി’ക്കു പറ്റി. അതിന്, പത്രാധിപര്‍ കെ.സി. നാരായണനെ പിരിച്ചുവിട്ടോ?
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബാര ഭാസ്‌കരന്റെ, ‘ ഭാഷാ പോഷിണി’യിലെ ‘എന്റെ കേരളം’ പരമ്പരയില്‍, മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കുകയുണ്ടായി. അതിന്, ‘മനോരമ’ അകത്തേ പേജില്‍ മാപ്പുപറഞ്ഞു തടിതപ്പി. ഇന്നത്തെ നിലയ്ക്ക്, കെ.സി.നാരായണനെ, ആ കുറ്റത്തിന്, മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടുമോ? ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ ഒരുപോലെ വ്രണപ്പെടുത്തിയ ഇങ്ങനെ ഒരു പത്രാധിപരും മുന്‍പുണ്ടായിട്ടില്ല.
ഫ്ലോറൻസിലെ ദാവീദ് ,സാൻ ലിയാൻഡ്രോയിലെ സ്ത്രീ 
മനോരമ’യുടെ ഒന്നാം പേജില്‍ വന്ന ക്ഷമാപണം, കെ.സി. നാരായണന്റേതല്ല; മാമ്മന്‍ മാത്യുവിന്റേതാണ്. അദ്ദേഹമാണ്, ‘ഭാഷാ പോഷിണി’ യുടെയും ‘മനോരമ’യുടെയും ചീഫ് എഡിറ്റര്‍. അതുകൊണ്ട്, സ്വന്തം പത്രാധിപത്യത്തില്‍ ഇറങ്ങുന്ന എന്തിലും ക്ഷമാപണം ആകാം. ഇത്തിരി കഴിയുമ്പോള്‍, ‘മനോരമ’യില്‍ വരുന്ന അബദ്ധത്തിന്റെ ക്ഷമാപണം, ‘ഭാഷാ പോഷിണി’യില്‍ കണ്ടെന്നും വരാം.
ഞാന്‍ ‘ഭാഷാ പോഷിണി’യുടെ വായനക്കാരനല്ല; ‘മനോരമ’യുടെ വായനക്കാരനാണു താനും. പണ്ട്, ‘മനോരമ’ തിരുവനന്തപുരത്ത് തുടങ്ങുമ്പോള്‍ ഒരു സര്‍വേ നടത്തി. ‘കേരള കൗമുദി’യുടെ ഒരു വായനക്കാരന്‍ സര്‍വേയില്‍ ഉള്‍പ്പെട്ടു. ‘കേരള കൗമുദി’ നല്ല പത്രമല്ലെങ്കിലും അതു വരുത്തുന്നു എന്ന് അയാള്‍ പറഞ്ഞു. കാരണം, ഒരു അല്‍സേഷ്യനെ നാം വളര്‍ത്താന്‍ തുടങ്ങിയാല്‍, മരണംവരെ അതിനെ ചുമക്കും. ഇതേ ന്യായം കാരണമാണ്, ഞാന്‍ ‘മനോരമ’ വരുത്തുന്നത്.
എന്റെ ആശയക്കുഴപ്പവും ഇവിടെയാണ്. ‘ഭാഷാ പോഷിണി’ ഞാന്‍ കണ്ടിട്ടില്ല; ‘മനോരമ’യില്‍ ക്ഷമാപണം കണ്ടു. ഈ അവസ്ഥയില്‍, ‘മനോരമ’ കലാകാരന്മാരോട് ചെയ്തതു ശരിയോ തെറ്റോ എന്നറിയാന്‍ ഞാന്‍ എവിടെപ്പോകും?
മനോരമ’ ചെയ്യേണ്ടിയിരുന്നത്, എന്നെപ്പോലുള്ള നിഷ്‌കളങ്ക വായനക്കാര്‍ക്കായി, ‘ഭാഷാപോഷിണി’യില്‍ വന്ന രണ്ടു ചിത്രങ്ങളും, ക്ഷമാപണത്തിനൊപ്പം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. ‘മനോരമ’ പത്രാധിപരുടെ ഭാഗത്ത് ഇപ്പോഴുള്ളത്, ബുദ്ധിപരമായ പാപ്പരത്തമാണോ നേതൃത്വപരമായ പാപ്പരത്തമാണോ എന്നു വിലയിരുത്താനുള്ള അവസരം, ചിത്രങ്ങളുടെ അഭാവത്തില്‍, വായനക്കാര്‍ക്ക് നഷ്ടപ്പെട്ടു. കെ.സി. മാമ്മന്‍ മാപ്പിളയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്, കമ്യൂണിസത്തെ ‘മനോരമ’ വാരിപ്പുണര്‍ന്നു നില്‍ക്കുമ്പോഴേ, സംഗതികള്‍ പന്തിയല്ല എന്നു വായനക്കാര്‍ കാണുന്നുണ്ട്. ഫിദല്‍ കാസ്‌ട്രോയെപ്പറ്റി ‘മനോരമ’ എഴുതിപ്പിടിപ്പിച്ച സ്തുതികള്‍ വായിച്ചപ്പോള്‍, അയാള്‍ ജനിച്ചതു കഞ്ഞിക്കുഴിയിലാണെന്ന് തോന്നിപ്പോയി.
കാനായി കുഞ്ഞിരാമന്റെ രണ്ടു നഗ്ന സ്ത്രീ ശില്‍പങ്ങള്‍ മലമ്പുഴയിലും ശംഖുംമുഖത്തുമുണ്ട്. ‘ഭാഷാപോഷിണി’ ചിത്രങ്ങള്‍ കണ്ടു വ്യാകുലപ്പെട്ടവര്‍ ഈ രണ്ടു മേഖലകളും യാത്രാപരിപാടികളില്‍ നിന്നൊഴിവാക്കിയിട്ടുണ്ടോ?
കാല്‍ നൂറ്റാണ്ട് മുന്‍പ്, കാനായി കുഞ്ഞിരാമന്‍ എന്നോടു പറഞ്ഞത്, അദ്ദേഹത്തിന്, കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെ, ശയിക്കുന്ന നഗ്നമത്സ്യകന്യകയുടെ ശില്‍പം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. ശില്‍പത്തിനു താഴെ കടകള്‍ക്കു പഴുതുണ്ടായിരുന്നു. കൊച്ചിക്ക് മാദകത്വം നല്‍കുന്ന ശില്‍പമാവുമായിരുന്നു, അത്.
‘മനോരമ’യുടെ മാതൃരാജ്യമായ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇക്കഴിഞ്ഞ മാസം 55 അടി ഉയരമുള്ള നഗ്ന സ്ത്രീ ശില്‍പത്തിനെതിരെ ചില ഞാഞ്ഞൂലുകള്‍ തലപൊക്കിയിരുന്നു. തൊഴിലാളി വര്‍ഗ മേഖലയായ സാന്‍ ലിയാന്‍ഡ്രോയിലാണ്, 13,000 പൗണ്ടുള്ള, ഉരുക്കില്‍ തീര്‍ത്ത നഗ്ന സ്ത്രീ ശില്‍പം. നൃത്തം വയ്ക്കുന്ന സ്ത്രീയ്ക്ക് കീഴെ ഒരു വാചകമുണ്ട്: ”സ്ത്രീകള്‍ സുരക്ഷിതരായിരുന്നെങ്കില്‍, ലോകം എന്തായിരുന്നേനെ?”
സാന്‍ ലിയാന്‍ഡ്രോ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാവുന്നതാണ്, ഒരു സാങ്കേതിക ഓഫിസ് സമുച്ചയത്തിലെ ഈ ശില്‍പം. നെവാദാ മരുഭൂമിയില്‍ എല്ലാ വര്‍ഷവും പ്രതിസംസ്‌കാര ആഘോഷമുണ്ട്. 2013 ലെ ആഘോഷത്തില്‍, മാര്‍ക്കോ കൊക്രാനേ എന്ന ശില്‍പി പ്രദര്‍ശിപ്പിച്ചതാണ്, ഈ ശില്‍പം. അതിപ്പോള്‍ ഒരു വന്‍ ‘സെല്‍ഫി സ്‌പോട്ട്’ ആയി മാറി.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ ശില്‍പത്തിന്റെ മൂന്നിരട്ടി ഉയരമുണ്ട്, ഈ സ്ത്രീക്ക്.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ പ്രതിമയുടെ ചിത്രം, ഇനി, ‘ഭാഷാ പോഷിണി’ക്ക് അച്ചടിക്കാനാവുമോ? ദാവീദിന്റെ നഗ്നപ്രതിമയിലെ പുരുഷലിംഗം, ഏതെങ്കിലും കന്യാസ്ത്രീ സഹിക്കുമോ?
‘മനോരമ’യുടെയും കന്യാസ്ത്രീമാരുടെയും അറിവിനായി പറയാം- ദാവീദിന്റെ നഗ്നപ്രതിമ, മൈക്കലാഞ്ചലോയെക്കൊണ്ട് കൊത്തിച്ചുണ്ടാക്കിയത്, ഫ്‌ളോറന്‍സ് കഥീഡ്രലില്‍ വയ്ക്കാനാണ്. 1501-1504 ലാണ് ഇത് സൃഷ്ടിച്ചത്. എന്നിട്ട്, പള്ളിക്കകത്തു വയ്ക്കാതെ, ഇത് ജനം കാണാനായി, 1504 സെപ്തംബര്‍ എട്ടിന്, ടൗണ്‍ഹാളായ പലാസ്സോ ദീലിയ സിഞ്ഞോറിയയ്ക്ക് പുറത്ത്, സ്ഥാപിച്ചു. അത് ചെയ്തവനാണ്, യഥാര്‍ത്ഥ കത്തോലിക്കന്‍; ‘മനോരമ’ വായിക്കുന്നവനല്ല. ഈ പ്രതിമ, ഫ്‌ളോറന്‍സിന്റെ പൗരുഷ പ്രതീകമായി. പള്ളിക്കാര്‍ ഡാവിഞ്ചിയോട് സംസാരിച്ചിരുന്നെങ്കിലും, ഇരുപത്താറുകാരനായ മൈക്കലാഞ്ചലോയ്ക്കാണ് ശില്‍പനിര്‍മാണത്തിന് നറുക്ക് വീണത്. പണി തീരാറായപ്പോള്‍, ആറ് ടണ്ണിലധികം വരുന്ന പ്രതിമ, കഥീഡ്രലിന്റെ മേലറ്റത്തേക്കുയര്‍ത്താനാവില്ലെന്ന് മനസ്സിലായി. തുടര്‍ന്ന്, ഡാവിഞ്ചിയും സാന്‍ഡ്രോ ബോട്ടിസെല്ലിയും ഉള്‍പ്പെട്ട 30 പൗരന്മാരുടെ സമിതി വിളിച്ചാണ്, ദാവീദിന്, അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. മൈക്കലാഞ്ചലോയുടെ അരമൈല്‍ അകലെയുള്ള ശില്‍പശാലയില്‍ നിന്ന്, ടൗണ്‍ഹാളിനടുത്തേക്ക് ദാവീദിനെ കൊണ്ടുവരാന്‍, നാലുദിവസമെടുത്തു. ഫ്‌ളോറന്‍സില്‍ അക്കാലത്തു പോലും കലയുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്, കലാകാരന്മാരാണ്. മെത്രാന്മാരും സമുദായവാദികളുമില്ല. ചിത്രത്തെ കാണേണ്ടത് ചിത്രമായിട്ടാണ്; ശരീരമായിട്ടല്ല. മനസ്സിലെ അശ്ലീലം വച്ചല്ല ചിത്രം കാണേണ്ടത്. ആത്മീയതയില്‍നിന്ന് ഭൗതികതയിലേക്ക് മെത്രാനും പത്രാധിപരും കൂപ്പുകുത്തിയാല്‍, രാജാ രവിവര്‍മയുടെ ദമയന്തി, ഷക്കീലയും, ഹംസം, കോഴിയുമായിപ്പോകും.
സ്ഥിരമായി ഇറ്റലിയില്‍ പോയി വരുന്ന മെത്രാന്മാരോടും കന്യാസ്ത്രീമാരോടും ഒരു ചോദ്യം ബാക്കിയുണ്ട്- നഗ്നമാറിടം വരച്ച ടോം വട്ടക്കുഴി ക്രിസ്ത്യാനിയാണല്ലോ. അയാളെ കലാകാരന്മാരുടെ റിപ്പബ്ലിക്കില്‍ നിന്ന് സഭ പുറത്താക്കിയോ? വട്ടക്കുഴിക്ക്  തെമ്മാടിക്കുഴി വിധിക്കുമോ?

പ്രളയ കാലത്തെ മൺവണ്ടി

മ്യൂണിസത്തില്‍നിന്ന് വഴിമാറിയാല്‍, പലര്‍ക്കും പല ആശ്രയങ്ങള്‍ കാണും. നക്‌സലിസത്തിലേക്ക് പോയ കെ. വേണുവും സായിബാബയിലേക്ക് പോയ ഫിലിപ്പ് എം. പ്രസാദും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്ക് പാഠഭേദം ചമച്ച സിവിക് ചന്ദ്രനുമുണ്ട്. പാര്‍ട്ടി കാര്‍ഡ് ഉപേക്ഷിച്ച്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലേക്ക് പോയ തോപ്പില്‍ ഭാസിയാണ്, നമ്മെ അദ്ഭുതപ്പെടുത്തുന്നത്.
 ഭാസിയെപ്പറ്റി പറയുന്നത്, വയലാര്‍ രാമവര്‍മയ്ക്കും ഒഎന്‍വി കുറുപ്പിനും ബാധകമാണ്. കമ്യൂണിസത്തില്‍ നിന്നും നില്‍ക്കാതെയും നിന്ന ഒഎന്‍വി, 'പൊല്‍തിങ്കള്‍ക്കല'യും 'പ്രിയ സഖി ഗംഗേ'യും എഴുതിയ അതേ സിനിമയില്‍, 'ഓങ്കാരം, ആദിമന്ത്ര'വും 'ഇന്ദുകലാമൗലി'യും വയലാര്‍ മത്സരിച്ചെഴുതിയതു മറന്നുകൂടാ. തോപ്പില്‍ഭാസിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ, 'ഒളിവിലെ ഓര്‍മകള്‍ക്കുശേഷം', സത്യത്തില്‍ ഭാസിയുടെ വീണ്ടെടുപ്പിന്റെ കഥയാണ്. ആദ്യഭാഗമായ 'ഒളിവിലെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കുവേണ്ടി മൂടിവച്ചതൊക്കെ, മനുഷ്യര്‍ക്കുവേണ്ടി എടുത്തു പുറത്തിടുന്ന ഭാസിയെയാണ് രണ്ടാംഭാഗത്തില്‍ കാണുന്നത്. ഭാസി സംസ്‌കൃത ഹൈസ്‌കൂളില്‍ പഠിക്കാന്‍ ചേരുന്ന കാലത്തുതന്നെ, അഞ്ചുമനയ്ക്കല്‍ കുഞ്ഞിരാമന്‍ വൈദ്യന്‍ എന്ന ഗുരുവിന്റെ മുമ്പില്‍, പനയോലത്തടുക്കില്‍ ചമ്രം പടഞ്ഞിരുന്ന്, ശബ്ദരൂപവും ധാതുരൂപവും തര്‍ക്കശാസ്ത്രവും അമരകോശവും പഠിച്ചു. സംസ്‌കൃത സ്‌കൂളില്‍നിന്ന് കുമാരസംഭവവും രഘുവംശവും കുവലയാനന്ദവും കാദംബരിയും ശാകുന്തളവും പഠിച്ചു. വയലാര്‍, ഉപനയനം കഴിഞ്ഞ്, ഗുരുമുഖത്തുനിന്ന് വേദവും ഉപനിഷത്തുകളും പഠിച്ചു. ഒഎന്‍വിയുടെ പിതാവ്, ഒ.എന്‍.കൃഷ്ണക്കുറുപ്പ്, സംസ്‌കൃതത്തില്‍ പണ്ഡിതനും വൈദ്യത്തില്‍ മഹാപണ്ഡിതനും ആയിരുന്നു. ''ഇങ്ങനെ, അമ്പതുകളിലെ ഞങ്ങളുടെ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ക്ക് പാര്‍ട്ടി കാര്‍ഡിന് പുറമെ, ചിലത് പറയാനുണ്ടാകും,'' ഭാസി ഓര്‍മിക്കുന്നു. 
ഭാസി, ഇത് ഓര്‍മിക്കാന്‍ കാരണം, അദ്ദേഹം പാര്‍ട്ടിയില്‍ നിന്നകന്ന് നാടകത്തില്‍ മുഴുകിയ കാലത്ത്, പാര്‍ട്ടി നാടകസംഘമായ കെപിഎസിയുടെ എക്‌സിക്യൂട്ടീവില്‍ നടന്ന ഒരു ചര്‍ച്ചയാണ്. താനും ഒഎന്‍വിയും പാര്‍ട്ടിയോടൊപ്പം നിന്ന എഴുത്തുകാരും പാര്‍ട്ടിയുടെ സൃഷ്ടികളുമാണെന്ന സെക്‌ടേറിയന്‍ ചിന്താഗതിക്കാരുടെ വാദം, ഭാസി അംഗീകരിച്ചില്ല. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ്, ആ യോഗത്തില്‍ ഭാസിയോടു ചോദിച്ചു: ''നിങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൃഷ്ടിയല്ലേ?'' ഭാസി പറഞ്ഞു: ''ഞാന്‍ ഒരു കലാകാരനും നാടകകൃത്തും ആകാന്‍ സാധാരണ ജനങ്ങളുടെ ഇടയിലെ ജീവിതം വളരെ സഹായിച്ചിട്ടുണ്ട്. അതിന് കളമൊരുക്കിയത് പാര്‍ട്ടിയാണ്. പക്ഷേ, നിങ്ങളിങ്ങനെ ചോദിച്ചാല്‍, ഞാന്‍ മറിച്ചൊരു ചോദ്യം ചോദിക്കും: എന്നെക്കാള്‍ പാര്‍ട്ടിക്കൂറും, എന്നെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തന പരിചയവുമുള്ള നിങ്ങള്‍ എന്തുകൊണ്ട്, ഒരേകാങ്ക നാടകമോ, നാലുവരി കവിതയോ എഴുതിയില്ല?'' ഭാസിയുടെ ചോദ്യം മര്‍മത്തുകൊണ്ടു. നേതാവ് ഒന്നും പറഞ്ഞില്ല; നീരസം മുഖത്ത് കണ്ടു. ആ നേതാവ് ആരാണെന്നു ഭാസി പറഞ്ഞിട്ടില്ല. എന്‍.ഇ. ബാലറാം ആയിരുന്നിരിക്കും. ഭാസി, പാര്‍ട്ടിയെയും ഇഎംഎസിനെയും വിമര്‍ശിച്ചെഴുതുന്ന ലേഖനങ്ങള്‍ 'ജനയുഗ'ത്തില്‍ കൊടുക്കുന്നതു ബാലറാം വിലക്കിയിരുന്നു. 21-ാം വയസ്സില്‍ താന്‍ എഴുതിക്കൊടുത്ത മാപ്പ്, ബ്രിട്ടീഷുകാര്‍ തള്ളിയതു കാരണം, പാര്‍ട്ടിയില്‍ തുടര്‍ന്നയാളാണ്, ബാലറാം. ഒരു പാര്‍ട്ടി കാര്‍ഡ് കൈയിലുണ്ടായിരുന്നാല്‍, സാഹിത്യകാരനോ കഥാകാരനോ ആവില്ല, മറ്റുചിലതു വേണം എന്നുപറഞ്ഞിട്ട്, ഭാസി, ദണ്ഡി എഴുതിയ 'കാവ്യാദര്‍ശം' ഉദ്ധരിക്കുന്നു. നൈസര്‍ഗികീ ച പ്രതിഭാ ശ്രുതം ച ബഹുനിര്‍മലം അമന്ദശ്ചാഭിയോഗാ, അസ്യാഃ കാരണം കാവ്യസമ്പദഃ (നൈസര്‍ഗികമാണു പ്രതിഭ; പ്രതിഭയ്ക്കു വളര്‍ച്ച നല്‍കാന്‍, നിര്‍മലമായ പഠിച്ചറിവു വേണം. പ്രതിഭകള്‍ക്ക് കാവ്യസമ്പത്തുണ്ടാകാന്‍ കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത ആഭിമുഖ്യമാണ്).
 പ്രതിഭ എന്താണെന്നും ദണ്ഡി പറയുന്നു: ബുദ്ധി താല്‍ക്കാലികീ പ്രോക്താ, പ്രജ്ഞാ, ത്രൈകാലികീ മതാ. പ്രജ്ഞാം നവനവോന്മേഷ- ശാലിനി, പ്രതിഭാം ഗുരു. (ബുദ്ധി, കാണുന്നതിനെപ്പറ്റിയുള്ള താല്‍ക്കാലികമായ അറിവാണ്. പ്രജ്ഞ അഗാധജ്ഞാനമാണ്. ത്രികാലങ്ങളുടെ അറിവാണ്, പ്രജ്ഞ. പ്രജ്ഞയുള്ളവര്‍ക്ക് നവോന്മേഷം നല്‍കുന്ന അറിവാണ്, പ്രതിഭ.)
 'അശ്വമേധ'ത്തിന്റെ രണ്ടാംഭാഗമായി 'ശരശയ്യ' എഴുതിയപ്പോള്‍, അത് വിജയിക്കാതിരുന്നതിന് കാരണം തേടിയ ഭാസി ചെന്നുനിന്നത്, ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തിലാണ്. നാടകത്തിന്, അഞ്ചു സന്ധികള്‍ ഉണ്ട്: മുഖം (അവതരണം), പ്രതിമുഖം (നാടകത്തിലെ സംഘര്‍ഷത്തിന്റെ അവതരണം), ഗര്‍ഭം (നാടകപ്രമേയം വികസിച്ച് പൂര്‍ണമാകല്‍), വിമര്‍ശം (നാടകീയ മുഹൂര്‍ത്തങ്ങള്‍ വഴിയുള്ള സംഘര്‍ഷം), സംഹൃതി (പരമകാഷ്ഠ, ക്ലൈമാക്‌സ്). 'അശ്വമേധ'ത്തിന്റെ ക്ലൈമാക്‌സ്, മറ്റൊരു നാടകത്തിന്റെ പശ്ചാത്തലമാക്കി, മുന്‍കഥതന്നെ തുടര്‍ന്നുകൊണ്ടുപോയി, മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍, ഭാസി തോറ്റു. 'കിരീടം' സിനിമ വിജയിക്കുകയും 'ചെങ്കോല്‍' തോല്‍ക്കുകയും ചെയ്തപ്പോള്‍, നാടകകൃത്തായ ലോഹിതദാസും ഇത് ഓര്‍ത്തിരിക്കാം.
പാര്‍ട്ടി പിളര്‍പ്പിനുശേഷം, ബെംഗളൂരുവില്‍ കെപിഎസി പൊതുയോഗം ചേര്‍ന്ന്, ഇഎംഎസിന്റെയും എകെജിയുടെയും ചേരിയില്‍ നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, ഭാസിയുണ്ടായിരുന്നില്ല. അനുജന്‍ തോപ്പില്‍ കൃഷ്ണപിള്ള അറിയിച്ചതനുസരിച്ച്, ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ചെന്നാണ്, ഭാസി സംഘത്തെ മുഴുവന്‍ വലതുചേരിയിലേക്ക് തിരിച്ചത്. നാടകകൃത്തിനെ കൈയൊഴിയാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു; അവര്‍ ഇഎംഎസിനെയും എകെജിയെയും ഉപേക്ഷിച്ചു. 'ശരശയ്യ'യുടെ അവതരണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മുംബൈയില്‍ അലങ്കോലമാക്കി. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, കെപിഎസിക്കുവേണ്ടി, എ.എന്‍.ഗണേശ് എഴുതിയ 'ഭരതക്ഷേത്രം', ഭാസി മാറ്റിയെഴുതി. സഞ്ജയ് ഗാന്ധിയെ ഓര്‍മിപ്പിച്ച്, ക്ഷേത്രഭരണത്തില്‍ അവിഹിതമായി കൈകടത്തുന്ന ഒരു മകന്‍ നാടകത്തിലുണ്ടായിരുന്നു. അത് പാര്‍ട്ടി വിലക്കിയപ്പോള്‍, ഭാസി, കെപിഎസി വിട്ടു. അങ്ങനെയാണ് ഭാസി സിനിമയുടെ ചെളിക്കുണ്ടില്‍ വീണത്. അടിയന്തരാവസ്ഥയ്ക്കുശേഷം, സിപിഐ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചപ്പോള്‍, ഭാസി കെപിഎസിയിലേക്ക് മടങ്ങി- 'ഭരതക്ഷേത്രം' പഴയനിലയില്‍ രംഗത്തെത്തി. പാര്‍ട്ടിക്കു വേരുനല്‍കിയ, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തെ ഭാസി, പാര്‍ട്ടിയില്‍ പ്രമാണി വര്‍ഗം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുനരവലോകനം ചെയ്തതിന്റെ ഫലമായിരുന്നു, 'ഇന്നലെ, ഇന്ന്, നാളെ.' 'കമ്യൂണിസ്റ്റാക്കി'യിലെ പ്രധാന കഥാപാത്രങ്ങളായ മാലയും കറമ്പനും, സിനിമയും നാടകവും വഴി പ്രമാണിയായ ഭാസിയെ കാണാനെത്തുമ്പോള്‍, അയാള്‍ ഫാനിന്റെ വേഗം കൂട്ടി വീട്ടിനകത്ത് ഒളിച്ചിരിക്കുന്നതാണ് നാടകത്തില്‍ നാം കാണുന്നത്. 
ഇവിടെനിന്നാണ്, ഭാസി, 'മൃച്ഛകടികം', 'പാഞ്ചാലി', 'ശാകുന്തളം' എന്നിവയിലെത്തുന്നത്. സംസ്‌കൃത നാടക നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് ശൂദ്രകന്‍ എഴുതിയതാണ് 'മൃച്ഛകടികം.' ഭാസി എഴുതുന്നു: സംസ്‌കൃത നാടകങ്ങളാണ്, സദസ്സിനെ സജ്ജമാക്കാന്‍, നാടകം ആസ്വദിക്കാന്‍, പ്രേക്ഷകരെ ഒരുക്കിയെടുക്കാന്‍, മികച്ച സങ്കേതം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിനും മുന്‍പ് രചിക്കപ്പെട്ട സംസ്‌കൃത നാടകങ്ങള്‍ മുഴുവന്‍ ഭാസന്റെയും കാളിദാസന്റെയും നാടകങ്ങളുള്‍പ്പെടെയുള്ള എല്ലാ നാടകങ്ങളും തുടങ്ങുന്നത് നാന്ദിയോടെയാണ്. നാന്ദി, അവതരണഗാനമാണ്. നാന്ദിക്കുശേഷം സൂത്രധാരന്‍ പ്രവേശിക്കുകയായി. സൂത്രധാരന്‍ ഒരു നടിയെയോ വിദൂഷകനെയോ കൂട്ടിയാണ്, വേദിയിലേക്ക് വരിക.ഭരതമുനി കഥയെഴുതി സംവിധാനം ചെയ്ത്, തന്റെ മക്കളെക്കൊണ്ട് അഭിനയിപ്പിച്ച ആദ്യ നാടകം, ദിതിയുടെയും ദനുവിന്റെയും പുത്രന്മാരായ അസുരന്മാരെ, ദേവന്മാര്‍ സംഹരിച്ച ദേവാസുരയുദ്ധം കഥയായിരുന്നു. ദേവന്മാര്‍ വിജയക്കൊടി നാട്ടുന്ന നാടകം. ആ നാടകം ഉത്സവപരിപാടിയായിട്ടാണ് അവതരിപ്പിച്ചത്. ബ്രഹ്മാവാണ്, ഉദ്ഘാടന നാടകം ഉത്സവ പരിപാടിയാക്കാന്‍, ഭരതനെ ഉപദേശിച്ചത്. മഹാനയം, പ്രയോഗസ്യ സമയഃ സമുപസ്ഥിതഃ അയം, ധ്വജമനഃ ശ്രീമാന്‍ മഹേന്ദ്രസ്യ പ്രവര്‍ത്തതേ. അത്രേ ദാനീം, അയം വേദോ നാട്യസംജ്ഞ: പ്രയുജ്യതാം(നാട്യ പ്രയോഗത്തിന് ഏറ്റവും നല്ല സമയം ഇതാ, അടുത്തുവന്നിരിക്കുന്നു. ദേവേന്ദ്രന്റെ ധ്വജോത്സവം നടക്കാന്‍ പോകുന്നു. ഇപ്പോള്‍ അവിടെ ഈ നാട്യവേദം-നാടകം-അവതരിപ്പിക്കാം). നാടകവും ഒരു വേദമാണ്; പഞ്ചമവേദം. ആദ്യനാടകം നടക്കുമ്പോള്‍, തങ്ങളെ ദേവന്മാര്‍ തോല്‍പിക്കുന്നതു സഹിക്കാതെ, സദസ്സിലുണ്ടായിരുന്ന അസുരന്മാര്‍ കൂവി; 'നാട്യശാസ്ത്ര'ത്തില്‍ നിന്ന്: അഥാ പശ്യത് സദാ വിഘ്‌നൈ: സമന്താത് പരിവാരിതം സഹേതരൈഃ സൂത്രധാരം നഷ്ടസംജ്ഞം ജഡീകൃതം(അഭിനേതാക്കളെ വിഘ്‌നകാരികള്‍ വളഞ്ഞു. സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി). ഇതാണ് നാം, കണ്ണൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അസുരന്മാരുടെ ക്രൂരതകണ്ട് ക്രുദ്ധനായ ദേവേന്ദ്രന്‍, 'ജര്‍ജരം' എന്ന ആയുധവുമായി അസുരന്മാരെ നേരിട്ടു; അവരെ അടിച്ചു തകര്‍ത്തു. പക്ഷേ, നാടകം മുടങ്ങി. 'ദേവാസുര യുദ്ധം' നാടകം മുടക്കിയ അസുരന്മാര്‍, വിരൂപാക്ഷന്റെ നേതൃത്വത്തില്‍, ബ്രഹ്മാവിനെ കണ്ടുപറഞ്ഞു: ''അങ്ങ് ദേവന്മാരുടെ പക്ഷം പിടിച്ചുണ്ടാക്കിയിരിക്കുന്ന നാടകം ഞങ്ങളെ അപമാനിക്കുന്നതാണ്; ഞങ്ങളത് തടയും.'' ബ്രഹ്മാവ് പറഞ്ഞു: നൈകന്തതോ, അത്ര, ഭവതാം, ദേവനാഞ്ചാനുഭാവനം. ത്രൈലോക്യസ്യാസ്യ, സര്‍വസ്യ നാട്യം ഭാവാനു കീര്‍ത്തനം(നാടകത്തില്‍ നിങ്ങള്‍ക്കോ ദേവന്മാര്‍ക്കോ മാത്രം എന്തെങ്കിലും അനുഭൂതിയുണ്ടാക്കിത്തീര്‍ക്കുകയെന്നുള്ളതല്ല ലക്ഷ്യം. മൂന്നുലോകത്തിലുമുള്ളവരുടെ സ്വഭാവം വര്‍ണിച്ചുകാട്ടി രസാസ്വാദനം ഉളവാക്കുക എന്നതു മാത്രമാണ്.)
ഭാസന്റെ ചാരുദത്തനാണ്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലെയും നായകന്‍. മലയാളിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഭാസനെപ്പോലെ തന്നെ, നാടകമാമൂലുകള്‍ ഉപേക്ഷിച്ചാണ്, ഈ നാടകമെഴുതിയിട്ടുള്ളത്. ദുരന്തം സംസ്‌കൃത നാടകങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിലും, ഭാസന്‍, ദുരന്തനാടകമായ 'ഊരുഭംഗം' എഴുതി. സംസ്‌കൃതത്തിലെ ഒരു പ്രോലിറ്റേറിയന്‍ നാടകമാണ്, 'മൃച്ഛകടികം.' സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച്, ഇടത്തരക്കാരുടെ ജീവിതസ്ഥിതി വരച്ചുകാട്ടുന്ന, 'പ്രകരണ' വിഭാഗത്തില്‍പ്പെട്ട നാടകമാണ് ഇത്. രാജാക്കന്മാരുടെ കുത്തഴിഞ്ഞ ജീവിതവും ചതുരംഗക്കമ്പവും നാടിനു വന്നുചേര്‍ന്ന പതനവുമാണ് നാടക പശ്ചാത്തലം. ചാരുദത്തനോട്, ഗണികയായ വസന്തസേനയ്ക്ക് പ്രണയം തോന്നുന്നു. ചാരുദത്തന്റെ മകന്റെ മൃച്ഛകടികം അഥവാ, മണ്‍വണ്ടി നിറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാരുദത്തന് സമ്മാനമായി നല്‍കുന്നതില്‍ നിന്നാണ്, ശീര്‍ഷകം. എന്തുകൊണ്ട്, ഭാസി, 'മൃച്ഛകടിക'ത്തിലെത്തി എന്നതിനുത്തരം, അദ്ദേഹം പൂര്‍ണത അന്വേഷിച്ചലഞ്ഞ കലാകാരനായിരുന്നു, എന്നതാണ്. ''ഏറ്റവുമധികം ആനന്ദിക്കുന്ന ജീവി കലാകാരനാണ്. ഏറ്റവും ഉന്നതമായ സൃഷ്ടി, സാഹിത്യമുള്‍പ്പെടെയുള്ള കലയാണ്'', ഭാസി എഴുതുന്നു. അദ്ദേഹം 'നാട്യശാസ്ത്ര'ത്തിന്റെ അവസാന ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു: യാ,ഗതി: വേദ വിദുഷാം യാ,ഗതി: യജ്ഞ കാരിണാം യാ,ഗതി: ദാനശീലാനാം താം ഗതിം പ്രാപ്‌നുയാദ്ധി, സ: (വേദ പണ്ഡിതര്‍ക്കും യാഗം ചെയ്യുന്നവര്‍ക്കും ദാനം ചെയ്യുന്നവര്‍ക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്). ഗാന്ധര്‍വം ചേന നാട്യം ച യഃ സമ്യക് പരിപാലയേത് ലഭതേ സല്‍ഗതിം പുണ്യാം സമം ബ്രഹ്മര്‍ഷൗ ഭിര്‍ന്നര(സംഗീതത്തെയും നാട്യത്തെയും ആരാണോ വേണ്ടപോലെ പരിപാലിക്കുന്നത്, അയാള്‍ക്ക് ബ്രഹ്മര്‍ഷികളെപ്പോലെ പുണ്യ സദ്ഗതി കിട്ടും.) കമ്യൂണിസത്തിനുമപ്പുറം, ഇത്രകൂടി അറിയാമായിരുന്നു എന്നതിനാലാണ്, ഭാസിയെയും വയലാറിനെയും ഒഎന്‍വിയെയും നാം ഓര്‍ക്കുന്നത്. 
ഒരുപാടു വാക്കുകള്‍, കുട്ടിക്കാലത്തു ഞാന്‍ പഠിച്ചത് വയലാറിന്റെ പാട്ടുകളില്‍ നിന്നാണ്- 'ചെമ്പരത്തി'യിലെ 'ചക്രവര്‍ത്തിനീ നിനക്കു ഞാന്‍' എന്ന പാട്ടുമാത്രം കേട്ടാല്‍ കിട്ടും, മച്ചകം, മഞ്ജു ശയ്യ, സാലഭഞ്ജിക. അതിനുശേഷം ഒരു സാലഭഞ്ജിക കണ്ടത്, വിക്രമാദിത്യന്‍ കഥകളിലാണ്. യഥാര്‍ത്ഥത്തില്‍ അത് വയലാറിനു മുന്‍പ് അവിടെയുണ്ടായിരുന്നു. ഞാന്‍ ശരിക്കും അമ്പരന്നത്, 'മഴക്കാറി'ല്‍ 'പ്രളയ പയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ, കാലമേ' എന്ന വയലാറിന്റെ വരികള്‍ കേട്ടപ്പോഴാണ്. രണ്ടേരണ്ടു വരിയിലാണ് കാലം ജനിക്കുന്നത്. അവിടെ ഞാന്‍, 'ഭാഗവത'ത്തിലെ മഹാപ്രളയവും നോഹയുടെ പെട്ടകവും കണ്ടു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...