Friday 14 June 2019

'മനോരമ' കാണാത്ത ദാവീദ്

2016 ഡിസംബര്‍ 13 ന്റെ ‘മലയാള മനോരമ’ രണ്ടു കാര്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ഒന്നാം പേജിന്റെ മുകളില്‍, ബിനാലെയുടെ ഉദ്ഘാടനം. ഒന്നാം പേജിന്റെ ഒന്നാം കോളത്തിന് നടുവില്‍, രണ്ടു കലാകാരന്മാരെ രണ്ടു കലാരൂപങ്ങളെ തമസ്‌കരിച്ച്, ക്ഷമാപണം. ഇങ്ങനൊന്ന് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടിട്ടില്ല.
ബിനാലെയുടെ സംഘാടനത്തില്‍ എന്തോ പങ്ക് ‘മനോരമ’യ്ക്കുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ തോന്നുന്നു. അതിന്റെ സംഘാടകരിലൊരാളാണ് പ്രമുഖ ചിത്രകാരനായ റിയാസ് കോമു. അദ്ദേഹം 11 കൊല്ലം മുന്‍പ് രചിച്ച നാരായണ ഗുരുവിന്റെ ശില്‍പത്തെ സംബന്ധിച്ചാണ് ‘മനോരമ’യുടെ ക്ഷമാപണം; അത് ഡിസംബര്‍ ലക്കം ‘ഭാഷാ പോഷിണി’യുടെ കവര്‍ ചിത്രമായിരുന്നു. ‘മനോരമ’യുടെ രണ്ടാം ക്ഷമാപണം ഇതേ ‘ഭാഷാ പോഷിണി’യുടെ അകത്ത് പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ‘അവസാനത്തെ അത്താഴ’ചിത്രത്തെ സംബന്ധിച്ചാണ്. ഒരു കന്യാസ്ത്രീയുടെ നഗ്നമാറിടം ആ ചിത്രത്തില്‍ കാട്ടിയിരുന്നു. ഗുരുവിന്റെ ശില്‍പവും കന്യാസ്ത്രീയുടെ മാറിടവും വായനക്കാരെ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയാണ് ക്ഷമാപണം എന്നാണ് ‘മനോരമ’ പറഞ്ഞത്.
സി.ആര്‍. ഓമനക്കുട്ടന്റെ മരുമകനും അമല്‍ നീരദിന്റെ അളിയനും എന്റെ സുഹൃത്തുമായ ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിനാണ്, ടോം വട്ടക്കുഴി ചിത്രം വരച്ചത്. ആ നാടകത്തില്‍ പറയുന്നതാകണമല്ലോ, ചിത്രത്തില്‍ വന്നത്. ‘മനോരമ’, ആ നാടകവും നിരോധിച്ചോ? ചിത്രകാരനോടുള്ള അതേ സമീപനം നാടകകൃത്തിനോടും കാട്ടിയോ? ‘ഭാഷാ പോഷിണി’യില്‍ ചിത്രങ്ങള്‍ വന്നതിന്, എന്തിനാണ് ‘മനോരമ’ മാപ്പുപറഞ്ഞത്? ക്ഷമാപണം ഗൗരവമാണെങ്കില്‍, രണ്ടു ഭീകരതെറ്റുകള്‍ ‘ഭാഷാ പോഷിണി’ക്കു പറ്റി. അതിന്, പത്രാധിപര്‍ കെ.സി. നാരായണനെ പിരിച്ചുവിട്ടോ?
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, ബാര ഭാസ്‌കരന്റെ, ‘ ഭാഷാ പോഷിണി’യിലെ ‘എന്റെ കേരളം’ പരമ്പരയില്‍, മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കുകയുണ്ടായി. അതിന്, ‘മനോരമ’ അകത്തേ പേജില്‍ മാപ്പുപറഞ്ഞു തടിതപ്പി. ഇന്നത്തെ നിലയ്ക്ക്, കെ.സി.നാരായണനെ, ആ കുറ്റത്തിന്, മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടുമോ? ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ ഒരുപോലെ വ്രണപ്പെടുത്തിയ ഇങ്ങനെ ഒരു പത്രാധിപരും മുന്‍പുണ്ടായിട്ടില്ല.
ഫ്ലോറൻസിലെ ദാവീദ് ,സാൻ ലിയാൻഡ്രോയിലെ സ്ത്രീ 
മനോരമ’യുടെ ഒന്നാം പേജില്‍ വന്ന ക്ഷമാപണം, കെ.സി. നാരായണന്റേതല്ല; മാമ്മന്‍ മാത്യുവിന്റേതാണ്. അദ്ദേഹമാണ്, ‘ഭാഷാ പോഷിണി’ യുടെയും ‘മനോരമ’യുടെയും ചീഫ് എഡിറ്റര്‍. അതുകൊണ്ട്, സ്വന്തം പത്രാധിപത്യത്തില്‍ ഇറങ്ങുന്ന എന്തിലും ക്ഷമാപണം ആകാം. ഇത്തിരി കഴിയുമ്പോള്‍, ‘മനോരമ’യില്‍ വരുന്ന അബദ്ധത്തിന്റെ ക്ഷമാപണം, ‘ഭാഷാ പോഷിണി’യില്‍ കണ്ടെന്നും വരാം.
ഞാന്‍ ‘ഭാഷാ പോഷിണി’യുടെ വായനക്കാരനല്ല; ‘മനോരമ’യുടെ വായനക്കാരനാണു താനും. പണ്ട്, ‘മനോരമ’ തിരുവനന്തപുരത്ത് തുടങ്ങുമ്പോള്‍ ഒരു സര്‍വേ നടത്തി. ‘കേരള കൗമുദി’യുടെ ഒരു വായനക്കാരന്‍ സര്‍വേയില്‍ ഉള്‍പ്പെട്ടു. ‘കേരള കൗമുദി’ നല്ല പത്രമല്ലെങ്കിലും അതു വരുത്തുന്നു എന്ന് അയാള്‍ പറഞ്ഞു. കാരണം, ഒരു അല്‍സേഷ്യനെ നാം വളര്‍ത്താന്‍ തുടങ്ങിയാല്‍, മരണംവരെ അതിനെ ചുമക്കും. ഇതേ ന്യായം കാരണമാണ്, ഞാന്‍ ‘മനോരമ’ വരുത്തുന്നത്.
എന്റെ ആശയക്കുഴപ്പവും ഇവിടെയാണ്. ‘ഭാഷാ പോഷിണി’ ഞാന്‍ കണ്ടിട്ടില്ല; ‘മനോരമ’യില്‍ ക്ഷമാപണം കണ്ടു. ഈ അവസ്ഥയില്‍, ‘മനോരമ’ കലാകാരന്മാരോട് ചെയ്തതു ശരിയോ തെറ്റോ എന്നറിയാന്‍ ഞാന്‍ എവിടെപ്പോകും?
മനോരമ’ ചെയ്യേണ്ടിയിരുന്നത്, എന്നെപ്പോലുള്ള നിഷ്‌കളങ്ക വായനക്കാര്‍ക്കായി, ‘ഭാഷാപോഷിണി’യില്‍ വന്ന രണ്ടു ചിത്രങ്ങളും, ക്ഷമാപണത്തിനൊപ്പം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. ‘മനോരമ’ പത്രാധിപരുടെ ഭാഗത്ത് ഇപ്പോഴുള്ളത്, ബുദ്ധിപരമായ പാപ്പരത്തമാണോ നേതൃത്വപരമായ പാപ്പരത്തമാണോ എന്നു വിലയിരുത്താനുള്ള അവസരം, ചിത്രങ്ങളുടെ അഭാവത്തില്‍, വായനക്കാര്‍ക്ക് നഷ്ടപ്പെട്ടു. കെ.സി. മാമ്മന്‍ മാപ്പിളയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്, കമ്യൂണിസത്തെ ‘മനോരമ’ വാരിപ്പുണര്‍ന്നു നില്‍ക്കുമ്പോഴേ, സംഗതികള്‍ പന്തിയല്ല എന്നു വായനക്കാര്‍ കാണുന്നുണ്ട്. ഫിദല്‍ കാസ്‌ട്രോയെപ്പറ്റി ‘മനോരമ’ എഴുതിപ്പിടിപ്പിച്ച സ്തുതികള്‍ വായിച്ചപ്പോള്‍, അയാള്‍ ജനിച്ചതു കഞ്ഞിക്കുഴിയിലാണെന്ന് തോന്നിപ്പോയി.
കാനായി കുഞ്ഞിരാമന്റെ രണ്ടു നഗ്ന സ്ത്രീ ശില്‍പങ്ങള്‍ മലമ്പുഴയിലും ശംഖുംമുഖത്തുമുണ്ട്. ‘ഭാഷാപോഷിണി’ ചിത്രങ്ങള്‍ കണ്ടു വ്യാകുലപ്പെട്ടവര്‍ ഈ രണ്ടു മേഖലകളും യാത്രാപരിപാടികളില്‍ നിന്നൊഴിവാക്കിയിട്ടുണ്ടോ?
കാല്‍ നൂറ്റാണ്ട് മുന്‍പ്, കാനായി കുഞ്ഞിരാമന്‍ എന്നോടു പറഞ്ഞത്, അദ്ദേഹത്തിന്, കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെ, ശയിക്കുന്ന നഗ്നമത്സ്യകന്യകയുടെ ശില്‍പം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. ശില്‍പത്തിനു താഴെ കടകള്‍ക്കു പഴുതുണ്ടായിരുന്നു. കൊച്ചിക്ക് മാദകത്വം നല്‍കുന്ന ശില്‍പമാവുമായിരുന്നു, അത്.
‘മനോരമ’യുടെ മാതൃരാജ്യമായ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇക്കഴിഞ്ഞ മാസം 55 അടി ഉയരമുള്ള നഗ്ന സ്ത്രീ ശില്‍പത്തിനെതിരെ ചില ഞാഞ്ഞൂലുകള്‍ തലപൊക്കിയിരുന്നു. തൊഴിലാളി വര്‍ഗ മേഖലയായ സാന്‍ ലിയാന്‍ഡ്രോയിലാണ്, 13,000 പൗണ്ടുള്ള, ഉരുക്കില്‍ തീര്‍ത്ത നഗ്ന സ്ത്രീ ശില്‍പം. നൃത്തം വയ്ക്കുന്ന സ്ത്രീയ്ക്ക് കീഴെ ഒരു വാചകമുണ്ട്: ”സ്ത്രീകള്‍ സുരക്ഷിതരായിരുന്നെങ്കില്‍, ലോകം എന്തായിരുന്നേനെ?”
സാന്‍ ലിയാന്‍ഡ്രോ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാവുന്നതാണ്, ഒരു സാങ്കേതിക ഓഫിസ് സമുച്ചയത്തിലെ ഈ ശില്‍പം. നെവാദാ മരുഭൂമിയില്‍ എല്ലാ വര്‍ഷവും പ്രതിസംസ്‌കാര ആഘോഷമുണ്ട്. 2013 ലെ ആഘോഷത്തില്‍, മാര്‍ക്കോ കൊക്രാനേ എന്ന ശില്‍പി പ്രദര്‍ശിപ്പിച്ചതാണ്, ഈ ശില്‍പം. അതിപ്പോള്‍ ഒരു വന്‍ ‘സെല്‍ഫി സ്‌പോട്ട്’ ആയി മാറി.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ ശില്‍പത്തിന്റെ മൂന്നിരട്ടി ഉയരമുണ്ട്, ഈ സ്ത്രീക്ക്.
മൈക്കലാഞ്ചലോയുടെ ‘ദാവീദ്’ പ്രതിമയുടെ ചിത്രം, ഇനി, ‘ഭാഷാ പോഷിണി’ക്ക് അച്ചടിക്കാനാവുമോ? ദാവീദിന്റെ നഗ്നപ്രതിമയിലെ പുരുഷലിംഗം, ഏതെങ്കിലും കന്യാസ്ത്രീ സഹിക്കുമോ?
‘മനോരമ’യുടെയും കന്യാസ്ത്രീമാരുടെയും അറിവിനായി പറയാം- ദാവീദിന്റെ നഗ്നപ്രതിമ, മൈക്കലാഞ്ചലോയെക്കൊണ്ട് കൊത്തിച്ചുണ്ടാക്കിയത്, ഫ്‌ളോറന്‍സ് കഥീഡ്രലില്‍ വയ്ക്കാനാണ്. 1501-1504 ലാണ് ഇത് സൃഷ്ടിച്ചത്. എന്നിട്ട്, പള്ളിക്കകത്തു വയ്ക്കാതെ, ഇത് ജനം കാണാനായി, 1504 സെപ്തംബര്‍ എട്ടിന്, ടൗണ്‍ഹാളായ പലാസ്സോ ദീലിയ സിഞ്ഞോറിയയ്ക്ക് പുറത്ത്, സ്ഥാപിച്ചു. അത് ചെയ്തവനാണ്, യഥാര്‍ത്ഥ കത്തോലിക്കന്‍; ‘മനോരമ’ വായിക്കുന്നവനല്ല. ഈ പ്രതിമ, ഫ്‌ളോറന്‍സിന്റെ പൗരുഷ പ്രതീകമായി. പള്ളിക്കാര്‍ ഡാവിഞ്ചിയോട് സംസാരിച്ചിരുന്നെങ്കിലും, ഇരുപത്താറുകാരനായ മൈക്കലാഞ്ചലോയ്ക്കാണ് ശില്‍പനിര്‍മാണത്തിന് നറുക്ക് വീണത്. പണി തീരാറായപ്പോള്‍, ആറ് ടണ്ണിലധികം വരുന്ന പ്രതിമ, കഥീഡ്രലിന്റെ മേലറ്റത്തേക്കുയര്‍ത്താനാവില്ലെന്ന് മനസ്സിലായി. തുടര്‍ന്ന്, ഡാവിഞ്ചിയും സാന്‍ഡ്രോ ബോട്ടിസെല്ലിയും ഉള്‍പ്പെട്ട 30 പൗരന്മാരുടെ സമിതി വിളിച്ചാണ്, ദാവീദിന്, അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. മൈക്കലാഞ്ചലോയുടെ അരമൈല്‍ അകലെയുള്ള ശില്‍പശാലയില്‍ നിന്ന്, ടൗണ്‍ഹാളിനടുത്തേക്ക് ദാവീദിനെ കൊണ്ടുവരാന്‍, നാലുദിവസമെടുത്തു. ഫ്‌ളോറന്‍സില്‍ അക്കാലത്തു പോലും കലയുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്, കലാകാരന്മാരാണ്. മെത്രാന്മാരും സമുദായവാദികളുമില്ല. ചിത്രത്തെ കാണേണ്ടത് ചിത്രമായിട്ടാണ്; ശരീരമായിട്ടല്ല. മനസ്സിലെ അശ്ലീലം വച്ചല്ല ചിത്രം കാണേണ്ടത്. ആത്മീയതയില്‍നിന്ന് ഭൗതികതയിലേക്ക് മെത്രാനും പത്രാധിപരും കൂപ്പുകുത്തിയാല്‍, രാജാ രവിവര്‍മയുടെ ദമയന്തി, ഷക്കീലയും, ഹംസം, കോഴിയുമായിപ്പോകും.
സ്ഥിരമായി ഇറ്റലിയില്‍ പോയി വരുന്ന മെത്രാന്മാരോടും കന്യാസ്ത്രീമാരോടും ഒരു ചോദ്യം ബാക്കിയുണ്ട്- നഗ്നമാറിടം വരച്ച ടോം വട്ടക്കുഴി ക്രിസ്ത്യാനിയാണല്ലോ. അയാളെ കലാകാരന്മാരുടെ റിപ്പബ്ലിക്കില്‍ നിന്ന് സഭ പുറത്താക്കിയോ? വട്ടക്കുഴിക്ക്  തെമ്മാടിക്കുഴി വിധിക്കുമോ?

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...