കാലടിയിൽ വൃത്തം പോയി
കാലടി ശ്രീശങ്കര സർവകലാശാല,അബദ്ധങ്ങൾ വിളമ്പിയ മലയാള കവിതാ പ്രബന്ധത്തിനും പി എച് .ഡി നൽകി. ‘ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതയിലെ പുതുമകൾ‘ എന്ന ശീർഷകത്തിൽ, രതി വി.കെ .സമർപ്പിച്ചതാണ് വിവാദ പ്രബന്ധം. സർവകലാശാലാ തൃശൂർ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.എം .കൃഷ്ണൻ നമ്പുതിരിയായിരുന്നു ഗൈഡ്. തൃശൂർ കാംപസ് ഡിറക്ടറുമാണ് നമ്പുതിരി.
ചുള്ളിക്കാടിന്റെ,വസന്ത തിലകം വൃത്തത്തിലുള്ള ‘താത വാക്യം‘ എന്ന കവിത, കേക വൃത്തത്തിലാണ് എന്നാണ് ഗവേഷകയുടെ കണ്ടെത്തൽ.
ചുള്ളിക്കാടിന്റെ ‘മാനസാന്തരം ‘ എന്ന കവിതാ സമാഹാരത്തിലുള്ള കവിതയാണ്, ‘താത വാക്യം.’ ഈ സമാഹാരത്തിന് അവതാരികയെഴുതിയത് ഡോ.കെ എസ്.രാധാകൃഷ്ണനാണ്. ‘താത വാക്യം’ വസന്ത തിലകത്തിലുള്ളതാണ് എന്ന് അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ഗവേഷക മാത്രമല്ല, ഗൈഡും പരിശോധകരും അവതാരിക വായിച്ചില്ലെന്നു മാത്രമല്ല, മലയാള വൃത്തങ്ങളെപ്പറ്റി ഇവർക്ക് ഒരു വിവരവും ഇല്ലെന്നും തെളിയുന്നു.
പ്രബന്ധത്തിൽ ഗവേഷക വിളമ്പുന്ന വിഡ്ഢിത്തം നോക്കുക:
“എഴുത്തച്ഛന്റെ രാമായണത്തിലും ജി യുടെ ‘സാഗര ഗീത ‘ത്തിലും വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിലും അയ്യപ്പപ്പണിക്കരുടെ ‘ആന്ധ്ര ഗ്രീഷ്മ’ത്തിലും കേകയുടെ ഭാവാനുസൃതമായ താള വൈവിധ്യം സദൃശമാകുന്നുണ്ട് (അനിൽ വള്ളത്തോൾ 1997 :101 ) എന്ന അഭിപ്രായം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകുന്നത്, കാലഘട്ടങ്ങൾ ഗണിയാതെ, കേകവൃത്തത്തിൻറെ ഭാവാനുസൃതമായ താള ഭംഗി മലയാള കവിതയിൽ തുടർന്നു വന്നിരുന്നു എന്നാണല്ലോ? എന്നാലീ താള വൈവിധ്യത്തിൻറെ അഭാവം കേകവൃത്തത്തിന് പുതിയൊരു സ്വര ഗാംഭീര്യം നൽകുന്നതാണ് ‘താത വാക്യം’ എന്ന കവിതയിൽ നാം കാണുന്നത്.”
അതായത്,വസന്ത തിലകം വൃത്തത്തിലുള്ള കവിത, കേക വൃത്തത്തിന് സ്വര ഗാംഭീര്യം നൽകുന്നു എന്ന് !
മലയാളിക്ക് സുപരിചിതമാണ് വസന്ത തിലകം. കാരണം, കുമാരനാശാൻറെ ‘വീണ പൂവ്’ ആ വൃത്തത്തിലാണ്. എല്ലാവരും കേൾക്കുന്ന വെങ്കടേശ സുപ്രഭാതം അതിലാണ്. വ്യാസൻ എഴുതിയ, വിശ്വനാഥാഷ്ടകം അതിലാണ്-എസ്.പി ബാലസുബ്രഹ്മണ്യം മനോഹരമാക്കിയ ‘ഗംഗാ തരംഗ രമണീയ ജടാ കലാപം ….’എന്നു തുടങ്ങുന്ന കവിതയാണ്, വിശ്വനാഥാഷ്ടകം..
ഇത്രയും വൃത്ത ഭംഗം വന്ന പ്രബന്ധം തിരുത്തി സമർപ്പിക്കാനാണ് പരിശോധകർ പറയേണ്ടിയിരുന്നത്. പരിശോധകർ പച്ചക്കൊടി കാട്ടിയ ശേഷം, ഡോക്ടറേറ്റ് നൽകാൻ ‘പബ്ലിക് ഡിഫെൻസ്’ എന്ന ചടങ്ങിൽ വിദഗ്ദ്ധർ വന്നിരിക്കാറുണ്ട്. അവരും തിരുത്തിയില്ല. ഗൈഡിനെയും പരിശോധകരെയും ഡീബാർ ചെയ്യാം; സുനിൽ പി. ഇളയിടത്തിന്റെ പ്രബന്ധ കഥ കൂടി മുൻ നിർത്തി, സർവകലാശാലയുടെ മലയാള വിഭാഗം തന്നെ അക്കാദമിക് ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതാണ്.
സുനിൽ പി ഇളയിടം മോഷ്ടിച്ചോ? ..വായിക്കുക:
No comments:
Post a Comment