എൻ എസ് മാധവനെപ്പോലെ, കാലേകൂട്ടി രാഹുൽ ഗാന്ധിയെ തുണച്ചിരിക്കുന്നയാളാണ്, കെ സച്ചിദാനന്ദൻ, വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ, സച്ചിദാ നന്ദനും രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.
രാഹുലിൻറെ എതിർസ്ഥാനാർഥി സി പി ഐ ക്കാരനായിപ്പോയി. അത് പിണറായി വിജയൻറെ പാർട്ടിക്കാരനായിരുന്നെങ്കിൽ, ഇവർ എന്തു ചെയ്യുമായിരുന്നു? ചില വലിയ മഹാഭാരത കഥാപാത്രങ്ങളുടെ അസ്തിത്വ ദുഃഖം പേറിനടക്കുന്ന കഥാപാത്രങ്ങളുടെ വംശാവലിയിൽ ആയിപ്പോയി, ഇടതു ബുദ്ധിജീവികൾ.
സച്ചിദാനന്ദൻ പറഞ്ഞത്: “രാഹുൽ ഗാന്ധിയെ ഇടതുപക്ഷം അടക്കം പിന്തുണയ്ക്കുന്നത് സ്വപ്‌നം കാണാതിരിക്കാൻ ആകുന്നില്ല. പ്രധാനമന്ത്രിയായോ പ്രതിപക്ഷ നേതാവായോ രാഹുലിനെ പ്രതിപക്ഷ നിര ഒന്നടങ്കം പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നത്, ജനാധിപത്യ ഐക്യം എന്ന ആശയം നിലനിൽക്കേണ്ടതിന്റെ അനിവാര്യത കൊണ്ടാണ്”.
മാധവനെക്കാൾ ബോധം ഇങ്ങേർക്കുണ്ട്, രാഹുൽ പ്രതിപക്ഷ നിരയിൽ ആയിരിക്കാം എന്ന് കരുതുന്നുണ്ട്. അപ്പോഴും സി പി എം പിന്തുണയ്ക്കണം എന്നു മാത്രമേ അവിടുന്ന് അപേക്ഷിക്കുന്നുള്ളു.
കഴിഞ്ഞ ലോക് സഭയിൽ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല എന്ന സത്യം നിശ്ചയമുണ്ടോ? ലോക് സഭയിലെ മൊത്തം സീറ്റിൻറെ പത്തു ശതമാനം കിട്ടിയാലേ, പ്രതിപക്ഷ നേതൃസ്ഥാനം ഒരു പാർട്ടിക്ക് കിട്ടൂ. 545 ൻറെ പത്തു ശതമാനം അഥവാ 55 സീറ്റ്. കോൺഗ്രസിന് 44 സീറ്റേ ഉണ്ടായിരുന്നുള്ളൂ. 37 സീറ്റുമായി തൊട്ടു പുറകെ,അണ്ണാ ഡി എം കെ ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാത്തതിനാലാണ്, സോണിയയും രാഹുലും അംഗങ്ങൾ ആയിരിക്കെ, ദലിതനായ മല്ലികാർജുൻ ഖാർഗെയെ കക്ഷി നേതാവാക്കിയത്. അപ്പോഴും, ദലിതനെ പറ്റിച്ചു.
44 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടാൻ സച്ചിദാനന്ദൻ കൊടുങ്ങല്ലൂരമ്മയോടും, മാധവൻ പൂർണത്രയീശനോടും മുട്ടിപ്പായി പ്രാർത്ഥിക്കണം.
രാഹുലിൻറെ കൂടെയാണ്, സക്കറിയ. അടിയന്തരാവസ് ഥയ്ക്കു ശേഷം കോൺഗ്രസിനെതിരെ ധാരാളം എഴുതിയ ദേഹമാണ്. ഒ വി വിജയൻറെ ‘ധർമ പുരാണ’ത്തെ അവതാരിക കൊണ്ട് അനുഗ്രഹിച്ച സജ്ജനവുമാണ്. രാഹുൽ പ്രതിപക്ഷ നേതാവാകാൻ, ടി ദേഹം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കുഴിമാടത്തിലാണ്, പ്രാർത്ഥിക്കു ന്നത്.
രാഹുലിൻറെ കൈകൾക്ക് സി പി എം ശക്തി പകരണം എന്നാണ്, മാധവനും സച്ചിദാനന്ദനും വാദിക്കുന്നത്. ഈ വാദം 1996 ൽ സി പി എം നിരാകരിച്ചു.ജ്യോതി ബസു പ്രധാന മന്ത്രിയാകുന്നത്, കേരള ഘടകത്തിന് പിടിച്ചില്ല.ഒരു അധീശ ശക്തിയായി പാർട്ടി നിൽക്കുന്ന സംവിധാനത്തിലേ പാർട്ടി ഭരണത്തിൽ പങ്കാളികളാകാവൂ എന്ന് ലെനിൻ പറഞ്ഞതായി ഇവർ ഉദ്ഘോഷിച്ചു. അങ്ങനെ ഗൗഡപാദർ സർവ്വജ്ഞ പീഠം റാഞ്ചി.
രാമുവാലിയ |
ഹർകിഷൻ സിങ് സുർജിത് ആയിരുന്നു, പാർട്ടി സെക്രട്ടറി. അദ്ദേഹം ഗൗഡപാദരോട് പറഞ്ഞ് സ്വന്തമായി ഒരു മന്ത്രിയെ, സ്വന്തം ശുപാർശകൾ നടത്തിക്കിട്ടാൻ സ്ഥാപിച്ചു: ബൽവന്ത് സിങ് രാമുവാലിയ. അയാളെ മന്ത്രി ആയ ശേഷം രാജ്യസഭാംഗമാക്കി.
രാഹുലിൻറെ കൈകൾക്ക് ശക്തി പകരണം എന്നു വാദിക്കുന്ന മാധവനും സച്ചിദാനന്ദനും 1964 പിന്നിലേക്ക് സഞ്ചരിക്കണം. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾക്കൊപ്പം നിൽക്കണം എന്ന് വാദിച്ചവർക്കൊപ്പം നിൽക്കാൻ വയ്യാതെ പുറത്തു പോന്നവരാണ്, സി പി.എം.മറു വിഭാഗം സി പി ഐ. അന്ന് സി പി ഐ പറഞ്ഞതാണ് ശരി എന്നു കൂടി മാധവനും സച്ചിദാനന്ദനും അഭിപ്രായമുണ്ടാകാം. അതു കൊണ്ടാകാം വയനാട്ടിൽ സി പി ഐ സ്ഥാനാർഥി വേണ്ട, രാഹുൽ മതി എന്നു പറയുന്നത്.
രാഹുൽ നിൽക്കരുതായിരുന്നു, എന്നാണ് സി പി എം പറയുന്നത്. മതേതരത്വം കാക്കാൻ രാഹുൽ ഇടതിനെതിരെ മത്സരിക്കരുതായിരുന്നു. ഇതിനോട് എന്തായാലും, മാധവൻ യോജിക്കുന്നില്ല. രാഹുൽ വന്നുനിന്നത് ബഹുസ്വരതയാണ് അദ്ദേഹം ഖനനം ചെയ്‌ത് കണ്ടെത്തി.
രാഹുലിനെതിരെ ഇടതുമുന്നണി നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നാണ്. മാധവൻ വാക്കുകൾക്കിടയിലൂടെ പറയുന്നത്. അതിന് ഇടതു മുന്നണി തയ്യാറുണ്ടോ?
ഏപ്രിൽ 8 ,2019
ഏപ്രിൽ 8 ,2019
No comments:
Post a Comment