കമ്യൂണിസത്തില്‍നിന്ന് വഴിമാറിയാല്‍, പലര്‍ക്കും പല ആശ്രയങ്ങള്‍ കാണും. നക്‌സലിസത്തിലേക്ക് പോയ കെ. വേണുവും സായിബാബയിലേക്ക് പോയ ഫിലിപ്പ് എം. പ്രസാദും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്ക് പാഠഭേദം ചമച്ച സിവിക് ചന്ദ്രനുമുണ്ട്. പാര്‍ട്ടി കാര്‍ഡ് ഉപേക്ഷിച്ച്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലേക്ക് പോയ തോപ്പില്‍ ഭാസിയാണ്, നമ്മെ അദ്ഭുതപ്പെടുത്തുന്നത്.
ഭാസിയെപ്പറ്റി പറയുന്നത്, വയലാര്‍ രാമവര്‍മയ്ക്കും ഒഎന്‍വി കുറുപ്പിനും ബാധകമാണ്. കമ്യൂണിസത്തില്‍ നിന്നും നില്‍ക്കാതെയും നിന്ന ഒഎന്‍വി, 'പൊല്‍തിങ്കള്‍ക്കല'യും 'പ്രിയ സഖി ഗംഗേ'യും എഴുതിയ അതേ സിനിമയില്‍, 'ഓങ്കാരം, ആദിമന്ത്ര'വും 'ഇന്ദുകലാമൗലി'യും വയലാര്‍ മത്സരിച്ചെഴുതിയതു മറന്നുകൂടാ. തോപ്പില്‍ഭാസിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ, 'ഒളിവിലെ ഓര്‍മകള്‍ക്കുശേഷം', സത്യത്തില്‍ ഭാസിയുടെ വീണ്ടെടുപ്പിന്റെ കഥയാണ്. ആദ്യഭാഗമായ 'ഒളിവിലെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കുവേണ്ടി മൂടിവച്ചതൊക്കെ, മനുഷ്യര്‍ക്കുവേണ്ടി എടുത്തു പുറത്തിടുന്ന ഭാസിയെയാണ് രണ്ടാംഭാഗത്തില്‍ കാണുന്നത്. ഭാസി സംസ്‌കൃത ഹൈസ്‌കൂളില്‍ പഠിക്കാന്‍ ചേരുന്ന കാലത്തുതന്നെ, അഞ്ചുമനയ്ക്കല്‍ കുഞ്ഞിരാമന്‍ വൈദ്യന്‍ എന്ന ഗുരുവിന്റെ മുമ്പില്‍, പനയോലത്തടുക്കില്‍ ചമ്രം പടഞ്ഞിരുന്ന്, ശബ്ദരൂപവും ധാതുരൂപവും തര്‍ക്കശാസ്ത്രവും അമരകോശവും പഠിച്ചു. സംസ്‌കൃത സ്‌കൂളില്‍നിന്ന് കുമാരസംഭവവും രഘുവംശവും കുവലയാനന്ദവും കാദംബരിയും ശാകുന്തളവും പഠിച്ചു. വയലാര്‍, ഉപനയനം കഴിഞ്ഞ്, ഗുരുമുഖത്തുനിന്ന് വേദവും ഉപനിഷത്തുകളും പഠിച്ചു. ഒഎന്‍വിയുടെ പിതാവ്, ഒ.എന്‍.കൃഷ്ണക്കുറുപ്പ്, സംസ്‌കൃതത്തില്‍ പണ്ഡിതനും വൈദ്യത്തില്‍ മഹാപണ്ഡിതനും ആയിരുന്നു. ''ഇങ്ങനെ, അമ്പതുകളിലെ ഞങ്ങളുടെ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ക്ക് പാര്‍ട്ടി കാര്‍ഡിന് പുറമെ, ചിലത് പറയാനുണ്ടാകും,'' ഭാസി ഓര്‍മിക്കുന്നു.
ഭാസി, ഇത് ഓര്‍മിക്കാന്‍ കാരണം, അദ്ദേഹം പാര്‍ട്ടിയില്‍ നിന്നകന്ന് നാടകത്തില്‍ മുഴുകിയ കാലത്ത്, പാര്‍ട്ടി നാടകസംഘമായ കെപിഎസിയുടെ എക്‌സിക്യൂട്ടീവില്‍ നടന്ന ഒരു ചര്‍ച്ചയാണ്. താനും ഒഎന്‍വിയും പാര്‍ട്ടിയോടൊപ്പം നിന്ന എഴുത്തുകാരും പാര്‍ട്ടിയുടെ സൃഷ്ടികളുമാണെന്ന സെക്‌ടേറിയന്‍ ചിന്താഗതിക്കാരുടെ വാദം, ഭാസി അംഗീകരിച്ചില്ല. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ്, ആ യോഗത്തില്‍ ഭാസിയോടു ചോദിച്ചു: ''നിങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൃഷ്ടിയല്ലേ?'' ഭാസി പറഞ്ഞു: ''ഞാന്‍ ഒരു കലാകാരനും നാടകകൃത്തും ആകാന്‍ സാധാരണ ജനങ്ങളുടെ ഇടയിലെ ജീവിതം വളരെ സഹായിച്ചിട്ടുണ്ട്. അതിന് കളമൊരുക്കിയത് പാര്‍ട്ടിയാണ്. പക്ഷേ, നിങ്ങളിങ്ങനെ ചോദിച്ചാല്‍, ഞാന്‍ മറിച്ചൊരു ചോദ്യം ചോദിക്കും: എന്നെക്കാള്‍ പാര്‍ട്ടിക്കൂറും, എന്നെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തന പരിചയവുമുള്ള നിങ്ങള്‍ എന്തുകൊണ്ട്, ഒരേകാങ്ക നാടകമോ, നാലുവരി കവിതയോ എഴുതിയില്ല?'' ഭാസിയുടെ ചോദ്യം മര്‍മത്തുകൊണ്ടു. നേതാവ് ഒന്നും പറഞ്ഞില്ല; നീരസം മുഖത്ത് കണ്ടു. ആ നേതാവ് ആരാണെന്നു ഭാസി പറഞ്ഞിട്ടില്ല. എന്‍.ഇ. ബാലറാം ആയിരുന്നിരിക്കും. ഭാസി, പാര്‍ട്ടിയെയും ഇഎംഎസിനെയും വിമര്‍ശിച്ചെഴുതുന്ന ലേഖനങ്ങള്‍ 'ജനയുഗ'ത്തില്‍ കൊടുക്കുന്നതു ബാലറാം വിലക്കിയിരുന്നു. 21-ാം വയസ്സില്‍ താന്‍ എഴുതിക്കൊടുത്ത മാപ്പ്, ബ്രിട്ടീഷുകാര്‍ തള്ളിയതു കാരണം, പാര്‍ട്ടിയില്‍ തുടര്‍ന്നയാളാണ്, ബാലറാം. ഒരു പാര്‍ട്ടി കാര്‍ഡ് കൈയിലുണ്ടായിരുന്നാല്‍, സാഹിത്യകാരനോ കഥാകാരനോ ആവില്ല, മറ്റുചിലതു വേണം എന്നുപറഞ്ഞിട്ട്, ഭാസി, ദണ്ഡി എഴുതിയ 'കാവ്യാദര്‍ശം' ഉദ്ധരിക്കുന്നു. നൈസര്‍ഗികീ ച പ്രതിഭാ ശ്രുതം ച ബഹുനിര്‍മലം അമന്ദശ്ചാഭിയോഗാ, അസ്യാഃ കാരണം കാവ്യസമ്പദഃ (നൈസര്‍ഗികമാണു പ്രതിഭ; പ്രതിഭയ്ക്കു വളര്‍ച്ച നല്‍കാന്‍, നിര്‍മലമായ പഠിച്ചറിവു വേണം. പ്രതിഭകള്‍ക്ക് കാവ്യസമ്പത്തുണ്ടാകാന്‍ കാരണം, കാവ്യത്തോടുള്ള അലസതയില്ലാത്ത ആഭിമുഖ്യമാണ്).
പ്രതിഭ എന്താണെന്നും ദണ്ഡി പറയുന്നു: ബുദ്ധി താല്‍ക്കാലികീ പ്രോക്താ, പ്രജ്ഞാ, ത്രൈകാലികീ മതാ. പ്രജ്ഞാം നവനവോന്മേഷ- ശാലിനി, പ്രതിഭാം ഗുരു. (ബുദ്ധി, കാണുന്നതിനെപ്പറ്റിയുള്ള താല്‍ക്കാലികമായ അറിവാണ്. പ്രജ്ഞ അഗാധജ്ഞാനമാണ്. ത്രികാലങ്ങളുടെ അറിവാണ്, പ്രജ്ഞ. പ്രജ്ഞയുള്ളവര്‍ക്ക് നവോന്മേഷം നല്‍കുന്ന അറിവാണ്, പ്രതിഭ.)
'അശ്വമേധ'ത്തിന്റെ രണ്ടാംഭാഗമായി 'ശരശയ്യ' എഴുതിയപ്പോള്‍, അത് വിജയിക്കാതിരുന്നതിന് കാരണം തേടിയ ഭാസി ചെന്നുനിന്നത്, ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തിലാണ്. നാടകത്തിന്, അഞ്ചു സന്ധികള്‍ ഉണ്ട്: മുഖം (അവതരണം), പ്രതിമുഖം (നാടകത്തിലെ സംഘര്‍ഷത്തിന്റെ അവതരണം), ഗര്‍ഭം (നാടകപ്രമേയം വികസിച്ച് പൂര്‍ണമാകല്‍), വിമര്‍ശം (നാടകീയ മുഹൂര്‍ത്തങ്ങള്‍ വഴിയുള്ള സംഘര്‍ഷം), സംഹൃതി (പരമകാഷ്ഠ, ക്ലൈമാക്‌സ്). 'അശ്വമേധ'ത്തിന്റെ ക്ലൈമാക്‌സ്, മറ്റൊരു നാടകത്തിന്റെ പശ്ചാത്തലമാക്കി, മുന്‍കഥതന്നെ തുടര്‍ന്നുകൊണ്ടുപോയി, മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍, ഭാസി തോറ്റു. 'കിരീടം' സിനിമ വിജയിക്കുകയും 'ചെങ്കോല്‍' തോല്‍ക്കുകയും ചെയ്തപ്പോള്‍, നാടകകൃത്തായ ലോഹിതദാസും ഇത് ഓര്‍ത്തിരിക്കാം.
പാര്‍ട്ടി പിളര്‍പ്പിനുശേഷം, ബെംഗളൂരുവില്‍ കെപിഎസി പൊതുയോഗം ചേര്‍ന്ന്, ഇഎംഎസിന്റെയും എകെജിയുടെയും ചേരിയില്‍ നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍, ഭാസിയുണ്ടായിരുന്നില്ല. അനുജന്‍ തോപ്പില്‍ കൃഷ്ണപിള്ള അറിയിച്ചതനുസരിച്ച്, ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ചെന്നാണ്, ഭാസി സംഘത്തെ മുഴുവന്‍ വലതുചേരിയിലേക്ക് തിരിച്ചത്. നാടകകൃത്തിനെ കൈയൊഴിയാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു; അവര്‍ ഇഎംഎസിനെയും എകെജിയെയും ഉപേക്ഷിച്ചു. 'ശരശയ്യ'യുടെ അവതരണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മുംബൈയില്‍ അലങ്കോലമാക്കി. സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, കെപിഎസിക്കുവേണ്ടി, എ.എന്‍.ഗണേശ് എഴുതിയ 'ഭരതക്ഷേത്രം', ഭാസി മാറ്റിയെഴുതി. സഞ്ജയ് ഗാന്ധിയെ ഓര്‍മിപ്പിച്ച്, ക്ഷേത്രഭരണത്തില്‍ അവിഹിതമായി കൈകടത്തുന്ന ഒരു മകന്‍ നാടകത്തിലുണ്ടായിരുന്നു. അത് പാര്‍ട്ടി വിലക്കിയപ്പോള്‍, ഭാസി, കെപിഎസി വിട്ടു. അങ്ങനെയാണ് ഭാസി സിനിമയുടെ ചെളിക്കുണ്ടില്‍ വീണത്. അടിയന്തരാവസ്ഥയ്ക്കുശേഷം, സിപിഐ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചപ്പോള്‍, ഭാസി കെപിഎസിയിലേക്ക് മടങ്ങി- 'ഭരതക്ഷേത്രം' പഴയനിലയില്‍ രംഗത്തെത്തി. പാര്‍ട്ടിക്കു വേരുനല്‍കിയ, 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തെ ഭാസി, പാര്‍ട്ടിയില്‍ പ്രമാണി വര്‍ഗം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുനരവലോകനം ചെയ്തതിന്റെ ഫലമായിരുന്നു, 'ഇന്നലെ, ഇന്ന്, നാളെ.' 'കമ്യൂണിസ്റ്റാക്കി'യിലെ പ്രധാന കഥാപാത്രങ്ങളായ മാലയും കറമ്പനും, സിനിമയും നാടകവും വഴി പ്രമാണിയായ ഭാസിയെ കാണാനെത്തുമ്പോള്‍, അയാള്‍ ഫാനിന്റെ വേഗം കൂട്ടി വീട്ടിനകത്ത് ഒളിച്ചിരിക്കുന്നതാണ് നാടകത്തില്‍ നാം കാണുന്നത്.
ഇവിടെനിന്നാണ്, ഭാസി, 'മൃച്ഛകടികം', 'പാഞ്ചാലി', 'ശാകുന്തളം' എന്നിവയിലെത്തുന്നത്. സംസ്‌കൃത നാടക നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് ശൂദ്രകന്‍ എഴുതിയതാണ് 'മൃച്ഛകടികം.' ഭാസി എഴുതുന്നു: സംസ്‌കൃത നാടകങ്ങളാണ്, സദസ്സിനെ സജ്ജമാക്കാന്‍, നാടകം ആസ്വദിക്കാന്‍, പ്രേക്ഷകരെ ഒരുക്കിയെടുക്കാന്‍, മികച്ച സങ്കേതം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിനും മുന്‍പ് രചിക്കപ്പെട്ട സംസ്‌കൃത നാടകങ്ങള്‍ മുഴുവന്‍ ഭാസന്റെയും കാളിദാസന്റെയും നാടകങ്ങളുള്‍പ്പെടെയുള്ള എല്ലാ നാടകങ്ങളും തുടങ്ങുന്നത് നാന്ദിയോടെയാണ്. നാന്ദി, അവതരണഗാനമാണ്. നാന്ദിക്കുശേഷം സൂത്രധാരന്‍ പ്രവേശിക്കുകയായി. സൂത്രധാരന്‍ ഒരു നടിയെയോ വിദൂഷകനെയോ കൂട്ടിയാണ്, വേദിയിലേക്ക് വരിക.ഭരതമുനി കഥയെഴുതി സംവിധാനം ചെയ്ത്, തന്റെ മക്കളെക്കൊണ്ട് അഭിനയിപ്പിച്ച ആദ്യ നാടകം, ദിതിയുടെയും ദനുവിന്റെയും പുത്രന്മാരായ അസുരന്മാരെ, ദേവന്മാര്‍ സംഹരിച്ച ദേവാസുരയുദ്ധം കഥയായിരുന്നു. ദേവന്മാര്‍ വിജയക്കൊടി നാട്ടുന്ന നാടകം. ആ നാടകം ഉത്സവപരിപാടിയായിട്ടാണ് അവതരിപ്പിച്ചത്. ബ്രഹ്മാവാണ്, ഉദ്ഘാടന നാടകം ഉത്സവ പരിപാടിയാക്കാന്‍, ഭരതനെ ഉപദേശിച്ചത്. മഹാനയം, പ്രയോഗസ്യ സമയഃ സമുപസ്ഥിതഃ അയം, ധ്വജമനഃ ശ്രീമാന്‍ മഹേന്ദ്രസ്യ പ്രവര്‍ത്തതേ. അത്രേ ദാനീം, അയം വേദോ നാട്യസംജ്ഞ: പ്രയുജ്യതാം. (നാട്യ പ്രയോഗത്തിന് ഏറ്റവും നല്ല സമയം ഇതാ, അടുത്തുവന്നിരിക്കുന്നു. ദേവേന്ദ്രന്റെ ധ്വജോത്സവം നടക്കാന്‍ പോകുന്നു. ഇപ്പോള്‍ അവിടെ ഈ നാട്യവേദം-നാടകം-അവതരിപ്പിക്കാം). നാടകവും ഒരു വേദമാണ്; പഞ്ചമവേദം. ആദ്യനാടകം നടക്കുമ്പോള്‍, തങ്ങളെ ദേവന്മാര്‍ തോല്‍പിക്കുന്നതു സഹിക്കാതെ, സദസ്സിലുണ്ടായിരുന്ന അസുരന്മാര്‍ കൂവി; 'നാട്യശാസ്ത്ര'ത്തില്‍ നിന്ന്: അഥാ പശ്യത് സദാ വിഘ്‌നൈ: സമന്താത് പരിവാരിതം സഹേതരൈഃ സൂത്രധാരം നഷ്ടസംജ്ഞം ജഡീകൃതം. (അഭിനേതാക്കളെ വിഘ്‌നകാരികള്‍ വളഞ്ഞു. സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി). ഇതാണ് നാം, കണ്ണൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അസുരന്മാരുടെ ക്രൂരതകണ്ട് ക്രുദ്ധനായ ദേവേന്ദ്രന്‍, 'ജര്‍ജരം' എന്ന ആയുധവുമായി അസുരന്മാരെ നേരിട്ടു; അവരെ അടിച്ചു തകര്‍ത്തു. പക്ഷേ, നാടകം മുടങ്ങി. 'ദേവാസുര യുദ്ധം' നാടകം മുടക്കിയ അസുരന്മാര്‍, വിരൂപാക്ഷന്റെ നേതൃത്വത്തില്‍, ബ്രഹ്മാവിനെ കണ്ടുപറഞ്ഞു: ''അങ്ങ് ദേവന്മാരുടെ പക്ഷം പിടിച്ചുണ്ടാക്കിയിരിക്കുന്ന നാടകം ഞങ്ങളെ അപമാനിക്കുന്നതാണ്; ഞങ്ങളത് തടയും.'' ബ്രഹ്മാവ് പറഞ്ഞു: നൈകന്തതോ, അത്ര, ഭവതാം, ദേവനാഞ്ചാനുഭാവനം. ത്രൈലോക്യസ്യാസ്യ, സര്‍വസ്യ നാട്യം ഭാവാനു കീര്‍ത്തനം. (നാടകത്തില്‍ നിങ്ങള്‍ക്കോ ദേവന്മാര്‍ക്കോ മാത്രം എന്തെങ്കിലും അനുഭൂതിയുണ്ടാക്കിത്തീര്‍ക്കുകയെന്നുള്ളതല്ല ലക്ഷ്യം. മൂന്നുലോകത്തിലുമുള്ളവരുടെ സ്വഭാവം വര്‍ണിച്ചുകാട്ടി രസാസ്വാദനം ഉളവാക്കുക എന്നതു മാത്രമാണ്.)
ഭാസന്റെ ചാരുദത്തനാണ്, ശൂദ്രകന്റെ 'മൃച്ഛകടിക'ത്തിലെയും നായകന്‍. മലയാളിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഭാസനെപ്പോലെ തന്നെ, നാടകമാമൂലുകള്‍ ഉപേക്ഷിച്ചാണ്, ഈ നാടകമെഴുതിയിട്ടുള്ളത്. ദുരന്തം സംസ്‌കൃത നാടകങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെങ്കിലും, ഭാസന്‍, ദുരന്തനാടകമായ 'ഊരുഭംഗം' എഴുതി. സംസ്‌കൃതത്തിലെ ഒരു പ്രോലിറ്റേറിയന്‍ നാടകമാണ്, 'മൃച്ഛകടികം.' സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച്, ഇടത്തരക്കാരുടെ ജീവിതസ്ഥിതി വരച്ചുകാട്ടുന്ന, 'പ്രകരണ' വിഭാഗത്തില്‍പ്പെട്ട നാടകമാണ് ഇത്. രാജാക്കന്മാരുടെ കുത്തഴിഞ്ഞ ജീവിതവും ചതുരംഗക്കമ്പവും നാടിനു വന്നുചേര്‍ന്ന പതനവുമാണ് നാടക പശ്ചാത്തലം. ചാരുദത്തനോട്, ഗണികയായ വസന്തസേനയ്ക്ക് പ്രണയം തോന്നുന്നു. ചാരുദത്തന്റെ മകന്റെ മൃച്ഛകടികം അഥവാ, മണ്‍വണ്ടി നിറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാരുദത്തന് സമ്മാനമായി നല്‍കുന്നതില്‍ നിന്നാണ്, ശീര്‍ഷകം. എന്തുകൊണ്ട്, ഭാസി, 'മൃച്ഛകടിക'ത്തിലെത്തി എന്നതിനുത്തരം, അദ്ദേഹം പൂര്‍ണത അന്വേഷിച്ചലഞ്ഞ കലാകാരനായിരുന്നു, എന്നതാണ്. ''ഏറ്റവുമധികം ആനന്ദിക്കുന്ന ജീവി കലാകാരനാണ്. ഏറ്റവും ഉന്നതമായ സൃഷ്ടി, സാഹിത്യമുള്‍പ്പെടെയുള്ള കലയാണ്'', ഭാസി എഴുതുന്നു. അദ്ദേഹം 'നാട്യശാസ്ത്ര'ത്തിന്റെ അവസാന ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു: യാ,ഗതി: വേദ വിദുഷാം യാ,ഗതി: യജ്ഞ കാരിണാം യാ,ഗതി: ദാനശീലാനാം താം ഗതിം പ്രാപ്‌നുയാദ്ധി, സ: (വേദ പണ്ഡിതര്‍ക്കും യാഗം ചെയ്യുന്നവര്‍ക്കും ദാനം ചെയ്യുന്നവര്‍ക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്). ഗാന്ധര്‍വം ചേന നാട്യം ച യഃ സമ്യക് പരിപാലയേത് ലഭതേ സല്‍ഗതിം പുണ്യാം സമം ബ്രഹ്മര്‍ഷൗ ഭിര്‍ന്നര: (സംഗീതത്തെയും നാട്യത്തെയും ആരാണോ വേണ്ടപോലെ പരിപാലിക്കുന്നത്, അയാള്‍ക്ക് ബ്രഹ്മര്‍ഷികളെപ്പോലെ പുണ്യ സദ്ഗതി കിട്ടും.) കമ്യൂണിസത്തിനുമപ്പുറം, ഇത്രകൂടി അറിയാമായിരുന്നു എന്നതിനാലാണ്, ഭാസിയെയും വയലാറിനെയും ഒഎന്‍വിയെയും നാം ഓര്‍ക്കുന്നത്.
ഒരുപാടു വാക്കുകള്‍, കുട്ടിക്കാലത്തു ഞാന്‍ പഠിച്ചത് വയലാറിന്റെ പാട്ടുകളില്‍ നിന്നാണ്- 'ചെമ്പരത്തി'യിലെ 'ചക്രവര്‍ത്തിനീ നിനക്കു ഞാന്‍' എന്ന പാട്ടുമാത്രം കേട്ടാല്‍ കിട്ടും, മച്ചകം, മഞ്ജു ശയ്യ, സാലഭഞ്ജിക. അതിനുശേഷം ഒരു സാലഭഞ്ജിക കണ്ടത്, വിക്രമാദിത്യന്‍ കഥകളിലാണ്. യഥാര്‍ത്ഥത്തില്‍ അത് വയലാറിനു മുന്‍പ് അവിടെയുണ്ടായിരുന്നു. ഞാന്‍ ശരിക്കും അമ്പരന്നത്, 'മഴക്കാറി'ല്‍ 'പ്രളയ പയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ, കാലമേ' എന്ന വയലാറിന്റെ വരികള്‍ കേട്ടപ്പോഴാണ്. രണ്ടേരണ്ടു വരിയിലാണ് കാലം ജനിക്കുന്നത്. അവിടെ ഞാന്‍, 'ഭാഗവത'ത്തിലെ മഹാപ്രളയവും നോഹയുടെ പെട്ടകവും കണ്ടു.
No comments:
Post a Comment