ദലിതരെ ആക്രമിച്ച കഥ
നന്ദിഗ്രാമിലും സിംഗൂരിലും മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്തുനടന്ന മുസ്ലിം വംശഹത്യകളെപ്പറ്റി പറയാന്‍ ചരിത്രകാരന്മാര്‍ക്ക് നാവേറെയുണ്ട്. ഇവിടെ, ഇതുവരെ ഇന്ത്യ ശ്രദ്ധിക്കാത്ത, ജ്യോതി ബസുവിന്റെ ആദ്യസര്‍ക്കാരിന്റെ കാലത്തുനടന്ന ദളിത് കൂട്ടക്കൊലയുടെ കഥയാണ് പറയാന്‍ പോകുന്നത്.
1979 ജനുവരി 31 ന് കൊല്‍ക്കത്തയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ, സുന്ദര്‍ബന്‍സ് ദ്വീപസമൂഹത്തിലെ മരിച് ജാന്‍പി ദ്വീപില്‍, ബംഗ്ലാദേശില്‍ നിന്നുള്ള 1700 ഹിന്ദു ദളിത് കുടിയേറ്റക്കാരെ പൊലിസും മാര്‍ക്‌സിസ്റ്റുകളും കൂട്ടക്കൊല ചെയ്തു. ഇതേപ്പറ്റി ഒരു കേസും നിലവിലില്ല; ഇതില്‍ ആരും പ്രതിയും അല്ല. അമിതാവ് ഘോഷിന്റെ നാലാമത്തെ നോവലായ ദി ഹൻഗ്രി ടൈഡ് (വിശക്കുന്ന വേലിയേറ്റം/2004) എന്ന നോവലില്‍ ഈ കൂട്ടക്കൊലയെ പരാമര്‍ശിക്കുന്നുണ്ട്. പിയാലി റോയ് എന്ന മറീന്‍ ബയോളജിസ്റ്റിന്റെ ജീവിതയാത്രയിലെ ചെറിയ സംഭവം മാത്രമാണ്, അത്. അതില്‍ വിശദാംശങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ്, സംഭവം അന്വേഷിച്ചത്. കൂട്ടക്കൊലയ്ക്ക് മുന്‍പ്, ദ്വീപിലെ പാവപ്പെട്ട ദളിതരും മറ്റു പിന്നാക്ക വിഭാഗക്കാരും (ഒബിസി) ഹിന്ദുവര്‍ഗീയവാദികളാണെന്ന് സിപിഎം പറഞ്ഞുപരത്തിയിരുന്നു. എന്തായാലും, ദുരന്തത്തെപ്പറ്റി ആദ്യം ലോകത്തോട് പറഞ്ഞ അമിതാവ് ഘോഷ്, ഹിന്ദുതീവ്രവാദി അല്ലല്ലോ. നിസ്സഹായരും ഏഴകളുമായ അഭയാര്‍ത്ഥികള്‍ മാത്രമായിരുന്നു ആ ദളിതരെന്ന് നോവലില്‍നിന്നറിയാം. കൂട്ടക്കൊലയെപ്പറ്റി ഗവേഷണം നടത്തി,ദീപ് ഹൽദാർ ' ബ്ലഡ് ഐലൻഡ് ' എന്ന പുസ്തകം എഴുതി.
ഇനി ചരിത്രം പറയാം. അന്ന് ജ്യോതിബസുവിന്റെ ആദ്യ മന്ത്രിസഭ അധികാരമേറി രണ്ടുവര്‍ഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ. ബസു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1977 ജൂണ്‍ 21 നാണ്. 1947 ലെ ഇന്ത്യാ വിഭജനത്തിന് അല്‍പം മുന്‍പ് മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്ന് ബംഗാളിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായിരുന്നു. 1970-71 ല്‍ പശ്ചിമ പാക്കിസ്ഥാനിലെ പട്ടാളത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ ഹിന്ദു അഭയാര്‍ത്ഥികള്‍ വീണ്ടും പ്രവഹിച്ചു. ''ഇന്ത്യാ വിഭജനകാലത്ത് കുടിയേറാനുള്ള സാഹചര്യം ഇല്ലാതിരുന്ന പാവങ്ങളായിരുന്നു ഇവര്‍,'' ചരിത്രകാരന്‍ അമിയ മജുംദാര്‍ പറയുന്നു. ധനിക ഹിന്ദുക്കള്‍ 1947 ല്‍ തന്നെ പശ്ചിമബംഗാളിലേക്ക് കുടിയേറിയിരുന്നു. 1947 ല്‍ പാവപ്പെട്ട ദളിത് ഹിന്ദുക്കള്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ തന്നെ നിന്നതിന് കാരണം, അവര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന ദളിത് നേതാവ് ജോഗേന്ദ്ര നാഥ് മണ്ഡലാണ്. ദളിത്-മുസ്ലിം ഐക്യത്തിന്റെ വക്താവായിരുന്ന അദ്ദേഹം, ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിനെതിരെ നിന്നു. അദ്ദേഹം പാക്കിസ്ഥാനിലെ ആദ്യ തൊഴില്‍/നിയമമന്ത്രിയായെങ്കിലും, ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധിതമായി മതംമാറ്റുന്നതിലും മറ്റു പീഡനങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് നീണ്ട രാജിക്കത്തെഴുതി, 1950 ല്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തു. മുസ്ലിം മതമൗലികവാദികളുടെ ക്രൂരതകള്‍ സഹിക്കാതെ, മണ്ഡലിന് പിന്നാലെ, ദളിത്/പിന്നാക്ക വിഭാഗക്കാരും അതിര്‍ത്തി കടന്നു. ബംഗാള്‍, അസം, ത്രിപുര എന്നിവിടങ്ങളില്‍ താമസിക്കാന്‍ വയ്യാതെ, ഈ ഹിന്ദു കുടിയേറ്റക്കാരെ, ദണ്ഡകാരണ്യത്തില്‍ താമസിപ്പിച്ചു. ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലയാണ്, ദണ്ഡകാരണ്യം. രണ്ടരലക്ഷം പേര്‍ അവിടെയെത്തി. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്ക് നല്ല പാര്‍പ്പിടമോ മറ്റു സൗകര്യങ്ങളോ നല്‍കിയില്ല. ഭൂമി കൃഷിക്ക് പറ്റുമായിരുന്നില്ല. അവര്‍ അസംതൃപ്തരായി. അറുപതുകളുടെ മധ്യത്തില്‍ ശക്തിപ്പെട്ട ബംഗാള്‍ മാര്‍ക്‌സിസ്റ്റുകള്‍ ഈ അതൃപ്തി മുതലെടുത്തു. സുന്ദര്‍ബന്‍സ് ദ്വീപസമൂഹങ്ങളില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കുമെന്ന് ജ്യോതിബസുതന്നെ വാഗ്ദാനം ചെയ്തു. ബസുവും ഫോര്‍വേഡ് ബ്ലോക്കുകാരും ദണ്ഡകാരണ്യത്തില്‍ ചെന്ന്, കുടിയേറ്റക്കാരോട് കൂടാരങ്ങള്‍ വിട്ട് ബംഗാളിലെത്താന്‍ ആവശ്യപ്പെട്ടു. എഴുപതുകളുടെ മധ്യത്തില്‍ ബംഗാളിലേക്ക് ഇവരുടെ തിരിച്ചു കുടിയേറ്റം തുടങ്ങി. പലരെയും റയില്‍വേ സ്റ്റേഷനുകളില്‍ തടഞ്ഞ് സര്‍ക്കാര്‍ മടക്കി അയച്ചു. പലരും പൊലിസിനെ വെട്ടിച്ചു. അഭയാര്‍ത്ഥി ക്ഷേമ സമിതി ഇവര്‍ക്കായി സുന്ദര്‍ബന്‍സിലെ മരിജാപി കണ്ടെത്തി.
ഇടതുമുന്നണി ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. ഇടതുമുന്നണിയുടെ കാരുണ്യം കാത്ത് 1978 മധ്യമായപ്പോള്‍ ഒന്നരലക്ഷം അഭയാര്‍ത്ഥികള്‍ ദണ്ഡകാരണ്യത്തില്‍ നിന്നും മറ്റു ഭാഗങ്ങളില്‍നിന്നു ബംഗാളിലെത്തി. അവര്‍ കൊല്‍ക്കത്തയിലും മറ്റും പുറമ്പോക്കുകളില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞു. 1978 ആദ്യം തന്നെ കുറെപ്പേര്‍ മരിച് ജാന്‍പിയിലെത്തി. അവര്‍ കാടുവെട്ടി, വേലിയേറ്റത്തില്‍ നിന്ന് രക്ഷതേടി കടല്‍ഭിത്തികള്‍ കെട്ടി. 1978 ജൂണ്‍ ആയപ്പോള്‍ ഏതാണ്ട് 30,000 അഭയാര്‍ത്ഥികള്‍ അവിടെയെത്തി. ബീഡിതെറുപ്പു യൂണിറ്റ്, മരപ്പണി ശാല, ബേക്കറി, തുണിശാല, സ്‌കൂള്‍, മത്സ്യബന്ധന സഹകരണസംഘം എന്നിവയുണ്ടായി. മീന്‍പിടിച്ച് അടുത്തുള്ള കുമിര്‍മാരി ദ്വീപില്‍ വിറ്റു. സ്ത്രീകള്‍ തുന്നി. ഇത്രയുമായപ്പോള്‍, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാടുമാറ്റി. അയല്‍രാജ്യത്തുനിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥലമില്ല; ദണ്ഡകാരണ്യത്തിലും മറ്റും നിന്നും വന്നവര്‍ വന്നിടത്തേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1978 ഡിസംബര്‍ അവസാനം, പൊലിസും സിപിഎം അണികളും മരിച് ജാന്‍പിയിലെത്തി, കുടിയേറ്റക്കാരോട് സ്ഥലം വിടാന്‍ ആജ്ഞാപിച്ചു. അണികളും ഗുണ്ടകളും പറഞ്ഞത് കുടിയേറ്റക്കാര്‍ അനുസരിക്കാത്തപ്പോള്‍ സംഘര്‍ഷമായി.
സമീപ ദ്വീപുകളില്‍ സിപിഎം അണികളും ഗുണ്ടകളും ചെന്ന്, കുടിയേറ്റക്കാര്‍ക്ക് ഒന്നും വില്‍ക്കരുതെന്നും വാങ്ങരുതെന്നും ആവശ്യപ്പെട്ടു. അപ്രഖ്യാപിത ഉപരോധം വന്നു. സുന്ദര്‍ബന്‍സിലെ മുസ്ലിംകളെ തുരത്താനെത്തിയ ഹിന്ദുതീവ്രവാദികളാണ് കുടിയേറ്റക്കാരെന്ന് സിപിഎം പറഞ്ഞുപരത്തി. ബാഹ്യശക്തികളുടെ പണം വാങ്ങി മരിച് ജാന്‍പിയില്‍ ആയുധമുണ്ടാക്കി, കുടിയേറ്റക്കാര്‍ ഇന്ത്യക്കെതിരെ കലാപം നടത്തുമെന്നായി, കുപ്രചാരണം. 1979 ജനുവരി മധ്യത്തില്‍, പൊലിസ് പട്രോള്‍ ബോട്ടുകള്‍ കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തി. ആ ബോട്ടുകളിലെത്തിയ സിപിഎം അണികള്‍ കുടിയേറ്റക്കാര്‍ പിടിച്ച മത്സ്യങ്ങള്‍ കടത്തി. രാത്രിയില്‍, അണികളെത്തി കുടിയേറ്റക്കാരുടെ വസ്തുവകകള്‍ നശിപ്പിച്ചു. കുമിര്‍മാറിയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ അവര്‍ തടഞ്ഞു. ഒരാഴ്ചത്തെ ഉപരോധത്തില്‍ വലഞ്ഞ ദളിതര്‍, ഉപരോധം ലംഘിച്ച് കുമിര്‍മാറിയിലേക്ക് പോകാന്‍ ഒരുമ്പെട്ടു. ഇക്കാലമത്രയും അവര്‍ പുല്ലുതിന്ന് ജീവിച്ചു. ജനുവരി 29 ന് രാത്രി 20 കുടിയേറ്റക്കാര്‍ കുമിര്‍മാറിയിലേക്ക് യാത്രയായി. അടുത്ത രാത്രി കുമിര്‍മാറി ചന്തയില്‍ ഇവരെ പൊലിസും സിപിഎം അണികളും കണ്ടു. കുടിയേറ്റക്കാര്‍ വാങ്ങിയ കുട്ടികള്‍ക്കുള്ള ആഹാരം, അരി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും മിച്ചമുണ്ടായിരുന്ന പണവും പൊലിസ് കൈവശപ്പെടുത്തി. പൊലിസിനും സിപിഎം അണികള്‍ക്കുമെതിരെ കുടിയേറ്റക്കാര്‍ പ്രതിഷേധംകൂട്ടി. പൊലിസ് വെടിവയ്പില്‍ ഒരു ഡസനോളം ദളിതര്‍ കൊല്ലപ്പെട്ടു. ജഡങ്ങള്‍ പൊലിസ് കൊരങ്കാളി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ശേഷിച്ചവര്‍ തടവിലായി.
ജനുവരി 30 ഉച്ചയ്ക്ക് വിവരം മരിജാപിയിലെത്തിയപ്പോള്‍, രോഷം അണപൊട്ടി. അവര്‍ യോഗം ചേര്‍ന്ന് അടുത്ത ദിവസം പൊലിസിന്റെയും പാര്‍ട്ടി അണികളുടെയും ഉപരോധം ലംഘിക്കാന്‍ തീരുമാനിച്ചു. ജനുവരി 31 രാവിലെ കുമിര്‍മാറിയിലേക്ക് 16 അംഗ സ്ത്രീകളുടെ സംഘത്തെ അയച്ചു. അവരെ പൊലിസ് ദ്രോഹിക്കില്ലെന്ന വിചാരം പാളി. പൊലിസ് ആജ്ഞ ലംഘിച്ച് സ്ത്രീകള്‍ സഞ്ചരിച്ച പത്തു തോണികളിലേക്ക് പൊലിസിന്റെ യന്ത്രബോട്ടുകള്‍ ഇടിച്ചുകയറി. വെള്ളത്തിലേക്ക് ചാടിയ സ്ത്രീകളുടെ നേര്‍ക്ക് പൊലിസ് നിറയൊഴിച്ചു. രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. (ബാക്കിയുള്ളവരെ അടുത്ത ദ്വീപിലെ കാട്ടില്‍ ഏതാനുംനാള്‍ കഴിഞ്ഞു കണ്ടെത്തി-അവരെ പൊലിസും മാര്‍ക്‌സിസ്റ്റുകളും ബലാത്സംഗം ചെയ്തിരുന്നു). സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം കരയില്‍നിന്ന് കണ്ട ദളിതര്‍ കൈയില്‍ കിട്ടിയതൊക്കെ എടുത്ത് പ്രതിഷേധത്തിന് തയ്യാറായി. പൊലിസും സഖാക്കളും ദ്വീപിലിറങ്ങി, തേര്‍വാഴ്ചയായി. വെടിവയ്പ്, ബലാത്സംഗം, കൊള്ള. ജനുവരി 31 മുഴുവന്‍ ഇവര്‍ അഴിഞ്ഞാടി. അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള 15 കുട്ടികളെപ്പോലും അവര്‍ വെറുതെവിട്ടില്ല. ഓലമേഞ്ഞ പള്ളിക്കൂടത്തില്‍ അടുത്തനാളത്തെ സരസ്വതി പൂജയ്ക്ക് ഒരുക്കം കൂട്ടുകയായിരുന്നു, കുട്ടികള്‍. വെടിയൊച്ചകള്‍ കേട്ട് അവര്‍ പേടിച്ചുവിറച്ച് സ്‌കൂളില്‍ പതുങ്ങി. പൊലിസും സഖാക്കളും അവരെ സ്‌കൂളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് അവരുടെ തലകള്‍ വെട്ടി. അതുംപോരാഞ്ഞ്, സരസ്വതീ വിഗ്രഹം തവിടുപൊടിയാക്കി. ഇടതുഭരണം വന്നാല്‍, പുനരധിവാസം ഉറപ്പുപറഞ്ഞ ബസുവും സഖാക്കളും എന്തുകൊണ്ട് തകിടം മറിഞ്ഞു എന്ന് ആര്‍ക്കും അറിയില്ല. താന്‍ അധികാരമേറിയാല്‍ സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ മമതാ ബാനര്‍ജിയും കൈകഴുകി. പുന്നപ്ര വയലാറിലെ ഭരണകൂട കൂട്ടക്കൊലയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന സഖാക്കള്‍ സ്വന്തം ഭരണകൂട കൂട്ടക്കൊലയെപ്പറ്റി മിണ്ടാത്തതെന്തേ?
പുന്നപ്ര വയലാറിലെ ഈഴവരും ലത്തീന്‍ കത്തോലിക്കരും വോട്ടുബാങ്കാണ്; ദളിതന്‍, പ്രത്യേകിച്ചും കുടിയേറ്റ ദളിതന്‍, ഒരു നിഴല്‍ ചിത്രം മാത്രമാണ്. 1957 ലെ ഇഎംഎസ് ഭരണകൂടം മൂന്നാറിലും ചന്ദനത്തോപ്പിലും തൊഴിലാളികളെ വെടിവച്ചുകൊന്ന മാതൃക, ജ്യോതിബസുവിന് പറയാന്‍ ഉണ്ടായിരുന്നിരിക്കും-സ്റ്റാലിനു കഞ്ഞിവച്ചവന്‍. ദളിതന്റെ ചോര വീണ ദ്വീപ് ഏതെങ്കിലും ബൂര്‍ഷ്വായ്ക്ക് പാട്ടത്തിന് കൊടുക്കാന്‍ ആലോചിച്ചിരുന്നു എന്നും വരാം. വിപ്ലവം ജയിക്കട്ടെ!
© Ramachandran
No comments:
Post a Comment