Thursday, 13 June 2019

സഖാവ് വാങ്ങിയ വലിയ ചിത്രം

വാക്കുകൊണ്ടും വരകൊണ്ടും പാട്ടുകൊണ്ടും മനുഷ്യന്‍ സൃഷ്ടിക്കുന്ന സ്വകാര്യ സാമ്രാജ്യത്തിനൊപ്പം, പണംകൊണ്ട് കെട്ടിപ്പൊക്കുന്ന ഒരു സാമ്രാജ്യവും നില്‍ക്കില്ല. പക്ഷേ, ഇവിടെപ്പറഞ്ഞ മൂന്നിന്റെയും പ്രശ്‌നം, കലാകാരന് അവന്റെ ജീവിതകാലത്ത്, അവ ഉതകുകയില്ല എന്നതാണ്. ജീവിതശേഷമാണ്, അയാള്‍ സൃഷ്ടിച്ച സാമ്രാജ്യം തിരിച്ചറിയപ്പെടുന്നത്. അമൃത ഷെര്‍ഗില്‍ മുതല്‍ അമേദിയസ് മോദിഗ്ലിയാനി വരെയുള്ള ചിത്രകാരന്മാരുടെ ജീവിതം വരച്ചിടുന്ന സത്യമാണ്, ഇത്. 
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍, ലളിതകലാ അക്കാദമി ചെയര്‍മാനും ചിത്രകാരനുമായ ടി.എ.സത്യപാലിനെ വിളിച്ചു-ഒരു സംശയം തീര്‍ക്കാന്‍. ന്യൂഡ ല്‍ഹിയിലെ സാഫ്രണ്‍ ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അക്ബര്‍ പദംസിയുടെ 'ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്' എന്ന ചിത്രത്തിന് 19 കോടി രൂപ കിട്ടിയല്ലോ. പദംസി 1000 രൂപയ്ക്ക് കൃഷന്‍ ഖന്നയ്ക്ക് വിറ്റ ചിത്രം. അപ്പോള്‍, 19 കോടിയില്‍ എന്തെങ്കിലും പദംസിക്കു കിട്ടുമോ? ഇതായിരുന്നു, എന്റെ സംശയം. പദംസിയും ഖന്നയും വയസ്സന്മാരായി ജീവിച്ചിരിക്കുന്നുണ്ട്. കേന്ദ്ര അക്കാദമിയില്‍ സെക്രട്ടറിയായിരിക്കുകയും, പലതവണ സാഫ്രണില്‍ പോവുകയും ചെയ്ത സത്യപാല്‍ പറഞ്ഞത്, പദംസിക്ക് ഒന്നും കിട്ടില്ല എന്നുതന്നെ. കോരന് മാത്രമല്ല, കലാകാരനും കുമ്പിളില്‍ കഞ്ഞി എന്ന് ഞാന്‍ പറഞ്ഞത്, സത്യപാലിന് ഇഷ്ടപ്പെട്ടു. സത്യം ഇതൊന്നുമല്ല കേട്ടോ. കലാകാരന്റെ ചിത്രം നേരിട്ട് ലേലം ചെയ്താല്‍ അയാള്‍ക്ക് തന്നെ പണം കിട്ടും. പക്ഷെ, സത്യപാലില്‍നിന്ന് എനിക്ക് മനസ്സിലായത്, സാഫ്രണ്‍ പോലുള്ള ഗാലറികള്‍, കലാകാരന്മാരില്‍നിന്ന് നേരിട്ട് ചിത്രം വാങ്ങി ലേലം ചെയ്യുന്നില്ല എന്നാണ്. അവര്‍ ചിത്രം ശേഖരിക്കുന്നവരില്‍നിന്നാണ് ചിത്രം എടുക്കുന്നത്. ചിത്രകാരന്‍, ദാരിദ്ര്യകാലത്ത് വരച്ച് ചില്ലറയ്ക്ക് വിറ്റ ചിത്രം, ചിത്രകാരനു ഖ്യാതിയുണ്ടായശേഷം, മറിച്ചുവില്‍ക്കുന്ന പ്രക്രിയ. ഇതിലാണ്, നന്നായി കമ്മീഷന്‍ അടിക്കാന്‍ പറ്റുക. സാഫ്രണില്‍ ഒരിക്കല്‍ സത്യപാല്‍ ചെന്നപ്പോള്‍, പിക്കാസോ വരച്ച ഒരു ചെറുചിത്രം കണ്ടു എന്നുകേട്ട് ഞാന്‍ ഞെട്ടി. ഒരു ഭാരതീയ ചിത്രശേഖരന്റെ കൈയില്‍ പിക്കാസോയോ? അതെ, ഉണ്ടായിരുന്നു! പദംസിയുടെ ചിത്രം 19 കോടിക്ക് വാങ്ങിയ ആള്‍ അജ്ഞാതനാണ്. 
എന്നാല്‍, മോദിഗ്ലിയാനിയുടെ 'കിടക്കുന്ന സ്ത്രീ' ലോകത്തിലെ  വലിയ വിലയായ 1137 കോടി രൂപയ്ക്ക് ലേലംകൊണ്ടയാള്‍ അജ്ഞാതനല്ല-ചൈനക്കാരന്‍ ലിയു യിക്വാന്‍. അപ്പോള്‍, കമ്യൂണിസത്തില്‍ ഒന്നും പൊതുഉടമയില്‍ ആകുന്നില്ല. സ്വകാര്യ സ്വത്താകാം; കമ്യൂണിസം നീണാള്‍ വാഴട്ടെ! ഓഹരിയിലും ഭൂമിയിലും മരുന്നിലും നിക്ഷേപം നടത്തി കോടീശ്വരനായ ആളാണ്, ലിയു യിക്വാന്‍. ഷാങ്ഹായിയിലെ സണ്‍ലൈന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ഷാങ് ഹായിയില്‍ ഒരിക്കല്‍ ഞാന്‍ പോയതാണ്. അന്ന്, അദ്ദേഹത്തെപ്പറ്റി കേട്ടിരുന്നില്ല. 2010 ല്‍ ഇയാളുടെ സ്വത്ത് 10705 കോടി രൂപയുടേതായിരുന്നു. ചൈനയിലെ സമ്പന്നരില്‍, സ്ഥാനം, 163. ലോകത്തില്‍, 1533. ഈ സഖാവ്, 2004 ല്‍ ടിയാന്‍പിങ് ഓട്ടോ ഇന്‍ഷുറന്‍സും ഗുവോഹുവ ലൈഫ് ഇന്‍ഷുറന്‍സും തുടങ്ങി. പതിനാലാം നൂറ്റാണ്ടില്‍ തുടങ്ങി, 300 വര്‍ഷം ചൈന ഭരിച്ച മിങ് വംശകാലത്തെ ഒരു കപ്പിന്, ലിയു, 2014 ഏപ്രിലിലെ ലേലത്തില്‍, 243 കോടി രൂപകൊടുത്തു. 2015 മാര്‍ച്ചില്‍, 600 വര്‍ഷം പഴക്കമുള്ള തിബത്തന്‍ ചിത്രകമ്പളത്തിന്, 301 കോടി രൂപ കൊടുത്തു- ഒരു ചൈനീസ് ചിത്രപ്പണിക്കു ലോകത്ത് കിട്ടിയ ഏറ്റവും വലിയ ലേലത്തുക. ആ മാസാവസാനം, ന്യൂയോര്‍ക്കിലെ സോത്ബീസ് ലേലം ചെയ്ത, പത്മാസനത്തിലിരിക്കുന്ന പ്രാചീന തിബത്തന്‍ യോഗിയുടെ വെങ്കല പ്രതിമയും വാങ്ങി. പത്താം നൂറ്റാണ്ടിലെ സോങ് രാജവംശകാലത്തെ പൂപ്പാത്രത്തിന്, 2015 ഏപ്രിലില്‍ 98 കോടി നല്‍കി. അതുകഴിഞ്ഞ്, നവംബറിലാണ്, 1137 കോടി രൂപയ്ക്ക്, മോദിഗ്ലിയാനിയുടെ, 'ഉറങ്ങുന്ന സ്ത്രീ' വാങ്ങിയത്. സ്വന്തം കൈയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡാണ്, സഖാവ്, അതിനായി ഉപയോഗിച്ചത്! ഇതിന് മുന്‍പ്, മേയില്‍, പിക്കാസോയുടെ 'അള്‍ജിയേഴ്‌സിലെ സ്ത്രീകള്‍', 790 കോടിരൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. തര്‍ക്കവുമുണ്ട്- മോദിഗ്ലിയാനിക്കാണോ, പിക്കാസോയ്ക്കാണോ ഒന്നാം സ്ഥാനം? 

മോദിഗ്ലിയാനിയുടെ കൈയിലെ നഖങ്ങള്‍ മഞ്ഞയും കറുപ്പും കലര്‍ന്നതായിരുന്നു. നിക്കോട്ടിനും എണ്ണച്ചായവും കലര്‍ന്നു നല്‍കിയ നിറം. വടിക്കാത്ത താടിയും ചപ്രച്ഛമുടിയും. നാറുന്ന ജാക്കറ്റ്. പാരിസില്‍ അയാള്‍ പട്ടിണിയിലായിരുന്നു. പാരിസിലെ മോണ്ട്പാര്‍ണസ്സെയില്‍, പണം തീരുംവരെ വാറ്റുചാരായം കുടിക്കും. അതിന്റെ ലഹരി തീര്‍ന്നാല്‍, അടുത്ത കുപ്പിക്കായി, എന്തെങ്കിലും വരച്ചുതള്ളും. 1917 ല്‍, ലോകയുദ്ധത്തിന്റെ ഉച്ചസ്ഥായി, ആയിട്ടും, പാരീസില്‍ ടൂറിസ്റ്റുകള്‍ ധാരാളമായിരുന്നു. റോട്ടണ്ടെ എന്ന പ്രിയപ്പെട്ട ബാറില്‍, ആരെങ്കിലും അടുത്തുവന്നിരുന്നാല്‍, മോദിഗ്ലിയാനി, അയാളുടെ സ്‌കെച്ച് വരയ്ക്കും. ''ഞാന്‍ മോദിഗ്ലിയാനി'', ചിത്രം നീട്ടി അയാള്‍ പറയും, ''ജൂതന്‍; അഞ്ചു ഫ്രാങ്ക് തരൂ.'' ആ പേര് ആരും കേട്ടിരുന്നില്ല. ചിത്രങ്ങളിലെ തലകള്‍ നീണ്ടതായിരുന്നു; കണ്ണുകള്‍ ശൂന്യവും. ഇന്ന് ഇത്ര വിലയുണ്ടായിട്ടും, വാന്‍ഗോഗിനെയും പിക്കാസോയെയും പോലെ, ജനപ്രിയനല്ല, മോദിഗ്ലിയാനി. മയക്കുമരുന്നും മദ്യവും പെണ്ണും അക്രമാസക്തിയും മൂവര്‍ക്കും പൊതുവായിരുന്നു. മോദിഗ്ലിയാനി ജനിക്കും മുന്‍പ്, പിതാവ്, ഇറ്റലിയിലെ തുറമുഖനഗരമായ ലിവോണോയിലെ ഫ്‌ളാമിനിയോയുടെ ബ്ലേഡ് കമ്പനി പൊട്ടിയിരുന്നു. കടംകൊടുത്തവര്‍ വീട് വലയം ചെയ്തു. ഗര്‍ഭിണിയെ കടക്കാര്‍ ശല്യപ്പെടുത്തരുത് എന്ന ചട്ടമുണ്ടായിരുന്നതിനാല്‍, യൂജെനിയില്‍ ചിത്രകാരന്‍ ജനിച്ചു. 11-ാം വയസ്സില്‍ ബാധിച്ച പ്ലൂറിസിയുടെ വടുക്കള്‍ അവസാനംവരെ നിന്നു. അത് ക്ഷയമായി. രോഗിയായ കുട്ടിയെ അതു മറക്കാന്‍, അമ്മ യാത്രകളില്‍ കൊണ്ടുപോയി. പതിനാറാം വയസ്സില്‍ തന്നെ, അമ്മയ്‌ക്കൊപ്പം കാപ്രിയില്‍ പോയ മോദിഗ്ലിയാനി, നോര്‍വേയില്‍നിന്നുള്ള ഒരു ടൂറിസ്റ്റിനെ പ്രാപിച്ചു. വരാനിരിക്കുന്ന അസംഖ്യം കീഴടക്കലുകളില്‍ ആദ്യത്തേത്. ചിത്രകാരനാകാന്‍ അയാള്‍ 1906 ല്‍ പാരീസിലെത്തി. അമ്മ അയയ്ക്കുന്ന പണംകൊണ്ട് ജീവിക്കാം; പക്ഷേ, ഹാഷിഷിന് എന്തുചെയ്യും? അതിനാണ് വരച്ചത്. അങ്ങനെ ആദ്യം വരച്ച സ്ത്രീ ചിത്രത്തില്‍, സ്ത്രീയുടെ കഴുത്ത് അരയന്നത്തിന്റെ കഴുത്തുപോലെ നീണ്ടു. പിന്നെ, എല്ലാ കഴുത്തും നീണ്ടു. റഷ്യന്‍ കവയിത്രി അന്നാ അഹ്മത്തോവയെ നമ്മില്‍ പലരും അറിയും; എന്റെ സുഹൃത്ത് വിജയലക്ഷ്മി അവരുടെ കവിതകള്‍ മൊഴിമാറ്റിയിട്ടുണ്ട്. 1910 ല്‍ 26 വയസ്സുള്ള മോദിഗ്ലിയാനി, 21 വയസ്സുള്ള അന്നയുമായി തീഷ്ണപ്രണയത്തിലാകുമ്പോള്‍, അന്ന വിവാഹിതയായി, ഒരുവര്‍ഷമേ ആയിരുന്നുള്ളൂ. അവര്‍ ഒന്നിച്ചു കവിതകള്‍ ചൊല്ലി, ചന്ദ്രന് കീഴില്‍ നടന്നു; ലോവ്രേ ചിത്ര ഗാലറിയില്‍ പോയി. പരസ്പരം പ്രാപിച്ചു. അക്രമകാരിയായ അയാളില്‍നിന്ന്, ഒരു വര്‍ഷത്തിനുള്ളില്‍, അന്ന അകന്നു. അയാള്‍ ഹാഷിഷിലും കൊക്കെയ്‌നിലും ചാരായത്തിലും മുങ്ങാങ്കുഴിയിട്ടു. ലഹരിയുടെ മൂര്‍ധന്യത്തില്‍ അയാള്‍ അന്യരെ ആക്രമിച്ചു. ചിലപ്പോള്‍, തെരുവില്‍ അയാള്‍ നഗ്നനായി നൃത്തം വച്ചു. ഒരിക്കല്‍ അയാളുടെ ശരീരം, തൂപ്പുകാര്‍, കുപ്പത്തൊട്ടിയില്‍ നിന്ന് പുറത്തേക്കിട്ടു. എല്‍വിരാ എന്ന സൈ്വരിണി അയാള്‍ക്കൊപ്പം ശരീരവും കൊക്കെയ്‌നും പങ്കിട്ടു. നീചനായി ജീവിച്ച അയാള്‍, കലയില്‍ അധികാരിയായിരുന്നു; അയാള്‍ മഹാനാണെന്ന്, വലിയ ചിത്രകാരനായ റെനോയര്‍ അറിഞ്ഞിരുന്നു. എന്നിട്ടും, നാട്ടുകാര്‍ അയാളെ അറിഞ്ഞില്ല. കാന്‍വാസിനെക്കാള്‍ അയാള്‍ക്കിഷ്ടം ഉടലുകളായിരുന്നു. കാമുകിയായ ഇംഗ്ലീഷ് കവയിത്രി, ബിയാട്രിസ് ഹേസ്റ്റിങ്‌സ്, 'രതിയുടെ രഥ'മായി- വലിയ തൊപ്പിക്കടിയില്‍, ചലിക്കുന്ന താറാവുകളുമായി, കവയിത്രി, പാരിസ് തെരുവുകളില്‍ അലഞ്ഞു. പ്രണയിനികളെ തലമുടിയില്‍ പിടിച്ചുവലിക്കുക അയാള്‍ക്ക് ശീലമായിരുന്നു. ഒരിക്കല്‍ ബിയാട്രിസിനെ അയാള്‍ ജനാല വഴി പുറത്തേക്കെറിഞ്ഞു. ഫ്രഞ്ച് ചിത്രകാരി ജീന്‍ ഹെബുടേണിനെ ആദ്യം കണ്ടപ്പോള്‍ ബലാത്സംഗം ചെയ്തു. എന്നിട്ടും, അവര്‍ പ്രണയികളായി. ആ കാലത്താണ്, മോദിഗ്ലിയാനി, ഏറെ വരച്ചത്. അന്നുണ്ടായതാണ്, 'ഉറങ്ങുന്ന സ്ത്രീ.' അത്, ജീന്‍ ആയിരിക്കണമല്ലോ. ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍, പൊലീസ് പ്രദര്‍ശനം നിര്‍ത്തി വയ്പിച്ചു. ''ചിത്രത്തില്‍, രോമങ്ങളുണ്ട്,'' പൊലീസ് പരാതിപ്പെട്ടു. ജീനിന് 1918 ല്‍, ആ പേരില്‍ തന്നെ പെണ്‍കുഞ്ഞുണ്ടായി. മകളെ, മോദിഗ്ലിയാനിക്ക്, അറിയേണ്ടിവന്നില്ല. 1920 ല്‍ അയാള്‍ രക്തം ഛര്‍ദിച്ചു. ക്ഷയം വരുമ്പോള്‍, ചില വേള, ബാക്ടീരിയ തലച്ചോറിന്റെ അതിരുകളിലേക്ക് പോകും. അത് മസ്തിഷ്‌ക ജ്വരമാകും. ജനുവരി 24 ന് മരിക്കുമ്പോള്‍, അയാള്‍ക്ക്, 35 വയസ്സായിരുന്നു; 35 വയസ്സ് മാത്രമായിരുന്നു. അടുത്ത ദിവസം രാവിലെ, ജീന്‍, മുകള്‍ ജനാലയില്‍നിന്ന് പുറകോട്ടു ചാടി, ജീവനൊടുക്കി. ആ ചാട്ടത്തില്‍, വയറ്റിലുണ്ടായിരുന്ന അടുത്ത കുഞ്ഞും കൊല്ലപ്പെട്ടു. എനിക്കിനി ഒന്നും പറയാനില്ല-വരയ്ക്കാനാവാത്തതാണ് ജീവിതത്തിന്റെ വലിയ ചിത്രം.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...