Thursday, 13 June 2019

മുണ്ടശ്ശേരിയുടെ മകൾ

2017 ജനുവരി രണ്ട് ഉച്ചയ്ക്ക്  പന്ത്രണ്ടിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍, മില്‍ ലെവ്ന്‍ സെമിത്തേരിയിലായിരുന്നു , പ്രൊഫസര്‍ ഡോ. മേരി സത്യദാസിന്റെ സംസ്‌കാരം. രാവിലെ എട്ടു മുതല്‍ ഒന്‍പതര വരെ ബ്രൂക്ക് ഹൗസില്‍ പൊതുദര്‍ശനം. പത്തേകാല്‍ മുതല്‍ ഒരു മണിക്കൂര്‍ റോവന്‍ ചാപ്പലില്‍ ചരമശുശ്രൂഷ.
 അവര്‍ എന്റെ ഓര്‍മകളിലും നിറഞ്ഞുനില്‍ക്കും; അവര്‍ക്ക് അഞ്ചുമക്കളാണ്; മൂന്നാണും രണ്ടു പെണ്ണും. ഞാനും കൂടിയാല്‍, ആറുമക്കള്‍; എന്റെ രണ്ടാമത്തെ അമ്മ. എന്റെ മകള്‍ അശ്വതിയെ ബിഡിഎസിന് ചേര്‍ക്കും മുന്‍പ് ഞാന്‍ അവരെ കോട്ടയത്തെ വീട്ടില്‍ കണ്ടപ്പോള്‍, ഡന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു രോഗി, 32 രോഗിയാണ്, കാരണം പല്ലുകള്‍ 32 ആണ് എന്ന് അവര്‍ പറഞ്ഞു ചിരിച്ചത് ,ഒരു പത്ര പംക്തിയിൽ ഞാൻ എഴുതുമ്പോൾ , അവര്‍ മരിക്കുകയായിരുന്നു. അവരുടെ ഓര്‍മ എന്നില്‍ നിറയുകയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ തന്റെ ഹോസ്റ്റല്‍ മുറിയില്‍, അദ്ദേഹം തേച്ചിരുന്ന ബലാഗുളിച്യാദി എണ്ണയുടെ മണം വന്നു നിറഞ്ഞതായി മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ടല്ലൊ- അതുപോലെ ഒരനുഭവം.
പംക്തി വന്നത് അവര്‍ മരിച്ച ചൊവ്വാഴ്ചയാണെങ്കിലും, ഞാന്‍ അതിന്റെ പകുതി എഴുതിയത് വെള്ളിയാഴ്ചയായിരുന്നു. അന്നാണ്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അവര്‍ മാഞ്ചസ്റ്ററിലാണെന്നും അറിയാമായിരുന്നില്ല. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ (സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്) കരള്‍രോഗ ചികിത്സാവിദഗ്ദ്ധനാണ്, ഇളയ മകന്‍ ഡോ. തോമസ് സത്യദാസ്.അമ്മ മരിച്ചതിന് പിറ്റേന്ന്, മൂത്തമകന്‍ ജോസഫ് സത്യദാസ്, മാഞ്ചസ്റ്ററില്‍ നിന്ന് എനിക്കെഴുതി:
ഓഗസ്റ്റില്‍ ടെഡ്ഡി (തോമസ്) അമ്മയെ പ്രത്യേക ശ്രദ്ധയോടെ നോക്കാനായി മാഞ്ചസ്റ്ററില്‍ കൊണ്ടുവന്നു. ശ്വാസകോശത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍, മറ്റ് പ്രശ്‌നങ്ങളില്ലാതെ, എല്ലാം സ്വയം ചെയ്തുപോന്നു. രാത്രി, ശ്വാസോച്ഛ്വാസം എളുപ്പമാകാന്‍ ശ്വസന സഹായി ഉണ്ടായിരുന്നു. ഞാന്‍ 21 ന് മാഞ്ചസ്റ്ററിലെത്തുമ്പോള്‍, അമ്മ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കമ്പിളി ഷോളുകള്‍ തയ്ക്കുകയായിരുന്നു.
പടികള്‍ കയറിയിരുന്നു. എല്ലാറ്റിലും ഇടപെട്ടിരുന്നു. 23 ന് ശ്വാസം കഴിക്കാന്‍ പ്രയാസം വന്നതിനാല്‍ ആശുപത്രിയിലാക്കി. അടുത്തനാളുകളില്‍ അവരെ മക്കളും കൊച്ചുമക്കളും വലയം ചെയ്ത്, ക്രിസ്മസ് ഗാനങ്ങളും അമ്മക്കിഷ്ടപ്പെട്ട മറ്റു പാട്ടുകളും പാടി. സമാധാനത്തോടെയുള്ള മരണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ ബോധത്തോടെ സംസാരിച്ചു. അവസാനത്തെ ഏതാനും മണിക്കൂറുകളില്‍, അമ്മയ്‌ക്കൊപ്പം ഞങ്ങള്‍ അഞ്ചുമക്കളും ഉണ്ടായിരുന്നു.
പുണ്യം ചെയ്ത ജന്മം. മക്കളെല്ലാവരും ക്രിസ്മസ് അമ്മയ്‌ക്കൊപ്പം ചെലവിടാന്‍ എത്തിയതായിരുന്നു. ജോസഫ് സിംഗപ്പൂരിലെ ‘സ്‌ട്രെയ്റ്റ്‌സ് ടൈംസി’ല്‍ പത്രാധിപ സമിതി അംഗമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്ലീഷ് എംഎ ക്ലാസില്‍ ഞങ്ങള്‍ സഹപാഠികളായിരുന്നു. ജോസഫ്, മുണ്ടശ്ശേരിയുടെ കൊച്ചുമകനാണെന്നറിഞ്ഞ്, ഞാന്‍ പരിചയപ്പെട്ടു. ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് എന്തു മുണ്ടശ്ശേരി? അദ്ദേഹത്തിന്റെ ആത്മകഥ ‘കൊഴിഞ്ഞ ഇലകള്‍’, മറ്റു പുസ്തകങ്ങള്‍ ഒക്കെ ഹൃദിസ്ഥമാക്കിയിരുന്ന ഞാനും അവ അത്ര കാര്യമാക്കാത്ത ജോസഫും ആത്മമിത്രങ്ങളായി.
ഞങ്ങളുടെ സീനിയറായിരുന്നു, മുൻ  ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ഞങ്ങളുടെ പ്രൊഫസര്‍മാരായിരുന്നു, വിഷ്ണുനാരായണന്‍ നമ്പൂതിരിയും നരേന്ദ്രപ്രസാദും നര്‍ത്തകി നീനാ പ്രസാദിന്റെ അച്ഛന്‍ ഭാസ്‌കര പ്രസാദും. എന്റെ എക്കാലത്തെയും മികച്ച പ്രൊഫസറായിരുന്നു, നരേന്ദ്ര പ്രസാദ്. ടി.എസ്. എലിയറ്റിന്റെ ‘മര്‍ഡര്‍ ഇന്‍ ദ കഥിഡ്രല്‍’ നാടകമാണ്, നരേന്ദ്രപ്രസാദ് പഠിപ്പിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തോമസ് ബെക്കറ്റ്, യേശുവിനെപ്പോലെ പ്രലോഭനങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ നാടകീയ മുഹൂര്‍ത്തങ്ങളാണ് അതില്‍. അദ്ദേഹത്തിന്റെ ക്ലാസില്‍, എന്നെക്കാണാന്‍ വരുന്ന കൂട്ടുകാരെയും ഞാന്‍ വിളിച്ചു കയറ്റും. അങ്ങനെ കയറിയവരിലൊരാളാണ്, എന്‍.എം. പിയേഴ്‌സണ്‍. ഇവരും ജോസഫിന്റെ സുഹൃത്തുക്കളായി.
ഈ സൗഹൃദം, ജോസഫിന്റെ കോട്ടയം പെരുമ്പായിക്കാട്ടെ വീട്ടിലുമെത്തി. ജോസഫ് ഐഎഎസ് തയ്യാറെടുപ്പിനായി ഡല്‍ഹിയില്‍ പോയ കാലത്ത് കുറെ മാസങ്ങള്‍, ആ വീട്ടില്‍ ഞാന്‍ താമസിച്ചു. അങ്ങനെ, മേരി സത്യദാസ്, എന്റെയും അമ്മയായി. ടെഡ്ഡിയെ ഞാന്‍ എനിക്കറിയാത്ത ഒരു വിഷയം, കെമിസ്ട്രി, പഠിപ്പിച്ചു. അക്കാലത്ത് ഞാന്‍ ‘ദീപിക’യില്‍ ചേര്‍ന്നിരുന്നേയുള്ളൂ. ഒരു പാചകക്കാരനെ വച്ച് ഞങ്ങള്‍ ട്രെയിനികള്‍ റയില്‍വേ സ്റ്റേഷനടുത്ത് ഒന്നിച്ച് താമസിച്ചിരുന്നു. പാചകക്കാരന്റെ ഭക്ഷണം മോശമായതിനാല്‍, മിക്കവാറും ഞാന്‍ മേരി സത്യദാസിന്റെ വീട്ടില്‍ തന്നെയായിരുന്നു. സസ്യാഹാരിയായ എനിക്കായി അമ്മ, മെനു മാറ്റിയെഴുതി. ‘മനോരമ’യില്‍ അഭിമുഖ സമയത്ത് എവിടെയാണ് താമസം എന്ന് മാത്തുക്കുട്ടിച്ചായന്‍ ചോദിച്ചപ്പോള്‍, ‘ഡോ.മേരി സത്യദാസിന്റെ വീട്ടില്‍’ എന്നു പറഞ്ഞത്, മൊത്തം ഇന്റര്‍വ്യൂ ബോര്‍ഡില്‍ അമ്പരപ്പുണ്ടാക്കി. അപ്പോള്‍തന്നെ, മാത്തുക്കുട്ടിച്ചായന്‍ എന്നെ ക്രിസ്ത്യാനിയായി അംഗീകരിച്ചു എന്നുതോന്നി.

കറുത്തു തടിച്ച ഒരു വേലക്കാരി ഉണ്ടായിരുന്നു ആ വീട്ടില്‍. ഒരു നാള്‍ അവരെ കാണാഞ്ഞപ്പോള്‍, മേരി സത്യദാസ് വിശദീകരിച്ചു: ”she was entertaining the security man inside” പത്രപ്രവര്‍ത്തകന്‍ ശ്രദ്ധിക്കാത്തത്, വീട്ടുകാരി കണ്ടുപിടിക്കും എന്നു മനസ്സിലായി.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മൂത്തമകളായിരുന്നു, മേരി സത്യദാസ്. മുണ്ടശ്ശേരിയുടെ ഭാര്യ കത്രീന വല്ലപ്പോഴും വീട്ടില്‍ വന്നിരുന്നു. മുണ്ടശ്ശേരിയുടെ കൃതികള്‍ ഡി.സി. കിഴക്കെമുറി  പ്രസിദ്ധീകരിച്ചിട്ട് റോയല്‍റ്റി കൊടുക്കാത്തതിനെപ്പറ്റി അവര്‍ എന്നോടു പറയും. പില്‍ക്കാലത്ത്, ഡിസി യുടെ മകള്‍ താരയ്ക്ക്, ജോസഫ് മിന്നുകെട്ടിയതോടെ, റോയല്‍റ്റി വിഷയമല്ലാതായി. ജോസഫിന് ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടിയുമായി മൊട്ടിട്ട പ്രണയം, ജോസഫ് എന്നോടല്ല കൂടുതല്‍ ചര്‍ച്ച ചെയ്തത്- അമ്മയോടു തന്നെയായിരുന്നു.
വെല്ലൂരില്‍നിന്ന് ജനറല്‍ മെഡിസിനില്‍ എംഡിയും ഇംഗ്ലണ്ടില്‍ നിന്ന് എഫ്ആര്‍സിഎസും എടുത്ത ഡോ. സത്യദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്യൂട്ടറും, മേരി ഹൗസ് സര്‍ജനുമായിരിക്കുമ്പോഴാണ്, ഇരുവരും പ്രണയബദ്ധരാകുന്നത്. ബംഗളൂരുവില്‍ എല്‍എംപിയും കൊല്‍ക്കത്തയില്‍ കണ്ടന്‍സ്ഡ് എംബിബിഎസും തിരുവന്തപുരത്ത് ഫാര്‍മക്കോളജിയില്‍ എംഡിയും പഠിച്ച മേരി, നാടാരായ സത്യദാസിനെ പ്രണയിച്ചത്, മുണ്ടശ്ശേരിക്ക് പിടിച്ചില്ല. 1933 ഒക്‌ടോബര്‍ 26 ന് തൃശൂരില്‍ ജനിച്ച മേരിയും പട്ടം അയനിമൂട്ടില്‍ എ.എന്‍. സത്യനേശന്റെ മകന്‍ ഡോ.സത്യദാസും തമ്മിലുള്ള വിവാഹം, 1959 ഓഗസ്റ്റില്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി ആശീര്‍വദിക്കുമ്പോള്‍, മുണ്ടശ്ശേരി പങ്കെടുത്തില്ല. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ട് ഒരു മാസം തികയും മുമ്പായിരുന്നു, വിവാഹം. മുണ്ടശ്ശേരിയുടെ മകന്‍, തൃശൂര്‍ കറന്റ് ബുക്‌സ് ഉടമ തോമസ് മാത്രം, കുടുംബത്തില്‍ നിന്ന് പങ്കുകൊണ്ടു. ധനിക കുടുംബമായിരുന്നു, സത്യദാസിന്റേത്. ‘ഭാരതി’ പത്രാധിപരായിരുന്ന അച്ഛന്‍ സത്യനേശന് കെടിസി എന്ന പേരില്‍ ബസുകളുടെ ശൃംഖലയുണ്ടായിരുന്നു. സത്യനേശന്റെ 11 മക്കളില്‍ മൂത്തവനായിരുന്നു, സത്യദാസ്. അദ്ദേഹത്തിന്റെ സഹോദരനാണ്, പിന്നീട് മേയറായ സ്റ്റാന്‍ലി സത്യനേശന്‍. മേരിക്ക് രണ്ടു കുട്ടികളാകും വരെയും മുണ്ടശ്ശേരി നീരസം കാത്തു സൂക്ഷിച്ചതായി, സ്റ്റാന്‍ലിയുടെ ഭാര്യ മോളി ഓര്‍ക്കുന്നു.
സത്യദാസും മേരിയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്നത് 1965 ലാണ്. 1979 ല്‍ 54-ാം വയസില്‍ സത്യദാസ് മരിക്കുമ്പോള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടായിരുന്നു. വീടു പണിയുടെ ബാധ്യതക്കാലത്ത്, അദ്ദേഹം മദ്യം നിയന്ത്രിച്ചിരുന്നുവെന്നാണ്, ജോസഫ് പറഞ്ഞിട്ടുള്ളത്. സത്യദാസ് മരിക്കുമ്പോള്‍ കുട്ടികള്‍ക്ക് 19 മുതല്‍ 10 വരെയാണ് പ്രായം. എനിക്ക് അഞ്ചുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതിനാല്‍, അമ്മയെ ഞാന്‍ വിധവയായാണ് കണ്ടിട്ടുള്ളത്. മേരി സത്യദാസും ഞാന്‍ കാണുമ്പോള്‍ വിധവയാണ്. കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തി വലിയ നിലയിലെത്തിച്ച മേരി സത്യദാസിന്റെ സമര്‍പ്പണം അപാരമാണ്. നന്മയല്ലാതെ മറ്റൊന്നും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. കഴിഞ്ഞകൊല്ലം ജോസഫ് വന്നപ്പോള്‍, ഞാന്‍ ഉച്ചകഴിഞ്ഞാണ് കോട്ടയത്തെ വീട്ടിലെത്തിയത്. എന്നെക്കാണാന്‍ ഉച്ചയ്ക്കുള്ള പതിവ് ഉറക്കം മാറ്റിവച്ചിരുന്നു, അവര്‍. കണ്ടിട്ടേ ഉറങ്ങാന്‍ പോയുള്ളൂ.
റിട്ടയര്‍ ചെയ്തശേഷം (1988) കോയമ്പത്തൂര്‍ പിഎസ് ജി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മംഗലാപുരം ഡന്റല്‍ കോളജിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ഡോക്ടര്‍മാരുടെ പലതലമുറകളെ വാര്‍ത്തെടുത്ത ഒന്നാന്തരം അധ്യാപിക. അവരുടെ ക്ലാസുകള്‍ക്ക് പുറത്ത് പലപ്പോഴും സത്യദാസ് കാതുകൂര്‍പ്പിക്കുന്നതു കണ്ടവരുണ്ട്. വിരമിച്ചശേഷമുള്ള ഏകാന്തതയില്‍, പെന്തക്കോസ്തുകാര്‍ അവരുടെ മനസ്സു മാറ്റി.
ഒരു സിസേറിയന്‍ കഴിഞ്ഞ് താമസിയാതെ ഗര്‍ഭം ധരിക്കുന്നത് അപകടമാണെന്ന് വനിതാ മാസികകളില്‍ വായിച്ച് ആകുലപ്പെട്ടിരുന്നയാളാണ്, എന്റെ ഭാര്യയും. അങ്ങനെ രണ്ടാം ഗര്‍ഭം സംഭവിച്ചപ്പോള്‍, ഭാര്യ എന്നെ സ്വൈരം  കെടുത്തി, എനിക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന മട്ടില്‍. ജീവന്‍പോലെ മഹത്തായ ഒന്ന് പ്രകൃതിയില്‍ ഇല്ല എന്ന എന്റെ പ്രഭാഷണം ഭാര്യ ചെവിക്കൊണ്ടില്ല. ഞാന്‍ മേരി സത്യദാസിനെ വിളിച്ച് സംഭവം വിശദീകരിച്ച്, ഭാര്യയെ അവിടെക്കൊണ്ട് ചെല്ലാമെന്ന് അറിയിച്ചു. ഈ സംഭാഷണത്തിന്റെ കാര്യം പറയാതെ, ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാമെന്ന് പറഞ്ഞ്, ഞാന്‍ ഭാര്യയെ അവരുടെ അടുത്തു കൊണ്ടുപോയി. അങ്ങനെയാണ് ഞങ്ങള്‍ക്ക് ഡോ . അശ്വതി ഉണ്ടായത്.

ബിഡിഎസിനു മുന്‍പ് കണ്ടപ്പോള്‍ മേരി സത്യദാസ് എന്നോടു ചോദിച്ചു: ”ആ കുട്ടിയാണോ ഈ കുട്ടി?”
ഞാന്‍ തലയാട്ടി. അക്കാര്യം ഇതുവരെ മകളോട് പറഞ്ഞിട്ടില്ല.

അമ്മയുടെ ആത്മാവിന് പ്രത്യേകം ഈ നിമിഷം നിത്യശാന്തി നേരേണ്ടതില്ല എന്ന് ഞാനറിയുന്നു. ഈ ലോകത്ത് സ്വര്‍ഗമുണ്ടെങ്കില്‍, അവിടെ മാത്രമേ അമ്മയ്ക്ക് പോകാന്‍ കഴിയൂ. ഇങ്ങനെ ഉറപ്പിച്ചു പറയാനാവുന്ന ജീവിതങ്ങള്‍ അധികം നമുക്കില്ലാതിരിക്കെ, ശരീരം ജിര്‍ണവസ്ത്രം മാത്രമാണെന്ന് ഭഗവദ്ഗീത പറഞ്ഞിടത്തു ഞാന്‍ നില്‍ക്കുന്നു. ശരീരത്തിനപ്പുറത്തെ പ്രകാശമാണ്, മേരി സത്യദാസ്; ഇനി, ഒരാകാശ നക്ഷത്രം.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...