ഇറാക്ക് സേന, ഐഎസില്‍നിന്ന്, നിംറൂദ് വീണ്ടെടുത്തു എന്നു വായിച്ചപ്പോള്‍, പൊടുന്നനെ ഓര്‍മയില്‍ വന്നത്, കൊര്‍ദോബ എന്ന വാക്കാണ്. അവിടത്തെ ഗ്രന്ഥശാല കത്തിച്ച കാര്യം കുട്ടിക്കാലത്തു വായിച്ചപ്പോള്‍ ഉള്ളുനൊന്തു. ആറാം വയസുമുതല്‍ തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയിലെ സ്ഥിരക്കാരനായിരുന്നു, ഞാന്‍. എന്‍.വി. കൃഷ്ണവാരിയര്‍ സെക്രട്ടറിയായിരുന്ന ആ ഗ്രന്ഥശാലയാണ്, ചങ്ങമ്പുഴ 'രമണന്‍' എഴുതിയതിന് പിന്നാലെ, അദ്ദേഹം വിഷാദകവിതകള്‍ എഴുതുന്നതു നിര്‍ത്തണമെന്ന് പ്രമേയം പാസാക്കിയത്. ഗ്രന്ഥശാലയുടെ ഒരു വാര്‍ഷികത്തില്‍ അധ്യക്ഷനായത്, ഗാന്ധിയാണ്.
ഇസ്ലാമിക സ്‌പെയിനിലെ നഗരമായിരുന്നു, കൊര്‍ദോബ. റോമിലെ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്ത് (ബിസി 27 -എഡി 14) അത് ബേട്ടിക്കയുടെ തലസ്ഥാനമായിരുന്നു; റോമന്‍ തത്വചിന്തകന്‍ സെനേക്കയുടെ ജന്മനഗരം. ഇസ്ലാമിക സ്‌പെയിന്‍ അഥവാ, അല്‍ അന്‍ഡാലസിന്റെ തലസ്ഥാനമായിരുന്നപ്പോഴാണ് (756-1031) അത് തിളങ്ങിനിന്നത്. കൊര്‍ദോബയിലെ ഖലീഫയായ അല്‍ ഹക്കം രണ്ടാമന്റെ (961-976) ഗ്രന്ഥശാലയില്‍ നാലുലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നു. തന്റെ കാലശേഷം ഗ്രന്ഥശാല നിലനില്‍ക്കില്ല എന്ന് അല്‍ ഹക്കം ശങ്കിച്ചു. 976 മുതല്‍ 1002 വരെ അല്‍ അന്‍ഡാലസിന്റെ അനൗദ്യോഗിക ഭരണാധികാരിയായ അല്‍ മന്‍സൂര്‍, ഗ്രന്ഥശാലയിലെ മിക്കവാറും തത്വചിന്താ ഗ്രന്ഥങ്ങള്‍, മുസ്ലിം പുരോഹിതരെ പ്രീണിപ്പിക്കാന്‍ ചുട്ടുകരിച്ചു. കുറെയൊക്കെ വിറ്റഴിച്ചു. ബാക്കി ആഭ്യന്തരയുദ്ധത്തില്‍ നശിച്ചു. മൊസൂളില്‍ നിന്ന്, 30 കിലോമീറ്റര്‍ തെക്കാണ്, നിംറൂദ്. അത്, പുരാതന അസീറിയന്‍ നഗരത്തിന്റെ അറബിക്കിലും അരമായിക്കിലുമുള്ള പേരാണ്. യേശു സംസാരിച്ചിരുന്ന അരമായിക്ക് ഭാഷ, അന്യംനിന്നുപോയി. ബൈബിളിലെ നിംറോദ് എന്ന വേട്ടക്കാരന്റെ പേര് പുരാതന നഗരത്തിന് പില്‍ക്കാലത്തു നല്‍കിയതാണ്. ബൈബിളില്‍ പറയുന്ന 'കാല' നഗരമാണ്, നിംറൂദ്. അത് ഉല്‍പത്തി പുസ്തകത്തില്‍, നിംറോദിനെ പരാമര്‍ശിക്കുമ്പോള്‍ വരുന്നുണ്ട്. ഇസ്ലാമികമല്ലാത്ത നഗരമല്ലാത്തതിനാല്‍ ഇതിനെ നശിപ്പിക്കുമെന്ന്, 2015 ലാണ് ഐഎസ് പ്രഖ്യാപിച്ചത്. ഐഎസ്, നഗരം നശിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ ഇറക്കി. നഗരത്തിലെ ലമാസു പ്രതിമ, ഇടിച്ചു തകര്‍ക്കുന്ന വീഡിയോ വന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍, ബാമിയാന്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് ഓര്‍ത്തുപോയി. ജെങ്കിസ് ഖാന്റെ ഇറാക്ക് ആക്രമണം വഴിയും മറ്റും ടാട്ടാര്‍ ബീജം പലയിടത്തും ചെന്നെത്തിയതാണ്, ഇസ്ലാമിനെ ക്രൂരമാക്കിയതെന്ന്, ജെങ്കിസ് ഖാന്റെ ജീവചരിത്രത്തില്‍ വായിച്ചതും ഓര്‍ത്തു. ഹരിയാനയില്‍ ഓംപ്രകാശ് ചൗട്ടാലയുടെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങിയശേഷം, ഒരിക്കല്‍ ഒ.വി. വിജയനെ വീട്ടില്‍ കണ്ടു; എന്തുകൊണ്ടാണ്, ഹരിയാന ഇങ്ങനെയായത് എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം ആദ്യം കുസൃതി പറഞ്ഞു: ''ജാട്ടുകള്‍ ഇവിടത്തെ ഈഴവരാണ്!'' അതുകഴിഞ്ഞ്, അദ്ദേഹം കാര്യം പറഞ്ഞു: ഹരിയാനയ്ക്ക് സ്വന്തമായി സാഹിത്യമോ പുസ്തകമോ ഇല്ല. അപ്പോള്‍ പിന്നെ ഗ്രന്ഥശാലകളും ഇല്ലല്ലോ. പലവട്ടം ഞാന്‍ ഹരിയാനയില്‍ പോയിട്ടുണ്ട്. സാഹിത്യമല്ല, എരുമകളും പാലുമാണ് കൂടുതല്‍; പോത്തുകളാണ്, വളരെക്കൂടുതല്‍. സാഹിത്യവും സംസ്‌കാരവുമില്ലെങ്കില്‍, സമൂഹത്തില്‍ പോത്തുകളുടെ എണ്ണം കൂടും, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റുകള്‍ അതു തെളിയിക്കുന്നു.
മുസ്ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ഗ്രന്ഥശാലകള്‍ക്ക് തീവച്ചിട്ടുണ്ട്. അതിന് ഒരു പാത്രിയര്‍ക്കീസ് തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്. അതിനാണ്, നാം അലക്‌സാണ്ട്രിയയിലെ ഗ്രന്ഥശാല നശിപ്പിച്ച കഥ പഠിക്കേണ്ടത്. പുരാതനകാലത്തെ ഏറ്റവും വലിയ ഗ്രന്ഥശാലയായിരുന്നു, അലക്‌സാണ്ട്രിയയിലേത്. വിജ്ഞാനവും സംസ്‌കാരവും സംഹരിക്കപ്പെട്ട കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത്, ഈ ഗ്രന്ഥശാലയെയാണ്. പലവട്ടം അത് അഗ്നിക്കിരയായി. അതില്‍ പ്രധാനം നാലുഘട്ടങ്ങളാണ്. ബിസി 48 ലെ ആഭ്യന്തരയുദ്ധക്കാലത്ത്, ജൂലിയസ് സീസര്‍ തീവച്ചത്. എഡി 270-275 ല്‍ ഔറേലിയന്റെ ആക്രമണം. 391 ല്‍ കോപ്റ്റിക് പാത്രിയാര്‍ക്കീസ് തിയോഫിലസിന്റെ ഉത്തരവ്. 642 ല്‍ ഈജിപ്തിന്റെ മുസ്ലിം അധിനിവേശം. 'സീസറിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ചരിത്രകാരന്‍ പ്ലൂട്ടാര്‍ക്ക് എഴുതി: സമുദ്രം വഴിയുള്ള വിനിമയം ശത്രു വിഛേദിച്ചപ്പോള്‍, ആ അപകടം അദ്ദേഹം വഴിതിരിച്ചുവിട്ടത്, സ്വന്തം കപ്പലുകള്‍ക്ക് തീവച്ചാണ്. അത് ഡോക്കുകള്‍ ചാരമാക്കി, പടര്‍ന്ന് മഹത്തായ ഗ്രന്ഥശാല നശിപ്പിച്ചു. ഗ്രന്ഥശാലയാണോ പുസ്തകശേഖരമാണോ കത്തിപ്പോയത് എന്നൊക്കെ പണ്ഡിതര്‍ തര്‍ക്കിക്കാറുണ്ട്. ബിബ്ലിയോതെക്ക അലക്‌സാണ്ട്രിയ എന്നായിരുന്നു, ഗ്രന്ഥശാലയുടെ പേര്. രണ്ട് ഗ്രീക്കു വാക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാം. ബിബ്ലിയോതെക്കാസ് എന്നുവച്ചാല്‍, പുസ്തകക്കൂട്ടം. ബിബ്ലിയോതെക്കാ എന്നുപറഞ്ഞാല്‍, ഗ്രന്ഥശാല. സീസറും ടോളമി പതിമൂന്നാമനും തമ്മിലായിരുന്നു, യുദ്ധം. 40,000 പുസ്തകങ്ങള്‍ നശിപ്പിച്ചതായി, റോമന്‍ ചിന്തകന്‍ സെനേക്ക കുറിച്ചിട്ടുണ്ട്. സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖല ഭരിക്കുമ്പോള്‍, മാര്‍ക്ക് ആന്റണി, പെര്‍ഗമണിലുള്ള ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രന്ഥശാല കൊള്ളയടിച്ച് (40-30 ബിസി), പ്രണയിനിയായ ക്ലിയോപാട്രയ്ക്ക് സമ്മാനമായി കൊടുത്തു; സീസറിന്റെ അഗ്നിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരമായിരുന്നു, അത്. ഈജിപ്ത് ഭരിച്ച പാമിറയിലെ രാജ്ഞി സെനോബിയ (269-274)യുടെ കലാപം അമര്‍ച്ച ചെയ്യുമ്പോഴാണ്, ഔറേലിയന്‍ ചക്രവര്‍ത്തി, ഗ്രന്ഥശാലയില്‍ കൈവച്ചത്. മുഖ്യ ഗ്രന്ഥശാല തകര്‍ക്കപ്പെട്ടെങ്കിലും, സെറാപ്പിയത്തില്‍ ചെറുഗ്രന്ഥശാല അവശേഷിച്ചു. അതില്‍നിന്ന് പുസ്തകശേഖരം, കോണ്‍സ്റ്റാന്റിനോപ്പിളില്‍ പുതിയ തലസ്ഥാനമുണ്ടാക്കിയപ്പോള്‍, അവിടം അലങ്കരിക്കാന്‍ കൊണ്ടുപോയി. വിഗ്രഹാരാധന, 391 ലെ തീട്ടൂരംവഴി തിയഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തി നിയമവിരുദ്ധമാക്കിയപ്പോഴാണ് തിയോഫിലസ് പാത്രിയര്‍ക്കീസ് അലക്‌സാണ്ട്രിയയിലെ ദേവാലയങ്ങള്‍ പൂട്ടിയത്. മിത്രിയം തകര്‍ത്തു; അതുകഴിഞ്ഞ്, സെറാപ്പിയം. അലക്‌സാണ്ട്രിയ 642 ലാണ്, അമര്‍ ഇബന്‍ അല്‍-അസിന്റെ മുസ്ലിം സേന പിടിച്ചത്. അമര്‍ പറഞ്ഞു: ''ആ പുസ്തകങ്ങള്‍ ഖുര്‍ ആനോട് യോജിക്കുന്നുവെങ്കില്‍, നമുക്ക് അവയുടെ ആവശ്യമില്ല; അവ ഖുര്‍ ആനോട് വിയോജിക്കുന്നുവെങ്കില്‍, അവ നശിപ്പിക്കുക.''
നളന്ദയിലെ ഗ്രന്ഥശാല 1193 ല്‍ തുര്‍ക്കിയില്‍ നിന്നുവന്ന ബക്ത്യാര്‍ ഖില്‍ജിയാണ് തീവച്ചത്. അത്, ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്ക്, ആക്കം കൂട്ടി.പുസ്തകം നശിപ്പിക്കാനായില്ലെങ്കില്‍, എഴുതിയവന്റെ കൈവെട്ടുന്നതാണ് നാം കേരളത്തില്‍ കണ്ടത്.
No comments:
Post a Comment