Thursday 13 June 2019

പിടിച്ചപ്പോൾ ദെബ്രെ തത്തയായി

ദെബ്രേ ഒറ്റുകാരനാണെന്ന് ചെ ഗുവേരയുടെ മകള്‍ ഡോ.അലൈഡ പറയുന്നുവെങ്കിലും, ചെ യെ പിടിച്ച ബൊളീവിയന്‍ ബറ്റാലിയന്റെ മേധാവി ഗാരി പ്രാദോ സാല്‍മണിന്റെ ഭാഷ്യം അങ്ങനെയല്ല. അദ്ദേഹമെഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെഗുവേര'യില്‍, ദേബ്രേയെപ്പറ്റി മൂന്നുപേജുകളുണ്ട്. ദെബ്രേ സിഐഎ ഏജന്റാണെന്ന കിംവദന്തി എക്കാലവുമുണ്ടായിരുന്നു. എന്നാല്‍, അയാള്‍ ഒരു ബുദ്ധിജീവി മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍, പട്ടാളം പിടിച്ച പാടെ സര്‍വതും തത്തപോലെ പറഞ്ഞതായി, പ്രാദോയുടെ പുസ്തകത്തില്‍ കാണാം.
 കേരളത്തിലെ ഏതു നക്‌സലൈറ്റിനെ പിടിച്ചാലും, കഥ ഇതുതന്നെ; ബുദ്ധിജീവിയായിപ്പോയല്ലോ. ചെയുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ഒരുമണിക്കൂറിനകം, പുലര്‍ച്ചെ അഞ്ചരയ്ക്കാണ്, ദെബ്രേ, ബുസ്‌റ്റോസ് എന്നിവര്‍ റോത്തിനൊപ്പം പട്ടാളത്തിന്റെ പിടിയിലായത്. ദെബ്രേ പത്രപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടതു പട്ടാളം സ്വീകരിച്ചു. ബുസ്റ്റോസിന് ഒരു രേഖയും ഹാജരാക്കാനായില്ല. ദെബ്രേയുടെ പാസ്‌പോര്‍ട്ട് സ്വന്തം പേരിലായിരുന്നു; ബൊളീവിയയില്‍ മുന്‍പ് പോയിരുന്നു. അതിനാല്‍, ഗറിലകളിലൊരാളാണെന്ന വിവരം മറച്ചുവയ്ക്കാനായി. എന്നാല്‍, ബൊളീവിയയിലെ വാസം നിയമവിരുദ്ധമായിരുന്നു. ഗറില്ലയായ ടാനിയ ഉണ്ടാക്കിയ രഹസ്യവഴിയില്‍, ചിലിയില്‍ നിന്നാണ് ദെബ്രേ എത്തിയത്. മാധ്യമങ്ങളില്‍ ദെബ്രേയെപ്പറ്റി വന്നത് ഏപ്രില്‍ 23 ന്. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ ദെബ്രേ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാജ്യാന്തരതലത്തില്‍ കോളിളക്കമുണ്ടാക്കി. കാരണം, ദെബ്രേയും കാസ്‌ട്രോയും സുഹൃത്തുക്കളായിരുന്നു. ഏപ്രില്‍ അവസാനം, ദെബ്രേയെയും കൂട്ടരെയും തടവിലാക്കിയ വാര്‍ത്ത ജനറല്‍ ഒവാണ്ടോ സ്ഥിരീകരിച്ചു. കാമിറിയില്‍ നിന്ന് ഇവരെ ലാ എസ്‌പെരാന്‍സയിലേക്ക് മാറ്റി. റേഞ്ചര്‍ ബറ്റാലിയന്റെ പരിശീലനകേന്ദ്രമായിരുന്ന അവിടെ, ആരും അവരെ അന്വേഷിക്കുമായിരുന്നില്ല. ഒരുമാസം ഇവരെ ചോദ്യം ചെയ്തു. ദെബ്രേ, ദീര്‍ഘമായ ചോദ്യം ചെയ്യലില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി പ്രാദോ പറയുന്നു: 

 ദെബ്രേ 1966 ല്‍ ഹവാനയില്‍ കാസ്‌ട്രോയുമായി കണ്ടിരുന്നു. ബൊളീവിയയില്‍ ചെ ഗറിലാ പോരാട്ടത്തിലാണെന്ന് കാസ്‌ട്രോ പറഞ്ഞു. . നവംബര്‍ അവസാനം ഗറിലകള്‍ താവളമുണ്ടാക്കിയതിനാല്‍, ദെബ്രേയ്ക്ക് ആ വിവരം പരസ്യപ്പെടുത്താനാകുമായിരുന്നു. . ദെബ്രേ ഫെബ്രുവരി മധ്യത്തില്‍ ചിലി വഴി അനധികൃതമായി എത്തി. ലാ പാസില്‍ ടാനിയയുമായി ബന്ധപ്പെട്ട് ആ സമയത്തു കണ്ട ബുസ്റ്റോസിനും ടാനിയയ്ക്കുമൊപ്പം, ബസില്‍ കൊച്ച ബാംബയ്ക്കും സുക്രെയിലേക്കും പോയി. അവിടന്നു ടാക്‌സിയില്‍, കാമിറിയില്‍. അവിടെ കൊക്കോയെ സന്ധിച്ച്, ടാനിയ ജീപ്പില്‍ തകരമേല്‍പുരയുള്ള വീട്ടില്‍ അവരെ എത്തിച്ചു. മാര്‍ച്ച് ആറ് വൈകിട്ട് അവര്‍ ക്യാമ്പിലെത്തി. അവിടെ 20 പേരുണ്ടായിരുന്നു. ബൊളീവിയക്കാരും ക്യൂബക്കാരുമായിരുന്നു, പ്രധാനികള്‍.  ദെബ്രേ, മാര്‍ച്ച് 20 വരെ കാത്താണ്, ചെയെ കണ്ടത്. ഗ്രാന്‍ഡെ നദിയുടെ ഭാഗത്തെ ഒരു കൂടിക്കാഴ്ചയില്‍ നിന്നു സംഘത്തോടൊപ്പം മടങ്ങിയതായിരുന്നു, ചെ. . ഗറിലകള്‍ക്ക് നിരവധി താവളങ്ങള്‍. ദെബ്രേ കേന്ദ്രക്യാമ്പ് എവിടെയാണെന്ന് വെളിപ്പെടുത്തി. എല്‍ ഓസോ. ചെറിയ താവളങ്ങളെപ്പറ്റിയും പറഞ്ഞു. പട്ടാളത്തില്‍ നിന്ന് പിടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും അവിടങ്ങളില്‍ ഗുഹകളിലാണ് ഇവയും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒളിപ്പിച്ചിരുന്നത്. . ചെയുമായി അഭിമുഖം നടത്തുകയായിരുന്നു, ദെബ്രേയുടെ ലക്ഷ്യം. ഇത് മാര്‍ച്ച് 22 നും 23 നും നടന്നു. അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു: ചെ നവംബറില്‍ എത്തിയത് വേഷപ്രച്ഛന്നനായാണ്. കഷണ്ടി, താടിയില്ല, വ്യാജരേഖകള്‍. വിജയംവരെ അല്ലെങ്കില്‍, മരണംവരെ, നാങ്കഹാസുവില്‍ വാസം. ഗറില യുദ്ധതന്ത്രത്തെപ്പറ്റി സംവാദം നടന്നു. ഭിന്നതകള്‍, താവളങ്ങള്‍ സ്ഥിരമാകണോ താല്‍ക്കാലികങ്ങളാവണോ എന്നതിനെപ്പറ്റിയായിരുന്നു. മുന്നണിസേന ഒന്നു വേണോ പലതുവേണോ? ചെ പദ്ധതി വിശദീകരിച്ചു. ചില കാര്യങ്ങള്‍ മുറുക്കിക്കഴിഞ്ഞാല്‍, ഭൂഖണ്ഡമാകെ. ഒരു ഏകോപനകേന്ദ്രം വേണം. ഉത്തര അമേരിക്കന്‍ സായുധ ഇടപെടല്‍ അനിവാര്യമാക്കും. എന്തുകൊണ്ട് ബൊളീവിയ തെരഞ്ഞെടുത്തു? പെറുവായിരുന്നു ഭേദം എന്നാണ് ചെയ്ക്ക് തോന്നിയത്. പക്ഷേ, ബൊളീവിയയില്‍ നിന്ന് പെറു, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാം. ഇപ്പോഴത്തെ താവളത്തിന് ആ മേഖലയ്ക്കപ്പുറം ബന്ധങ്ങളില്ല. ഭക്ഷ്യക്ഷാമമുണ്ട്. അതു വാങ്ങാന്‍ ഇഷ്ടംപോലെ പണമുണ്ട്. രണ്ടു ഗറിലകള്‍, മൊയിസസ് ഗുവേരയുടെ നേതൃത്വത്തില്‍ താവളം വിട്ടതിനാല്‍, തര്‍ക്കമുണ്ടായി. മൊയിസസ് കൊണ്ടുവന്നത്, ഭീരുക്കളെയും ഒറ്റുകാരെയുമാണെന്ന് ഇന്റി പറഞ്ഞു. ദെബ്രേ, നാങ്കഹാസു, ഇരിപ്പിറ്റി പോരാട്ടങ്ങളില്‍ പങ്കെടുത്തില്ല. ഗറിലകള്‍ ദെബ്രേയെ സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. റോത്തിന്റെ ബന്ധങ്ങള്‍ വഴി സ്ഥലം വിടാന്‍ ദെബ്രേ ആഗ്രഹിച്ചു. ദെബ്രേ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സാഹചര്യത്തിന്റെ പൂര്‍ണചിത്രം നല്‍കിയെന്ന്, പ്രാദോ എഴുതുന്നു. ബുദ്ധിജീവികള്‍ പാവങ്ങളും ലോലമനസ്‌കരുമാണ്. ഏതൊരു ബുദ്ധിജീവിയിലും, ഒരു കെ.വേണു ഒളിഞ്ഞിരിക്കുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...