Thursday 13 June 2019

ടമാര,ചെഗുവേരയുടെ കാമുകി

ക്യൂബയിലെ വിപ്ലവത്തെപ്പറ്റി വായിക്കുമ്പോള്‍, നക്‌സലൈറ്റ് അജിതയെ ഓര്‍മയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ്, ചെഗുവേരയുടെയും ദെബ്രേയുടെയും കഥകളില്‍ കാണുന്ന ടാനിയ എന്ന ഹെയ്ദി ടമാര ബങ്കെ ബിദര്‍ (1937-1967). അര്‍ജന്റീനയില്‍ പിറന്ന കിഴക്കന്‍ ജര്‍മന്‍ ചാര വനിത. വിപ്ലവശേഷം ക്യൂബന്‍ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ചെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഏക പെണ്‍ഗറില്ല. സിഐഎ സഹായത്തോടെ ബൊളീവിയന്‍ പട്ടാളം അവരെ വെടിവച്ചു കൊന്നു.
ജര്‍മന്‍ കമ്യൂണിസ്റ്റുകളായ എറിക് ബങ്കെ, നാദിയ ബിദര്‍ (പോളണ്ടുകാരി) എന്നിവരുടെ മകളായി ബ്യൂനസ് ഐറിസില്‍ ജനനം. പിതാവ് ജര്‍മന്‍ പാര്‍ട്ടിയില്‍ 1928 ല്‍ ചേര്‍ന്ന്, 1933 ല്‍ നാസിഭരണം വന്നപ്പോള്‍, ഭാര്യയ്‌ക്കൊപ്പം അര്‍ജന്റീനയ്ക്ക് രക്ഷപ്പെട്ടതാണ്. അവര്‍ അര്‍ജന്റീനയിലെ പാര്‍ട്ടി അംഗമായി. ടമാരയും സഹോദരന്‍ ഒലാഫും രാഷ്ട്രീയാതിപ്രസരത്തില്‍, കണ്ണൂര്‍ സഖാക്കളെപ്പോലെ വളര്‍ന്നു. അവരുടെ വീട്ടിലായിരുന്നു, ആയുധശേഖരം.
കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട് സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പഠിച്ചു.
തെക്കേ അമേരിക്കയിലെ നാടന്‍ പാട്ടില്‍ ഭ്രമിച്ചു. 1952 ല്‍ കുടുംബം കിഴക്കന്‍ ജര്‍മനിക്ക് മടങ്ങിയ ശേഷമാണ്, സര്‍വകലാശാലാ പഠനം. ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ചേര്‍ന്നു. ഹവാനയിലും വിയന്നയിലും ആഗോള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സംസാരിച്ചു.
ചെ യെ പരിചയപ്പെടുന്നത് 1960 ല്‍, 23-ാം വയസ്സില്‍. അദ്ദേഹം കിഴക്കന്‍ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ എത്തിയതായിരുന്നു. ടാനിയ ആയിരുന്നു, ദ്വിഭാഷി. അടുത്ത വര്‍ഷം വിപ്ലവത്തിന്റെ ആരാധിക, ക്യൂബയിലെത്തി.
സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ടാനിയ തിളങ്ങി. ബൊളീവിയയിലെ ചെയുടെ ദൗത്യത്തിന് ‘ഓപ്പറേഷന്‍ ഫന്റാസ്മ’ എന്നായിരുന്നു, പേര്. ടാനിയ അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡാരിയല്‍ അലാര്‍കോണ്‍ റാമിറെസ് (ബെനിഞ്ഞോ), പടിഞ്ഞാറന്‍ ക്യൂബയിലെ പിനാര്‍ ദെല്‍ റിയോയില്‍ പരിശീലിപ്പിച്ചു. കത്തി, മെഷീന്‍ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിക്കാന്‍ പഠിച്ചു. ടെലഗ്രാഫ് സന്ദേശങ്ങള്‍, കോഡ് ഭാഷയില്‍ റേഡിയോ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കാന്‍ പഠിച്ചു. എല്ലാ ഗറില്ലകള്‍ക്കും വ്യാജപ്പേരുണ്ടാകുമെന്നതിനാല്‍, ടമാര, ടാനിയ ആയി. ഗിറ്റാറിലും പിയാനോയിലും അര്‍ജന്റീനയിലെ നാടന്‍ പാട്ടുകള്‍ വായിച്ച് ജനത്തെ മയക്കി.
ബൊളീവിയയിലേക്ക് 1964 ഒക്‌ടോബറില്‍ പോയത്, ലോറ ഗുട്ടിയേറസ് ബോയര്‍ എന്ന പേരില്‍. ചെയുടെ അന്തിമ പോരാട്ടത്തിന്റെ ചാരവനിത. വലതുപക്ഷ നാടന്‍ കലാകാരിയായി അഭിനയിച്ചു. ബൊളീവിയന്‍ ബുദ്ധിജീവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍, ടാനിയ പടര്‍ന്നു. ബൊളീവിയയുടെ പ്രസിഡന്റ് റെനെ ബാരിയന്റിസിനൊപ്പം പെറുവില്‍ അവധിക്കാലം ചെലവിട്ടു; ഒരു ബൊളീവിയന്‍ യുവാവുമായി ‘സൗകര്യവിവാഹ’ത്തിലേര്‍പ്പെട്ട് പൗരത്വം നേടി.

ടാനിയയുടെ അപാര്‍ട്ട്‌മെന്റിനു പിന്നില്‍ ചുമരിലൊളിപ്പിച്ച റേഡിയോ വഴിയാണ്, കാസ്‌ട്രോയ്ക്ക് സന്ദേശം അയച്ചിരുന്നത്. താവളങ്ങളില്‍ ഗറിലകളോട് പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നായി ഭാവിക്കുകയും ചെയ്തു. 1966 അവസാനം, പല സഖാക്കളെയും വിശ്വസിക്കാനാവില്ലെന്ന് മനസിലാക്കിയ ടാനിയ നാങ്കഹാസുവിലെ ഗ്രാമീണ ക്യാമ്പിലേക്ക് പലവട്ടം പോയി. ഇത്തരം യാത്രകളിലൊന്നില്‍, പിടിക്കപ്പെട്ട ഒരു ഗറില്ല പട്ടാളത്തിന് താവളം വെളിപ്പെടുത്തി. അവിടെ ടാനിയ പാര്‍ക്കു ചെയ്ത ജീപ്പില്‍നിന്ന് ആളുകളുടെ വിലാസമെഴുതിയ പുസ്തകം കണ്ടെത്തിയതോടെ, ടാനിയയുടെ കള്ളിവെളിച്ചത്തായി; അവള്‍ മുഴുവന്‍ സമയ ഗറില്ല മാത്രമായി. തകര്‍ന്ന വിപ്ലവത്തെ അതിജീവിച്ച ഗറില്ല ബെനിഞ്ഞോ പറഞ്ഞത്, ചെയും ടാനിയയും പ്രണയത്തിലായി എന്നാണ്. ”അവസാനകാലത്ത് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം കണ്ണുകളില്‍ നോക്കി സംസാരിച്ചിരുന്നു.”
പനിയും കാലിലെ പരിക്കും കാരണം വല്ലാതായ ടാനിയയെയും 16 സംഘാംഗങ്ങളെയും ചെ മലയിറക്കിവിട്ടു. 1967 ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചരയ്ക്ക് ഗാന്‍ഡെ നദി കുറുകെ കടക്കുമ്പോള്‍, പട്ടാളം സംഘത്തെ കണ്ടെത്തി. പട്ടാളം വെടിവച്ചു കൊല്ലുമ്പോള്‍, ടാനിയ, അരക്കെട്ടോളം വെള്ളത്തില്‍, തലയ്ക്കുമേല്‍ റൈഫിള്‍ ഉയര്‍ത്തിനിന്നു. കൈയിലും ശ്വാസകോശത്തിലും വെടിയേറ്റു. സെപ്തംബര്‍ ആറിന് മാത്രമാണ്, പട്ടാളത്തിന് ടാനിയയുടെ ഒഴുകി നീങ്ങിയ ജഡം കണ്ടെത്താനായത്. പിരാനാ മത്സ്യങ്ങള്‍ കൊത്തിവലിച്ച ജഡം പ്രസിഡന്റ് ബാരിയന്റോസിനടുത്തെത്തിയപ്പോള്‍, മറ്റ് ഗറിലകള്‍ക്കൊപ്പം തെമ്മാടിക്കുഴിയിലടക്കാനായിരുന്നു തീരുമാനം; എന്നാല്‍, നാട്ടിലെ പെണ്ണുങ്ങള്‍ ഒരു ക്രൈസ്തവ സംസ്‌കാരം നല്‍കാന്‍ നിര്‍ബന്ധിച്ചു.
ചെയുടെ ജീവചരിത്രകാരന്‍ ജോണ്‍ ലി ആന്‍ഡേഴ്‌സണ്‍ 1997 ല്‍ ചെയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയശേഷം, വല്ലെഗ്രാന്‍ഡെ പട്ടാളത്താവളത്തിലെ ഒരു തെമ്മാടിക്കുഴിയില്‍, 1998 ഒക്‌ടോബര്‍ 13 ന്, ടാനിയയുടെ അവശിഷ്ടങ്ങളും കണ്ടത്തി. അത് ക്യൂബയില്‍, ചെ മൗസോളിയത്തില്‍ സംസ്‌കരിച്ചു.
ഒരുപാട് കിംവദന്തികള്‍ നിലനില്‍ക്കുന്നു: ടാനിയ കെജിബിയുടെയുടെ കിഴക്കന്‍ ജര്‍മന്‍ സ്റ്റാസിയുടെയും ചാരപ്പണി നടത്തിയിരുന്നു; കൊല്ലപ്പെടുമ്പോള്‍, ചെയുടെ കുഞ്ഞ്, വയറ്റിലുണ്ടായിരുന്നു. റഷ്യയും ജര്‍മനിയും, അവര്‍ ചാരപ്പണി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ഉറൂഗ്വേക്കാരനായ ഹൊസേ എ. ഫ്രീഡ്ല്‍ ‘ചെഗുവേര പ്രണയിച്ച ടാനിയ’ എന്നൊരു പുസ്തകമെഴുതിയിരുന്നു. ടാനിയയുടെ അമ്മ നാദിയ, 2003 ല്‍ മരിക്കും മുന്‍പ്, ആ പുസ്തകം ജര്‍മനിയില്‍ വില്‍ക്കുന്നത് കേസുകൊടുത്ത് തടയുകയുണ്ടായി.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...