കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് 'കലാകൗമുദി'യില്‍ (ലക്കം 1639) 'സ്വദേശാഭിമാനി: ഒരു പൊളിച്ചെഴുത്ത്' എന്ന ശീര്‍ഷകത്തില്‍ ഒരു പ്രബന്ധം ഞാന്‍ എഴുതുകയുണ്ടായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എങ്ങനെയാണ്, ദളിതരുടെയും പിന്നാക്കക്കാരുടെയും ആജന്മശത്രുവായതെന്ന് നിരീക്ഷിച്ച ശേഷം, ദിവാന്‍ പി.രാജഗോപാലാചാരിയെ അദ്ദേഹം ആക്രമിച്ചതിന്റെ രാഷ്ട്രീയം, ആ പ്രബന്ധത്തില്‍ വിവരിച്ചു. രാമകൃഷ്ണപിള്ളയെ ദിവാന്റെ ശത്രുവാക്കിയത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനമോഹമാണ് എന്ന്, അതില്‍ വ്യക്തമാക്കി.
അദ്ദേഹത്തെ നാടുകടത്തിയതു സംബന്ധിച്ച് ദിവാന്‍, തിരുവിതാംകൂര്‍ ഡര്‍ബാറിന് 1912 ഓഗസ്റ്റ് 15 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കാര്യമുണ്ട്. രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് അടിസ്ഥാനം, അദ്ദേഹത്തിന്റെ സാമാജിക മോഹമാണ് എന്ന് അതില്‍ പറയുന്നു. രാമകൃഷ്ണപിള്ളയെഴുതിയ 'എന്റെ നാടുകടത്തല്‍' എന്ന പുസത്കത്തിലാകട്ടെ, നാടുകടത്തലിന്റെ കാരണങ്ങള്‍ ഒന്നുമില്ല. പിള്ളയെ മഹാനാക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളാണ്, ഇപ്പോള്‍ കാരണമായി പറയുന്ന ബാക്കിയെല്ലാം. ദിവാന്റെ റിപ്പോര്‍ട്ടില്‍തന്നെ പിള്ള വ്യഭിചാരി എന്നു വിളിച്ചു മുഖപ്രസംഗങ്ങള്‍ എഴുതിയതും പറഞ്ഞിരിക്കുന്നു. ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി എത്തിയത് പോരാട്ടത്തിലൂടെയാണ്; എന്നാല്‍, ദിവാനെ ആക്രമിച്ചും പേടിപ്പിച്ചും സഭയിലെത്താനായിരുന്നു, പിള്ളയുടെ ശ്രമം. പ്രജാസഭയിലേക്കുള്ള പിള്ളയുടെ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ 1909 ല്‍ റദ്ദാക്കി. അതിനുശേഷമാണ്, പിള്ള ദിവാനെതിരായ ആക്രമണങ്ങള്‍ക്കു മൂര്‍ച്ചകൂട്ടിയത്. പിള്ളയെ സഭയിലേക്ക് തെരഞ്ഞെടുത്തത് നെയ്യാറ്റിന്‍കരയില്‍ നിന്നായിരുന്നു. അന്നത്തെ ചട്ടമനുസരിച്ച്, ഒരാള്‍ ഒരു താലൂക്കില്‍ വോട്ടറാകാനും ആ താലൂക്കില്‍ നിന്നു തെരഞ്ഞെടുക്കപ്പെടാനും അയാള്‍ ബിരുദധാരിയും ആ താലൂക്കില്‍ സ്ഥിരതാമസക്കാരനും ആയിരിക്കണം. എന്നാല്‍, പിള്ള താമസിച്ചിരുന്നത് നെയ്യാറ്റിന്‍കര താലൂക്കിലല്ല എന്നതിനാല്‍, അദ്ദേഹത്തെ തെരഞ്ഞെടുത്തത്, 1909 ഒക്‌ടോബര്‍ 31 ന് റദ്ദാക്കി.
തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അവസാന അംഗീകാരത്തിനായി, സര്‍ക്കാരിന് സമര്‍പ്പിക്കും മുന്‍പുതന്നെ, പിള്ള പ്രജാസഭയില്‍ പ്രസംഗിക്കാന്‍ പോകുന്ന വിഷയങ്ങള്‍ 'ഔദ്യോഗികാഴിമതിയും ഭരണകൂടത്തിന്റെ അധികാര പ്രമത്തതയും', 'ഗവണ്‍മെന്റ് കാര്യങ്ങളില്‍ കൊട്ടാരം ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍' എന്നിവയാണെന്ന് ദിവാന്‍ പേഷ്‌കാരെ അറിയിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താന്‍ അനുവദിക്കുമായിരുന്നില്ലെന്ന്, ദിവാന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.
രാജഗോപാലാചാരി പിന്നാക്കക്കാരോട് എത്ര അനുകൂല മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത് എന്നതിന് ചില തെളിവുകള്‍ കണ്ടതിനാലാണ്, ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്. 'ദേശാഭിമാനി' ടി.കെ. മാധവന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ്, ഈ തെളിവുകള്‍ വരുന്നത്; കുമാരനാശാന്റെ കുറിപ്പുകളുമുണ്ട്.
സ്വദേശത്തും സ്വന്തം സമുദായമായ ഈഴവര്‍ക്കിടയിലും അപ്രസിദ്ധനായിരുന്ന കോമലേഴത്ത് മാധവന്‍ 'ദേശാഭിമാനി'യുടെ കൂട്ടുടമസ്ഥനും മാനേജരും എന്ന നിലയ്ക്കാണ്, പൊതുജീവിതത്തില്‍ ശ്രദ്ധേയനാകുന്നത്. കവിയായ പരവൂര്‍ കേശവനാശാന്‍ മുതലായ ചില സമുദായാഭിമാനികള്‍, 'സുജനാനന്ദിനി', 'കേരള സന്ദേശം', 'കേരള കൗമുദി' എന്നീ പേരുകളില്‍ 1892 മുതല്‍ ഈഴവസമുദായത്തിനായി പത്രങ്ങള്‍ നടത്തിയിരുന്നെങ്കിലും, 'ദേശാഭിമാനി' തുടങ്ങും മുന്‍പ് അവയെല്ലാം, നിലച്ചിരുന്നു. അന്നു മലയാളത്തില്‍ പ്രതിദിന പത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാ പ്രധാന സമുദായത്തിനും ഒന്നില്‍കുറയാതെ പ്രതിവാരികകളും ദ്വൈവാരികകളും ഉണ്ടായിരുന്നു. അങ്ങനെ ഈഴവര്‍ക്ക് വര്‍ത്തമാനപ്പത്രമില്ലാത്ത ന്യൂനത പരിഹരിക്കാനാണ്, മാധവന്‍ 'ദേശാഭിമാനി' തുടങ്ങാന്‍ തീരുമാനിച്ചത്.
പുതുപ്പള്ളില്‍ ആനസ്ഥാനത്ത് കുഞ്ഞുപണിക്കര്‍ തുടങ്ങി ചിലര്‍ 'കവിതാ വിലാസിനി' എന്ന പേരില്‍, പദ്യമാസിക കായംകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തകരോടും മറ്റും ആലോചിച്ചപ്പോള്‍, പത്രം നടത്തുന്നതു നന്നെന്നു ബോധ്യപ്പെട്ടു. ഭാര്യാ സഹോദരനായ കയ്യാലയ്ക്കല്‍ പത്മനാഭന്‍ ചാന്നാര്‍, പണം മുടക്കാന്‍ സമ്മതിച്ചു. ഉടമകളായ മാധവന്‍, കെ.പി.കയ്യാലയ്ക്കല്‍, പത്രാധിപര്‍ ടി.കെ.നാരായണന്‍ എന്നിവര്‍ 1905 ല്‍ (1090 മീനം 13) കരാര്‍ ഒപ്പിട്ടു. പത്രത്തിനു പല പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും, വക്കം അബ്ദുല്‍ഖാദര്‍ മൗലവി ഉടമയായി, രാമകൃഷ്ണപിള്ള രണ്ടാമത്തെ പത്രാധിപരായിരുന്ന, 'സ്വദേശാഭിമാനി' എടുത്ത് 'സ്വ' കളയാനായിരുന്നു തീരുമാനം. 'സ്വ' ഇല്ലാതാകുമ്പോള്‍, സ്വാര്‍ത്ഥവും സ്വകാര്യവും ഇല്ലാതാകുന്നു എന്ന് അവര്‍ കണ്ടു. 1915 ല്‍തന്നെ (മേടം നാല്) 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു-രാമകൃഷ്ണ പിള്ളയെ നാടുകടത്തി അഞ്ചുകൊല്ലത്തിനുശേഷം.
പിള്ളയെ നാടുകടത്തിയത്, 1910 സെപ്തംബര്‍ 26 നായിരുന്നു. 'ദേശാഭിമാനി'യുടെ പ്രസ്താവനയില്‍ പറഞ്ഞു: ''പത്രപ്രവര്‍ത്തകന്മാരുടെ ജാതിയെ അല്ലാതെ, പത്രപ്രവര്‍ത്തനത്തെ നോക്കിയല്ലല്ലൊ ഒരു പൊതുജന പ്രാതിനിധ്യത്തെ വഹിക്കുന്നതോ, അതല്ല ഒരു പ്രത്യേക ജാതിയുടെ പ്രാതിനിധ്യത്തെ വഹിക്കുന്നതോ എന്നു ജനങ്ങള്‍ സാമാന്യേന വിചാരിച്ചുപോരുന്നത്. ഇത് പൊതുജന പ്രാതിനിധ്യം വഹിക്കണമെന്നു താല്‍പ്പര്യമുള്ള പത്രപ്രവര്‍ത്തകന്മാരെക്കൂടി അപരാധികളാക്കുന്ന വ്യസനകരമായ ഒരവസ്ഥ തന്നെ. ഈ അവസ്ഥയില്‍ മലയാളരാജ്യത്തു സംഖ്യകൊണ്ടു മുന്നണിയില്‍ നില്‍ക്കുന്നവരെങ്കിലും മറ്റവസ്ഥകളില്‍, മുന്നണിയിലേക്കു വരുവാന്‍ പ്രബലങ്ങളായ പ്രതിബന്ധ ശക്തികളെക്കൂടി ജയിക്കേണ്ട ആവശ്യകത നേരിട്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ഒരു പ്രതിവാരപ്പത്രമെങ്കിലും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ ആര്‍ക്കും വിസമ്മതിക്കാന്‍ നിവൃത്തിയുള്ളതല്ല.''
മാധവനും കൂട്ടരും, പത്രത്തിന്റെ ഉന്നമനത്തിനായി സമീപിച്ചവരിലൊരാള്‍, രാമകൃഷ്ണപിള്ള ആക്രമിച്ച രാജഗോപാലാചാരി ആയിരുന്നു. ദിവാന്‍പദം വിട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന അദ്ദേഹം അയച്ച കുറിപ്പ്, 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചു: ''ദേശാഭിമാനി' തിരുവിതാംകൂറിലെ താഴ്ത്തപ്പെട്ട വര്‍ഗക്കാരുടെ നന്മയെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഒരു പത്രമായിരിക്കുമെന്നു കാണുന്നതിനാല്‍ അതിന്റെ നേരെ എനിക്ക് അനുകമ്പയാണുള്ളത്. ന്യായമായ സങ്കടങ്ങളുടെ പരിഹാരത്തിന് പ്രസംഗത്തിലും പ്രവൃത്തിയിലുമുള്ള മിതശീലത്തെക്കാള്‍ ഉപരിയായി മറ്റൊന്നുമില്ലെന്നുള്ള വസ്തുത ദയവുചെയ്ത് വിസ്മരിക്കരുതേ. നിങ്ങളുടെ പത്രം എല്ലായ്‌പ്പോഴും മിതഭാഷിയായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.''
സമനില തെറ്റിയ രാമകൃഷ്ണപിള്ളയുടെ അവസ്ഥയിലേക്ക് നിങ്ങള്‍ താഴരുതേ എന്നാണ്, ഈ കുറിപ്പിന്റെ ധ്വനി. കൊല്ലം മുണ്ടയ്ക്കല്‍ ഊരമ്പള്ളില്‍ നാണുവിന്റെ വാടകകെട്ടിടത്തിലായിരുന്നു, 'ദേശാഭിമാനി'. ആരംഭം മുതല്‍ തനിച്ചും 1916 മുതല്‍ കുടുംബസമേതവും മാധവന്‍ അവിടെ താമസിച്ചു. 1917 (വൃശ്ചികം 10) വരെ, മാനേജര്‍ എന്ന നിലയില്‍ പ്രചാരത്തിനും നിലനില്‍പ്പിനും വേണ്ടതെല്ലാം മാധവന്‍ ശ്രദ്ധയോടെ ചെയ്തു. പത്രം സ്ഥിരമായി രാജഗോപാലാചാരിക്ക് അയച്ചു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, സര്‍ സി.ശങ്കരന്‍ നായര്‍, ആനി ബസന്റ് എന്നിവരും ആ പട്ടികയില്‍ പെട്ടു.
മാധവന്‍ 1916 ല്‍ (മകരം 14) പത്രാധിപരായ ശേഷമാണ് പ്രശസ്തനായത്. ആദ്യ മുഖപ്രസംഗം ഈഴവ റെഗുലേഷനെപ്പറ്റിയായിരുന്നു. മിശ്രദായവാദിയായ സി.വി.കുഞ്ഞുരാമന്റെ പത്രാധിപത്യത്തില്‍ പുനരുദ്ധരിച്ച 'കേരള കൗമുദി'യുടെ പ്രചാരണത്തിനെതിരേ, 'ദേശാഭിമാനി' നിലകൊണ്ടു. കൊച്ചിയിലെ ഈഴവര്‍ നിരവധി പീഡനങ്ങള്‍ സഹിച്ചുവരികയായിരുന്നു. തൃശൂര്‍പൂരക്കാലത്ത്, ഈഴവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാരുടെ സഹകരണത്തോടെ ഇറക്കിവിടുക, ഈഴവര്‍ക്ക് പ്രവേശനമുണ്ടായിരുന്ന തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്‌കൂളില്‍ കൊച്ചുതമ്പുരാക്കന്മാരെ ചേര്‍ക്കുകയാല്‍ ഈഴവരെ സ്‌കൂളില്‍നിന്ന് ബഹിഷ്‌കരിക്കുക, ഈഴവ മാന്യരെ പോലീസുകാരെക്കൊണ്ട് മര്‍ദ്ദിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ 1918 ല്‍ കോഴിക്കോട്ട് തീയ മഹായോഗത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍, എസ്എന്‍ഡിപി പ്രതിനിധിയായി, മാധവന്‍ പങ്കെടുത്തു. പൗരസമത്വവാദമാണ്, മാധവന്‍ പങ്കെടുത്ത ആദ്യത്തെ ശക്തമായ പ്രക്ഷോഭം. തിരുവിതാംകൂറിലെ ജനസംഖ്യയില്‍ 26 ലക്ഷത്തില്‍പ്പരം വരുന്ന ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാഥമിക പൗരാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനായിരുന്നു പ്രക്ഷോഭം.
ക്രിസ്ത്യാനികള്‍, മുസ്ലിoകൾ എന്നിവര്‍ക്കും ഈഴവരാദി പിന്നാക്ക വിഭാഗത്തിനും റവന്യൂ, പട്ടാളം എന്നീ വകുപ്പുകളില്‍ പ്രവേശനം നേടുന്നത് പൗരസമത്വവാദത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു. 'ദേശാഭിമാനി' നാലാം പുസ്തകം മൂന്നാം ലക്കത്തിലെ പ്രസംഗത്തില്‍, ഈഴവര്‍ ക്രിസ്ത്യാനികളോടു സഹകരിച്ചു പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രജാസഭയുടെ പ്രാരംഭവര്‍ഷങ്ങളില്‍, ഈഴവര്‍ക്ക് എല്ലാ സ്‌കൂളുകളിലും പ്രവേശനം അനുവദിക്കണമെന്നു കാട്ടി ഒരു മെമ്മോറിയല്‍ തയ്യാറാക്കി, ഈഴവപ്രതിനിധികള്‍ കൊണ്ടുചെന്നപ്പോള്‍, 'മലയാള മനോരമ' പത്രാധിപര്‍ കെ.സി.മാമ്മന്‍ മാപ്പിള അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ച വിവരം, മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇക്കാലത്ത്, ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു. 1904 ല്‍ സ്ഥാപിച്ച ശ്രീമൂലം പ്രജാസഭയും എസ്എന്‍ഡിപിയും അതിനു ചാലകശക്തികളായി. ഈ സാഹചര്യം, 'ടി.കെ.മാധവന്റെ ജീവചരിത്രം' എന്ന പുസ്തകത്തില്‍, പി.കെ.മാധവന്‍ വിവരിക്കുന്നു:
'ശ്രീമൂലം പ്രജാസഭയുടെ പ്രാരംഭം മുതല്‍ ഈഴവസമുദായത്തില്‍നിന്നു രണ്ടും അധഃകൃത ബന്ധുവായ സര്‍ രാജഗോപാലാചാരി അവര്‍കളുടെ കാലം മുതല്‍ ആറും, പുലയര്‍, പറയര്‍ മുതലായ അയിത്തജാതിക്കാരില്‍നിന്ന് ഒന്നില്‍ കുറയാതെയും പ്രതിനിധികളെ ഗവണ്‍മെന്റില്‍നിന്ന് എല്ലാവര്‍ഷങ്ങളിലും നിയമിച്ചിരുന്നതിനാല്‍, വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും സാഹചര്യവും അഭിപ്രായ വിനിമയവും സുസാധ്യമായിത്തീരുകയും തദ്വാരാ ഗവണ്‍മെന്റിനും സവര്‍ണ സമുദായങ്ങള്‍ക്കും സമത്വപരമായ അനുകൂല മനഃസ്ഥിതിയും ഹൃദയവിശാലതയും വര്‍ധിക്കുകയും ചെയ്തു.'' രാജഗോപാലാചാരിയെ ഈഴവര്‍ കണ്ടിരുന്നത്, അധഃകൃത ബന്ധുവായിട്ടാണ് എന്നതിനു വേറെ തെളിവു വേണ്ട-ദളിത് ബന്ധു എന്‍.കെ.ജോസിനു മുന്‍പേ, ഇവിടെ അധഃകൃത ബന്ധു രാജഗോപാലാചാരി ഉണ്ടായിട്ടുണ്ട്!
പ്രജാസഭാംഗമായിരുന്ന കുമാരനാശാന്‍ 1912 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് അഞ്ചുവരെ ചേര്‍ന്ന സമ്മേളനം കഴിഞ്ഞ്, 'വിവേകോദയ'ത്തില്‍ (മകരം-ദിനം ലക്കം), രാജഗോപാലാചാരിയെപ്പറ്റി ഇങ്ങനെഎഴുതി: ''യോഗ്യനായ ദിവാന്‍ പി.രാജഗോപാലാചാരി അവര്‍കള്‍ പ്രതിനിധികളോടു കാണിച്ച അനുകമ്പയും ക്ഷമയും പ്രതിപാദ്യവിഷയങ്ങള്‍ കേള്‍ക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധയും താല്‍പ്പര്യവും അന്യാദൃശമായിരുന്നു. ദിവാന്‍ജി അവര്‍കളുടെ ഉപസംഹാര പ്രസംഗം കേവലം വസ്തുതകൊണ്ടു നിറഞ്ഞതും അത്യന്തം ഹൃദയംഗമവുമായിരുന്നു. ആ പ്രസംഗം അദ്ദേഹത്തിന്റെ അസാധാരണമായ യോഗ്യതക്കും ഭരണവിഷയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന തീവ്രമായ ശ്രദ്ധയ്ക്കും ജനങ്ങളുടെ നന്മയില്‍ അദ്ദേഹത്തിനുള്ള നിഷ്‌കപടമായ അഭിനിവേശത്തിനും ദൃഷ്ടാന്തമായി എന്നും ശോഭിക്കുന്നതാകുന്നു. ഇദ്ദേഹം നമ്മുടെ ദിവാന്‍ജി ആയി കുറെക്കാലംകൂടി ഇരിപ്പാന്‍ ഇടയാകുന്നു എങ്കില്‍, നിശ്ചയമായും അത് നാടിനും ജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നു പറയാന്‍ ഞങ്ങള്‍ മടിക്കേണ്ടതില്ല. ''ഈ കൊല്ലത്തെ പ്രജാസഭയ്ക്കുള്ള പ്രധാന വിശേഷം, പുലയരുടെ പ്രതിനിധിയായി അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഒരാളെ (അയ്യന്‍കാളി) ഗവണ്‍മെന്റില്‍നിന്നു നിശ്ചയിച്ചതാണ്. ഈ ശ്ലാഘ്യ കൃത്യത്തിന് ആ വര്‍ഗക്കാര്‍ മാത്രമല്ല, സമസൃഷ്ടി സ്‌നേഹത്തെ ഉല്‍കൃഷ്ട ഗുണമായി ഗണിക്കുന്ന ഏതു വര്‍ഗക്കാരും നമ്മുടെ ദിവാന്‍ജി അവര്‍കളെ അഭിനന്ദിക്കുകയും അദ്ദേഹത്തോടു കൃതജ്ഞരായിരിക്കുകയും ചെയ്യേണ്ടതാകുന്നു.''
രാമകൃഷ്ണപിള്ളയെ നാടുകടത്തി, രണ്ടുവര്‍ഷത്തിനുശേഷം, കുമാരനാശാനെപ്പോലെ ഒരാള്‍, ഇങ്ങനെയെഴുതിയതിന്റെ അര്‍ത്ഥം, ആ നാടുകടത്തല്‍ നാട്ടില്‍ വലിയ വിഷയമായിരുന്നില്ല എന്നാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന മലയാള മാധ്യമ പ്രവണത മാത്രമാണ്, രാമകൃഷ്ണപിള്ളയുടെ സംഭാവന. മാധവന്‍ 1921 ല്‍ തിരുനല്‍വേലിയില്‍ ഗാന്ധിയെ കണ്ടു നടത്തിയ സംഭാഷണം, കേരളത്തിലെ ഈഴവരെ സംബന്ധിച്ചിടത്തോളം, സുവര്‍ണ മുഹൂര്‍ത്തമായിരുന്നു. അത് പിന്നീടു നടന്ന വൈക്കം സത്യഗ്രഹത്തിനു പകര്‍ന്ന ഇന്ധനം വളരെയധികമാണ് എന്നുമാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള അഭിമുഖ സംഭാഷണങ്ങളില്‍, ഒന്നാംനിരയില്‍ നില്‍ക്കുന്നതുമാണ്; വലിയ പത്രപ്രവര്‍ത്തകനായിരുന്നു മാധവന്‍ എന്നതിന് സാക്ഷ്യം വേറെ വേണ്ട.
പുലയക്കുട്ടികളെയും പറയക്കുട്ടികളെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച് രാജഗോപാലാചാരി 1910 ല്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ് രാമകൃഷ്ണപിള്ളയെ ചൊടിപ്പിച്ചത്. സവര്‍ണരായ കുട്ടികളെയും പുലയരാദി കുട്ടികളെയും ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കുന്നത്, ''കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതുപോലെ'' ആയിരിക്കുമെന്ന് 1910 മാര്‍ച്ച് രണ്ടിന് രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി'യില്‍ മുഖപ്രസംഗം എഴുതി. രാജഗോപാലാചാരി നാടുകടത്തിയിട്ടും രാമകൃഷ്ണപിള്ളയിലെ ദളിത് വിദ്വേഷി അടങ്ങിയില്ല. 'ലക്ഷ്മി വിലാസം' മാസികയുടെ 1911 ജൂണ്‍-ജൂലൈ ലക്കത്തില്‍, 'സമുദായ ക്ഷയം' എന്ന ലേഖനത്തില്‍, രാമകൃഷ്ണപിള്ള ചോദിച്ചു: ''ഒരു പൊലയക്കുട്ടി പാഠശാല വിട്ട് അവന്റെ ഗൃഹത്തിലേക്ക് മടങ്ങിച്ചെന്നാല്‍, അവന്റെ സഹവാസവും സംസര്‍ഗവും പഴയ ആളുകളുമായിട്ടും പഴയ സ്ഥിതിയിലും തന്നെയാണ്. ആ പരിസരങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെങ്കില്‍, അവന്റെ കുടുംബത്തിന് ധനാഭിവൃദ്ധിയുണ്ടായിരിക്കണം. ഈ സംഗതിയില്‍ പൊലയരുടെ നില മെച്ചപ്പെട്ടിട്ടുണ്ടോ?'' അതായത്, പുലയന്‍ പണമുണ്ടാക്കിയശേഷം, പഠിച്ചാല്‍ മതി. സംഗതി തിരിച്ചല്ലേ? വിദ്യാഭ്യാസം കൊണ്ടല്ലേ മനുഷ്യന് അഭിവൃദ്ധിയുണ്ടാകുക? അപ്പോള്‍, അതല്ലേ ആദ്യം വേണ്ടത്? മറിച്ചാണെങ്കില്‍, ദളിതന് ധനം, രാമകൃഷ്ണപിള്ള വീട്ടില്‍നിന്നു കൊടുക്കുമായിരുന്നോ?
ചരിത്രം പരതുമ്പോള്‍ കിട്ടുന്ന മറ്റൊരു വസ്തുത, 1906 ല്‍, ദളിതരുടെ പ്രതിനിധിയായി, സവര്‍ണനായ 'സുഭാഷിണി' പത്രാധിപര്‍ പി.കെ.ഗോവിന്ദപ്പിള്ളയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു എന്നതാണ്. രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ ശത്രുവായിരുന്നു; എസ്.ഗോപാലാചാരിയായിരുന്നു അന്നു ദിവാന്‍. പ്രജാസഭയില്‍ ആദ്യമായി ഒരു അവര്‍ണനെത്തിയത്, അതു രൂപവല്‍ക്കരിച്ച 1904 ല്‍ തന്നെ കാര്‍ത്തികപ്പള്ളി ചേപ്പാട് ആലുംമൂട്ടില്‍ ശങ്കരന്‍ കൊച്ചുകുഞ്ഞ് ചാന്നാര്‍; അടുത്ത കൊല്ലം, കുമാരനാശാന്‍. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ സഭയായിരുന്നു അത്; ചാന്നാര്‍ അങ്ങനെ ഭാരതത്തില്‍, നിയമസഭാംഗമാകുന്ന ആദ്യ അവര്‍ണനായി. രാജഗോപാലാചാരി ദിവാനാകുന്നത് 1907 ഒക്‌ടോബറിലാണ്. അതിനുമുന്‍പ് കൊച്ചിയില്‍ ദിവാനായിരുന്ന്, ഷൊര്‍ണൂര്‍ റെയില്‍പ്പാതപോലെ പല കുതിച്ചുചാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. അയ്യന്‍കാളി സാധുജനപരിപാലന സംഘമുണ്ടാക്കുന്നതും 1907 ല്‍ തന്നെ.
പുലയനെ തന്നെ പ്രജാസഭാംഗമാക്കണമെന്ന ഗോവിന്ദപ്പിള്ളയുടെ അപേക്ഷ മാനിച്ച്, രാജഗോപാലാചാരിയാണ്, 1912 ല്‍ അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്തത്. അത്, രാമകൃഷ്ണപിള്ളയ്ക്ക് മുഖത്തേറ്റ അടിയായിരുന്നു. 1912 ഫെബ്രുവരി 27 ചൊവ്വാഴ്ച, അയ്യന്‍കാളി സഭയില്‍ ചെയ്ത ആദ്യ പ്രസംഗം, പുതുവല്‍ ഭൂമി പുലയര്‍ക്കു പതിച്ചുകിട്ടുന്നത് സംബന്ധിച്ചായിരുന്നു. 20 ലേറെ കൊല്ലം അയ്യന്‍കാളി, നിയമസഭയില്‍ പോരാടി. 1913 മുതല്‍, ഒന്നിലേറെ ദളിതര്‍ സഭയിലെത്തി-ചിലപ്പോള്‍ അഞ്ചുവരെ. 1914 ല്‍ ദിവാന്‍സ്ഥാനം ഒഴിഞ്ഞ രാജഗോപാലാചാരിയെ, അയിത്ത ജാതിക്കാര്‍ നാടുനീളെ യാത്രയയപ്പു നല്‍കി ആദരിച്ചു. എസ്എന്‍ഡിപിയും അതില്‍ ഉള്‍പ്പെട്ടു. 1921 ല്‍ അദ്ദേഹം, മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ അധ്യക്ഷനായി.മാധവൻറെ ദേശാഭിമാനി അദ്ദേഹം 1930 ൽ മരിച്ച് താമസിയാതെ നിലച്ചു.
No comments:
Post a Comment