Thursday 29 August 2019

ട്രോട് സ്‌കിയുടെ മക്കളെയും കൊന്നു

മകൾ ആത്മഹത്യ ചെയ്‌തു 

പ്രധാന ശത്രു ഇല്ലാതാകണമെങ്കിൽ,വംശത്തെ തന്നെ ഉന്മൂലനം ചെയ്യുക പ്രാകൃത ഗോത്രങ്ങളിൽ എന്നും സംഭവിച്ചിരുന്നു.ഈ കിരാത ഗോത്ര സംസ്‌കാരമാണ് സ്റ്റാലിൻ,ട്രോട് സ്‌കി യുടെ രണ്ട് പുത്രന്മാരെ കൊന്നപ്പോൾ കണ്ടത്.ലിയോൺ ( ലെവ് ) സെഡോവിനെ പാരിസിലും സെർജി സെഡോവിനെ സോവിയറ്റ് യൂണിയനിൽ ലേബർ ക്യാമ്പിലുമാണ് കൊന്നത്.ലെവ് പിതാവിൻറെ വിശ്വാസങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട്  പോയവനാണ്.പാരിസിലെ ഒരു ക്ലിനിക്കിൽ ഡോക്ടർ തന്നെ അന്തകനായി.
ലെവ് ലെവോവിച് സെഡോവ് ( 1906 -1938 ) ട്രോട് സ്കിക്ക്  രണ്ടാം ഭാര്യ നതാലിയ സെഡോവയിൽ ജനിച്ചതാണ്.അവൻ ജനിക്കുമ്പോൾ,1905 ലെ വിപ്ലവത്തിൽ പങ്കെടുത്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ട്രോട് സ്‌കി ജയിലിലായിരുന്നു.
ട്രോട് സ്‌കി,ലെവ് 
"ലിയോൺ കുട്ടിയായിരുന്നപ്പോൾ വിപ്ലവത്തിൽ ചേർന്നു",അമ്മ നതാലിയ എഴുതി,"അവസാനം വരെയും അതിൽ നിന്നു".
പന്ത്രണ്ടാം വയസ്സിലാണ് 1917 ലെ സംഭവങ്ങൾ ലെവ് കണ്ടത്.പ്രകടനങ്ങളിൽ പങ്കെടുത്തു.സ്‌കൂളിൽ രാഷ്ട്രീയത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടായി.വിപ്ലവത്തിന് മുൻപ് താൽക്കാലിക ഭരണകൂടം നയിച്ച കെറൻസ്‌കിയുടെ മകനുമായും സ്‌കൂളിൽ തർക്കിച്ചു.ജൂലൈയിൽ ബോൾഷെവിക്കുകളെ വേട്ടയാടുമ്പോൾ അവൻ ട്രോട് സ്‌കിയെ ജയിലിൽ കണ്ടു.യങ് കമ്മ്യൂണിസ്റ്റ് ലീഗിൽ ചേർന്നു.1923 ൽ പിതാവിൻറെ മേൽവി  ലാസത്തിലുള്ള പ്രത്യേക അവകാശങ്ങൾക്ക് നിൽക്കാതെ ഇടതു പ്രതിപക്ഷത്തിൽ നിന്നു.കണക്കിൽ മിടുക്കു കാട്ടി സുപ്പീരിയർ ടെക്‌നിക്കൽ അക്കാദമിയിൽ പഠിച്ചു.1928 ൽ ഇടതുപക്ഷത്തെ തൂത്തെറിയുന്ന നീക്കത്തിന് പിന്നാലെ സ്റ്റാലിൻ ട്രോട് സ്‌കിയെ പുറത്താക്കി.ലെവിൻറെ ജീവിതം പിതാവിൻറെ വിധിയുമായി കെട്ടു പിണഞ്ഞു.മോസ്കോയിലെ കുടുംബാംഗങ്ങളെ വിട്ട് പിതാവിനും മാതാവിനുമൊപ്പം കസാഖ്സ്ഥാനിലെ അൽമ അൾട്ടയിലേക്ക് പോയി.മോസ്‌കോ പ്രതിപക്ഷവുമായി ട്രോട് സ്‌കി ബന്ധപ്പെടുന്നതിൽ സഹായിച്ചു.22 വയസിൽ അവൻ "ഞങ്ങളുടെ വിദേശ ,ആഭ്യന്തര,വിനിമയ മന്ത്രി ആയിരുന്നു",ഓര്മക്കുറിപ്പിൽ ട്രോട് സ്‌കി എഴുതി.

പൊലീസ് നിരീക്ഷണത്തിലായിരുന്ന വീട്ടിൽ നിന്ന് അവരെ വെട്ടിച്ചു പുറത്തു പോയി കാര്യങ്ങൾ ചെയ്‌തത്‌ ലെവ് ആയിരുന്നു.1928 ഏപ്രിൽ -ഒക്ടോബറിൽ 1000 കത്തുകളും രേഖകളും 700 കമ്പി സന്ദേശങ്ങളും കിട്ടി.എല്ലാറ്റിനും മറുപടി അയക്കേണ്ടിയിരുന്നു.1929 ൽ ട്രോട് സ്‌കിയെയും ഭാര്യയെയും തുർക്കിയിലെ പ്രിങ്കിപോയിലേക്ക് സ്റ്റാലിൻ കടത്തി.1932 ൽ രഹസ്യ പൊലീസ് എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.

ദുരിതമയമായിരുന്നു ജീവിതം." സുഹൃത്തുക്കൾ ഇല്ലാതായപ്പോൾ അവൻ മാത്രമാണ് ഉണ്ടായിരുന്നത്",ട്രോട് സ്‌കി എഴുതി," ഏറ്റവും പ്രയാസപ്പെട്ടത് അവനാണ്".ഒരുമിച്ചനുഭവിച്ച സന്തോഷവും സങ്കടവും പ്രത്യാശയും രക്തബന്ധത്തെക്കാൾ വലുതായ ഒന്ന് തങ്ങൾക്കിടയിൽ സൃഷ്ടിച്ചുവെന്നും മകൻ കൊല്ലപ്പെട്ട ശേഷമുള്ള ഓര്മക്കുറിപ്പിൽ ട്രോട് സ്‌കി എഴുതി.പിതാവിനൊപ്പം നിന്ന് ഭാഷയും സാഹിത്യവും പഠിച്ചു.ട്രോട് സ്‌കിയുടെ ആർകൈവും ലൈബ്രറിയും അവന് കിട്ടി.തുർക്കിയിലും ബെർലിനിലും പാരിസിലും  ലൈബ്രറികളിൽ പോയി-ട്രോട് സ്‌കിയുടെ History of the Russian Revolution ന് വിവരങ്ങൾ ശേഖരിക്കാൻ.Revolution Betrayed എന്ന പുസ്തകത്തിനും മകൻ ഗവേഷണം നടത്തി.1928 മുതൽ താൻ എഴുതിയ പുസ്തകങ്ങളിൽ എല്ലാം മകൻറെ പേരും തൻറെ പേരിനൊപ്പം വയ്ക്കാമെന്ന് ട്രോട് സ്‌കി ഓർമിച്ചു.

ട്രോട് സ്‌കി പറഞ്ഞിട്ടാണ് ശാസ്ത്ര പഠനം തുടരാൻ 1931 ൽ ലെവ് ബെർലിനിൽ പോയത്.അതിനൊപ്പം രാജ്യാന്തര ഇടതു പ്രതിപക്ഷത്തിലും അതിൻറെ സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു.പ്രിങ്കിപോയിൽ നിന്നിറക്കിയ 'ബുള്ളറ്റിൻ ഓപ്പോസിറ്റ്സി' യുടെ എഡിറ്റർ സത്യത്തിൽ ലെവ് ആയിരുന്നു.ബെർലിനിൽ എത്തിയപ്പോൾ അതിൻറെ പൂർണ ചുമതല കിട്ടി.മരണം വരെ അത് തുടർന്നു.നന്നായി ഇറക്കിയ മാസിക റഷ്യയിലേക്ക് ഒളിച്ചു കടത്തി.

 സ്റ്റാലിന്റെ ഹിറ്റ് ലിസ്റ്റിൽ ലെവ് വന്നതിൽ അദ്‌ഭുതമില്ല.സ്റ്റാലിനിൽ നിന്ന് ട്രോട് സ്‌കി പക്ഷത്തേക്ക് വന്ന ചാരൻ ഇഗ്‌നാസ് റെയ്‌സ്, സ്റ്റാലിന്റെ ചാരസംഘടന ജി പി യു വിലയിരുത്തിയത്." ആ കിഴവന് മോനില്ലാതെ ഒന്നും കഴിയില്ല" എന്നായിരുന്നു എന്ന് പറയുകയുണ്ടായി.ലെവിനെ ശരിയാക്കാൻ സ്റ്റാലിൻ ഏജന്റുമാർ ട്രോട് സ്‌കി പ്രസ്ഥാനത്തിൽ തന്നെ നുഴഞ്ഞു കയറി.

ഹിറ്റ്‌ലർ വന്നപ്പോൾ,ലെവ് ഇറക്കിയിരുന്ന ബുള്ളറ്റിൻ നിരോധിച്ചു.അയാളെ പാരിസിലേക്ക് പറഞ്ഞു വിട്ടു.പ്രവർത്തനം തുടർന്നു.ബിരുദമെടുത്തു.സോവിയറ്റ് ചാരന്മാർ അയാൾ അറിയാതെ കത്തുകൾ നിരീക്ഷിച്ചു.ഫോൺ ചോർത്തി.അടുത്ത ഫ്ലാറ്റിൽ താമസിച്ചു.അവധിക്കാലത്തും പിന്നാലെ പോയി.ഇഗ്‌നാസ് റെയ്‌സിനെ അവർ കൊന്നിരുന്നു.ലെവ് മുൻകരുതലുകൾ സ്വീകരിച്ചില്ല.1933 ൽ ട്രോട് സ്‌കിയും ഫ്രാൻസിൽ എത്തി.പാരിസിൽ നിന്ന് റഷ്യൻ പുസ്തകങ്ങൾ ലെവ് എത്തിച്ചു കൊടുത്തു.ട്രോട് സ്‌കിയും ഇടക്കിടെ പാരിസിൽ എത്തി.1934 ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യുവ ട്രോട് സ്‌കിയിസ്റ്റ് ടെഡ് ഗ്രാൻറ് ( 21 ) പാരിസിൽ എത്തി ലെവുമായി സംസാരിച്ച് ലണ്ടനിലേക്ക് പോയി.

ഫ്രാൻസിൽ നിന്നുള്ള സമ്മർദം കാരണം ട്രോട് സ്‌കി 1935 ൽ നോർവേയ്ക്ക് പോയി.നോർവീജിയൻ ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നു.1936 ഓഗസ്റ്റിൽ മോസ്‌കോയിൽ പ്രഹസന വിചാരണകൾ അരങ്ങേറി.സിനോവീവ്,കാമനെവ്,ഇവാൻ സ്മിർനോവ് തുടങ്ങിയ പഴയ ബോൾഷെവിക്കുകളെ ട്രോട് സ്‌കിയും മകനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വേട്ടയാടി.നോർവീജിയൻ സർക്കാർ ട്രോട് സ്‌കിയെ തുണച്ചില്ല.വിചാരണയിലെ ആരോപണങ്ങൾക്ക് ലെവ് ആണ് മറുപടി പറഞ്ഞത്-The Red Book on the Moscow Trial.മോസ്‌കോ ഒന്നിച്ചു കൊന്ന 16 പേരെ ലെവ് രണ്ടു ഗ്രൂപ്പുകളായി കണ്ടു.ഇവിടെ പറഞ്ഞ പഴയ ബോൾഷെവിക്കുകൾ അല്ലാതെ,കുറെ അജ്ഞാത യുവാക്കളും ഉണ്ടായിരുന്നു.അവരെ ഉൾപ്പെടുത്തിയതും വെടി വച്ച് കൊന്നതും അവർക്ക് ട്രോട് സ്‌കിയുമായും ഗസ്റ്റപ്പോയുമായും ബന്ധമുണ്ടെന്ന് വരുത്താനായിരുന്നു.അവർക്ക് ചാര ദൗത്യങ്ങൾ നൽകിയിട്ടുമുണ്ടാകാം.എന്നിട്ടും വെടി വച്ച് കൊന്നു.സിനോവീവിനെ പോലുള്ള വൃദ്ധർ ശോഷിച്ച് ചെറിയ ശബ്ദത്തിൽ സംസാരിച്ചു,കരഞ്ഞു.മിറച്കോവ്‌സ്‌കി ചോര തുപ്പി.
സിനൈദ 
ട്രോട് സ്‌കിക്ക് മെക്‌സിക്കോ അഭയം നൽകി.ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ടവരെയെല്ലാം സ്റ്റാലിൻ ട്രോട് സ്‌കിയിസ്റ്റ് മുദ്ര കുത്തി കൊന്നു കൊണ്ടിരുന്നു.ലോകത്ത് അവയെ എതിർക്കാൻ ട്രോട് സ്‌കിയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ട്രോട് സ്‌കിയുടെ മകൾ സിനൈദ വോൾകോവ (സെന)യ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു.അവരുടെ ആറു വയസുള്ള മകൻ എസ്തബാൻ വോൾക്കൊവിനെ ലെവ് സംരക്ഷിക്കേണ്ടി വന്നു.സിനൈദ ( 1901 -1933 ) ട്രോട് സ്‌കിയുടെ ആദ്യഭാര്യ അലക്‌സാൻഡ്ര സോകോലോവ്സ്കയയിലെ ആദ്യ മകളായിരുന്നു.ട്രോട് സ്‌കി യുടെ സഹോദരി എലിസവെറ്റയാണ് വളർത്തിയത്.അനുജത്തി നീന അമ്മയ്‌ക്കൊപ്പം കഴിഞ്ഞു.സിനൈദ രണ്ടു തവണ വിവാഹം ചെയ്‌തു;ഇരുവരെയും സ്റ്റാലിൻ കൊന്നു.1931 ജനുവരിയിൽ പ്രവാസിയായ ട്രോട് സ്‌കിയെ തുർക്കിയിൽ കാണാൻ അനുമതി കിട്ടി.സോവിയറ്റ് യൂണിയനിലേക്ക് മടങ്ങാതെ ക്ഷയവും വിഷാദവും കാരണം ബെർലിനിൽ 1933 ജനുവരിയിൽ ആയിരുന്നു,ആത്മഹത്യ.

ഇളയ സഹോദരൻ സെർജിയെ അറസ്റ്റ് ചെയ്‌തു.തൊഴിലാളികളിൽ വിഷം കുത്തി വയ്ക്കുന്നു എന്നാരോപിച്ച് സെർജിയെ ലേബർ ക്യാമ്പിൽ വെടി വച്ച് കൊന്നു.നതാലിയയിൽ ട്രോട് സ്‌കിക്ക് ജനിച്ച ഇളയ മകൻ സെർജി ( 1908 -1937 ) എൻജിനീയർ ആയിരുന്നു.തെർമോ ഡൈനാമിക്‌സ്,ഡീസൽ എൻജിനുകൾ എന്നിവയെപ്പറ്റി പ്രബന്ധങ്ങൾ എഴുതി.മോസ്‌കോ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സിൽ പ്രൊഫസറായിരുന്നു.രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.1935 ആദ്യം അറസ്റ്റിലായി സൈബീരിയയിൽ അഞ്ചു വർഷം തടവ് നൽകി.അവിടെ സ്വർണ ഖനിയിൽ ജോലി ചെയ്‌തു ( Trotsky:A Biography/ Robert Service).1937 ഒക്ടോബർ 29 നാണ് കൊന്നത്,ഭാര്യയും അറസ്റ്റിലായിരുന്നു.

മോസ്‌കോ വിചാരണയെ എതിർക്കാൻ ജോൺ ഡൂയി സമാന്തര വിചാരണ നടത്തി ട്രോട് സ്‌കിയെ ഉൾപ്പെടെയുള്ളവരെ വിചാരണ ചെയ്‌ത്‌,ട്രോട് സ്‌കിയും മകനും കുറ്റക്കാരല്ലെന്ന് വിധിച്ചു.ചാരന്മാർ ട്രോട് സ്‌കിയെയും കുടുംബത്തെയും വലയം ചെയ്യുകയായിരുന്നു.പാരീസ് സോവിയറ്റ് കേന്ദ്രത്തിൽ കൊലയാളി എത്തിയെന്ന് ലെവിന്,സ്റ്റാലിൻ പക്ഷത്തു നിന്ന് കൂറുമാറിയ ചാരൻ വാൾട്ടർ ക്രിവിറ്റ്‌സ്‌കി മുന്നറിയിപ്പ് നൽകി.ഇഗ്‌നാസ് റെയ്‌സ്,തിയഡോർ മാലി,വ്ളാദിമിർ അന്റോനോവ് ഓവ്‌സെങ്കോ എന്നീ ചാരന്മാരെ മോസ്‌കോ തിരിച്ചു വിളിച്ചു കൊന്നപ്പോൾ കൂറ് മാറിയവനായിരുന്നു,ക്രിവിറ്റ്‌സ്‌കി .അയാൾക്ക്കൊലയാളിയുടെ പേര് നൽകാൻ കഴിഞ്ഞില്ല.ആകൃതി വിസ്തരിച്ചു.മാർക്ക് സ്‌ബോറോവ്സ്കി ആയിരുന്നു,അത്.അയാൾ ട്രോട് സ്‌കി പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറി ലെവിൻറെ സുഹൃത്തായിരുന്നു.ക്രിവിറ്റ്‌സ്‌കി ഒളിവിൽ നിന്ന് ഒരു കത്ത് വഴി ഇക്കാര്യം ലെവിൻറെ സുഹൃത്ത് എൽസ പൊറേറ്റ്സ്കിയെയും അറിയിച്ചിരുന്നു .മെക്‌സിക്കോയിൽ പിതാവിനൊപ്പം ചേരാനുള്ള ഉപദേശം ലെവ് നിരാകരിച്ചു.പാരിസിൽ ജോലി ഒരുപാടുണ്ട്.ലെവിനെ വിഷാദവും ഉറക്കമില്ലായ്‌മയും ബാധിച്ചു.

1938 ഫെബ്രുവരി ഒൻപതിന്  ലെവിന് അടിവയറിൽ വേദന തോന്നി.ഒരു പാരിസ് ക്ലിനിക്കിൽ പോകാമെന്ന് സ്‌ബോറോവ്സ്കി പറഞ്ഞു.എറ്റിൻ എന്നാണ്‌ അയാൾ അറിയപ്പെട്ടിരുന്നത്.ഒരു കവർ ഭാര്യയെ ഏൽപിച്ച് അപകടം എന്തെങ്കിലും നടന്നാൽ മാത്രം തുറക്കണം എന്ന് നിർദേശിച്ചു ലെവ് യാത്രയായി.വേദന പോകാൻ അപ്പെന്ഡിസൈറ്റിസ്  ശസ്ത്രക്രിയ നടത്തി.സുഖപ്പെട്ടു വന്നപ്പോൾ,13 -14 ന് അർദ്ധ നഗ്നനായി റഷ്യൻ ഭാഷയിൽ പിച്ചും പേയും പറഞ്ഞ് വരാന്തകളിൽ അലഞ്ഞു.അടുത്ത രാവിലെ  കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടു,മുറിയും കിടക്കയും വിസർജ്യം കൊണ്ട് മലിനമായിരുന്നു. 15 വൈകിട്ട് രണ്ടാം ശസ്ത്രക്രിയ നടത്തി.വേദന താങ്ങാനാവാതെ 16 രാവിലെ മരിച്ചു(Bertrand Patenaude/  Stalin's Nemesis:The Exile and Murder of Leon Trotsky ( 2009 ) .
സെർജി 
മുൻപ് സോവിയറ്റ് ചാര സംഘടനയിൽ പ്രവർത്തിച്ച ഡോ ബോറിസ് ഗിർമുൻസ്‌കിയുടേതായിരുന്നു ബെർഗെരെ ക്ലിനിക് എന്ന് പിന്നീടാണ് വെളിവായത്.കുപ്രസിദ്ധമായ Society for the Repatriation of Russian Emigres ൽ പ്രവർത്തിച്ചിരുന്ന സ്‌ബോറോവ്സ്കി,1934 ന് ശേഷം ചാരനായിരുന്നു.ഇത് രണ്ടാംലോകയുദ്ധം കഴിഞ്ഞാണ് അയാൾ സമ്മതിച്ചത്.സോവിയറ്റ് എംബസിയിൽ നിന്ന് ഇയാൾ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.വിഷം കൊടുത്താണ് ലെവിനെ കൊന്നത് എന്നാണ് നിഗമനം.
ട്രോട് സ്‌കി,മകൻറെ ചരമക്കുറിപ്പിൽ പറഞ്ഞു:

Lyova alone knew us when we were young; he participated in our life from the moment he acquired self-awareness. Remaining young, he became almost like our contemporaries...Goodbye, Leon, goodbye, dear and incomparable friend. Your mother and I never thought, never expected that destiny would impose on us this terrible task of writing your obituary. We lived in firm conviction that long after we were gone you would be the continuator of our common cause. But we were not able to protect you. Goodbye, Leon! We bequeath your irreproachable memory to the younger generation of the workers of the world. You will rightly live in the hearts of all those who work, suffer, and struggle for a better world. Revolutionary youth of all countries! Accept from us the memory of our Leon, adopt him as your son - he is worthy of it - and let him henceforth participate invisibly in your battles, since destiny has denied him the happiness of participating in your final victory.

ജർമൻ കമ്മ്യൂണിസ്റ്റും ട്രോട് സ്കിയിസ്റ്റുമായ റുഡോൾഫ് ക്ലെമെന്റിനോട്,സ്‌ബോറോവ്സ്കിയെപ്പറ്റി അന്വേഷിക്കാൻ ട്രോട് സ്‌കി നിർദേശിച്ചു. ക്ലെമെന്റ് ഒരു ഫയൽ തയ്യാറാക്കി ജൂലൈ 14 ന് ബ്രസൽസിൽ എത്തിച്ച് വിതരണം ചെയ്യാൻ ഇരിക്കുകയായിരുന്നു.അയാൾ എത്തിയില്ല.1938 ൽ അയാളുടെ തലയില്ലാത്ത ജഡം കരക്കടിഞ്ഞു.മറുകുകളും പാടുകളും വച്ച് സുഹൃത്ത് തിരിച്ചറിഞ്ഞു.
റുഡോൾഫ് ക്ലെമെൻറ് 
പ്രത്യേക ദൗത്യ സംഘ തലവൻ മിഖയിൽ ഷ്പിജെൽഗ്ലാസിന് വേണ്ടി പാരിസിൽ പ്രവർത്തിക്കുകയായിരുന്നു,സ്‌ബോറോവ്സ്കി.റെയ്‌സിനെ കൊന്നതും അയാളുടെ മൊബൈൽ ഗ്രൂപ് ആയിരുന്നു.കൂറുമാറിയ കെ ജി ബി തലവൻ അലക്‌സാണ്ടർ ഓർലോവും ലെവിനെ കൊന്നത് സ്‌ബോറോവ്സ്കിയാണെന്ന് രേഖപ്പെടുത്തി.ലെവ് കൊല്ലപ്പെട്ട ക്ലിനിക്കിൽ ഒരു വർഷം മുൻപ്  കാർ അപകടത്തിൽ മുറിവേറ്റ് ഓർലോവ് പോയിരുന്നു.കെ ജി ബി ക്ക് പ്രിയപ്പെട്ട ചെറിയ ക്ലിനിക്കായിരുന്നു.ലെവ് മരിക്കുമ്പോൾ ഓർലോവ് സ്പെയിനിൽ ആയിരുന്നു.കെ ജി ബി കേന്ദ്രത്തിന് സ്‌ബോറോവ്സ്കി നൽകിയ വിവരം വച്ച് സാഹചര്യം മുതലെടുക്കാൻ തീരുമാനിച്ചു ( Alexander Orlov:The FBI's KGB General / Edward Azur).

സ്‌ബോറോവ്സ്കി ഉടൻ ഒളിവിൽ പോയി 1941 ൽ അമേരിക്കയിൽ അഭയം തേടിയ പഴയ മെൻഷെവിക് ഡേവിഡ് ഡാലനെയും ട്രോട് കിയിസ്റ്റ് ആയ ഭാര്യ ലിലിയ എസ്ട്രിനെയും ബന്ധപ്പെട്ടു.അവർ അയാൾക്ക് ബ്രുക്
ലിൻ ഫാക്റ്ററിയിൽ ജോലി വാങ്ങി കൊടുത്തു.ചെറിയ ഫ്ലാറ്റിൽ നിന്ന് അയാൾ ഡാലിൻ ദമ്പതിമാർ താമസിച്ചിരുന്ന 201 വെസ്റ്റ് 108 സ്ട്രീറ്റിൽ വലിയ ഫ്ലാറ്റിലേക്ക് മാറി -അവരെ നിരീക്ഷിക്കാൻ സോവിയറ്റ് ചാരസംഘടന അയാളെ നിയോഗിച്ചിരുന്നു.1944 ൽ അമേരിക്കയിലേക്ക് കൂറുമാറിയ,I Chose Freedom എഴുതിയ, വിക്റ്റർ ക്രാവ്ചെങ്കോയെയും അയാൾ നിരീക്ഷിച്ചിരുന്നു.1955 സെപ്റ്റംബറിൽ,സ്‌ബോറോവ്സ്കിയാണ് ലെവിനെ കൊന്നതെന്ന് ഓർലോവ്,സെനറ്റ് കമ്മിറ്റിക്ക് ,മൊഴി നൽകി.
ഇഗ്‌നാസ് റെയ്‌സ് 
ജൂതനായ സ്‌ബോറോവ്സ്കി ( 1908 - 1990  ) യുക്രൈനിലാണ് ജനിച്ചത്.റഷ്യൻ വിപ്ലവം വെറുത്ത കുടുംബം പോളണ്ടിലേക്ക് കുടിയേറി.പോളണ്ടിലെ പാർട്ടിയിൽ ചേർന്ന അയാൾ അറസ്റ്റിലായ ശേഷം ബെർലിനിലേക്ക് മാറി.ഗ്രെനോബിൾ സർവകലാശാലയിൽ നരവംശ ശാസ്ത്രം പഠിച്ചു.പാരിസിൽ 1933 ൽ എത്തി.ഹോട്ടൽ വെയ്റ്റർ ആയിരിക്കെ സോവിയറ്റ് ചാരനായി.യൂറോപ്പിലെ പ്രത്യേക കൊലയാളി സംഘത്തിലേക്കാണ് എടുത്തത്.റെയ്‌സിന് പുറമെ ആന്ദ്രേ നിനിനെ കൊന്നതും അയാളായിരുന്നു.സ്‌പാനിഷ്‌ കമ്മ്യൂണിസ്റ്റ് ആയ നിൻ സോവിയറ്റ് യൂണിയനിൽ കുറച്ചു കാലം ട്രോട് സ്‌കിയുടെ സെക്രട്ടറി ആയിരുന്നു.1935 മടങ്ങി വിമത പാർട്ടിയിൽ പ്രവർത്തിച്ചു.

സ്‌ബോറോവ്സ്കി പാരിസിൽ ലെവിൻറെ ബുള്ളറ്റിൽ പ്രവർത്തകർക്കിടയിൽ നുഴഞ്ഞു കയറി.വിക്റ്റർ സെർജ്എ വഴി എൽസ പൊറേറ്റ്സ്കി,ഹെൻറിക്കസ് സ്നീവ്ലെറ്റ് എന്നിവരെ പരിചയപ്പെട്ടു.സോവിയറ്റ് യൂണിയനിൽ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്ന് അയാൾ പറഞ്ഞത്,റെയ്‌സിന്റെ ഭാര്യയായ എൽസ വിശ്വസിച്ചില്ല.ചാരസംഘടന നിയോഗിച്ചാൽ അല്ലാതെ ഒരു ചാരനും റഷ്യ വിടില്ലെന്ന് മറ്റൊരു ചാരനായ വാൾട്ടർ ക്രിവിറ്റ്‌സ്‌കി,എൽസയോട് പറഞ്ഞിരുന്നു.സ്‌ബോറോവ്സ്കിയെ  നിർഭാഗ്യവശാൽ,ലെവ് സംശയിക്കാതെ കൂടെ കൂട്ടി.യുക്രയിനിൽ നിന്ന് 1933 ൽ ഫ്രാൻസിൽ എത്തിയത് ട്രോട് സ്‌കിയെ സേവിക്കാനാണ് എന്നാണ് അയാൾ പറഞ്ഞത്.ലെവിന് വേണ്ടി ഒരുപാട് പണിയെടുത്തു.പണം എവിടന്നു വരുന്നു എന്ന് അറിയില്ലായിരുന്നു.ലെവിൻറെ സെക്രട്ടറി ലോല എസ്ട്രിന ചെറിയ ജോലികൾ അയാൾക്കായി കണ്ടെത്തി പണം കൊടുത്തു.രാവിലെ അയാളും ഉച്ച കഴിഞ്ഞ് ലോലയും എന്ന സമയക്രമം ലെവ് നടപ്പാക്കി.

ചാര മേൽനോട്ടക്കാർ കൊടുത്ത കാമറ കൊണ്ട് അയാൾ ആവശ്യമുള്ള ചിത്രങ്ങൾ എടുത്തിരുന്നത് സഖാക്കൾ സംശയിച്ചിരുന്നു.ഫ്രഞ്ച് സർറിയലിസ്റ്റ് പിയറി നെവിൽ ട്രോട് സ്‌കിയോട് തന്നെ സംശയം പങ്കു വച്ചു."സഹായികളെ ഇല്ലാതാക്കരുത്",ട്രോട് സ്‌കി ശകാരിച്ചു.
ലെവ് 1936 ൽ റെഡ് ബുക്ക് പ്രസിദ്ധീകരിച്ചത് സ്റ്റാലിനെ ക്ഷുഭിതനാക്കി.ഇതേ വർഷം നവംബറിൽ നിക്കോളയെവ്സ്കി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ട്രോട് സ്‌കി രേഖകൾ മോഷ്ടിക്കാൻ ഒരു സംഘത്തെ സ്‌ബോറോവ്സ്കി സഹായിച്ചു.അതിൻറെ ഡയറക്‌ടർ ബോറിസ് നിക്കോളയെവ്‌സ്‌കിക്ക്  രേഖകൾ ലെവ് കൊടുത്തതായിരുന്നു.

സ്‌ബോറോവ്സ്കി അയയ്ക്കുന്ന റിപ്പോർട്ടുകൾ സ്റ്റാലിൻ വായിച്ച് ഭീതി വളർന്നിരുന്നു.1937 ജനുവരി 22 ന്,റഷ്യയിലെ പ്രഹസന വിചാരണകൾ ചർച്ച ചെയ്യുമ്പോൾ."ഇനി മടിക്കേണ്ട,സ്റ്റാലിനെ കൊല്ലണം" എന്ന് ലെവ് പറഞ്ഞതായി സ്‌ബോറോവ്സ്കി അവകാശപ്പെട്ടു.സോവിയറ്റ് ചാര ഫയലുകളിൽ കാണുന്ന ഈ റിപ്പോർട്ട് ശരിവയ്ക്കുന്ന തെളിവില്ല ( Deadly Illusions/ John Costello,Oleg Tsarev ).
സ്‌ബോറോവ്സ്കി 
സ്‌ബോറോവ്സ്കി 1956 ഫെബ്രുവരിയിൽ അമേരിക്കയിൽ സെനറ്റ് കമ്മിറ്റി മുൻപാകെ ഹാജരായി.സോവിയറ്റ് ചാരനായി ട്രോട് സ്‌കി പക്ഷത്തിനെതിരെ യൂറോപ്പിൽ പ്രവർത്തിച്ചെന്ന് അയാൾ സമ്മതിച്ചു.അമേരിക്കയിൽ അത് തുടർന്നില്ല.ലിലിയ ഡാലിൻ 1956 മാർച്ചിൽ ഇയാൾക്കെതിരെ മൊഴി നൽകി.കള്ള സാക്ഷ്യത്തിന് അയാളെ 1962 നവംബറിൽ നാല് വർഷം തടവിന് ശിക്ഷിച്ചു.Life is with People എന്നൊരു പുസ്തകം 1962 ലും People in Pain 1969 ലും ഇറക്കി.നരവംശ ശാസ്ത്രജ്ഞ മാർഗരറ്റ് മീഡ്,വേദനയെപ്പറ്റി ആകുലപ്പെടുന്ന ആ പുസ്തകത്തിന് അവതാരിക എഴുതി.അയാൾ സാൻഫ്രാന്സിസ്കോ മൗണ്ട് സിനായ് ആശുപത്രിയിൽ പെയിൻ ഇൻസ്‌റ്റിട്യൂട്ട് ഡയറക്ടർ ആയി.

സ്‌ബോറോവ്സ്കിയെ തടവിൽ നിന്ന് മോചിപ്പിച്ച ശേഷം,റെയ്‌സിൻറെ വിധവ എൽസ പൊറേറ്റ്സ്കി അയാളെ കണ്ടു.സ്വിറ്റ്‌സർലൻഡിൽ ഒളിവിൽ കഴിഞ്ഞ റെയ്‌സിനെ കണ്ടെത്തി കൊല്ലാൻ,ക്രാവിറ്റ്സ്കിയിൽ നിന്നുള്ള കത്ത് ചാര സംഘടനയ്ക്ക് ചോർത്തിയത് നീങ്ങളാണോ എന്ന് അവർ അയാളോട് ചോദിച്ചു.അയാളുടെ വക്രമായ മുഖത്ത് ദയനീയമായ പുഞ്ചിരി വിടർന്നു;അയാൾ ചുമൽ ചുമ്മാ കുലുക്കി.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...