Wednesday, 4 September 2019

കേരളത്തിലെ ശിപായി ലഹള 1812

മൺറോ 29 പട്ടാളക്കാരെ കൊന്നു 

ഝാൻസി റാണി ലക്ഷ്‌മി ബായ് ( 1823 -1858 ) അല്ല ആദ്യം ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്ഞി എന്ന സത്യം ഇന്ന് പലർക്കുമറിയാം.അതിന് 33 വർഷം മുൻപ് 1824 ൽ കർണാടകയിലെ കിട്ടൂരു റാണി ചെന്നമ്മ അവരോട് യുദ്ധം പ്രഖ്യാപിച്ച് കൊല്ലപ്പെട്ടിരുന്നു.ലക്ഷ്‌മി ബായ് ജനിക്കുമ്പോൾ,രാജ്ഞി ആയിരുന്നു,ചെന്നമ്മ.

ചെന്നമ്മയുടെ മകൻ 1824 ൽ മരിച്ചപ്പോൾ,ശിവലിംഗപ്പ എന്നൊരാളെ രാജ്ഞി അവകാശിയായി ദത്തെടുത്തത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അനുവദിച്ചില്ല.അവകാശികൾ ഇല്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടീഷുകാരുടേതാകും എന്ന സിദ്ധാന്തം അന്നാണ് ആദ്യമായി പ്രയോഗിച്ചത്.ആ സിദ്ധാന്തം ( Doctrine of Lapse ) 1848 -1856 കാലത്ത് ഡൽഹൗസി ഔദ്യോഗികമാക്കി.ശിവലിംഗപ്പയെ പുറത്താക്കണമെന്ന ബ്രിട്ടീഷ് ആവശ്യം ചെന്നമ്മ നിരാകരിച്ചു.ബോംബെ ഗവർണർ മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൺ,ചെന്നമ്മയുടെ കത്ത് നിരാകരിച്ചപ്പോൾ,യുദ്ധം പൊട്ടിപ്പുറപ്പെട്ടു.തെക്കൻ മഹാരാഷ്ട്ര ധോബ് മേഖലയുടെ കലക്റ്ററും പൊളിറ്റിക്കൽ ഏജന്റുമായ സെൻറ് ജോൺ താക്കറെ,ഷോലാപ്പൂർ സബ് കലക്ടർ ജോൺ മൺറോ എന്നിവരടക്കം പലരും കൊല്ലപ്പെട്ടു.മദ്രാസ് ഗവർണർ തോമസ് മൺറോയുടെ അനന്തരവൻ ആയിരുന്ന ഈ ജോൺ മൺറോ,തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും റെസിഡൻറ് ദിവാൻ ആയിരുന്ന ജോൺ മൺറോയുടെ ബന്ധുവും കൂടി ആയിരുന്നു.
റെസിഡൻറ് കേണൽ മൺറോ 
ഇത് പോലെ,ഇന്ത്യയിലെ ആദ്യ ശിപായി ലഹളയും 1857 ൽ നടന്നത് അല്ല;കേരളത്തിലെ കൊല്ലത്ത്,അതിനും 45 വർഷം മുൻപ് ശിപായി ലഹളയുണ്ടായി.കലാപത്തിന് മുതിർന്ന 29 പട്ടാളക്കാരെ കൂട്ടക്കൊല ചെയ്‌താണ്‌,റെസിഡൻറ് കേണൽ ജോൺ മൺറോ അത് അടിച്ചമർത്തിയത്.കലാപത്തിന് ഉത്തരവാദികളായി,മൺറോ തൻറെ ശത്രുക്കളായ,പുറത്താക്കപ്പെട്ട ദിവാൻ ഉമ്മിണി തമ്പിയെയും 'യുവരാജ്'  വിശാഖം തിരുനാൾ കേരള വർമയെയും ( ഇത് ആയില്യം തിരുനാളുമായി കലഹിച്ച ഇളയരാജാവ് വിശാഖം അല്ല ) മുദ്ര കുത്തി,അവരെ വധശിക്ഷയ്ക്ക് വിധിച്ചു.ജീവപര്യന്തമായി പിന്നീട് ഇളവ് ചെയ്‌തു.മാവേലിക്കര ആറാട്ടു കടവ് കോയിക്കൽ കൊട്ടാരത്തിലെ അത്തം തിരുനാൾ മഹാറാണിയുടെ മകനായിരുന്നു,കേരള വർമ്മ.കോലത്തുനാട്ടിലെ ചെങ്ങ താവഴിയിൽ നിന്നുള്ള അദ്ദേഹത്തിൻറെ കുടുംബം,ടിപ്പുവിൻറെ പടയോട്ടക്കാലത്ത് പലായനം ചെയ്‌തവരായിരുന്നു.കേരള വർമയുടെയും ഉമ്മിണി തമ്പിയുടെയും രാഷ്ട്രീയത്തിലേക്ക് ഇവിടെ കടക്കുന്നില്ല.1814 ൽ മൺറോ റെസിഡൻറ് സ്ഥാനം ഒഴിഞ്ഞതിൻറെ ( 1819 വരെ ഉപദേഷ്ടാവായി തുടർന്നു ) കാരണമായി ഈ ശിപായി ലഹളയെ കാണാം.

കേരളത്തിന് കാര്യമായി അറിയാത്ത ഈ ലഹളയുടെ വിവരണം,ഹിസ്റ്ററി ഓഫ് മദ്രാസ് ആർമി ( 1883 ) എന്ന പേരിൽ ലഫ് കേണൽ ഡബ്ള്യു ജെ വിത്സൻ എഴുതിയ പുസ്തകത്തിൻറെ മൂന്നാം ഭാഗത്തിൽ നിന്ന്:

1812 മെയ് 24 രാത്രി കൊല്ലത്ത് നടന്ന ഒരു ഗൂഢാലോചനയുടെ വിവരം 14 -o റെജിമെന്റിലെ രണ്ടാം ബറ്റാലിയൻറെ ലഫ്റ്റനൻറ് അഡ്
ജുറ്റൻറ് കോക്സിന് കിട്ടി.ഇതേ ബറ്റാലിയനിലെ ജമേദാർ ഇയാലുവിൽ നിന്നാണ് വിവരം കിട്ടിയത്:ഇയാലുവിനോട് വിവരം പറഞ്ഞത്,അദ്ദേഹത്തിൻറെ കമ്പനിയിലെ ഒരു ശിപായി ( sepoy ) ആയിരുന്നു.കൊല്ലത്തുള്ള തിരുവിതാംകൂർ അനുബന്ധ സേനയിലെ
( Subsidiary force) ബ്രിട്ടീഷ് ഓഫീസർമാരെ കൊല്ലാനായിരുന്നു,ഗൂഢാലോചന.
അനുബന്ധ സേനയുടെ കമാൻഡർ കേണൽ ഹാമിൽട്ടൺ ഹാൾ ആയിരുന്നു;യൂറോപ്യൻ പീരങ്കിപ്പടയുടെ ഒരു കമ്പനി,9 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ,11 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ,14 -o റെജിമെന്റിൻറെ മൂന്നാം ബറ്റാലിയൻ 18 -o റെജിമെന്റിൻറെ രണ്ടാം ബറ്റാലിയൻ എന്നിവ ചേർന്നതായിരുന്നു,അനുബന്ധ സേന.ഇവ നാടൻ കാലാൾപ്പടയുടെ റെജിമെന്റുകൾ ആയിരുന്നു.കൊല്ലം റെസിഡൻസിയിൽ,25 ന് രാവിലെ കേണൽ ഹാളും ബറ്റാലിയൻ കമാൻഡർമാരും യോഗം ചേർന്നു.ഉച്ചയ്ക്ക് തന്നെ സൈന്യത്തിൻറെ പൊതു പരേഡ് നടത്തി,ഗൂഢാലോചനയിലെ പ്രധാനികളെ പിടി കൂടാൻ തീരുമാനിച്ചു.ഗൂഢാലോചനയ്ക്ക് കോഴ വാങ്ങി ഒത്താശ ചെയ്‌ത നാട്ടുകാരെ,റെസിഡൻറ് കേണൽ ജോൺ മൺറോ കണ്ടെത്തണമെന്നും തീരുമാനിച്ചു.

ഈ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കി.14 -o റെജിമെന്റിലെ ജമേദാർ ഷെയ്ഖ് ഹുസൈനെയും രണ്ട് ഹവിൽദാർമാരെയും ആ ബറ്റാലിയനിലെ 22 ഭടന്മാരെയും ജോലിയിൽ നിന്ന് വിടുതൽ ചെയ്‌ത്‌ തടവുകാരാക്കി സേന,തീരുമാനത്തിനൊപ്പം നിന്നു.

പുറത്താക്കപ്പെട്ട ദിവാൻ ഉമ്മിണി തമ്പി,പരേതനായ പഴശ്ശി രാജയുടെ അനന്തരവൻ എന്നവകാശപ്പെട്ട ഒരാൾ,നിരവധി ഫക്കീർമാർ എന്നിവരെ റെസിഡന്റിൻറെ അന്വേഷകർ,മുഖ്യ സൂത്രധാരകർ എന്ന നിലയിൽ പിടി കൂടി.

ഒൻപതാം റെജിമെന്റിൻറെ രണ്ടാം ബറ്റാലിയനിലെ മേജർ ഫ്രേസർ അധ്യക്ഷനായ ഓഫിസർമാരുടെ ബോർഡ്,ജമേദാർ ഷെയ്ഖ് ഹുസൈൻ,ശിപായി സലാബുത് ഖാൻ എന്നിവരെ വിചാരണ ചെയ്‌തു.ഇരുവരെയും പീരങ്കി വായിൽ ചാരി,നിറയൊഴിക്കാനായിരുന്നു,വിധി.അത് 28 ന് പൊതു പരേഡിൽ നടപ്പാക്കി.

പതിനാലാം റെജിമെന്റിലെ രണ്ട് ഹവിൽദാർമാർ,ഒരു നായിക്ക്,26 ശിപായിമാർ എന്നിവരെ പട്ടാളക്കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു.19 പേർ മുസ്ലിംകളും പത്തു പേർ ഹിന്ദുക്കളും ആയിരുന്നു.ഇതിൽ രണ്ടു ശിപായിമാർക്ക് മാപ്പ് നൽകി.ബാക്കിയുള്ളവരെ വെടി വച്ച് കൊല്ലുകയോ തൂക്കിലിടുകയോ ചെയ്‌തു.കൊല്ലം,കണ്ണൂർ,ശ്രീരംഗ പട്ടണം,തിരുച്ചിറപ്പള്ളി,വെല്ലൂർ,സെൻറ് തോമസ് മൗണ്ട് എന്നിവിടങ്ങളിൽ ശിക്ഷ നടപ്പാക്കി.

പതിനെട്ടാം റെജിമെന്റിലെ ഇന്ത്യൻ ഓഫിസർമാർ,14 -o റെജിമെന്റിലെ ഒരു ഇന്ത്യൻ ഓഫിസർ എന്നിവരെയും വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഇവരെ കേസിൽ കുടുക്കുകയാണെന്ന് തെളിഞ്ഞതിനാൽ വിട്ടയച്ചു.
പതിനാലാം റെജിമെന്റിലെ രണ്ടാം ബറ്റാലിയൻ അല്ലാതെ മറ്റൊരു വിഭാഗവും ഗൂഢാലോചനയിൽ പങ്കെടുത്തതായി സൂചനയില്ല.
റെസിഡൻറ്,സമയമെടുത്തു നടത്തിയ അന്വേഷണത്തിൽ കണ്ടത്,ഉമ്മിണി തമ്പിയും വ്യാജ പഴശ്ശി രാജയും ജമേദാർ ഷെയ്ഖ് ഹുസൈനുമാണ് ഗൂഢാലോചനക്കാർ എന്നാണ്.വ്യാജ പഴശ്ശിക്ക് രാജ്യാധികാരം നൽകുകയായിരുന്നു,ലക്ഷ്യം.ജമേദാർ ഷെയ്ഖ് ഹുസൈന് ദിവാൻ പദം വാഗ്‌ദാനം ചെയ്‌തു.മൊത്തത്തിൽ,ഉമ്മിണിത്തമ്പിയെ തലവനാക്കാനുള്ള തന്ത്രം.കലാപം ജയിച്ചു കഴിഞ്ഞാൽ അതിൽ പങ്കെടുത്ത ശിപായിമാർക്കെല്ലാം,മാസം പത്തു രൂപയായി ശമ്പളം കൂട്ടുമെന്ന് പറഞ്ഞിരുന്നു.

ഗൂഢാലോചനയിൽ പങ്കെടുത്തത്,വിരമിച്ച ശിപായിമാരും ഫക്കീർമാരും അസംതൃപ്തരായ നാട്ടുകാരുമായിരുന്നു.അത്താഴ വിരുന്നിന്റെ നേരത്ത് ഓഫീസർമാരെ കൊല്ലാനും അതേ നേരത്ത് ശ്രദ്ധ തിരിക്കാൻ ബാരക്കുകൾക്ക് തീവയ്ക്കാനും അത് കഴിഞ്ഞ് പൊതു ഖജനാവ് കൊള്ളയടിക്കാനും ആയിരുന്നു,പദ്ധതി.

1813 ഫെബ്രുവരി 18 ന് ജമേദാർ ഇയാലുവിന് സുബേദാറായി സ്ഥാനക്കയറ്റം നൽകി.ഒരു പല്ലക്ക് സമ്മാനിച്ചു.അത് വഹിക്കുന്നവർക്ക് കമ്പനി അലവൻസ്.അയാൾക്ക് സ്വർണ മെഡലും ആയിരം രൂപയും കൊടുത്തു.അയാളുടെ കാല ശേഷം അടുത്ത അവകാശിക്ക് മാസം 35  രൂപ  പെൻഷൻ നൽകും.

ഇയാലുവിനെ വിവരമറിയിച്ച ശിപായി വെങ്കട്ട് റാമിന് ജമേദാർ തസ്തികയിൽ പെൻഷനും 600 രൂപയും നൽകി.ഇതേ ബറ്റാലിയനിലെ ക്യാപ്റ്റൻ ലൈസിന് അവ്യക്തമായി വിവരം നൽകിയ ശിപായി ഹുസൈൻ ഖാന് തഹസിൽദാർ തസ്തികയിൽ പെൻഷൻ നൽകി.

ഉമ്മിണി തമ്പിയെയും പഴശ്ശി രാജയെയും തിരുവിതാംകൂർ കോടതി വിചാരണ ചെയ്‌തു.തമ്പിക്ക് വധ ശിക്ഷ നൽകിയെങ്കിലും അത് നാട് കടത്തലായി ഇളവ് ചെയ്‌തു.അയാളെ നെല്ലൂർക്കും പഴശ്ശി രാജയെ ചെങ്കൽ പെട്ടിലേക്കും നാടുകടത്തി.രാജയെ 1815 ൽ വിട്ടയച്ചു.

ഇത്രയുമാണ്,വിത്സന്റെ പുസ്തകത്തിൽ ഉള്ളത്.ഇതിൽ ഉമ്മിണി തമ്പി,WOMANAH TUMBY യാണ്.പഴശ്ശി രാജ,PYCHY RAJA.പഴശ്ശി രാജ നാം അറിയുന്ന പഴശ്ശി രാജ അല്ല.ഇത് വിശാഖം തിരുനാൾ കേരള വർമ്മയാണെന്ന് മനസ്സിലായത്,മൺറോയുടെ ജീവിതം വായിച്ചപ്പോഴാണ്.കോലത്തു നാട്ടിൽ നിന്ന് വന്നതിനാൽ പഴശ്ശിരാജ ആയി.യഥാർത്ഥ പഴശ്ശി രാജയെ ഇതിന് ഏഴു കൊല്ലം മുൻപ് 1805 ൽ ബ്രിട്ടീഷുകാർ കൊന്നതിനെ തുടർന്ന് അവർക്ക് ആ ഓർമ്മയുണ്ടായിരുന്നു ( അക്കാലത്ത് തലശ്ശേരി കലക്റ്റർ ആയിരുന്ന തോമസ് ബാബറുടെ അനന്തര തലമുറയിലെ ചരിത്ര കുതുകി നിക്  ബാബറുമായി ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു.കൊല്ലം കലാപത്തെപ്പറ്റി ഒരു രേഖ കണ്ടിരുന്ന അദ്ദേഹത്തിന് കഥാപാത്രങ്ങളെ മനസ്സിലായില്ല.ബാബറുടേതാണ്,പഴശ്ശിയുടെ മരണം സംബന്ധിച്ച ദൃക്‌സാക്ഷി വിവരണം).

വിത്സന്റെ വിവരണം പൂർണമല്ലാത്തതിനാൽ,The Scots Magazine and Edinburgh Literary Miscellany യുടെ 1812 നവംബർ ലക്കത്തിലെ ( വാല്യം 74,പേജ് 860 ) വിവരണത്തിലേക്ക് പോകാം.

അതനുസരിച്ച് കലാപം നടക്കേണ്ടിയിരുന്നത്,1812 മെയ് 22 നാണ്.ഇന്ത്യയിൽ നിന്ന് ഡോറിസ് എന്ന കപ്പൽ പുറപ്പെടും മുൻപ്,കൊല്ലത്തു നിന്ന് ഒരു ഓഫിസർ,മദ്രാസിലെ അദ്ദേഹത്തിൻറെ സുഹൃത്തിന് മെയ് 30 ന് അയച്ച കത്തിൽ,തിരുവിതാംകൂറിലെ അപകടകരമായ കലാപ വിവരം പറഞ്ഞിരുന്നുവെന്ന്,ഈ റിപ്പോർട്ടിൽ കാണുന്നു.മാസിക പറയുന്നത്,ഇതൊരു കത്താണ് എന്നാണ്.ഉള്ളടക്കം വച്ച് ഉന്നത ചാരമേധാവിക്കുള്ള റിപ്പോർട്ട് ആണ് അത്.ഇതാണ് "കത്ത്  ":

നമുക്ക് രണ്ട് നാട്ടു തടവുകാർ ഉണ്ടായിരുന്നു.ക്രമക്കേടിന് പുറത്താക്കപ്പെട്ട തിരുവിതാംകൂർ ദിവാനും പഴശ്ശി രാജയും.ഇവർ കോഴ കൊടുത്ത് കാലാൾപ്പടയുടെ 14 -o റെജിമെന്റിലെ നാട്ടുകാരനായ ഒരു ഓഫിസറെ വശത്താക്കി.കൊല്ലത്തെ സ്വദേശി സൈന്യത്തിൻറെ സിംഹ ഭാഗത്തെയും വരുതിയിലാക്കാൻ ശ്രമിച്ചു.വലിയൊരു പരിധി വരെ അവർ വിജയിച്ചു.ആസൂത്രകരിൽ പ്രധാനിയായ പഴശ്ശി രാജ പറഞ്ഞിരുന്നത്,വേണ്ടത്ര ശിപായിമാരെ കിട്ടിയാൽ,ബ്രിട്ടീഷ് ഓഫീസർമാരെ മുഴുവൻ കൊല്ലാം എന്നാണ്.

ഒരു പ്രത്യേക ദിവസം,18 -o റെജിമെന്റിന്റെ അവലോകനം വച്ചിരുന്നു.റെസിഡൻറ് ഉൾപ്പെടെ,കന്റോൺമെന്റിലെ എല്ലാ ഓഫീസർമാരും അന്ന് വൈകുന്നേരം നമ്മുടെ മെസിലാണ് അത്താഴം കഴിക്കേണ്ടിയിരുന്നത്.അങ്ങനെ കൂടി നമ്മുടെ തലകൾ കൊയ്യാനായിരുന്നു,പദ്ധതി.അത് കഴിഞ്ഞ് പുലർച്ചെ വരെ അവർ നിശബ്ദരായിരിക്കും.രാവിലെ സമയം വിളിച്ചറിയിക്കാനുള്ള പെരുമ്പറ മുഴങ്ങിയാൽ,മൂന്ന് സേനാ വിഭാഗങ്ങളോടും മാർച്ച് ചെയ്യാൻ പറയും.ഒന്ന് തെക്കോട്ട്,ഒന്ന് വടക്കോട്ട് ആരുവായ് മൊഴി ചുരത്തിലേക്ക്.ചുരം കടന്ന് സേന വരുന്നത് തടയും.തിരുവിതാംകൂർ പിടിക്കാൻ നിരവധി ബറ്റാലിയനുകൾ ഉണ്ടാക്കും.സേനാനികൾക്ക് നേരെ നിറയൊഴിക്കും.ഓഫിസർമാർ മെസ് വിട്ടാൽ,അവരെ ബയണറ്റുകൾ കൊണ്ട് കുത്തി പിളർക്കും.50 സഹ പ്രവർത്തകരുമായി എത്താമെന്ന് പറഞ്ഞ ഒരാൾ വരാതിരുന്നത് കൊണ്ട് മാത്രമാണ് പദ്ധതി നടപ്പാക്കാതെ പോയത്.
രണ്ടു നാൾ കഴിഞ്ഞ്,പദ്ധതി നടക്കാത്ത വർത്തമാനം ഒരു ശിപായി ഒളിച്ചിരുന്നു കേട്ടു.പദ്ധതി അടുത്ത വിരുന്നു നടക്കുന്ന ജൂൺ നാലിലേക്ക് മാറ്റുകയായിരുന്നു.വിവരം അയാൾ കമാണ്ടറെ അറിയിച്ചു.
ബ്രിഗേഡിനോട് ഉടൻ പരേഡിനെത്താൻ പറഞ്ഞു.നാട്ടുകാരനായ ഓഫീസറോട് ഏതാണ്ട് 30 ശിപായിമാർക്കൊപ്പം എത്താൻ പറഞ്ഞു.14 -o റെജിമെന്റിൽ ഗൂഢാലോചനക്കാരായ ഓരോരുത്തരുടെയും പേര് വിളിച്ചാണ് പറഞ്ഞത്.അവരെ വിലങ്ങു വച്ച് തടവിലേക്ക് വിട്ടു.

അടുത്ത നാൾ രാവിലെ ഓഫിസർമാരുടെ ബോർഡ് ചേർന്നു.ചില ശിപായിമാർ തെളിവ് നൽകി.അവർ ആരുടെയും പേര് പറഞ്ഞില്ല.അടുത്ത രാവിലെ ഒരു ഫക്കീർ,14 -o റെജിമെന്റിലെ ഒരു ഓഫിസറുടെയും 18 ലെ ഒരു ഓഫിസറുടെയും പതിനൊന്ന്,ഒൻപത് റെജിമെന്റുകളിലെ രണ്ടും മൂന്നും ബറ്റാലിയനുകളിലെ ചിലരുടെയും പേരുകൾ വെളിപ്പെടുത്തി.റെസിഡന്റിന്റെ ചില ശിപായിമാരുടെയും ചില നാട്ടുകാരുടെയും ഓഫീസർമാരുടെയും വേലക്കാരുടെയും പേരുകളും പുറത്തു വന്നു.14 റെജിമെന്റിലെ എല്ലാ ശിപായിമാരും മറ്റു വിഭാഗങ്ങളിലെ ചിലരും പദ്ധതിയിൽ പെട്ടിരുന്നു.പൊതു സമിതിയുടെ മേധാവിയും വേറെ ചിലരും കോഴ വാങ്ങിയിരുന്നു.

കൊല്ലം വലിയ സംഭ്രാന്തിയിൽ ആയി.ഒന്നോ രണ്ടോ ഗൂഢാലോചനക്കാരെ ശിക്ഷിച്ച് മാതൃക കാട്ടാൻ തീരുമാനിച്ചു.പ്രതികളായ സ്വദേശി ഓഫിസർമാരെയെല്ലാം ഉടൻ 14 ൻറെ ഒരു ഓഫിസർക്ക് കീഴിൽ,റെസിഡന്റിൻറെ 50 ശിപായിമാരുടെ അകമ്പടിയോടെ,തിരുച്ചിറപ്പള്ളിക്ക് വിട്ടു.14 റെജിമെന്റിനോട്,കൊല്ലം വിട്ട് തിരുച്ചിറപ്പള്ളിക്ക് യൂറോപ്യൻ ഓഫിസർമാർക്കൊപ്പം മാർച്ച് ചെയ്യാൻ ഉത്തരവായി.അതിന് 12 മണിക്കൂർ കാക്കാൻ പറ്റാത്തതിനാൽ,മിനിയാന്ന് ( 28) തന്നെ അവരോട് യാത്രയാകാൻ ഉത്തരവിട്ടു.

സൈന്യത്തോട് ആയുധം താഴെ വച്ച് വൈകിട്ട് അഞ്ചിന് അണി നിരക്കാൻ ശട്ടം കെട്ടി.ആ നിരയ്ക്ക് മുന്നിൽ,മധ്യത്തിൽ നിന്ന് 100 വാര മാറി,മൂന്ന് പീരങ്കികൾ നിലയുറപ്പിച്ചു.ഇതേ ദൂരത്തിൽ ഇരു വശങ്ങളിലും ഓരോ പീരങ്കികൾ വെടിയുണ്ടകൾ നിറച്ച് ബറ്റാലിയനുകൾക്ക് നേരെ തിരിച്ചു.ശിപായിമാർ പ്രതിഷേധമുയർത്തും എന്ന് കണക്കാക്കി ആയിരുന്നു,ഇത്.മധ്യത്തിലെ രണ്ടു പീരങ്കികളിൽ ഉണ്ടകൾ അല്ല വെടിമരുന്നാണ് നിറച്ചത്.പ്രതികളായ രണ്ടു ജമേദാർമാരെയും ഒരു റൈറ്ററെയും മുന്നിൽ കൊണ്ട് വന്ന് ആചാരമൊന്നുമില്ലാതെ,ആ പീരങ്കികളുടെ വായിലേക്ക് തള്ളിക്കയറ്റി.സൈന്യം,ഇത് കണ്ട് മരണ മൗനത്തിൽ അമർന്നു.ബ്രിഗേഡ് മേജറായ അലക്സ് ബാമെയിൻ,രാവിലെ ചേർന്ന ഓഫിസർമാരുടെ ബോർഡിൻറെ വിധി വായിച്ചു.കേണൽ ഗർജ്ജിച്ചു:റെഡി,ഫയർ !

സേനയാകെ,വിറച്ചു നിന്നു.ഇത്ര കടുത്ത നടപടിയുടെ കാരണം കേണൽ വിവരിച്ചു.വധിക്കപെട്ടവരുടെ ജഡങ്ങളെ വലയം ചെയ്‌ത്‌ ബാരക്കുകളിലേക്ക് മടങ്ങാൻ,സേനാംഗങ്ങളോട് ആജ്ഞാപിച്ചു.
കൊല്ലം റെസിഡൻസി 
'കത്ത്' ഇവിടെ തീരുന്നു.ഈ ദൃക്‌സാക്ഷി വിവരണത്തിൽ നിന്ന്,ദൃക്‌സാക്ഷി, സേനയുടെ കൂട്ടത്തിൽ അല്ലായിരുന്നു എന്ന് വ്യക്തം.അയാൾ,സേനയുടെ പ്രതികരണം കണ്ടിരുന്ന ഒരു സേനാനായകൻ ആയിരുന്നിരിക്കാം.അത് കേണൽ ഹാമിൽട്ടൻ ഹാൾ തന്നെയാകാം.അദ്ദേഹം മദ്രാസിലെ പട്ടാള മേധാവിക്ക് എഴുതിയതാകാം.1781 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്ന ഹാൾ,1827 മെയ് 12 ന് തിരുച്ചിറപ്പള്ളിയിൽ തെക്കൻ വിഭാഗം മേധാവി ആയി വിരമിച്ചു.ചെന്നൈയിൽ ഇന്ന്,കാസ മേജർ റോഡിൽ നിന്ന്,എഗ്‌മോർ ഹൈറോഡിലേക്കുള്ള പാത,ഹാൾസ് റോഡാണ്.അദ്ദേഹം കുറെ നാൾ അവിടെ താമസിച്ചിരുന്നു.

ഗൂഢാലോചന പൊളിച്ച ആളുടെ പേര് ഇയാലു എന്നും ലിയാലു എന്നും ജലോ എന്നും രേഖകളിൽ കാണാം.ഇയാലു എന്ന പേര് തെലുഗു നായിഡുമാർക്കുണ്ട്.വധിക്കപ്പെട്ട മുസ്ലിംകൾ മലയാളികൾ ആണെന്ന് തോന്നുന്നില്ല.

കേരളവർമ്മയുടെ പേര് ബ്രിട്ടീഷ് രേഖകളിൽ പഴശ്ശി രാജ,വ്യാജ പഴശ്ശി രാജ എന്നൊക്കെ കാണുന്നത്,ശ്രദ്ധിക്കണം.പഴയ ശത്രുവിൻറെ പേര് ഉയർത്തി പുതിയ ശത്രുവിനെ വെടക്കാക്കുന്ന പരിപാടി.

തിരുവിതാംകൂറിൽ 1810 ഒക്ടോബറിൽ റെസിഡന്റായി എത്തിയ മൺറോയുടെ ശത്രുക്കളായിരുന്നു,ഉമ്മിണി തമ്പിയും കേരളവർമ്മയും.മൺറോ വന്ന് ദിവസങ്ങൾക്കകം,ബാലരാമവർമ രാജാവ് 1810 നവംബർ ഏഴിന് കൊല്ലപ്പെട്ടു.അതിനു പിന്നിൽ ഉമ്മിണി തമ്പി ആയിരുന്നു എന്നാണ്,തെളിവുകൾ സൂചിപ്പിക്കുന്നത്.ബാലരാമവർമയുടെ പിൻഗാമിയാകാൻ കേരളവർമ അവകാശം ഉന്നയിച്ചെങ്കിലും,19 വയസുള്ള ലക്ഷ്‌മി ബായ് ആണ് രാജ്ഞി ആയത്-സ്വാതി തിരുനാളിൻറെ അമ്മ.കേരളവർമ,ബാലരാമവര്മയുടെ പ്രിയനായിരുന്നെങ്കിലും, ഉമ്മിണി തമ്പിയുടെ ശത്രുവായിരുന്നു .വേലുത്തമ്പിയുടെ കലാപത്തിന് പിന്നിൽ കേരളവർമയുണ്ടായിരുന്നു എന്നാണ് ബ്രിട്ടീഷ് രേഖകൾ പറയുന്നത്.അയാളെ ബാലരാമവർമ കുടുംബത്തിലേക്ക് ദത്തെടുത്തിരുന്നു എങ്കിലും,പണ്ട് മാർത്താണ്ഡ വർമ്മ അവസാനത്തെ ആറ്റിങ്ങൽ റാണിയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച്,അയാൾക്ക് ഭരണം കിട്ടുമായിരുന്നില്ല.കേരളവർമയെ പിണക്കിയതിന് പുറമെ,ഉമ്മിണി തമ്പിയെ ദിവാൻ സ്ഥാനത്തു നിന്ന് മൺറോ പുറത്താക്കുകയും ചെയ്‌തു.ഇരുവർക്കും കലാപത്തിന് കാരണം ഉണ്ടായിരുന്നു എങ്കിലും,ഇരുവരും തടവിലായിരുന്നു.അവർ കലാപത്തിന് വട്ടം കൂട്ടാൻ സാധ്യതയില്ല.അത് കൊണ്ട്,50 സഹപ്രവർത്തകരുമായി എത്താമെന്ന് ശിപായിമാർക്ക് ഉറപ്പ് നൽകിയ കഥാപാത്രത്തെയാണ്,കണ്ടെത്തേണ്ടത്.

തമ്പിയും വർമയുമായിരുന്നു യഥാർത്ഥ ഗൂഢാലോചനക്കാർ എങ്കിൽ തൂക്കിൽ ഇടേണ്ടതായിരുന്നു.വധശിക്ഷ വിധിച്ച അപ്പീൽ കോടതി അധ്യക്ഷൻ മൺറോ തന്നെ ആയിരുന്നു.അതേ മൺറോ തന്നെ റെസിഡൻറ് എന്ന നിലയിൽ ശിക്ഷ ഇളവ് ചെയ്യാൻ മുൻകൈ എടുത്തു.1811 ൽ പ്രതിസന്ധിക്കാലത്ത്,ഉമ്മിണി തമ്പിയുടെ സഹോദരൻ മതം മാറി സാമുവൽ തമ്പി ആയിരുന്നു.മതം മാറ്റിയത്,മിഷനറി റിംഗൾടോബെ . മതം മാറ്റത്തിൽ ആവേശം ഉണ്ടായിരുന്ന മൺറോ,മതം ,മാറുമ്പോൾ,ശിക്ഷാ ഇളവ് വാക്ക് നൽകിയിരുന്നോ എന്നറിയില്ല.

അന്നത്തെ അത്താഴ വിരുന്നിൽ മൺറോ പങ്കെടുക്കും എന്നതിനാൽ,മൺറോയെ കൊല്ലുകയായിരുന്നു,ലക്ഷ്യം.അതിന് പദ്ധതിയിട്ട 14 റെജിമെൻറ് പ്രധാനമായും മുസ്ലിം റെജിമെൻറ് ആയിരുന്നു.പീരങ്കി വായിൽ പ്രാണൻ ചിന്നി ചിതറിയ ഷെയ്ഖ് ഹുസൈനും സലാബുത് ഖാനും മലയാളികൾ അല്ലെങ്കിൽ,തമ്പിയും വർമയും അവരെ നിയോഗിക്കാൻ സാധ്യത വിരളമാണ്.

ഗൂഢാലോചനക്കാർ തമിഴ്‌നാട്ടിൽ നിന്നുള്ളവരോ മൈസൂരിൽ നിന്നുള്ളവരോ ആണെങ്കിൽ,അതിന് കാക്കത്തൊള്ളായിരം കാരണങ്ങളുണ്ട്.1812 ന് ആറു വർഷം മുൻപ് ആയിരുന്നു വെല്ലൂർ പട്ടാള കലാപം.

എന്താണ് വെല്ലൂർ കലാപം?

മദ്രാസ് പട്ടാള മേധാവി ജോൺ ക്രാഡോക്,പട്ടാളക്കാർ തുകൽ കൊണ്ടുണ്ടാക്കിയ വട്ടത്തൊപ്പി വയ്ക്കണമെന്ന് നിർദേശിച്ചു.ഇത്,മുസ്ലിം,ഹിന്ദു ശിപായിമാരെ ഒരുപോലെ ബാധിച്ചു.വെല്ലൂർ കോട്ടയ്ക്ക് അകത്തായിരുന്നു,ടിപ്പു സുൽത്താന്റെ ഭാര്യമാരെയും കുട്ടികളെയും താമസിപ്പിച്ചിരുന്നത്.ഒരു മകളുടെ നിക്കാഹ് 1806 ജൂലൈ ഒൻപതിനായിരുന്നു.അന്ന് രാവിലെ,ശിപായിമാർ കൂട്ടം ചേർന്ന് 200 ബ്രിട്ടീഷ് ഓഫീസർമാരെ കൊന്നു.ഇന്ത്യയിൽ ഉടനീളം ഈ സംഭവം,ബ്രിട്ടീഷ് ഓഫീസർമാരെ പേടിപ്പിച്ചു.ഇത്തരം ഓഫിസർമാർ എവിടെയും കലാപം കാണാൻ തുടങ്ങി.1809 ൽ മദ്രാസിൽ മൺറോ ക്വാർട്ടർ മാസ്റ്റർ ജനറൽ ആയിരിക്കെ,അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് ഓഫിസർമാർ തന്നെ കലാപം നടത്തിയിരുന്നു.കൊല്ലം കലാപം കഴിഞ്ഞ്,ഒൻപത് വർഷത്തിന് ശേഷം,ആറ്റിങ്ങൽ കൊട്ടാര വളപ്പിൽ,അഞ്ചുതെങ്ങ് പണ്ടക ശാലയിൽ നിന്നുള്ള 133 ബ്രിട്ടീഷുകാരെ മലയാളി മാടമ്പിമാർ കശാപ്പ് ചെയ്‌തു.
കൊല്ലം പട്ടാള കലാപത്തിൻറെ ഉത്തരവാദിത്തം,തമ്പിയുടെയും വർമയുടെയും തലയിൽ കെട്ടിവച്ചതു കൊണ്ട് കൂടിയാകാം,മൺറോയുടെ റെസിഡൻറ് സ്ഥാനം രണ്ടു വർഷം കഴിഞ്ഞ് തെറിച്ചത്.
കഥയിൽ നിന്ന് തെളിയുന്നത് മറ്റൊന്ന് കൂടിയാണ് -ആദ്യ ശിപായി ലഹള 1806 ൽ വെല്ലൂരിൽ ആയിരുന്നു.

ബാലരാമവർമയ്ക്ക് ശേഷം കുറച്ചു കാലം റീജന്റ്‌ ആയ കേരളവർമയെ അവകാശ തർക്കം ചൊല്ലി മൺറോയും ദിവാൻ ഉമ്മിണി തമ്പിയും ചേർന്ന് പുറത്താക്കിയിരുന്നു.വർമയെ തലശ്ശേരിക്ക് നാട് കടത്തി.മലബാർ മജിസ്‌ട്രേറ്റും ജഡ്‌ജിയുമായ ടി എച്ച് ബാബർ വർമയെ കതിരൂരിൽ  തടങ്കലിൽ പാർപ്പിച്ചു.വർമ്മ മാന്യനാണെന്ന് ബാബർ രേഖപ്പെടുത്തി.വർമ്മ തനിക്കൊപ്പം,ബാലരാമ വർമ്മ സമ്മാനിച്ച 14 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൂടി കൊണ്ട് പോയെന്ന് മൺറോ കണ്ടെത്തിയാണ്,അദ്ദേഹത്തെ കൊല്ലം കലാപത്തിൽ കുടുക്കി,ചെങ്കൽ പെട്ടിലേക്ക് വിട്ടത്.അവിടെ കനകവല്ലി എന്ന നർത്തകിക്ക് വർമ്മ സമ്മാനിച്ച ആഭരണങ്ങൾ ബാബർ പിടിച്ചെടുത്ത് കൊണ്ട് വന്നു.അത് കഴിഞ്ഞ് വർമ്മയെ  തലശ്ശേരിയിൽ വീട്ടു തടങ്കലിലാക്കി.11 വർഷം ചെന്നൈയിൽ കഴിഞ്ഞ വർമ്മ,ബാലരാമവർമ പ്രകടമാക്കിയ അസുഖ ലക്ഷണങ്ങളോടെ മരിച്ചു. കേരളവർമ ചെന്നൈയിൽ താമസിച്ച സ്ഥലം തമ്പുരാൻ പുരം ആയി -ഇന്നത്തെ താംബരം.

ഉമ്മിണി തമ്പി എന്നും കേരളവർമയ്ക്ക് എതിരായിരുന്നു;വർമ്മ ക്രൂരനായ പഴയ ദിവാൻ ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ജാര സന്തതിയാണെന്ന് തമ്പി ആരോപിച്ചിരുന്നു.തമ്പി നെല്ലൂരിൽ മരിച്ചു.
മൺറോ ക്രൂരനായ കൊള്ളക്കാരനായിരുന്നു എന്ന് ഗുണ പാഠം.

See https://hamletram.blogspot.com/2015/11/tambaram-and-murder-of-king-balarama.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...