Thursday 17 September 2020

ഗാന്ധി,കോഴിക്കോട് പ്രസംഗം,1920

ഖിലാഫത്തിനൊപ്പം നിൽക്കുക 

ഗാന്ധിയും ഷൗക്കത്ത് അലിയും തിരുച്ചിയിൽ നിന്ന് തീവണ്ടിയിൽ 1920 ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കോഴിക്കോട്ട് എത്തിയത്.ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ മാലയിട്ട് സ്വീകരിച്ചു.ക്രോസിൻ മൊത്ത വിൽപ്പനക്കാരൻ ശ്യാംജി സുന്ദർ ദാസിൻറെ ( കല്ലാജി ബാജു ) ഗുജറാത്തി സ്ട്രീറ്റിലെ വീട്ടിൽ താമസിച്ചു.വി ആർ കൃഷ്ണയ്യരുടെ പിതാവ് വി വി രാമയ്യരായിരുന്നു വെള്ളയിൽ ബീച്ചിൽ വൈകിട്ട് ആറരയ്ക്ക് നടന്ന സമ്മേളനത്തിൽ താലൂക്ക് ബോർഡിന് വേണ്ടി സ്വാഗതം പറഞ്ഞത്.ഹൈക്കോടതി വക്കീൽ കെ പി രാമൻ മേനോൻ ആധ്യക്ഷ്യം വഹിച്ചു.കെ മാധവൻ നായർ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.കെ പി രാമൻ മേനോൻ മലബാർ ജനതയ്ക്ക് വേണ്ടി 2500 രൂപയുടെ ചെക്ക് ഖിലാഫത്ത് നിധിയിലേക്ക് വേണ്ടി ഷൗക്കത്ത് അലിക്ക് നൽകി.കൂടുതൽ പ്രതീക്ഷിച്ച അലിക്ക് ഇത് തൃപ്തി നൽകിയില്ലെന്ന് The Source Material for a History of the Freedom Movement in India വാല്യം മൂന്ന്,ഭാഗം ഒന്ന് പേജ് 318 -19 ൽ കാണുന്നു.

ഗാന്ധിയുടെയും അലിയുടെയും ഈ സന്ദർശനത്തിന് ശേഷമാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശക്തിപ്പെട്ട് മാപ്പിള ലഹളയിൽ കലാശിച്ചത്.നിസ്സഹകരണ പ്രസ്ഥാനത്തിന് വലിയ പിന്തുണയുണ്ടായിരുന്നില്ല;പി മൊയ്തീൻ കുട്ടിയെപ്പോലെ മത ഭ്രാന്തന്മാരായ മാപ്പിള യുവാക്കളും കെ മാധവൻ നായർ,ഗോപാല മേനോൻ,പി അച്യുതൻ തുടങ്ങിയ കേസില്ലാ വക്കീൽമാരായിരുന്നു ഇതിൻറെ കൂടെയുണ്ടായിരുന്നത് എന്ന് ആ പുസ്തകത്തിൽ പറയുന്നു.ഗാന്ധിയും അലിയും 19 ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിൻ മിക്കവാറും സ്റ്റേഷനുകളിൽ നിർത്തി.തലശ്ശേരിയിലും കണ്ണൂരിലും ഉത്സാഹം കണ്ടു.വടകരയും തളിപ്പറമ്പ് അത് കണ്ടില്ല.കണ്ണൂരിൽ 500 രൂപ കിട്ടിയപ്പോൾ അത് പോരെന്നായി അലി.20 ന് മടക്കയാത്രയിൽ ഗാന്ധിയെ കാണാൻ സ്റ്റേഷനുകളിൽ ആളുണ്ടായില്ല.

1920 ഓഗസ്റ്റ് 18 ന് കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഗാന്ധി നടത്തിയ പ്രസംഗം:

നിസ്സഹരണത്തിൻറെ സത്ത അറിഞ്ഞാൽ നാം വിജയിക്കും.ഇന്ത്യക്കാരുടെ സഹകരണം കൊണ്ടാണ്,ആയുധ ബലം പ്രയോഗിച്ചല്ല ബ്രിട്ടൻ ഇന്ത്യയെ ഭരിക്കുന്നതെന്ന് ബർമയിലെ ലഫ് ഗവർണർ ഞങ്ങളോട് പറയുകയുണ്ടായി.അറിഞ്ഞോ അറിയാതെയോ സർക്കാർ ജനത്തോട് ചെയ്യുന്ന തെറ്റുകൾക്കുള്ള പരിഹാരം അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.നാം ആ സർക്കാരിനോട് സഹകരിക്കുവോളം ആ തെറ്റിൽ നമ്മളും പങ്കാളികൾ ആയിരിക്കും.തങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി സർക്കാർ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ ഒരു പ്രജയും സഹിക്കില്ല.ഇന്ത്യ സർക്കാരും സാമ്രാജ്യത്വ സർക്കാരും ഇന്ത്യയോട് ഇരട്ട തെറ്റ് ചെയ്തതായി ഞാൻ ഈ സമ്മേളനത്തെ അറിയിക്കുന്നു.സ്വന്തം അവകാശങ്ങൾ,ഉത്തരവാദിത്തങ്ങൾ,കടമകൾ എന്നിവയെപ്പറ്റി ബോധമുള്ള ആത്മാഭിമാനമുള്ള ഒരു ജനതയാണ് നാം എങ്കിൽ,ഈ രണ്ടു സർക്കാരുകളും അടിച്ചേൽപ്പിച്ച അപമാനങ്ങൾ നാം സഹിക്കേണ്ടതില്ല.70 ലക്ഷം മുസ്ലിംകൾ ഹൃദയത്തോട് ചേർത്ത മത വികാരങ്ങളെ അവർ വ്രണപ്പെടുത്തി.


ഖിലാഫത്ത് പ്രശ്‍നം ഞാൻ സവിശേഷമായി പഠിച്ചു.മുസ്ലിം വികാരം എനിക്കറിയാം.ഖിലാഫത്ത് പ്രശ്നത്തിൽ ബ്രിട്ടൻ മുസ്ലിം വികാരത്തെ ഹനിച്ചു എന്ന് ഞാൻ പ്രഖ്യാപിക്കുന്നു.ഇതിന് മുൻപ് അങ്ങനെ ഉണ്ടായിട്ടില്ല.അവരോട് ഞാൻ നിസ്സഹകരണ സുവിശേഷം പ്രസംഗിച്ചു,അവർ സ്വീകരിച്ചു.അതല്ലെങ്കിൽ ഇവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നു.രക്തച്ചൊരിച്ചിൽ അവരുടെ പ്രശ്‍നം പരിഹരിക്കില്ല.ഹൃദയത്തിൽ മുറിവേറ്റ ഒരാൾ ക്ഷുഭിതനാകുമ്പോൾ എന്ത് ചെയ്യും എന്ന് പറയാനാവില്ല.ഇതാണ് ഖിലാഫത്തിനെപ്പറ്റി പറയാനുള്ളത്.

ഞാൻ നിങ്ങളെ വടക്ക് പഞ്ചാബിലേക്ക് കൊണ്ട് പോകുന്നു.പഞ്ചാബിൽ ഇരു സർക്കാരുകളും എന്താണ് ചെയ്തത് ? അമൃത് സറിലെ ജനത്തിന് കുറച്ചു കാലത്തേക്ക് സമനില തെറ്റി എന്ന് ഞാൻ സമ്മതിക്കുന്നു.ക്രൂരമായ ഭരണം കാരണമാണ് അവർക്ക് ഭ്രാന്തെടുത്തത്.ഒരു ഭ്രാന്തും നിരപരാധികളുടെ രക്തം ചിന്തുന്നതിന് ന്യായമല്ല.അതിന് വലിയ വില കൊടുക്കേണ്ടി വന്നു.പഞ്ചാബിന് നൽകിയ ശിക്ഷ സംസ്കാരമുള്ള ഒരു സർക്കാരിനും ചേർന്നതല്ല.നിരപരാധികളെ വ്യാജ വിചാരണ ചെയ്ത് ജീവപര്യന്തം തടവിലിട്ടു.പിന്നീട് നൽകിയ മോചനത്തിന് വിലയില്ലാതായി.ഒന്നുമറിയാത്ത നിരായുധരെ ഒരു മുന്നറിയിപ്പുമില്ലാതെ കൂട്ടക്കൊല ചെയ്തു.ഒരാളോടും ഒരു കുറ്റവും ചെയ്യാത്ത ജാലിയൻ വാലാബാഗിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തി.മാനഭംഗം എന്നത് കൊണ്ട് ഞാൻ എന്താണ് ഉദ്ദ്യേശിച്ചതെന്ന് നിങ്ങൾ അറിയണം.അവരുടെ മുഖപടം ഒരു വടി കൊണ്ട് ഒരു ഓഫിസർ എടുത്തു മാറ്റി.ഒരു തെറ്റും ചെയ്യാത്ത ആണുങ്ങളോട് നിലത്തിഴയാൻ കൽപിച്ചു.ഇതിന് ആരും ഇതുവരെ പകരം ചോദിച്ചില്ല.തീ വയ്‌പും നിരപരാധികളുടെ കൊലയും ശിക്ഷാർഹമാണെങ്കിൽ,ബ്രിട്ടീഷ് സർക്കാർ അവരുടെ ഓഫിസർമാരെയാണ് ശിക്ഷിക്കേണ്ടത്.മനഃപൂർവം ചെയ്ത ഈ തെറ്റുകളെ ബ്രിട്ടീഷ് പ്രഭു സഭ പിന്തുണയ്ക്കുന്ന ഹീനമായ കാഴ്ചയും ഉണ്ടായി.ഇന്ത്യയോട് ചെയ്ത ഈ ഇരട്ട തെറ്റാണ് പരിഹരിക്കേണ്ടത്.അത് അവരുടെ കടമയാണ്.നാം പ്രാർത്ഥിച്ചു,പരാതിപ്പെട്ടു,പ്രമേയങ്ങൾ പാസാക്കി.

മുഹമ്മദ് അലി,സുഹൃത്തുക്കളുടെ സഹായത്തോടെ യൂറോപ്പിൽ നീതിക്കായി കാക്കുകയാണ്.പൗരുഷത്തോടെ അദ്ദേഹം ഇസ്ലാമിന് വേണ്ടി,ഇന്ത്യൻ മുസ്ലിമിന് വേണ്ടി വാദിച്ചു.അവ ബധിര കര്ണങ്ങളിൽ പതിച്ചു.ഫ്രാൻസും ഇറ്റലിയും ഇസ്ലാമിനോട് അനുതാപം കാട്ടിയെന്നും ബ്രിട്ടീഷ് മന്ത്രിമാർ എതിരാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ബ്രിട്ടീഷ് മന്ത്രിമാരും ഇന്ത്യൻ ഭരണകർത്താക്കളും വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.ജനവികാരത്തെ മയപ്പെടുത്താൻ ഇച്ഛയോ ആഗ്രഹമോ ഇല്ല.ഈ ഇരട്ടത്തെറ്റ്‌ പരിഹരിക്കാൻ നമുക്കൊരു വഴി വേണം.

പടിഞ്ഞാറൻ ലോകത്തിൻറെ വഴി ഹിംസയാണ്.ഒരു തെറ്റ് നടന്നെന്ന് ന്യായമായോ അല്ലാതെയോ തോന്നിയാൽ അവർ കലാപം നടത്തും.ചോരയൊഴുക്കും.വൈസ്രോയിക്കയച്ച കത്തിൽ ഞാൻ എഴുതിയ പോലെ,ഇന്ത്യൻ ജനതയിൽ പാതിയും ഹിംസയിൽ വിശ്വസിക്കുന്നില്ല.ബാക്കി പാതി ദുര്ബലരാണ്.എന്നാൽ ഇന്ത്യയാകെ ദുഖത്തിലാണ്.അതിന് പരിഹാരമായാണ് ഞാൻ നിസ്സഹകരണം മുന്നോട്ട് വയ്ക്കുന്നത്.അത് നിർദോഷവും ഭരണഘടനാപരവും അതേ സമയം ഫലപ്രദവുമാണ്.വേണ്ട പോലെ ചെയ്താൽ വിജയം നേടിത്തരുന്ന മരുന്ന്.അത് ആത്മ ത്യാഗത്തിൻറെ പുരാതന മരുന്നാണ്.

വലിയ തെറ്റ് കാണുന്ന ഇന്ത്യൻ മുസ്ലിംകൾ ആത്മത്യാഗത്തിന് തയ്യാറുണ്ടോ ?സർക്കാരിനെ ജനാഭിലാഷത്തിന് കീഴ്‌പ്പെടുത്താൻ ഏക പരിഹാരം നിസ്സഹകരണമാണ്.ഖിലാഫത്ത് പ്രശ്നത്തിൽ നീതിക്കായി ഇന്ത്യൻ മുസ്ലിംകൾ സർക്കാരിനോട് നിസ്സഹരണം പ്രഖ്യാപിക്കാൻ തയ്യാറുണ്ടെങ്കിൽ,ആ മുസ്ലിം സഹോദരരുമായി സഹകരിക്കേണ്ടത് ഓരോ ഹിന്ദുവിൻറെയും കടമയാണ്.ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തെക്കാൾ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള നിതാന്ത സൗഹൃദം,കാലാതീത പ്രാധാന്യമുള്ളതാണ്.അതിനാൽ ഹിന്ദുക്കൾ മുസ്ലിംകളുമായി ഐക്യത്തിൽ കഴിയാൻ ഇതാണ് നല്ല അവസരം;ഇതു പോലൊന്ന് കിട്ടാൻ നൂറ്റാണ്ട് കാക്കണം.ഈ മഹത്തായ രാജ്യത്തിന് ഖിലാഫത്ത്,പഞ്ചാബ് പ്രശ്നങ്ങളിൽ നിശ്ചയദാർഢ്യമുണ്ടെന്ന് ഇരു സർക്കാരുകൾക്കും മനസ്സിലായാൽ സർക്കാർ നീതി ചെയ്തേക്കാം.

ഇന്ത്യൻ മുസ്ലിം നിസ്സഹകരണത്തിൻറെ ആദ്യഘട്ടത്തിൽ ആത്മാർത്ഥമായി പങ്കെടുക്കണം.സർക്കാരിനോട് നിങ്ങൾ സഹരിച്ചില്ലെങ്കിൽ,അവരിൽ നിന്ന് ഒരു സഹായവും കിട്ടില്ല.ആദരസൂചകമായ സ്ഥാനങ്ങൾ എല്ലാം അപമാനമാണ്.അതിനാൽ ആ സ്ഥാനങ്ങളും അത്തരം പദവികളും വേണ്ടെന്ന് വയ്ക്കണം.സർക്കാരിന് എതിരെ ജന നേതാക്കളുടെ ശക്തമായ നിരാസമായിരിക്കും അത്.വക്കീൽമാർ കോടതികളും വിദ്യാർത്ഥികൾ സർക്കാർ,സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളും ബഹിഷ്കരിക്കണം.സ്‌കൂൾ ബഹിഷ്കരണം ഇന്ത്യയിലെ മധ്യ വർഗ്ഗത്തിൻറെ വിയോജിപ്പ് രേഖപ്പെടുത്തൽ ആയിരിക്കും.

അത് പോലെ പരിഷ്കരിച്ച നിയമസഭകൾ ബഹിഷ്കരിക്കാനും ഞാൻ നിർദേശിച്ചിട്ടുണ്ട്.വോട്ടർമാർ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നില്ലെന്ന് വന്നാൽ അത് ഉറച്ച പ്രഖ്യാപനം ആയിരിക്കും.പട്ടാള,പോലീസ് തെരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കണം.പോലീസായും പട്ടാളക്കാരനായും നാം മെസൊപൊട്ടേമിയയിൽ പോയി ബ്രിട്ടനെ സഹായിക്കേണ്ട.നിസ്സഹകരണത്തിൻറെ ആദ്യ ഘട്ടത്തിലെ അവസാന ഇനം സ്വദേശിയാണ്.അത് സർക്കാരിൽ സമ്മർദം ചെലുത്താനല്ല.ഓരോ പുരുഷൻറെയും സ്ത്രീയുടെയും കുട്ടിയുടെയും ആത്മത്യാഗം കാട്ടാനാണ് അത്.ഇന്ത്യയിൽ നാലിൽ ഒന്നിൻറെയും ആത്മാഭിമാനത്തിന് ക്ഷതം ഏറ്റിരിക്കെ ഇന്ത്യയ്ക്കാകെ നീതി നിഷേധിച്ചിരിക്കെ ജപ്പാനിൽ നിന്നുള്ള സിൽക്കും മാഞ്ചസ്റ്ററിൽ നിന്നുള്ള കാലിക്കോയും ഫ്രാൻസിൽ നിന്നുള്ള കൈത്തറിയും നാം വേണ്ടെന്ന് വയ്ക്കണം.നമ്മുടെ പാവം നെയ്ത്തുകാർ അവരുടെ കുടിലുകളിൽ നെയ്ത വസ്ത്രം മതി.നൂറ്റാണ്ട് മുൻപ്,നമ്മുടെ അഭിരുചി വിദേശ ഉൽപന്നങ്ങളിൽ അല്ലാതിരുന്നപ്പോൾ ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും നെയ്ത വസ്ത്രങ്ങൾ നമുക്ക് മതിയായിരുന്നു.അഭിരുചികളിൽ വിപ്ലവം നടത്തി പുരാതന കാലത്തേക്ക് മടങ്ങിയാൽ ലോകം മുഴുവൻ ത്യാഗത്തിൻറെ മതത്തെ അംഗീകരിക്കും.ഇതാണ് നിസ്സഹകരണത്തിൻറെ ആദ്യഘട്ടം.അത് എളുപ്പമാണ്.

മറ്റ് മൂന്ന് ഘട്ടങ്ങളെപ്പറ്റി ഇപ്പോൾ പറയുന്നില്ല.ആദ്യഘട്ടത്തിൽ മനസ്സുറയ്ക്കട്ടെ.ആദ്യഘട്ടത്തിൽ പ്രവേശിക്കാൻ രണ്ടു കാര്യങ്ങൾ വേണം-അഹിംസയും ആത്മത്യാഗവും.നിസ്സഹകരണത്തിൻറെ മൂല്യം മനസ്സിലാക്കാൻ ഇന്ത്യക്കാർക്ക് ധൈര്യവും വിവേകവും നൽകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.അടുത്ത ഏതാനും ദിവസങ്ങളിൽ കോഴിക്കോട്ട് നിസ്സഹകരണ പ്രവർത്തങ്ങൾ ഉണ്ടാകുമെന്ന് ആശിക്കുന്നു.

( വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്റർ,20 ഓഗസ്റ്റ് 1920 ) 

ഗാന്ധി കേരളത്തിൽ നാല് തവണ കൂടി വന്നു:1925 മാർച്ച് 9 -19,1927 ഒക്ടോബർ 9 -15,25,1934 ജനുവരി 10 -22,1937 ജനുവരി 12 -21.


© Ramachandran 



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...