Friday, 18 October 2019

നമുക്കില്ലാത്ത പ്രേതങ്ങൾ

പ്രളയകാലത്തെ മൺവണ്ടി 16

What is straight? A line can be straight, or a street, but the human heart, oh, no, it's curved like a road through mountains.
-Tennessee Williams/ A Streetcar Named Desire 

1128 ൽ ക്രൈം 27 ( 1954 ) നാടകത്തിൻറെ പ്രവേശികയിൽ ഗുരു,ശിഷ്യനോട് പറയുന്നു:
"എടോ,മരണം ഒരു ഫലിതമാണ്;പ്രത്യേകിച്ചും അവനവൻറെ മരണം."
അപ്പോൾ,ശിഷ്യൻ ചോദിക്കുന്നു:"എന്റേതാണെങ്കിലും?"
ഗുരു പറയുന്നു:"മേൽപ്പടി.നീ മരിച്ചാൽ എനിക്ക് ചില വികാരങ്ങൾ ഉണ്ടായി എന്ന് വരാം.നീ കൊള്ളരുതാത്തവൻ ആണെങ്കിലും.പക്ഷെ,നിന്നെ സംബന്ധിച്ചിടത്തോളം അതൊരു നിസ്സാര സംഭവമാണ്.ഒരു വെറും ഫലിതം."

മരണത്തെപ്പറ്റി സമാനമായ നിരീക്ഷണങ്ങൾ ആൽബേർ കാമുവിൻറെ The Misunderstanding എന്ന നാടകത്തിലുമുണ്ട്.അതിൽ,മാർത്ത അമ്മയോട്‌ പറയുന്നു:"ജീവിച്ച ഒരു മനുഷ്യന് മരണം അർത്ഥ രഹിതമാണ്".
രണ്ടിലും ഒരു കൊലപാതകമുണ്ട്.കുമ്മായ ചൂളയിൽ തൊഴിലാളികളായ മാർക്കോസും വർക്കിയും തമ്മിൽ സംഘട്ടനമുണ്ടാവുകയും മാർക്കോസിനെ തള്ളിയിടുമ്പോൾ അയാൾ ദഹിക്കുകയും ചെയ്യുന്നതാണ്,ക്രൈം നാടകത്തിൽ കേന്ദ്ര പ്രമേയം.ഇത് വച്ച് മാധ്യമം,ജുഡീഷ്യറി,കുടുംബം,സമൂഹം എന്നിവയെ സി ജെ തോമസ് വിചാരണ ചെയ്യുന്നു.മരണവും ആത്മഹത്യയും The Myth of Sisiphyus ( 1942 ) എന്ന പുസ്തകത്തിൽ ദാർശനിക പ്രശ്നങ്ങളായി അവതരിപ്പിച്ച ശേഷമാണ്,കാമു ഗൗരവമായി നാടകത്തെ സമീപിച്ചത്.അദ്ദേഹത്തെ സംബന്ധിച്ച്,ദൈവവും മൂല്യങ്ങളും സനാതന സത്യങ്ങളും ഇല്ലാത്ത അർത്ഥ രഹിതമായ ലോകത്ത്,അർത്ഥത്തിനും ഐക്യത്തിനും വ്യക്തതയ്ക്കും വേണ്ടി മനുഷ്യൻ നടത്തുന്ന വിഫല അന്വേഷണമാണ്,ജീവിതം.
ഈ അസംബന്ധത്തെ തിരിച്ചറിയാൻ ആത്മഹത്യയാണോ ആവശ്യം?

അല്ല.കലാപമാണ്.സ്വയം കലാപം.നാറാണത്ത് ഭ്രാന്തനെപ്പോലെ,പാറമുകളിലേക്ക് കല്ല് ഉരുട്ടിക്കയറ്റി അത് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്ന ഗ്രീക്ക് കഥാപാത്രം സിസിഫസ് ആഹ്ളാദവാൻ ആയിരുന്നു.അർത്ഥരഹിതമായ ജീവിത വ്യവഹാരം ആഹ്‌ളാദത്തോടെ ചെയ്യുക.
രണ്ടാം ഭാര്യയെ അൾജിയേഴ്സിൽ വിട്ട് ഒന്നാം ഭാര്യയുമായി കാമു ഹിറ്റ്‌ലർ പിടിച്ച ഫ്രാൻസിൽ എത്തി.അവിടെയാണ് നാടകങ്ങൾ എഴുതിയത്.The State of Siege ( അധിനിവേശം ) നാടകത്തിൽ പ്ളേഗ് ആണ് പശ്ചാത്തലം.സ്പെയിനിലെ കാഡിസിൽ അവസരവാദിയായ ഏകാധിപതി ഭരണം പിടിക്കുന്നു.സ്പെയിനിലെ ഫ്രാങ്കോയുടെ ഏകാധിപത്യത്തിന് ഫ്രാൻസിന്റെ പിന്തുണ കിട്ടി.കത്തോലിക്കാ സഭ സ്പെയിനിലെ ക്രിസ്ത്യാനികളെ ഉപേക്ഷിച്ചു.ഹിറ്റ്ലറും ഫ്രാങ്കോയും ചേർന്നതാണ്,നാടകത്തിലെ ഏകാധിപതി.

കാമുവിൻറെ The Just Asassins നാടകത്തിലെ ജസ്റ്റ് ഒരു റഷ്യൻ കമ്മ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനമാണ്.അവർ ഏകാധിപതി സെർജി അലക്‌സാണ്ടറോവിച്ചിനെ കൊന്നു.ഇത് ആധാരമാക്കി ബോറിസ് സാവിങ്കോവ് എഴുതിയ Memories of a Terrorist വച്ചാണ്,നാടകം എഴുതിയത്.അതിലെ സ്റ്റെപ്പാൻ എന്ന കഥാപാത്രത്തെ നാടകത്തിൽ എടുത്തു.

'കലിഗുല'യും അധികാരം,മരണം,ആത്‍മഹത്യ എന്നിവ വിഷയമാകുന്ന നാടകം തന്നെ.കാമു ജീവിതത്തെ നിരസിച്ചു,ആത്മഹത്യയെ മഹത്വവൽക്കരിച്ചു എന്നൊക്ക കമ്മ്യൂണിസ്റ്റ് വ്യാഖ്യാതാക്കൾ വായനക്കാരെ പറഞ്ഞു പറ്റിച്ചതാണ്.യുദ്ധത്തിലും ഏകാധിപത്യത്തിലും ജീവിതം അസംബന്ധമാണ് എന്ന് കരുതിയാൽ മതി -ഒരസംബന്ധത്തിൽ മറ്റൊന്ന്.
അതുകൊണ്ടാണ്,ക്രൈം നാടകത്തിൽ നാം രണ്ടു കർട്ടനുകൾ കാണുന്നത്.ആദ്യ കർട്ടൻ ഉയരുമ്പോൾ,ഗുരുവും ശിഷ്യനും തമ്മിലുള്ള ദാർശനിക ചർച്ചകളാണ്;അവർക്ക് പിന്നിൽ മറ്റൊരു കർട്ടൻ ഉയരുമ്പോഴാണ്,പത്രം,ജുഡീഷ്യറി,കുടുംബം എന്നിവയിലെ അസംബന്ധ നാടകം.'ക്രൈം',നാടകത്തിനുള്ളിലെ നാടകമാണ്.അസംബന്ധത്തിനുള്ളിലെ അസംബന്ധം.

പ്രവേശികയിൽ ഗുരുവും സ്റ്റേജ് മാനേജരും തമ്മിലുള്ള സംഭാഷണത്തിൽ തന്നെ നാടകം,നാടകത്തിനുള്ളിലെ നാടകമാണെന്ന് ധ്വനിപ്പിക്കുന്നുണ്ട്.ജീവിത നാടകത്തിൽ വേറെയും നാടകങ്ങളുണ്ട്.

വേറൊരു സന്ദർഭം:
ശിഷ്യൻ:സാറു പേടിക്കേണ്ട.ഈ നാടകത്തിൽ ഒരു പ്രേതമില്ല.അതൊരു കുറവാണ്.ഹാംലെറ്റിൽ പ്രേതമുണ്ട്.ഇബ്‌സന് ഡസൻ കണക്കിൽ പ്രേതങ്ങളുണ്ട്.അങ്ങനെ എല്ലായിടത്തും.നമുക്ക് മാത്രം ഒരു പ്രേതമില്ല.ഇവിടെയാണെങ്കിൽ മാർക്കോസിൻറെ പ്രേതം അങ്ങനെ ഉടമസ്ഥനില്ലാതെ ഉഴപ്പി നടക്കുകയാണ്.അയാളുടെ വ്യൂ പോയിന്റും ഒന്നറിയണ്ടേ?
ഗുരു:നിവൃത്തിയില്ല.അയാൾക്ക് വ്യൂ പോയിന്റില്ല.
ശിഷ്യൻ:ആരെയെങ്കിലും മാർക്കോസിന്റെ പ്രേതം ബാധിക്കാൻ ഏർപ്പാട് ചെയ്‌തു കൂടെ ?
ഗുരു:രക്ഷയില്ല.ഇപ്പോഴത്തെ മനുഷ്യരെ പ്രേതങ്ങൾക്ക് പേടിയാണ്.
ശിഷ്യൻ:ഒന്നുകിൽ കഥകളെല്ലാം ആയുരാരോഗ്യ സമൃദ്ധിയോടെ ചിരകാലം വാഴണം.അല്ലെങ്കിൽ നായകനും നായികയും സ്റ്റേജ് മാനേജരും എല്ലാം ഒന്നടങ്കം തൂങ്ങി ചാവണം.

ട്രാജഡിയും കോമഡിയും അല്ലാത്ത കഥകളും ലോകത്തുണ്ട്.അപ്പോഴാണ് ജീവിതം അസംബന്ധമാകുന്നത്.അതിൻറെ മുന്നിലാണ് നാടകകാരൻ കറുത്ത ഫലിതം ആയുധമാക്കുന്നത്.സി ജെ യുടെ എല്ലാ നാടകങ്ങളിലും അതുണ്ട്.
സി ജെ തോമസ് 
മാർക്കോസിൻറെ കൊല,മന്ത്രിയുടെ പ്രസ്താവന വരുമ്പോൾ,അകത്തെ പേജിലേക്ക് മാറുന്ന സാദാ ന്യൂസ് മാത്രമാണ്.കൊല്ലപ്പെട്ടയാൾ രാഷ്ട്രീയക്കാരനോ ചലച്ചിത്ര നടനോ കോടീശ്വരനോ അല്ല.നടന്നു കഴിഞ്ഞ മരണത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാൻ ആഗ്രഹിക്കുന്ന കോടതി.മാർക്കോസിൻറെ കുടുംബത്തിന്,ധന സമ്പാദനത്തിനുള്ള ഉപാധിയാണ്,മരണം.സമൂഹത്തിന്,മാർക്കോസിൻറെ ഭാര്യയും ഘാതകൻ വർക്കിയും തമ്മിലുള്ള അവിഹിത ബന്ധവും ഇക്കിളിയുമാണ്,വിഷയം.പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ,കോടതി അയാൾക്ക് നൽകേണ്ട വധ ശിക്ഷയെപ്പറ്റി വിചാരണ നടത്തുന്നതിനിടയ്ക്കും അതൊരു കുറ്റമാണ്.ജീവതായായോധനത്തിനല്ല നിയമം എവിടെയും സഹായിക്കുന്നത്.ജീവിതായോധനത്തിൽ തോറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവനെയും നിയമം വേട്ടയാടുന്നു.

ഗുരു പറയുന്നു:"അയാൾ നേരെ പാട്ടിന് ചാകാൻ പോലും നിങ്ങൾ സമ്മതിക്കുകയില്ല.അയാളെ തൂക്കിക്കൊന്നേ അടങ്ങൂ.എടോ,സകല മനുഷ്യരും അങ്ങനെയാണ്.'ക്രൂശിക്ക,ക്രൂശിക്ക'-അതാണ് ജനാധിപത്യത്തിൻറെ സനാതന മന്ത്രം.നീയും ആ ഹിംസ്ര ജന്തുക്കളുടെ കൂട്ടത്തിൽ പെട്ടവനാണ്.ആ കയർ കഴുമരത്തിൽ ഇറങ്ങുന്നത് കണ്ടാലേ നീയൊക്കെ അടങ്ങൂ.ശവം തീനികൾ.

തുടർന്നുള്ള സന്ദർഭം:

ശിഷ്യൻ:ആത്മഹത്യയെപ്പറ്റി സാറിൻറെ അഭിപ്രായം എന്താണ്?
ഗുരു:എടോ ആത്മഹത്യയും മരണത്തിൻറെ വകഭേദമാണ്.അതുകൊണ്ടു തന്നെ അതൊരു ഫലിതവുമാണ്.തലവേദന മാറാൻ തലവെട്ടിക്കളയുന്നത് പോലെയുള്ള ഒരു ചികിത്സയാണ്,ആത്മഹത്യ.പക്ഷെ ആത്മഹത്യാശ്രമം കുറ്റകരമാക്കിയിരിക്കുന്നത്,സന്മാർഗ്ഗപരമായ കാരണങ്ങളൊന്നും കൊണ്ടല്ല.സമുദായത്തിന് അങ്ങനെയൊരു ബോധമുണ്ടായിരുന്നെങ്കിൽ,ക്ലിയോപാട്രയുടെയും വേലുത്തമ്പിയുടെയും ആത്മഹത്യയെ വാനോളം വാഴ്ത്തുകയില്ലായിരുന്നു.ഈ നിയമം,മരിക്കാൻ പോകുന്നവരെ പ്രതിയുമല്ല ഉണ്ടാക്കിയിരിക്കുന്നത്.ജീവിതത്തെ ധീരമായി നേരിടാൻ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല.എന്നാൽ,ജീവിതായോധനത്തിൽ നിന്ന് ഒളിച്ചോടുന്നതിനെ തടയാൻ ഇവിടെ നിയമമുണ്ട്.ഇതാണ് നിയമാവലിയിലെ ഏറ്റവും മൂർത്തിമത്തായ സ്വാർത്ഥത.മരിക്കാൻ പുറപ്പെടുന്നവൻറെ താൽപര്യത്തെ അതും ഗണിക്കുന്നില്ല.അങ്ങനെയെങ്കിൽ ഇവിടെ ഈ സാധുവിനെ മരിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത് ?സമുദായത്തിൻറെ പരാതി ഇതാണ്:മറ്റുള്ളവർക്ക് അയാളെ ദ്രോഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു എന്നതാണത്.ആ മനുഷ്യൻ രണ്ടു കൊലക്കേസിന് മാത്രം അനുഭവിച്ചു കഴിഞ്ഞു.ഇതിൻറെ പകുതി അനുഭവിച്ചാൽ ഒരാളെ പുണ്യവാനാക്കാവുന്നതാണ്.
സി ജെ യുടെ കൈപ്പട 
ഈ ദീർഘ പ്രസ്താവനയിൽ നാടകം എന്തിനെഴുതി എന്നതിന് ന്യായീകരണമുണ്ട്.നാടകത്തിൽ എല്ലാം ഗുരുവിൻറെ പാവകൾ.തൊഴിലാളി വർഗം ജഡ്‌ജിയെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നു.നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാൻ നിയമ മറയിൽ നിന്ന് ഗൂഢാലോചന നടത്തി എന്നാണ് കുറ്റം.ചുറ്റിക പ്രോലിറ്റേറിയൻറെ കൈയിൽ അല്ല,ഗുരുവിൻറെ കൈയിലാണ്.'അവൻ വീണ്ടും വരുന്നു' എന്ന നാടകത്തിലെ തൊഴിലാളി,ഇവിടെ മുതലാളിക്ക് വിടുപണി ചെയ്യുന്നവനായി വളർന്നിരിക്കുന്നു.അയാളാണ്,മാർക്കോസിൻറെ വിധവയ്ക്ക് വേണ്ടി വില പേശി,സഹായധനം കൈമാറാൻ ശ്രമിക്കുന്നത്.അയാൾ കൊലക്കേസിൽ സാക്ഷി ആയപ്പോൾ,കോടതിയിൽ പറഞ്ഞത്,ഭഗവദ് ഗീത തൊട്ട് സത്യം ചെയ്യില്ല,മാർക്‌സിന്റെ 'ദാസ് ക്യാപിറ്റൽ' തൊട്ട് സത്യം ചെയ്യാം എന്നാണ്.ഈ തൊഴിലാളി,പണ്ട് കേശവദേവ് തൊഴിലാളികളെ സംഘടിപ്പിക്കാൻ ആലപ്പുഴയിൽ ചെന്നപ്പോൾ കണ്ട പോലെ,തൊഴിലാളി മൂപ്പനാണ്.ആലപ്പുഴയിലെ ആദ്യ രക്തസാക്ഷി വാടപ്പുറം ബാവ,മൂപ്പനായിരുന്നു.ക്രൈം നാടകത്തിലെ തൊഴിലാളിയെ സംസ്‌കൃത പണ്ഡിതൻ ആക്കിയതിലും അയാൾക്ക് നാരായണ പിള്ള ഗോപാലകൃഷ്ണ ശാസ്ത്രി എന്ന് പേരിട്ടതിലും ഒരു കുസൃതിയുണ്ട് -പുരോഗമന സാഹിത്യ സമ്മേളനങ്ങൾ അലമ്പാക്കിയ കെ ദാമോദരൻ,കാശി വിദ്യാ പീഠത്തിൽ സംസ്‌കൃതം പഠിച്ച് ശാസ്ത്രി ആയിരുന്നു.

ശാസ്ത്രിയോട്,മാർക്കോസ് കുടുംബം കണക്കു പറയുമ്പോൾ,മാർക്കോസ് താൻ ഒളിവിൽ ആയിരുന്നു എന്ന് പറഞ്ഞ് മടങ്ങി വരുന്നു.മുതലാളിക്ക് ലാഭം കിട്ടി എന്നതാണ്,ശാസ്ത്രിയുടെ തത്സമയ പ്രതികരണം.നാടകം അങ്ങനെ തീരുമ്പോൾ,മാർക്കോസ് എന്ന യഥാർത്ഥ തൊഴിലാളിക്ക്,അഭിനയിക്കാൻ കാര്യമായി ഒന്നുമില്ല.ശിഷ്യൻ പറയുന്നു:"സഖാവേ,ഇതൊരു സ്റ്റേജാണ്.തനിക്ക് അഭിനയിക്കാനുള്ളത് കഴിഞ്ഞു.അതുകൊണ്ട് തന്നോട് പോകാനാണ് പറഞ്ഞത്.മാർക്കോസിൻറെ മറുപടി:"ഇല്ല,എനിക്ക് കുറച്ചു കൂടി അഭിനയിക്കണം.ഞാൻ പോവൂല്ല".

ശിഷ്യൻ ശുണ്ഠിയോ ധർമ്മസങ്കടമോ ഒതുക്കി സദസ്സിനോട് പറയുന്നു:"നാടകം തുടങ്ങിയപ്പോൾ ഇയാൾക്ക് ജീവൻ ഇല്ലായിരുന്നു.കരുണ വിചാരിച്ച് ഇയാളെ ഉയിർപ്പിച്ചതാണ്.എന്നിട്ടിപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുകയാണ് ".

തൊഴിലാളി,പാർട്ടിയിലെ മുതലാളിക്ക് അധികാരം പിടിച്ചു കൊടുത്താൽ അയാളുടെ പണി കഴിഞ്ഞു എന്നർത്ഥം.അത് കഴിഞ്ഞ് അയാൾക്ക് വേഷമില്ല.നാടക ട്രൂപ് പാർട്ടിക്ക് സ്വന്തമാണ്.നാടകം തീരുമ്പോൾ വീഴുന്നത്,മുൻ കർട്ടനാണ്.
അന്തർ നാടകങ്ങൾ മറ്റേ കര്ട്ടന് പിന്നാലെ പിന്നെയും നടക്കും.മലയാളത്തിലെ മികച്ച രാഷ്ട്രീയ നാടകമാണ്,ഇത്.അധികാര നാടകം,അസംബന്ധമാണ്.കുടുംബവും പത്രവും കോടതിയും സമൂഹവും അതിൻറെ പാവകൾ.അധികാരം നമ്മെ പാവകളാക്കി നടത്തുന്ന നിഴൽ നാടകമാണ്,ജീവിതം.

'ഉയരുന്ന യവനിക'( 1950 ) യിലെ 'മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങൾ' എന്ന അധ്യായത്തിൽ,രാഷ്ട്രീയ നാടകങ്ങൾക്ക് രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് സി ജെ എഴുതി.
ഒന്ന്:കലാ സൗന്ദര്യം അതിൽ വേണം.വിഷയ മേന്മയോ ലക്ഷ്യ ഗുണമോ കൊണ്ടുമാത്രം രാഷ്ട്രീയ നാടകം അതാവില്ല.
രണ്ട്:രാഷ്ട്രീയ നാടകത്തിലും സംഘർഷം വേണം.അതിൽ സത്യസന്ധത വേണം.നാടകം സത്യത്തിൻറെ പക്ഷത്ത് ചേർന്നിരിക്കണം.പുന്നപ്ര വയലാർ സംഭവത്തിൽ ജനത്തെ കുറ്റപ്പെടുത്തി നാടകം എഴുതാമെങ്കിലും,വിജയിക്കില്ല.

'നാടകം'( 1957 ) എന്ന ലേഖനത്തിൽ സി ജെ നിരീക്ഷിച്ചു:
"സോഷ്യൽ നാടകങ്ങൾ എന്നറിയപ്പെടുന്ന ഒരു രോഗമുണ്ട്.ഹെഡ് കോൺസ്റ്റബിളിന് ഒതുക്കി തീർക്കാവുന്ന ഏതെങ്കിലും വഴക്ക് മതി ഇവയ്ക്ക്.വ്യക്തിയിലേ ഡ്രാമ ഉണ്ടാവുകയുള്ളു.സമൂഹത്തിൽ സാധാരണ നടക്കുന്നത്,പ്രഹസനം ( Farce ) മാത്രമാണ്.അഥവാ രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘട്ടനത്തെ ആസ്‌പദമാക്കി നാടക രചന നടത്തുകയാണെങ്കിൽ നാടക കൃത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.നീതി ബോധമുള്ള അനുവാചകന് ഒരു കക്ഷിയിലും ചേരാൻ അനുവാദം കൊടുക്കാതിരിക്കുക.കക്ഷി പിടിച്ചാസ്വദിക്കുന്നത് നാടകമല്ല.പൗഡറിട്ട പ്രതിഷേധ മഹായോഗം മാത്രമാണ്".

ഒരു നിരീക്ഷണം കൂടി:
"ജനകീയ ചേരിക്കാരുടെ എതിർപ്പുണ്ടായാലും പറഞ്ഞേ തീരൂ.മനുഷ്യൻറെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് ഉത്തമ നാടകം ഉണ്ടാവുകയില്ല.ഉണ്ടായിട്ടുമില്ല.നമ്മുടെ പട്ടണങ്ങളിൽ കൊതുകു ശല്യം ഭയങ്കരം തന്നെ.അതേപ്പറ്റി നാടക രചന സാധ്യമല്ല."

മരണവും ആത്മഹത്യയും ഉണ്ടെങ്കിലും ക്രൈം നാടകം കാലൂന്നി നിൽക്കുന്നത്,അസംബന്ധ നാടക വേദിയിൽ അല്ല;രാഷ്ട്രീയ നാടകത്തിന് അത് വയ്യ.അതിൻറെ വേരുകൾ എപ്പിക് തിയറ്ററിലാണ്.
ഒന്നാം ലോകയുദ്ധം കഴിഞ്ഞ് 15 വർഷം ജർമൻ നാടക വേദിയിൽ പുത്തൻ അഭിനയം പരീക്ഷിക്കപ്പെട്ടെന്ന് ജർമൻ നാടകകൃത്ത് ബെർതോൾട് ബ്രെഹ്ത് നിരീക്ഷിച്ചു.കൃത്യമായ അവതരണവും റിപ്പോർട്ടിംഗും കോറസ്സുകളുടെയും വിവരണങ്ങളുടെയും ഉപയോഗവും അതിന് എപ്പിക് എന്ന പേര് കിട്ടാൻ കാരണമായി.അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് അകൽച്ച പാലിക്കാൻ നടൻ സങ്കീർണ രീതി പരീക്ഷിച്ചു.വിമർശനാത്മകമായി നാടകത്തിലെ സാഹചര്യങ്ങളെ നോക്കാൻ പ്രേക്ഷകനെ അയാൾ നിർബന്ധിച്ചു.സാമൂഹിക പ്രക്രിയയെ കാര്യകാരണ സഹിതം മനസ്സിലാക്കാൻ ഈ സമ്പ്രദായം സഹായകമാകുന്നുവെന്ന് ഈ നാടകവേദിയുടെ പ്രണേതാക്കൾ വാദിച്ചു.ആദ്യമാദ്യം ഇതിൽ പരുക്കേറ്റത് കഥയ്ക്കായിരുന്നു.
എപ്പിക് തിയറ്ററിന് മാതൃകയായി ബ്രെഹ്ത് എടുത്തത്,ഒരു വാഹനാപകടം തെരുവിൽ ദൃക്‌സാക്ഷി എങ്ങനെ വിവരിക്കുന്നു എന്നതാണ്.കാഴ്ചക്കാർ പലരും അപകടം ശരിയായി കണ്ടിട്ടുണ്ടാവില്ല.ദൃക്‌സാക്ഷി പറയുന്നത്,അവർ പൂർണമായി അംഗീകരിക്കണം എന്നില്ല.ഡ്രൈവറുടെയും ഇരയുടെയും പെരുമാറ്റം ദൃക്‌സാക്ഷി അഭിനയിക്കുന്നതാകട്ടെ,കാഴ്ചക്കാർക്ക് സ്വന്തം അഭിപ്രായം രൂപീകരിക്കാൻ കഴിയും വിധമാണ്.
ബ്രെഹ്ത് 
ഇത് എപ്പിക് നാടക വേദിയുടെ പ്രാഗ് രൂപമാണ്.ദൃക്‌സാക്ഷി,കലാകാരനല്ല.ആ അഭിനയത്തിൽ കലാംശമില്ല.അയാൾ ഡ്രൈവറെപ്പോലെ ജീവിക്കുകയായിരുന്നു എന്ന് കാഴ്ചക്കാർ പറയേണ്ടതില്ല.അയാൾ കാഴ്ചക്കാരെ ഉദാത്തതയിലേക്ക് ഉയർത്തുന്നില്ല.സാധാരണ വേദിയിൽ,ഒരു മിഥ്യ സൃഷ്ടിക്കപ്പെടുന്നുണ്ട്.തെരുവുരംഗത്തിൽ അത്,ഒഴിവാക്കിയേ പറ്റൂ.നടന്ന സംഭവത്തിൻറെ ആവർത്തനം മാത്രമാണ് കാണുന്നത്.നാടക വേദി,അതല്ല,യാഥാർഥ്യമാണ് എന്നൊരു നാട്യം സാധാരണ നാടക വേദിക്കുണ്ട്.അത്,എടുത്തു കളയുകയാണ് വേണ്ടത്.നടക്കുന്നത്,ഒരു പ്രകടനമാണ്.നായക റിഹേഴ്‌സൽ,സംഭാഷണം ഹൃദിസ്ഥമാക്കൽ,തയ്യാറെടുപ്പിൻറെ എല്ലാ പ്രക്രിയകളും സാധാരണക്കാരന് കാണാം.പ്രേക്ഷകനെ നടൻ ഒന്നും അനുഭവിപ്പിക്കേണ്ട.എന്നാൽ,തെരുവ് രംഗത്തിലെ ഒരടിസ്ഥാന ഘടകം നാടക വേദിയിൽ ഉണ്ടാകണമെന്ന് ബ്രെഹ്ത് ശഠിച്ചു -സാമൂഹിക ബോധം.നടൻ പ്രകടനക്കാരനായി ( Demonstrator,not Performer ) തന്നെ നിൽക്കണം.കഥാപാത്രത്തിൽ മുഴുകി,അംഗ വിക്ഷേപങ്ങൾ കാട്ടരുത്.പ്രകടനക്കാരൻറെ വികാര വിചാരങ്ങളും കഥാപാത്രത്തിന്റേതും കൂട്ടിക്കുഴയ്ക്കരുത്.

ഇങ്ങനെ ഒരു സാമൂഹിക വീക്ഷണം വച്ച് പ്രേക്ഷകന് വിമർശിക്കാൻ അവസരം ഒരുക്കുന്നതിനെയാണ് എപിക് തിയറ്ററിൽ എ -ഇഫക്റ്റ് അഥവാ അന്യവൽക്കരണ പ്രഭാവം ( Alienation Effect ) എന്ന് വിളിച്ചത്.വിശദീകരണം വേണ്ട ചില സംഭവങ്ങൾ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നെടുക്കുന്നുണ്ട്.സ്വാഭാവിക സംഭവങ്ങൾ വെറുതെ എടുക്കുകയല്ല,വിശദീകരണം വേണ്ടിടത്തൊക്കെ അവതരണം നിർത്തി വച്ച്,പ്രകടനക്കാരൻറെ വിശദീകരണങ്ങൾ നൽകുകയാണ്.ഇതാണ്,ക്രൈം നാടകത്തിൽ ഗുരുവും ശിഷ്യനും ചെയ്യുന്നത്.

ഇനിയാണ് കലാംശത്തിന്റെ കാര്യം.അത് പ്രകടനക്കാരനെ / നടനെ മൊത്തത്തിൽ രൂപ മാറ്റം ചെയ്യുന്നതാകരുത്.കലയിൽ തട്ടിപ്പ് പറ്റില്ല.ഫ്രഞ്ച് പൊലീസ്,ക്രിമിനൽ കേസ് പ്രതികളോട് നടന്നതെല്ലാം അഭിനയിച്ചു കാണിക്കാൻ പറയും പോലെ അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ടാകാം.ഏറ്റവും കുറഞ്ഞാ വേഷ വിധാനം മതി.കഥാപാത്രത്തെക്കുറിച്ചു മിഥ്യ വേണ്ട.

സ്റ്റോക്ക്ഹോമിലെ ഒരു സംഘം വിദ്യാർത്ഥികളോട് 1938 ൽ തന്നെ ബ്രെഹ്ത് പരീക്ഷണ നാടക വേദിയെപ്പറ്റി എന്ന പ്രഭാഷണത്തിൽ,കലാംശ കാര്യത്തിൽ യുദ്ധാനന്തര യൂറോപ്യൻ നാടക വേദിക്കുണ്ടായ രൂപാന്തരം വിശദീകരിച്ചു.വെസ്‌വോലോദ് മേയർഹോൾഡിന്റെയും പഖ്‌താൻഗോവിൻറെയും പേരുകൾക്ക് പുറമെ,ഫൗസ്റ്റ്,മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം എന്നിവ തുറന്ന വേദിയിൽ അവതരിപ്പിച്ച എം റീൻഹാർട്ട്,'ഡാന്റൻറെ മരണം' ( Dantons Death ) നാടകത്തിൽ പ്രേക്ഷകർക്കിടയിൽ നിന്ന് നടന്മാരെ വരുത്തിയ ജിബുക്ഹർ,ആൾക്കൂട്ട രംഗങ്ങൾ വികസിപ്പിച്ച സ്റ്റാനിസ്ലാവ്സ്കി എന്നിവർ വേദിക്ക് നൽകിയ സംഭാവനകളും വിശദീകരിച്ചു.വേദിയിൽ എർവിൻ പിസ്‌കേറ്റർ സൃഷ്ടിച്ച വിസ്ഫോടനങ്ങൾ ഓർമിച്ചു.അദ്ദേഹത്തിന് വേദി യന്ത്ര മുറിയും ഓഡിറ്റോറിയം പൊതുയോഗവും ആയിരുന്നു.
കല അങ്ങനെ ജീവിത കലാപമായി.ലോകം വികൃത കാഴ്ചയായി.ബ്രെഹ്തിൻറെ 'ത്രീ പെനി ഓപെറ' യുടെ ആവിഷ്കാരം പിസ്‌കേറ്ററിന്റേത് ആയിരുന്നു.അരിസ്റ്റോട്ടിൽ സിദ്ധാന്തങ്ങളിൽ നിന്ന് നാടകം വഴുതി.

ബ്രെഹ്ത് പ്രഭാഷണം നടത്തിയാ കാലം,അദ്ദേഹത്തിൻറെ ശ്രദ്ധേയ നാടക കാലമായിരുന്നു.ഗലീലിയോ ( 1928 ),മദർ കറേജ് ( 1939 ,ഗുഡ് വുമൺ ഓഫ് ഷ്വെറ്റ്സ്വാൻ ( 1940 ).സമൂഹത്തിൽ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ അറിയുന്നതിൽ മനുഷ്യ പരാജയം ചിത്രീകരിക്കുന്ന ഗലീലിയോയുടെ പതിനാലാം രംഗത്തിൽ നീണ്ട പ്രഭാഷണം തന്നെയുണ്ട്.
അക്കാലത്ത് കേരളത്തിൽ 'പാട്ടബാക്കി'യും 'രക്ത പാന'വുമേ ഉണ്ടായിട്ടുള്ളൂ.അവിടെ നിന്നുള്ള കുതിച്ചു ചാട്ടമാണ്,സി ജെ യുടെ 'ക്രൈം'.പാർട്ടിയിൽ നിന്ന് അവസാനം വഴിമാറിയ ആളാണ് ബ്രെഹ്ത്.ബ്രെഹ്തിൻറെ വ്യക്തി സത്ത കമ്മ്യൂണിസത്തിൽ അല്ല,നാടകങ്ങളിലാണ്.സി .ജെ യെയും അന്വേഷിക്കേണ്ടത്,കമ്മ്യൂണിസത്തിലോ വിമോചന സമരത്തിലോ അല്ല,നാടക സാമ്രാജ്യത്തിലാണ്.
-----------------------------------------------
Reference:
1.The Street Scene / Bertolt Brecht
2.On Experimental Theatre/ Bertolt Brecht

See https://hamletram.blogspot.com/2019/10/blog-post_8.html




© Ramachandran 








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...