Monday, 9 September 2019

ചരിത്രം ശീർഷാസനത്തിൽ 

അന്ധനായ മാർക്‌സ് 2 

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്.എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ.ഈ വ്യവസ്ഥയാകട്ടെ,മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വട്ടത്തിലേക്ക് ചുരുക്കുകയും അതിനെ അന്ധവിശ്വാസത്തിൻറെ അപ്രതിരോധ്യമായ കരുവാക്കുകയും അതിനെ പൈതൃക നിയമങ്ങൾക്ക് കീഴിൽ തളയ്ക്കുകയും ചെയ്‌തു.അങ്ങനെ അതിന് ചരിത്രപരമായ ഊർജ മഹിമകൾ നഷ്ടപ്പെട്ടു."

എഡ്‌വേഡ്‌ സായിദ് 

ഈ ഖണ്ഡികയെ സംബന്ധിച്ച് മാർക്‌സിസ്റ്റ് ചിന്തകർ പരസ്‌പരം നടത്തിയ ഏറ്റുമുട്ടലുകൾ അടങ്ങിയിട്ടില്ല.അമേരിക്കൻ ജൂത മാർക്‌സിസ്റ്റ് ചിന്തകനായ എഡ്‌വേഡ്‌ സായിദ്,Orientalism എന്ന പുസ്തകത്തിൽ,മാർക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയുണ്ടായി.ഇന്ത്യ ചരിത്രത്തിന് സായിദ്,സർദാർ കെ എം പണിക്കരുടെ Asia and Western Dominance ( 1953 ) നെയാണ് ആശ്രയിച്ചത്.മാർക്സിനെ അപ്പടി വിഴുങ്ങിയതിനെ ഉറുദു മാർക്‌സിസ്റ്റ്‌ ചിന്തകൻ ഐജാസ് അഹമ്മദ്,In Theory യിൽ തിരസ്‌കരിച്ചു.
ഇന്ത്യയുടെ പ്രൗഢമായ നാഗരികതയെ,വെറും അലസ ഗ്രാമ വ്യവസ്ഥയായി മാർക്‌സ് ലഘൂകരിച്ചതും ആ നാഗരികത തകർന്നു തരിപ്പണമായെന്ന് വിലപിച്ചതും അന്ധവിശ്വാസ ജടിലമായിരുന്നു ഇന്ത്യയുടെ അടിത്തറയെന്ന് കൽപിച്ചതും ഒരിന്ത്യക്കാരനും വകവച്ചു കൊടുക്കാൻ കഴിയില്ല.ഈ ലളിതവൽക്കരണത്തിൽ നിന്നാണ് മാർക്‌സ്,ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം സൃഷ്ടിച്ചു എന്ന അബദ്ധ നിഗമനത്തിൽ നിപതിച്ചത്.

ബ്രിട്ടൻറെ കോളനിവൽക്കരണം ഇന്ത്യയിൽ വിപ്ലവമല്ല,വികസന മുരടിപ്പാണ് സൃഷ്ടിച്ചത്.ഭിന്നിപ്പിക്കൽ തന്ത്രം വഴി,നാട്ടുരാജ്യങ്ങളെ തമ്മിൽ ബ്രിട്ടൻ സംഘർഷത്തിൽ തളച്ചത് കാരണം,ബ്രിട്ടനെതിരെ ഒരു ഐക്യനിര ഉണ്ടായില്ല.ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം,മാർക്‌സിസം പോലെ തന്നെ,മാർക്‌സിന്റെ സ്വന്തമല്ല.ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌,മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.അത് എഡ്‌വേഡ്‌ സായിദ് തുറന്നു പറഞ്ഞില്ല.

കോളനി വാഴ്ചയ്ക്ക് മുൻപുള്ള ഇന്ത്യ അലസ വ്യവസ്ഥയാണെന്ന നിഗമനം,മാർക്‌സ് യൂറോപ്പിൻറെ ഫ്യൂഡൽ ഭൂതകാലത്തെപ്പറ്റി,അവയെ സംബന്ധിച്ച പ്രവർത്തനങ്ങളിൽ പറഞ്ഞതിൻറെ ആവർത്തനമാണ്.ഭൂതകാലം ചലന രഹിതമാണെന്ന ചാരുകസേര ചിന്ത മാത്രമാണ്,അത്.ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇന്ത്യയെ ചെറിയ വട്ടത്തിൽ ഒതുക്കി എന്ന മാർക്‌സിന്റെ വിമർശനം,'യൂറോപ്യൻ ജീവിതം ഗ്രാമീണ വിഡ്ഢിത്ത'ത്തിൽ കുരുങ്ങി കിടക്കുന്നു എന്ന അദ്ദേഹത്തിൻറെ തന്നെ പ്രസ്‌താവനയുമായി തട്ടിച്ചു നോക്കിയാൽ മതി.

ഐജാസ് അഹമ്മദ് 

ഏഷ്യയിൽ ഒരു വിപ്ലവം നടക്കാതെ മാനവരാശിക്ക് അതിൻറെ ദൗത്യം പൂർത്തീകരിക്കാനാവുമോ എന്ന് മേൽ ഉദ്ധരിച്ച ഖണ്ഡികയ്ക്ക് ഒടുവിൽ മാർക്‌സ് ചോദിക്കുന്നുണ്ട്.മാർക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിൻറെ അടിസ്ഥാന ദൗർബല്യവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ്,ഇത്.മാർക്‌സിന്റെ സിദ്ധാന്ത പ്രകാരം,വിപ്ലവം നടക്കാൻ മുതലാളിത്തം മൂത്തു പഴുക്കണം.ഇങ്ങനെ മുതലാളിത്തത്തിൻറെ മൂത്തു പഴുക്കലായി അദ്ദേഹം കൊളോണിയലിസത്തെ തെറ്റിദ്ധരിച്ചിട്ടുണ്ടാകണം.സ്വന്തം നാടായ ജർമനിയിലും ഇങ്ങനെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മാർക്‌സ് ഇന്ത്യയെപ്പറ്റി പത്ര പ്രവർത്തനം നടത്തുന്ന കാലത്ത്,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം,അമേരിക്കയിൽ ഈ മൂത്തു പഴുക്കൽ നടന്നിരുന്നു.ഇന്ത്യ കുറെ മുന്നോട്ട് പോയിരുന്നു.ആഫ്രിക്കയിൽ അത് തുടങ്ങുകയായിരുന്നു.ഇങ്ങനെയൊക്കെ കാണുന്നത് പാപ്പരത്തമാകുന്നത്,1835 ൽ ഇംഗ്ലണ്ടും ഇന്ത്യയും സാമ്പത്തികമായി  ശക്തികൾ ആയിരുന്നു എന്നതിനാലാണ്.

മുൻപ് ഉദ്ധരിച്ച ഖണ്ഡികയുടെ തുടർച്ചയായി മാർക്‌സ് പറയുന്നു:

"ഏതെങ്കിലും ഒരു ചെറു തുണ്ട് ഭൂമിയിൽ അള്ളിപ്പിടിച്ചു നിന്ന് സാമ്രാജ്യങ്ങൾ മണ്ണടിയുന്നതും വിവരണാതീതമായ ക്രൂരതകൾ കാട്ടി കൂട്ടുന്നതും വൻ നഗരങ്ങളിൽ ജനത്തെയാകെ കശാപ്പ് ചെയ്യുന്നതും എല്ലാം ഏതെങ്കിലും പ്രകൃതി കോപത്തിൽ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈകെട്ടി നോക്കി നിൽക്കുകയും,അതേ സമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിൽക്കുകയും ചെയ്‌തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്.മറുവശത്ത്,അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം,നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്.ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,അവ,അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി,അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്.ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള ( കാമ ധേനു ) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

മാർക്‌സ് തുടർന്ന് എഴുതി:

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ,അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം.ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും,ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."
ചെന്നമ്മ 
അതീതത്തെ അവഗണിച്ച്,'ചരിത്രത്തിൻറെ അനിവാര്യമായ മുന്നോട്ടുള്ള പ്രയാണത്തെ' ആലിംഗനം ചെയ്‌ത മാർക്‌സിന്റെ മണ്ടൻ ചരിത്ര ബോധമാണ്,ഇംഗ്ളണ്ട് ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടത്തിയെന്ന് പറയിച്ചത്.'മൂലധനം ' വായിച്ച മാർക്സിസ്റ്റുകൾ അധികമുണ്ടാകാൻ ഇടയില്ലെങ്കിലും,ഇത്തരം മണ്ടൻ താരതമ്യങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ രചനയും.മൂലധനത്തിൻറെ ആദിമ സമാഹരണത്തിൽ,യൂറോപ്യൻ കർഷക സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടതിനെയും മാർക്സ് കാണുന്നത്,ഇങ്ങനെ തന്നെയാണ്.ചരിത്രം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും ചരിത്രത്തിൻറെ  ഈ കാരുണ്യമില്ലായ്മയിൽ നിന്ന് മഹത്തായ ചിലതൊക്കെ ഉണ്ടാകും എന്നുമുള്ള ഭ്രാന്തമായ മാർക്സിയൻ കാഴ്ചപ്പാടിന്റെ പ്രാകൃത  ജൽപനം മാത്രമാണ്,ഇത്.ദേശീയതയെ കരുവാക്കി,ചരിത്രത്തിന്റെ ദ്വന്ദ്വാത്മകതയെ പൊക്കിപ്പിടിക്കുന്നത്,തോരണമിട്ട ഉന്മാദമാണ്.
മാർക്സിനെ ഇന്ത്യയുടെ ചരിത്രം തന്നെ തോൽപിച്ചു.1853 ൽ മാർക്‌സ് ഈ ലേഖനം എഴുതുമ്പോൾ,ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്,വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു.അതുകൊണ്ട് ഡാനിയൽസണ്,മാർക്സ് ഇങ്ങനെ എഴുതി:

"ഇന്ത്യയിൽ പൊതു വിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ തന്നെ,ഗൗരവതരമായ സങ്കീർണതകൾ ബ്രിട്ടീഷ് ഭരണകൂടം അഭിമുഖീകരിക്കും.ബ്രിട്ടൻ പ്രതിവർഷം ഇന്ത്യക്കാരിൽ നിന്ന് വാടക,ഹിന്ദുക്കൾക്ക് ഉപയോഗശൂന്യമായ റയിൽവേയിൽ നിന്നുള്ള തീരുവ,പട്ടാളക്കാരും അല്ലാത്തവരും ആയവർക്ക് പെൻഷൻ,അഫ്‌ഗാനിസ്ഥാനിലും മറ്റുമുള്ള യുദ്ധത്തിൻറെ വിഹിതം എന്നിങ്ങനെ പലതും പിടിച്ചു വാങ്ങുന്നു.സമാനതകൾ ഇല്ലാത്ത ഈ പിടിച്ചു വാങ്ങലും ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന കൊള്ളയും,പ്രതിവർഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് ഉദാരമായി അയയ്ക്കുന്ന ചരക്കിൻറെ മൂല്യവും കണക്കാക്കിയാൽ അത്,ഇന്ത്യയിലെ ആറു കോടി കാർഷിക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിന് മുകളിൽ വരും.ഇത് പക മുറ്റിയ ചോരയൂറ്റലാണ്."

റഷ്യയിൽ പീറ്റേഴ്‌സ്ബർഗിലെ ഒരു ബാങ്കിൽ 50 വർഷം ജോലി ചെയ്‌ത നിക്കോളായ് ഡാനിയൽസനാണ്,മൂലധനം റഷ്യനിലേക്ക് പരിഭാഷ ചെയ്‌തത്‌.
മാർക്‌സ് ജീവിച്ചിരിക്കെ തന്നെ ഇന്ത്യ അദ്ദേഹത്തെ തിരുത്തി.
മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ പ്രവചനം ഇതായിരുന്നു:

"പ്രാചീനമായ ആ ലോകം തവിടു പൊടിയാകുന്നത് കണ്ട്,നമുക്കുണ്ടാകുന്ന മനോവേദന എത്ര ദുസ്സഹം ആണെങ്കിലും,ചരിത്രത്തിൻറെ നിലപാടിൽ നിന്ന് നമുക്കും ഗൊയ്‌ഥെയെപോലെ ഇങ്ങനെ പറയാൻ അവകാശമുണ്ടാകും:
ഈ ദണ്ഡനം കൊണ്ട്,നമുക്ക് കൂടുതൽ സന്തോഷം ഉണ്ടാകുമെങ്കിൽ,അത് എന്തിന് നമ്മെ വേദനിപ്പിക്കണം?തിമൂറിൻറെ മരണം എത്രയെത്ര ആത്മാക്കളെയാണ് വിഴുങ്ങിയത്?"

ഏറ്റവും ക്രൂരമായ തിന്മകൾ പോലും ചരിത്രത്തിൻറെ ഫലശ്രുതിയായി കാണുന്ന ഈ സമീപനം,പ്രപഞ്ചം ഗർഭത്തിൽ വഹിക്കുന്ന ഭൂകമ്പങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാൻ നോക്കുന്ന മുറി വൈദ്യന്റേതാണ്.1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും,അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്,മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.
ഇപ്പോഴത്തെ ബൽഗാമിൽ 1778 ഒക്ടോബർ 23 നാണ് ചെന്നമ്മ ജനിച്ചത്.15 വയസിൽ മല്ല സർജ രാജാവിനെ വിവാഹം ചെയ്‌തു.ഏകപുത്രൻ മരിച്ചപ്പോൾ 1824 ൽ ശിവലിംഗപ്പയെ ദത്തെടുത്ത് കിരീടാവകാശിയാക്കി,ബ്രിട്ടൻ ഇത് അംഗീകരിക്കാതെ ശിവലിംഗപ്പയെ പുറത്താക്കാൻ നിർദേശിച്ചു.ഇതാണ് 1856 ൽ അനന്തരാവകാശിയില്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടന്റേതാകും എന്ന ഡൽഹൗസി നയത്തിന് ആധാരമായത്-Doctrine of Lapse.

ബ്രിട്ടീഷ് നയത്തിനെതിരെ ചെന്നമ്മ ബോംബെ ഗവർണർ എൽഫിൻസ്റ്റണ് ചെന്നമ്മ കത്തെഴുതി.ബ്രിട്ടൻ നിരാകരിച്ചപ്പോൾ ചെന്നമ്മ യുദ്ധം പ്രഖ്യാപിച്ചു.15 ലക്ഷം രൂപ വരുന്ന കിട്ടൂര് ഖജനാവ് പിടിക്കാൻ ബ്രിട്ടൻ ഒരുമ്പെട്ടു.20797 ഭടന്മാരും 437 പീരങ്കികളുമായി ബ്രിട്ടൻ കിട്ടൂരിനെ ആക്രമിച്ചു.1824 ഒക്ടോബറിലെ ആദ്യ വട്ട പോരാട്ടത്തിൽ ബ്രിട്ടൻ തോറ്റു.കലക്റ്റർ ജോൺ താക്കറെ കൊല്ലപ്പെട്ടു.രണ്ടാംഘട്ടത്തിൽ സോളാപ്പൂർ സബ് കലക്റ്റർ ജോൺ മൺറോ കൊല്ലപ്പെട്ടു.മന്ത്രി സങ്കോളി രായണ്ണയുടെ സഹായത്തോടെ പൊരുതിയ ചെന്നമ്മയെ ബെയിൽ ഹോംഗാൽ കോട്ടയിൽ തടവിലാക്കി.1829 ഫെബ്രുവരി രണ്ടിന് അവർ മരിച്ചു .

മാർക്സിന്റെ തല തിരിഞ്ഞ ചരിത്ര ബോധത്തിന് തെക്കേ ഇന്ത്യയിൽ നിന്നുള്ള തിരുത്താണ്,ചെന്നമ്മ.ഇതൊരു അലസ വ്യവസ്ഥ ആയിരുന്നില്ല.

See https://hamletram.blogspot.com/2019/09/blog-post_9.html


മാർക്‌സ് ഇന്ത്യയെ അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 1 

മാർക്‌സ് ഇന്ത്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1853 -58 കാലത്ത്,ന്യൂയോർക് ഡെയിലി ട്രിബ്യുണി ൽ 33 ലേഖനങ്ങൾ എഴുതി.1853 ൽ 12,1857 ൽ 15,1858 ൽ ആറ്.ഇതിൽ രണ്ടെണ്ണമാണ് കുപ്രസിദ്ധം.1853 ജൂൺ പത്തിന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,ജൂലൈ 22 ന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ എന്നിവ.ആദ്യ ലേഖനം ട്രിബ്യുൺ ജൂൺ 25 നും ( ലക്കം 3804 ) രണ്ടാമത്തേത് ഓഗസ്റ്റ് എട്ടിനും ( ലക്കം 3840 ) പ്രസിദ്ധീകരിച്ചു.

ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം നടപ്പാക്കിയ,ചരിത്രത്തിൻറെ അബോധാത്മകമായ ഉപകരണമായിരുന്നു എന്ന വങ്കത്തം വിളമ്പിയതായിരുന്നു,ആദ്യ ലേഖനം.ഹനുമാൻ എന്ന കുരങ്ങിൻറെയും കാമധേനു എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാർക്‌സ് അതിൽ പറഞ്ഞു.


യൂറോപ്പിലെ ചിന്തകർ എല്ലാവരും മാർക്‌സിനെപ്പോലെ മണ്ടന്മാരായിരുന്നു എന്ന് കരുതരുത്.സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ കഴിഞ്ഞാൽ മനഃശാസ്ത്രത്തിൽ അറിയപ്പെടുന്ന അടുത്തയാളായ യുങ് ( 1875 -1961 ) ശ്രീരാമകൃഷ്ണ പരമഹംസൻറെ മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തിയ സന്ദർഭം വായിച്ചാൽ ആരും ധ്യാന നിമീലിതരാകും. 1936 ൽ യുങ് പ്രബുദ്ധ ഭാരത ത്തിൽ എഴുതിയ ലേഖനത്തിൽ പാശ്ചാത്യർക്ക് ചേർന്നതല്ല യോഗ എന്ന് നിരീക്ഷിച്ചിരുന്നു.അത് കഴിഞ്ഞുള്ള ശിശിരത്തിൽ അദ്ദേഹം കൊൽക്കത്ത ബേലൂർ മഠത്തിൽ എത്തി. മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി അദ്ദേഹം ഓർമിച്ചത്, സമാധി എന്ന വാക്ക് കേട്ടാൽ ഏതൊരു ഭാരതീയനും,ആ നിലയിലുള്ള യോഗിയെയാണ് ഓർക്കുക എന്നാണ്. മനസ്സ് മാറി മടങ്ങിയ യുങ്,1939 ൽ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തിൽ എഴുതിയത്, ഹിന്ദുമതത്തിൻറെ സമഗ്രത പാശ്ചാത്യ ലോകത്തിന് മാതൃകയാണ് എന്നാണ്. 1943 ൽ യുങ്, പൗരസ്ത്യ ധ്യാനത്തിൻറെ മനഃശാസ്ത്രം എഴുതി. 1944 ൽ രമണമഹർഷിയുടെ ഉപദേശ സാരം ഹെൻറിച്ച് സിമ്മർ ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ യുങ് അതിന് അവതാരിക എഴുതി.

ആ വഴിക്കാണ് പരമഹംസനിലും രമണ മഹർഷിയിലും ഞാൻ എത്തിയത്.
ജർമൻ തന്നെയായ മാർക്‌സ് 1853 ൽ എഴുതാൻ ആരംഭിക്കുമ്പോൾ,ഇന്ത്യയെ നന്നായി പഠിച്ചതിന് തെളിവൊന്നുമില്ല.യാത്രാവിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും പിന്നെയാണ് വായിച്ചത്.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖ ബ്രിട്ടീഷ് പാർലമെൻറ് പുതുക്കുന്ന ആ നേരത്ത്,ചില പാർലമെൻറ് രേഖകൾ വായിച്ചതിനെ തുടർന്നുണ്ടായ തോന്നലുകളോ തോന്ന്യാസങ്ങളോ ആണ് മാർക്‌സിന്റെ ഇന്ത്യ ലേഖനങ്ങൾക്ക് ആധാരമെന്ന് മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് തന്നെ പറയുന്നുണ്ട്(1 ).ഫ്രഞ്ച് വൈദ്യനായ ഫ്രാങ്സ്വാ ബെർണിയർ എഴുതിയ യാത്രാ വിവരണം,Travels in the Mogul Empire എന്ന പുസ്തകത്തെയും മാർക്‌സ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾക്ക് ആധാരമാക്കി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനം എന്ത് പറയുന്നു എന്ന് നോക്കാം:
ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നവരുമായി യോജിപ്പില്ലാത്തയാൾ ആണ് താനെന്ന് മാർക്‌സ് ആദ്യമേ പറയുന്നു.റിപ്പോർട്ടിൻറെ രണ്ടാം ഖണ്ഡികയുടെ ആദ്യ വാചകമാണ്,അത്.മൊത്തം ലേഖനത്തിൻറെ ആദ്യ വാചകം വിചിത്രമാണ്:ഏഷ്യൻ തോതിലുള്ള ഇറ്റലിയാണ് ഹിന്ദുസ്ഥാൻ.ഇന്ത്യയെ ഇറ്റലിയുമായി താരതമ്യപ്പെടുത്തി എഴുതാൻ വിവരമുള്ള ആരും ഇന്നുവരെ തയ്യാറായിട്ടില്ല. താരതമ്യം അയർലൻഡിനോടാണ്.ഭൂപ്രകൃതിയിൽ ഇന്ത്യ ഇറ്റലിയെപ്പോലെയും സാമൂഹ്യ സാഹചര്യങ്ങളിൽ അയർലൻഡിനെപ്പോലെയും,ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ സംലയനമാണ് ഇന്ത്യ എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.
മാർക്സിനെ ഉദ്ധരിക്കട്ടെ:

പൗരസ്ത്യ ദേശത്തെ അയർലൻഡ് ആണ്,അത്.ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ ഈ സംലയനം,സുഖ ഭോഗങ്ങളുടെ ലോകവുംകഷ്ടപ്പാടുകളുടെ ലോകവും ലോകവും തമ്മിലുള്ള ഈ ചേരുവ,ഹിന്ദുസ്ഥാനിലെ പ്രാചീന മത പാരമ്പര്യങ്ങൾ വിഭാവനം ചെയ്‌തിട്ടുള്ള ഒന്നാണ്.അതിരു കടന്ന കാമാസക്തിയുടെയും ആത്മ പീഡനത്തോളം എത്തുന്ന സർവസംഗ പരിത്യാഗത്തിൻറെയും മതമാണ്,അത്.ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്.ഭിക്ഷുവിൻറെയും അതേസമയം ദേവദാസിയുടെയും മതമാണ്,അത്.

ഇത്രയും പറഞ്ഞിട്ടാണ് താൻ ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നില്ലെന്ന് മാർക്‌സ് ആണയിടുന്നത്.അതിരു കടന്ന കാമാസക്തിയുടെ മതമാണ് ഹിന്ദു മതം എന്ന് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ മാർക്സിന് ഒരു കെ എൻ പണിക്കർ ആകാനേ കഴിയൂ. തുടർന്ന് മാർക്‌സ്, ജാവയിലെ ഇംഗ്ലീഷ് ഗവർണർ സർ സ്റ്റാഫോർഡ് റാഫിൾസ് പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പറ്റി നടത്തിയ വിലയിരുത്തൽ അതേ പടി ഉദ്ധരിച്ച്,ഡച്ചുകാരുടെ അനുകരണം മാത്രമാണ് ബ്രിട്ടൻ ഇന്ത്യയിൽ കാട്ടുന്നത് എന്ന് പറയുന്നു.ലാഭക്കൊതിയാൽ,വെസ്റ്റ് ഇൻഡീസ് തോട്ടമുടമ അടിമകളോട് കാട്ടുന്നത്ര ദയ പോലും സ്വന്തം പ്രജകളോട് കാട്ടാത്ത ഡച്ച് കമ്പനി,പ്രജകളുടെ അവസാന രക്തവും ഊറ്റിയെടുക്കാൻ നിലവിലുള്ള സമഗ്രാധിപത്യ മുറകളെ ഉപയോഗപ്പെടുത്തിയെന്നാണ് റാഫിൾസ് എഴുതിയത്.'പുരുഷാധിപത്യത്തിൽ ഊന്നിയ സമഗ്രാധിപത്യത്തെ ' പിന്നെയും മാർക്‌സ് പരാമർശിക്കുന്നുണ്ട്.ഇന്ത്യയിലെ ആഭ്യന്തര യുദ്ധങ്ങളും ആക്രമണങ്ങളും വെട്ടിപ്പിടിത്തങ്ങളും ക്ഷാമ ബാധയുമെല്ലാം തൊലിപ്പുറത്തിനപ്പുറം കടക്കാതിരുന്നപ്പോൾ,ബ്രിട്ടൻ ഇന്ത്യയുടെ ചട്ടക്കൂടിനെ തവിടു പൊടിയാക്കി എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.പഴയ ലോകം കൈവിട്ടു പോയ ഇന്ത്യക്കാരന്,പുതുതായൊന്ന് കിട്ടിയതുമില്ല.

മാർക്സിനെ ഉദ്ധരിക്കട്ടെ:

ഇന്ത്യയുടെ ഭൂത കാലത്തിൻറെ രാഷ്ട്രീയ വശം എത്ര തന്നെ മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നതാണ് എങ്കിലും,പുരാതന കാലം മുതൽ പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകം വരെ അതിൻറെ സാമൂഹ്യ ജീവിതത്തിന് ഒരിളക്കവും സംഭവിച്ചിരുന്നില്ല.എണ്ണമറ്റ നൂൽ നൂൽപുകാരെയും നെയ്ത്തുകാരെയും സൃഷ്ടിച്ചിരുന്ന ചർക്കയും കൈത്തറിയും ആയിരുന്നു,ഈ സമ്പദ് ഘടനയുടെ തിരികുറ്റികൾ.ചരിത്രാതീത കാലം മുതൽ ഇന്ത്യക്കാരൻറെ കരവിരുത് കൊണ്ട് നെയ്തെടുത്ത ഒന്നാന്തരം തുണിത്തരങ്ങൾ വാങ്ങി,പകരം അങ്ങോട്ട് സ്വന്തം സ്വർണവും വെള്ളിയും കയറ്റി അയയ്ക്കുകയാണ്,യൂറോപ്‌ ചെയ്‌തിരുന്നത്‌ ....ആഭരണങ്ങളോടുള്ള ഇന്ത്യക്കാരൻറെ കമ്പം പറഞ്ഞറിയിക്കാൻ ആവില്ല.മുക്കാലും നഗ്നരായി നടക്കുന്ന അധഃകൃതരുടെ പോലും കാതിൽ സ്വർണ കമ്മലോ കഴുത്തിൽ ഒരു സ്വർണ മാലയോ കാണാം.കൈവിരലിലും കാൽ വിരലിലും സ്വർണ മോതിരം സാധാരണം.സ്ത്രീകളും കുട്ടികളും സ്വർണമോ വെള്ളിയോ കൊണ്ട് തീർത്ത തടിച്ച കൈവളകളും കാൽവളകളും ധരിച്ചിരിക്കും.സ്വർണമോ വെള്ളിയോ കൊണ്ടുള്ള ദിവ്യ വിഗ്രഹങ്ങളും മിക്ക വീടുകളിലും കാണാൻ കഴിഞ്ഞേക്കാം.

മാർക്‌സ്,ഇന്ത്യ,കയ്യെഴുത്തു പ്രതി 

ഇതാണ് മാർക്‌സ് ബെർണിയറിൽ നിന്ന് ചൂണ്ടിയ യാത്രാവിവരണം.
ഇന്ത്യ ദരിദ്ര രാജ്യമായിരുന്നു എന്നും ഇപ്പോഴും ദരിദ്രമാണെന്നും പ്രസംഗിക്കുന്ന പണ്ഡിതന്മാരുണ്ട്.രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ വരുമാനം ബ്രിട്ടന്റേതിനെക്കാൾ 16 ഇരട്ടി ആയിരുന്നുവെന്ന് ജെഫ്രി മൂർ എഴുതിയ ഇന്ത്യ ബ്രിട്ടാനിക്ക യിൽ വായിച്ചത് ഓർക്കുന്നു. ദരിദ്ര രാജ്യത്തെ കോളനിയാക്കാൻ ഒരാളും വരില്ല. ഇന്ത്യ ആയിരുന്നു, ബ്രിട്ടൻറെ മുഖ്യ വാണിജ്യ പങ്കാളി.അസംസ്‌കൃത വസ്‌തുക്കൾ ഇന്ത്യ ബ്രിട്ടന് നൽകി.അത് കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ തന്നെ ആയിരുന്നു മുഖ്യ വിപണി. മാർക്‌സ് ജീവിച്ച 19 -o നൂറ്റാണ്ടിൻറെ ഒടുവിൽ ബ്രിട്ടൻറെ ഇറക്കുമതിയിൽ 20 ശതമാനവും ഇന്ത്യയിൽ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ,ഇന്ത്യയിലേക്ക് ബ്രിട്ടൻ അയച്ചിരുന്നത്,1265 കോടി രൂപയുടെ ചരക്കുകൾ ആയിരുന്നു !ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ചരക്കുകളായ ചായ,പരുത്തി,സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉൽപന്നങ്ങളായി ഇവിടെ തിരികെ എത്തി.അവ മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയച്ചു.അതുകൊണ്ടാണ് ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ബാല ഗംഗാധര തിലകൻ ആഹ്വാനം ചെയ്‌തത്‌ -ആദ്യ ആഹ്വാനം ഗാന്ധിയുടേത് ആയിരുന്നില്ല.തിലകന്റേത് ഗാന്ധി ആവർത്തിക്കുക മാത്രമായിരുന്നു.

ചർക്കയുടെ കാര്യം പറഞ്ഞ് മാർക്‌സ് ഇന്ത്യയെ നാണം കെടുത്തേണ്ടിയിരുന്നില്ല.ക്രിസ്‌തുവിന് 500 -1000 കൊല്ലം മുൻപ് ഇന്ത്യയിലാണ് ചർക്ക കണ്ടു പിടിച്ചത് എന്ന സത്യം അറിഞ്ഞാൽ,ലോകത്തെ തുണിയുടുക്കാൻ പഠിപ്പിച്ചത് ഇന്ത്യയാണ് എന്ന് വരും.ചർക്കയുടെ ആദ്യ ചിത്രങ്ങൾ ഉണ്ടായത് 1234 ൽ ബാഗ്ദാദിലാണ്.ചൈനയിലും ഇസ്ലാമിക ലോകത്തും ചർക്ക എത്തിയത് പതിനൊന്നാം നൂറ്റാണ്ടിൽ മാത്രമാണ്.ചർക്കയ്ക്ക് മുൻപായിരുന്നു,തക്ളി.

ഇന്ത്യക്കാരൻറെ സ്വർണാഭിനിവേശത്തെ പരിഹസിച്ച ശേഷം മാർക്‌സ് ചില കണക്കുകൾ നിരത്തുന്നു.അദ്ദേഹത്തിൻറെ ലേഖനത്തിൽ നിന്ന്:

ബ്രിട്ടീഷുകാരനായ കൈയേറ്റക്കാരൻ ഇന്ത്യയുടെ ചർക്കയും കൈത്തറിയും തകർത്തു.യൂറോപ്യൻ വിപണികളിൽ നിന്ന് ഇന്ത്യൻ പരുത്തി തുണിത്തരങ്ങളെ പുറന്തള്ളി ഇതിന് തുടക്കമിട്ടു.ബ്രിട്ടൻ അത് കഴിഞ്ഞ് അവിടേക്ക് നൂറ്റ ( twist ) തുണിത്തരങ്ങൾ കടത്തി വിട്ടു.ഒടുവിൽ പരുത്തിയുടെ ആ ജന്മ ദേശത്തെ സ്വന്തം പരുത്തി തുണികൾ കൊണ്ട് മുക്കി.ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള തുണി കയറ്റുമതി 1818 നും 1936 നും ഇടയ്ക്ക് 1 :5200 എന്ന അനുപാതത്തിൽ വർധിച്ചു.മസ്ലിൻ തുണി കയറ്റുമതി 1824 ൽ ഏതാണ്ട് പത്തു ലക്ഷം വാര മാത്രമായിരുന്നു.1837 ൽ ഇത് 6 .4 കോടിയിൽ അധികമായി.അതേ സമയം ധാക്കയിലെ ജന സംഖ്യ ഒന്നര ലക്ഷത്തിൽ നിന്ന് 20000 ആയി ചുരുങ്ങി ( പരുത്തി കേന്ദ്രമായ ധാക്ക അന്ന് ഇന്ത്യയിൽ ആയിരുന്നു).സ്വന്തം തുണിത്തരങ്ങൾക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങളുടെ അധഃപതനം ആയിരുന്നില്ല ഇതിൻറെ ഏറ്റവും വലിയ ദുരന്ത ഫലം.ബ്രിട്ടീഷ് അവിയന്ത്രവും ശാസ്ത്രവും കൂടി ചേർന്ന് കൃഷിയും നിർമാണ തൊഴിലും തമ്മിൽ ഉണ്ടായിരുന്ന ആ ഐക്യത്തെ ഇന്ത്യയുടെ മുഖത്ത് നിന്ന് തുടച്ചു നീക്കി.

ബ്രിട്ടനിലെ വ്യവസായ വിപ്ലവം ഇന്ത്യയെ കുത്തുപാള എടുപ്പിച്ചു എന്നാണ് മാർക്‌സ് പറഞ്ഞതിൻറെ ധ്വനി. അതുകൊണ്ടാണ്,ബ്രിട്ടീഷ് ആധിപത്യത്തെ,ചരിത്രത്തിൻറെ അബോധ പ്രേരണയായി,മാർക്‌സ് തുടർന്ന് കണ്ടെത്തി ന്യായീകരിക്കുന്നത്.

സത്യം ഇതൊന്നും അല്ല.ബ്രിട്ടീഷ് രാജിന് കീഴിൽ,ഇന്ത്യൻ സമ്പദ് രംഗം തളർന്നു-ജനസംഖ്യയെ പോലെ ഒരു ശതമാനം വളർച്ചാ നിരക്ക്.ബ്രിട്ടൻ ഇവിടെ വ്യവസായത്തെ പിന്നോട്ട് വലിച്ചു.മുഗൾ ഭരണ കാലത്തെക്കാൾ ആളോഹരി വരുമാനവും ഉൽപന്ന നിർമാണവും കുറഞ്ഞു.നാഗരികത പിന്നോട്ടടിച്ചു.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിക തളർച്ച വിഗ് രാഷ്ട്രീയ നേതാവായ എഡ്‌മണ്ട് ബർക്ക് 1778 ൽ തന്നെ ബ്രിട്ടനിൽ വലിയ വിഷയമാക്കി.വാറൻ ഹേസ്റ്റിംഗ്‌സിനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും എതിരെ ഏഴു വർഷത്തെ വിചാരണ നടത്തി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രിട്ടൻ വൃത്തികെട്ട രീതിയിൽ കൈകാര്യം ചെയ്‌തത് മാത്രമായിരുന്നു,വിഷയം.ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാർക്‌സ് തയ്യാറാക്കുമ്പോൾ,മൂലധനം എഴുതിയിരുന്നില്ല. ധന ശാസ്ത്രത്തിൻറെ ബാലപാഠം പോലും അറിയാത്ത നാലാം കിട ഗവേഷകൻ മാത്രമായിരുന്നു മാർക്‌സ് എന്നാണ് അദ്ദേഹം എഴുതിയ ഇന്ത്യ വിവരണത്തിൽ നിന്ന് തെളിയുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിൽ നടപ്പാക്കിയ സമ്പദ് ശാസ്ത്രം കൊള്ളയുടെയും നാശത്തിന്റേതും ആയിരുന്നുവെന്ന് വിശ്വ ഭാരതി സർവകാശാല വൈസ് ചാൻസലറും പ്രസിഡൻസി സർവകാശാലയിൽ ചരിത്ര എമെറിറ്റസ് പ്രൊഫസറും ആയിരുന്ന ഡോ രജത് കാന്ത റേ എഴുതിയിട്ടുണ്ട് ( 2 ).ഇതാണ് 1770 ൽ ബംഗാൾ ജന സംഖ്യയിൽ മൂന്നിലൊന്നിനെ കൊന്ന ക്ഷാമത്തിന് വഴി വച്ചത്.ഇന്ത്യൻ നെയ്ത്തു മേഖലയെ നശിപ്പിക്കാൻ ബംഗാളിലെ നൂറു കണക്കിന് നെയ്ത്തുകാരുടെ കൈകൾ ഈസ്റ്റ് ഇന്ത്യ കമ്പനി വെട്ടി നീക്കിയതായി കഥ പ്രചരിക്കുകയുണ്ടായി.ദയനീയ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ധാക്കയിലെ നെയ്ത്തുകാർ സ്വയം വിരലുകൾ ഛേദിച്ചതായി വില്യം ബോൾട്സ് എഴുതി ( 3 ).ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്‌ത ഡച്ച് കച്ചവടക്കാരനായിരുന്നു,ബോൾട്സ്,1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം ബ്രിട്ടൻ നടത്തിയ ചൂഷണങ്ങൾ വിവരിക്കുന്നതാണ്,ഈ പുസ്തകം.

ഇന്ത്യയുടെ കോളനിവൽക്കരണമാണ്,ബ്രിട്ടനിൽ വ്യവസായവൽക്കരണത്തിന് വഴിയൊരുക്കിയത്.ബ്രിട്ടൻറെ ഇന്ത്യയിലെ സാന്നിധ്യം,ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു കൊടുത്തു.ബ്രിട്ടീഷുകാർക്ക് ഇവിടെ നികുതിയില്ലാതിരിക്കെ ഇന്ത്യൻ കച്ചവടക്കാർക്ക് മേൽ വൻ നികുതി ചുമത്തി.ഇന്ത്യൻ പരുത്തി ഇറക്കുമതി ചെയ്‌ത ബ്രിട്ടനിലെ ഫാക്റ്ററികൾക്കും നികുതി ഇല്ലായിരുന്നു.ഇന്ത്യ ഒരേ സമയം അസംസ്‌കൃത വസ്‌തു നൽകുന്ന രാജ്യവും ഉൽപന്നം.3 വാങ്ങുന്ന വിപണിയുമായി.1700 ൽ ലോക വരുമാനത്തിൽ ഇന്ത്യയുടെ പങ്ക് 24 .4 ശതമാനമായിരുന്നുവെന്ന് കേംബ്രിഡ്‌ജ്‌ ചരിത്രകാരൻ അംഗസ്‌ മാഡിസൺ രേഖപ്പെടുത്തിയിട്ടുണ്ട്.യൂറോപ്പിൻറെ മൊത്തം പങ്കായ 23.3 ശതമാനത്തോടൊപ്പം നിൽക്കുന്ന ഒന്ന്.1700 ൽ ബ്രിട്ടന് ലോക വരുമാനത്തിലെപങ്ക് വെറും 2 .9 ശതമാനം മാത്രമായിരുന്നു.ഇത് 1870 ൽ ഒൻപത് ശതമാനമായി.19 -o നൂറ്റാണ്ടിൽ ഇന്ത്യയെ പിന്തള്ളി ബ്രിട്ടൻ ലോകത്തിലെഏറ്റവും വലിയ തുണി നിർമാതാവായി.

മാർക്‌സ് പരിഹസിച്ച സ്വർണാഭിമുഖ്യം കുടി നോക്കാം.ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ബ്രിട്ടന് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ടിയിരുന്നു.ബ്രിട്ടൻ ഇന്ത്യൻ സമ്പദ് രംഗം താറുമാറാക്കിയതിനാൽ സ്വർണത്തിന്റെ വില കൂടി.1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം,ഇന്ത്യയുടെ സമ്പത്ത് കൊള്ള ചെയ്‌ത്‌ കടൽ കടത്താൻ തുടങ്ങി.1765 ന് ശേഷം ഇവിടന്ന് സാധനങ്ങൾ വാങ്ങാൻ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ട നില വന്നു.ഇവിടെ നടപ്പാക്കുന്ന നികുതികൾ,കൊള്ളകൾ എന്നിവ അതിന് പകരം നിന്നു.പ്ലാസി യുദ്ധത്തോടെ സ്വർണ ഇറക്കുമതി ഇടിഞ്ഞു.യുദ്ധം ഇറക്കുമതിക്ക് ദോഷം ചെയ്‌തു.ഇവിടുന്നുള്ള കൊള്ള മുതൽ,വ്യവസായ വിപ്ലവത്തിന് അടിത്തറയിട്ടു.ഈ കൊള്ള അമേരിക്കയ്ക്കും ഗുണം ചെയ്‌തു.ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി വസ്‌തുക്കൾക്ക് അമേരിക്കയിൽ വലിയ നികുതി ചുമത്തി.
------------------------------------------------
 1 .In Theory :Classes ,Nations,Literature / Aijaz Ahmad,Verso 1992
2 .Enterpreneurship and Industry in India 1800 -1947 (ed ) 1997
3.Considerations on India Affairs,1772.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...