Wednesday 3 July 2019

സർ സി ശങ്കരൻ നായർ എന്ന ബ്രിട്ടീഷ് ചട്ടുകം

ജാലിയൻ വാലാബാഗ് കഴിഞ്ഞും ബ്രിട്ടനൊപ്പം 

ന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായിരുന്ന ഏക മലയാളി സർ സി ശങ്കരൻ നായർ,ദേശസ്നേഹി ആയിരുന്നോ?
രാമചന്ദ്ര ഗുഹ എഴുതിയ, Gandhi:The Years that Changed the World 1914 -1948 എന്ന പുസ്തകത്തിലെ ചില പരാമർശങ്ങൾ,ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.ഗാന്ധിയുടെ വിമര്ശകരുടെ കൂട്ടത്തിൽ പ്രധാനിയായി ഗുഹ കാണുന്ന ശങ്കരൻ നായർ,മിതമായ ആക്രമണമാണ് നടത്തിയതെന്നാണ്,ഗുഹ പറയുന്നത്.അതിനു കാരണം അസൂയ ആയിരിക്കാം എന്ന് ഗുഹ കരുതുന്നു.കാരണം,ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ,ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ,വക്കീൽ മാത്രമായിരുന്നു,ഗാന്ധി.ആദ്യത്തെ സ്വാതന്ത്ര്യ വിപ്ലവം നടന്ന 1857 ൽ പാലക്കാട്ടെ മങ്കരയിൽ ജനിച്ച ചേറ്റൂർ ശങ്കരൻ നായർ,1893  ൽ ലണ്ടനിൽ പോവുകയും, ആ നാടിനെ ' സ്വാതന്ത്ര്യത്തിൻറെ മഹാ സൗധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.


ശങ്കരൻ നായർ ഒറ്റപ്പുസ്തകമേ എഴുതിയുള്ളു -ഗാന്ധിയും അരാജകത്വവും  (  Gandhi and Anarchy,1922 ).ഈ പുസ്തകത്തെ ആധാരമാക്കി ഗുഹ പറയുന്നത്,ശങ്കരൻ നായരെ വല്ലാതെ ബാധിച്ച മലബാറിലെ മാപ്പിള ലഹള ( 1921 ) അദ്ദേഹത്തെ ഗാന്ധിയുടെ ശത്രുവാക്കി എന്നാണ്.ഗാന്ധിയും അദ്ദേഹത്തിൻറെ അനുയായികളും ഖിലാഫത്ത് പ്രസ്ഥാനത്തെ ഹിന്ദുക്കളുമായി കൂട്ടിയിണക്കി,ഇന്ത്യയിൽ പാൻ ഇസ്ലാമികതയ്ക്ക് വഴിമരുന്നിട്ടു എന്നാണ്,ഈ പുസ്തകത്തിൽ ശങ്കരൻ നായരുടെ കണ്ടെത്തൽ.വ്യക്തിപരമായ ശത്രുത കാരണം,ശങ്കരൻ നായർക്ക് ഗാന്ധിയെ വേണ്ട വിധം സൈദ്ധാന്തികമായി എതിർക്കാൻ കഴിഞ്ഞില്ല.ഗാന്ധിയുടെ മറ്റൊരു വിമര്ശകനായ എം രത്ന സ്വാമിക്ക്, The Political Philosophy of Gandhi എന്ന പുസ്തകത്തിൽ ഫലപ്രദമായി അതിനു കഴിയുന്നുണ്ട്.
ഗുഹ,ശങ്കരൻ നായരുടെ പുസ്തകത്തെ പരാമർശിച്ചതിനാൽ,ആ പുസ്തകം കണ്ടെത്തി വായിച്ചു.അതിൻറെ ഉള്ളടക്കത്തിലേക്ക് കടക്കും മുൻപ്,ശങ്കരൻ നായരുടെ പശ്ചാത്തലം പരിശോധിക്കാം.

ശങ്കരൻ നായർ 
ശങ്കരൻ നായർ ബ്രിട്ടനിലല്ല പഠിച്ചത്.പ്രാദേശിക വിദ്യാലയങ്ങളിലെ പഠന ശേഷം,മദ്രാസ് പ്രസിഡൻസി കോളജിലും ലോ കോളജിലുമായിരുന്നു,വിദ്യാഭ്യാസം.1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറ്.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.
അതായത്,രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞ്,ബ്രിട്ടിഷ് ലാവണങ്ങളിൽ സുഖമായി കഴിഞ്ഞ ഒരാൾ.അതു കൊണ്ടൊന്നും,നായരുടെ കഴിവിനെ കുറച്ചു കാണുന്നില്ല.
നായർ മലയാളിയായ ഏക കോൺഗ്രസ് പ്രസിഡൻറ് മാത്രമല്ല,അന്നത്തെ കേന്ദ്ര മന്ത്രിസഭ ആയ വൈസ്രോയിയുടെ കൗൺസിലിൽ എത്തിയ ഏക മലയാളിയുമാണ്-വിദ്യാഭ്യാസ വകുപ്പ്.ഒറ്റ ഇന്ത്യക്കാരനേ  അന്ന് കൗൺസിലിൽ ഉണ്ടായിരുന്നുള്ളു.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.
ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 ന്  379 പേരുടെ കൂട്ടക്കൊലയെ തുടർന്ന്, നായർ കൗൺസിലിൽ നിന്ന് രാജി വച്ചു.കൂട്ടക്കൊലയ്ക്ക് കാരണമായ റൗലറ്റ് ആക്ട് ചർച്ചാവേളയിൽ തന്നെ,1919 ഫെബ്രുവരിയിൽ മദൻ മോഹൻ മാളവ്യയും ജിന്നയും  ഇമ്പീരിയൽ കൗൺസിൽ അംഗത്വവും രാജി വച്ചിരുന്നു;ആക്റ്റിനെതിരെ ഗാന്ധി പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു .നായരുടെ ഈ രാജിയാണ്,അദ്ദേഹത്തിൻറെ ഭക്ത സംഘം അദ്ദേഹത്തെ ദേശസ്നേഹിയായി വാഴ്ത്താൻ ഉപയോഗിക്കുന്നത്.അന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ നാട്ടുകാർ തല്ലിക്കൊല്ലുമായിരുന്നു.രാജിക്ക് മുൻപ്,നായർ,ബ്രിട്ടീഷ്  ഭരണത്തിൽ ഭേദഗതികൾ നിർദേശിച്ച്,രണ്ടു ഭിന്നാഭിപ്രായക്കുറിപ്പുകൾ മിനിട്സിൽ രേഖപ്പെടുത്തി.

മൈക്കിൾ ഒ ' ഡയർ 
പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.
ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,സാധാരണ പറയാറ്.റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായരുടെ രാജി,ദേശസ്നേഹ പ്രേരിതമായിരുന്നില്ല എന്ന് കരുതാൻ മൂന്ന്  കാരണങ്ങളുണ്ട്.ഒന്ന്:ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതിയിൽ പോയിരുന്നു.

രണ്ട്:ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.ആ ലണ്ടൻ കാലം സംശയാസ്പദമാണ്.ആ പുസ്തകത്തിന് പിന്നിൽ ബ്രിട്ടൻറെ പ്രചോദനമായിരുന്നു.

മൂന്ന്:ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രബീന്ദ്ര നാഥ് ടഗോർ സർ സ്ഥാനം 1919 മെയ് 31 ന് ഉപേക്ഷിച്ചു.1913 ൽ തന്നെ നൊബേൽ സമ്മാനം കിട്ടിയ ടാഗോർ നായരെക്കാളും മഹാനായിരുന്നു.
റെജിനാൾഡ് ഡയർ 
ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം,നായരുടെ ജീവിതത്തിലാകെ കരിനിഴൽ വീഴ്ത്തി എന്ന് മാത്രമല്ല,അതിനെതിരെ ഒ' ഡയർ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു.കൂട്ടക്കൊലയ്ക്ക് ബ്രിട്ടനെ പഴി ചാരുന്നതിനു പകരം,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽ മാത്രം ചാർത്തി,ബ്രിട്ടനെ രക്ഷിക്കാൻ തത്രപ്പെടുകയാണ്,നായർ,പുസ്തകത്തിൽ പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ ചെയ്തത്.നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക  വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.
നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ആ ഒരംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു -വി കെ കൃഷ്ണ മേനോനും കെ ആർ നാരായണനും ഡോ കെ എൻ രാജിനുമൊക്കെ തുണയായിരുന്ന ധന ശാസ്ത്രജ്ഞൻ.
ഡയർ,സംഭവത്തിന് ശേഷം,ഒരു രാത്രി പോലും ഉറക്കം കിട്ടാതെ 1927 ൽ ഹൃദയാഘാതം വന്ന് മരിച്ചു.ഒ'ഡയറെ 1940 ൽ ലണ്ടനിലെ കാക്സ്റ്റൻ ഹില്ലിൽ ഉദ്ധം സിങ് വെടി വച്ച് കൊന്നു.
കേസിൽ ബ്രിട്ടൻ നായരുടെ കൂടെ നിന്നില്ല.
വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്നുള്ള രാജി,നായരെ സംബന്ധിച്ച്,ബാങ്കിലെ നിക്ഷേപം പിൻവലിച്ച് ഇരട്ടി പലിശ കിട്ടുന്ന ബ്ലേഡിൽ നിക്ഷേപിക്കും പോലെ ആയിരുന്നു.1928 ൽ ഇന്ത്യയിൽ എത്തിയ സൈമൺ കമ്മിഷനെ കോൺഗ്രസ് മാത്രമല്ല,ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചിരുന്ന കാര്യം,ചരിത്രം വായിക്കുന്നവർക്കൊക്കെ അറിയാം.സർ ജോൺ ഓൾസ് ബ്രൂക് സൈമൻറെ നേതൃത്വത്തിൽ ഏഴ് ബ്രിട്ടീഷ് എം പി മാരടങ്ങിയ കമ്മീഷൻ ഭരണ പരിഷ്‌കാരത്തിനായി ഇന്ത്യയിൽ എത്തി.1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആയിരുന്ന ക്ളമൻറ് ആറ്റ്ലി,കമ്മീഷൻ അംഗമായിരുന്നു.1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ്,കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.എന്നാൽ,വൈസ്രോയ് ഇർവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യ കൗൺസിൽ,സൈമൺ കമ്മിഷനുമായി സഹകരിക്കാൻ ഉണ്ടാക്കിയ അഖിലേന്ത്യ കമ്മിറ്റിയുടെ ചെയർ മാൻ, നായരായിരുന്നു.ഈ നാണംകെട്ട കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഇവരായിരുന്നു:ആർതർ ഫ്‌റൂം,നവാബ് അലി ഖാൻ,ശിവ്‌ദേവ് സിങ് ഉബ്രോയ്,സുൽഫിഖർ അലി ഖാൻ,ഹാരിസിങ് ഗൗർ, ഷാഹിദ് സുഹ്രവർദി,കിക്കബായ് പ്രേംചന്ദ്,എം ബി രാജ.സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ബംഗാളിൽ മുഖ്യമന്ത്രിയായി,സുഹ്രവർദി.
നായരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി,ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വേണമെന്ന ( ബ്രിട്ടൻറെ ) ആവശ്യം സൈമൺ കമ്മീഷൻ മുൻപാകെ ഉന്നയിച്ചു.അത് പ്രഖ്യാപിച്ചപ്പോൾ,നായർ രാഷ്ട്രീയ ജീവിതം പൂട്ടിക്കെട്ടി.1934 ൽ മരുമകനായ എം എ കാൻഡെത്ത് മരിച്ച വിവരമറിഞ്ഞ് മദനപ്പള്ളിക്ക് പോകുമ്പോൾ,നായർ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ്,ഒരു മാസം കഴിഞ്ഞ് മരിച്ചു.
സൈമൺ കമ്മീഷന് എതിരെ ലഹോറിൽ പ്രതിഷേധിച്ച ലാലാ ലജ്‌പത്‌ റായ്,പൊലീസ് മർദനമേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ച കാര്യം ഇവിടെ ഓർക്കാം.
2
ഗാന്ധിയുടെ ഹിന്ദ് സ്വരാജ്  ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും ശത്രുതയോടെ കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും  എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു;ഇന്ത്യയിൽ ബ്രിട്ടീഷ് കമ്പനി മഹാത്മാ ഗാന്ധി ബ്രാൻഡ് സിഗററ്റ് തന്നെ ഇറക്കിയിരുന്നു.1909 നവംബർ ഒൻപതിന് പ്രാൺ ജീവൻ മേത്ത,ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് എഴുതിയ കത്തിലാണ്,ഗാന്ധിയെ ആദ്യമായി, ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്.പൊതുവെ കരുതും പോലെ,ടഗോർ അല്ല അത് ചെയ്തത്.ജീവറാം കാളിദാസ് ശാസ്ത്രി 1915 ജനുവരി 27 ന് ഗാന്ധിയെ പരസ്യമായി  ' മഹാത്മാ ' എന്ന് വിളിച്ചു.1921 ൽ ഗാന്ധി മഹാത്മാവായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.
ഗാന്ധിയെ തരിമ്പു പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരാളെയാണ്,ശങ്കരൻ നായരിൽ കാണുന്നത്." ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിലെ വാദമുഖങ്ങൾ ഇവയാണ്:
ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.
ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.ദക്ഷിണാഫ്രിക്കയിലും അപ്രായോഗിക സാഹചര്യങ്ങൾ സൃഷ്ടിച്ചയാളാണ്,ഗാന്ധി.
ജാതി വ്യവസ്ഥയെ തുണയ്ക്കുന്നയാളാണ്,ഗാന്ധി.ആ വ്യവസ്ഥയും അഹിംസയുമായി ഒത്തു പോവുകയില്ല.പിന്നാക്ക ജാതികളിൽ പെട്ട ചിലരുടെ ഉപജീവന മാർഗം തന്നെ,മൃഗങ്ങളുടെ ഹിംസയാണ്.ഇസ്‌ലാമും അഹിംസയ്ക്ക് എതിരാണ്.പഞ്ചാബും ഖിലാഫത്തും പറഞ്ഞാണ്,ഗാന്ധി ,മൊണ്ടേഗ് -ചെംസ്ഫോഡ് പരിഷ്‌കാരത്തെ എതിർത്തത്.ഗാന്ധിയുടെ സ്വരാജ് അരാജകത്വമാണ്.
മാപ്പിള കലാപം സംബന്ധിച്ച ഗാന്ധിയുടെ സമീപനം ,സമ്പൂർണ കീഴടങ്ങലാണ്.ഖിലാഫത് പ്രസ്ഥാനവുമായുള്ള ചങ്ങാത്തം,മലബാറിൽ ഭീകര ഫലങ്ങളാണ്,ഉളവാക്കിയത്.ഖിലാഫത് പ്രസ്ഥാനത്തിന് ഹിന്ദുക്കളുടെ പിന്തുണയെന്ന ഗാന്ധിയുടെ ഉറപ്പ് കണക്കിലെടുത്ത്,ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ മാപ്പിളമാർ ഉണർന്നപ്പോൾ,ബ്രിട്ടനോടുള്ള ഹിന്ദുക്കളുടെ കൂറ് കണ്ട് അവർ ക്ഷുഭിതരായി.അവർ ഹിന്ദുക്കൾക്കെതിരെ സായുധ കലാപം നടത്തി.കൂട്ടക്കൊലകൾ നടത്തി.മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.....ഗാന്ധിയും ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ മാധവൻ നായരെപ്പോലുള്ള അദ്ദേഹത്തിൻറെ ഡ്യുപ്പുകളുo ഇത്തരത്തിൽ മതത്തെ കലർത്തിയത്, സാമ്രാജ്യത്തിൻറെ നന്മയ്ക്ക് വിനാശകരമായിരിക്കും.
ഇന്ത്യയെ ഭിന്നിപ്പിച്ചത്,പണ്ട് നില നിന്ന ,കിഴക്കൻ ക്‌ളാസിക്കുകളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്.ബ്രാഹ്മണനെ അബ്രാഹ്മണനിൽ നിന്ന്,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് ,സവര്ണരെ അവർണരിൽ നിന്ന് അകറ്റിയത്,അതാണ്.ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയെയും അലിഗഡ് മുസ്ലിം സർവകലാശാലയെയും തകർക്കാൻ ശ്രമിച്ചു.രണ്ടിടത്തും,പാശ്ചാത്യ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കി ആയിരുന്നു,പഠനം.
എല്ലാം ബഹിഷ്‌കരിക്കാനാണ്,ഗാന്ധിയുടെ ആഹ്വാനം.കലുഷമായ തലച്ചോറിൻറെ സ്വപ്നങ്ങളാണ്,അവ.വന്യമായ ആശയങ്ങളുടെ പ്രയോഗമാണ്,അത്.ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലങ്ങൾ മാത്രമല്ല ഗാന്ധി നശിപ്പിക്കുന്നത്;ഇന്ത്യയുടെ പുനർജന്മ പ്രതീക്ഷകൾ കൂടിയാണ്.അഹിംസ,അരാജകത്വത്തിൽ കലാശിക്കും.അത്,പാർലമെൻററി സ്വാതന്ത്ര്യത്തിന് പറ്റില്ല.ആത്മീയ സ്വരാജിന് പറ്റുമായിരിക്കും.
ഗാന്ധിക്ക്,വ്യവസായങ്ങൾ ആത്മാവിനെ നശിപ്പിക്കാൻ പിശാച് അയച്ച ഏജൻസികളാണ്.അവ ഇന്ത്യയുടെ ധാർമിക നിലവാരത്തിന് അണുവിട പോലും മാറ്റു കൂട്ടില്ലെന്നാണ്,ഗാന്ധിയുടെ വാദം.വ്യവസായത്തിന്റെ അസാന്നിധ്യത്തിൽ,പട്ടിണി ശരീരങ്ങളെ നശിപ്പിക്കുകയും ആത്മാവിൻറെ വികാസത്തിന് വിഘ്നമുണ്ടാക്കുകയും ചെയ്യും.ടെലെസ്കോപ് കണ്ട ആകാശക്കാഴ്ചകളും മൈക്രോസ്കോപ് കണ്ട സൂക്ഷ്മക്കാഴ്ചകളും ശാസ്ത്രം കാട്ടിത്തന്ന വിസ്മയങ്ങളുമെല്ലാം ഗാന്ധിക്ക് അയിത്തമാണ്......ഇന്ത്യക്കാരൻ പൗരുഷം വീണ്ടെടുക്കും വരെ,വെള്ളക്കാരൻറെ കാരുണ്യത്തിൽ ജീവിക്കണം.എന്നാൽ,ഗാന്ധിയാകട്ടെ,വംശീയവും വർഗീയവുമായ വൈരം കൂട്ടാൻ വേണ്ടതൊക്കെ ചെയ്യുകയാണ്.ഗാന്ധി,ഹിമാലയത്തിൽ മഹാത്മാവിൻറെ ജീവിതത്തിനു പോയിരുന്നെങ്കിൽ,ആയിരങ്ങൾ രക്ഷപ്പെട്ടേനെ.മരണത്തെക്കാൾ ഭീതിദമായ കലാപങ്ങൾ,ഒഴിവായേനെ.സ്വയം പിഴയൊടുക്കാതെ,ഗാന്ധിയും അനുയായികളും,അവരുടെ നയത്തിൻറെ ഇരകളുടെ രക്ത ചൊരിച്ചിലുമായി രാജ്യമാകെ അലയുകയാണ്.
ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.
ഇത്രയുമാണ് നായരുടെ പുസ്തകത്തിൻറെ ഉള്ളടക്കം 
ഒ' ഡയറെ കൊന്ന വാർത്ത 

നായർ അവസാനിപ്പിച്ചിരിക്കുന്നത്,ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ബ്രിട്ടൻ അടിച്ചമർത്തണം എന്നാവശ്യപ്പെട്ടാണ്.ഒരുപാട് കേസുകളിൽ വിധിച്ച നായർ,മനനഷ്ടക്കേസിൽ തോറ്റ പോലെ,ഈ പ്രവചനത്തിലും തോറ്റു.നായർ ദേശസ്നേഹിയാണോ എന്ന ചോദ്യത്തിന് ഉത്തരം,വായനക്കാരന് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും.ഒരു ബ്രിട്ടീഷ് ഏജൻറ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും അതിൻറെ നേതാവിനെപ്പറ്റിയും തയ്യാറാക്കുന്ന ഡോസിയറിന്റെ വായന പോലെ ഓക്കാനത്തിന്  വക നൽകുന്നതാണ്,നായരുടെ പുസ്തകാഭാസം.നായർ വേറെ പുസ്തകങ്ങൾ എഴുതാത്തതിനാൽ,ഇതിൻറെയഥാർത്ഥ കർത്താവ് അദ്ദേഹമാണോ അതോ ഇതൊരു ബ്രിട്ടീഷ് പ്രേത രചനയാണോ എന്നും സംശയിക്കാം.അഹിംസ,ഗാന്ധി കണ്ടെത്തിയ തത്വമല്ല.മനോ വാക് കർമങ്ങളുടെ മിതവ്യയമാണ് അഹിംസ എന്നാണ് മഹാഭാരതത്തിലെ നിർവചനം.ഭാരതമോ ഭാരതീയതയോ നിശ്ചയമില്ലാതെ,യൂറോ സെൻട്രിസത്തിൽ വട്ടം കറങ്ങുന്ന ബ്രിട്ടീഷ് ഹനുമാനെയാണ്,ഈ രചനയിൽ കാണുന്നത്.അഹിംസയെ നിരാകരിക്കാൻ നായർ നിരത്തുന്ന ഒരു കാരണം,കടം കൊടുത്തയാൾ അത് തിരിച്ചു വാങ്ങാൻ കടം വാങ്ങിയവൻറെ മുന്നിൽ ധർണ ഇരിക്കുന്നത്,പീനൽ കോഡിൽ ക്രിമിനൽ കുറ്റമാണ്,എന്നതാണ് !
മുസ്ലിംകളെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഗാന്ധി നടത്തിയ ശ്രമങ്ങൾ,പരാജയപ്പെട്ടു എന്ന് സമ്മതിച്ചാൽ തന്നെയും,ഇസ്ലാമിനോട് മമത പുലർത്തിയതിന്,ഗാന്ധിയെ പുലഭ്യം പറയുന്ന ശങ്കരൻ നായർ,വർഗീയതയുടെ പാതാളത്തിലാണ്,സ്വയം ചെന്ന് ചാടുന്നത്.കോൺഗ്രസ് നേതാക്കളെയെല്ലാം,ഗാന്ധിയുടെ ഡ്യുപ്പുകൾ എന്നാണ് നായർ പരിഹസിക്കുന്നത്.നായരെപ്പോലെ ബ്രിട്ടീഷ് പാളയത്തിൽ ചെന്ന് നിന്നാലേ,ഡ്യൂപ്പ് അല്ലാതെ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ ആകൂ.
ഗ്രീക്ക് നാടകങ്ങൾ മിക്കവാറും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ഹെർബർട്ട് മുറെ 1918 ൽ തന്നെ The Soul as it is and How to Deal with It എന്നൊരു ലേഖനം ഗാന്ധിയെപ്പറ്റി,ഓക്സ്ഫോഡിൽ നിന്നിറങ്ങുന്ന ഹെബെർബെർട്സ് ജേണലിൽ ( vol  16,1918 ജനുവരി ) എഴുതിയിരുന്നു.എല്ലാം ത്യജിച്ചവൻ,ആസക്തി നശിച്ചവൻ,അപകടകാരിയാണ് എന്നതാണ്,അതിൻറെ സത്ത.ബ്രിട്ടനെ സംബന്ധിച്ച് ഗാന്ധി അപകടകാരിയായി തീർന്നിരുന്നു.അങ്ങനെ ഒരാളെ ഒതുക്കാൻ,പഴയൊരു  കോൺഗ്രസ് പ്രസിഡൻറിനെ ബ്രിട്ടന് തക്കത്തിൽ കിട്ടി.അയാൾ മലയാളി ആയിപ്പോയി എന്നത്,സങ്കടകരമാണ്.ഗോഡ്‌സെ തോക്കു കൊണ്ട് ചെയ്തത്,അതിനു കാൽ നൂറ്റാണ്ട് മുൻപ്,സർ സി ശങ്കരൻ നായർ ചെയ്‌തു.എന്തിനു ഗാന്ധിയെ കൊന്നു എന്ന് കോടതി ചോദിച്ചപ്പോൾ,ഗോഡ്‌സെ ഈ പുസ്തകം ഹാജരാക്കിയാൽ മതിയായിരുന്നു.എന്നിട്ടു പറയാം :" ഇയാൾ ഒരു ജഡ്‌ജിയായിരുന്നു;ഇയാൾ ഗാന്ധിയെ നേരത്തെ വിധിച്ചു".
--------------------
1.ഡയർ:മഞ്ഞപിത്തം,Arteriosclerosis എന്നിവ ഉണ്ടായിരുന്നു 
2.Candeth:വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ;ശങ്കരൻ നായരുടെ മകൾ മാധവി 'അമ്മ പാലാട്ടിന്റെ ഭർത്താവ്.നെഹ്‌റുവിന്റെയും ബോസിൻറെയും സുഹൃത്തും ഇന്ത്യൻ സ്ഥാനപതിയും ആയിരുന്ന എ സി എൻ നമ്പ്യാരുടെ ജ്യേഷ്ഠൻ,ആരത്തിൽ കണ്ടോത്ത് എന്ന കുടുംബപേര് candeth എന്നായി.ഗോവ വിമോചനത്തിന് നേതൃത്വം നൽകിയ ലഫ് ജനറൽ കാൻഡത്,മകൻ.
3.കെ പി എസ് മേനോൻ C Sankaran Nair ( 1967 ) എന്ന പുസ്തകം നായരെ വെള്ള പൂശാൻ എഴുതി.നായരുടെ മകളുടെ ഭർത്താവായിരുന്നു,മേനോൻ.

(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )

see https://hamletram.blogspot.com/2019/06/blog-post_92.html


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...