ജാലിയൻ വാലാബാഗ് കൂട്ടക്കൊല അഥവാ അമൃത് സർ കൂട്ടക്കൊലയുടെ ശതാബ്‌ദി വർഷമാണ്, ഇത്. കേണൽ റജിനാൾഡ് ഡയർ 1919 ഏപ്രിൽ 13 നാണ്അമൃത് സറിലെ ഏഴേക്കർ ഉദ്യാനമായ ജാലിയൻ വാലാ ബാഗിൽ, സിഖ് പുതു വർഷമായ ബൈശാഖി ആഘോഷിക്കാൻ കൂടിയ ജനത്തിനു നേരെ വെടിവച്ച് 379 പേരെ കൊന്നത്. രാഷ്ട്രീയ കക്ഷികൾ ശതാബ്‌ദി ആചരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല.അവർക്ക് തിരഞ്ഞെടുപ്പ് തിരക്കായിരിക്കും.
മലയാളികൾക്കും ജാലിയൻ വാലാ ബാഗ് ഗൃഹാതുരത്വമാണ്-ആ കൂട്ടക്കൊലയെ തുടർന്നു സർ സി ശങ്കരൻ നായർ വൈസ്രോയിയുടെ കൗൺസിലിൽ നിന്ന് രാജി വച്ചു.
അന്ന് ഇന്ത്യയുടെ ഭരണം നയിച്ച ആ കൗൺസിലിൽ എത്തിയ ഏക മലയാളിയാണ് ശങ്കരൻ നായർ. 1897ൽ അമരാവതിയിലെ എ ഐ സി സി സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വേറൊരു മലയാളിയും ആ സ്ഥാനത്ത് എത്തിയിട്ടില്ല; ഇനി എത്തുകയും ഇല്ല. അത് നെഹ്‌റു കുടുംബത്തിന് സംവരണം ചെയ്തതാണ്.
ശങ്കരൻ നായരെ ഗുരുവായൂരിൽ പോകുന്നവർക്കൊക്കെ ഓർക്കാവുന്നതാണ്. ക്ഷേത്രത്തിനു മുന്നിലെ 24 അടി ഉയരമുള്ള ദീപ സ്തംഭം ശങ്കരൻ നായർ സംഭാവന ചെയ്തതാണ്. എന്നാൽ,ഗുരുവായൂർ രണ്ടാം വീടാക്കിയിരുന്ന കെ.കരുണാകരൻ ഈ ചരിത്രം പറഞ്ഞു കേട്ടിട്ടില്ല.
ബ്രിട്ടീഷ് പക്ഷപാതിയും ഗാന്ധി വിരുദ്ധനുമായ ശങ്കരൻ നായർ അന്നു കൗൺസിലിൽ നിന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ, ജനവികാര തീയിൽ വെന്ത് ഉരുകിയേനെ. “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം 1922ൽ എഴുതി ഗാന്ധിയെ ജന വിരുദ്ധനായി ചിത്രീകരിച്ച ശങ്കരൻ നായർ, മാപ്പിള ലഹളയുടെ ഉത്തര വാദിത്തവും ഗാന്ധിയിൽ കെട്ടി വച്ചു. ആ പുസ്തകം നായരെക്കൊണ്ട് ബ്രിട്ടീഷുകാർ എഴുതിച്ചതും ആകാം.
ആ പുസ്തകം ജീവിത കാലം മുഴുവൻ നായരെ വേട്ടയാടി. ഗാന്ധിയെ പുസ്തകം എഴുതി ഭസ്മമാക്കാം എന്നു കരുതിയ നായർക്കു മുന്നിൽ, ഗാന്ധി വടവൃക്ഷമായി വളർന്നു. കോൺഗ്രസിൻറെ വാതിലുകൾ നായർക്കു മുന്നിൽ അടഞ്ഞു.
ആ പുസ്തകം വഴി ജാലിയൻ വാലാ ബാഗും നായരെ വേട്ടയാടി.
ജാലിയൻ വാലാ ബാഗുമായി ബന്ധപ്പെട്ട ഡയർമാർ രണ്ടുണ്ട്. കൂട്ടക്കൊല നടത്തിയ കേണൽ റജിനാൾഡ് ഡയർ ഒന്ന്. പഞ്ചാബിൽ ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ ഒ’ ഡയർ, അടുത്തയാൾ. പഞ്ചാബിൽ ഒ’ ഡയർ പട്ടാള നിയമം പ്രഖ്യാപിച്ചത് റൗലറ്റ് ആക്ട് കാരണം ആയിരുന്നു. അതാണ് കേണൽ ഡയർ എന്ന കൊലപാതകിയെ സൃഷ്ടിച്ചത്. അന്ന് കേണൽ മാത്രമായിരുന്ന അയാളെ ജനറൽ എന്നു പലരും പറയാറുണ്ട്.
മൈക്കിൾ ഒ’ഡയർ എന്ന വ്യക്തിയാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്നു നായർ പുസ്തകത്തിൽ എഴുതി:
Before the reforms (Montagu-Chelmsford), it was in the power of the Lt.Governor, a single individual, to commit the atrocities in the Punjab, which we know only too well. (page 47).
ശങ്കരൻ നായർക്ക് എതിരെ മൈക്കിൾ ഒ ‘ഡയർ ലണ്ടനിൽ മാനനഷ്ടക്കേസ് കൊടുത്തു. 12 അംഗ ജൂറി, 11 -1 ന് ശങ്കരൻ നായർക്ക് എതിരെ 500 പൗണ്ട് ശിക്ഷ വിധിച്ചു. 7,000 പൗണ്ട് കോടതി ചെലവ് നൽകാനും ഉത്തരവായി. നായർ മാപ്പു പറഞ്ഞെങ്കിൽ പിഴ ഒഴിവായേനെ.
ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളാക്കാൻ ശ്രമിക്കുന്ന ആംഗ്ലിക്കൻ ബിഷപ്പുമാരുടെ വിധിയായി അതിനെ ചിത്രീകരിച്ച്, നായർ അപ്പീലിനും പോയില്ല. നായർക്കൊപ്പം ജൂറിയിൽ ഒരാൾ നിന്നല്ലോ-അതാണ്, ഹാരോൾഡ് ലാസ്‌കി. ബ്രിട്ടീഷ് ലേബർ പാർട്ടി ചെയർമാനും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ലാസ്‌കിക്ക് നെഹ്രുവിനെയും വി കെ കൃഷ്‌ണ മേനോനെയും പോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
ലാസ്‌കിയുടെ നെഹ്രുവിനുള്ള ശുപാർശ കത്തുമായാണ് കെ ആർ നാരായണൻ ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. അതായിരുന്നു നാരായണന്, നയതന്ത്ര വഴി.
No comments:
Post a Comment