ഈ തിരഞ്ഞെടുപ്പ് കാലത്തെ അസാധാരണമായ സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ, പ്രചാരണത്തിൽ അയ്യപ്പൻറെ പേരു വിലക്കിയതാണ്.തിരഞ്ഞെടുപ്പിന് ശേഷവും, അതിലെ അന്യായം സമൂഹത്തിൽ അനുരണനം സൃഷ്ടിക്കും.അയ്യപ്പൻറെ ചിത്രം ഉപയോഗിക്കരുതെന്നു പറഞ്ഞ കമ്മീഷൻറെ പരസ്യങ്ങളിലെല്ലാം ആ പദവിയിൽ ഇരിക്കുന്നയാളുടെ ചിത്രങ്ങൾ കാണുകയുണ്ടായി.പിണറായി വിജയനു പകരം മറ്റൊരാൾ നമ്മെ ഭരിക്കുകയാണോ എന്നു തോന്നിപ്പോയി.
കേരളത്തിൽ രണ്ടു ദൈവങ്ങൾക്ക് അസാധാരണത്വമുണ്ട് -അയ്യപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും.അവർണ്ണർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന കാലത്ത്,അവർക്കു കൂടി പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ്,ഇവ.അതായത്,പ്രോ ലിറ്റേറിയൻ ക്ഷേത്രങ്ങൾ.മുത്തപ്പന് മദ്യം നിവേദിക്കാറുണ്ട് എന്നു നമുക്കറിയാം.ഇത് ആചാരമാണ്.ഇത് നാളെ നിരോധിച്ചാൽ,പിണറായി വിജയൻ എന്ത് ചെയ്യും?അയ്യപ്പൻ കേരളമാകെ നിറഞ്ഞു നിൽക്കുന്നു എന്നത് എനിക്ക് ബോധ്യപ്പെട്ടത് അദ്ദേഹം കാസർകോടും ആരാധിക്കപ്പെടുന്നത് നേരിട്ട് കണ്ടപ്പോഴാണ്.
നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നത്,മത രാഷ്ട്രീയമാണ്.ലോകത്ത് പല ഭാഗത്തും അങ്ങനെയായിരുന്നു.കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചപ്പോഴാണ്,ആ മതം രക്ഷപ്പെട്ടത്.ഇസ്രയേലിൽ ചർച് ഓഫ് നേറ്റിവിറ്റിയിൽ പോയപ്പോഴാണ്,ആ പള്ളിയിരിക്കുന്ന സ്ഥലത്ത് യേശു ജനിച്ചു എന്നത് സങ്കൽപ്പം മാത്രമാണ് എന്നു മനസ്സിലായത്.അദ്ദേഹം ബെത്ലഹേമിൽ ജനിച്ചു എന്നത് മാത്രമാണ് സത്യം.അതായത്,രാഷ്ട്രീയം ചില കണ്ടുപിടിത്തങ്ങൾ നടത്തുന്നു.ഇംഗ്ലണ്ടിൽ ചാൾസ് രണ്ടാമൻ പ്രൊട്ടസ്റ്റന്റ് മതം രാഷ്ട്ര മതമായി അംഗീകരിച്ചപ്പോഴാണ്,അത് രക്ഷപ്പെട്ടത്.അതിൻറെ തകർച്ചയിലാണ്,മാർക്സ് ലണ്ടനിൽ പോയി,ഇന്ന് കാലഹരണപ്പെട്ട മാർക്സിസ്റ്റ് മതത്തിൻറെ മിശിഹ ആയത്.
കേരളത്തിൽ പണ്ട് ഭഗവതി ക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവ പൂട്ടിപ്പോയത് ശൈവ,വൈഷ്ണവ രാഷ്ട്രീയത്തിൻറെ കടന്നു കയറ്റത്തിലാണ്.വടക്കുന്നാഥൻ അല്ല ഒറിജിനൽ,പാറമേക്കാവ് ഭഗവതിയാണ്.ഗുരുവായൂരപ്പനല്ല ഒറിജിനൽ.മഞ്ജുളാലിലെ ഭഗവതിയാണ്.പുത്തേഴത്ത് രാമൻ മേനോൻറെ ‘ തൃശൂർ = ട്രിചൂർ ‘ എന്ന പുസ്തകം വായിച്ച ഓർമ്മയാണ്.ഭഗവതിമാരെ തട്ടിത്തകർത്ത് ശിവനും വിഷ്‌ണുവും വന്നത്,രാഷ്ട്രീയമായിരുന്നു. പരശുരാമൻ ഉണ്ടാക്കിയ സ്ഥലത്ത്,തമിഴ്‌നാട്ടിലെപ്പോലെ അമ്മ രേണുകയെ,മാരിയമ്മയെ,കുറഞ്ഞ പക്ഷം മറിയാമ്മയെ ആണ് പൂജിക്കേണ്ടത്.ശിവനും വിഷ്‌ണുവും ഭഗവതിയെ ചവിട്ടിപ്പുറത്താക്കിയപ്പോൾ,വനി താ മതിൽ ഉണ്ടായതായി രേഖകൾ ഇല്ല.ആകെയുള്ളത്,ഗ്രേസിയുടെ ‘ പടിയിറങ്ങിയ പാർവതി ‘ എന്ന കഥയാണ്.
ബുദ്ധമത സ്വാധീനം കേരളത്തിൽ പ്രബലമാണ്.നാസ്തികമായ ആ മതത്തിൽ നിന്ന് കിട്ടിയതാകാം,നമുക്ക് നിഷേധ സ്വഭാവം.ആ സ്വഭാവത്തെയാണ്,ചിലർ മതേതരത്വം എന്ന് വിളിക്കുന്നത്.ചിലരെയൊക്കെ വെല്ലുവിളിച്ച യോദ്ധാവായ അയ്യപ്പനിൽ ഈ സ്വഭാവമുള്ളതു കൊണ്ട് നമ്മുടെ ദൈവമായി.വിഷ്‌ണുവും ശിവനുമായി ഉള്ളതിനേക്കാൾ ബന്ധം,അയ്യപ്പന് ബുദ്ധനോടാണുള്ളത്.വിഷ്‌ണുവിനെയും ശിവനെയും കാൾ പഴക്കമുള്ള തനി ദ്രാവിഡ ദൈവം.എല്ലാ ദൈവങ്ങളെയും ചേർത്ത് അഷ്ടബന്ധം ഉറപ്പിച്ച പ്രതിഷ്ഠ.
തിരുവിതാംകൂറിന് 1936 നവംബർ 12 നും കൊച്ചിക്ക് 1947 ലും അവർണ്ണ ക്ഷേത്ര പ്രവേശനം കിട്ടിയത്,അവർണ്ണർ ഹിന്ദുമതം വിടും എന്ന പശ്ചാത്തലത്തിലാണ്.അത് ചിത്തിര തിരുനാളിൻറെ ഓശാരമല്ല.മതകാര്യമായതിനാൽ പ്രജാസഭയിൽ ചർച്ച ചെയ്യില്ല എന്ന നിലപാട് പ്രജാസഭയിൽ ദിവാൻ രാഘവയ്യ(1920 -25 ) എടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അധ്യക്ഷൻ കുമാരനാശാനായിരുന്നു.1922 ൽ കൊട്ടാരക്കരയിൽ ചേർന്ന എസ് എൻ ഡി പി യോഗം ക്ഷേത്രപ്രവേശന പ്രമേയം അംഗീകരിച്ചു.ക്ഷേത്രപ്രവേശനം കിട്ടാത്ത ഈഴവർ ബുദ്ധമതത്തിൽ ചേരണം എന്ന് ടി കെ മാധവൻ എസ് എൻ ഡി പി യോഗത്തിൽ പ്രമേയം കൊണ്ടുവന്നു.ക്രിസ്തുമതത്തിലേക് ക് മാറണം എന്ന വാദവും വന്നു.ഹിന്ദുമതാചാര പരിഷ്‌കരണം വഴി നീതി തേടുക എന്ന് വാദിച്ച കുമാരനാശാൻ,അത് വ്യക്തമാക്കി എഴുതിയ പ്രബന്ധമാണ്,നടേശൻ വായിക്കാത്ത,’മത പരിവർത്തന രസ വാദം’.കോഴിക്കോട്ട് മിതവാദി സി കൃഷ്‌ണൻ ഭിക്ഷു ധർമ്മ സ്‌കന്ദനെ കൊണ്ടു വരിക മാത്രമല്ല,ബുദ്ധക്ഷേത്രം പണിത്,ആ മതത്തിൽ ചേരുകയുമുണ്ടായി.മന്നത്തു പത്മനാഭൻ കുടുംബക്ഷേത്രം 1922 ൽ അവർണ്ണർക്ക് തുറന്നു കൊടുത്തു.കുമ്പളത്തു ശങ്കുപ്പിള്ള കണ്ണൻകുളങ്ങര ക്ഷേത്രം അവർണ്ണർക്ക് തുറന്നു കൊടുത്തു.മഹാൻ എന്നു വിവരദോഷികൾ വാഴ്ത്തുന്ന വേലുത്തമ്പി ദളവ,വൈക്കം ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ച ഈഴവരെ,അയാളുടെ കങ്കാണി,കുതിരപ്പക്ഷി എന്നറിയപ്പെട്ട പത്മനാഭ പിള്ളയെ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്‌ത സംഭവവുമുണ്ട്.ആ ജഡങ്ങൾ തള്ളിയ കുളമാണ്,ദളവാ കുളം.
നവോത്ഥാനം,മാർക്‌സിസ്റ്റ് പാർട്ടി കരുതും പോലെ,സന്യാസിമാർ ഉണ്ടാക്കിയതല്ല.ഹിന്ദുമതത്തെ നന്നാക്കാൻ,ആ മതത്തോട് കലഹിക്കുകയും അതു വിടുകയും ചെയ്‌തവരാണ്,യഥാർത്ഥ കലാപകാരികൾ.ആ ഊർജം ബുദ്ധനിൽ നിന്നാണ്.അയ്യപ്പനിൽ നിന്നാണ്.അവരുടെ പേരു പറഞ്ഞാൽ,ആർക്കാണ് അയിത്തം?
പണ്ട്,സച്ചിദാനന്ദന് മുൻപ്,കവികൾ സത്യം പറഞ്ഞിരുന്നു.ആശാന് നിലപാടുണ്ടായിരുന്നു.ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ കരട് തയ്യാറാക്കിയത്,മഹാകവി ഉള്ളൂരായിരുന്നു.
No comments:
Post a Comment