കാണാൻ കഴിയുന്ന പ്രണവമാണ്, യേശുദാസ്.
അദ്ദേഹത്തെ മുൻ നിർത്തി ഒരു നിർണായക ചോദ്യം കേരളത്തിലെ ഹിന്ദു സമൂഹത്തിനു മുന്നിൽ നിൽക്കുമ്പോഴാണ്, ശബരിമല പ്രശ്‍നം വഷളാക്കിയത്. അദ്ദേഹത്തിന് വേണ്ടിയാണ് നവോത്ഥാന വാദികൾ നില കൊണ്ടത് എങ്കിൽ, അർത്ഥമുണ്ടാകുമായിരുന്നു .
എൻറെ നാടായ തൃപ്പൂണിത്തുറയിലാണ് യേശുദാസ് പഠിച്ചത്. പൊതുവെ തിരുവിതാംകൂറിനേക്കാൾ പുരോഗമനവാദികളാണ് കൊച്ചിക്കാർ എന്ന് ഭാവിക്കാറുണ്ട്. അത് ഒട്ടും ശരിയല്ല. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശനം നടന്ന് പത്തു വർഷം കഴിഞ്ഞാണ്, കൊച്ചിയിൽ ഉണ്ടായത്. കടൽ കടന്ന് കേംബ്രിഡ്‌ജിൽ പഠിക്കാൻ പോയ രാമുണ്ണി മേനോനെ പുരോഗമനവാദിയായി അറിയപ്പെടുന്ന കൊച്ചി രാജാവ് ഭ്രഷ്ടനാക്കി. ആ മേനോൻ മലബാറിൽ പോയി, മദ്രാസ് സർവകലാശാല വൈസ് ചാൻസലറായി.
കുറെ വർഷം മുൻപ് ഒരു ചാനൽ പരിപാടിയിൽ, എൻറെ സുഹൃത്ത് ടി എസ് രാധാകൃഷ്ണൻറെ സാന്നിധ്യത്തിൽ വിതുമ്പുന്ന യേശുദാസിനെ ഇന്നാണ് വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന് അപ്പുറവും ഇപ്പുറവും എം ജയചന്ദ്രനും ചിത്രയുമുണ്ട്. “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ” എന്ന പാട്ടിൻറെ സാഹചര്യം രാധാകൃഷ്ണൻ വിവരിച്ച ശേഷം, യേശുദാസ് അത് പാടുകയാണ്.കൃഷ്ണൻ മുന്നിൽ വന്നു നിന്ന അനുഭവത്തിലാണ്, അദ്ദേഹം. “ഒരു പീലിയെങ്ങാനും ” എന്ന് തുടങ്ങി വിതുമ്പിയ അദ്ദേഹം,
അകതാരിലാക്കുവാൻ
എത്തുമെൻ ഓർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
എന്ന് തുടങ്ങിയപ്പോൾ പൊട്ടിപ്പോയി. “ഞാൻ കണ്ടിട്ടില്ലല്ലോ “, അദ്ദേഹം പറഞ്ഞു; പാട്ടു മുറിഞ്ഞു. ഭക്തി പാരവശ്യത്തിൽ ഒരു വലിയ മനുഷ്യൻ പിന്നെയും വലുതായി. ഗുരുവായൂർ ക്ഷേത്രത്തിനുള്ളിലെ മണ്ഡപത്തിൽ നാരായണീയം എഴുതുന്ന മേൽപത്തൂരിനെ, അത്രയും സംസ്‌കൃതമില്ലാത്ത പൂന്താനത്തെ, ഞാൻ അദ്ദേഹത്തിൽ കണ്ടു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ അനുഗ്രഹിച്ചതായി അനുഭവപ്പെട്ടു. എന്ത് കൊണ്ടെന്നാൽ, പാട്ട് പണിപ്പെട്ടു മുഴുമിച്ച ശേഷം, യേശുദാസ് പറഞ്ഞ വാക്കുകളിൽ, അപാരമായ അദ്വൈതം വിളങ്ങി നിന്നു. ഇതാ ആ വാക്കുകൾ:
ഭക്തരെ കയറ്റേണ്ട കാലം കഴിഞ്ഞു. സഹോദരങ്ങൾ ഇതുൾക്കൊള്ളണം. എന്നെ കയറ്റണമെന്നല്ല. ഭക്തിയോടെ അർപ്പിക്കുന്ന ആരെയും കയറ്റണം.തൃപ്പൂണിത്തുറയിൽ ഒരിക്കൽ മധുര മണി അയ്യർ പാടുന്നത് പുറത്തു നിന്ന് കേട്ടു. അകത്ത് കയറ്റില്ല. അപ്പോഴാണ് “സ്വാമിയേ ശരണമയ്യപ്പ” എന്ന വിളിയുമായി ഒരു സംഘം എത്തിയത്. ശബരിമലയിൽ നിന്ന് തിരിച്ചു പോകുന്ന ഭക്തരാണെന്ന് കൂട്ടുകാരൻ പറഞ്ഞു. ഞാൻ അങ്ങോട്ട് എഴുതി. വ്രതമെടുത്ത് പതിനെട്ടാം പടി ചവിട്ടുന്ന ആർക്കും അവിടെ വരാമെന്ന് മറുപടി കിട്ടി. അതാണ് അദ്വൈതം. ഒരണയ്ക്കു താഴെയുള്ള മാലയിടുന്ന ഏതൊരാളും അയ്യപ്പനാണ്. അതാണ് തത്വമസി. ഞാൻ തന്നെയാണ് ദുര്യോധനൻ.ഞാൻ തന്നെയാണ്, കൃഷ്ണൻ. കൃഷ്ണൻറെ അംശം തന്നെയാണ്, ദുര്യോധനൻ. ഹൃദയത്തിൽ ഞാൻ പൊട്ടിപ്പോകുന്നു. കയറാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എനിക്ക് വേണ്ടിയല്ല. ഞാൻ അവസാനമേ കയറൂ. വേർതിരിക്കരുത്. ഈശ്വരൻ ജനിച്ചിട്ടുണ്ടോ? ജനിപ്പിക്കാനാ വില്ല. അവനാണ് സ്രഷ്ടാവ്.
യേശുദാസ് പറഞ്ഞതാണ്, അദ്വൈത സാരം എന്നെനിക്കറിയാം. ഹിന്ദു ദൈവങ്ങളെ ഉണർത്താനും ഉറക്കാനും അദ്ദേഹം വേണം. എന്നാൽ അമ്പലത്തിൽ കയറ്റില്ല. യേശുദാസ് പറഞ്ഞ മധുര മണി അയ്യർ കച്ചേരി പൂർണത്രയീശ ക്ഷേത്രത്തിലായിരിക്കണം, നടന്നത. അവിടെ ഉത്സവത്തിന് കച്ചേരിയും കഥകളിയും മാത്രമേയുള്ളു. നവോത്ഥാനം പരീക്ഷിക്കാൻ പറ്റിയ സ്ഥലമാണ്, തൃപ്പൂണിത്തുറ. രാജകുടും ബത്തിലുള്ളവർ ഏറെയും കമ്മ്യൂണിസ്റ്റുകളാണ്. അതുകൊണ്ട്, യേശുദാസിനെ ആദ്യം അവിടത്തെ ക്ഷേത്രത്തിൽ കയറ്റണം.ഊട്ടുപുര ഹാളിൽ കച്ചേരി നടത്തിക്കണം.മണി അയ്യരെ കേൾക്കാൻ കഴിയാത്ത മഹാഗായകനെ പൂർണത്രയീശൻ അനുഗ്രഹിക്കട്ടെ. അവിടെ നിന്ന് വേണം പുതിയ ക്ഷേത്ര പ്രവേശന വിളംബരം.
അദ്വൈതം വച്ച് യേശുദാസും ദൈവവും ഒന്നാകയാൽ, അദ്ദേഹം അമ്പലത്തിൽ പോകേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. അതിലുള്ള പ്രശ്‍നം, അദ്ദേഹം, ഇത്രയും ജീവിത സുഖങ്ങൾ ത്യജിച്ച ഒരാൾ, ഈശ്വരൻ തന്നെ എന്ന സത്യം അദ്ദേഹം അറിയുന്നില്ല എന്നതാണ്. അദ്ദേഹം പാടുമ്പോൾ മുന്നിലിരിക്കുന്ന നമ്മളാണ്, കേൾക്കുന്നത്. അദ്ദേഹം ശബ്ദത്തിൻറെ പിന്നിലാണ്. പ്രണവ സ്വരൂപിയാണ്.അദ്ദേഹത്തിന് ഭക്തൻ എന്ന അവകാശ വാദം മാത്രമേയുള്ളു.അത് അവകാശവുമാണ്. ഈശ്വരനെ അറിയാനുള്ള പല മാർഗങ്ങളിൽ ഒന്നാണ്, ഭക്തി മാർഗം.
അതിന് സൗകര്യം ചെയ്യാതിരിക്കുന്നത്, ഹിന്ദുക്കൾ സ്വന്തം പൈതൃകത്വത്തോട് കാട്ടുന്ന വഞ്ചനയാണ്. ആ പൈതൃകത്തിൻറെ വീണ്ടെടുപ്പ്, ആ ശബ്ദം വഴിയാണ് നടന്നത്. കനകദാസനെ വരേണ്യർ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കയറ്റാതിരുന്നപ്പോൾ, അദ്ദേഹം പുറത്തു നിന്ന്, “കൃഷ്ണാ നീ ബേഗനേ” പാടി. പടിഞ്ഞാറു വശത്തെ ഭിത്തി പിളർന്ന് വിഗ്രഹം കനകദാസന് അഭിമുഖം വന്നു. ഈശ്വരനുമായി നേരിട്ട് ആശയവിനിമയമുള്ള യേശുദാസ് പാടിയാൽ തുറക്കാത്ത ഇണ്ടംതുരുത്തി മനകൾ കണ്ടേക്കാം. അവ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പൊക്കോളും.
No comments:
Post a Comment