എല്ലാം ആകസ്മികമാണ്. ജനനവും മരണവും എല്ലാം.
കൊയിലാണ്ടി തൂണേരിയിലെ കർഷക ദമ്പതികൾക്ക് പറമ്പിൽ കിടന്നു കിട്ടിയ കുട്ടി പത്താം വയസിൽ വീടുവിട്ട് കാഞ്ഞങ്ങാട് ചെന്ന് തപസ്സു ചെയ്‌തു. നിത്യാനന്ദയുടെ കഥ, ‘ആനന്ദം,നിത്യാനന്ദം' എന്ന ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുള്ളതിനാൽ, ആവർത്തിക്കുന്നില്ല.
നിരക്ഷരരാണ് ഇന്ത്യയിൽ, ആത്മീയതയുടെ മറുകര കണ്ടവർ; ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ തന്നെ നിത്യാനന്ദയും. കാഞ്ഞങ്ങാട് സിദ്ധികൾ കൈവന്ന നിത്യാനന്ദയുടെ 1936 മുതൽ 1961 ൽ സമാധിയാകും വരെയുള്ള (ജനനം 1897 ) ജീവിതം, മഹാരാഷ്ട്രയിലെ ഗണേശ് പുരിയിൽ ആയിരുന്നു എന്നത്, പൂർവ നിശ്ചയമാകാം.
കാഞ്ഞങ്ങാട് പോകുന്നതിനു മുൻപ് നിത്യചൈതന്യ യതിയുടെ ആത്മകഥ, ‘യതിചരിതം’ ഒന്നുകൂടി നോക്കിയിരുന്നു. യതിയുടെ ജീവിതത്തിൽ രണ്ടുതവണ, മുൻ പരിചയമില്ലാത്ത നിത്യാനന്ദ രണ്ടു തവണ പ്രത്യക്ഷപ്പെട്ട വിവരണമുണ്ട്. ദാദറിലെ ഒരു പഴയകെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിൽ, ജനാല തുറന്നപ്പോൾ, പുറത്തു നിൽക്കുകയായിരുന്നു, നിത്യാനന്ദ.
ആകസ്മികമായി, ഞാൻ ഗണേശ് പുരിയിൽ എത്തിയത് ദാദർ വഴി തന്നെ. മാർച്ച് 10. മുംബൈ ചെമ്പുരിൽ നിന്ന് സബർബൻ ട്രെയിനിൽ കുർള. അവിടന്ന് ദാദർ. അവിടന്ന് വിരാർ.
വിരാർ വരെയുള്ള ടിക്കറ്റ് ആദ്യം തന്നെ എടുക്കാം. വെറും 20 രൂപ. 75 കിലോമീറ്റർ. വിരാറിൽ നിന്ന് ഗണേശ് പുരിക്ക് 29 കിലോമീറ്ററുണ്ട്. ബസ് എപ്പോഴും ഇല്ല. ഒരു മണിക്കൂർ കാത്തു.
നിത്യാനന്ദ മഹാരാഷ്ട്രയിലെ തൻസ താഴ്‌വരയിൽ, വജ്രേശ്വരിയിൽ നാടോടിയായി ചെന്നത്, 1923 ലാണ്. അദ്ദേഹത്തിൽ കണ്ട അദ്‌ഭുതങ്ങൾ ജനത്തെ ആകർഷിച്ചു. എല്ലാം ദൈവേച്ഛ ആണെന്ന്, നിത്യാനന്ദ പറഞ്ഞു. ആദിവാസികളെ സഹായിച്ചു. പാഠശാല തുടങ്ങി. അവർക്ക് ഭക്ഷണവും പാർപ്പിടവും കിട്ടി.
നിത്യാനന്ദ ഒന്നും സംസാരിച്ചിരുന്നില്ല. യതിയോടും ഒന്നും സംസാരിച്ചില്ല. നിത്യാനന്ദ 1936 ൽ ഗണേശ് പുരിയിലെ ശിവക്ഷേത്രത്തിൽ ചെന്ന് പാർക്കാൻ അനുമതി ചോദിച്ചു. ക്ഷേത്രം പരിപാലിച്ചിരുന്ന കുടുംബം സമ്മതിച്ചു, ഒരു കുടിൽ പണിതു. ഭക്തർ ഏറിയപ്പോൾ അത്, ആശ്രമമായി.
സമാധി 1961 ഓഗസ്ററ് എട്ടിനായിരുന്നു.
ഗണേശ് പുരിയിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ടര ആയിരുന്നു. ക്ഷേത്രത്തിനു പുറത്ത് അന്നപൂർണ ഹാളിൽ മിതമായ നിരക്കിൽ, സമൃദ്ധമായ ഭക്ഷണം. ആശ്രമത്തിൽ ചെന്ന്, നിത്യാനന്ദയുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. അവർ അദ്ദേഹത്തെ ബാബ എന്നു വിളിക്കുന്നു. ബാബ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ഒരാൾ കാട്ടിത്തന്നു. അതാണ്, കൈലാസ് നിവാസ്. അവിടെ ധ്യാനിക്കാം.
സമാധി സ്ഥലം നിത്യ പൂജകൾ നടക്കുന്ന വലിയ ക്ഷേത്രമാണ്.
ശിവ, കൃഷ്ണ, ഭദ്രകാളി, നവഗ്രഹ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രക്കുളത്തിൽ സദാസമയവും ചൂടു വെള്ളമാണ്. അതിലാണ്, ബാബ കുളിച്ചു ധ്യാനിച്ചിരുന്നത്.
എന്തുകൊണ്ടാണ്, എപ്പോഴും ചൂട് എന്ന് എനിക്കറിയില്ല. യുക്തിവാദത്തിൽ കണ്ടേക്കാം. ചൂട് അരുവികൾ രണ്ടുണ്ട്. രണ്ടും ബാബയുടെ സൃഷ്ടികളാണെന്ന് വിശ്വസിക്കപ്പെടുന്നു. കാഞ്ഞങ്ങാട്ട് ഗുഹയ്ക്കു താഴെ തണുത്ത നീരൊഴുക്കും സൃഷ്ടിച്ചതാണെന്നു പറയപ്പെടുന്നു.
ഇങ്ങനെയും പറയാം -ഒന്നും സൃഷ്ടിച്ചതല്ല, എല്ലാം ഉള്ളതാണ്.. ഉള്ളതാണ്, ഉണ്മ.
© Ramachandran
ഏകം.. അനേകം 🙏
ReplyDelete