Monday, 10 June 2019

കൃഷ്ണ മേനോൻ എന്ന ദുരിതം

ന്ത്യൻ രാഷ്ട്രീയത്തിൽ എന്നല്ല,വ്യക്തി ജീവിതത്തിലും ദുരന്തമായിരുന്നു, വി കെ കൃഷ്ണ മേനോൻ. ഒരിക്കലും കൊണ്ടു നടക്കരുത് എന്ന് വിവരമുള്ളവർ ഉപദേശിച്ചിട്ടും, നെഹ്‌റു മേനോനെ  കൊണ്ടു നടന്നത്, ചില  കമ്പങ്ങൾ  കൊണ്ടാണെന്ന് ഞാൻ പറയുകയില്ല. സത്യജിത് റേയുടെ ജീവചരിത്രം എഴുതിയ മേരി സെറ്റനെ പോലുള്ളവരുമായി മേനോന് ഉണ്ടായിരുന്ന ബന്ധം പറഞ്ഞു ശശി തരൂരിൻറെ വില ഇപ്പോൾ ഞാൻ കളയുന്നില്ല.
മേനോൻ മഹാനാണെന്ന്  പറയാൻ ഒരു  വി.കെ. മാധവൻ കുട്ടി കാണും.
ഈ സംഘർഷ കാലത്ത്, എന്തു കൊണ്ട് 1959 ഓഗസ്ററ് 31 ന്   കരസേനാ മേധാവി ജനറൽ കോതേന്ദ്ര സുബ്ബയ്യ തിമ്മയ്യ രാജി വച്ചു എന്ന് നാം അന്വേഷിക്കണം. പ്രതിരോധമന്ത്രി ആയിരുന്ന മേനോൻ കുലീനനായ തിമ്മയ്യയെ ചീത്ത വിളിച്ചു എന്നത് ചരിത്രമാണ്. ആ കഥയാണ്, ഇപ്പോൾ പറയുന്നത്.
1957 മുതൽ, നെഹ്രുവും മേനോനും കൂടി, അക് സായ് ചിൻ പ്രശ്‍നം വഷളാക്കിയി രുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു.

തിമ്മയ്യയ്ക്ക് മേനോൻ ശരിയല്ലെന്ന്  ബോധ്യപ്പെട്ടു. തിമ്മയ്യ നെഹ്‌റുവിനെ കാണാൻ സമയം ചോദിച്ചു. ഇതറിഞ്ഞ മേനോൻ തിമ്മയ്യയെ വിളിച്ചു വരുത്തി.
തൻറെ അനുമതി ഇല്ലാതെ നെഹ്‌റുവിനെ കാണാൻ ആവില്ലെന്ന് മേനോൻ തിമ്മയ്യയോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് സേനാ സന്നാഹത്തെപ്പറ്റി അറിയാനുള്ളതു കൊണ്ടാണ് എന്ന്  തിമ്മയ്യ പറഞ്ഞു. 18 മാസമായി മേനോനുമായി ഒരു ചർച്ചയും ഉണ്ടായില്ലെന്നും തിമ്മയ്യ പറഞ്ഞു.
മേനോൻ രോഷാകുലനായി. മേനോൻറെ ഇംഗ്ലീഷ് മഹത്തരമാണെന്നും, 11 മണിക്കൂർ കശ്മീർ പ്രശ്നത്തെപ്പറ്റി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചെന്നുമാണ് കേൾവി. 20 മിനിറ്റിൽ കാര്യങ്ങൾ പറയാൻ കഴിയാത്തയാൾക്ക് ബോധമില്ല  എന്നാണ് പത്രാധിപന്മാർ കണ്ടെത്തിയിട്ടുള്ളത്. പിന്നെയാണ് 11 മണിക്കൂർ.
മേനോൻ തിമ്മയ്യയോട് കോപിച്ചു: “No General, it is downright disloyalty and amounts to impropriety.”
തിമ്മയ്യയുടെ ആഗ്രഹം കൂറില്ലായ്മയും അനൗചിത്യവുമാണെന്ന് മേനോൻ  ഉത്തരവായി. മേനോൻ  മയക്കു മരുന്നിന് അടിമയായിരുന്നു.
തിമ്മയ്യ മറുപടി പറഞ്ഞു: “ഞാൻ ഒരു ആരോപണവും പറഞ്ഞില്ല. നിങ്ങൾക്ക് മറ്റ് സേനാ മേധാവികളെയും വിളിക്കാം. ഞാൻ ഇതുവരെ പറഞ്ഞത് അവർ ആവർത്തിക്കും. നിങ്ങൾ സേനയെ പരിഗണിക്കുന്നില്ല. അതിൻറെ ആത്മ വീര്യം ചോർന്നു. ഞങ്ങൾ മുൻപും താങ്കളോട് പറഞ്ഞിട്ടുണ്ട്; ഇപ്പോൾ പ്രധാനമന്ത്രിയോടും പറഞ്ഞു. തുറന്നു പറയുന്നത് കൂറില്ലായ്മ അല്ല. ഞങ്ങൾ ഈ രാജ്യത്തോട് കൂറുള്ളവരാണ്. അതാണ്, എന്നെ സംബന്ധിച്ചിടത്തോളം, കൂറ്.”
ഇതാവർത്തിച്ചു തിമ്മയ്യ എഴുന്നേറ്റപ്പോൾ മേനോൻ പറഞ്ഞു: “You are disloyal to me and I have no place for disloyal generals.”
(നിങ്ങൾക്ക് എന്നോട് കൂറില്ല, കൂറില്ലാത്ത ജനറൽമാരെ എനിക്ക് വേണ്ട).
തിമ്മയ്യ പോയ ശേഷം, മേനോൻ നെഹ്‌റുവിനെ കണ്ടു. കപ്പൽ മുക്കരുതെന്ന് നെഹ്‌റു മേനോനോട്  പറഞ്ഞു. മേനോൻ ക്ഷമിച്ചാൽ തിമ്മയ്യയെ വരുതിയിൽ ആക്കാമെന്ന് നെഹ്‌റു പറഞ്ഞു.
തിമ്മയ്യ രാത്രി വീട്ടിലെത്തി ഭാര്യയോട് വിവരം പറഞ്ഞു. ഭാര്യ നീന, നമുക്ക് അവസാനിപ്പിക്കാം എന്ന് ആശ്വസിപ്പിച്ചു. മറ്റ് സേനാ മേധാവികളോട് തിമ്മയ്യ സംസാരിച്ചു -എയർ ചീഫ് മാർഷൽ സുബ്രതോ മുഖർജി, അഡ്‌മിറൽ രാംദാസ് കട്ടാരി. നമ്മുടെ കൊച്ചിയിൽ കട്ടാരി ബാഗ് ഉണ്ട്.
രാജി ആലോചിക്കുകയാണെന്ന് തിമ്മയ്യ പറഞ്ഞു. തങ്ങളും അതു ചെയ്യാമെന്ന് മറ്റു രണ്ട് സേനാ മേധാവികളും പറഞ്ഞു.
തിമ്മയ്യ നിർദിഷ്ട പിൻഗാമി എസ് പി പി തോറാത്തിനെ വിളിച്ചു. നെഹ്‌റുവിനെ കണ്ടിട്ട് മതി എന്ന് മുൻ കരസേനാ മേധാവി കരിയപ്പ പറഞ്ഞു.
രാവിലെ രാജിക്കത്ത് തിമ്മയ്യ നെഹ്‌റുവിന് അയച്ചു. നെഹ്‌റു, തിമ്മയ്യയുടെ തോളത്തു കയ്യിട്ടു. വൈകിട്ട് ഏഴു മണി വരെ രാജിക്കത്ത് കീശയിലിടാമെന്നും, അതിനിടയിൽ പിൻവലിക്കണമെന്നും നെഹ്‌റു ആവശ്യപ്പെട്ടു. നെഹ്‌റു മറ്റ് സേനാ തലവന്മാരെയും വിളിച്ചു. അവരെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ചു.
കൃഷ്ണമേനോനോട്, അയാളുടെ രാജി തയ്യാറാക്കി വയ്ക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. വൈകിട്ടത്തെ കൂടിക്കാഴ്ചയിൽ, രാജിക്കത്ത് പിൻവലിക്കില്ലെന്ന് തിമ്മയ്യ പറഞ്ഞു.
നമുക്ക് ആണാകാൻ അപൂർവം അവസരങ്ങൾ കിട്ടാറുണ്ട്; അപ്പോഴും ഷണ്ഡന്മാരാകുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത്.
മേനോൻ ബ്രില്ലിയൻറ് ആണെന്നും മനുഷ്യൻ എന്ന നിലയിൽ ഡിഫിക്കൽട്ട് ആണെന്നും നെഹ്‌റു വിശദീകരിച്ചു. അയാൾ സമനിലയില്ലാത്തവൻ ആണെന്നും ബ്രില്ലിയൻസ്‌, ഓക്സ്ഫോഡ് ഫിലോസഫി പ്രൊഫസറുടേതാണെന്നും, പ്രൊഫസർക്ക്  ഇന്ത്യ വിഷയമല്ലെന്നും തിമ്മയ്യ പറഞ്ഞു.
തിമ്മയ്യ അവസാനിപ്പിച്ചു: “ഇന്നത്തെ പട്ടാളത്തിൻറെ അവസ്ഥയിൽ ജയിക്കില്ല. വേറെ ആരെങ്കിലും ചെയ്യട്ടെ.”
സഹോദരൻ എന്ന നിലയ്ക്ക്, രാജി പിൻവലിക്കാൻ നെഹ്‌റു ആവശ്യപ്പെട്ടു. രാത്രി ഒൻപതരയ്ക്ക് തങ്ങൾ ഒറ്റക്കെട്ടാണെന്നും, തങ്ങൾ മേനോന് എതിരാണെന്നും കട്ടാരി നെഹ്രുവിനോട് പറഞ്ഞു.
രാജി പിൻവലിച്ച തിമ്മയ്യ വീട്ടിൽ ഒറ്റപ്പെട്ടു. 1959 സെപ്റ്റംബർ രണ്ടിന് പാർലമെൻറിൽ, തിമ്മയ്യ തുടരുന്നുവെന്ന് നെഹ്‌റു പറഞ്ഞു.
മൂന്നു കൊല്ലം കഴിഞ്ഞു യുദ്ധത്തിൽ തോറ്റ് നെഹ്രുവും മേനോനും കളങ്കിതരായി.
നെഹ്രുവിന്റെ കെ സി വേണുഗോപാൽ ആയിരുന്നു,മേനോൻ എന്ന് തോന്നുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...