വലിയ ധർമ്മസങ്കടമാണ്,എൻ എസ് മാധവൻ എഴുതിയ ‘രാഹുൽ ചുരം കയറുമ്പോൾ’ എന്ന പ്രബന്ധ തല്ലജത്തിൽ കാണുന്നത്.തല്ലജo എന്നാൽ എന്താണ് എന്നറിഞ്ഞു കൂടാ.പ്രാചീനമായ ഒരു പ്രബന്ധത്തെപ്പറ്റി പറയുമ്പോൾ,പ്രാചീന പ്രബന്ധങ്ങളിലെ വാക്ക് വന്നു വീണെന്നേയുള്ളൂ.
ഖദറുടുത്ത മാധവനെയാണ്,പ്രബന്ധത്തിൽ കാണുന്നത്.എ കെ ആൻറണിയുടെ സെക്രട്ടറി ആയി പിരിയുമ്പോൾ പിഞ്ഞിയ ചില ഖദർ ഷർട്ടുകൾ ആൻറണി കൊടുത്തിരിക്കാം.
രാഹുൽ ഗാന്ധി വയനാട്ടിൽ വന്നുനിന്നതിൽ,ടി സിദിഖിനേക്കാൾ ആവേശം മാധവനിൽ നുരയുന്നുണ്ട്.വയനാട്ടിലെ വോട്ടറായിരുന്നെങ്കിൽ,മാധവൻ ഇടതു സ്ഥാനാർത്ഥിക്കല്ല,രാഹുലിന് വോട്ട് ചെയ്യുമായിരുന്നു.കാരണം മാധവൻ പറയുന്നുണ്ട് -ആ സ്ഥാനാർത്ഥിത്വം ബഹുസ്വരതയെ ഉറപ്പിക്കുന്നു.
ബഹുസ്വരതയെ നെഹ്രുകുടുംബം,പ്രണയ,വിവാഹ,വിവാ ഹേതര ബന്ധങ്ങളിൽ ഉറപ്പിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്.അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച് വയനാട്ടിൽ വന്ന ഭീരുവിന്,അവിടെ എന്തു ബഹുസ്വരത നട്ടു വളർത്താൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല.കീശമണ്ഡലങ് ങളിൽ നിന്ന് പലായനം ചെയ്യുക ആ കുടുംബത്തിൻറെ സ്വഭാവമാണ്.റായ് ബറേലിയിൽ പഴത്തൊലിയിൽ ചവിട്ടിവീണ ഭയപ്പാടിലാണ്,ഇന്ദിരാ ഗാന്ധി ആന്ധ്രയിലെ മേഡക്കിൽ വന്നു വീണത്.കന്നി മത്സരത്തിൽ തോൽക്കരുതെന്ന് കരുതിയാണ്,ബറേലിക്കൊപ്പം സോണിയാ രാജീവ് ബെല്ലാരിയിൽ പ്രത്യക്ഷപ്പെട്ടത്.”അദ്ദേഹം കേരളത്തിൽ നിന്നു മത്സരിച്ചാൽ,അതിൻറെ പ്രഭാവം കേരളത്തിലെമ്പാടും ഉണ്ടാകുമെന്ന മുൻവിധി ശരിയാകണമെന്നില്ല” എന്ന് പ്രബന്ധാവസാനം നിരീക്ഷിച്ച്,ബഹുസ്വരതയെ സ്വയം മാധവൻ റദ്ദാക്കുന്നുമുണ്ട്.ബി ജെ പി ക്ക് വേണ്ടി വായിട്ടലയ്ക്കുന്ന റിപ്പബ്ലിക് ടി വി പോലും കേരളത്തിൽ കോൺഗ്രസ് മുന്നണിക്ക് 16 സീറ്റ് കൊടുത്തിട്ടുണ്ട്.പിന്നെയാണ്,പ്രഭാവം !
വയനാട്ടിൽ നിന്ന് ബഹുസ്വരത പടർത്തിയ രാഹുൽ ഉത്തര കർണാടകയിലാണ് നിൽക്കേണ്ടിയിരുന്നത് എന്നു പറഞ്ഞും,മാധവൻ വയനാട്ടിൽ രാഹുൽ നട്ട ബഹുസ്വരത പിഴുതെറിയുന്നു.അതൊക്കെ ഗണിച്ചിട്ടാണ്,മാധവാ,പയ്യൻ വയനാട്ടിൽ വന്നത്.ഒന്നുകൂടി ഗണിക്കാനാണ്,ഉമ്മൻ ചാണ്ടി പറഞ്ഞിട്ടും ഒരാഴ്ച എടുത്തത്.ബീദർ,ധാർവാർ,ചിക്കോടി എന്നീ മണ്ഡലങ്ങൾ നോക്കി.ബീദറിൽ കഴിഞ്ഞ തവണ ബി ജെ പി യിലെ ഭഗവന്ത് ഖുബ 92222 .വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ധാർവാറിൽ ബി ജെ പി യിലെ പ്രഹ്ളാദ് ജോഷിക്ക് 111657 വോട്ടായിരുന്നു,ഭൂരിപക്ഷം.ചിക് കോടിയിൽ കോൺഗ്രസിലെ പ്രകാശ് ഹുകേറിയാണ് ജയിച്ചത്.ഭൂരിപക്ഷം 3003 വോട്ട് മാത്രമായിരുന്നു.
എന്നിട്ടും ചെക്കന് ഉത്തര കർണാടകത്തിൽ നിൽക്കാമായിരുന്നു,എന്നു പറയുന്നതിൻറെ മറിമായം പിടികിട്ടുന്നില്ല.
ഉത്തരകർണാടകത്തിൽ രാഹുൽ നിന്നെങ്കിൽ ബി ജെ പി യെ ഒറ്റ അക്കത്തിലേക്ക് തളച്ചിടാമായിരുന്നെന്നും,അത് ഇനിയും സംഭവിച്ചു കൂടായ്‌കയില്ലെന്നും മാധവൻറെ ഭാവന ചിറകു വിടർത്തുന്നുണ്ട്.ഈ മനുഷ്യൻ ഏതു ലോകത്താണ്,ജീവിക്കുന്നത്?ഉത്തര കർണാടകത്തിലെ ഗുൽബർഗയിൽ നിന്ന്,മല്ലികാർജുൻ ഖാർഗെ,കലബുർഗിയിലേക്ക് പലായനം ചെയ്‌തത് അറിഞ്ഞില്ലേ?
ഇത്രയും നേരം രാഹുലിനു വേണ്ടി വാദിച്ച ശേഷം,മാധവൻ പ്രാചീന പ്രബന്ധം അവസാനിപ്പിക്കുന്നത്,ഇങ്ങനെ:” ആകെ നോക്കിയാൽ സങ്കീർണവും സമ്മിശ്രവുമാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ ചുരം കയറ്റം”.
ബെസ്റ്റ് കണ്ണാ,ബെസ്റ്റ് -നന്നായി ശ്രമിച്ചാൽ മാധവന് ഒരു സിവിക് ചന്ദ്രനാകാൻ കഴിയും.അമാന്തിക്കരുത്.
No comments:
Post a Comment