Sunday, 5 July 2026

അവ്വയാർ സൃഷ്‌ടിച്ച ആത്മീയ വിപ്ലവം

വാർദ്ധക്യ വരം നേടി അവ്വയാർ

ധീശത്വ ഭരണങ്ങൾക്ക് ഹിന്ദുമത പ്രതിരോധം തീർത്ത ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം മുൻപൊന്നും ഇല്ലാത്തവിധം സന്യാസിനിമാരെ സൃഷ്ടിച്ചു. ഇന്ത്യയിലെ സ്ത്രീകൾക്ക് എക്കാലവും ആശ്രയിക്കാവുന്ന ധാർമ്മിക പാഠങ്ങൾ അവർ സംഭാവന ചെയ്തു. മധ്യകാലത്ത് ഇങ്ങനെ പിറവിയെടുത്ത ഇതിഹാസ ജീവിതങ്ങളിൽ ആണ്ടാൾ, കാരയ്ക്കൽ അമ്മയാർ, അക്കമഹാദേവി എന്നിവർ തെക്കുള്ളവരാണ്. കശ്മീരിൽ ലല്ല, മഹാരാഷ്ട്രയിൽ ജനാ ബായി, മുക്തി ബായി തുടങ്ങിയവർ ഉണ്ടായി. ചില വിവാഹിതകളും സന്യാസത്തിലേക്ക് കടന്നു.

മീരയും അക്കമഹാദേവിയും കലാപകാരികൾ ആയിരുന്നെങ്കിൽ, തിരുവള്ളുവരിൻ്റെ ഭാര്യ വാസുകിയാർ, ബസവയുടെ ഭാര്യമാർ ഗംഗാംബിക, നാഗലോചനെ, ചൈതന്യയുടെ ഭാര്യ വിഷ്ണുപ്രിയ എന്നിവരും ബഹിനാ ബായിയുമൊക്കെ സാത്വികരായിരുന്നു. ഇവരിൽ, പല്ലവ രാജാവ് കലിപ്പകയ്യാരുമായി വിവാഹം നിശ്ചയിച്ച തിലകവതിയാർ, അദ്ദേഹം യുദ്ധത്തിൽ വീരമൃത്യു വരിച്ചപ്പോൾ വിധവയായി ജീവിച്ച്, പാതിവ്രത്യത്തെ ഉദ്ഘോഷിച്ചു. ഏഴാം നൂറ്റാണ്ടിലെ ശൈവ സിദ്ധനായ തിരുനാവുക്കരശ് എന്ന അപ്പരുടെ ചേച്ചിയായിരുന്നു, തിലകവതി. 


ഈ രണ്ട് തീവ്രതകൾക്കുമിടയിൽ വേറെ വഴിയില്ലാത്തതിനാൽ മാത്രം കുടുംബം ഉപേക്ഷിച്ചവരാണ്, കാരയ്‌ക്കൽ അമ്മയാർ, ലല്ല, രൂപ ഭവാനി തുടങ്ങിയവർ. 


തെക്കേ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിലെ ആദ്യ നായികയാണ് അവ്വയാർ. അവരെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത്, തമിഴ് ഗായിക കെ ബി സുന്ദരാംബാൾ നായികയായ അവ്വയാർ (1953) എന്ന ചിത്രമാണ്.

 

സരസ്വതിയുടെ അവതാരമായി തമിഴർ വാഴ്ത്തുന്ന അവ്വയാർ ഏത് കാലത്ത് ജീവിച്ചു എന്നത് തർക്കവിഷയമാണ്. അവർ സംഘകാലത്തായിരുന്നു എന്ന് പൊതുവെ കരുതുന്നു. എട്ടാം നൂറ്റാണ്ടിലെ ചേരമാൻ പെരുമാൾ കാലത്തായിരുന്നു എന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ കമ്പൻ്റെ സമകാലീനയായിരുന്നുവെന്നും സിദ്ധാന്തമുണ്ട്. അതിനാൽ, അവർ പല നൂറ്റാണ്ടുകൾ ജീവിച്ചുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 



അവരുടെ അച്ഛൻ ഉന്നതകുലത്തിൽ നിന്നും അമ്മ പിന്നാക്കജാതിയിൽ നിന്നും ഉള്ളവരായിരുന്നുവെന്നാണ് വിശ്വാസം. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദലിതർ വളർത്തി. പരണർ, കപിലർ, തിരുവള്ളുവർ എന്നിവരുടെ കാലത്ത് ജീവിച്ച അവർ, ‘നറ്റിണൈ’യിൽ ഏഴ്, ‘കുറുന്തൊകൈ’യിൽ 15, ‘അകനാനൂറി’ൽ നാല്, ‘പുറനാനൂറി’ൽ 33 ഈരടികൾ എഴുതിയെന്ന് കരുതുന്നു. രാജസദസ്സിൽ അംഗമായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച്, കൃഷിക്കാർ കൊടുക്കുന്ന കഞ്ഞി കുടിച്ച്, അവരുടെ സന്തോഷത്തിനായി പാടി. 


വള്ളാൽ അതിയമാൻ നെടുമാൻ അഞ്ചി എന്ന രാജാവും കുടുംബവുമാണ് അവരുടെ പാട്ടുകളിൽ കൂടുതലും. തൊണ്ടൈമാൻ എന്ന അയൽ പ്രഭുവുമായുള്ള യുദ്ധം ഒഴിവാക്കാൻ ദൂതിന് പോയതും അവ്വയാർ തന്നെ. ബാക്കി രചനകൾ ഭരണത്തെപ്പറ്റിയാണ്. 


കപിലർ, തിരുവള്ളുവർ, അതിയമാൻ എന്നിവരുടെ സഹോദരിയാണ് അവ്വയാർ എന്ന വാദം ശരിയല്ലെന്നും നാലു പേരും വെവ്വേറെ തൊഴിൽ കുലങ്ങളിൽ നിന്നുള്ളവരാണെന്നും ചരിത്രകാരൻ വി ആർ രാമചന്ദ്ര ദീക്ഷിതർ എഴുതുന്നു. പ്രാചീന ക്ഷേത്രമുള്ള തിരുക്കോവിലൂരിൽ ശിവൻ രാക്ഷസനായ അന്തകനെ വധിച്ചെന്നാണ് ഐതിഹ്യം. ഇതേപ്പറ്റിയുള്ള ദർശനം അവ്വയാർക്ക് ഇവിടെയുണ്ടായി അത് അവർ പാട്ടാക്കി എന്ന് കഥയുണ്ട്. ചിദംബരം നടരാജ ക്ഷേത്രത്തിൽ നർത്തന ഗണപതി അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ എഴുതിയതാണ്, ‘വിനായകർ തിരുക്കാവൽ.’. 


മധുര പണ്ഡിതസഭയിൽ തിരുവള്ളുവർ തിരുക്കുറൾ സമർപ്പിച്ചപ്പോൾ സന്നിഹിതരായിരുന്ന പല പണ്ഡിതരിൽ ഒരാൾ അവ്വയാർ ആണെന്ന് കരുതുന്നു. പാണ്ഡ്യരാജാവും പണ്ഡിതരും കൃതിയെ സ്വീകരിച്ചപ്പോൾ, ഇടയ്ക്കാടർ എന്ന സിദ്ധൻ പറഞ്ഞു: “ഒരു കടുക് കുഴിച്ച് അതിനുള്ളിൽ സപ്തസാഗരങ്ങളെയും അടക്കിയിരിക്കുകയാണ്, തിരുവള്ളുവർ.”


കടുകിനെക്കാൾ സൂക്ഷ്മമായ അണുവാണ് ഈ കൃതിയെന്ന് അവ്വയാർ നിരീക്ഷിച്ചു. ഈ പരാമർശങ്ങൾ ‘തിരുവള്ളുവ മാലൈ’ -യുടെ അവസാന രണ്ട് ഈരടികളായി കാണാം.


അവ്വയാറും ഞാവൽ മരവുമായി ബന്ധപ്പെട്ട ഐതിഹ്യം പ്രസിദ്ധമാണ്. ഒരു ഞാവൽ മരത്തിന് താഴെ വിശ്രമിക്കെ, ദൗത്യം നിർവഹിച്ചു കഴിഞ്ഞതിനാൽ ഇനി വിരമിക്കാമെന്ന് അവ്വയാർ ചിന്തിച്ചു. വേഷം മാറി വന്ന മുരുകൻ അതിൽ നിന്ന് പിന്തിരിപ്പിച്ചു.


അതിയമാൻ രാജാവ് ഒരിക്കൽ അവർക്ക് ഒരു അക്ഷയ നെല്ലിക്ക നൽകി. അത് തിന്നാൽ ദീർഘായുസ്സ് ഉറപ്പ്. തമിഴിനെ പരിപോഷിപ്പിക്കാൻ അവർ അങ്ങനെ ജീവിച്ചു. സിലോണിൽ പോയ അവ്വയാർ പേമാരിയിൽ അംഗവി, സംഘവി എന്നീ രണ്ടു ദലിത് സ്ത്രീകളുടെ കുടിലിൽ കയറി. ഇരുവരെയും തിരുക്കോവിലൂർ രാജാവിന് വിവാഹം ചെയ്തു കൊടുക്കാമെന്ന് അവ്വയാർ വാക്ക് നൽകി. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർ വിവാഹം ചെയ്തു കൊടുക്കണമെന്ന് രാജാവ് ഉപാധി വച്ചു. ഒരു പനയോലയിൽ ക്ഷണപത്രം തയ്യാറാക്കാൻ അവ്വയാർ ഗണപതിയെ പ്രത്യക്ഷമാക്കി. അത് കിട്ടി എത്തിയ മൂന്ന് രാജാക്കന്മാർ കന്യാദാനം നടത്തി.


വൈദ്യശാസ്ത്രം ഉൾപ്പെടെ അവ്വയാർ 13 പുസ്തകങ്ങൾ എഴുതി. ഒന്ന് കച്ചവടക്കാരനുള്ള സ്തുതിഗീതം, മറ്റൊന്ന് അതിഭൗതികം. ബാക്കി പത്ത് ധർമ്മ വിചാരം. അതിൽ, ‘ആട്ടുക്കുട്ടി’ യിൽ 108 ആപ്തവാക്യങ്ങളിൽ തമിഴ് അക്ഷരമാല അടങ്ങിയിരിക്കുന്നു.


നേടുന്നു, വാർദ്ധക്യ വരം  


കർക്കശമായ സാമൂഹിക വിഭജനത്തിനെതിരാണ്, അവരുടെ കാഴ്ചപ്പാട്. “രണ്ടു ജാതികളേയുള്ളു, ദാനം നൽകുന്നവരും ഇല്ലാത്തവരും. കൊടുക്കുന്നവർ കുലീനർ. അല്ലാത്തവർ നീചർ,” അവർ എഴുതി. 


സ്ത്രീകളെപ്പറ്റി പരമ്പരാഗത ചിന്ത പിന്തുടർന്ന അവർ പറഞ്ഞു, “മിതാഹാരം സ്ത്രീക്ക് ഭൂഷണം.” “സ്ത്രീ അവരുടെ കടമ നിർവഹിക്കുന്ന വീട് അനുഗൃഹീതം.” “പാതിവ്രത്യത്താൽ സ്ത്രീത്വം ആദരണീയമാകുന്നു.” 


ഭർത്താവിനോട് കൂറുള്ള നല്ല സ്ത്രീകൾക്ക് വലിയ ശക്തിയുണ്ടെന്നും അവർക്ക് മഴ പെയ്യിക്കാൻ കഴിയുമെന്നും അവ്വയാർ നിരീക്ഷിച്ചു. നന്മയുള്ള സ്ത്രീയാണ് ധർമ്മം വിളയുന്ന വീടിൻ്റെ ഐശ്വര്യം. നന്മയുള്ള സ്ത്രീയുടെ തിന്മയുള്ള ഭർത്താവ് ശാപമാണ്. അവർ ഇങ്ങനെ എഴുതി:


“ഈ മാനിനെ വരണ്ട പുരുഷനിൽ കെട്ടിയ ബ്രഹ്മാവിനെ അടുത്തു കിട്ടിയാൽ, നാല് തലയും നാല് കഴുത്തും വെട്ടി മുൻപേ പോയ അഞ്ചിൻ്റെ വഴിയേ അയയ്ക്കും.”


വിവാഹവും യൗവ്വനവും സ്ത്രീക്ക് ആത്മീയ വിഘാതമാണെന്ന് അവ്വയാർ കരുതി. വിവാഹാലോചന വന്നപ്പോൾ, യൗവനം, സൗന്ദര്യം എന്നിവയെ അവർ വെറുത്തു. ഈശ്വരനെയും ഭർത്താവിനെയും എങ്ങനെ ഒരേ സമയം പരിചരിക്കും? ഈ വിഷയം അവർ ഗണപതിക്ക് മുന്നിൽ ഉന്നയിച്ചു:


“ഞാൻ വിവാഹിതയായി എന്തിന് കുടുംബജീവിതം നയിക്കണം? എനിക്കെന്തിന് സൗന്ദര്യം നൽകി? എൻ്റെ നാവിൽ നിന്ന് നല്ല വാക്കുകൾ മാത്രം പൊഴിയട്ടെ. എനിക്ക് ജന്മം ഇല്ലായ്മ എന്ന വരം തന്നാലും.”


ഉടൻ അവ്വയാർ വൃദ്ധയായി. വിവാഹം ഇനി വേണ്ട. നാടോടിയായ അവർ താൻ കുടുംബജീവിതം ആഗ്രഹിക്കുന്നില്ലെന്ന് ഗ്രാമവാസികളോട് പറഞ്ഞു. വളർത്തമ്മ അനാഥത്വത്തിൽ പരിചരിച്ച പോലെ, താൻ സമൂഹത്തിനെ പരിചരിക്കും.


അതായത്, അവർ കുടുംബജീവിതം വേണ്ടെന്ന് വച്ചത്, വലിയ ദൗത്യം നിർവഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവൾ ആണ് താൻ എന്ന തിരിച്ചറിവ് കൊണ്ടാണ്. നല്ല ഭാര്യ വീടിൻ്റെ വിളക്കാണ്. 


തറവാടിന് തീ കൊളുത്തുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന തത്വശാസ്ത്രങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. തറവാട് എന്നാൽ സമൂഹം എന്ന് കൂടി കാണണം. ആ തത്വശാസ്ത്രങ്ങൾ ആശ്രയിച്ച ലൗകികതയെ ആണ് അവ്വയാർ ഉപേക്ഷിച്ചതും സന്യാസം വരിച്ചതും. അവർ ജീവിച്ച കാലത്ത് അത് വിപ്ലവം ആയിരുന്നു. അത് കൂടി ആദരവോടെ അംഗീകരിക്കുകയാണ് ഹിന്ദുമതം ചെയ്തത്. ഭക്തിപ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയ ഉള്ളടക്കം തന്നെ, ഹിന്ദു ആത്മീയത കൊണ്ട് മുഗൾ ഭരണത്തെ പ്രതിരോധിക്കുക എന്നതായിരുന്നു. ആ രാഷ്ട്രീയത്തിലെ തെക്കൻ വീരനായികയാണ് അവ്വയാർ. 


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...