Monday, 25 May 2026

ചട്ടമ്പിയുടെ ബ്രാഹ്മണ ഗുരു

ചട്ടമ്പി സ്വാമികളുടെ ഗുരു ഇതാണ്

അംബാസമുദ്രത്തിനടുത്ത കല്ലടക്കുറിച്ചിയിലെ മരഗതവല്ലിയമ്മൻ ക്ഷേത്രമാണ്, ഞങ്ങളുടെ കുലക്ഷേത്രം. ഏതാനും വർഷങ്ങൾ മുൻപ് തൃശൂർ പൂങ്കുന്നത്തെ ഒരു കുടുംബ ചടങ്ങിനിടയിൽ ഇത് അറിഞ്ഞ ശേഷം ഞങ്ങൾ അവിടെപ്പോയി. ചട്ടമ്പി സ്വാമികളുടെ സമ്പൂർണ കൃതികൾ വായിച്ചിരുന്ന സമയത്തായിരുന്നു, ഈ സംഭവം. ചട്ടമ്പി സ്വാമികളുടെ ഗുരു സുബ്ബജടാപാഠികൾ കല്ലടക്കുറിച്ചിയിൽ ആയിരുന്നു. നാല് വർഷം ആ ബ്രാഹ്മണഗൃഹത്തിൽ താമസിച്ചായിരുന്നു, ചട്ടമ്പിയുടെ വേദ പഠനം.

പൂർവാശ്രമത്തിൽ കുഞ്ഞൻ പിള്ള എന്ന ചട്ടമ്പി ജനിച്ചത്, തിരുവനന്തപുരം നഗരത്തിൽ നിന്ന് നാല് മൈൽ വടക്ക് കൊല്ലൂർ ഉള്ളൂർക്കോട്ട് കുടുംബത്തിൽ 1853-ൽ ആയിരുന്നു. മാവേലിക്കര താമരശ്ശേരി ഇല്ലത്തെ വാസുദേവ ശർമ്മയായിരുന്നു, അച്ഛൻ. അമ്മ കണ്ണമ്മൂലയിലെ നങ്ക പിള്ള. വേലുക്കുട്ടിയും നാണിയും അവരുടെ മറ്റു മക്കൾ. ദരിദ്ര കുടുംബത്തിന് മിടുക്കനായ ചട്ടമ്പിയെ വേണ്ടത്ര പഠിപ്പിക്കാൻ കഴിഞ്ഞില്ല.


ക്ഷേത്ര പൂജയ്ക്കുള്ള പൂക്കൾ ബ്രാഹ്മണ സ്ത്രീകൾക്ക് മലമ്പ്രദേശങ്ങളിൽ നിന്ന് പറിച്ചു നൽകിയാണ് കുടുംബത്തിന് ജീവിക്കാൻ കുഞ്ഞൻ വക കണ്ടെത്തിയത്. അടുത്ത സ്‌കൂളിൽ പോകുന്ന കുട്ടികളിൽ നിന്ന് കുഞ്ഞൻ മലയാളവും തമിഴും എഴുതാനും വായിക്കാനും പഠിച്ചു. ഒരു ബ്രാഹ്മണ കുടുംബത്തിൽ പഠിപ്പിക്കുന്നത് പുറത്തു നിന്ന് കേട്ടാണ് സംസ്‌കൃതം പഠിച്ചത്. അപാരമായ ഓർമ്മയായിരുന്നു.


ഇതൊക്കെ കണ്ട അധ്യാപകൻ പേട്ട രാമൻ പിള്ള ഫീസില്ലാതെ കുഞ്ഞനെ ക്‌ളാസിൽ ഇരുത്തി. അപ്പോൾ 16 വയസ്. അവിടെയാണ് കുഞ്ഞൻ മോണിറ്റർ അഥവാ ചട്ടമ്പി ആയത്. രാത്രി പലപ്പോഴും ക്‌ളാസിൽ ഇരിക്കാതെ സമീപത്തെ ഭദ്രകാളി ക്ഷേത്രത്തിൽ ചട്ടമ്പി പോയി. ഈഴവ വീടുകളും സന്ദർശിച്ച ചട്ടമ്പി, മാംസം ഭക്ഷിച്ചില്ല. ചട്ടമ്പിയുടെ സുഹൃത്തായിരുന്നു, ഡോ പൽപ്പുവിൻ്റെ ജ്യേഷ്ഠൻ പരമേശ്വരൻ. “തൊട്ടു തിന്നു നടക്കുന്ന തെണ്ടി”യെന്ന് അയിത്തബോധമുള്ള നായന്മാർ കുഞ്ഞനെ പരിഹസിച്ചു. ഭജനകളിൽ ഗഞ്ചിറ വായിച്ച കുഞ്ഞൻ കഥകളി മുദ്രകൾ പഠിച്ചത് ഗുരു ഇല്ലാതെയായിരുന്നു. ചിത്രകലയും അങ്ങനെ തന്നെ.


ബാലാസുബ്രഹ്മണ്യ മന്ത്രം 


ജ്ഞാനതൃഷ്ണയാൽ എഴുത്തച്ഛൻ്റെ രാമായണവും മഹാഭാരതവും താണ്ഡവരായർ എഴുതിയ തമിഴ് അദ്വൈത കൃതി ‘കൈവല്യ നവനീത’വും വായിച്ചു. ‘കൈവല്യ നവനീതം’ ആവർത്തിച്ചു വായിച്ചു. ഒരു ഗുരുവില്ലാതെ അദ്വൈതം ഉള്ളിൽ കയറില്ലെന്ന് ബോധ്യമായി. കൊല്ലൂർ (മൂകാംബിക അല്ല, തിരുവനന്തപുരം) ക്ഷേത്ര വളപ്പിൽ ആകസ്മികമായി കണ്ട സന്യാസി, ബാലാസുബ്രഹ്മണ്യ മന്ത്രം ഓതി തൻ്റെ വഴിക്ക് പോയി. ഇതിൻ്റെ മൂലമന്ത്രമാണ്, ഓം ശരവണ ഭവായ നമഃ 


തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത അണിയൂരിലെ ദുർഗാ ക്ഷേത്ര സന്നിധിയിലെ ആകസ്മിക കൂടിക്കാഴ്ചയിലാണ് ഈ മന്ത്രം ചട്ടമ്പി, നാരായണഗുരുവിന് പകർന്നത്. സുബ്രഹ്മണ്യന് ബാലൻ എന്നർത്ഥമുള്ള കുമാരൻ എന്ന പര്യായം ഉണ്ടല്ലോ. ബാലാസുബ്രഹ്മണ്യ മന്ത്രം ബാലനായ സുബ്രഹ്മണ്യന്റേത് അല്ല. സുബ്രഹ്മണ്യ മന്ത്രത്തോടൊപ്പം, ശ്രീലളിതാ പരമേശ്വരിയുടെ മാനസ പുത്രിയും വിദ്യാ ദേവതയുമായ ബാലാ പരമേശ്വരിയുടെ ഐം ക്ളീo സൗ: എന്ന ബീജമന്ത്രം കൂടി ചേരുന്നതാണ് ബാലാസുബ്രഹ്മണ്യ മന്ത്രം -ഓം രീം ഐം ക്ലീം ഔ: സൗ: ശരവണഭവായ നമഃ


ബാലസുബ്രഹ്മണ്യ മന്ത്രമല്ല, ബാലാസുബ്രഹ്മണ്യ മന്ത്രമാണ് എന്നിപ്പോൾ വ്യക്തമായല്ലോ. ചില ദീർഘങ്ങൾ രഹസ്യങ്ങളുടെ കുരുക്കഴിക്കും. മഹാ ഗുരുക്കന്മാർ  ജ്ഞാന സിദ്ധിക്ക് ഉപാസിക്കുന്ന ശൈവ – ശാക്തേയ മന്ത്രം.


മന്ത്ര ധ്യാനത്തിൽ ചട്ടമ്പിക്ക് ഉള്ളിൽ എന്തോ കുലുങ്ങും പോലെ തോന്നി. പിന്നീട് ചട്ടമ്പി ഭസ്മം കൊണ്ട് ചെറിയ രോഗങ്ങൾ സുഖപ്പെടുത്തുന്നുവെന്ന് ജനം വിശ്വസിച്ചു. സന്യസിക്കാൻ ആഗ്രഹിച്ചെങ്കിലും, കടം, അമ്മയുടെ പരിചരണം എന്നിവ അതിൽ നിന്ന് വിലക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്ടികയും മണ്ണും ചുമന്നു. ചട്ടമ്പി കൂടി ചുമന്ന മണ്ണ് കൊണ്ടാണ്, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിതത്. പിന്നെ ആധാരമെഴുത്തുകാരനും വക്കീൽ ഗുമസ്തനുമായി. ദിവാൻ സർ ടി മാധവ റാവു സെക്രട്ടേറിയറ്റ് ക്ലർക് പരീക്ഷ നടത്തിയപ്പോൾ ചട്ടമ്പി ഒന്നാമനായി. ജ്ഞാനതൃഷ്ണ ശമിപ്പിക്കാൻ ആ ജോലി വിട്ടു. 


നാടോടിയായി നടന്ന ചട്ടമ്പി 1875-ൽ 22 വയസിൽ മടങ്ങി നെയ്യാറ്റിൻകര റജിസ്ട്രാർ ഓഫിസിൽ ജോലി നേടി. അത് വിട്ടപ്പോൾ, മാധവ റാവു ചട്ടമ്പിയെ മാസം നാല് രൂപ ശമ്പളത്തിൽ അക്കൗണ്ടൻറ് ആക്കി. മിടുക്ക് കണ്ട് പത്തു രൂപയാക്കി. താൻ അത് അർഹിക്കുന്നില്ലെന്നു പറഞ്ഞ് ആറു രൂപ ചട്ടമ്പി മടക്കി. ഈ ജോലി മടുത്ത് ഗുരു രാമൻ പിള്ളയുടെ ജ്ഞാനപ്രജാഗാരം എന്ന സമിതിയിൽ ചേർന്നു. അങ്ങനെയാണ് ചട്ടമ്പി, സ്വാമിനാഥ ദേശികരിൽ നിന്ന് തമിഴും പ്രൊഫസർ മനോന്മണീയം പിള്ളയിൽ നിന്ന് തത്വചിന്തയും പഠിച്ചത്. റസിഡൻസി മാനേജർ ആയിരുന്ന തൈക്കാട്ട് അയ്യാവും ഈ സമിതിയിൽ ഉണ്ടായിരുന്നു. വേദാന്തം, യോഗവിദ്യ എന്നിവയുടെ എഞ്ചുവടി ചട്ടമ്പി അറിഞ്ഞത് അയ്യാവിൽ നിന്ന്. തമിഴ് പുസ്തകങ്ങളിൽ നിന്ന് ഗുസ്തി പഠിച്ചു. 


വേദാന്തം പ്രാചീന തമിഴിൽ ആയതിനാൽ, പ്രാചീന തമിഴ് വ്യാകരണം പഠിക്കേണ്ടി വന്നു. തിരുവനന്തപുരം കോളജിൽ തമിഴ് പ്രൊഫസറായ സ്വാമിനാഥ ദേശികരെ ഇതിനായി കണ്ടു. ദിവസവും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി. ലോകജ്ഞാന ഭാഷ തമിഴാണെന്ന് ചട്ടമ്പിക്ക് തോന്നി. കമ്പരാമായണം, തിരുക്കുറൾ, പട്ടണത്തു പിള്ളയാർ പാടൽ, നക്കീരരുടെ കൃതികൾ എന്നിവ വായിച്ചു. തമിഴ് ആത്മീയ കവിതയിൽ മുങ്ങി.


നാരായണ ഗുരു, ചട്ടമ്പി, തീർത്ഥപാദർ 

ദ്രാവിഡ സംസ്‌കാരവും ആത്മീയതയും പിടികൂടിയപ്പോൾ തമിഴ് നാട്ടിൽ പോയി പഠിക്കാൻ ഉറച്ചു. സുബ്ബജടാപാപാഠികളെ കണ്ടത് വഴിത്തിരിവായി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് നടക്കുന്ന നവരാത്രി പണ്ഡിത സദസ്സിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. തർക്കം, വ്യാകരണം, മീമാംസ, വേദാന്തം എന്നിവയിൽ മുങ്ങിയ പണ്ഡിതൻ. സ്വാമിനാഥ ദേശികർക്കൊപ്പം ചട്ടമ്പി പോയി. വേദിക്കടുത്ത് കാത്തു നിന്ന് സുബ്ബജടാപാപാഠികളെ സമീപിച്ചു. ചട്ടമ്പിയോട് മതിപ്പ് തോന്നി കല്ലടക്കുറിച്ചിയിലെ വീട്ടിലേക്ക് ക്ഷണിച്ചു.


കല്ലടക്കുറിച്ചിയിൽ 


തിരുനൽവേലി ജില്ലയിൽ അംബാസമുദ്രത്തിനടുത്ത് താമരഭരണി നദിയുടെ വലതുകരയിലാണ്, കല്ലടക്കുറിച്ചി. ഈ നദിയുടെ ഔഷധ മൂല്യം മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനങ്ങളിലുണ്ട്. ഇവിടത്തെ പ്രധാന ദേവനായ ആദി വരാഹമൂർത്തിയെപ്പറ്റി ദീക്ഷിതർ പാടിയിട്ടുണ്ട്-ആഭോഗി രാഗത്തിൽ, ശ്രീലക്ഷ്മി വരാഹം. ഇതിനടുത്ത എട്ടയപുരത്ത് 1835-ൽ ദീക്ഷിതർ താമസമാക്കി.


കല്ലടക്കുറിച്ചി ആസ്ഥാനമായാണ്, 1469-1484-ൽ വേണാട് രാജാവ് കോതൈ ആദിത്യ വർമ്മ ഭരിച്ചത്. ആദിവരാഹ പെരുമാൾ ക്ഷേത്രം പണിതത് അദ്ദേഹമാണ്. പ്രദക്ഷിണവഴിയിൽ രാജ പ്രതിമയുണ്ട്. വിഷ്ണുവിനെ വീരകേരള പെരുമാൾ എന്നും പാർവതിയെ നിലാ സുന്ദരി നാച്ചിയാർ എന്നും കൃഷ്ണനെ വീരകേരള പിള്ളയാർ എന്നും വിഗ്രഹങ്ങൾക്ക് മുന്നിൽ വിളിച്ചിരിക്കുന്നു. ശൈവമതക്കാലത്ത് വിഷ്ണു, കൃഷ്ണ വിഗ്രഹങ്ങൾ നീക്കി പകരമിട്ട ഈ പേരുകൾ നിലനിൽക്കുന്നു. 


പാണ്ഡ്യ-ചേര അതിർത്തിയായിരുന്നു, ഇത്. അധികാരമനുസരിച്ച് അതിർത്തിയിൽ മാറ്റങ്ങൾ വന്നു. ഒരു ഘട്ടത്തിൽ പാണ്ഡ്യർ കരുനാഗപ്പള്ളിക്കടുത്ത് കന്നേറ്റി വരെ എത്തി. 


സുബ്ബജടാപാഠികൾ കല്ലടക്കുറിച്ചിയിൽ അറിയപ്പെട്ടത്, സുബ്ബജടാവല്ലഭർ എന്നാണ്. ഇവിടെയുള്ള ബ്രാഹ്മണരുടെ കാർമികനായി ആന്ധ്രയിൽ നിന്നെത്തിയ ഒരു ബ്രാഹ്മണനിൽ നിന്നാണ് ആ വംശം തുടങ്ങിയത്. കൂട്ടിക്കൽ തെരുവിൽ അവർ താമസിച്ചു. തെക്കേ ഇന്ത്യയിലെ വേദകേന്ദ്രമായി അത്. “ചട്ടമ്പി സംസ്കൃത, തമിഴ് ശാസ്ത്രങ്ങൾ അഭ്യസിച്ചത് ഇവിടെ നിന്നാണ്,” ജസ്റ്റിസ് ഭാസ്‌കര പിള്ള എഴുതുന്നു, “ഉരുക്കിനെ മിനുക്കിയ ഉരുക്ക്.”


വേദമന്ത്രങ്ങൾ നാല് വിധം ഉരുവിടാം. അതിൽ ജടാ പാഠം ഉരുവിടുന്നയാൾ ജടാപാഠികൾ. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ചട്ടമ്പി പിറക്കാത്ത മകനായി. തിരുവാടുതുറൈ മഠത്തിൽ പ്രാചീന ശൈവ പാഠങ്ങൾ വായിച്ച് ചട്ടമ്പി മണിക്കൂറുകൾ ചെലവിട്ടു. നാല് വർഷത്തിനിടയിൽ സംസ്കൃത, തമിഴ് വേദങ്ങൾക്ക് പുറമെ, സിദ്ധ വൈദ്യം, സംഗീതം, കളരിപ്പയറ്റ് എന്നിവയും പഠിച്ചു. കൊടകനല്ലൂർ സുന്ദര സ്വാമികളുടെ രചനകൾ ചട്ടമ്പിയെ സ്വാധീനിച്ചു. അദ്ദേഹം എഴുതിയ ‘നിജാനന്ദ വിലാസം’ ചട്ടമ്പി പരിഭാഷപ്പെടുത്തി. ഇതും നാരായണഗുരു പരിഭാഷ ചെയ്ത തായുമാന സ്വാമികളുടെ ‘ഒടുവിലൊഴുക്കം’ എന്ന കൃതിയും വായിച്ചിട്ടില്ലെങ്കിൽ, മലയാളി എങ്ങും എത്തിയില്ല എന്നർത്ഥം. അദ്വൈതം ഇങ്ങനെ വെണ്ണ പോലെ കിട്ടിയിട്ടും തമിഴൻ ആത്മീയത കളഞ്ഞു കുളിച്ചത്, അത് പകർച്ചവ്യാധിയെന്ന് ആണയിടുന്ന ദ്രാവിഡരാഷ്ട്രീയ വ്യാധി നിമിത്തമാണ്. 


പഠനകാലത്ത് , ജടാപാഠികളുടെ വീടിനടുത്ത് പാർത്ത ഒരു യോഗി ചട്ടമ്പിയിൽ അനുഗ്രഹങ്ങൾ വർഷിച്ചു. 


കല്ലടക്കുറിച്ചിയിൽ പഠനം പൂർത്തിയാക്കിയ ശേഷം ചട്ടമ്പി ഭാരതയാത്ര നടത്തി. തമിഴ് നാട്ടിലെ നാഗർകോവിൽ വടിവീശ്വരത്ത് തെരുവിൽ കണ്ട അവധൂതനാണ് ആത്മസാക്ഷാൽക്കാരത്തിൽ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇരുവരും കുറെക്കാലം വനത്തിൽ അലഞ്ഞു. അതിന് ശേഷം മടങ്ങിയപ്പോഴാണ് ആ ചരിത്ര നിമിഷം പിറന്നത്. 1882-ൽ വാമനപുരം അണിയൂർ ക്ഷേത്രത്തിൽ ചട്ടമ്പി, നാണു ആശാനെ കണ്ടു. പിന്നെ അവർ ഒന്നിച്ചു യാത്ര ചെയ്തു.


ഇത് എന്നെക്കൊണ്ട് എന്തിന് സ്രഷ്ടാവ് എഴുതിച്ചു? ബാലാസുബ്രഹ്മണ്യ മന്ത്രത്തെപ്പറ്റി പറയാനാണ് എന്ന് ആ ഭാഗം എത്തിയപ്പോൾ മനസ്സിലായി. അതിനാൽ, ഇത് ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്നു. 


ഓം ജാതവേദസേ സുനവാമ 

സോമമരാതീയതോ നിദഹാതി വേദ: 

സന: പർഷദതി ദുർഗാണി 

വിശ്വാനാവേവ സിന്ധും ദുരിതാത്യഗ്നി:

(ദുർഗാസൂക്തം)


© Ramachandran










FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...