പ്രളയകാലത്തെ മൺ വണ്ടി 5
വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കുo ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്.
-ഭരത മുനി / നാട്യ ശാസ്ത്രം
ചില സംസ്‌കൃത നാടകങ്ങൾ വായിക്കാനും പഠിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ഓർമ്മയിൽ പരതിയാൽ കിട്ടുന്നത്:
വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കുo ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്.
-ഭരത മുനി / നാട്യ ശാസ്ത്രം
ചില സംസ്‌കൃത നാടകങ്ങൾ വായിക്കാനും പഠിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ഓർമ്മയിൽ പരതിയാൽ കിട്ടുന്നത്:
കാളിദാസൻ: അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം, മേഘസന്ദേശം, ഋതു സംഹാരം, കുമാര സംഭവം, രഘു വംശം,മാളവികാഗ്നി മിത്രം.
ഭാസൻ:മധ്യമവ്യായോഗം, ദൂത വാക്യം, കർണ ഭാരം, ഊരു ഭംഗം, സ്വപ്ന വാസവ ദത്തം.
ശക്തി ഭദ്രൻ: ആശ്ചര്യ ചൂഡാമണി, വിശാഖ ദത്തൻ: മുദ്രാരാക്ഷസം, ഭവഭൂതി: ഉത്തര രാമ ചരിതം, ബോധായനൻ: ഭഗവദജ്ജുകം, മഹേന്ദ്രവിക്രമ പല്ലവൻ: മത്ത വിലാസം.
കോളജിൽ നിന്ന് സർവകലാശാല നാടകോത്സവത്തിൽ പങ്കെടുത്തപ്പോൾ, ഏകോപന ചുമതല എനിക്കായിരുന്നു. അവതരിപ്പിച്ചത് 'ഭഗവദജ്ജുകം'. കാവാലം നാരായണ പണിക്കർ പരിഭാഷ ചെയ്തത്. അതിൽ അന്ന് അഭിനയിച്ച നടിയാണ്, കൊച്ചിയിലെ അഭിഭാഷക എച്ച് സുബ്ബ ലക്ഷ്‌മി. സന്യാസിയുടെ ആത്മാവ് വസന്ത സേന എന്ന ഗണികയിലും ഗണികയുടെ ആത്മാവ് സന്യാസിയിലും പ്രവേശിക്കുന്നതിനെ തുടർന്നുള്ള കുഴപ്പങ്ങളാണ്, ആ നാടകം. വസന്ത സേന ചരിത്രകാരൻ പി എ സെയ്‌ത് മുഹമ്മദിൻറെ മകൾ ജാസ്‌മിൻ. സന്യാസി, സി ഗൗരിദാസൻ നായർ. സൂത്രധാരൻ, രമേശ് വർമ്മ.
അറുനൂറിൽ അധികം സംസ്‌കൃത നാടകങ്ങളുണ്ട്. മലയാളിയായ സുകുമാരൻ എഴുതിയ 'ശ്രീകൃഷ്ണ വിലാസം' ഉൾപ്പെടെ കുറെ മഹാകാവ്യങ്ങൾ വായിച്ചു. സുകുമാരൻ കുത്തുള്ളി ഇല്ലത്തെ നമ്പൂതിരി ആയിരുന്നു എന്ന് ഡോ കെ കുഞ്ചുണ്ണി രാജ എഴുതിയിട്ടുണ്ട്. വായിച്ച കാവ്യങ്ങളിൽ, ബാണൻറെ 'കാദംബരി' യും ദണ്ഡിയുടെ 'ദശകുമാര ചരിത'വും പെടും.
ഷേക്സ്പിയറിൻറെ 'ഹാംലെറ്റ്' പരിഭാഷ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെ, മലയാളിയായ ശക്തിഭദ്രൻ എഴുതിയ സംസ്‌കൃത നാടകം, 'ആശ്ചര്യ ചൂഡാമണി' മലയാളത്തിലാക്കി. 'ഹാംലെറ്റി'ൽ, Exactly like the dead father എന്ന് പ്രേതത്തെ കണ്ടു പറയുന്നതിന്, തമ്പുരാൻറെ പരിഭാഷ, 'തീപ്പെട്ട തമ്പുരാൻറെ തൽസ്വരൂപം'.
ഭരത മുനിയുടെ 'നാട്യ ശാസ്ത്ര'ത്തിന് മുൻപും ഇന്ത്യയിൽ നാടകങ്ങൾ ഉണ്ട്.നാട്യ വേദം തന്നെയുണ്ട് -ഋഗ്വേദത്തിൽ നിന്ന് സംവാദം, യജുർവേദത്തിൽ നിന്ന് അഭിനയം, സാമ വേദത്തിൽ നിന്ന് ഗീതം, അഥർവ്വത്തിൽ നിന്ന് രസം എന്നിവ സ്വംശീകരിച്ചത്. വിശ്വാമിത്രൻ നദികളുമായും പുരൂരവസ് ഉർവ്വശിയുമായും ഒക്കെ നാടകീയ സംഭാഷണങ്ങൾ നടക്കുന്നു. മത ചടങ്ങുകൾക്കിടയിൽ, യജ്ഞം പോലുള്ള അവസരങ്ങളിൽ, സൂത,ശൈലൂഷകന്മാർ ഇത്തരം രംഗങ്ങൾ അരങ്ങേറി.
യവനിക ഉള്ളതിനാൽ, നാടകം യവനന്മാരിൽ നിന്ന് വന്നു എന്ന വാദത്തിൽ കഴമ്പില്ല. സംസ്‌കൃത നാടകങ്ങളിൽ കാണുന്ന തിരസ്കരണി,കഥകളിയിലെ തിരനോട്ടത്തിൽ എന്ന പോലെ,കഥാപാത്രങ്ങളെ ഒളിപ്പിക്കുന്ന മറ മാത്രം ആയിരുന്നു. ആ തുണി യവന (Greece) നിർമ്മിതം ആയിരുന്നു. രാമായണം, മഹാഭാരതം, അർത്ഥ ശാസ്ത്രം, കാമശാസ്ത്രം എന്നിവയിൽ നാടക പരാമർശങ്ങൾ ഉണ്ട്. നട സൂത്ര ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നതായി 'പാണിനീയം'.ഭരത മുനിക്ക് മുൻപുള്ള നാട്യ ശാസ്ത്രകാരന്മാരായ ശിലാലി, കൃശാശ്വൻ എന്നിവരെ 'പാണിനീയ'ത്തിൽ സ്‌മരിക്കുന്നു. 'കംസ വധം', 'ബലി ബന്ധനം' എന്നീ നാടകങ്ങളെയും പരാമർശിക്കുന്നു. 12000 ശ്ലോകങ്ങളുള്ള നാട്യ വേദത്തെ, 'ഭാവ പ്രകാശം' എന്ന ലക്ഷണ ഗ്രന്ഥത്തിൽ, ശാരദാ തനയൻ എടുത്തു പറയുന്നു. നമുക്ക് സ്വന്തം നാടക ശാല തന്നെ ഉണ്ടായിരുന്നു. ബി സി രണ്ടിലേത് എന്ന് കരുതുന്ന പുരാതന നാടക ശാലയുടെ അവശിഷ്ടങ്ങൾ, ഛോട്ടാ നാഗ് പൂരിലെ രാംഗഡ് മലനിരയിൽ ഖനനം ചെയ്‌ത് കണ്ടെത്തി.
സംസ്‌കൃത നാടകത്തിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ശൃംഗാരം, വീരം, കരുണം എന്നീ രസങ്ങളിൽ ഒന്ന് അംഗിയാകാം. ധീരോ ധാത്തൻ, ധീരോദ്ധതൻ, ധീര ശാന്തൻ, ധീര ലളിതൻ എന്നീ നാലുതരം നായകന്മാരാകാം. ദുഷ്യന്തൻ (ശാകുന്തളം), ഭീമൻ (ഊരുഭംഗം), ചാരുദത്തൻ (മൃച്ഛ കടികം), ഉദയനൻ (ഉദയന നാടകം) എന്നിവർ ക്രമത്തിൽ മാതൃകകൾ.
പഞ്ച സന്ധികളും ഉപസന്ധികളും ചേർന്നതാണ് സംസ്‌കൃത നാടകം. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവഹണം എന്നിവ സന്ധികൾ. ഗ്രീക്ക് നാടകങ്ങളിലെ സംഘർഷാരംഭമായ സംഭവം (Exposition) മുഖവും സംഘർഷ വികാസം (Complication) പ്രതിമുഖവും സംഘർഷ പാരമ്യം (Climax) ഗർഭവും സംഘർഷാവരോഹം (Resolution) വിമർശവും പൂർത്തീകരണം (Conclusion) നിർവഹണവുമായി കാണാം. നാന്ദി, പ്രസ്താവന, കഥാസൂചന, ഭരത വാക്യം എന്നിവ നിർബന്ധം.
അവതരണ ഗാനമാണ്, നാന്ദി. അത് കഴിഞ്ഞ് സൂത്ര ധാരൻ വരുന്നു. നടിയെയോ നടനെയോ കൂട്ടിയാണ് വരവ്. നാടകത്തിൻറെയും നാടകകൃത്തിൻറെയും പേര് വിവരം പറഞ്ഞ് രംഗം സജീവമാക്കി, സൂത്രധാരൻ (Stage Manager) മടങ്ങും.
ഭരതമുനി കഥ എഴുതി സംവിധാനം ചെയ്ത ആദ്യ നാടകം 'ദേവാസുര യുദ്ധം'. ഇന്ദ്രൻറെ ധ്വജോത്സവത്തിന് അത് അവതരിപ്പിക്കാൻ ബ്രഹ്മാവ് ഉപദേശിച്ചു:
മഹാനയം പ്രയോഗസ്യ
സമയ : സമുപസ്ഥിത
അയം,ധ്വജ മന : ശ്രീമാൻ
അത്രേ ദാനീം,അയം വേദോ
നാട്യസംജ്ഞ: പ്രയുജ്യതാം
(നാടകത്തിന് നല്ല സമയം വന്നിരിക്കുന്നു; ദേവേന്ദ്ര ധ്വജോത്സവം. അവിടെ ഈ നാട്യ വേദം അവതരിപ്പിക്കാം ).
നാടകം തുടങ്ങിയപ്പോൾ, സദസ്സിൽ ഉണ്ടായിരുന്ന അസുരന്മാർ കൂവി. ചേരി തിരിഞ്ഞ് തല്ലി. ഉദ്‌ഘാടന നാടകം കലങ്ങി:
അഥാ പശ്യത് സദാ വിഘ് നൈ :
സമന്താത് പരിവാരിതം
സഹേതരൈ: സൂത്രധാരം
നഷ്ടസംജ്ഞം ജഡീകൃതം
(അഭിനേതാക്കളെ വിഘ്നകാരികൾ വളഞ്ഞു;സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി).
ഇന്ദ്രൻ 'ജർജരം' എന്ന ആയുധവുമായി, അസുരൻമാരെ നേരിട്ടു. അവരെ തല്ലി പപ്പടമാക്കി. നാടകം മുടങ്ങിയത് തന്നെ. അസുരന്മാർ,വിരൂപാക്ഷ നേതൃത്വത്തിൽ, ബ്രഹ്മാവിനോട് പരാതിപ്പെട്ടു. ബ്രഹ്മാവ് പറഞ്ഞു:
നൈകന്തതോ,അത്ര ഭവതാം,
ദേവാനാഞ്ചാനു ഭാവനം
ത്രൈലോക്യസ്യാസ്യ, സർവസ്യ
നാട്യം ഭാവാനുകീർത്തനം
( നാടകം നിങ്ങൾക്കോ ദേവന്മാർക്കോ മാത്രം അനുഭൂതി ഉണ്ടാക്കാൻ ഉള്ളതല്ല. ത്രിലോകങ്ങളിലുമുള്ള സകലരുടെയും സ്വഭാവം വർണിച്ചു രസാസ്വാദനം ആണുണ്ടാകുന്നത് ).
നാനാഭാവോപ സമ്പന്നം
നാനാവസ്ഥാന്തരാത്മകം
ലോകവൃത്താന്താനുകരണം
നാട്യമേതന്മയാകൃതം
( നാനാഭാവങ്ങൾ കൊണ്ട് സമ്പന്നവും സകല അവസ്ഥാ വിശേഷങ്ങളും ഉൾകൊള്ളുന്ന ലോക വൃത്താന്ത അനുകരണമാണ്, നാടകം ).
ഛോട്ടാ നാഗ് പൂർ |
നാട്യ മണ്ഡപത്തിന് 64 കോൽ നീളം, 32 കോൽ വീതി.നേർ പകുതിയാണ് വേദിക്ക് വേണ്ടത് -32 കോൽ സമചതുര സ്ഥലം സദസ്സിന്. ഇതിന് കാരണം:
മണ്ഡപേ വിപ്രകൃഷ്ടെ തു,
പാഠ്യമുച്ചാരിത സ്വരം
അനഭിവ്യക്ത വർണ്ണത്വ
ദ്വിസ്വരത്വം, ദൃശം ഭവേത്
(സദസ്യർ വേദിയിൽ നിന്നകന്നിരുന്നാൽ,ദൂരെയുള്ളവർക്ക് കേൾക്കാൻ അഭിനേതാക്കൾ ഉച്ചത്തിൽ സംസാരിക്കും,അത് വ്യക്തതയില്ലാത്ത അപസ്വരമാകും).
ഏഴ് സ്വര വ്യവസ്ഥകൾ, സംഗീതത്തിൽ എന്ന പോലെ, സംഭാഷണത്തിനുമുണ്ട്: ഷഡ്‌ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം. മൂന്ന് സ്വര സ്ഥാനങ്ങൾ: നെഞ്ച്, തല, തൊണ്ട. വിച്ഛേദം, അർപ്പണം, വിസർഗം, അനുബന്ധം, ദീപനം, പ്രശമനം എന്നിവ ഉച്ചാരണ രീതികൾ. വികാര പ്രകടനത്തിന് യോജ്യമായി പറയണം. അതിങ്ങനെ:
ഹാസ്യ, ശൃംഗാരയോ: കാരയൗ
സ്വരൗ, മധ്യമ, പഞ്ചമൗ
ഷഡ്ജര്ഷഭൗ, തഥാ ചൈവ
വീര, രൗദ്രാദ്ഭൂതേഷ്വഥ
ഗാന്ധാരശ്ച, നിഷാദശ്ച
കർത്തവ്യയൗ കരുണേ രസേ '
ധൈവതസ്ചൈവ കർതവ്യോ
ബീഭൽസേ, സ ഭയാനക:
(മധ്യ പഞ്ചമ സ്വരങ്ങൾ ഹാസ്യത്തിനും ശൃംഗാരത്തിനും; വീരം, രൗദ്രം, അദ്‌ഭുതം എന്നിവയ്ക്ക് ഷഡ്ജ ഋഷഭങ്ങൾ. കരുണത്തിന് ഗാന്ധാര നിഷാദങ്ങൾ. ധൈവതം, ബീഭത്സത്തിനും ഭയാനകത്തിനും.)
ഓരോ അക്ഷരത്തിനുമുണ്ട് ഉച്ചാരണ ക്രമം. ഇതൊക്കെ പാലിക്കുന്ന കലാകാരൻ മഹാൻ:
യാഗതി:വേദ വിദുഷാം
യാഗതി:യാജ്ഞകാരിണാം
യാഗതി:ദാന ശീലാനാം
താം ഗതിം പ്രാപ് നുയാദ്ധി, സ :
(വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കും ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ്,കലാകാരനുള്ളത് ).
ഗാന്ധർവം ചേന നാട്യം ച
യ:സമ്യക് പരിപാലയേത്
ലഭതേ സദ്ഗതിം പുണ്യാo
സമം ബ്രഹ്മർഷൗഭിർന്നര:
(സംഗീതത്തെയും നാട്യത്തേയും വേണ്ട വിധം പരിപാലിക്കുന്നവന്, ബ്രഹ്മർഷികളെപ്പോലെ പുണ്യ സദ് ഗതി കിട്ടും).
'നാട്യ ശാസ്ത്രം' 36 അധ്യായത്തിൽ 6000 ശ്ലോകം, കുറച്ചു ഗദ്യം. സംഗീതം, ശിൽപം, നൃത്ത നൃത്യങ്ങൾ എന്നിവയുമുണ്ട്.
'വിഭാവനുഭാവ സഞ്ചാരീ ഭാവാത് രസ നിഷ്‌പത്തി:' എന്നതാണ്, ഭരത സൂത്രം. ബി സി മുന്നിലാണ് ഭരതൻ ജീവിച്ചത് എന്ന് കരുതപ്പെടുന്നു. 'നാട്യ ശാസ്ത്ര'ത്തെ പിന്തുടർന്ന ലക്ഷണ ഗ്രന്ഥങ്ങൾ, അതിലെ അധ്യായങ്ങളെ വിപുലീകരിച്ചതാണ്. ഇവയാണ് പ്രധാന നാട്യശാസ്ത്ര ഗ്രന്ഥങ്ങൾ:
നാട്യ ദർപ്പണം / രാമചന്ദ്ര. ഗുണ ചന്ദ്രൻ, നാടക മീമാംസ / രുയ്യകൻ, ഭാവപ്രകാശം / ശാരദാ തനയൻ, ശൃംഗാര പ്രകാശം / ഭോജൻ, നാട്യ പരിഭാഷ / ശിംശ ഭൂപാലൻ, നാടക ചന്ദ്രിക / രൂപ ഗോപ സ്വാമി, പ്രതാപ രുദ്രീയ യശോ ഭൂഷണം / വിദ്യാ നാഥൻ, സാഹിത്യ ദർപ്പണം / വിശ്വനാഥ കവി രാജൻ.
നാടകത്തെ പൊതുവെ രൂപകം എന്നാണ് സംസ്‌കൃതത്തിൽ വിളിക്കുക. പത്തു രൂപകങ്ങളും ഉപരൂപകങ്ങളും ഉണ്ട്.ഇതിൽ ഒരു രൂപകം മാത്രമാണ്, നാടകം. ഇതിന് പുറമെ, പ്രകരണം, ഈഹാമൃഗം, ഡിമം, സമവകാരം, വ്യായോഗം, അങ്കം, ഭാണം, പ്രഹസനം, വീഥി എന്നിവ രൂപകങ്ങൾ. ഒരു പകൽ നീളുന്ന വീര രസ രൂപകങ്ങൾ ആണ്, നാടകവും വ്യയോഗവും. ഹാസ്യ നാടകം,mപ്രഹസനം. ഭാണം ഏക പാത്ര നാടകം. ഹാസ്യവും ഭാണവും സാമൂഹ്യ വിമർശനം ആകാം. താഴേക്കിടയിലെ ജനമാണ് ഇതിൽ. ജനകീയ ബൃഹദ് കഥകൾ, പ്രകരണം.നാടകത്തിന് വീരേതിഹാസങ്ങൾ വേണം. ഭാണം, വീഥി, അങ്കം, വ്യായോഗം, പ്രഹസനം എന്നിവ ഏകാങ്കങ്ങൾ. ഭാണം ധൂർത്തനും മിടുക്കനുമായ വിടൻ മാത്രമുള്ള ആത്മഭാഷണം -ഇതാണ്, കൂത്ത്.
ഉപരൂപകങ്ങൾ 18: താടിക, ത്രോടകം, ഗോഷ്ഠി, സട്ടകം, നാട്യ രാസകം, പ്രസ്ഥാനകം, ഉല്ലാപ്യം, കാസ്യം, പ്രേങ്ഖണം, രാസകം, സല്ലാപകം, ശ്രീഗദിതം, ശിൽപകം, വിലാസിക, ദുർമല്ലിക, പ്രകരണിക, ഹല്ലീശം, ഭാണിക.
സംസ്‌കൃതത്തിൽ, ദുരന്ത നാടകങ്ങൾ, ഭാസൻറെ 'ഊരു ഭംഗം' പോലെ, വിരളം. വധവും യുദ്ധവും വേദിയിൽ പറ്റില്ല; കുളി, വസ്ത്രാക്ഷേപം, രതിക്രീഡ എന്നിവയും വയ്യ.
കഥാപാത്രങ്ങൾ സമൂഹത്തിലെ സ്ഥാനം അനുസരിച്ചു വേണം ഭാഷ പറയാൻ. ഉത്തമ ശ്രേണിക്കാർ സംസ്‌കൃതം. സ്ത്രീകൾക്കും പിന്നാക്കക്കാർക്കും മഹാരാഷ്ട്രി, ശൗരസേനി, മാഗധി തുടങ്ങിയ പ്രാകൃതങ്ങൾ. നീചർക്ക് അപഭ്രംശം. അതാണ് 'ബാഹുബലി'യിൽ കേട്ട ഒന്നും മനസിലാകാത്ത പിച്ചും പേയും.
സ്ഥലകാല ബന്ധം നിർബന്ധമല്ല -ഭവഭൂതിയുടെ 'ഉത്തര രാമ ചരിതം' 12 കൊല്ലം നീണ്ട കഥയാണ്.
സംസ്‌കൃത നാടകത്തെ സമ്പന്നമാക്കിയ മലയാളികളിൽ പ്രധാനികൾ ഭാസനും ശക്തി ഭദ്രനും. ഭാസൻറെ 'സ്വപ്ന വാസവദത്തം' 1909 ൽ മൈസൂർ ആർക്കിയോളജിക്കൽ സർവേയിലെ പണ്ഡിറ്റ് ആനന്ദാൽവാർ കണ്ടെടുത്തു. 1912 ൽ ഭാസൻറെ 13 നാടകങ്ങൾ കണ്ടെത്തിയത്, തിരുവനന്തപുരം പ്രാചീന ഗ്രന്ഥ പ്രകാശന കാര്യാലയം സൂപ്രണ്ട് ടി ഗണപതി ശാസ്ത്രികൾ.
ജ്വലന മിത്രൻ എന്നും ഭാസന് പേര്. നിയമ വിരുദ്ധമായി, നാന്ദിക്ക് ശേഷമാണ്, ഇവയിൽ സൂത്ര ധാര പ്രവേശം. ഇതിന് 'മത്ത വിലാസ പ്രഹസന'വുമായി സാമ്യമുള്ളതിനാൽ, 'സ്വപ്ന വാസവ ദത്തം' ഒഴിച്ചുള്ളവ ഭാസ കൃതികൾ ആകണം എന്നില്ല എന്ന് വാദമുണ്ട്.
ശാസ്ത്രി കണ്ടെത്തിയവയുടെ കൂട്ടത്തിൽ 'സ്വപ്നവാസവദത്തം' കൂടി ഉണ്ടായിരുന്നതിനാൽ എല്ലാം ഭാസന്റേത് എന്നായിരുന്നു നിഗമനം. ഭാസ നാടകങ്ങൾ കണ്ടെത്തിയപ്പോൾ, കേരളത്തിലെ ആദ്യ സംസ്‌കൃത നാടക കൃത്ത് എന്ന സ്ഥാനം ശക്തി ഭദ്രന് നഷ്ടമായി. ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിലാണ് ഭാസൻ ജീവിച്ചത് എന്ന ശാസ്ത്രിയുടെ നിഗമനം ഭാവനയായി കൊളംബിയ സർവകലാശാലയിലെ സംസ്‌കൃത പണ്ഡിതൻ ഷെൽഡൺ പൊള്ളോക് തള്ളി. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച കാളിദാസൻറെ ഭാഷയോട് സാമ്യമുള്ളതിനാൽ, ഭാസൻ മൂന്നും നാലും നൂറ്റാണ്ടിനിടയിൽ ജീവിച്ചു എന്ന് കരുതുന്നു .ശക്തിഭദ്രൻ ശങ്കരാചാര്യ കാലത്താകാം. എ ഡി ഏഴും പതിനൊന്നും നൂറ്റാണ്ടുകൾക്കിടയിൽ കാലം കണക്കാക്കുന്നു എങ്കിലും, ശങ്കരാചാര്യരുമായി ഒരു കൂടിക്കാഴ്ചയുടെ കഥയുണ്ട്. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരൻ ജീവിച്ചത്.
കാളിദാസൻ 'മാളവികാഗ്നി മിത്ര' പ്രസ്താവനയിൽ ഇങ്ങനെ ചോദിക്കുന്നു: "ഭാസൻ, സൗമിളൻ, കവിപുത്രൻ എന്നീ പ്രതിഭാശാലികളുടെ രചനകൾ നമുക്ക് മറക്കാനാവുമോ? ആധുനിക കവി കാളിദാസനോട് പ്രേക്ഷകർക്ക് ആദരവ് തോന്നുമോ?'
ഭാരതീയ സംസ്‌കൃത നാടകങ്ങൾ ബി സി അഞ്ചോ നാലോ നൂറ്റാണ്ടുകളിലേക്ക് വേരാഴ്ത്തി നിൽക്കുന്നു. 'അർത്ഥശാസ്ത്ര'ത്തിൽ 'കുശീലവ' എന്ന് പറയുന്നത് എന്താണെന്ന് വ്യക്തമല്ല. പതഞ്ജലിയുടെ 'മഹാഭാഷ്യ'ത്തിൽ 'കംസ വധം', ബാലി ബന്ധനം ' എന്നീ നാടകങ്ങളെ പരാമർശിക്കുന്നു. 'ഹരിവംശ'ത്തിൽ കൃഷ്ണൻറെ പിന്മുറക്കാർ ഒരു നാടകം അവതരിപ്പിക്കുന്നതായി പറയുന്നു. മഹാഭാരതത്തിൽ മരം കൊണ്ടുള്ള ഒരു സ്ത്രീ[പ്രതിമ പരാമർശിക്കുന്നു. ഇവ മൂകാഭിനയ സംഭവങ്ങളായി (Pantomime) A History of Sanskrit Literature ൽ A Berriedale Keith തള്ളിക്കളയുന്നു. അശ്വഘോഷനും ഭാസനും മുൻപ് ഭാരതീയ നാടകം ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കുന്നു. യൂറോപ്യൻ പണ്ഡിതർ അംഗീകരിക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്‌കൃത നാടകം, അശ്വഘോഷൻറെ 'ശാരീപുത്ര പ്രകരണം' ആണ്. ബുദ്ധ സന്യാസിയായ അശ്വഘോഷൻ ജീവിച്ചത്, എ ഡി 80 -150 ൽ ആണെന്നാണ് നിഗമനം. അശ്വഘോഷ നാടകം കിട്ടിയത്, ചൈനയിൽ ഷിൻജിയാങ്ങിലെ ടുർഫാനിൽ നിന്നാണ്.
കാളിദാസൻ മാത്രമല്ല, ബാണനും 'കാവ്യമീമാംസ' എഴുതിയ രാജശേഖരനും ഭാസനെപ്പറ്റി പറയുന്നുണ്ട്.
കാളിദാസൻ 'മാളവികാഗ്നി മിത്ര' പ്രസ്താവനയിൽ ഇങ്ങനെ ചോദിക്കുന്നു: "ഭാസൻ, സൗമിളൻ, കവിപുത്രൻ എന്നീ പ്രതിഭാശാലികളുടെ രചനകൾ നമുക്ക് മറക്കാനാവുമോ? ആധുനിക കവി കാളിദാസനോട് പ്രേക്ഷകർക്ക് ആദരവ് തോന്നുമോ?'
ഭാരതീയ സംസ്‌കൃത നാടകങ്ങൾ ബി സി അഞ്ചോ നാലോ നൂറ്റാണ്ടുകളിലേക്ക് വേരാഴ്ത്തി നിൽക്കുന്നു. 'അർത്ഥശാസ്ത്ര'ത്തിൽ 'കുശീലവ' എന്ന് പറയുന്നത് എന്താണെന്ന് വ്യക്തമല്ല. പതഞ്ജലിയുടെ 'മഹാഭാഷ്യ'ത്തിൽ 'കംസ വധം', ബാലി ബന്ധനം ' എന്നീ നാടകങ്ങളെ പരാമർശിക്കുന്നു. 'ഹരിവംശ'ത്തിൽ കൃഷ്ണൻറെ പിന്മുറക്കാർ ഒരു നാടകം അവതരിപ്പിക്കുന്നതായി പറയുന്നു. മഹാഭാരതത്തിൽ മരം കൊണ്ടുള്ള ഒരു സ്ത്രീ[പ്രതിമ പരാമർശിക്കുന്നു. ഇവ മൂകാഭിനയ സംഭവങ്ങളായി (Pantomime) A History of Sanskrit Literature ൽ A Berriedale Keith തള്ളിക്കളയുന്നു. അശ്വഘോഷനും ഭാസനും മുൻപ് ഭാരതീയ നാടകം ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കുന്നു. യൂറോപ്യൻ പണ്ഡിതർ അംഗീകരിക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്‌കൃത നാടകം, അശ്വഘോഷൻറെ 'ശാരീപുത്ര പ്രകരണം' ആണ്. ബുദ്ധ സന്യാസിയായ അശ്വഘോഷൻ ജീവിച്ചത്, എ ഡി 80 -150 ൽ ആണെന്നാണ് നിഗമനം. അശ്വഘോഷ നാടകം കിട്ടിയത്, ചൈനയിൽ ഷിൻജിയാങ്ങിലെ ടുർഫാനിൽ നിന്നാണ്.
കാളിദാസൻ മാത്രമല്ല, ബാണനും 'കാവ്യമീമാംസ' എഴുതിയ രാജശേഖരനും ഭാസനെപ്പറ്റി പറയുന്നുണ്ട്.
രാമായണകഥ: പ്രതിമാ നാടകം, അഭിഷേക നാടകം.
ഭാരതകഥ: പഞ്ചരാത്രം, മധ്യമ വ്യായോഗം, ദൂത വാക്യം, ദൂത ഘടോൽക്കചo, കർണ ഭാരം, ഊരുഭംഗം, nബല ചരിതം.
ലോക കഥ: അവിമാരകം, ചാരുദത്തൻ
ഉദയന കഥ: പ്രതിജ്ഞാ യൗഗന്ധരായണം, സ്വപ്ന വാസവദത്തം.
'മാളവികാഗ്നി മിത്ര' സൂത്രധാര പ്രസ്താവനയിൽ കാളിദാസൻ ഭാസനെ പരാമർശിക്കുന്നു. 'ഊരു ഭംഗ'ത്തിലും 'അഭിഷേക നാടക'ത്തിലും യുദ്ധവും മരണവും ചിത്രീകരിച്ചതിനാൽ, ഭരത മുനിക്ക് മുൻപ് ജീവിച്ചയാൾ ആകണം എന്നൊരു വാദമുണ്ട്. ബി സി രണ്ട് -എ ഡി രണ്ട് നൂറ്റാണ്ടിനിടയിലാണ് 'നാട്യ ശാസ്ത്രം' എങ്കിലും, അത് അറിയപ്പെടുന്നത് ഏഴാം നൂറ്റാണ്ടിൽ എന്ന് മറു വാദം.
ആശ്ചര്യ ചൂഡാമണി' എഴുതിയ ശക്തി ഭദ്രൻ, പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ. അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.
കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് (1781) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ (1791) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന് ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.
ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ, 'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു. മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല. നിരാശനായ ശക്തി ഭദ്രൻ, നാടകം തീയിട്ടു. പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു. നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:
ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ
രജനിചര നിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന
ഇതോർമിച്ച് , 'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു. നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു; ശക്തി ഭദ്രൻ എഴുതി എടുത്തു.
'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത് അതിൻറെ പ്രസ്താവനയിലാണ്:
ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം
കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.
ആശ്ചര്യ ചൂഡാമണി കൂടിയാട്ടം / ചിത്രം :ദീപു എസ് ജി |
തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്, മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം. പിൽക്കാലത്ത്, 'തപതീ സംവരണം', 'സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ, 'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല. ശക്തി ഭദ്രനോടുള്ള പുച്ഛം, മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ, ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്നു. തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.
'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിയും ശക്തി ഭദ്രനെ പരാമർശിക്കുന്നു:
അസ്മാകം പ്രബന്ധകൃദപി മഹാനേവ
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി
'ആശ്ചര്യ ചൂഡാമണി', ഭാസൻറെ 'പ്രതിമാ നാടകം', 'അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്, 21 അങ്കങ്ങളിലായി, 'രാമായണ നാടകം' കൂടിയാട്ടത്തിൽ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും. നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും. നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ, 1500 പണവും ചെലവും മതി.
ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്, പ്രതിമാ, അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്. കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.
ശക്തി ഭദ്രൻറെ കുടുംബം അന്യം നിന്നുവെന്നാണ് ഉള്ളൂർ പറഞ്ഞതിൽ നിന്ന് കിട്ടുന്നത്. അതിൽ പറയുന്ന ദത്ത് വർഷങ്ങൾ 1781,1791 എന്നിവയാണ്. ഭാസൻ മുതൽ ശക്തി ഭദ്രൻ വരെയുള്ള ചരിത്രം ചികഞ്ഞാൽ കിട്ടുന്നത്, എ ഡി 400 മുതൽ, കാളിദാസന് മുൻപ് മുതൽ, കേരളത്തിൽ നില നിന്ന സംസ്‌കൃത നാടക (കൂടിയാട്ട) പാരമ്പര്യമാണ്; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ മറ്റൊരു ദേശത്തുമില്ല.
ശക്തി ഭദ്രൻറെ കുടുംബം അന്യം നിന്നുവെന്നാണ് ഉള്ളൂർ പറഞ്ഞതിൽ നിന്ന് കിട്ടുന്നത്. അതിൽ പറയുന്ന ദത്ത് വർഷങ്ങൾ 1781,1791 എന്നിവയാണ്. ഭാസൻ മുതൽ ശക്തി ഭദ്രൻ വരെയുള്ള ചരിത്രം ചികഞ്ഞാൽ കിട്ടുന്നത്, എ ഡി 400 മുതൽ, കാളിദാസന് മുൻപ് മുതൽ, കേരളത്തിൽ നില നിന്ന സംസ്‌കൃത നാടക (കൂടിയാട്ട) പാരമ്പര്യമാണ്; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ മറ്റൊരു ദേശത്തുമില്ല.
------------------------------------------------