Sunday, 28 January 2024

കേരളത്തിൽ നിറഞ്ഞ ശ്രീരാമൻ

വാല്മീകി രാമായണത്തിൽ 

തേങ്ങയ്ക്ക് മാത്രമല്ല, തെങ്ങിനും സംസ്കൃതത്തിൽ നാളികേരം, നാരീകേളം എന്നൊക്കെ പറയുമെന്ന്, എൻ ആർ കൃഷ്ണൻ, 'ഈഴവർ അന്നും ഇന്നും' എന്ന പുസ്തകത്തിൽ പറയുന്നു (പേജ് 27 -28). അതിനെ കേരളം എന്നും എടുക്കാം. അങ്ങനെ എടുത്താൽ, 'വാല്മീകി രാമായണ'ത്തിൽ, ഇതാ കേരളം:

തതഃ പശ്ചിമമാസാദ്യസമുദ്രം ഭ്രഷ്ടമർഹഥ 
തിമിനക്രായുത ജലക്ഷോഭഭ്യമഥവാനരാ
തതഃ കേതകഷണ്ഡേഷു തമാല ഗഹനേഷുച 
കപയോവിഹരിഷ്യന്തി നാരികേല വനേഷു ച 

ഇത്, കിഷ്കിന്ധ്യാ കാണ്ഡം അധ്യായം 42. 

കിഷ്കിന്ധാകാണ്ഡത്തിൽ, കേരളത്തിലെ മുരചീപത്തനം അഥവാ കൊടുങ്ങലൂർ: 

വേലാതലനിവിഷ്ടേഷു
പർവ്വതേഷു വനേഷു ച
മുരചീപത്തനം ചൈവ
രമ്യം ചൈവ ജടീപുരം

(സീതയെ അന്വേഷിക്കേണ്ട സ്ഥലങ്ങൾ പറയുന്നിടത്ത്) "സമുദ്രതീരപ്രദേശങ്ങളിലും പർവ്വതങ്ങളിലും മുരചീപത്തനത്തിലും രമ്യമായ ജടീപുരത്തിലും" അത് ചെയ്യണം.)

"സാകേതികോദ്ദാലക നാരികേലെ" എന്നാണ് സുന്ദരകാണ്ഡത്തിൽ. പശ്ചിമദിക്ക് എന്നാൽ, കേരളം. അവിടെ വാല്മീകി കണ്ടത്, സമുദ്രവും തെങ്ങിൻ വനങ്ങളുമാണ്. ഇത് കൃഷ്ണൻ പറയുന്നത്, ഈഴവർ ലങ്കയിൽ നിന്ന് കൊണ്ടു വന്നതല്ല തെങ്ങ് എന്ന് സ്ഥാപിക്കാനാണ്. 

രാമായണം സർഗം 41 ൽ സീതയെ തിരഞ്ഞ് തെക്കൻ ദിക്കിലേക്ക് പോകുന്ന കപി സൈന്യത്തിലെ പ്രമുഖൻ ജാംബവാനാണ്, അതിൽ ഹനുമാനും   ഉണ്ട്. സൈന്യ നേതാവ് അംഗദനായിരുന്നു.

അവർ താണ്ടുന്ന പർവ്വതങ്ങൾ, താണ്ടേണ്ട നദികൾ എന്നിവ വിവരിച്ച ശേഷം, ഗോദാവരി തീരത്ത് നിന്ന് ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം എന്നീ സ്ഥലങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം എന്ന് മുന്നറിയിപ്പ് നൽകുന്നു. 

പെരിയാർ തീരത്തെ മാരീചാശ്രമത്തിലേക്ക് ലങ്കയിൽ നിന്ന് രാവണൻ പോകുമ്പോൾ, കണ്ട ആശ്രമ പ്രദേശത്തെ വാല്മീകി ഇങ്ങനെ വർണിക്കുന്നു:

കുന്നിണങ്ങും കടൽത്തീരം കണ്ടുംകൊണ്ടതിവീര്യവാൻ 
നാനാപുഷ്ഫലദ്രുക്കളസാംഖ്യമിട ചേർന്നതായ് 
നീളെക്കുളുർത്ത നൽത്തണ്ണീരേലും പത്മാകരങ്ങളും 
വേദിയുള്ള വിശാലാശ്രമങ്ങളും ചുഴലുന്നതായ് 
വാഴയും തുവരും തിങ്ങി തെങ്ങിനാലും ലസിപ്പതായ് 

നാനാ പുഷ്പഫലത്തോടെ വൃക്ഷങ്ങൾ, വാഴ, തുവര, തെങ്ങ് എന്നിവ ചേർന്ന് കുന്നിണങ്ങും തീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ വർണനയാണ് ഇതെന്ന് കൃഷ്ണൻ നിരീക്ഷിക്കുന്നു (പേജ് 54). തുവര പരിപ്പ് അന്നേയുള്ളത്, ഇ പി സഖാവിനെ സുഖിപ്പിക്കേണ്ടതാണ് -പരിപ്പുവട അന്നും ഉണ്ടായിരിക്കാം. സാമ്പാർ പറയാനുമില്ല. 

ഭാഗവതത്തിൽ  പലയിടത്തുമുണ്ട്, കേരളം:

തതഃ സമുദ്രതീരേണ വംഗാൽ 
പുംഡ്റാസ കേരളാൽ 
തത്രതത്രചഭുരിണീമ്ലേച്ഛ 
സൈന്യാന്യാനേകശഃ 

ഇത്, അശ്വമേധപർവ്വം അധ്യായം 83. വായു പുരാണം, മത്സ്യപുരാണം, അർത്ഥശാസ്ത്രം, കാളിദാസ രഘുവംശം എന്നിവയിലുമുണ്ട്, കേരളം. എന്നിട്ടാണ്, ഇതൊരു കപട മതേതര തുരുത്തായി ഭാരതത്തിൽ നിലകൊള്ളുന്നത്!

സാഹിത്യത്തിൽ 

ഫാ കാമിൽ ബുൽക്കെ വിഖ്യാതമായ 'രാമകഥ'യിൽ, പതിനേഴാം നൂറ്റാണ്ട് വരെയുള്ള മലയാള രാമകഥകൾ ആണ് പരാമർശിക്കുന്നത്.

ഒന്ന്: രാമചരിതം. ചീരാമൻ എന്ന കവി എഴുതി. യഥാർത്ഥ പേര്, ഇരാമചരിതം. തിരുവിതാംകൂറിലെ ഒരു രാജാവാണ് ഗ്രന്ഥകാരൻ എന്ന ഐതിഹ്യത്തിന് തെളിവില്ലെന്ന് ആർ നാരായണപ്പണിക്കർ 'ഭാഷാസാഹിത്യചരിത്ര'ത്തിൽ (ഭാഗം ഒന്ന്, പേജ് 172) പറയുന്നു. പല ഭാഗത്തും വാല്മീകി രാമായണത്തിൽ നിന്ന് പദാനുപദം പരിഭാഷ ഉണ്ട്. കഥ, യുദ്ധകാണ്ഡവുമായി ബന്ധപ്പെട്ടതാണ്. 

കണ്ടെടുക്കപ്പെട്ടതിൽ ആദ്യ മലയാള കൃതി. 'തിരുനിഴൽമാല'യാണ് ആദ്യമുണ്ടായത് എന്ന് വേറൊരു അഭിപ്രായമുണ്ട്. ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂർ ഭരിച്ച വീരരാമവർമ്മയാണ് കർത്താവെന്ന് ഉള്ളൂർ പറയുന്നു. പത്മനാഭസ്തുതിയും  ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച കമ്പരെ രാമചരിതകാരൻ ഉപജീവിച്ചതും തെളിവ്.

പതിനാലാം ശതക ആരംഭത്തിൽ കേരളത്തിൽ ത്രൈവർണികരല്ലാത്തവർ സംസാരിച്ച ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തിൽ കാണുന്നതെന്ന് ഇളംകുളം കുഞ്ഞൻ പിള്ള. അത് ശരിയെങ്കിൽ, മാർക്സിസ്റ്റുകളുടെ ഹേഗെമണി വാദം പൊളിയും; അത് എഴുത്തച്ഛനിൽ കണിശമായും പൊളിയും. 

രാമചരിതത്തിൻ്റെ  വട്ടെഴുത്തിലെ താളിയോലപ്പകർപ്പ്, കാസർകോട്ടെ നീലേശ്വരത്തു നിന്നു കിട്ടി. ഈ കൃതി ഉത്തരകേരളത്തിലെ മണിയാണി നായന്മാർക്കിടയിൽ ഏറെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളിൽ പൂജിക്കുന്നുണ്ടെന്നും പി വി കൃഷ്ണൻ നായർ നിരീക്ഷിക്കുന്നു. ക്രിസ്തുമതത്തിലേക്ക് മാറിയ ഒരു സംഘം നായന്മാരെ മാണിക്യവാസകർ തിരിച്ചു കൊണ്ടുവന്നതാണ്, മണിയാണി നായന്മാർ. രാമചരിത വൃത്തങ്ങളാണ്, പിന്നീട് കാകളി, മണികാഞ്ചി, ഊനകാകളി ഒക്കെ ആയത്. 
 
രണ്ട്: രാമകഥപ്പാട്ട്. ഇതേ കാലത്തുള്ളതാണ് അയ്യപ്പിള്ളയാശാൻ എഴുതിയ ഈ രചന. രാമരാവണയുദ്ധം മാത്രം വിഷയം. കോവളത്തിനടുത്ത്  ഔവാടുതുറക്കാരനാണ് അയ്യപ്പിള്ള ആശാൻ. അക്ഷരജ്ഞാനമില്ലാത്ത കൃഷിക്കാരൻ. ഒരു ദിവസം മാടം കാക്കാൻ അനുജനെ ഏൽപിച്ച്  പത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാൻ പോയി. ദീപാരാധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു വൃദ്ധനോട് എന്തെങ്കിലും തരണമെന്ന് അപേക്ഷിച്ചു. അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തു. മാടത്തിലേക്കുള്ള മടക്കയാത്രയിൽ രാമകഥ പാടിയെന്ന് ഐതിഹ്യം. 

വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിൻ്റെ സഹായത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥപ്പാട്ട് പാടിയിരുന്നു.

മൂന്ന്: കണ്ണശ്ശരാമായണം. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ, നിരണം കവികളിലെ കണ്ണശ്ശ രാമപ്പണിക്കർ രചിച്ചത്. വാല്മീകിരാമായണ പരിഭാഷ. പലതും ഉപേക്ഷിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സമ്പൂർണ രാമായണo.

രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനo. ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങൾ  ഉപയോഗിച്ചു. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് ഇത് രചിച്ചതെന്ന് വിശ്വാസം. കണ്ടത്തിൽ വർഗീസ് മാപ്പിള (1857-1704) കണ്ടെത്തി. ഭാഷാപോഷിണി ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെയും പ്രസിദ്ധീകരിച്ചു. പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 

നാല്: രാമായണം ചമ്പു. സി ഇ 1500 നടുത്ത് പുനം നമ്പൂതിരി രാമായണം ചമ്പു മണിപ്രവാളത്തിൽ എഴുതി. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെ 20 പ്രബന്ധങ്ങൾ. കണ്ണൂര്‍കാരനായ കവി കോഴിക്കോട് സാമൂതിരി മാനവിക്രമ സദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളായിരുന്നു. മലയാള കവിയായിരുന്നതിനാൽ പുനത്തെ അരക്കവിയായി മാത്രം പരിഗണിച്ചു.

അഞ്ച്: ആധ്യാത്മരാമായണം. തുഞ്ചത്ത് എഴുത്തച്ഛൻ 1575 നും 1650 നും ഇടയ്ക്ക് എഴുതിയെന്ന് ബുൽക്കെ പറയുന്നു. സംസ്കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ചു എഴുത്തച്ഛൻ കിളിപ്പാട്ടുരീതിയിൽ എഴുതിയ കൃതിയാണ്. മലയാളത്തിൽ സാംസ്കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് കളമൊരുക്കി. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഇതിനാണ്. കാരണം, അവിടത്തെ രാമാനന്ദി ആചാരത്തിന് തുടക്കം കുറിച്ച സ്വാമി രാമാനന്ദ് (1366–1467) ആയിരുന്നു, എഴുത്തച്ഛന് പ്രചോദനം. രാമാനന്ദി സമ്പ്രദായം പിന്തുടർന്ന വൈഷ്ണവ സാധുവായിരുന്നു, എഴുത്തച്ഛൻ. പാലക്കാട്‌ ചിറ്റൂരിൽ ശോകനാശിനി പുഴയുടെ തീരത്ത് എഴുത്തച്ഛൻ സ്ഥാപിച്ചതും അവസാനം വരെ താമസിച്ചതുമായ ഗുരുകുലത്തിന് അദ്ദേഹം പേരിട്ടത് 'രാമാനന്ദാശ്രമം' എന്നാണ്. ആ രാമാനന്ദ് തന്നെയാണ്, 

"ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും" 

എന്ന് എഴുത്തച്ഛൻ എഴുതിയ, രാമനാമമുള്ള ആചാര്യൻ. എഴുത്തച്ഛൻ എഴുതിയ കിളിപ്പാട്ട്, രാമാനന്ദൻ്റെ ആധ്യാത്മരാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പറയുന്നു.

ആറ്: കേരളവർമ്മ രാമായണം. വാല്മീകിരാമായണ പരിഭാഷ. പതിനേഴാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉമയമ്മറാണിയെ സഹായിക്കാൻ  എത്തിയ വയനാട് കോട്ടയം കേരളവർമ്മ (1645 -1696) എഴുതി. എട്ടുവീട്ടിൽപ്പിള്ളമാരെ എതിർക്കുകയും ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു കൊട്ടാരത്തിന് മുന്നിൽ വെട്ടേറ്റ് മരിക്കുകയും ചെയ്തു. പുലപ്പേടി, മണ്ണാപ്പേടി എന്നിവ നിർത്തി. മുസ്ലിം ആക്രമണകാരിയായ മുകിലനെ കൊന്നു. റാണിയുടെ കാമുകൻ. വാല്മീകിരാമായണമാണ് മൂലം. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ട്.

ശ്രീരാമനുമായി കേരളവർമ്മയും ബന്ധപ്പെട്ടിരിക്കുന്നു. മുകിലനെ തുരത്തിയ ശേഷം കേരളവർമ്മയുടെ സ്വപ്നത്തിൽ ശ്രീരാമൻ  പ്രത്യക്ഷപ്പെട്ട്  ഒരു ക്ഷേത്രം പണിയാൻ നിർദേശിച്ചു. രാമൻ്റെ നിർദ്ദേശമനുസരിച്ച് പത്മനാഭപുരത്തിന് വടക്കു കിഴക്കു നിന്നു കേരളവർമ്മ വിഗ്രഹം കണ്ടെടുത്ത്, രാമസ്വാമി ക്ഷേത്രം പണിതുവെന്ന് സ്വാമി പരമേശ്വരാനന്ദ്, Encyclopedia of Saivisam എന്ന പുസ്തകത്തിൽ (വാല്യം ഒന്ന്, പേജ് 176) പറയുന്നു.

ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സാധാരണമായ പേരാണ് രാമൻ എന്നതിനാൽ, സണ്ണി കപിക്കാട്, ഇളയിടത്ത് സുനിൽ എന്നിവർ പറയുന്ന രാമൻ ഏതെങ്കിലും സവർണ ബ്രാഞ്ച് സെക്രട്ടറി ആയിരിക്കും. അയോധ്യയിലെ രാമൻ ആവില്ല. 

മാപ്പിളരാമായണം 

രാമായണത്തിലെ സന്ദർഭങ്ങൾ  മാപ്പിളപ്പാട്ടിൻ്റെ  ശൈലിയിൽ രൂപപ്പെടുത്തിയ കൃതിയാണ് മാപ്പിള രാമായണം. കർത്താവാരെന്നോ രചനക്കാലം ഏതെന്നോ വ്യക്തമല്ല. ഇത്, മലബാർ കലാരൂപമായി ആണ് നിലവിൽ വന്നതും നിലനിൽക്കുന്നതും. മലബാർ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള പദാവലി, ശൈലിയാണ്  എന്നതിനാൽ, എഴുതിയതും രാമനെ സ്നേഹിക്കുന്ന മാപ്പിള ആയിരുന്നിരിക്കണം. അതാകാം, പ്രാണപ്രതിഷ്ഠയ്ക്ക് തലേന്ന് കോഴിക്കോട് ചേർന്ന ലീഗ് യോഗത്തിൽ, രാമനോട് നമുക്ക് ആദരവാണ് എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. 

വാമൊഴിയായി ഇത് നിലനിന്നത്,  മലയാളത്തിലെ ആദ്യ രചനകളിൽ ഒന്നായ രാമകഥപ്പാട്ട് പോലെ തന്നെ. രാമകഥപ്പാട്ട് ഉണ്ടാക്കിയത്, അക്ഷരം അറിയാത്ത കോവളത്തെ അയ്യപ്പിള്ളയാശാനാണ്. അത് പോലെ, വളരെ പഴക്കം മാപ്പിളരാമായണത്തിനും ഉണ്ടാകാം. അത്, ലിഖിത രൂപത്തിൽ സമാഹരിച്ചത്, വേദികളിൽ മാപ്പിള രാമായണം ചൊല്ലി അവതരിപ്പിച്ച ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരാണ്.  

ശ്രീരാമ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ സന്ദർഭങ്ങളാണ് മാപ്പിളരാമായണ ഇതിവൃത്തം. ദശരഥൻ ഇവിടെ ബാപ്പയാണ്. ഇതിൽ,  ലാമൻ ആയ രാമൻ, സീതയെ (കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കു കേട്ട്, "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയതു" പാട്ടിലുണ്ട്. ശൂർപ്പണഖയുടെ പ്രണയാഭ്യർഥനയും രാമൻ്റെ തിരസ്കാരവും, രാവണൻ സീതയിൽ അനുരക്തനാകുന്നതും, മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നു.

ഇത്, 14 -15  നൂറ്റാണ്ടുകളിൽ ഉണ്ടായി എന്ന് കരുതുന്നു. നമ്പ്യാർ ഇത് ആദ്യം കേട്ടത്, പിരാന്തൻ ഹസ്സൻകുട്ടി എന്ന സൂഫി ഫക്കീറിൽ നിന്നാണ്. അതിലെ 148 ഈരടികൾ നമ്പ്യാർ ഹൃദിസ്ഥമാക്കി. അതുമായി നമ്പ്യാർ, 1978 ൽ സുഹൃത്ത് എം എൻ കാരശ്ശേരിയെ കണ്ടു. ഇരുവരും ഗവേഷണം നടത്തി, രാമായണത്തിൻ്റെ 60% ശരിയാക്കി. മുസ്ലിം ധനിക കുടുംബങ്ങളിൽ നിന്നാണ് ശേഖരിച്ചത്. 

എഴുത്തച്ഛൻ എഴുതിയ രാമായണം കിളിപ്പാട്ടിൻ്റെ തുടക്കമാണ്, ഇതിൽ അനുകരിച്ചിരിക്കുന്നത്. എഴുത്തച്ഛൻ തുടങ്ങുന്നത് ഇങ്ങനെ:

ശ്രീരാമ രാമ രാമ രാമ രാമ 
ശ്രീരാമചന്ദ്ര ജയ, ലോകാഭി രാമ !

മാപ്പിളരാമായണം ആവർത്തിക്കുന്നു:

ശ്ലീ ലാമ ലാമ ലാമ, 
ശ്ലീ ലാമചന്ദ്ര ജയ, ഉല്ലക്കിൽ ജയ!

ഇതിലെ  "ഉല്ലക്കിൽ,"  "ലോകാഭി"യുടെ തമിഴ് -മലയാളമാണ്. 

തുടർന്ന്, മാപ്പിളരാമായണം ഇങ്ങനെ പുരോഗമിക്കുന്നു. വാല്മീകി, താടിക്കാരൻ ഔലിയാണ്:

പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണംകത പാട്ട്‌
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌

മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്

ചില ഭാഗങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. ശൂർപ്പണഖ, തൻ്റെ മൂക്ക് ചെത്തിയ ലക്ഷ്മണനെ കൈകാര്യം ചെയ്യാൻ ഖരനോടും മറ്റും പരാതിപ്പെടുന്നില്ല. പകരം, തോഴിയായ ഫാത്തിമയോട് ലൗജിഹാദ് നടത്താൻ കൽപിക്കുന്നു. എന്നാൽ, രാമനും ലക്ഷ്മണനും റസൂലുകൾ (പ്രവാചകർ) ആയതിനാൽ, ആ പരിപാടി ശരിയല്ലെന്ന് ഫാത്തിമ ഓർമ്മിപ്പിക്കുന്നു. ഇത്, സുഡാപ്പികൾക്ക് ഒരു പാഠമാണ്. 

ആശാൻ്റെ രാമൻ, അയോദ്ധ്യയും  

കുമാരനാശാൻ്റെ ചരമശതാബ്‌ദി ആചരിക്കുന്ന ഈ ഘട്ടത്തിൽ എന്നെ അദ്ഭുതപ്പെടുത്തിയത്, ഒരാളും അദ്ദേഹം കണ്ട ശ്രീരാമനെ പരാമർശിക്കുന്നില്ല എന്നതാണ്. 1916 ൽ 'ബാലരാമായണം,' ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം എന്നിവ എഴുതിയെങ്കിലും, 'സമ്പൂർണ ബാലരാമായണം' പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

'ബാലരാമായണ' മുഖവുരയിൽ ആശാൻ എഴുതി:

"ഈ കൃതി എഴുതുന്നതിൽ രണ്ടു സംഗതികളാണ് പ്രധാന പ്രേരകങ്ങളായിരുന്നിട്ടുള്ളത്. ഒന്ന്, ഉൽകൃഷ്ടമായ രാമായണത്തിലെ കഥാസാരം പാടുള്ളത്ര പ്രകൃത്യനുരൂപമായ വിധത്തിൽ ബാല ഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കുക; മറ്റേത്, വലിയ പദ്യകൃതികൾ വായിച്ചു രസിപ്പാൻ  കുട്ടികളുടെ മനസ്സിൽ കൗതുകം ജനിപ്പിക്കുക. ഈ ഉദ്ദേശങ്ങളെ മുൻനിർത്തി കഥാപാത്രങ്ങളുടെ സ്വഭാവാദികളെ ഒരുവിധം സൂക്ഷിച്ച് ഈ കൃതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബാഹ്യപ്രകൃതിയേയും മാനസികഭാവങ്ങളെയും സംബന്ധിച്ച് അവിടവിടെ പ്രകൃതത്തിനനുസരിച്ച് അല്പാ ല്പമായ ചില വർണ്ണനകളും ചെയ്തിട്ടുണ്ട്. ഈ രീതിയിൽ രാമായണം മുഴുവൻ എഴുതി പ്രസിദ്ധപ്പെടുത്താനാണ് വിചാരിക്കുന്നത്. വാല്മീകി രാമായണത്തിൻ്റെ ഛായയും രസവും പാടുള്ളത്ര ഈ ചെറിയ കൃതിയിൽ വരുത്താൻ നോക്കുന്നതുമാണ്."

അതായത്, രാമൻ, കുമാരനാശാൻ്റെയും ആരാധ്യ പുരുഷൻ ആയിരുന്നു; അദ്ദേഹം കുട്ടികളുടെ മനസ്സിൽ ആ വീരപുരുഷനെ ഉറപ്പിക്കാൻ തീരുമാനിച്ചിരുന്നു. മനുഷ്യനായി വേണം എന്നതിനാൽ, വാല്മീകിരാമായണത്തെ ഉപജീവിച്ചു. ബാലകാണ്ഡം അദ്ദേഹം ഇങ്ങനെ തുടങ്ങി:

ശ്രീരാമചന്ദ്രചരിതം
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേൾപ്പിൻ സരസം
ചൊൽവൻ ലളിതഭാഷയിൽ 

പണ്ടു കോസലരാജ്യത്തിൽ 
പേരെഴുന്നോരയോദ്ധ്യയിൽ 
മന്നവന്മാർ വാണിരുന്നു
മനുവിൻ  തറവാട്ടുകാർ 

വേദശാസ്ത്രങ്ങൾ രാമനും സഹോദരരും പഠിച്ചത്, കപട മതേതരവാദികളെപ്പോലെ ആശാൻ മറച്ചു വയ്ക്കുന്നില്ല:

വേദശാസ്ത്രങ്ങൾ വിധിപോൽ 
പഠിച്ചു മുനിയോടവർ 
അസ്ത്രശാസ്ത്രങ്ങളതുപോ-
ലച്ഛനോടും പഠിച്ചിതേ.

അമാനുഷ്മഹാവീര്യ-
നിധിയായ് നാലുമക്കളിൽ 
ശ്രീരാമചന്ദ്രനധികം
ശ്രേഷ്ഠനായ്ത്താൻ വിളങ്ങിനാൻ.

സന്യാസിമാരെ ആശാന് പുച്ഛമില്ല; രാമൻ ക്ഷത്രിയധർമ്മം അനുഷ്ഠിക്കുന്നതിൽ വിരോധവുമില്ല.

വന്നിതക്കാലമവിടെ
വിശ്വാമിത്രമഹാമുനി
രാക്ഷസന്മാർ കർമ്മവിഘ്നം
ചെയ്കയാൽ കാട്ടിൽ നിന്നുമേ.

വനത്തിൽ വാണു വേദങ്ങ-
ളഭ്യസിച്ചു വിധിപ്പടി
യാഗാദികർമ്മം ചെയ്യുന്ന
യോഗിമാർ മുനിമാരിവർ 

ഇവർ ചെയ്‌വൂ പുണ്യകർമ്മ-
മീശ്വരപ്രീതിയോർത്തുതാൻ 
മുടങ്ങാതതു രക്ഷിക്ക
മുഖ്യമാം രാജധർമ്മമാം.

യാഗം, അഭിഷേകം തുടങ്ങിയ ആചാരങ്ങളിലും എതിർപ്പില്ല:

ജടകൂട്ടിക്കെട്ടിവയ്പ്പോർ 
താടിനീട്ടിവളർത്തുവോർ 
തോലോ മരപ്പട്ടയോ കൊ-
ണ്ടരമാത്രം മറയ്ക്കുവോർ .

ഗോപിചാർത്തുന്നവർ ചിലർ 
ഭസ്മം പൂശീടുന്നവർ ചിലർ 
കൂടി തപസ്വിമാർ വന്ന-
ങ്ങെല്ലാരും വേദവേദികൾ .

വിശ്രമിച്ചിന്നു സുഖമാ-
യേവരും യജ്ഞവാടിയിൽ 
വിശ്വാസമാർന്നു പിറ്റേന്നാൾ 
യാഗകർമ്മം തുടങ്ങിനാർ .

ഒരുക്കീവേദി, മുറപോ-
ലാരംഭിച്ചു ജപങ്ങളും
ഹോമങ്ങളും താപസന്മാർ 
തർപ്പണങ്ങളുമങ്ങുടൻ.

അയോദ്ധ്യ ബാലകാണ്ഡത്തിൽ തന്നെ ആശാൻ പരാമർശിക്കുന്നു. ആശാൻ വിവരിക്കുന്ന അയോദ്ധ്യ കാഴ്ചകൾ അപാരമാണ്. മുഴുവൻ ഇവിടെ വർണ്ണിക്കുന്നില്ല. എന്നാൽ, ഇപ്പോഴത്തെ അയോദ്ധ്യ പോലെ തന്നെ തോന്നുന്നു:

ഹിമാലയത്തിൻ ശിഖര-
നിരപോൽ തിങ്ങിയെങ്ങുമേ
കാണുമാറായ് വീഥിതോറും
സൗധങ്ങൾ പലമാതിരി.

ചലിച്ചു തെരുവിൽ ചിത്ര-
വസ്ത്രമാർന്ന ജനാവലി
നീളെക്കാണായി പുഴയിൽ 
പൂന്തോട്ടം നിഴലിച്ചപോൽ.

രസമായ് ഗീതവാദ്യങ്ങൾ 
നീട്ടിക്കൊടി പറത്തിയും
ലാത്തീ കാറ്റങ്ങു കളഭ-
സൗരഭ്യങ്ങൾ പരത്തിയും.

മിഥില കാണുമ്പോഴും അവർ അയോദ്ധ്യ ഓർക്കുന്നു. അങ്ങനെ, ബാലരാമായണം വായിക്കുമ്പോഴും, അദ്വൈതിയായ ആശാന് മുന്നിൽ തൊഴുകൈകളോടെ നാം നിൽക്കുന്നു. ഇത്, സ്‌കൂളുകളിൽ നിർബന്ധമായും പഠിപ്പിക്കേണ്ടതാണ്. അതോ, ഭാരതസംസ്‌കൃതിയിൽ നിലയുറപ്പിച്ച ആശാനെ, ചുവന്ന സിംഹാസനങ്ങൾ പേടിക്കുന്നുണ്ടോ?

നാലമ്പല ദർശനം
തൃശൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു, കേരളത്തിൽ മാത്രമാണ്, നാലമ്പല ദർശനം എന്നൊരു ആചാരമുള്ളത് എന്ന്. 

കര്‍ക്കടകത്തിൽ വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപ ദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ്, നാലമ്പലങ്ങള്‍. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്.  മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ്, പ്രസിദ്ധി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍  എന്ന് വിശ്വാസം. ദ്വാരക കടലില്‍ മുങ്ങിയതോടെ ഇവ കാണാതായി. വളരെക്കാലത്തിനു ശേഷം കേരളക്കരയിലെ മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിച്ചു. അദ്ദേഹം അവ യഥാവിധി പ്രതിഷ്ഠിച്ചു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃപ്രയാര്‍ പുഴയുടെ തീരത്താണ്. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ്, പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂര നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. 

കൂടല്‍മാണിക്യം :  ഇരിങ്ങാലക്കുടയിലാണ്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ്, പ്രധാന പ്രതിഷ്ഠ. അതുകൊണ്ട്, വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പ്രദക്ഷിണരീതിയാണ് ഇവിടെ. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നു കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തു വച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നും ഐതിഹ്യം. അതിനാൽ, കൂടല്‍മാണിക്യം.

പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. ദീപാരാധന പതിവില്ല.  ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും  വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ രോഗങ്ങള്‍ക്ക് മീനൂട്ടും സവിശേഷ വഴിപാടുകളാണ്.  പുത്തരി നിവേദ്യ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി, വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തി വസിക്കുന്നു എന്ന് ഐതിഹ്യം.  ഈ ഗ്രാമത്തില്‍ സര്‍പ്പ ഉപദ്രവം ഉണ്ടാകില്ല എന്നു വിശ്വാസമുണ്ട്.

പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍ നിന്നു ആറ് കിലോ മീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ്, മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്ര അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ്, വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍ നിന്നു മുക്തിക്ക് ക്ഷേത്ര ദര്‍ശനം ഉത്തമം.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാർ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ മടങ്ങിവരുന്നത് പുണ്യമാണ്. 

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍, രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവ മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

യാത്രകൾ 

അയോധ്യയിൽ രാമ ക്ഷേത്രം നിലനിന്ന പ്രതാപ കാലത്ത് മലയാളി ഹിന്ദുക്കൾ തീർത്ഥാടനം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡച്ച് സഞ്ചാരിയായ ഫിലിപ്പ് ബാൾഡിയൂസ് 1703ൽ എഴുതിയ 'A true and exact Description of the most celebrated East India Coast of malabar and coromandel, and of the island of ceylon, with all adjacent countires ' എന്ന പുസ്തകത്തിൽ, മലബാറിൽ നിന്നുള്ള ഹിന്ദുക്കൾ അയോദ്ധ്യ സന്ദർശിക്കുന്നതായി രേഖപ്പെടുത്തുന്നു. The Idolatry of East India Pagons എന്ന തലക്കെട്ടിൽ വരുന്ന ഭാഗം:

"വിഗ്രഹാരാധകരുടെ (ഹിന്ദുക്കളുടെ) മറ്റൊരു മഹത്തായ പ്രവൃത്തിയാണ്, അവരുടെ പ്രശസ്തമായ പഗോഡകളും മറ്റ് വിശുദ്ധ സ്ഥലങ്ങളും (റോമൻസിനെ പോലെ) സന്ദർശിക്കുന്നത്....പ്രസിദ്ധമായ രാമകോവിൽ പഗോഡ, സിലോണിലെ ആഡംസ് പർവ്വതം,  മറ്റ് സ്ഥലങ്ങളായ സൂറത്ത്, ദാവർക്ക, മൊട്ടേര, കാശി എന്നിവ അവർ സന്ദർശിക്കുന്നു...  ബംഗാൾ, കാശിയിൽ നിന്നു 13 ലീഗ് അകലെയുള്ള  അയോദ്ധ്യ എന്നിവയും പ്രധാനമാണ്...അതുകൊണ്ടായിരിക്കാം യാത്ര ചെയ്യുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും സൗകര്യാർത്ഥം സമ്പന്നർ പഗോഡകളും ജാൻസും (സത്രങ്ങൾ ആയിരിക്കാം) ജലസംഭരണികളും സ്ഥാപിച്ചത്. (പേജ് 896)

അയോദ്ധ്യ ഭാരതം മുഴുവൻ അറിയപ്പെട്ടിരുന്ന ഒരു തീർത്ഥാടന കേന്ദ്രം ആയിരുന്നു, എന്നർത്ഥം. നീലകണ്ഠതീർത്ഥപാദർ അയോദ്ധ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് 1909 ൽ മടങ്ങിയെന്ന് ജീവിതകഥയിലുണ്ട്. 



കർക്കടക പാരായണം 

കർക്കടകത്തിൽ ക്ഷേത്രങ്ങളിലും ഹിന്ദു വീടുകളിലും രാമായണ പാരായണം നടത്തിവരുന്നു. ജീവജാലങ്ങളുടെ ചൈതന്യത്തിൽ ക്ഷയം സംഭവിക്കുന്ന കർക്കടകത്തിൽ ഈശ്വരചൈതന്യം വീണ്ടെടുക്കാനും വരുംകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ജീവിതചര്യകൾ ക്രമപ്പെടുത്താനും ഉത്തമം. രാമായണത്തിലെ ഏഴ് കാണ്ഡങ്ങളും കർക്കടകം ഒന്ന് മുതൽ ആ മാസം അവസാനിക്കുന്നതോടെ പാരായണം ചെയ്തു തീർക്കണം. അതിരാവിലെ വീട് വൃത്തിയാക്കി സ്‌നാനത്തിനും ഭസ്മധാരണത്തിനും ശേഷം നിലവിളക്ക് കൊളുത്തി ദശപുഷ്പം, വാൽക്കണ്ണാടി എന്നിവ സമർപ്പിച്ചു രാമായണ പാരായണം ആരംഭിക്കുന്നു. ഒരു മാസത്തെ പാരായണം ശരീരത്തിനും മനസ്സിനുണർവ്വ് നൽകുന്നു. 

കെ കെ നായർ: ഓർക്കാൻ ഒമ്പത്

രാഷ്ട്രീയ കേരളം ഓർക്കേണ്ട കെ കെ നായർ ഇല്ലായിരുന്നു എങ്കിൽ, അയോദ്ധ്യ രാമക്ഷേത്ര പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. 

ഐ സി എസ് കിട്ടിയ പല മലയാളികളെപ്പറ്റിയും പത്രപ്രവർത്തകൻ എന്ന നിലയിൽ എഴുതേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും, 21 വയസ്സിൽ ഐ സി എസ് നേടിയ, എക്കാലവും പഠനത്തിൽ റാങ്ക് നേടിയ കെ കെ നായരെപ്പറ്റി എഴുതേണ്ടി വന്നില്ല. ഇനി ആ പേര് ഇന്ത്യാ ചരിത്രത്തിൽ നിന്ന് മായാനും പോകുന്നില്ല.

അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെ കടന്ന് പോയപ്പോൾ, അസാമാന്യ വ്യക്തിത്വമായിരുന്നു അതെന്ന് ബോധ്യപ്പെട്ടു. നെഹ്രുവിനെയും യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനെയും ഒരേ സമയം ഭക്തർക്ക് വേണ്ടി ധിക്കരിച്ചതും ഐ സി എസ് വിട്ടതും ചെറിയ കാര്യമല്ല. 1949 ൽ, രാഷ്ട്രീയ സംരക്ഷണം തെല്ലുമില്ലാതെ അദ്ദേഹം അത് ചെയ്തത്, അപ്പോഴത്തെ ആ ധൈര്യം, സമ്മതിക്കേണ്ടതാണ്. ആണാകാൻ ദൈവം കൊടുത്ത അവസരം അദ്ദേഹം ഉപയോഗിച്ചു. പല ആണുങ്ങളും ആ അവസരം തിരിച്ചറിയുക പോലുമില്ല. അതിന്, വരിയുടയ്ക്കപ്പെട്ട ജീവിതം എന്ന് പറയും.

ആ ജീവിതത്തിൽ എന്നെ പിടിച്ചു നിർത്തുന്ന 9 കാര്യങ്ങൾ:

ഒന്ന്

ആലപ്പുഴ കൈനകരി കണ്ടങ്കളത്തിൽ കരുണാകര പിള്ള എന്നായിരുന്നു, ശരിപ്പേർ. ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ ചേർത്തപ്പോൾ, അവിടെ ഒരു കെ കെ പിള്ള വിദ്യാർത്ഥിയായി ഉള്ളതിനാൽ, ഹെഡ് മാസ്റ്റർ സ്വയമേവ പുതിയ കെ കെ പിള്ളയെ, കെ കെ നായർ ആക്കി. ജ്യേഷ്ഠൻ രാഘവൻ പിള്ളയ്‌ക്കൊപ്പം വള്ളം തുഴഞ്ഞ് സ്‌കൂളിൽ പോയി.

രണ്ട്

അച്ഛൻ ശങ്കരപ്പണിക്കർ കഥകളി നടൻ. അമ്മാവൻ കൃഷ്ണപിള്ളയ്ക്ക് സ്വന്തം സ്‌കൂൾ ഉണ്ടായിരുന്നു. കണക്ക് പഠിപ്പിക്കാൻ ഒരിക്കൽ ഉടഞ്ഞ കലത്തിൻ്റെ വായ കാട്ടി ഇതെന്ത് എന്ന് അമ്മാവൻ, കെ കെ നായരോട് ചോദിച്ചു. "പൂജ്യം" എന്ന് പറയുന്നതിന് പകരം നായർ, "പൊട്ടിയ കലം" എന്ന് പറഞ്ഞു. അമ്മാവൻ പൊതിരെ തല്ലി. അത് എന്നും മനസ്സിൽ കിടന്നു. ഐ സി എസിൽ, നായർ കണക്കിന് വാങ്ങിയ മാർക്കിൻ്റെ റെക്കോഡ് ആരും തകർത്തില്ല എന്നാണ് കഥ. യൂണിവേഴ്സിറ്റി കോളജിൽ ബിരുദം ഗണിതമായിരുന്നു. അതിന് റാങ്ക് കിട്ടിയപ്പോഴും പൊട്ടക്കലം ഓർമിച്ചു.

മൂന്ന്

അന്നത്തെ ധനിക ദേവസ്വം കമ്മിഷണർ, നായരെ ലണ്ടനിൽ ഐ സി എസ് പഠനത്തിന് അയയ്ക്കാൻ സന്നദ്ധനായി. മകൾ സരസമ്മയെ വിവാഹം ചെയ്യണം എന്ന് ഉപാധി. അങ്ങനെ 21 വയസിൽ വെറും പത്ത് വയസുള്ള സരസമ്മയെ കെട്ടി. ഉത്തർ പ്രദേശിൽ ജോലിയിൽ ചേർന്നപ്പോൾ സരസമ്മയെ കൊണ്ടു വന്നു. ഇടക്കിടെ തിരുവനന്തപുരത്തേക്ക് പോകണം എന്ന് സരസമ്മ പറയും. അത് കുടുംബപ്രശ്നം ആയപ്പോൾ, പഴയ കമ്മിഷണർ, ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. സുധാകരൻ എന്ന കുഞ്ഞ് മരിച്ചു. സരസമ്മയും താമസിയാതെ മരിച്ചു.

നാല്

നേപ്പാൾ അതിർത്തിയിലെ ക്ഷത്രിയ കുടുംബത്തിൽ നിന്ന് ശകുന്തളയെ നായർ വിവാഹം ചെയ്തു. മാർത്താണ്ഡ വിക്രമൻ നായർ ഏക മകൻ. ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യുണൽ അംഗം ആയിരുന്നു. ശകുന്തള 20 വർഷം എം പി ആയിരുന്നു. ഒരേ സമയം എം പി മാരായിരുന്ന ദമ്പതികളാണ്, നായരും ശകുന്തളയും.

അഞ്ച്

നായർ 1949 -52 ൽ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്നു. ആ ജില്ലയിലാണ് അയോദ്ധ്യ. 1949 ഡിസംബർ 22 ന്, ബാബ്‌റി മസ്‌ജിദ് അഥവാ രാമക്ഷേത്രം, രാമനെ ആരാധിക്കാൻ തുറക്കണം എന്നാവശ്യപ്പെട്ട് സന്യാസിമാർ അഖണ്ഡനാമജപം തുടങ്ങി. ശരിക്കും അവകാശികൾ അവർ എന്ന് കണ്ടെത്തൽ. ഒക്ടോബറിൽ, നായർ സഹായി ഗുരുദത്ത് സിംഗിനെ അയോധ്യയിൽ അയച്ചു. അദ്ദേഹം ഒക്ടോബർ പത്തിന് നായർക്ക് നൽകിയ റിപ്പോർട്ടിൽ ആ സ്ഥലത്ത് വലിയ രാമക്ഷേത്രം പണിയണം എന്ന് ശുപാർശ ചെയ്തു.

ആറ്

മസ്ജിദിന് മുന്നിൽ സമരം ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കാൻ നെഹ്‌റു പന്തിനോടും പന്ത് നായരോടും ആവശ്യപ്പെട്ടു. ഹിന്ദുക്കളാണ് ശരിയായ അവകാശികൾ എന്ന് നായർ കട്ടായം പറഞ്ഞു. നായർ അവർക്ക് താഴ് തുറന്നു കൊടുത്തു. നെഹ്‌റു, നായരെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പന്ത് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അതിനെതിരെ കോടതിയിൽ പോയി ജയിച്ച നായർ, ഐ സി എസിൽ നിന്ന് രാജിവച്ചു. നെഹ്‌റുവിന് അയച്ച രാജിക്കത്തിൽ നായർ എഴുതി: "നിരപരാധികളായ സന്യാസിമാരുടെ രക്തം ചിന്തി എനിക്കീ കസേരയിൽ തുടരാൻ വയ്യ." നായർക്കെതിരെ അന്ന് നിന്ന നെഹ്‌റു പിന്നീട് പറഞ്ഞു: "നമ്മുടെ നാട്ടിൽ നട്ടെല്ലുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നെങ്കിൽ, അത്, നായരാണ്, നായർ മാത്രം."

ജോലി വിട്ട നായർ നിയമം പഠിച്ചു.

ഏഴ്

നായർ 1954 -56 ൽ നിയമം പഠിച്ചത് അലിഗഡ് സർവകലാശാലയിൽ. അപ്പോൾ, ശകുന്തള ജനസംഘത്തിൽ ചേർന്നിരുന്നു. 1977 സെപ്റ്റംബർ ഏഴിന് കോടതിയിൽ വാദിക്കുന്നതിനിടെ നെഞ്ചുവേദന വന്ന് മരണം.

എട്ട്

സഹോദരപുത്രൻ, ആലപ്പുഴയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയ പത്മനാഭ പിള്ള, കെ കെ നായരുടെ ലക്‌നൗ ബംഗ്ലാവിൽ താമസിച്ചാണ് പഠിച്ചത്. സി എ കഴിഞ്ഞ പിള്ളയ്ക്ക് സാങ്കേതിക കാരണങ്ങളാൽ സാംബിയയിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ല. അപ്പോൾ പിള്ളയെ ആശ്വസിപ്പിച്ച് നായർ അയച്ച കത്തിൽ എഴുതി: "എൻ്റെ അവസാനകാലത്ത് നീ എൻ്റെ അടുത്ത് ഉണ്ടാകണം എന്നായിരിക്കും ഈശ്വരേച്ഛ." ആ കത്ത് പിള്ള സൂക്ഷിക്കുന്നു.

ഒൻപത്

കേരളത്തിൽ അജ്ഞാതനായ നായർ, ലക്‌നൗവിലെ പാവങ്ങൾക്ക് 'നായർ സാബ്' ആയിരുന്നു. ഫീസ് വാങ്ങാതെ അലഹാബാദ് കോടതിയിൽ അവർക്കായി വാദിച്ചു. ഫൈസാബാദ് കലക്റ്ററേറ്റിന് പിന്നിൽ പാവങ്ങൾക്ക് അദ്ദേഹം സ്ഥാപിച്ച കോളനി, നായർ കോളനി എന്നറിയപ്പെടുന്നു. ആ കോടതിയിൽ അദ്ദേഹത്തോടൊപ്പം ഒറ്റപ്പാലം സ്വദേശി ശേഖരമേനോൻ പ്രാക്ടീസ് ചെയ്തിരുന്നു. ശേഖര മേനോൻ്റെ ഭാര്യാസഹോദരിയാണ്, എഴുത്തുകാരിയും സംവിധായികയുമായ പാർവതി മേനോൻ. കെ കെ നായരെ അയോദ്ധ്യാവാസികൾ ദൈവത്തെ പോലെ കാണുന്നതായി പാർവതി എന്നോട് പറയുകയുണ്ടായി.

© Ramachandran





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...