Showing posts with label ടി ഇ ലോറൻസ്. Show all posts
Showing posts with label ടി ഇ ലോറൻസ്. Show all posts

Saturday 13 November 2021

ചുവപ്പൻ ജിഹാദ്


മാപ്പിള ലഹളയും മാർക്സിസവും

രാമചന്ദ്രൻ

6.ചുവപ്പൻ ജിഹാദ്

കുരുമുളക് കച്ചവടത്തിൽ കുത്തക സ്ഥാപിക്കാനെത്തിയ യൂറോപ്യൻ അധിനിവേശക്കാരുമായി 1921 ന് ഒരു നൂറ്റാണ്ട് മുൻപ് തന്നെ മാപ്പിളമാർ ചാവേർ സംഘങ്ങളെ ഇറക്കിയതായി സ്റ്റീഫൻ ഡെയ്ൽ എഴുതിയിട്ടുണ്ട്.1 എന്നാൽ, മാപ്പിളമാരുടെ മതഭ്രാന്തിൻറെ ചരിത്രം എത്രയോ പഴയതാണ്. കുഞ്ഞാലിമരയ്ക്കാർ നാലാമൻ ഹിന്ദു രാജാവായ സാമൂതിരിക്കെതിരെ പ്രഖ്യാപിച്ച പതിനേഴാം നൂറ്റാണ്ടിലെ യുദ്ധം പോലും, ജിഹാദ് ആയിരുന്നു. പൊന്നാനിയിലെ മക്ദൂം കുടുംബത്തിൽ നിന്ന് പുറപ്പെട്ട,’തുഹ്ഫത്തുൽ മുജാഹിദീൻ’ പോലുള്ള ജിഹാദി പാഠങ്ങൾ തന്നെ ഇതിന് തെളിവാണ്.പാരീസ് കമ്മ്യൂൺ കാലത്ത് അതുമായി ബന്ധപ്പെട്ട ഒരാൾ കൊച്ചിയിൽ എത്തിയിരുന്നു. കമ്യൂൺ അംഗമായിരുന്ന ഫ്രഞ്ചുകാരൻ ഒളിവിയർ പെയ്ൻ -ൻറെ സുഹൃത്താണ് എന്നവകാശപ്പെട്ട് പുരോഹിത വേഷത്തിൽ ഒരു ഹംഗറിക്കാരനാണ് എത്തിയത്.2 പെയ്ൻ, മെഹ്ദിയുടെ വലംകൈ ആയിരുന്നു.1921 ന് മുൻപ് നടന്ന എൺപതോളം മാപ്പിള കലാപങ്ങൾക്ക് സുഡാനിൽ നടന്ന മെഹ്ദി കലാപം പ്രചോദനമായിരുന്നു. സുഡാന്റെ അയലത്തുള്ള യെമനിൽ നിന്നാണ് മിക്കവാറും തങ്ങൾ കുടുംബങ്ങൾ മലബാറിൽ വന്നിട്ടുള്ളത്.

മാപ്പിളലഹളയ്ക്ക് തൊട്ടുമുൻപ്, ലോറൻസ് ഓഫ് അറേബ്യ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ചാരൻ തോമസ് എഡ്‌വേഡ്‌ ലോറൻസ് തൃശൂരിൽ വന്ന് ഒരു മാസം ചെലവിട്ടതും ദുരൂഹമാണ്. ഇയാൾക്ക് ഇന്നത്തെ സൗദി ഭരണ കുടുംബവുമായി, അടുത്ത ബന്ധമായിരുന്നു. ഇയാളുടെ ഭാര്യ ആയിരുന്ന സ്ത്രീയാണ്, പിന്നീട്, കശ്‍മീരിൽ ഷെയ്ഖ് അബ്ദുല്ലയുടെ ഭാര്യ ആയത്.

ടി ഇ ലോറൻസ്, 1919 

അതായത്, ആദ്യ കമ്മ്യൂണിസ്റ്റ് വിപ്ലവമായ പാരീസ് കമ്മ്യൂണുമായി ബന്ധപ്പെട്ടവർ, സുഡാനിലെ ഇസ്ലാമിക വിപ്ലവത്തിലും ഭാഗഭാക്കായിരുന്നു. ഇത്, യാദൃച്ഛികമല്ല. ആഗോള ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള സംഘർഷം, ഇസ്ലാമിൻറെ തുടക്കം മുതലുണ്ട്. ഹജ്ജ് തീർത്ഥാടനം തടഞ്ഞ യൂറോപ്യൻ ശക്തികൾ, പള്ളികൾ പൊളിച്ചു;മുസ്ലിംകളെ മതം മാറ്റി. ഇസ്ലാം അപകടത്തിലാണെന്ന് മാപ്പിളമാരും സംശയിച്ചു.

ഹൈദരലിയും മകൻ ടിപ്പു സുൽത്താനും മലബാറിൽ ഇസ്ലാമിനെ ഉറപ്പിച്ചു. ടൈപ്പുവിന്റെ കാലത്ത് പലായനം ചെയ്ത ഹിന്ദു വരേണ്യരെ ബ്രിട്ടൻ പുനഃപ്രതിഷ്ഠിച്ചു. കച്ചവടം പൊളിഞ്ഞ മാപ്പിളമാർ ദുരിതത്തിലായി.കോഴിക്കോട് തുറമുഖം വിട്ട് മാപ്പിളമാർ ഏറനാട്ടിൽ കുടിയേറി കർഷക തൊഴിലാളികളായി. സമൂഹത്തിൽ സ്ഥാനം ഇല്ലാതായി. ഇതിനെ മാപ്പിളമാർ മറികടന്നത്, ജിഹാദിനെയും രക്തസാക്ഷിത്വത്തെയും മഹത്വവൽക്കരിച്ചു കൊണ്ടാണ്. അഥവാ മതം കൊണ്ടാണ്. മുജാഹിദും (പടച്ചോൻറെ പോരാളി) ശഹീദും (രക്തസാക്ഷി) ആയി മാപ്പിളയുടെ ആദർശ പാത്രങ്ങൾ.(3) പോരാട്ടം, സ്വന്തം സമൂഹത്തിലെ അവിശ്വാസികൾക്ക്, അഥവാ ഹിന്ദുക്കൾക്ക് എതിരെ ആയി.പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആധുനികതയിൽ, മുസ്ലിംകൾക്കിടയിൽ ഐക്യം ശക്തിപ്പെട്ടു.ഏറനാട്, വള്ളുവനാട് മേഖലകളിൽ കലാപം, പകർച്ച വ്യാധിയായി.ആദ്യം നമ്പൂതിരി, നായർ ജന്മിമാരായിരുന്നു ഇരകൾ.എന്നാൽ, ഭൂരിപക്ഷം ഹിന്ദുക്കളും, മാപ്പിളമാരെപ്പോലെ തന്നെ, പാട്ടക്കുടിയാന്മാർ ആയിരുന്നു.ഇവരെ മാപ്പിളമാർ തുടക്കത്തിൽ വെറുതെ വിട്ടെങ്കിലും, ക്ഷേത്രങ്ങൾ മലിനമാക്കിയത്, അവർ ഹിന്ദു മതത്തിനെതിരെ തിരിഞ്ഞതിനും മതഭ്രാന്തിനും തെളിവാണ്. മതവും ജന്മിത്വവും കൂട്ടിക്കുഴച്ച് പോരാടി, ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ അവർ വെമ്പൽ കൊണ്ടു.4 എം ഗംഗാധരൻ എഴുതുന്നു:

“കലാപങ്ങൾക്ക് തുടക്കം മുതൽ, മതാചാര സ്വഭാവം ഉണ്ടായിരുന്നു. നിർദിഷ്ട പോരാളികൾ നീണ്ട വെള്ള വസ്ത്രം ധരിച്ചു. ഭാര്യമാരെ മൊഴി ചൊല്ലി. കടങ്ങൾ തീർത്തു. ലക്ഷ്യ സാധ്യത്തിന്, തങ്ങളുടെ അനുഗ്രഹം വാങ്ങി. മരണശേഷം, ഇവർ ശഹീദുമാരായി ആരാധിക്കപ്പെട്ടു.”5

1921 ലെ മാപ്പിള ലഹളയെ ഭീകരമാക്കിയത്, നിസ്സഹകരണ, ഖിലാഫത്ത് പ്രക്ഷോഭങ്ങൾ ആയിരുന്നു. മാധവൻ നായർ, ഗോപാല മേനോൻ, യാക്കൂബ് ഹസ്സൻ തുടങ്ങിയ നേതാക്കളെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തതോടെ, നിസ്സഹകരണ പ്രസ്ഥാനം പൊളിഞ്ഞിരുന്നു. പ്രസ്ഥാനം മതപരമായി മാറിയെന്ന് മാർച്ചിൽ മലബാർ കളക്ടർ ഇ എഫ് തോമസ് റിപ്പോർട്ട് ചെയ്തു: “ഖിലാഫത്ത് മാത്രമേയുള്ളൂ. ഹിന്ദു -മുസ്ലിം മൈത്രി അസംബന്ധമായ വാചകമടി മാത്രമാണ്. മാപ്പിളയ്ക്ക് മാത്രമുള്ള മലബാർ സ്വരാജ് ആണിപ്പോൾ സ്വരാജ്.” 6

ഓഗസ്റ്റ് ഒന്നിന് പൂക്കോട്ടൂരിൽ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്തതോടെ സംഘർഷമായി. നിലമ്പൂർ കോവിലകത്തിന്, പൂക്കോട്ടൂരിൽ ഒരു കൊട്ടാരവും തോട്ടവും ഉണ്ടായിരുന്നു. അവിടെ ആറാം തിരുമുല്പാട് താമസിച്ചു. അവിടെ നിന്ന് തോക്ക് മോഷ്ടിച്ച കേസിലാണ്, പ്രാദേശിക ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. അയാൾ മുൻപ് കോവിലകം ജീവനക്കാരൻ ആയിരുന്നു. കൊട്ടാരം പൊളിച്ച് പള്ളി പണിയാൻ മാപ്പിളമാർ ഒരുങ്ങി.7 അതുവരെ കണ്ടിരുന്ന പരമ്പരാഗത മതവികാരം ചങ്ങലകൾ പൊട്ടിച്ച ഭ്രാന്തായി. സ്ത്രീകളും കുട്ടികളും രംഗത്തിറങ്ങി. ബ്രിട്ടീഷ് ഭരണത്തെ തന്നെ ആക്രമിച്ചു. അതിനെ ഈ നിലയിൽ എത്തിച്ചത്, നിസ്സഹകരണ രസ്ഥാനം ആയിരുന്നു. ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ, ഭ്രാന്ത് പാരമ്യത്തിലെത്തി. സെപ്റ്റംബർ പകുതിയിൽ കളക്ടർ തോമസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 15 ലക്ഷം പേർ വസിക്കുന്ന പ്രദേശം പടച്ചട്ട കെട്ടി.

ഇത്, എണ്ണം പറഞ്ഞ ജിഹാദ് ആയിരുന്നു. ഓഗസ്റ്റ് 21 ന് മലബാറിനെ മാപ്പിളമാർ പലതായി വിഭജിച്ചു. ഓരോന്നിനും ഓരോ രാജാവ്. ശരീ അത്ത് ഭരണം. നാട്ടുകാർ ആയുധങ്ങൾ രാജാവിനെ ഏൽപ്പിക്കണം. രാജാവ് ചോദിച്ചാൽ, പണവും ആഹാരസാധനങ്ങളും നൽകണം രാജ്യത്തിൻറെ പേര് ദൗള-മലയാള രാജ്യം എന്നല്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഹിന്ദുക്കളുടെ രാജാവ്, മുസ്ലിംകളുടെ അമീർ, സൈന്യത്തിൻറെ കേണൽ. കേണലിനപ്പുറം വലിയ പദവികൾ ഉണ്ടെന്ന് വിവരം ഉണ്ടായിരുന്നില്ല. തിരൂരങ്ങാടിയിൽ നിന്ന് സൈന്യം പിൻവാങ്ങിയപ്പോൾ, ആലി മുസലിയാർ സ്വയം രാജാവായി പ്രഖ്യാപിച്ചു.

പട്ടാളം, തുടർന്നുള്ള മാസങ്ങളിൽ പിടിച്ച തീവ്ര മുസ്ലിംകൾ സംഭവം മതപരമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി. ഖിലാഫത്ത് എന്നാൽ, ഇസ്ലാമിക ആചാര പ്രകാരമുള്ള ഭരണം എന്ന് കുമരം പുത്തൂർ സീതിക്കോയ തങ്ങൾ എഫ് ബി ഇവാൻസിന് മൊഴി നൽകി. തിരൂരങ്ങാടി പള്ളി അക്രമിച്ചെന്നുള്ള കിംവദന്തിയാണ് കാരണമെന്ന് ചെമ്പ്രശ്ശേരി തങ്ങൾ പറഞ്ഞു. അതിനാൽ, മാപ്പിളമാർ സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ചു. ഭൂമിയുടെ രേഖകൾ നശിപ്പിച്ചു. ഇതിൽ കാണുന്നത്, ജന്മിത്വത്തിന് എതിരായ നീക്കമല്ല, ബ്രിട്ടീഷ് ഭരണം പോയി ഇസ്ലാമിക രാജ്യം വന്നു എന്ന ഹുങ്കാണ്. അതുകൊണ്ടാണ്, മാപ്പിളമാർ മദ്യശാലകൾ പൂട്ടിച്ചത്; വ്യഭിചാരം തൊഴിലാക്കിയ രണ്ട് മുസ്ലിം സ്ത്രീകളെ കൊന്നത്. പ്രജകളെ ഒരുവർഷം നികുതിയിൽ നിന്ന് ഹാജി ഒഴിവാക്കി.8

അടുത്ത ലക്ഷ്യം ഹിന്ദുക്കൾ ആയിരുന്നു. ലഹളയുടെ ആദ്യ ദിനങ്ങളിൽ തന്നെ, ഹിന്ദു വീടുകൾ ആക്രമിച്ചു. ക്ഷേത്രങ്ങൾക്ക് തീയിട്ടു. പോലീസുകാർ ഹിന്ദുക്കൾ ആണെങ്കിൽ കണ്ടപാടെ കൊന്നു. പോലീസ് മുസ്ലിം ആണെങ്കിൽ, ലഹളയിൽ ചേരേണ്ടിയിരുന്നു, അല്ലെങ്കിൽ, കൊന്നു. വരേണ്യ ഹിന്ദുക്കളെ മാത്രമല്ല കൊന്നത്. നിർബന്ധിത മത പരിവർത്തനം നിർബാധം നടന്നു. നവംബറിൽ ഇവാൻസ് നൽകിയ റിപ്പോർട്ടിൽ അത്തരം 180 കേസുകളുണ്ട്. ആ ഘട്ടത്തിൽ, 500 -1000 മതം മാറ്റങ്ങൾ നടന്നിരുന്നു. അതിന് സമ്മതിക്കാത്തവരെ കൊന്നു. 1922 ജനുവരിയിൽ, നിയമസഭയിൽ സർ വില്യം വിൻസന്റ് പറഞ്ഞത്, മതം മാറ്റപ്പെട്ടവർ ആയിരങ്ങൾ വരും എന്നാണ്. നൂറിൽ അധികം ക്ഷേത്രങ്ങൾ നശിപ്പിച്ചതായി അദ്ദേഹം മറുപടി നൽകി. നേതാക്കളെക്കാൾ മാപ്പിള അണികളാണ്, മതം മാറ്റം നടത്തിയത്.9

പട്ടാളം, 1921 അവസാനമായപ്പോഴേക്കും ലഹള അമർച്ച ചെയ്തിരുന്നു. 1922 മാർച്ചിൽ പട്ടാള നിയമം പിൻവലിച്ചു. ഏപ്രിൽ വരെ ഹിന്ദുക്കളെ അവിടവിടെ കൊന്നു. 2300 ലഹളക്കാർ കൊല്ലപ്പെട്ടു. 301 പേരെ ലഹളയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.10

കമ്മ്യൂണിസ്റ്റുകൾക്ക് ലഹളയിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. സി പി ഐ യ്ക്ക് ഇന്ത്യയിൽ ഒറ്റ സെൽ പോലും ഉണ്ടായിരുന്നില്ല. എങ്കിലും, കോമിന്റേൺ ചർച്ചകളിൽ, റോയി ഇത് ഉയർത്തിക്കൊണ്ടിരുന്നു. പ്രാദേശിക കമ്മ്യൂണിസത്തിന് വേരാഴ്ത്താൻ കഴിയും എന്നതിന്, മാപ്പിള ലഹളയെ ഉദാഹരിക്കാം എന്ന് വന്നു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ അന്തസ്സത്ത അഹിംസാത്മകമായിരുന്നില്ല എന്നതൊരു കാരണം. ഗാന്ധിയിലും കോൺഗ്രസിലും ജനം ആഗ്രഹിച്ചത്ര വിപ്ലവം ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാരണമായി റോയ് വ്യാഖ്യാനിച്ചു. ഹിംസ കാരണം, ഗാന്ധി കലാപകാരികളെ നിരാകരിച്ചു. കമ്മ്യൂണിസ്റ്റുകൾ താമസിയാതെ, മാപ്പിളലഹളയെ വിപ്‌ളവത്തിൻറെ തുടക്കമായി ഉയർത്തിക്കാട്ടി.

ശ്രീനിവാസ ശാസ്ത്രി 

ലഹളയെ സംബന്ധിച്ച വിവരങ്ങളിൽ ഒന്നും കമ്യൂണിസം ഇല്ലെങ്കിലും, അതിൻറെ പിതൃത്വവും അവർ അവകാശപ്പെടുന്ന നിലയുണ്ടായി. കിഴക്കൻ വിപ്ലവ സമീപനത്തെ മുൻ നിർത്തി, അതിൻറെ മതപരമായ ഉള്ളടക്കവും അനുകൂലമായി.1921 ലെ ‘ഇൻപ്രെകോർ’ (ഇന്റർനാഷണൽ പ്രസ് കറസ്പോണ്ടൻസ് -കോമിന്റേൺ ആഭ്യന്തര മുഖപത്രം) പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ലഹളയുടെ ഉറവിടം മത ഭ്രാന്ത് ആണെന്ന് പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭടന്മാർ മുസ്ലിം നേതാക്കളെ അറസ്റ് ചെയ്യാൻ പള്ളികളിൽ കയറി. അങ്ങനെ വിശുദ്ധ സ്ഥലങ്ങൾ മലിനമാക്കി. ഇത്, മുസ്ലിംകൾക്കിടയിൽ സ്വാഭാവികമായ രോഷമുണ്ടാക്കി.11 അബനി മുക്കർജി എഴുതി ലെനിൻ കൈമാറിയ കുറിപ്പ് 1922 മാർച്ചിൽ കോമിന്റേൺ മാസികയായ ‘കമ്മ്യൂണിസ്റ്റ് റിവ്യൂ’ പ്രസിദ്ധീകരിച്ചു. അതിലും മതഭ്രാന്ത് ലഹളയ്ക്ക് കാരണമാണെന്ന് പറഞ്ഞിരുന്നു. ലഹള,വർഗസമരം ആണെന്ന ദുർവ്യാഖ്യാനം ആദ്യം വന്നതും അതിലാണ്.

ബ്രാഹ്മണർ സാമ്രാജ്യത്വവുമായി സന്ധി ചെയ്യുന്നവർ ആയിരിക്കെ, മുസ്ലിംകൾ ഉടൻ വിപ്ലവത്തിന് സജ്ജരാണെന്ന തൻറെ സിദ്ധാന്തം ശരിയായെന്ന് അബ്‌ദു റബ് അവകാശപ്പെട്ടു. മാപ്പിള ലഹള ഒന്നാന്തരം കൊളോണിയൽ പോരാട്ടമാണ്.12 റോയ് ബ്രാഹ്മണൻ ആയതിനാൽ, ഇത് ഒളിയമ്പ് ആയിരുന്നിരിക്കാം. എന്നാൽ, റോയ് ഇതിനെ അനുകൂലിച്ചു എന്ന് മാത്രമല്ല, മലബാറിൽ സ്വാഭാവികമായി പൊട്ടിപുറപ്പെട്ട വിപ്ലവം, ഇന്ത്യയിൽ ആകമാനം വ്യാപിപ്പിക്കണമെന്ന് 1922 ലെ ഗയ കോൺഗ്രസ് സമ്മേളനത്തിന് നൽകിയ മാനിഫെസ്റ്റോയിൽ ആവശ്യപ്പെടുകയും ചെയ്തു. തൻറെ ഏജന്റുമാർക്ക് ലഹളയിൽ പങ്കുണ്ടായിരുന്നുവെന്ന് റോയ് പിന്നീട് അവകാശപ്പെട്ടു.13 ഇത് ശരിയാകണമെങ്കിൽ, മോസ്‌കോയിൽ പരിശീലനം നേടിയ മുഹാജിറുകൾ മലബാറിൽ എത്തിയിരിക്കണം. അതല്ലെങ്കിൽ, മദ്രാസിൽ നിന്ന് ശിങ്കാരവേലു ചെട്ടിയാർ പണവും ആയുധവും മറ്റും എത്തിച്ചിരിക്കണം. റോയ് ആഗോള ഇസ്ലാമിക ഏജൻറ് ആയിരുന്നിരിക്കണം. അതെന്തുമാകട്ടെ, മതഭ്രാന്ത്, മാപ്പിള ലഹളയെ ആശ്ലേഷിക്കുന്നതിന് കമ്മ്യൂണിസ്റ്റുകൾക്ക് തടസ്സമായില്ല. ബ്രിട്ടീഷുകാർ എന്തിന്റെ അടിസ്ഥാനത്തിലാണോ ലഹളയെ മതമൗലികതയുടെ ഉല്പന്നമായി കണ്ടത്, അതേ അടിസ്ഥാനത്തിൽ അതിനെ കമ്മ്യൂണിസ്റ്റുകൾ വിപ്ലവമായി വ്യാഖ്യാനിച്ചു. ഖിലാഫത്ത് റിപ്പബ്ലിക് സ്ഥാപിക്കാനുള്ള ആഹ്വാനമാണ് മാപ്പിളമാരെ ലഹളയ്ക്ക് ഇറക്കിയത്. കാർഷിക പ്രശ്നവുമായി ലഹളയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ഇവാൻസ്, കേന്ദ്രത്തിന് സന്ദേശം അയച്ചിരുന്നു.14 ലഹളയുടെ മതപരമായ ഉള്ളടക്കത്തെ ബ്രിട്ടീഷുകാരും കമ്മ്യൂണിസ്റ്റുകളും ഒരു പോലെ കണ്ടിരുന്നു, എന്നർത്ഥം.

എന്നാൽ, കാർഷിക പ്രശ്‍നം ലഹളയിൽ കയറ്റി ആ ഉള്ളടക്കത്തെ വളച്ചൊടിക്കാം എന്ന ദുർബുദ്ധി, പിന്നീട് കമ്മ്യൂണിസ്റ്റുകളിൽ ഉദിച്ചു. കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി ലഹളയെപ്പറ്റി പഠിക്കാൻ വച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇതിന് ബലം നൽകി. റോയ് 1922 ൽ തുടങ്ങിയ സ്വന്തം പ്രസിദ്ധീകരണമായ ‘വാൻഗാർഡ്’, കമ്മിറ്റി കൺവീനർ വി എസ് ഗായത്രി അയ്യരുടെ ഒരു പ്രസംഗം ഉദ്ധരിച്ച്, “ദീർഘകാലമായി നിലനിന്ന കാർഷിക പ്രശ്നങ്ങളാണ് ലഹളയ്ക്ക് പിന്നിൽ” എന്ന് എഴുതി.15 ഈ അയ്യർ, വി എസ് ശ്രീനിവാസ ശാസ്ത്രി ആകാനാണ് സാധ്യത. ഗായത്രി അയ്യർ എന്നൊരു കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നില്ല. സർക്കാർ ഓഫിസുകളിൽ ചെന്ന് ഭൂമിയുടെ രേഖകൾ മാപ്പിളമാർ ക്രമമായി നശിപ്പിച്ചത്, ഖിലാഫത്ത് ഭരണകൂടം വന്നു എന്ന വിശ്വാസത്തിൽ ആയിരുന്നു. എന്നാൽ, റോയ് എഴുതി:” ലഹള ഖിലാഫത്തിന് വേണ്ടിയോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് അയ്യർ തെളിയിച്ചിരിക്കുന്നു. ജന്മിത്വമാണ്, അടിസ്ഥാന കാരണം.”

ശ്രീനിവാസ ശാസ്ത്രി, കെ മാധവൻ നായർക്കൊപ്പം തുവൂർ കിണർ കണ്ട ശേഷം, നിസ്സഹകരണ പ്രക്ഷോഭത്തെ തള്ളുകയും കോൺഗ്രസ് വിടുകയും ചെയ്തു. ഇരുവരുൾ കിണർ കാണുമ്പോൾ ഉള്ളിൽ തലയോട്ടികൾ ഉണ്ടായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളുടെ കാർമികത്വത്തിൽ 32 ഹിന്ദുക്കളെയാണ് തലവെട്ടി കിണറ്റിലിട്ടത്.

പക്ഷെ, 1920 കളുടെ മധ്യത്തിൽ, റോയ് മതഘടകത്തിലേക്ക് മടങ്ങി. നിസ്സഹകരണ സമരത്തിന് ഒടുവിൽ ഉണ്ടായ വർഗീയതയുടെ വേലിയേറ്റം, മതം, ഗൗരവമുള്ള ഘടകം അല്ലെന്ന ധാരണയെ തിരുത്തി. ചരിത്ര പ്രവാഹത്തിൽ, വർഗ്ഗസമരത്തിൽ, മതം ഇല്ലാതെയാകും എന്ന മാർക്സിസ്റ്റ് വരട്ടു വാദത്തിൽ തുള വീണു. ചരിത്രപ്രവാഹത്തിൽ ഒലിച്ചു പോയത്, റോയ് പ്രയോഗിച്ച മാർക്സിസത്തിൻറെ വരണ്ട പദാവലികൾ മാത്രമായിരുന്നു. അത് തിരുത്തി, റോയ് സമ്മതിച്ചു:”മത ഭ്രാന്തിൻറെ വൃത്തികെട്ട സ്വഭാവം.”16 വർഗ്ഗസമരം എന്ന് സമ്മതിച്ചാൽ തന്നെ ഒരു പ്രശ്നമുണ്ട്:വർഗ്ഗ സമരത്തിൽ ഏർപ്പെട്ട രണ്ടു വിഭാഗങ്ങൾ, രണ്ടു മതത്തിൽ പെട്ടവരായിരുന്നു! മതപരമായ ഘടകത്തെ ഉയർത്തിക്കാട്ടിയപ്പോഴും, റോയ്, മാപ്പിളലഹള കാർഷിക കലാപം ആണെന്ന ദുർവ്യാഖ്യാനത്തിൽ നിന്ന് പിന്നോട്ട് പോയില്ല.17 തുടർന്നങ്ങോട്ട്, മാപ്പിള ലഹള, മാർക്സിസ്റ്റുകൾക്ക്, കാർഷിക കമ്യൂണിസത്തിൻറെ വിപ്ലവ മാതൃകയായി.

--------------------------------------------------------------------------

1.Stephen Dale, “The Islamic Frontier in Southwest India: The Shahid as a Cultural Ideal among the Mappillas of Malabar,” Modern Asian Studies 11 (1977): 41–2
2.Logan / Malabar Manual,597
3.Stephen Dale, “The Islamic Frontier in Southwest India: The Shahid as a Cultural Ideal among the Mappillas of Malabar,” Modern Asian Studies 11 (1977): 46–7
4.Sarkar, Modern India., 49–50
5.M. Ganghadara Menon, Malabar Rebellion (1921–1922), Allahabad: Vohra Publ. & Distr. 1989, 21, 30
6. “A Note on Events in Malabar by G. R. F. Tottenham,” in The Mapilla Rebellion 1921–1922, ed. G. R. F. Tottenham
7.“Report from M. Narayanan Menon, Acting Inspector,” in The Mapilla Rebellion 1921–1922, ed. G. R. F. Tottenham
8.Press Communique No. 5, dated 26th August 1921
9.Home/Poll/1922 Nr. 241/24, 10, 13
10.Home/Poll/1923 Nr. 129/6, 6; Home/Poll/1923 Nr. 129/IV, 17
11.“The Revolutionary Movement in India,” Inprecorr, Roll No. 1921/3-B, 18
12.Izvestia, 11 May 1922, quoted in Home/Poll/1922 Nr. 884, 5–6
13.Home/Poll/1924 Nr. 261, 110. Petrie, Communism in India, 283. Petrie had succeeded Kaye as Intelligence Director in India.
14.“Telegram to the Government of India, Home Department, No. M. 163,” in Tottenham, The Mapilla Rebellion, 200.
15.“Materialism vs. Spiritualism,” Vanguard, 1 August 1923.
16.“Economics of Communal Conflict,” Masses of India, January 1925
17.“The Calcutta Riot,” Masses of India, May 1926



© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...