Monday, 8 December 2025

ഹിന്ദുവായി മരിച്ച ചേരമാൻ പെരുമാൾ

ചേരമാൻ പെരുമാൾ മതം മാറിയില്ല 

മുപ്പത് വർഷത്തിന് ശേഷം വീണ്ടും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ പോയി. വൈകിട്ട് പോയി മൂന്ന് മണിക്കൂർ ചെലവിട്ടു. ദമ്പതി പൂജ അഥവാ പള്ളിയറ പൂജ നടത്തി.

'ഹിരണ്യ' മാസികയ്ക്ക് വേണ്ടി 'കൊടുങ്ങല്ലൂരിലെ കണ്ണകി' എന്നൊരു ലേഖനം എഴുതി എഴുന്നേറ്റപ്പോൾ ഭാര്യ ചോദിച്ചു: "നമുക്കൊന്ന് തിരുവഞ്ചിക്കുളത്ത് പോയാലോ?" 


ഞാൻ ഞെട്ടി. ലേഖനത്തിൽ പറഞ്ഞത് 'ചിലപ്പതികാരം', 'മണിമേഖലൈ' എന്നിവയിലെ കണ്ണകി കഥ മാത്രമല്ല, കോയമ്പത്തൂരിലെ കരൂരിന് പകരം എങ്ങനെ തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായി എന്നത് കൂടിയായിരുന്നു. അപ്പോൾ ഇങ്ങനെ ഭാര്യ ചോദിക്കുന്നതിന് ടെലിപ്പതികാരം എന്ന് പറയാം. 


തിരുവഞ്ചിക്കുളം എൻ്റെ  മനസ്സിൽ കടന്നത് പി കെ ബാലകൃഷ്ണൻ്റെ  'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന കൃതിയിലെ ഒരു വരിയിലൂടെയാണ്. നൂറ്റാണ്ടു യുദ്ധത്തിൽ മഹോദയപുരം തകർന്നു തരിപ്പണമായി എന്ന് ഇളംകുളം കുഞ്ഞൻ പിള്ള എഴുതിയിരിക്കുന്നു, എങ്കിൽ എങ്ങനെ ഇപ്പോഴും തിരുവഞ്ചിക്കുളം ക്ഷേത്രം തകരാതെ നിൽക്കുന്നു എന്നൊരു ചോദ്യം ഉയർത്തി പിള്ളയെ ബാലകൃഷ്ണൻ തരിപ്പണമാക്കി. 


പെരുമാളും നായനാരും തിരുവഞ്ചിക്കുളത്ത് 

വേണുജി എഴുതിയ ചാക്യാർകൂത്ത് പുസ്തകത്തിലെ മറ്റൊരു പരാമർശം തിരുവഞ്ചിക്കുളത്തെ മനസ്സിൽ ഉറപ്പിച്ചു. അവസാനത്തെ ചാക്യാർ ആടയാഭരണങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്ര മണ്ഡപത്തിൽ അഴിച്ചു വച്ച് കാശിക്ക് പോകും എന്നതാണ് ആ വിവരം. അത് ഞാൻ 'ചിലപ്പതികാരം' എന്ന ചെറുകഥയിൽ ഉപയോഗിച്ചു.


ക്ഷേത്രത്തിൽ വൈകിട്ട് അത്താഴ ശീവേലി കഴിഞ്ഞാൽ തിടമ്പ് പള്ളിയറയിലേക്ക് കൊണ്ട് പോകും. ശിവൻ, പാർവതി എന്നിവരെ പള്ളിയറയിലെ ആട്ടുകട്ടിലിലേക്ക് ആനയിച്ച് വിശേഷാൽ പൂജ നടത്തുന്നു. ഇത് കണ്ടു തൊഴുന്നത് ദീർഘ മംഗല്യത്തിനും മംഗല്യപ്രാപ്തിക്കും ഉത്തമം. ആ നേരത്ത് പാടിയ സോപാനം ഗംഭീരമായിരുന്നു. ഒടുവിൽ പാട്ടിൽ പൂർണത്രയീശനും വന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനടുത്ത് പുത്തൻ ബംഗ്ലാവിലെ തേവാരപ്പുരയിൽ കുലദൈവമായ തിരുവഞ്ചിക്കുളത്തപ്പനുണ്ട്. 


പ്രതിഷ്ഠയ്ക്ക് പള്ളിയറയുള്ളത് ഇവിടെയല്ലാതെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മാത്രമാണ്.


തിരുവഞ്ചിക്കുളത്തെപ്പോലെ ഇത്രയും ഉപദേവതകൾ കേരളത്തിൽ വേറൊരു ക്ഷേത്രത്തിലും ഇല്ല. 33 ഉപദേവതകൾ. ചിദംബരത്തെ നടരാജനെ ഇവിടെ പ്രതിഷ്ഠിച്ചത് പെരുമാൾ തന്നെ എന്ന് വിശ്വാസം. അത്യപൂർവമായ ശക്തിപഞ്ചാക്ഷരി പ്രതിഷ്ഠയുണ്ട് -ശിവകുടുംബത്തിന്റെ ധ്യാനസങ്കല്പം. ഇത്രയധികം ശ്രീകോവിലുകൾ വേറൊരു ക്ഷേത്രത്തിലും ഇല്ല. 


ആമേട ക്ഷേത്രത്തിൽ പതിവായി സപ്തമാതൃക്കളെ തൊഴാറുണ്ട്. തിരുവഞ്ചിക്കുളത്തും ഇവരുണ്ട്. ഇവരെ സാധാരണ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചു കാണാം. വിഗ്രഹരൂപത്തിൽ ഇവരെ കാണുക രുരുജിത് രീതിയിൽ പൂജ നടക്കുന്ന കാളീക്ഷേത്രങ്ങളിലാണ്. കൊടുങ്ങലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർക്കാവ്, മാടായിക്കാവ് ഒക്കെ ഉദാഹരണം. 


ഡച്ചുകാർ 1780 ൽ കൊടുങ്ങലൂർ ഭരണി നാളിൽ ഈ ക്ഷേത്രം ആക്രമിച്ചു. ടിപ്പു പടിഞ്ഞാറേ ഗോപുരം തകർത്തു. 


ചോതി തിരുവിഴ 


ക്ഷേത്രത്തിൽ കയറിയാൽ തന്നെ പ്രാചീനശക്തികളെ അറിയാൻ കഴിയും. അന്നും ഇന്നും ക്ഷേത്രത്തിൽ കൂട്ടമില്ല. കൊടുങ്ങലൂർ നിന്ന് രണ്ടു കിലോമീറ്ററേ ഉള്ളൂ. അവിടെ എത്തുന്നവർ ഇവിടെ എത്താതെ പോകുന്നത് വലിയ നഷ്ടമാണ്. 'പെരിയ പുരാണ'ത്തിലും തേവാരപ്പതികങ്ങളിലും പറയുന്ന ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. 


ആദ്യം ക്ഷേത്രത്തിൽ എത്തിയത് അങ്ങോട്ട് എന്ന് കരുതി പോയതല്ല. തൃശൂരിൽ നിന്ന് മടങ്ങുമ്പോൾ ബോർഡ് കണ്ട് ക്ഷേത്രത്തിലേക്ക് കാർ തിരിച്ചതാണ്. ക്ഷേത്രത്തിൽ ഉപദേവതകളുടെ കൂട്ടത്തിൽ ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ എന്നിവരുടെ വിഗ്രഹങ്ങൾ കണ്ടത് എന്നെ അമ്പരപ്പിച്ചു. ശൈവ സിദ്ധന്മാരിലെ സുന്ദരർ ആണ് സുന്ദരമൂർത്തി നായനാർ. ശൈവ സിദ്ധന്മാരിൽ പെട്ടയാൾ തന്നെ ചേരമാൻ പെരുമാൾ നായനാരും. 


കവികളായിരുന്ന ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അവർ കർക്കടത്തിലെ ചോതി നാളിൽ ക്ഷേത്രത്തിൽ നിന്ന് ഉടലോടെ സ്വർഗത്തിൽ പോയി എന്നാണ് ഐതിഹ്യം. സുന്ദരർ ഐരാവതത്തിൻ്റെ  പുറത്തും പെരുമാൾ കുതിരപ്പുറത്തും പോയി. ഈ ദിനം ഇന്നും കൊണ്ടാടുന്നു-ചോതി തിരുവിഴ. 


കേരളത്തിലെ ഏറ്റവും പ്രാചീനമായ ഈ ക്ഷേത്രത്തിൽ ചേരമാൻ പെരുമാളിൻ്റെ  വിഗ്രഹം കാണുന്നതിനാൽ തന്നെ പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് വെറും സുടാപ്പിക്കഥയാണെന്ന് തെളിയുന്നു. കാലാകാലങ്ങളായി ഉള്ളതാണ് സ്വർഗ്ഗാരോഹണ ഐതിഹ്യം. പെരുമാൾ കൊടുങ്ങല്ലൂരിൽ തന്നെയാണ് മരിച്ചത്. ഗാസയിലോ മെക്കയിലോ അല്ല.


ഏഴാം നൂറ്റാണ്ടിനൊടുവിൽ വില്ലുപുരം തിരുനാവലൂരിൽ ശൈവബ്രാഹ്മണനായ സദയ നായനാർക്കും ഇശൈജ്ഞാനിയാർക്കും ജനിച്ച സുന്ദരരെ, നരസിംഹ മുനയരായർ പല്ലവ ക്ഷത്രിയ കുടുംബം ദത്തെടുത്തു. ബാല്യം അങ്ങനെ സമൃദ്ധമായി.


സമയമായപ്പോൾ ഈ കുടുംബം സുന്ദരർക്ക് വിവാഹം നിശ്ചയിച്ചു. വിവാഹ പാർട്ടി ശിവക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ ഒരു വൃദ്ധൻ സംഘത്തെ ഒരോല കാട്ടി. അതിൽ വൃദ്ധനെ സേവിക്കാൻ നിയോഗിക്കപ്പെട്ടവനാണ് സുന്ദരർ എന്നെഴുതിയിരുന്നു. കാരണവന്മാർ ഓല സത്യമെന്ന് കണ്ടെത്തി സുന്ദരരെ വൃദ്ധനെ സേവിക്കാൻ നിയോഗിച്ചു. വൃദ്ധൻ തിരുവാരൂർ ശിവക്ഷേത്രത്തിൽ അപ്രത്യക്ഷനായി.


ക്ഷേത്രനർത്തകി പറവയാരെ സുന്ദരർ വിവാഹം ചെയ്തു. മദ്രാസിലെ തീരനഗരമായ തിരുവൊട്രിയൂരിൽ വെള്ളാള സ്ത്രീയായ ചങ്കിലിയുമായി സുന്ദരർ പ്രണയത്തിലായി. സ്ഥലം വിടില്ല, ചങ്കിലിയെയും വിടില്ല എന്ന ഉപാധിയിൽ ആ വിവാഹം നടന്നു. വാക്ക് തെറ്റിച്ച് അദ്ദേഹം പറവയുടെ അടുത്തേക്ക്, തിരുവാരൂരിലേക്ക് മടങ്ങി. വാക്ക് ലംഘിച്ചതിനാൽ അന്ധനായി. തുടർന്നുള്ള ദുരിതജീവിതം തേവാരപ്പാട്ടുകളുടെ ഭാഗമാണ്. അന്ധകവി ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് ഘട്ടം ഘട്ടമായി കാഴ്ച വീണ്ടെടുത്തു.


പെരുമാൾ സുഹൃത്ത് 


കേരളം ഭരിച്ച ചേരമാൻ പെരുമാൾ തിരുവാരൂരിലെത്തി സംയുക്തമായാണ് ആ തീർത്ഥയാത്ര നടന്നതെന്ന് പറയുന്നു. ഈ തീർത്ഥാടന ശേഷം മറ്റൊരു കാലത്ത്  തിരുവഞ്ചിക്കുളത്ത് സുന്ദരരുടെ സ്വർഗാരോഹണം. അത് സി ഇ 730 നടുത്താകാമെന്ന് കാമിൽ സ്വലേബിൽ A History of Indian Literature ൽ (വാല്യം 10) കണക്കാക്കുന്നു.


വാങ്‌മൊഴിയായാണ് സുന്ദരരുടെ തേവാരഗീതികൾ പ്രചരിച്ചത്. സി ഇ 1000 അടുത്ത് രാജരാജചോഴൻ ഇതിൽ നിന്നുള്ള ഭാഗങ്ങൾ സദസ്സിൽ കേട്ടു. ഗണേശക്ഷേത്ര പൂജാരിയായ നമ്പിയാന്തർ നമ്പിയോട് അവ പൂർണമായി കണ്ടെടുക്കാൻ ആവശ്യപ്പെട്ടു. ചിദംബരം നടരാജ ക്ഷേത്രത്തിലെ അകത്തളത്തിൽ വെള്ളയുറുമ്പുകൾ തിന്ന പനയോലകളിൽ അവ കണ്ടെത്തി. തേവാരം ത്രിമൂർത്തികളായ സംബന്ധർ, തിരുനാവുക്കരശർ എന്ന അപ്പർ, സുന്ദരർ എന്നിവർ നേരിട്ടെത്തിയാലേ ഇവ കൈമാറൂ എന്ന് ക്ഷേത്രാധികാരികൾ കട്ടായം പറഞ്ഞു. അങ്ങനെ രാജാവ് മൂന്ന് കവികളെയും അവിടെ പ്രതിഷ്ഠിച്ചു. പി കുഞ്ഞിരാമൻ നായർ, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവർ പ്രതിഷ്ഠയാകുന്നതും സച്ചിദാനന്ദൻ ആകാത്തതും ഉള്ളിലെ ആത്മീയതയുടെ സമൃദ്ധിയും അഭാവവും നിമിത്തമാണ്.


വേദങ്ങളെ അനുഗമിച്ച ഈ മൂന്ന് തേവാരക്കവികളാണ് ശിവക്ഷേത്രങ്ങളിൽ ആഗമ പൂജ നിർണയിച്ചത്. ആ പൂജയ്ക്ക് ശേഷം തേവാരം പാടുന്നു. സുന്ദരരുടെ ശിവാലയ തീർത്ഥയാത്രകൾ തമിഴ്‌നാട്ടിൽ ശിവഭൂമികയ്ക്ക് വിസ്തൃതി കൂട്ടി. 


ചേരമാൻ പെരുമാളുമൊത്ത് നടത്തിയ യാത്രയിൽ ഇരുവരും മധുരയ്ക്കുള്ള വഴിയിൽ തിരുനാഗൈകോർണത്ത് എത്തി. ദൈവത്തെ സഖ്യ ഭാവത്തിൽ കണ്ട സുന്ദരർ ഒരുപാട് സ്വത്തിനായി പ്രാർത്ഥിച്ചു. പല രാജാക്കന്മാരെ കണ്ട അവർ തിരുകണ്ടിയൂരിൽ നിൽക്കെ അപ്പുറത്തെ കരയിൽ തിരുവയ്യാർ നഗരം കണ്ടു. അവിടെയെത്താൻ പെരുമാൾ ആഗ്രഹിച്ചു. സുന്ദരർ പ്രാർത്ഥിച്ച് വെള്ളപ്പൊക്കം നീക്കി, പുഴ വഴി മാറി. 


അവിടെ നിന്നാണ് ഇരുവരും തിരുവഞ്ചിക്കുളത്ത് എത്തിയത്. കുറെക്കാലം പെരുമാൾക്കൊപ്പം താമസിച്ച സുന്ദരരെ ഗൃഹാതുരത്വം പിടികൂടി. ഒപ്പം  തിരുവാരൂർക്ക് പോകാൻ കഴിയാതെ പെരുമാൾ ഖേദിച്ചു. സാഷ്ടാംഗം നമസ്കരിച്ച് പെരുമാൾ സമ്മാനങ്ങൾ നൽകി. അവയുമായി ഒരു സംഘം സുന്ദരരെ അനുഗമിച്ചു. 


തിരുമുരുകൻപോണ്ടി എന്ന സ്ഥലത്ത് സുന്ദരരെ കൊള്ള ചെയ്തു. അദ്ദേഹം തന്നിൽ നിന്ന് മാത്രം സമ്മാനങ്ങൾ സ്വീകരിച്ചാൽ മതിയെന്ന് ശിവൻ തീരുമാനിച്ചുവെന്നാണ് ഐതിഹ്യം. അടുത്ത ശിവക്ഷേത്രത്തിൽ സുന്ദരർ പതികങ്ങൾ പാടി പുറത്തെത്തിയപ്പോൾ, ദാ കിടക്കുന്നു സമ്മാനങ്ങൾ! 


നായനാരും പെരുമാളും സ്വർഗത്തേക്ക്, നെല്ലയപ്പർ ക്ഷേത്രം , തിരുനൽവേലി 

കാലങ്ങൾ പോകെ വീണ്ടും പെരുമാളിനെ കാണാൻ സുന്ദരർ യാത്രയായി. തിരുപൊക്കിളിയൂർ അവിനാശിയിൽ ചില വീടുകളിൽ നിന്ന് ആഹ്ളാദശബ്ദവും ചിലയിടങ്ങളിൽ നിന്ന് അലമുറയും കേട്ടു. ഒരേ പ്രായമുള്ള രണ്ടു ബ്രാഹ്മണ കുട്ടികൾ കുളിക്കാൻ പോയി. ഒന്നിനെ മുതല പിടിച്ചു. അന്ന് ഉപനയനം കഴിഞ്ഞ പയ്യൻ രക്ഷപ്പെട്ടു. കരയുന്ന വീട്ടുകാർ, പയ്യൻ ജീവിച്ചിരുന്നെങ്കിൽ ഉപനയനം നടന്നേനെ എന്ന് പറഞ്ഞത് സുന്ദരരെ സ്പർശിച്ചു, പയ്യനെ അദ്ദേഹം ഉയിർപ്പിച്ചു -മുതല പയ്യനെ ഛർദിച്ചു. 


ഉയിർപ്പ് കഥ സുന്ദരർക്ക് മുൻപേ തിരുവഞ്ചിക്കുളത്ത് എത്തിയിരുന്നു. കൊട്ടാരത്തിൽ പെരുമാൾക്കൊപ്പം താമസിച്ച സുന്ദരർ മഹാദേവ ക്ഷേത്രത്തിൽ ചെന്നു. വിഗ്രഹം കണ്ടപാടെ സമാധിയിലായി. ശയന പ്രദക്ഷിണം നടത്തുമ്പോൾ കണ്ണുനീർ പ്രവഹിച്ചു. ഒരു പതികം പാടി കൈലാസത്തിൽ പോകാൻ ആഗ്രഹിച്ചു.


സ്വർഗ്ഗാരോഹണത്തിന് ഭഗവാൻ ഐരാവതത്തെ അയച്ചു. ക്ഷേത്രത്തിന് പുറത്ത് ആന കാത്തു നിന്നു. പെരുമാളിനെ ഒപ്പം കൂട്ടാൻ സുന്ദരർ ആഗ്രഹിച്ചു. ഈ യാത്ര സൂക്ഷ്മശരീരത്തിൽ ആയിരുന്നെന്ന് ഒരു പതികത്തിൽ സുന്ദരർ പാടിയിട്ടുണ്ട്. സ്ഥൂലശരീരത്തെ ഭൂമിയിൽ വിട്ടു. 


ഈ സ്വർഗ്ഗാരോഹണ വാർത്തയറിഞ്ഞ പെരുമാൾ കുതിരപ്പുറത്ത് മഹാദേവ ക്ഷേത്രത്തിലെത്തി. സുന്ദരരെ ഗഗനവീഥിയിൽ പെരുമാൾ കണ്ടു. കുതിരയുടെ ചെവിയിൽ പെരുമാൾ പഞ്ചാക്ഷര മന്ത്രം ഉരുവിട്ടു-ഓം നമഃശിവായ!


പെരുമാളുമായി കുതിര പറന്ന് സുന്ദരർക്കൊപ്പം ചേർന്നു. സൂക്ഷ്മശരീരത്തിൽ അവർ കൈലാസത്തിൽ ശിവപാദം പൂകി. കൈലാസ വാതിലിൽ സുന്ദരരെ മാത്രം അകത്തേക്ക് കടത്തി. പെരുമാളിനായി സുന്ദരർ കെഞ്ചി. ശിവൻ നന്ദികേശ്വരനെ അയച്ച് പെരുമാളിനെ ആനയിച്ചു.


ഗുണപാഠം: അർഹതയില്ലാത്തവൻ ഗുരുവിനോട് ചേർന്നാൽ ദൈവസവിധത്തിൽ എത്താം. 


അങ്ങനെ തമിഴ് കവികളായ 63 നായനാർമാരിൽ രണ്ടു പേരുടെ മുക്തിസ്ഥലമാണ് തിരുവഞ്ചിക്കുളം. മുഖ്യപ്രവേശന കവാടത്തിൻ്റെ വലത്ത് ക്ഷേത്രത്തിനകത്ത്.


ഗുണപാഠം: പെരുമാൾ ഇസ്ലാമിൽ ചേർന്നു എന്നത് ജിഹാദി രാഷ്ട്രീയത്തിലെ അസംബന്ധം. 


© Ramachandran









No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...