1857 ൽ ബ്രാഹ്മണ നേതൃത്വം
വൈഭവ് പുരന്ദരേ എഴുതിയ Tilak:The Empire's Biggest Enemy എന്ന ഉഗ്രൻ പുസ്തകത്തിൽ ഇതുവരെ ശ്രദ്ധിക്കാത്ത ഒന്ന് വായിച്ചു. 1857 ലെ ആദ്യ സ്വാതന്ത്ര്യ വിപ്ലവത്തിൻ്റെ മൂന്ന് മുഖ്യ നേതാക്കൾ മറാത്താ ബ്രാഹ്മണർ ആയിരുന്നു-നാനാ സാഹബ്, റാണി ലക്ഷ്മി ബായ്, താത്തിയ തോപ്പി.
ധോണ്ടു പന്ത് നാനാ സാഹബ് പൂനയിൽ നിന്ന് കാൺപൂരിലെ ബൈത്തൂരിലേക്ക് ബ്രിട്ടീഷുകാർ നാട് കടത്തിയ അവസാന പേഷ്വയുടെ അനന്തരാവകാശി. ലക്ഷ്മി ബായ്, ജാൻസിയിലെ മറാത്താ മഹാരാജാവ് ഗംഗാധർ റാവു നെവാൽകറുടെ ഭാര്യ. അവരുടെ പേര് മണികർണിക താംബെ എന്നായിരുന്നു. താംബെ മഹാരാഷ്ട്ര ബ്രാഹ്മണ നാമം.
അവസാന പേഷ്വ ബാജി റാവു രണ്ടാമനെ 1817 ൽ ബ്രിട്ടീഷുകാർ പുറത്താക്കി. അദ്ദഹത്തിന്റെ സഹോദരൻ ചിമാജിയുടെ സേവനത്തിലുണ്ടായിരുന്ന മോറോപാന്ഥ് താംബെയുടെയും ഭാഗീരഥിയുടെയും മകളാണ് ലക്ഷ്മീബായ്. കർഹദെ ബ്രാഹ്മണ സ്ത്രീ.
ലക്ഷ്മീബായ് |
താത്തിയ തോപ്പി നാനാ സാഹബിന്റെ പീരങ്കി വിദഗ്ധൻ. താത്തിയ എന്നാൽ കാരണവർ, തോപ്പി എന്നാൽ പീരങ്കി. രാമചന്ദ്ര പാണ്ഡുരംഗ യെവൽക്കർ എന്നായിരുന്നു പേര്. ദേശാസ്ത ബ്രാഹ്മണൻ.
ആ പോരാട്ടത്തിലെ ഏറ്റവും വലിയ വില്ലനായി നാനാസാഹബിനെ ബ്രിട്ടീഷുകാർ ചിത്രീകരിച്ചു. കാൺപൂരിൽ ഗംഗയിലെ ബോട്ടുകളിലേക്ക് കയറുന്ന ബ്രിട്ടീഷുകാരുടെ ഉന്മൂലനം, തടവിലായ നൂറോളം ബ്രിട്ടീഷ് സ്ത്രീകളുടെയും കുട്ടികളുടെയും അന്ത്യം എന്നിവയായിരുന്നു കാരണം.
ഇതേതുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ആർമിയിൽ നിന്ന് മറാത്തകളെ ഒഴിവാക്കി. 1857 ന് ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം പിടിച്ചു. ബ്രിട്ടീഷ് രാജ്. പട്ടാളത്തിലേക്ക് കായികശക്തിയുള്ള ഗോത്ര പട്ടികയുണ്ടാക്കി. അതിൽ നിന്ന് മറാഠകൾക്കൊപ്പം അയോദ്ധ്യ (ഔധ്), ബംഗാൾ എന്നിവിടങ്ങളിൽ ഉള്ളവരെയും ഒഴിവാക്കി. അയോധ്യക്കാർ 1857 കലാപ മധ്യത്തിൽ ഉണ്ടായിരുന്നു.
![]() |
താത്തിയ തോപ്പി |
മറാത്താ രാജാക്കന്മാരുടെ ബ്രാഹ്മണ പ്രധാനമന്ത്രിമാർ ആയിരുന്ന പേഷ്വമാർ പതിനെട്ടാം നൂറ്റാണ്ട് മുഴുവൻ ഭരണകർത്താക്കൾ ആയി. 1818 ൽ പേഷ്വ ഭരണം അവസാനിച്ചു. അവസാന പേഷ്വ 1803 ൽ ബ്രിട്ടീഷ് സംരക്ഷണ ഉടമ്പടിയിൽ ഒപ്പിട്ടതോടെ മരണമണിയായി. എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് ചിത്പവൻ ബ്രാഹ്മണരാണെന്ന് 1879 ജൂലൈ മൂന്നിന് ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിൾ വൈസ്രോയ് ലോർഡ് ലിറ്റന് എഴുതിയിരുന്നു.
1857 കലാപത്തെ ആദ്യ സ്വാതന്ത്ര്യസമരം എന്ന് സാവർക്കർ വിളിക്കുമ്പോൾ ഈ മറാത്താ പശ്ചാത്തലം കൂടി കാണണം.
റാണി ലക്ഷ്മി ബായ് -യുടെ ഭർത്താവ് ഗംഗാധർ റാവു ചിത്പവൻ ആയിരുന്നില്ല, കരാദെ ബ്രാഹ്മണൻ ആയിരുന്നു. മഹാരാഷ്ട്ര ബ്രാഹ്മണർ മൂന്ന് തരം: കൊങ്കൺ തീരത്തു നിന്ന് ചിത്പവൻ, ഡക്കാനിൽ നിന്ന് ദേശാസ്ത, തെക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കരാടിൽ നിന്ന് കരാദെ.
പോരാടി രക്തസാക്ഷിയാകാൻ കൂടിയുള്ളതായിരുന്നു, ബ്രാഹ്മിൻ ഹെഗെമണി എന്നും പറയാം -വേടന് വിരോധം ഇല്ലെങ്കിൽ. ശിവാജിയുടെ പോരാട്ടവീര്യം 1857 ലും മറാഠകൾ സൂക്ഷിച്ചു എന്നർത്ഥം.
സാധാരണ ബ്രാഹ്മണർ പോരാളികൾ ആവില്ല, ഉപദേഷ്ടാക്കൾ ആയിരിക്കും. മഹാഭാരതത്തിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ദ്രോണരെ അതുകൊണ്ട് തന്നെ നീചബ്രാഹ്മണൻ ആയി കരുതിപ്പോരുന്നു. എന്നാൽ മറാത്തയിൽ ചില ബ്രാഹ്മണർ പോരാളികളായി മാറി. പതിനെട്ടാം നൂറ്റാണ്ട് മുഴുവൻ മറാത്ത ഭരിച്ച പേഷ്വമാർ ബ്രാഹ്മണർ ആയിരുന്നു എന്നതാണ് കാരണം.
പേഷ്വമാരുടെ ഭരണകാലത്ത് കൊങ്കൺ തീരത്തു നിന്നുള്ള ചിത്പവൻ ബ്രാഹ്മണർക്ക് അവസരങ്ങൾ കിട്ടി. അവരിൽ ഒരാളായിരുന്നു ബാൽ ഗംഗാധർ തിലകിൻ്റെ പ്രപിതാമഹൻ കേശവ്. കൊങ്കണിലെ അഞ്ജൻവെൽ പ്രദേശത്തെ നികുതി പിരിവ് അദ്ദേഹത്തിന് കിട്ടി.
പരശുരാമൻ കടലിൽ നിന്ന് പടിഞ്ഞാറൻ തീരം സൃഷ്ടിച്ചു. 50 കിലോമീറ്റർ വീതിയുള്ള കൊങ്കൺ തീരമുണ്ടായി. അത് കടലിനെ മലയിൽ നിന്ന് വേർതിരിച്ചു.
കൊടുങ്കാറ്റടിച്ച ഒരു രാത്രി വെളുത്ത നിറമുള്ള 14 നാവികർ രത്നഗിരി തീരത്ത് കപ്പൽച്ചേതമുണ്ടായി തീരമണഞ്ഞു. രാവിലെ അവരുടെ ജഡങ്ങൾ തീരവാസികൾ കണ്ടെത്തി. വിറക് കൊള്ളികൾ കൊണ്ട് ശവദാഹത്തിന് ചിതയുണ്ടാക്കി. തീ ആളിയപ്പോൾ പരശുരാമൻ പ്രത്യക്ഷപ്പെട്ടു. അവരെ അദ്ദേഹം ഉയിർപ്പിച്ചു. അവരുടെ പാപങ്ങൾക്ക് അഗ്നിശുദ്ധിയുണ്ടായി. ചിത് ചിത, പവൻ ശുദ്ധീകരിച്ച പ്രാണൻ. ചിത് എന്നാൽ ചിത്തം അഥവാ ആത്മാവ് എന്നൊരു പാഠം ഉണ്ട് -ആത്മാവ് ശുദ്ധീകരിക്കപ്പെട്ടു എന്നർത്ഥം.
സഹ്യാദ്രിയിൽ പരശുരാമൻ നിന്ന ചിപ്ലനിൽ പരശുരാമക്ഷേത്രമുണ്ട്. ചിപ്ലൻ =ചിത് പോലൻ. അദ്ദേഹത്തിന്റെ അമ്പ് വീണ സ്ഥലം ബന്നാലി. ഗോവയിലെ ബനോലിo.
ഈ ബ്രാഹ്മണരെ വാസിഷ്‌ടി നദീതടത്തിൽ പാർപ്പിച്ചു. അക്കാലത്ത് സരസ്വതി വറ്റിവരണ്ടു. ആ നദീതീരത്തെ ബ്രാഹ്മണരെ മാറ്റിപ്പാർപ്പിക്കാൻ കശ്യപമുനി പരശുരാമ സഹായം തേടി. അങ്ങനെ എത്തിയവർ സാരസ്വത ബ്രാഹ്മണർ.
ശിവാജിയുടെ കൊച്ചുമകൻ ഷാഹു മഹാരാജ്, ചിത്പവൻ ബ്രാഹ്മണനായ ബാലാജി വിശ്വനാഥ് ഭട്ടിനെ അഞ്ചാമത്തെ പ്രധാനമന്ത്രി (പേഷ്വ) ആയി നിയമിച്ചു. അങ്ങനെ ചിത്പവൻ ബ്രാഹ്മണർ പൂനയിലെത്തി. 1763 -64 ലെ ഒരു രേഖപ്രകാരം 67% ക്ലർക്കുമാരും ഈ സമുദായത്തിൽ നിന്നായിരുന്നു.
ആ നാവികർ എവിടെ നിന്ന് വന്നു? പശ്ചിമേഷ്യയിലെയോ മധ്യേഷ്യയിലെയോ പീഡനം സഹിക്കാനാവാതെ പലായനം ചെയ്തു എന്ന് ഐതിഹ്യം. പഴയ പേർഷ്യൻ ഭാഷയായ അവസ്തയിലും ചിത് എന്നാൽ മനസ്സാണ്.
![]() |
നാനാ സാഹബ് |
റായ്‌ഗഡിൽ എത്തിയ ബനെ ഇസ്രയേൽ ജൂത ഗോത്രവുമായി ചിത്പവൻ ബ്രാഹ്മണർക്ക് ബന്ധം കാണുന്നവരുണ്ട്.
പരശുരാമൻ ഉയിർപ്പിച്ചതാണെങ്കിൽ പിന്നെ പോരാളികൾ ആകണം. ബാൽ ഗംഗാധർ തിലക്, മഹാദേവ് ഗോവിന്ദ് റാനഡെ, ഗോപാലകൃഷ്ണ ഗോഖലെ, സാവർക്കർ, ഹെഡ്ഗേവാർ, ഗോൾവൽക്കർ, ഫഡ്‌നാവിസ് ഒക്കെ ചിത്പവൻ ആണ്. അഗാർക്കർ, കാർവെ, റാനഡെ, ആപ്‌തെ, ഗാഡ്ഗിൽ എല്ലാം ചിത്പവനാണ്.
ഫഡ്‌കെ എന്ന ഇതിഹാസം
ചിത്പവൻ ബ്രാഹ്മണരിലെ വലിയ വിപ്ലവകാരിയാണ് 1875-78 ൽ ഡക്കാൻ കലാപം എന്നറിയപ്പെട്ട കർഷക കലാപത്തെ കാട്ടിൽ നിന്ന് നയിച്ച വാസുദേവ് ബൽവന്ത് ഫഡ്‌കെ. യെമനിലെ ഏഡനിലേക്ക് ബ്രിട്ടീഷുകാർ നാട് കടത്തി. അവിടെ മരിച്ചു.
മിലിട്ടറി അക്കൗണ്ട്സ് വകുപ്പിൽ ജോലി ചെയ്തിരുന്ന ഫഡ്‌കെ 33 വയസ്സിലാണ് 1878 ൽ കുടുംബം വിട്ട് വനത്തിലേക്ക് പോയത്. അവിടെ സൈന്യമുണ്ടാക്കി. അടുത്ത വർഷം പൂനയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിൽ ബ്രിട്ടീഷ് കേന്ദ്രങ്ങൾ ആക്രമിച്ചു. ബ്രിട്ടീഷ് ഓഫിസർമാരുടെ ശമ്പളം വെട്ടിക്കുറച്ച് പാവം കർഷകർക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യും.
ഫഡ്‌കെയെ 1879 ജൂലൈയിൽ പിടികൂടി വിചാരണ ചെയ്ത് ഏഡനിലേക്ക് കടത്തി.
ഇന്നത്തെ റായിഗഡിലെ ഷിർദോനിൽ 1845 ൽ ജനിച്ച ഫഡ്‌കെ ദാരിദ്ര്യം തിന്നാണ് ബാല്യം കടന്നത്. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാതെ പൂനയിൽ പോയി 15 കൊല്ലം ക്ലർക്കായി. ദലിതനും ഗുസ്തിക്കാരനുമായ ലഹുജി സാൽവേയുടെ ശിഷ്യനായി. മഹാദേവ് ഗോവിന്ദ് റാനഡെയുടെ പ്രഭാഷണങ്ങൾ കേട്ട് ബ്രിട്ടന് എതിരായി. യുവാക്കളെ ബോധവൽക്കരിക്കാൻ ഐക്യവർദ്ധിനി സഭയുണ്ടാക്കി. അവധി കിട്ടാത്തതിനാൽ അമ്മയെ അന്ത്യനിമിഷത്തിൽ കാണാനായില്ല. അതായിരുന്നു വഴിത്തിരിവ്.
1875 ൽ ബ്രിട്ടൻ ബറോഡ മഹാരാജാവ് മൽഹർ റാവു ഗേക്ക്‌വാദിനെ സ്ഥാനഭ്രഷ്ടനാക്കി. ഫഡ്‌കെ സർക്കാരിനെതിരെ പ്രഭാഷണങ്ങൾ നടത്തി. കടുത്ത ക്ഷാമത്തിൽ നാട് വിറങ്ങലിച്ചപ്പോൾ അദ്ദേഹം ഡക്കാനിൽ പര്യടനം നടത്തി സ്വാതന്ത്ര്യം നേടാൻ ജനത്തെ ഉപദേശിച്ചു. വിദ്യാസമ്പന്നർ കൂടെ നിൽക്കാതെ ഗോത്രവർഗമായ രാമോഷി സമുദായത്തിൽ നിന്ന് കുറെപ്പേരെ കൂടെ കൂട്ടി. കോലി, ഭിൽ, ധങ്കർ സമുദായക്കാരും ചേർന്നു.
പണമുണ്ടാക്കാൻ ഈ സംഘം ട്രഷറികൾ കൊള്ളയടിക്കാൻ ഒരുങ്ങി. ഷിരൂരിലെ ദമാരിയിൽ ആദ്യ ആക്രമണം. ആദായ നികുതി ശേഖരിച്ചു സൂക്ഷിച്ച ബാൽചന്ദ് സംഗ്ലയുടെ വീട് ആക്രമിച്ചു. നാനാഗാവിലെ പിന്നാക്ക സമുദായം അദ്ദേഹത്തെ വനത്തിൽ സംരക്ഷിച്ചു.
![]() |
ഫഡ്‌കെ |
ഹൈദരാബാദിലേക്ക് കടന്ന ഫഡ്‌കെയെ നൈസാമിന്റെ പോലീസ് കമ്മീഷണർ മേജർ ഹെൻറി ഡാനിയൽ കലദഗി ക്ഷേത്രത്തിൽ പിടികൂടി. ഏഡൻ ജയിൽ ചാടിയ ഫഡ്‌കെയെ പോലീസ് പിന്നെയും പിടിച്ചു. നിരാഹാരം അനുഷ്ഠിച്ച് 1883 ഫെബ്രുവരി 17 ന് മരിച്ചു.
ഫഡ്‌കെയുടെ കലാപത്തിൽ നട്ടം തിരിഞ്ഞാണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് ചിത്പവൻ ബ്രാഹ്മണരാണെന്ന് ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിൾ വൈസ്രോയ് ലോർഡ് ലിറ്റന് എഴുതിയത്.
ഫഡ്‌കെ മരിച്ച് രണ്ടു മാസം കഴിഞ്ഞാണ് സാവർക്കർ ജനിച്ചത്. രണ്ടു സിനിമയെടുക്കാനുള്ള ജീവിതമാണ് ഫഡ്‌കെയുടേത്.
© Ramachandran
No comments:
Post a Comment