സമർത്ഥ രാംദാസും ശിവാജിയും
മുസ്ലിം അധിനിവേശത്തിനെതിരെ ഉപരോധം തീർത്ത ഭക്തിപ്രസ്ഥാനത്തിൻ്റെ ഒടുവിൽ മുഗൾഭരണത്തിനെതിരെ മറാത്താ സാമ്രാജ്യം ശിവാജിയുടെ (ശിവജി എന്നല്ല) നേതൃത്വത്തിൽ ഉയർന്നു. ശിവാജിയുടെ ഗുരുവും വഴികാട്ടിയുമായി സമർത്ഥ രാംദാസ് നിന്നു. ചില മറാത്താ പക്ഷപാതികൾക്ക് ബ്രാഹ്മണ ഗുരുവിനെ സങ്കൽപിക്കുന്നത് അയിത്തമാകയാൽ അവർ ഈ ചരിത്രം പറയുമ്പോൾ നെറ്റി ചുളിക്കും. രാംദാസ് മാത്രമല്ല, ശൂദ്രനായ സന്യാസ കവി തുക്കാറാമും ശിവാജിയുടെ ഗുരുവായിരുന്നു.
നെറ്റി ചുളിക്കേണ്ടതില്ല. ജാതിചിന്തകൾക്കതീതമായി ഹിന്ദു സമൂഹം ഒന്നിച്ചു നിന്ന ഒന്നാണ് ഭക്തിപ്രസ്ഥാനം. ശിവാജിയും ഹിന്ദുക്കളെ ഒന്നായി കണ്ടതിനാൽ അദ്ദേഹം ബ്രാഹ്മണ ഗുരുവിനെ വരിച്ചു കാണില്ല എന്ന സങ്കുചിത ചിന്തയ്ക്ക് അടിസ്ഥാനമില്ല.
ജൽനയിലെ ജാമ്പിൽ 1608 ൽ പിറന്ന രാംദാസ് പൂർവാശ്രമത്തിൽ നാരായൺ തോസർ ആയിരുന്നു. മുസ്ലിം അധിനിവേശക്കാലത്ത് മഹാരാഷ്ട്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളെ ചൂഴ്ന്നു നിന്ന രാംദാസ് സ്വാമി മാറ്റം ലക്ഷ്യമാക്കി രണ്ടു നല്ല കൃതികൾ രചിച്ചു -ഭരണം, നേതൃത്വം, ധാർമികത എന്നിവ കൈകാര്യം ചെയ്യുന്ന ‘ദശബോധ്,’ ആത്മനിയന്ത്രണം, സത്യസന്ധത, ഭക്തി എന്നിവയുടെ പ്രാധാന്യം വിവരിക്കുന്ന ‘മേനാച്ചേ ശ്ലോക്.’ സമൂഹപരിഷ്‌കരണം ലക്ഷ്യമാക്കി മഠങ്ങളും ഹനുമാൻ ക്ഷേത്രങ്ങളും സ്ഥാപിച്ചു. വിദ്യാഭ്യാസം, ആത്മീയ ഉണർവ്, ദേശാഭിമാനം എന്നിവയുടെ കേന്ദ്രങ്ങളായി അവ വളർന്നു. സ്വരാജ്യം, ധർമ്മം എന്നിവ ശിവാജിയുടെ മുദ്രാവാക്യങ്ങളായത് അങ്ങനെയാണ്.
![]() |
രാംദാസ് |
ഗുരുവിനെ കാണുന്നു
കുട്ടിയായിരിക്കെത്തന്നെ രാജമാതാ ജീജാബായി ശിവാജിയിൽ ഭക്തിയും ഹിന്ദുസമൂഹ സ്നേഹവും വളർത്തി. അവയെ ധാർമിക തലത്തിലേക്ക് രാംദാസ് ഉയർത്തി. രാംദാസും ശിവാജിയും ആദ്യം കണ്ടത് 1649 -ലാണെന്ന് കരുതുന്നു. എന്നാൽ ഇതുണ്ടായത് 1652 ൽ ശിവതർ ഗലിൽ ആയിരുന്നെന്ന് ചരിത്രകാരൻ ജി എച്ച് ഖരെ എഴുതുന്നു. 1658 -ലെന്ന് വിജയ്‌റാവു ദേശ്‌മുഖ് വാദിക്കുന്നു. ബാബാസാഹേബ് പുരന്ദരേ, സേതുമാധവ് റാവു പഗാഡി എന്നിവർ പറയുന്നത് 1672 ൽ ആണെന്നാണ്.
വർഷം ഏതുമാകട്ടെ, അവർ പലതവണ കണ്ടെന്ന് ചരിത്രത്തിലുണ്ട്. 1672 -76 ൽ ഇരുവരും ഏഴോ എട്ടോ തവണ കണ്ട ചരിത്രം പഗാഡി പറയുന്നു. 1658 ൽ തന്നെ സമർത് സന്യാസസമൂഹവുമായി ശിവാജിക്ക് ബന്ധമുണ്ട്. ചഫൽ സനദ് എന്ന സാമ്പത്തിക സഹായ രേഖയിൽ സമർത്ഥ രാംദാസിനെ ശിവാജി ശ്രീ സദ്ഗുരുവര്യ എന്ന് വിശേഷിപ്പിക്കുന്നു.
മറാത്താ ദേശാസ്ത ഋഗ്വേദി ബ്രാഹ്മണ കുടുംബത്തിലാണ് രാംദാസ് ജനിച്ചത്. സൂര്യാജി പന്ത് അച്ഛൻ, രാണു ബായ് അമ്മ. ഗംഗാധർ മൂത്ത കുട്ടി. രാംദാസിന് ഏഴു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു, അവൻ അന്തർമുഖനായി. 12 വയസിൽ അസംഗാവിലെ സ്വന്തം വിവാഹ പന്തലിൽ നിന്ന് ഒളിച്ചോടി. ഗോദാവരി തീരം വഴി 200 കിലോമീറ്റർ നടന്ന് നാസിക്കിനടുത്ത് പഞ്ചവടിയിൽ എത്തി.ഗോദാവരിയും നന്ദിനിയും സംഗമിക്കുന്ന തൿലിയിൽ പാർപ്പായി. രാമനെ ഭജിച്ച് 12 വർഷം കഴിഞ്ഞു.
ആയിടെ ഭർത്താവ് മരിച്ച് വിധവയായ സ്ത്രീക്ക് രാംദാസ് അബദ്ധത്തിൽ ദീർഘ ദാമ്പത്യം ആശംസിച്ചു. പിന്നെ എന്ത് ചെയ്യാം? രാംദാസ് മരിച്ചയാളെ ഉയിർപ്പിച്ചു പ്രശസ്തനായി. 24 വയസിൽ ജ്ഞാനോദയമുണ്ടായി. രാംദാസ് എന്ന പേര് സ്വീകരിച്ചു. ചാണകത്തിൽ തീർത്ത ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചു. ചിലരെ മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ചാണകം എന്ന് വിളിക്കുന്നത് ബഹുമതിയായി കാണാം. മാർക്സിസ്റ്റ് സർക്കാരിൻ്റെ ഔഷധി തന്നെ ചാണകം അടങ്ങിയ പഞ്ചഗവ്യം വിൽക്കുന്നുണ്ട്. ചാണകം വിറ്റാണ് മാർക്സിസ്റ്റ് സർക്കാർ നിലനിൽക്കുന്നത്!
ഗുരു മുഗളർക്കെതിരെ
പിന്നെ രാംദാസ് 12 വർഷം യാത്ര ചെയ്തു. ഇക്കാലത്തെ സാമൂഹിക നിരീക്ഷണങ്ങൾ അശ്മണി സുൽത്താനിയ, പരചക്ര നിരൂപൺ എന്നീ രചനകളിൽ രേഖപ്പെടുത്തി. ഹിമാലയത്തിൽ പോയി. കശ്മീരിൽ ആറാം സിഖ് ഗുരു ഹർഗോബിന്ദിനെ കണ്ടു. സത്താറയ്ക്കടുത്ത മഹാബലേശ്വറിലേക്ക് മടങ്ങി. മസൂറിൽ ലക്ഷങ്ങൾ പങ്കെടുത്ത രാമനവമി കൊണ്ടാടി. ഹിന്ദുക്കളുടെ ഐക്യത്തിന് സമർത്ഥ സമൂഹമുണ്ടാക്കി 700 -1100 മഠങ്ങൾ സ്ഥാപിച്ചു. ചപാലിൽ രാമക്ഷേത്രം പണിതു. തെക്കൻ മഹാരാഷ്ട്രയിൽ 11 ഹനുമാൻ ക്ഷേത്രങ്ങൾ തുറന്നു. ഇവ 11 മാരുതി എന്നറിയപ്പെടുന്നു. 1644 -1654 ൽ നടന്ന ഈ ക്ഷേത്ര സ്ഥാപനങ്ങൾ ഹിന്ദു വിപ്ലവമാണ് - ഭക്തിപ്രസ്ഥാനം ഏഴാം നൂറ്റാണ്ടിൽ ഉണ്ടാകുമ്പോൾ മുഗൾ ഭരണത്തിൽ ഹിന്ദു ക്ഷേത്ര നിർമാണം അസാധ്യമായിരുന്നു. അതാണ് ഹിന്ദു ദൈവങ്ങൾ കീർത്തനങ്ങളിൽ ഒതുങ്ങിയത്. അതിൽ വിപ്ലവകരമായ മാറ്റമാണ് രാംദാസ് നിർവഹിച്ചത്.
അതിന് തെളിവാണ് രാംദാസ് എഴുതിയ രചനകൾ. ഇസ്ലാമിക ഭരണാധികാരികളെ വെല്ലുവിളിക്കാൻ അദ്ദേഹം തീക്ഷ്‌ണമായി ആഹ്വാനം ചെയ്തു. എങ്ങനെ ശിവാജി അദ്ദേഹത്തെ കാണാതിരിക്കും? രാംദാസിൻ്റെ ഒരു മന്ത്രമാണ് ‘രഘുപതിരാജാറാമി’ന് പ്രചോദനം. അദ്ദേഹത്തിൻ്റെ ‘ദശബോധ്’ മൂല ഗ്രന്ഥം ഉസ്മാനാബാദ് ധോംഗാവ് മഠത്തിലുണ്ട്.
അദ്വൈതത്തിൽ ചാലിച്ചതാണ് രാംദാസിൻ്റെ ഭക്തി. ശ്രവണത്തിൽ തുടങ്ങി ആത്മനിവേദനം വഴി സാക്ഷാത്കാരത്തിൽ എത്തുക. “ഞാൻ” അലിഞ്ഞില്ലാതാവുക.അതേസമയം സമൂഹത്തെ സംരക്ഷിക്കാൻ യോദ്ധാക്കൾ നിർബന്ധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സന്യാസിമാർ സമൂഹത്തിൽ നിന്ന് വലിയരുത്. സജീവമായി ഇടപെട്ട് സാമൂഹികമാറ്റം ഉണ്ടാക്കണം. മുസ്ലിം അധിനിവേശം വഴി തകർന്ന ഹിന്ദുമതത്തെ സജീവമാക്കുകയായിരുന്നു ദൗത്യം.
രാംദാസിന് 18 ശിഷ്യകൾ ഉണ്ടായിരുന്നു. സാംഗ്ലി മിറാജിലെ മഠം വെണ്ണബായി നയിച്ചു. ചാപൽ മഠം അക്കബായിയും. ‘ദശബോധി’ൽ രാംദാസ് എഴുതി: “എല്ലാവരും സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് വരുന്നു. ഇതിൻ്റെ പ്രാധാന്യം അറിയാത്തവർ ആണുങ്ങളല്ല.” സ്ത്രീകളെ ഇന്നും മോസ്കുകളിൽ കയറ്റാത്ത ആണുങ്ങൾ ഉള്ളപ്പോൾ പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഈ ഹിന്ദുവിപ്ലവം സിലബസിൽ കയറില്ല. വേടന്മാർ കയറും.
സിഖ് ഗുരു ഹർഗോബിന്ദിനെ കശ്മീരിൽ കണ്ടപ്പോൾ രാംദാസ് ചോദിച്ചു: “ഗുരു നാനാക്കിൻ്റെ പീഠത്തിൽ ഇപ്പോൾ താങ്കളാണ്. നാനാക് ഭൗതികജീവിതം വെടിഞ്ഞ ത്യാഗി സാധുവായിരുന്നു. അങ്ങേക്ക് ആയുധങ്ങളും സേനയും കുതിരകളുമുണ്ട്. എന്നിട്ടും യഥാർത്ഥ രാജാവ് എന്നവകാശപ്പെടുന്നു. അങ്ങ് എന്ത് സന്യാസിയാണ്?”
“അകത്ത് സാധു, പുറത്ത് രാജാവ്,” ഗുരു ഗോബിന്ദ് സിംഗ് പറഞ്ഞു, “പാവങ്ങൾക്ക് സുരക്ഷയ്ക്കും പീഡകന് ശിക്ഷയ്ക്കും ആയുധം. നാനാക് ലോകത്തെ ഉപേക്ഷിച്ചില്ല, മായയാണ് ഉപേക്ഷിച്ചത്. സ്വാർത്ഥവും അഹംബോധവും.”
“കൊള്ളാമല്ലോ,” രാംദാസ് പറഞ്ഞു.
ഈ കഥ നിറയെ അദ്വൈതമാണ്, രാംദാസ് ശങ്കരാചാര്യരെ അറിഞ്ഞിട്ടുണ്ടാവണം.
![]() |
തുക്കാറാം, രാംദാസ്, ശിവാജി |
ദാ കാവിക്കൊടി
മറ്റൊരു കഥ സദ്ഗുരു ജഗ്ഗി വാസുദേവ് പ്രസിദ്ധമാക്കി.
ഒരിക്കൽ ശിവാജി കൊട്ടാര മേലാപ്പിൽ നിന്ന് താഴെ വീടുവീടാന്തരം ഗുരു രാംദാസ് ഭിക്ഷ യാചിക്കുന്നത് കണ്ടു.
“എന്തിനാണ് എൻ്റെ ഗുരു പിച്ച തെണ്ടുന്നത്, ഞാൻ രാജാവാണ്, എൻ്റെ ഗുരു അത് ചെയ്തു കൂടാ,” ശിവാജി തീരുമാനിച്ചു.
ഗുരുവിനടുത്തു ചെന്ന് ശിവാജി രാജ്യം മുഴുവൻ വാഗ്ദാനം ചെയ്തു.
“അപ്പോൾ നീ എന്ത് ചെയ്യും?” രാംദാസ് ചോദിച്ചു.
‘അങ്ങ് ചെയ്യുന്നത്,” ശിവാജി പറഞ്ഞു, “അങ്ങേയ്‌ക്കൊപ്പം അങ്ങയെ പരിചരിച്ച്.”
അവർ ഒന്നിച്ച് പിച്ച തെണ്ടി. സന്യാസി തെണ്ടിയാൽ ജനം സഹിക്കും, രാജാവ് അത് ചെയ്താൽ പ്രജകൾ അയാളെ നിരാകരിക്കും.
ആ അവസ്ഥയിൽ ശിവാജിക്ക് രാംദാസ് ഒരു കാവി തുണി കൊടുത്തു. “ഇത് കൊടിക്കൂറയാക്കുക, ഭരിക്കുക”, രാംദാസ് പറഞ്ഞു. “എന്നാൽ ഒന്ന് കരുതണം, ഈ രാജ്യം നിന്റേത് അല്ല, നിന്റേതല്ല എന്ന് കരുതിയാൽ അത് നിന്റേത് ആകും. പ്രജകൾക്ക് നല്ലത് ചെയ്യാൻ കഴിയും.”
ഈ കഥയും അദ്വൈതം തന്നെ.
ആ തുണി ശിവാജി രാജ്യ പതാകയാക്കി. അങ്ങനെയാണ് കാവിക്കൊടി ഉണ്ടായത്. ഗോൾവൽക്കർ സൃഷ്ടിച്ചതല്ല. ത്യാഗത്തിൻ്റെ നിറമാണ് കാവി. ഔറംഗസേബിനെ വിറപ്പിച്ച ശിവാജി സന്യാസി കൂടിയായിരുന്നു. സന്യാസിയും യോദ്ധാവാണെന്ന് രാംദാസ് ഗുരുഗോബിന്ദ് സിംഗിൽ നിന്ന് അറിഞ്ഞതാണല്ലോ. വിവേകാനന്ദനും ചിദാനന്ദപുരിക്കും മുൻപേ ഈ ചിന്ത ഭാരതത്തിൽ ഉണ്ടെന്ന് അർത്ഥം. രാംദാസ് സ്വാധീനിച്ച പിൽക്കാല നേതാക്കളാണ് ബാൽ ഗംഗാധർ തിലക്, സാവർക്കർ, ഹെഡ്ഗേവാർ എന്നിവർ.
രാംദാസ് എഴുതിയ മാരുതി സ്തോത്രം മഹാരാഷ്ട്രയിലെ സ്‌കൂളുകളിലും അഖാഡകളിലും ചൊല്ലുന്നു.
സമാധിക്ക് അഞ്ചു വർഷം മുൻപ് രാംദാസ് ആഹാരവും വെള്ളവും ഉപേക്ഷിച്ചു. ഇങ്ങനെ മരണം സ്വയംവരിക്കുന്നതാണ് പ്രായോപവേശം. അക്കാലമത്രയും അദ്ദേഹം താരകാ മന്ത്രം ഉരുവിട്ടു: ശ്രീറാം ജയ് റാം, ജയ് ജയ് റാം. (ഇതാണ് ഞാൻ പിൽക്കാല രാംദാസ് തുടങ്ങിയ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലും കേട്ടിട്ടുള്ളത്.)
തഞ്ചാവൂരിൽ നിന്ന് കൊണ്ടുവന്ന രാമവിഗ്രഹം ആയിരുന്നു അപ്പോൾ അടുത്ത്. ശിഷ്യരായ ഉദ്ധവ് സ്വാമിയും അക്കാ സ്വാമിയും പരിചരിച്ചു. ഉദ്ധവ് സ്വാമി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ശിഷ്യൻ്റെ പേരാണോ ഉദ്ധവ് താക്കറെയ്ക്ക് കിട്ടിയത് എന്നറിയില്ല. മഹാഭാരതത്തിൽ ‘ഉദ്ധവഗീത’യുള്ളത് താക്കറെ അറിയാൻ വഴിയില്ല.
© Ramachandran
No comments:
Post a Comment