Tuesday, 6 August 2019

രാജാവ് അടിമയാകുമ്പോൾ

രാജാവിന് ശമ്പളം 5500 രൂപ 

ചാൾസ് അലൻ ലോസൺ എഴുതിയ,ബ്രിട്ടീഷുകാരും കൊച്ചി നാട്ടു രാജ്യവും ( British and Native Cochin,1861 ) എന്ന പുസ്തകത്തിൽ,രാജാവിൻറെ ഇന്നത്തെ അധികാരം എന്ന അധ്യായം,രാജാവ് എത്രമാത്രം കഥയില്ലാത്തവനായിരുന്നു എന്ന് വ്യക്തമാക്കുന്നു.ലോസൻറെ വാക്കുകൾ:

മുൻഗാമികൾ ദീർഘകാലം ഉപയോഗ ശൂന്യമായി കൈകാര്യം ചെയ്‌തു പോന്ന അധികാരത്തിൻറെ ചെറിയ അംശം മാത്രമേ ഇപ്പോൾ കൊച്ചി രാജാവിനുള്ളൂ.പഴയ പരമ്പരയിലെ രാജാവാണ്;പ്രതാപികളായ മലബാർ രാജാക്കന്മാരുടെ അവശിഷ്ട കണ്ണി.ബ്രിട്ടൻ പടയോട്ടങ്ങളിൽ കൂട്ടിച്ചേർക്കാത്ത വിരലിൽ എണ്ണാവുന്ന നാട്ടുരാജ്യങ്ങളിൽ ഒന്ന്.അദ്ദേഹത്തിൻറെ അധികാരം കാഴ്ചയിലേയുള്ളൂ.ആ സിംഹാസനം ബ്രിട്ടീഷ് ഭരണകൂടം നിരവധി നിയന്ത്രണങ്ങളോടെ വക വച്ച് കൊടുക്കുന്ന ആദരണീയമായ അലങ്കാര പദവി മാത്രം.

ടിപ്പു സുൽത്താൻ 1790 ൽ കൊച്ചിയിൽ പടയോട്ട ഭീഷണി മുഴക്കിയപ്പോൾ,രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം ചോദിച്ചു.ഇതനുസരിച്ച് 1791 ജനുവരി ആറിന് ബ്രിട്ടീഷ് സംരക്ഷണത്തിന് കൊച്ചി പ്രതിവർഷം ഒരു ലക്ഷം രൂപ കപ്പം അഥവാ ഗുണ്ടാപ്പണം കൊടുക്കാൻ ഉടമ്പടിയുണ്ടാക്കി.1809 തുടക്കത്തിൽ രാജാവ് സ്വാതന്ത്ര്യത്തിന് ശ്രമിച്ചപ്പോൾ,ബ്രിട്ടൻ പുതിയ ഉടമ്പടിയുണ്ടാക്കി.രാജാവിന് സ്ഥാന ചിഹ്നങ്ങൾ അണിയാം;പൂർണ മേൽക്കോയ്‌മ ബ്രിട്ടന്.ഇതാണ്,കരാർ.
  • കമ്പനിയും തീപ്പെട്ട രാജാവും തമ്മിൽ ചില ഉപാധികളിന്മേൽ രാജാവ് കമ്പനിയുടെ സാമന്തൻ ആയിരിക്കുമെന്നും ചില പ്രദേശങ്ങൾ കൈവശം വയ്ക്കുമെന്നും 1790 ൽ കരാർ ഒപ്പിട്ടിരുന്നു.
  • എന്നാൽ,ആ കരാർ പ്രകാരം തനിക്കും രാജ്യത്തിനും കമ്പനിയിൽ നിന്ന് കിട്ടുന്ന ആനുകൂല്യവും സംരക്ഷണവും കാണാതെ,ഇപ്പോഴത്തെ രാജാവ്,സമീപകാലത്ത് തിരുവിതാംകൂർ ദിവാനുമായി ഒന്നു ചേർന്ന് കമ്പനിക്കെതിരെ പ്രകോപനം ഒന്നും കൂടാതെ തന്നെ ശത്രുതാപരമായ നീക്കങ്ങളും പ്രവൃത്തികളും നടത്തി.ഈ രാജാവിൻറെ സൈന്യം തിരുവിതാംകൂർ സൈന്യവുമായി ചേർന്ന് കമ്പനിക്കെതിരെ ആറാഴ്ച ശത്രുതയോടെ നീങ്ങിയ സത്യം കുപ്രസിദ്ധമാണ്.തുടർന്ന് 1809 ഫെബ്രുവരി എട്ടിന്,തിരുവിതാംകൂർ റസിഡന്റും കൊച്ചി രാജാവിൻറെ സർക്കാരും സന്ധിയിൽ എത്തി.അതനുസരിച്ച്,തിരുവിതാംകൂർ ദിവാനുമായുള്ള ദുഷ്‌ട സഖ്യത്തിൽ നിന്ന് പിന്മാറാൻ ടി രാജാവ് സമ്മതിച്ചു;ഈ നീക്കം മുൻ കരാറിന് വിരുദ്ധവും മുൻ എതിർ നീക്കങ്ങൾക്ക് ആക്കം കൂട്ടലുമായിരുന്നു.ഇങ്ങനെ ശത്രുതയും ചതിയും നിറഞ്ഞ നീക്കങ്ങൾ കൊച്ചി സർക്കാർ നടത്തിയിട്ടും,കരുണയും മിതത്വവും വഴികാട്ടിയായ കമ്പനി,ടി രാജാവുമായി പുരാതന ബന്ധവും ആദരവും പുനഃസ്ഥാപിക്കാൻ തയ്യാറാണ്.എന്നാൽ,ഇതിന് നിലവിലുള്ള ഉടമ്പടി,നടന്ന കൃത്യങ്ങൾക്ക് നഷ്ട പരിഹാരവും ഭാവിയിലേക്ക് കരുതൽ ധനവും വച്ച് പരിഷ്‌കരിക്കേണ്ടതുണ്ട്.
  • ഈ ലക്ഷ്യങ്ങൾ വച്ച് ഒരുടമ്പടിക്കായി,താഴെ പറയുന്ന വ്യവസ്ഥകൾ കമ്പനിയും രാജാവും സമ്മതിച്ച്,തിരുവിതാംകൂർ റസിഡൻറ് തീർപ്പാക്കുന്നു.റസിഡൻറ് കേണൽ കോളിൻ മെക്കാളെയെ ഇതിനായി ഫോർട്ട് സെൻറ് ജോർജ് കൗൺസിൽ ഗവർണറും ബാത്തിലെ പ്രഭുവുമായ സർ ജോർജ് ഹിലാരോ ബാർലോ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വേണ്ടിയും കൊച്ചി രാജാവ് സ്വന്തം നിലയ്ക്കും പിൻഗാമികൾക്ക് വേണ്ടിയും ചുമതലപ്പെടുത്തപ്പെട്ടവരും കരാറിൽ പങ്കാളികളായവരിൽ സൂര്യ ചന്ദ്രന്മാരുള്ളിടത്തോളം,ഉത്തരവാദിത്തമുള്ളവരും ആകുന്നു.
  • വകുപ്പ്  1 :ഓരോ കക്ഷിയുടെയും കരാറിൽ പങ്കാളികളായ സുഹൃത്തുക്കളും ശത്രുക്കളും,ഇരുവരുടെയും സുഹൃത്തുക്കളും ശത്രുക്കളുമായിരിക്കും;ശത്രു ആരായാലും കൊച്ചി രാജാവിൻറെ ഭൂപ്രദേശങ്ങൾ കമ്പനി പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
  • വകുപ്പ്  2:മുൻ വ്യവസ്ഥയിലെ ഉപാധിപ്രകാരം,കൊച്ചി രാജാവ്,കമ്പനിക്ക് ഒരു നാടൻ കാലാൾപ്പട ബറ്റാലിയനെ നിലനിർത്താൻ ആവശ്യമായ തുക പ്രതിവർഷം നൽകും.1809 മെയ് ഒന്നു മുതൽ ആറു തുല്യ ഗഡുക്കളായി തുക നൽകണം.കൊച്ചി രാജ്യത്തിനകത്തോ പുറത്തോ ആവശ്യാനുസരണം വിന്യസിക്കുന്ന ആ സേനയ്ക്കുള്ള തുക എങ്ങനെ ചെലവാക്കണമെന്നത് കമ്പനിയുടെ മാത്രം അവകാശമായിരിക്കും.
  • വകുപ്പ്  3 :മുൻ വ്യവസ്ഥയിൽ പറഞ്ഞതിനപ്പുറമുള്ള സൈന്യത്തെ കൊച്ചിയുടെ ഭൂപ്രദേശങ്ങൾ വിദേശാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി വന്നാൽ അധികച്ചെലവ് നൽകാമെന്ന് രാജാവ് ഉറപ്പ് നൽകുന്നു.അത് രാജാവിൻറെ വരുമാനത്തിൻറെ ന്യായമായ വിഹിതമായി ഗവർണർക്ക് നൽകും.
  • വകുപ്പ്  4:സമാധാന കാലത്ത് സ്ഥിര സൈന്യത്തെ നിർത്താനും മൂന്നാം വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള അടിയന്തര സാഹചര്യത്തെ നേരിടാനും,പണം നൽകുന്നതിൽ വീഴ്ച മുൻകൂട്ടി കണ്ട് ,ആവശ്യമായ കരുതൽ ധനം നൽകിയിരിക്കണം.തുക നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് ഗവർണർക്ക് ബോധ്യം വന്നാൽ,രാജാവിൻറെ ആഭ്യന്തര നികുതി പിരിവിൽ വേണ്ടത്ര നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്താനും രാജാവിൻറെ മറ്റേതെങ്കിലും ശാഖയെയോ വകുപ്പിനെയോ ബാധ്യതപ്പെടുത്താനും,രാജാവിൻറെ ഭൂപ്രദേശങ്ങൾ സമാധാന കാലത്തോ യുദ്ധ കാലത്തോ ഏറ്റെടുക്കാനും ഗവർണർക്ക് അധികാരവകാശങ്ങൾ ഉണ്ടായിരിക്കും.
  • വകുപ്പ്  5 :നാലാം വകുപ്പിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടാൽ,രാജാവ് കാര്യക്കാർക്കും മറ്റുദ്യോഗസ്ഥർക്കും ചട്ടങ്ങളും ഓർഡിനൻസുകളും നടപ്പാക്കാൻ ഉത്തരവ് നൽകണം.അതല്ലെങ്കിൽ വേണ്ടത്ര ഭൂപ്രദേശങ്ങൾ കമ്പനിക്ക് നൽകണം.നിർദേശം കിട്ടി പത്തു നാൾക്കകം രാജാവ് നടപ്പാക്കിയില്ലെങ്കിൽ,അതിനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്‌തമാവുകയും അദ്ദേഹം ചട്ടങ്ങളും ഓർഡിനൻസുകളും നടപ്പാക്കാൻ ഉത്തരവിടുകയോ നികുതി പിരിവ് ഏറ്റെടുക്കുകയോ ചെയ്യും.അതിന് ഫലപ്രദമായ മാർഗം സ്വീകരിച്ച്,സൈനിക ഫണ്ട് കൈക്കലാക്കി,രാജ്യക്ഷേമം ഉറപ്പാക്കും.രാജാവിൻറെ ഭൂവിഭാഗങ്ങൾ കമ്പനി ഏറ്റെടുത്താൽ,അതിൽ നിന്നുള്ള നികുതി വരുമാനവും കാർഷിക വരുമാനവും രാജാവിനെ ബോധ്യപ്പെടുത്തും.ഇത് 35000 രൂപയിൽ കൂടുകയില്ല.മൊത്തം നികുതി വരുമാനത്തിൻറെ അഞ്ചിലൊന്ന് കൂടി ഇതിനൊപ്പം ചേർക്കും.ഈ തുക രാജാവിൻറെ ചെലവിനായി നൽകും.
  • വകുപ്പ് 6:കമ്പനിയും സഖ്യ രാജ്യങ്ങളും തമ്മിലുള്ള സമാധാനവും സൗഹൃദവും നിലനിർത്തുക രാജാവിൻറെ ലക്ഷ്യമായിരിക്കും.ഇതിൽ ഒരു രാജ്യത്തിൻറെയും കാര്യങ്ങളിൽ രാജാവ് ഇടപെടുകയില്ല.കമ്പനിയുടെ മുൻ‌കൂർ അറിവും അനുവാദമില്ലാതെ,ഒരു രാജ്യവുമായും രാജാവ് കത്തിടപാടോ ആശയ വിനിമയമോ നടത്തിക്കൂടാ.
  • വകുപ്പ് 7:ഒരു യൂറോപ്യനെയും രാജാവ് കമ്പനിയുടെ അനുമതി ഇല്ലാതെ ജോലിക്കെടുക്കില്ല.ഇംഗ്ലീഷ് ഭരണകൂടത്തിൻറെ പാസ്പോർട്ടില്ലാത്ത ഏതെങ്കിലും യൂറോപ്യനെ രാജ്യത്തു കണ്ടാൽ,അയാളെ പിടിച്ച് രാജാവ് കമ്പനി ഭരണകൂടത്തിന് നൽകണം.കമ്പനി അനുവാദമില്ലാതെ ഒരു യൂറോപ്യനും ഒരു നാൾ പോലും രാജ്യത്തു കഴിയാൻ രാജാവ് അനുവദിക്കരുത്.
  • വകുപ്പ് 8:രാജ്യത്തെ കോട്ടകൾ ആവശ്യാനുസരണം പൊളിക്കാനോ സൈന്യത്തെ വിന്യസിച്ച് കോട്ടയൊരുക്കാനും സമാധാന കാലത്തും യുദ്ധ കാലത്തും കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
  • വകുപ്പ് 9:പണ നിക്ഷേപം,നികുതി പിരിവ്,നീതി നിർവഹണം,വാണിജ്യ വികസനം,കച്ചവടം,കൃഷി,വ്യവസായം തുടങ്ങിയവയുടെ പ്രോത്സാഹനം,മറ്റു കാര്യങ്ങൾ എന്നിവയെപ്പറ്റി കമ്പനി യഥാകാലം നൽകുന്ന ഉപദേശങ്ങൾ രാജാവ് ശ്രദ്ധിക്കണം.ഇവയെല്ലാം രാജ്യത്തിൻറെയും പ്രജകളുടെയും ക്ഷേമത്തിനായിരിക്കും.
ഗവർണർ തയ്യാറാക്കി,രാജാവ്,ജി എച്ച് ബാർലോ,ഡബ്ള്യു പെട്രി,ടി ഓക്‌സ്‌,ജെ എച്ച് കാസമേജർ,ചീഫ് സെക്രട്ടറി എ ഫാൽക്കനർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.ഇതോടെ കൊച്ചിക്ക് അധികാരം മുഴുവൻ നഷ്ടപ്പെട്ടു.പോർച്ചുഗീസുകാർ കീഴടക്കിയപ്പോൾ സിംഹാസനത്തിലും കിരീടത്തിലും കുരിശു വഹിച്ചതായിരുന്നു,കൊച്ചി.ഈ കരാറോടെ,രാജ്യ ചുമതലകൾ എല്ലാം മറ്റൊരു രാജ്യം കയ്യടക്കി.1,76,000 രൂപയാണ് നാടൻ കാലാൾപ്പടയെ നിർത്താൻ രാജാവ് പ്രതിവർഷം കൊടുക്കേണ്ടി വന്നത്.
പാലിയത്ത് ഗോവിന്ദൻ അച്ചൻ 
തിരുവിതാംകൂർ ദിവാനുമായി ചേർന്ന് ബ്രിട്ടനെതിരെ കൊച്ചി രാജാവ് ബ്രിട്ടനെതിരെ നീങ്ങിയെന്ന് ഉടമ്പടിയിൽ പറയുന്നത്,വേലുത്തമ്പി ദളവയുമായി ( 1799 -1809 ) ചേർന്ന് പാലിയത്ത് അച്ചൻ ബോൾഗാട്ടി പാലസ് ആക്രമിച്ച സംഭവമാണ്.വേലുത്തമ്പി ഫ്രഞ്ച് സേനയോടും സാമൂതിരിയോടും സഹായം ചോദിച്ചിട്ട് കിട്ടിയില്ല.സാമൂതിരി ,ദളവയുടെ കത്ത് ബ്രിട്ടീഷ് മലബാർ കളക്ടർക്ക് കൈമാറി .തിരുവിതാംകൂറിൽ വേലുത്തമ്പിയും കൊച്ചിയിൽ പാലിയത്ത് ഗോവിന്ദൻ അച്ചനും സേനയിൽ പുതിയവരെ എടുത്ത് അംഗബലം കൂട്ടി.കൊച്ചിയിൽ മെക്കാളെയെ വധിക്കുന്നതോടൊപ്പം കൊല്ലത്ത് ബ്രിട്ടീഷ് സേനയെ തുരത്തുക ആയിരുന്നു പദ്ധതി.വേലു തമ്പി തൃപ്പൂണിത്തുറ കൊട്ടാരത്തിലെത്തി ദുർബലനായ രാജാവ് രാമവർമ പത്താമനെ സ്വന്തം വരുതിയിലാക്കി;ശക്തൻ തമ്പുരാൻ പുറത്താക്കിയിരുന്ന പാലിയത്ത് കുടുംബത്തിലെ ഗോവിന്ദൻ അച്ചനെ പ്രധാന മന്ത്രിയുമാക്കി .കൊച്ചിയുടെയും തിരുവിതാംകൂറിൻറെയും റസിഡൻറ് ആയിരുന്നു കോളിൻ കാംപ്ബെൽ മെക്കാളെ .1808  ഡിസംബർ 28 ന്  മെക്കാളെയും അദ്ദേഹം ബോൾഗാട്ടി പാലസിൽ അഭയം നൽകിയ  വിശ്വസ്തനായ കൊച്ചി മന്ത്രി നടവരമ്പ് ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണ മേനോനും ആക്രമിക്കപ്പെട്ടു.മെക്കാളെയും മേനോനും  രക്ഷപ്പെട്ടു.ചെമ്പിൽ അരയനായിരുന്നു ആക്രമണ തലവൻ .ഈ കലാപത്തിൻറെ തുടർച്ചയായി ദളവ ആത്മഹത്യ ചെയ്‌ത ശേഷമാണ്,ഈ ഉടമ്പടി.ജനുവരി 12 നായിരുന്നു മത സ്പർദ്ധ നിഴലിച്ച കുണ്ടറ വിളംബരം.1809 മാർച്ച് 21ന് മണ്ണടിയിൽ കഠാര വയറ്റിൽ കുത്തിയിറക്കി വേലുത്തമ്പി ആത്മഹത്യ ചെയ്‌തു.തമ്പിയുടെ ജഡം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി കണ്ണമ്മൂലയിൽ കഴുമരത്തിൽ കെട്ടിത്തൂക്കി .തമ്പിയുടെ സഹോദരൻ പത്മനാഭൻ തമ്പിയെ ഏപ്രിൽ 10 ന് തൂക്കിക്കൊന്നു.തമ്പിയുടെയും ബന്ധുക്കളുടെയും വീടുകൾ നിരത്തി വാഴയും ആവണക്കും നട്ടു.ബന്ധുക്കളെ മാലദ്വീപിലേക്ക് നാട് കടത്തി.പലരും അവിടെ വരെ എത്തിയില്ല.

ഉടമ്പടിയിൽ ഒപ്പിട്ടത്, രാമവർമ പത്താമൻ 1809 ജനുവരിയിൽ മരിച്ച ശേഷം അധികാരമേറ്റ വീരകേരള വർമ്മയാണ് . ശക്തൻ തമ്പുരാന് ശേഷം രാജാവായ അനന്തരവനാണ് രാമവർമ്മ പത്താമൻ  വെള്ളാരപ്പള്ളിയിൽ തീപ്പെട്ട തമ്പുരാൻ എന്നറിയപ്പെടുന്നു.പാലിയത്ത് അച്ചൻ വേലുത്തമ്പിയുടെ സഹായത്തോടെ വെള്ളാരപ്പള്ളിയിൽ ബന്ദിയാക്കി കൊന്നതാണെന്ന് സംശയമുണ്ട്.ശക്തൻ തമ്പുരാൻറെ അമ്മയുടെ ഇളയ സഹോദരി ചിറ്റമ്മ തമ്പുരാൻറെ മകൻ .സുന്ദരകാണ്ഡം പാന  എഴുതി.ഇത് കർക്കടകത്തിൽ ഇന്നും രാജകുടുംബാംഗങ്ങൾ വായിക്കും.വില്യാർവട്ടത്ത് നങ്യാരുമായിട്ടായിരുന്നു സംബന്ധം .ഉടമ്പടിയിൽ ഒപ്പിട്ട വീരകേരള വർമയുടെ മകനാണ്,ക്രിസ്‌തു മതത്തിൽ ചേർന്ന യാക്കോബ് രാമവർമ.വീരകേരള വർമ്മ കർക്കടകത്തിൽ തീപ്പെട്ട തമ്പുരാൻ.വിരുളം തമ്പുരാൻ എന്നറിയപ്പെട്ട ഇദ്ദേഹം 1828 ഓഗസ്റ്റ് വരെ ഭരിച്ചു.1814 ൽ ഫോർട്ട് കൊച്ചി ബ്രിട്ടന് നൽകി.പാലിയത്ത് അച്ചനെ ബ്രിട്ടൻ മദ്രാസിലേക്ക് നാട് കടത്തി.കാശിയിൽ മരിച്ചു.

ലോസൺ ചരിത്രം എഴുതുമ്പോൾ രവി വർമ്മ ( Ravee Wurmah ) ആയിരുന്നു,രാജാവ്.രവിവർമ നാലാമൻ ,മകരത്തിൽ തീപ്പെട്ട തമ്പുരാൻ .1828 ഫെബ്രുവരി എട്ടിന് ജനിച്ച രാജാവ്,സഹോദരൻറെ മരണ ശേഷം 1853 മെയ് അഞ്ചിനാണ്,അധികാരമേറ്റത്.പരിഷ്‌കാരങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും,പ്രജകൾക്ക് എന്തെങ്കിലുമൊക്ക് നടപ്പാക്കാൻ ആഗ്രഹമുള്ളയാളാണ് രാജാവ് എന്ന് കമ്പനിക്കു തോന്നി.മെലിഞ്ഞ്,പൊക്കമുള്ള രാജാവിൻറെ മുഖം അണ്ഡാകാരമായിരുന്നുവെന്ന് ലോസൺ എഴുതുന്നു.തിളങ്ങുന്ന കണ്ണുകൾ.മിതത്വം.വിനയവാൻ ,ലാളിത്യം.ദയാലു.ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും അറിയാം.ചരിത്രം അറിയാം.അന്നന്നത്തെ കാര്യങ്ങൾ അറിയാം.പ്രജകൾക്ക് ജ്ഞാനം ഉണ്ടാകണമെന്നും അറിയാം.
ആചാരപ്രകാരം,അവിവാഹിതൻ.ഒരേകാന്ത ജീവിതം.ആറുമണിക്ക് എണീക്കും.ഒരു മണിക്കൂർ സ്വകാര്യ സംഗതികൾ കഴിഞ്ഞ് കുളി.കൊട്ടാര ക്ഷേത്രത്തിൽ പൂജ,പ്രാർത്ഥന.പത്തു മണിയോടെ അത് തീർന്നാൽ കൊട്ടാരത്തിൽ പ്രാതൽ.വാഴയിലയിൽ ചോറും പച്ചക്കറിവിഭവങ്ങളും.പത്തു മുതൽ നാലു വരെ,ഉച്ച കഴിഞ്ഞ്  പലഹാരം കഴിക്കുന്ന ഇടവേള ഒഴിച്ചാൽ,സന്ദർശകരെ സ്വീകരണമുറിയിൽ കാണും.ജോലിക്കുള്ള അപേക്ഷകൾ നോക്കും.നൽകാനാവുന്ന ചെറിയ തുകകൾ നൽകും.നാലു മുതൽ കുതിര സവാരി അല്ലെങ്കിൽ ഡ്രൈവിംഗ്.ഏഴിന് കുളി.ജപം.അത്താഴം പ്രാതൽ വിഭവങ്ങൾ തന്നെ.എട്ടരയ്ക്ക് ഉറക്കം.
മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുമർ ചിത്രം 
തലസ്ഥാനത്തു നിന്ന് ആറു മൈൽ അകലെ തൃപ്പൂണിത്തുറയിൽ വാസം.കൊട്ടാരവും തേവാരപ്പുരയും അലങ്കാരങ്ങൾ ഉള്ളതല്ല.ഉമ്മറം തഞ്ചാവൂർ ക്ഷേത്ര പൂമുഖം പോലെ.ഏതെങ്കിലും മാന്യൻ കടന്നു പോകുമ്പോൾ ചാണക  വെള്ളം തളിക്കും.സവർണർക്കെ കൊട്ടാരത്തിനകത്ത് പ്രവേശനമുള്ളൂ.കൊട്ടാരത്തിന് ചുറ്റും നന്നായി ആഹാരം കഴിച്ച് വെളുത്തു തുടുത്ത ബ്രാഹ്മണരാണ്.അങ്ങോട്ട് കടന്നാൽ,പൊടുന്നനെ ഒരധീശ രാജ്യത്തു പോയ പോലെ തോന്നും.രാജകുമാരിമാരും മറ്റ് സ്ത്രീകളും അരയിൽ വെളുത്ത മസ്ലിൻ വസ്ത്രം ഉടുത്തിരിക്കും.മേൽഭാഗം നഗ്നം.കഴുത്തിലും കാതിലും സ്വർണാഭരണങ്ങൾ.
രാജാവിനെ രാജകുമാരന്മാരിൽ നിന്ന്  വേർതിരിക്കാനാവില്ല.ശരീര മദ്ധ്യത്തിൽ മസ്ലിൻ മുണ്ട് മാത്രം എല്ലാവർക്കും.കൊട്ടാരത്തിന് മുന്നിൽ കാവൽക്കാർ.ബ്രിട്ടീഷ് പട്ടാളത്തിലെ സിപോയ് വേഷം.വെള്ള ട്രൗസർ,ചുവപ്പും മഞ്ഞയും കലർന്ന കോട്ട്.ഹെൽമെറ്റ്.
മട്ടാഞ്ചേരിയിലാണ്,കൊട്ടാരം.പുറന്തളം ലളിതം.അകത്തളവും ആഡംബരമില്ലാത്തത്.സ്വീകരണ മുറിയിൽ കണ്ണാടികൾ.മേൽഭാഗത്ത് തട്ട്.മരസാമാനങ്ങൾ ഒന്നുമില്ല.ദർബാർ ദിനങ്ങളിൽ രാജാവിൻറെ വെള്ളിക്കസേരയ്ക്ക് ഇരുവശവും രണ്ടു നിരകളിൽ ചുവന്ന തുണിയിട്ട ചാരുകസേരകൾ നിരത്തും.വലതു വശത്തെ മൂന്ന് കസേരകളിൽ ബ്രിട്ടീഷ് റസിഡൻറ്,ഇളയ രാജാവ്,ഒന്നാം രാജ കുമാരൻ.ഇടത്തെ മൂന്ന് കസേരകളിൽ റസിഡന്റിൻറെ സേനാ മേധാവി,രണ്ടും മൂന്നും രാജകുമാരന്മാർ.ദർബാർ നടക്കുന്നത്,പുതിയ റസിഡൻറ് വരുമ്പോഴോ,പുതിയ കിരീടധാരണം നടക്കുമ്പോഴോ ഒക്കെയാണ്.
മിക്കവാറും,റസിഡൻറ് നിയമന പത്രവുമായി എത്തുമ്പോഴാണ്,ദർബാർ കൂടുക.അതിന് ഒരു മണിക്കൂർ മുൻപ് വിശിഷ്ട വ്യക്തികളും യൂണിഫോമുള്ളവരും സ്ഥലത്തെത്തും.അവരെ ചെറിയ കൂടാരത്തിൽ കൊണ്ട് പോയി ലഘുഭക്ഷണം കൊടുക്കും.പട്ടു മുണ്ടും രത്ന ഖചിതമായ തലപ്പാവും വച്ച് രാജാവും ഇളയരാജാവും എത്തുമ്പോൾ,വെള്ളിക്കോലുമായി ശിപായിമാർ ആനയിക്കും.റസിഡന്റിനെ ഇവർ വരവേൽക്കും.ആചാര വെടികൾ മുഴങ്ങും.
അലങ്കരിച്ച പല്ലക്കുകളിലാണ് വിശിഷ്ടാതിഥികളെ കോവണിയുടെ താഴെ വരെ കൊണ്ട് വരിക.കോവണിപ്പടിയുടെ അറ്റത്ത്,റസിഡന്റിനെ വരവേറ്റ് രാജാവ് നിൽക്കും.ഇരുവരും സ്വീകരണ മുറിയിലേക്ക് പോകുമ്പോൾ,വിശിഷ്ട വ്യക്തികൾ അനുഗമിക്കും.ഇന്ത്യയ്ക്കുള്ള രാജ്ഞിയുടെ സെക്രട്ടറിയുടെ കത്ത്,അല്ലെങ്കിൽ മദ്രാസ് ഗവർണറുടെ രാജാവിനുള്ള കത്ത് കൊണ്ട് വന്നിട്ടുണ്ടെന്ന് റസിഡൻറ് അറിയിക്കും.സ്വർണ താലത്തിൽ,ചുവന്ന പട്ടിൽ പൊതിഞ്ഞ നിയമന പത്രം ഒരു ക്ലർക്ക് കൊണ്ട് വരും.റസിഡൻറ് അത് വാങ്ങി രാജാവിന് നൽകും.രാജാവ് മുദ്ര പൊട്ടിച്ച് ശ്രദ്ധയോടെ വായിക്കും.കുശലം കഴിഞ്ഞ് ചെറിയ മുല്ല മാലകൾ രാജാവ് വിശിഷ്ടരുടെ കഴുത്തിലും കയ്യിലും അണിയിക്കും.ഓരോരുത്തർക്കും പൂച്ചെണ്ട് നൽകി,അതിൽ പനിനീർ തളിക്കും.റസിഡന്റിൻറെ കൈയിൽ പിടിച്ച് രാജാവ് ആനയിച്ച് വാതിൽക്കൽ എത്തി ഹസ്ത ദാനം ചെയ്യും.പുറത്തേക്ക് പോകുന്ന റസിഡന്റിനൊപ്പമുള്ള ഓരോ യൂറോപ്യനും കൈ കൊടുക്കും.ചില വേള,കുറച്ചു നാൾ കഴിഞ്ഞ് രാജാവ് റസിഡൻസിയിൽ എത്തും.
തൃശൂർ പോലെ ചില ഇടങ്ങളിലേ കൊട്ടാരങ്ങൾ ഉള്ളു;യാത്രയിൽ രാജാവ് സത്രങ്ങളിൽ ആണ് വാസം.

കിരീടധാരണം,പണ്ട് പൊന്നാനിയിൽ ആയിരുന്നു.സാമൂതിരിയും മൈസൂർ സുൽത്താനും ബ്രിട്ടീഷുകാരും അത് കയ്യടക്കും മുൻപ്.കിരീടധാരണ വേളയിൽ,വലിയ ദർബാറിൽ,റസിഡന്റും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.രാജാവിൻറെ മക്കൾക്ക് സിംഹാസനത്തിൽ അവകാശമില്ല.സഹോദരിയുടെ മക്കൾക്കാണ് അവകാശം.അനന്തരവരെക്കാൾ മൂപ്പ് ഇളയ സഹോദരനാണെങ്കിൽ,അദ്ദേഹമായിരിക്കും,കിരീടാവകാശി.ഇളയ സഹോദരൻ ഇല്ലെങ്കിൽ,മൂത്ത ചേച്ചിയുടെ മൂത്ത മകൻ ആയിരിക്കും ഇളയ രാജാവ്.അടുത്തയാൾ ഒന്നാം രാജകുമാരൻ.രാജാവിൻറെ മൂത്ത സഹോദരിയായ റാണിക്ക് മകൻ ഉണ്ടായിരിക്കുകയും,അതേസമയം രാജാവിന് ഒരു സഹോദരൻ ജനിക്കുകയും ചെയ്താൽ,അമ്മാവനെക്കാൾ അവകാശം അനന്തരവന് തന്നെ ആയിരിക്കും.ഇങ്ങനെ കിരീടാവകാശി അനന്തരവനോ ഒന്നാം രാജകുമാരനോ രാജാവിൻറെ സഹോദരനോ ആകാം.മൂത്ത സഹോദരി കുട്ടികൾ ഇല്ലാതെ മരിച്ചാൽ,ജീവിച്ചിരിക്കുന്ന മൂത്തയാളുടെ മക്കൾക്കായിരിക്കും അവകാശം.ബ്രാഹ്മണരെക്കാൾ താഴ്ന്നവരാണ്,ക്ഷത്രിയർ.എന്നാൽ രാജാക്കന്മാർക്ക് കുലീന രക്തം വേണമെന്ന സങ്കൽപത്തിൽ,സഹോദരിമാരുടെ സംബന്ധം ബ്രാഹ്മണരുമായിട്ടായിരിക്കും.അപ്പോൾ ആ ബ്രാഹ്മണൻറെ ജാതി നില പോവുകയും,പകരം രാജ്യത്തു നിന്ന് അലവൻസ് കിട്ടുകയും ചെയ്യും.മക്കൾ ക്ഷത്രിയർ.റാണി ( സഹോദരി ) ക്ക് ഭരിക്കാൻ അവകാശമില്ലെങ്കിലും,മക്കളുടെ നില നിമിത്തം,രാജ്യത്തു ശക്തയാകുന്നു.ലോകത്തെല്ലാ രാജ്ഞിമാർക്കുമുള്ള പരിഗണന കിട്ടുന്നു.
അന്നത്തെ രാജകുടുംബാംഗങ്ങൾ ആരൊക്കെയെന്ന് ലോസൺ എഴുതുന്നു:

രവിവർമ.,രാജാവ്                      ജനനം 8 ഫെബ്രുവരി 1828
വലിയമ്മ തമ്പുരാൻ,'അമ്മ                      5 ഡിസംബർ 1795
           സഹോദരിമാർ
കുഞ്ഞി 'അമ്മ തമ്പുരാൻ                     3 മെയ് 1814         
                                         
കുഞ്ഞിപ്പിള്ള തമ്പുരാൻ               22 ജൂലൈ 1822
കുഞ്ഞിക്കാവ് തമ്പുരാൻ                7 ഡിസംബർ 1832
മങ്കു തമ്പുരാൻ                                    30 സെപ്റ്റംബർ 1834
അനന്തരവന്മാർ
രാമവർമ ( ഇളയരാജാവ് )                  11 മെയ് 1835
വീരകേരള വർമ്മ  ( ഒന്നാം രാജകുമാരൻ ) 11 മെയ് 1835
രാമവർമ                              2                       2 ജനുവരി 1848
വീരകേരള വർമ്മ           3                        13 ഫെബ്രുവരി 1850
രാമവർമ                              4                        27 ഡിസംബർ 1852
രവിവർമ                             5                          4 നവംബർ 1853
വീരകേരളവർമ              6                         9 സെപ്റ്റംബർ 1854
-------------                                7                            2 ഒക്ടോബർ 1859

ഏഴാമന് അന്ന് പേരായിട്ടില്ല.രാമവർമ,രവിവർമ,കേരളവർമ എന്നീ പേരുകളെ അന്ന് കുടുംബത്തിൽ ഉള്ളു.കുടുംബത്തെപ്പറ്റി എത്രമാത്രം വിവര ശേഖരണം ബ്രിട്ടിഷുകാർ നടത്തിയിരുന്നു എന്ന് നോക്കുക.
നായർക്ക് താഴെയുള്ള ഒരു ജാതിയും ഭരിക്കരുതെന്ന് പ്രത്യേക വ്യവസ്ഥയുള്ളതായി ലോസൺ എഴുതുന്നു.രാജാവിന് ചെലവുകൾക്ക് കമ്പനി മാസം 5500 രൂപ കൊടുക്കും.അമ്മയ്ക്കും സഹോദരിമാർക്കും 1000 വീതം.ഇളയരാജാവിന് 500.ഒന്നാം രാജകുമാരന് 250.വിശേഷാവസരങ്ങളിൽ വേറെ തുക.രാജാവ് മിച്ചം തുക കമ്പനി ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.മൊത്തം രാജ്യ വരുമാനം 9 -10 ലക്ഷം രൂപ ആയിരുന്നു.അമ്മയും ബ്രിട്ടീഷ് കടപ്പത്രങ്ങളിൽ നിക്ഷേപിച്ചു.
രാജാവ് എല്ലാ നടപടികൾക്കും കമ്പനിയോട് ഉത്തരം പറയേണ്ടിയിരുന്നു.ആദര സൂചക സ്ഥാനമാനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നിശ്ചയിച്ചത് രാജാവാണ്.ദിവാൻ അഥവാ പ്രധാനമന്ത്രിയെ റസിഡന്റിൻറെ അനുവാദത്തോടെ മാത്രമേ നിയമിക്കാൻ പാടുള്ളു.കുറ്റവാളിയോട് ദയ ആകാംശിക്ഷയിലെ ഇളവ് പ്രതിയുടെ അധികാരം കുറച്ചു കൊണ്ടാകണം.പുത്തൻ എന്ന വെള്ളി നാണയം ( 19 .25 പുത്തൻ ഒരു രൂപ ) രാജാവിന് കമ്മട്ടത്തിൽ അടിക്കാം.നിരന്തരം വിപുലമായി പറ്റില്ല.ബ്രിട്ടീഷ് കമ്മട്ടത്തിൽ അടിച്ച പണമാണ് ഉപയോഗിച്ചത്.രാജ ബന്ധുക്കൾക്ക് ഒരധികാരവും ഇല്ല.ഇളയരാജാവിന് കൗൺസിലിൽ സീറ്റില്ല.നല്ല ശമ്പളമുള്ള,വേലയില്ലാത്ത അലങ്കാര പദവികളിൽ അവരെ രാജാവിന് വയ്ക്കാം.മാനഹാനി ഭയന്ന് അത് ആരും സ്വീകരിച്ചില്ല.
ഹിൽ പാലസ് 
രാജാവിന് യൗവനത്തിൽ കിട്ടിയ പരിശീലനം ഭരണത്തിൽ അയാളെ പ്രാപ്തിയുള്ളവൻ ആക്കുന്നില്ല.ഇംഗ്ലീഷ് ട്യൂട്ടറിൽ നിന്ന് അയാൾ ഭാഷ,പെരുമാറ്റ മര്യാദ,ആചാരങ്ങൾ,അനുയായികളുടെ സ്വഭാവം എന്നിവയെപ്പറ്റി മനസ്സിലാക്കും.ബ്രാഹ്മണാചാര്യനിൽ നിന്ന് ഹിന്ദു മതാചാരങ്ങൾ,സദാ പാലിക്കേണ്ട ശുദ്ധി എന്നിവ പഠിക്കും.ഒരിക്കലും തനിക്ക് തുല്യതയിൽ എത്താൻ കഴിയാത്ത ബ്രാഹ്മണരെ എങ്ങനെ പരിപാലിക്കണമെന്നും അവരിൽ നിന്ന് എങ്ങനെ ഗുണം ഉണ്ടാകുമെന്നും പഠിക്കും." ഈ വിദ്യാഭ്യാസം,നമ്മളോട് ( ബ്രിട്ടീഷുകാരോട് ) സമർത്ഥമായി ശത്രുത ഇല്ലാതെ കഴിയാം എന്ന പഠനം കൂടിയാണ്",ലോസൺ എഴുതുന്നു.ഒരിക്കലും സ്വാതന്ത്ര്യം കിട്ടില്ല എന്ന പാഠം;പാളിപ്പോയ കലാപങ്ങളിൽ നിന്നുള്ള പാഠങ്ങൾ.

ഏറെക്കുറെ ഒൻപത് ലക്ഷം രൂപ ആയിരുന്നു,കൊച്ചിയുടെ വാർഷിക വരുമാനം.ഭൂനികുതിയാണ് പ്രധാനം.12 വർഷത്തിൽ ഒരിക്കൽ ഭൂമിയിലെ വിളകളുടെ അടിസ്ഥാനത്തിൽ ഇത് നിശ്ചയിക്കും.പുകയില,കുരുമുളക്,ഏലം,ഉപ്പ് എന്നിവയുടെ കുത്തകാവകാശമാണ്,മറ്റൊരു വരുമാനം.ദിവാന് കൂടുതൽ നികുതി ചുമത്താൻ അധികാരം ഉണ്ടെങ്കിലും,ദീർഘകാലമായി അതുണ്ടായില്ല.നികുതിയുള്ള തെങ്ങുകൾ സമൃദ്ധമായി നട്ടിട്ടുള്ളതിനാൽ ആ തോട്ടങ്ങളിൽ നിന്നുള്ള വരുമാനമാണ്,ഇതിന് കാരണം.ഭൂതകാല വായ്‌പയുടെ പേരും മറ്റും പറഞ്ഞ്,ഈ  വരുമാനത്തിൽ നിന്ന് ഇഷ്ടമുള്ളത് രാജാവ് എടുത്തിരുന്നു.ഇത് സംബന്ധിച്ച് രാജാവുമായുള്ള സംഭാഷണം കമ്പനിക്ക് സുഖകരം ആയിരുന്നില്ല.നിശ്ചിത അലവൻസ് കിട്ടുന്ന രാജാവ്,ഖജനാവ് മുഴുവൻ ദിവാനെ ഏൽപിച്ചതാണ്,ലോസൺ കണ്ടത്.അതിനാൽ ദിവാന് രാജ്യമാകെ സ്വാധീനമുണ്ട്." രാജാവിൻറെ സ്വഭാവത്തെക്കാൾ ദിവാന്റെ സ്വഭാവ മഹിമയിലാണ്,രാജ്യ പുരോഗതിയുടെ ഊന്നൽ ",ലോസൺ ഏഴുതുന്നു."ബ്രിട്ടീഷ് കടപ്പത്രങ്ങളിലെ കൊച്ചിയുടെ നിക്ഷേപം മുഴുവൻ ദിവാൻ ശങ്കര വാരിയർ ചെലവാക്കാതെ സംരക്ഷിച്ചു .അദ്ദേഹത്തിൻറെ മൂത്ത മകൻ ശങ്കുണ്ണി മേനോൻ ആണ് ജനപ്രീതിയോടെ ഈ പ്രധാന സ്ഥാനത്ത് ഇന്നുള്ളത്",ലോസൺ കുറിക്കുന്നു.രാജാവ് അല്ല ദിവാൻ ആണ് ഭരിച്ചത്.ദിവാനും രാജാവും തർക്കം വന്നാൽ രാജാവിന് ദിവാനെ പിരിച്ചു വിടാനും കഴിയാതായി.

See https://hamletram.blogspot.com/2014/12/chempil-arayans-attack-on-macaulay.html




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...