താത്രിക്ക് നായികാ സ്ഥാനം പോകുന്നു
ചലച്ചിത്ര നടി ഷീലയെ ഞാൻ അഭിമുഖം ചെയ്തത്, 1989 അവസാനമാണ്; അഭിമുഖം 'മലയാള മനോരമ'യുടെ സൺഡേ സപ്ലിമെന്റിൽ വന്നത്, 1990 ജനുവരി 21 നും. ഷീല എട്ടു വർഷത്തിന് ശേഷം നൽകുന്ന ആദ്യ അഭിമുഖമായിരുന്നു, അത്. ദാമ്പത്യത്തിലെ പരാജയവും മറ്റും നിമിത്തം, അവർ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
മലയാള സിനിമയിലെ ആദ്യകാല നായികമാരുടെ ഒരു അഭിമുഖ പരമ്പര ഞാൻ ചെയ്തിരുന്നു. അതിൽ, ഷീല അനിവാര്യമായിരുന്നു. അവരെ നേരിട്ട് വിളിക്കാൻ കഴിയുമായിരുന്നില്ല. അവരുടേത്, unlisted നമ്പർ ആയിരുന്നു. ടെലിഫോൺ വകുപ്പ് അന്ന് അങ്ങനെ ഒരു സൗകര്യം ചെയ്തിരുന്നു -നമ്മുടെ നമ്പർ സ്വകാര്യതയ്ക്ക് വേണ്ടി ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കാതിരിക്കാം.
പഴയ നായികമാരുടെ അഭിനയ പാടവം വിലയിരുത്താൻ ഞാൻ ചെന്നൈയിൽ, സംവിധായകരെയും നിർമ്മാതാക്കളെയും കണ്ടു. അക്കൂട്ടത്തിൽ പെട്ടവരാണ്, മഞ്ഞിലാസ് എം ഒ ജോസഫും കെ എസ് സേതുമാധവനും. സേതുമാധവൻ ഏറ്റവും മികച്ച നടിയായി പറഞ്ഞത്, മിസ് കുമാരിയെയാണ്. ഷീലയെ കാണാനുള്ള വഴി ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ജോസഫ് വിചാരിച്ചാൽ നടക്കുമെന്ന് സേതുമാധവൻ പറഞ്ഞു. അത്, ജോസഫ് ഏറ്റു. ഒരുപാധി ഉണ്ടായിരുന്നു. അസൗകര്യമുള്ളതൊന്നും ചോദിക്കരുത്
അസൗകര്യം ഉണ്ടാകാനിടയുള്ള ചോദ്യം ഞാൻ അവസാനത്തേക്ക് വച്ചു.
"കോണിപ്പടികളിറങ്ങി ഷീല വരികയാണ്. ഇളം നീല ജീൻസ്. മഞ്ഞയിൽ കറുത്ത വരകളുള്ള ഷർട്ട്. മുഖത്ത് യൗവന കാന്തി.
"കാലുകളിൽ വെളുത്ത ഷൂ. നഖങ്ങളിൽ റോസ് ക്യൂട്ടക്സ്. പുറത്ത് കനത്ത മേക്കപ്പിട്ട് വല്ലപ്പോഴും തമിഴ് നാട്ടുകാർ കാണാറുള്ള ഷീലയ്ക്ക് ഇപ്പോൾ പറയത്തക്ക മേക്കപ്പില്ല. ആഭരണങ്ങളില്ല. അല്ലെങ്കിലും, പൊന്നിൻ കുടത്തിനെന്തിനാണ്, പൊട്ട്?
"മലയാള സിനിമ കണ്ട ആദ്യത്തെ ഒത്ത പെണ്ണായ ഷീല, യൗവന സായാഹ്നത്തിലും സുന്ദരിയാണ്. പാദസരത്തിൻ്റെ കിലുക്കം പോലുള്ള ആ ചിരിക്കും ആയിരങ്ങളിൽ കുളിര് കോരിയിട്ട ശബ്ദത്തിനും മാറ്റമില്ല. ഷീലയുടെ വേരുകൾ തൃശൂരിലാണന്ന് മനസിലാക്കാൻ മറ്റ് സാക്ഷ്യ പത്രമൊന്നും വേണ്ട. അവരുടെ സംസാരത്തിൽ ഇടയ്ക്കിടെ ഒരു തൃശൂരുകാരി നസ്രാണിപ്പെണ്ണ് കടന്നു വരുന്നു.
"സാന്തോം അപ്പ് മുതലി തെരുവിലെ ഇരുപതാം നമ്പർ വീടിൻ്റെ ഗേറ്റിൽ Beware of dogs എന്നൊരു ബോർഡുണ്ട്. എന്നാൽ, വീട്ടിൽ നായ്‌ക്കളില്ല.
"സ്വീകരണമുറിയിൽ ശ്രദ്ധ പിടിച്ചെടുക്കുന്നത്, ഷീല കഴിഞ്ഞാൽ, വലത്തേ ചുമരിലെ പെയിന്റിംഗ് ആണ്. പിക്കാസോയെയോ ഏതെങ്കിലും ക്യൂബിസ്റ്റ് പെയിന്ററെയോ ഓർമ്മിപ്പിക്കുന്ന ചിത്രത്തിൽ, നഗ്ന സ്ത്രീ രൂപങ്ങളുണ്ട്. അത്, താൻ തന്നെ വരച്ചതാണെന്ന് ഷീല പറയുമ്പോൾ, നാം അന്തം വിടുന്നു.
"പതിനഞ്ചു വർഷം മലയാള സിനിമയിലെ രാജ്ഞിയായി വാണ ഷീല 1980 ൽ ബാലു കിരിയത്തിൻ്റെ 'തകിലു കൊട്ടാമ്പുറം' എന്ന ചിത്രത്തോടെ അഭിനയം നിർത്തി. 1965 ൽ പി ഭാസ്കരൻ്റെ 'ഭാഗ്യജാതക'ത്തിൽ തുടങ്ങി ഷീല അഭിനയിച്ച ചിത്രങ്ങൾ 310. ഇത്, രജതജൂബിലി വർഷം. ഒരു പത്രപ്രവർത്തകനോട് ഷീല സംസാരിച്ചിട്ട് എട്ട് വർഷമായി.
ഇത്രയും അഭിമുഖത്തിന് ആമുഖം. അഭിമുഖത്തിന് ഒടുവിൽ, ഷീല പറഞ്ഞു: "എൻ്റെ അച്ഛൻ എന്തുണ്ടാക്കി വച്ചിട്ടാ ഞാൻ ഷീലയായത്? അവനവൻ്റെ തലയിലെഴുത്ത് നന്നായാൽ, എല്ലാം നന്നാവും. എൻ്റെ ഭാവിയുടെ റോഡ് മുഴുവൻ പൂക്കൾ നിറഞ്ഞതായിരിക്കുമെന്ന് ഞാൻ കരുതുന്നു."
അസൗകര്യമുള്ള ഒരു ഭാഗത്തേക്ക് കടക്കാൻ ഇത് അവസരമാണ്. ഞാൻ ചോദിച്ചു: "അച്ഛൻ്റെ പേര്? അദ്ദേഹം എന്തായിരുന്നു?"
"ആൻറണി," ഷീല പറഞ്ഞു, "കോയമ്പത്തൂരിലും പാലക്കാട്ടും എറണാകുളത്തും ഇടപ്പള്ളിയിലുമൊക്കെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു."
റൂട്ട് ശരിയായി. ഞാൻ ആ ചോദ്യം ചോദിച്ചു: "ഷീലയുടെ കുടുംബത്തിന് ഒരു നമ്പൂതിരി ബന്ധമുണ്ടെന്ന കഥ കേട്ടിട്ടുണ്ട്. അതെങ്ങനെയാണ്?"
ഷീല പറഞ്ഞു: "അമ്മയുടെ കുടുംബം നമ്പൂതിരിമാരായിരുന്നു. അമ്മ ഗ്രേസി. അമ്മയുടെ അമ്മ, ഗായത്രി എന്നോ മറ്റോ ആണ് പേര്, മതം മാറിയതാണ്. അമ്മയുടെ അച്ഛൻ തോമസ് തൃശൂരിൽ ഡെന്റിസ്റ്റ് ആയിരുന്നു. അദ്ദേഹം ചികിൽസിക്കാൻ ഇല്ലത്ത് പോയി. പ്രേമമോ മറ്റോ ആയതാണ്. തൃശൂരിലെ ആദ്യ ലേഡി ഡെന്റിസ്റ്റും (ഡെന്റിസ്റ്റ് ആവണമെന്നില്ല, സഹായി ആയിരുന്നിരിക്കാം) അവരാണ്. മതം മാറിയപ്പോൾ, അമ്മിണി എന്നായിരുന്നു പേരെന്ന് തോന്നുന്നു. അമ്മയും ഞാനും കൂടി തൃശൂരിലെ ഇല്ലം ഒരിക്കൽ കാണാൻ ചെന്നെങ്കിലും, അകത്ത് കയറ്റിയില്ല. അന്നെനിക്ക് എട്ടു വയസ്സോ മറ്റോ ആയിരുന്നു." (ഷീലയുടെ ആത്മകഥയിൽ, ഗായത്രി എന്നല്ല, താത്രി എന്ന് തന്നെ.")
ഇതിനു ശേഷം, ഞാൻ എഴുതി: "ഷീല പറഞ്ഞ 'ഗായത്രി', കേരളചരിത്രത്തിൽ കൊടുങ്കാറ്റ് ഉയർത്തിയ ഒരു കഥാപാത്രമാണ്; കൊല്ലവർഷം 1080 മിഥുനത്തിൽ, കൊച്ചി മഹാരാജാവ് സ്മാർത്തവിചാരം നടത്തി ഭ്രഷ്ട് കൽപിച്ച ദേശമംഗലം ആറങ്ങോട്ട് കര കല്പകശേരി ഇല്ലത്ത് താത്രി അഥവാ കുറിയേടത്ത് താത്രി. ഇതുവരെ അറിവായ കഥപ്രകാരം, കുറിയേടത്ത് താത്രിയെ പോത്തന്നൂർ റെയിൽവേ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ക്രൈസ്തവ യുവാവ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇല്ലം അന്യം നിന്നു."
ഇങ്ങനെ ഞാൻ എഴുതിച്ചേർത്തതിൽ, ചെറായി രാമദാസ് അദ്ദേഹത്തിൻ്റെ, 'താത്രീ സ്മാർത്ത വിചാരം: സമ്പൂർണ്ണ രേഖകളും പഠനങ്ങളും" എന്ന പുസ്തകത്തിൽ, എന്നെ പഴിച്ചിട്ടുണ്ട്. ഷീല പറയാത്ത കാര്യമല്ല, ഞാൻ എഴുതിച്ചേർത്തത്.
ഷീലയെ കാണുമ്പോൾ, താത്രീ ബന്ധം ചോദിച്ചിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മഹാത്മാ വായനശാലയുടെ പ്രവർത്തകൻ ആയിരുന്നു, ഞാൻ. 'ജനയുഗം' മുതൽ 'ജനപഥം' വരെ സകല ചവറും വായിക്കും. 1975 ൽ സിനിമാവാരികയായ 'നാന'യിൽ ഷീലയുടെ ആത്മകഥ വന്നിരുന്നു. അവർ അതിൽ ഈ ബന്ധം പറഞ്ഞിരുന്നു. താത്രി അമ്മൂമ്മയെപ്പറ്റി പറഞ്ഞിരുന്നു. താത്രീ ബന്ധം പറഞ്ഞ ശേഷം, ആത്മകഥ പാതിവഴിയിൽ നിന്നു.
ഒരു അഭിമുഖം തയ്യാറാക്കുമ്പോൾ, അവിടെ നടന്ന സകല കാര്യങ്ങളും നാം എഴുതണം എന്നില്ല. അഭിമുഖത്തിന് ശേഷം, താത്രിയുടെ വിവരങ്ങൾ അവർ അറിഞ്ഞത് എങ്ങനെ എന്ന് ഷീലയോട് ഞാൻ ചോദിച്ചിരുന്നു. പ്രേമ്ജിയോട് ചോദിക്കാൻ അവർ പറഞ്ഞു. ഞാൻ ഓഫിസിൽ മടങ്ങിയെത്തി തൃശൂർ ബ്യുറോ വഴി പ്രേമ്ജിയെ ബന്ധപ്പെട്ടു. അദ്ദേഹം ഷീലയുടെ താത്രീ ബന്ധം സ്ഥിരീകരിച്ചു. മാത്രമല്ല, ഷീലയെപ്പറ്റി ഒരു കവിത എഴുതിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അത് വേണോ എന്ന് ചോദിച്ചു. ഒരിക്കൽ പ്രസിദ്ധീകരിച്ചതായതിനാൽ, നിരസിച്ചു.
ആ കവിത രാമദാസിൻ്റെ പുസ്തകത്തിലുണ്ട്. രാമദാസ്, താത്രീ വിചാര രേഖകൾ കൊച്ചി ആർകൈവ്സിൽ കാണുന്നതിന് 15 കൊല്ലം മുൻപായിരുന്നു, ഈ അഭിമുഖം. 2014 ൽ, ഷീലയുടെ അമ്മയുടെ അനുജത്തി ലില്ലിയെ കണ്ടെത്തി സഞ്ജയ് ചന്ദ്രശേഖർ 'മനോരമ' യിൽ അവതരിപ്പിച്ചിരുന്നു.
ചെമ്മന്തട്ടയിൽ ഞാൻ പോയി കുറിയേടത്ത് മന നിന്ന വെളിമ്പറമ്പ് കണ്ടിട്ടുണ്ട്. കോഴിക്കോട്ട് 1984 ൽ എ കെ ടി കെ എം ഗുപ്തൻ നമ്പൂതിരിപ്പാടിനെ 93 വയസ്സിൽ കണ്ടിട്ടുണ്ട്. ദേശമംഗലം മനയിലെ നമ്പൂതിരി ഭ്രഷ്ടനായത് തങ്ങളുടെ കുടുംബ ചരിത്രത്തിലുണ്ട് എന്നും അത് പുസ്തകമായി സ്വകാര്യ വിതരണത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശമംഗലം മനയിൽ പോയിട്ടുണ്ട് -അവിടെ വിഷ്ണുദത്ത എന്നൊരു അന്തർജ്ജനം മാത്രമാണ്, ഉണ്ടായിരുന്നത്. ഡർബാർ ഹാൾ ഗ്രൗണ്ടിന് എതിർവശത്തെ വീട്ടിൽ ഐ എൻ മേനോനെയും കണ്ടു. താത്രിയെപ്പറ്റി കുറെ കേട്ടറിവുകൾ ഷീലയെ കാണുമ്പോൾ ഉള്ളിലുണ്ട് എന്നർത്ഥം. എൻ്റെ നാട്ടിൽ, തൃപ്പൂണിത്തുറയിലാണ്, കൊച്ചി രാജ്യത്തെ അവസാന സ്മാർത്തവിചാരങ്ങൾ രണ്ടും, 1905 ലും 1918 ലും നടന്നത്.
പിൽക്കാലം
രാമദാസിൻ്റെ പുസ്തകം ഞാൻ വാങ്ങിയത്, താത്രിയുടെ പിൽക്കാല ജീവിതം എന്തായിരുന്നു എന്നറിയാനാണ്. കാരണം, അദ്ദേഹം കണ്ടെടുത്ത രേഖകൾ ഞാൻ 'മലയാളം' വാരികയിൽ വായിച്ചതാണ്; താത്രീ വിചാരം നടന്നത്, ഹിൽപാലസ് ഡിസ്‌പെൻസറി നിൽക്കുന്ന കെട്ടിടത്തിലാണ് എന്ന് ചിത്ര സഹിതം അദ്ദേഹം എഴുതിയ അസംബന്ധം 'മാധ്യമ'ത്തിലും വായിച്ചിരുന്നു. അത് നടന്നത്, അപ്പുറത്തെ വല്ലയിൽ നാലുകെട്ടിലാണ് എന്ന് അദ്ദേഹം പിന്നീട് തിരുത്തുകയുണ്ടായി. അതു പോലെ, താത്രിയുടെ ദാസിയായ ചെമ്മന്തട്ട ചമ്മൂരെ ആട്ടിയെന്ന സ്ത്രീയെ ചമ്മു തമ്പുരാട്ടി എന്ന് രാമദാസ് തെറ്റി എഴുതുകയുമുണ്ടായി. ദാസിയായി, തമ്പുരാട്ടി വരില്ലല്ലോ.
താത്രിയുടെ പിൽക്കാല ജീവിതത്തിൽ, രാമദാസ് വളരെയൊന്നും മുന്നോട്ട് പോയിട്ടില്ല. അദ്ദേഹം എഴുതുന്നു: "പ്രേംജിയുടെ ഭാര്യ പറയുന്നത് കൂടി വച്ചു നോക്കുമ്പോൾ, ഷീലയുടെ അമ്മൂമ്മയാണ് താത്രി എന്നത് വസ്തുതയായി തന്നെ കണക്കാക്കേണ്ടതുണ്ട്. മുഖ്യ തെളിവായി ഷീലയുടെ തന്നെ ആത്മകഥാ ഭാഗം മുകളിൽ നാം കണ്ടു. അവിഹിത ലൈംഗിക വേഴ്ചകളുടെ പേരിലാണ്, വിവാഹിതയായ താത്രി ഭ്രഷ്ടയാക്കപ്പെട്ടത് എന്നതിൻ്റെ രേഖകൾ നമ്മോടൊപ്പമുണ്ട്. അതിന് ശേഷം, താത്രിയെ സർക്കാർ ചെലവിൽ, സ്വതന്ത്രയായി, ചാലക്കുടിപ്പുഴയോരത്ത് പാർപ്പിച്ചതിൻറെയും രേഖകളുണ്ട്. അവിടന്ന് പോയ താത്രി, പോത്തന്നൂരിൽ താമസമാക്കി എന്നതും വിശ്വസിക്കാവുന്നതാണ്. പുതിയ വിവാഹത്തിൽ പിറന്ന മക്കളിൽ ഒരു പുത്രിയുടെ മകളാണ് ഷീല എന്നും കരുതാം." (1)
തീർന്നില്ല, രാമദാസ് തുടർന്ന് എഴുതുന്നു: "ഷീലയെ താത്രിയുടെ ചെറുമകളായി അറിയാമെന്ന് പറഞ്ഞ ഒരാളെ 15 കൊല്ലം മുൻപ് ഞാൻ ദീർഘനേരം ഇൻ്റർവ്യൂ ചെയ്തിരുന്നു. താത്രിയുടെ ചേച്ചി ഇട്നിക്കാളിയുടെ ഭർത്താവും, താത്രീ ജാരൻ എന്ന നിലയിൽ ഭ്രഷ്ടനുമായ പാലത്തോൾ ഇട്ടിരവി നമ്പൂതിരിയുടെ മകനായ വാസുദേവൻ്റെ ഇളയ മകൻ ഗദാധരൻ ആണത്. ..റെയിൽവേ ഉദ്യോഗസ്ഥനായി 1963 മുതൽ പോത്തന്നൂരിൽ ആയിരുന്നു. അവിടെ സിഗ്നൽ & ടെലികമ്യൂണിക്കേഷൻ വർക് ഷോപ്പിനടുത്ത്, അറുപത് വയസ്സ് തോന്നുന്ന ഒരു സ്ത്രീയെ പതിവായി കണ്ടിരുന്നു. തൃശൂരിൽ ഭ്രഷ്ടായ ഒരു അന്തർജ്ജനത്തിൻ്റെ മകളാണെന്നും, നടി ഷീലയുടെ അമ്മയാണെന്നും നാട്ടുകാർ പറഞ്ഞറിയാം. അവിടെയടുത്ത് ക്വാർട്ടേഴ്സിലാണ് ഗദാധരൻ താമസിച്ചിരുന്നത്. വർക് ഷോപ്പിനടുത്ത് കൂടി വെള്ളലൂർക്ക് പോകുന്ന വടക്കോട്ടുള്ള റോഡിൻ്റെ കിഴക്കു വശത്താകാം ആ സ്ത്രീയുടെ വീട്. ഷീലയുടെ അനുജൻ അവരോട് ഒപ്പമായിരുന്നു. അവർ ഇടക്കിടയ്ക്ക് ഷീലയെ പോയി കാണുമായിരുന്നു. ഷീലയോട് സാമ്യമുള്ള മുഖം. സാരിയോ സെറ്റ് മുണ്ടോ ആണ് വേഷം. ഭർത്താവില്ല. സംസാരിക്കാൻ പലപ്പോഴും ഓങ്ങിയതാണ്. പക്ഷെ, അതിന് കഴിഞ്ഞില്ല." (2)
സുവർണാവസരമാണ്, ഗദാധരൻ പാഴാക്കിയത്.
എന്നെ പഴി പറഞ്ഞ് ഗവേഷണത്തിൽ മുഴുകിയ രാമദാസ് അവസാനം ഞാൻ പറഞ്ഞിടത്തു തന്നെ വന്നു നിൽക്കുന്നു. ഷീല, താത്രിയുടെ കൊച്ചുമകൾ ആകാം!
വ്യഭിചാര കഥകൾ കുമിഞ്ഞ പുസ്തകം ആത്മീയതയിൽ അവസാനിക്കുമ്പോൾ, ആശ്വാസം തോന്നി. ഭ്രഷ്ടരായവർ ഒറ്റപ്പാലം എറക്കോട്ടിരിക്ക് കുടിയേറി. അവിടെ ബംഗാളിൽ നിന്ന് വന്ന നിർമ്മലാനന്ദ, ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു. അതിന് ഭൂമി സംഘടിപ്പിച്ചു കൊടുത്തത്, താത്രിയുടെ ഭ്രഷ്ടനായ സഹോദരൻ നാരായണൻ നമ്പൂതിരിയാണ്. അങ്ങനെ, എസ് ആർ കെ നഗർ ഉണ്ടായി. താത്രി കാരണം ഭ്രഷ്ടരായവർ തന്നെ, താത്രിയുടെ അഞ്ച് സഹോദരിമാരെ വേളി കഴിച്ചു. ഭ്രഷ്ടരുടെ പെങ്ങന്മാർ പലരും സന്യാസിനിമാരായി. താത്രി നവോത്ഥാന നായിക അല്ലെന്ന് രാമദാസ് വ്യക്തമാക്കുന്നുണ്ട്. ഒരാശ്രമം വരാൻ അവർ നിമിത്തമായല്ലോ.
പുസ്തകത്തിൽ രാമദാസ് ഒട്ടും ഊന്നാത്തത്, താത്രിയുടെ കുടുംബം നേരിട്ട ദാരിദ്ര്യത്തിലാണ്. നമ്പൂതിരി സമുദായത്തിലെ കീഴാളരിൽ പെട്ട കുടുംബം. ആഢ്യന്മാരല്ല. പത്തു വയസ്സ് തികയാത്ത താത്രി ബലാൽസംഗം ചെയ്യപ്പെട്ട ശേഷം, വ്യഭിചാരത്തിന് പണവും പൊന്നുമൊക്കെ വാങ്ങുന്നു. ആനക്കാരനായ രാമൻ നായർ കൊടുക്കുന്നത് ഒരു കുപ്പി പനീനീര്. പനങ്ങാവിൽ ഗോവിന്ദൻ നമ്പ്യാരിൽ നിന്ന് ആവശ്യപ്പെടുന്നത്, ബകവധം, കല്യാണ സൗഗന്ധികം, നരകാസുരവധം പുസ്തകങ്ങൾ, ഒരു രൂപ, 'ലളിത'യുടെ സമ്പ്രദായങ്ങളും പദങ്ങളും അയാൾ പഠിപ്പിച്ചു.
മൊത്തത്തിൽ നാം നിരക്ഷരരും ദരിദ്രരും ആയിരുന്നു; നാം ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു.
സൗന്ദര്യം കാരണമാണ്, താത്രിയെ ആളുകൾ കാമിച്ചത്, എന്ന് കരുതുക വയ്യ. താത്രി ഋതുമതിയാകുന്നതിന് മുൻപേ 39 പേർ അവളുടെ ശരീരത്തിൽ താണ്ഡവമാടി. അതിൽ, സ്വന്തം അച്ഛനും ഉണ്ടായിരുന്നു.
കഥകളി നടൻ കാവുങ്കൽ ശങ്കരപ്പണിക്കരെ അയാളുടെ കീചക വേഷത്തിൽ താത്രി പ്രാപിച്ചു എന്നാണ് കഥ. ശങ്കരപ്പണിക്കർ സ്മാർത്തവിചാരത്തിൽ വിശദീകരിച്ചത്, അക്കാലത്ത് താൻ കീചകവധം ആടിത്തുടങ്ങിയിട്ടില്ല എന്നാണ്. ഇത് രാമദാസ് സ്വീകരിച്ചിട്ടുണ്ട്. എങ്കിൽ, ബാക്കി ഭാഗവും വിശ്വസിക്കണം. "അന്ന്, താത്രിക്ക് പത്തോ പന്ത്രണ്ടോ വയസ്സാണ്, ആ പ്രായത്തിൽ ഒരു സ്ത്രീ കീചകൻ്റെ പദം മുഴുവൻ ചൊല്ലിയാടിച്ചു എന്നത് അസംബന്ധമാണ്" എന്നാണ്, പണിക്കർ വിശദീകരിച്ചത്. പ്രണയത്തിൽ ചാടിയവരെയും താത്രി ഒറ്റിയെന്നാണ് രാമദാസ് കാണുന്നത്, ചിലരെ കുടുക്കി എന്നല്ല.
"താത്രി എൻ്റെ സ്വകാര്യ സ്വത്താണ്, ഒരുത്തനും അവളെ സ്പർശിക്കരുത്" എന്ന് ഉറഞ്ഞു തുള്ളിയാണ്, പുസ്തകത്തിൻ്റെ രണ്ടാം പകുതിയിൽ രാമദാസിൻ്റെ നിൽപ്. ഈ പുസ്തകത്തോടെ, ഇത് വരെ വന്നതെല്ലാം റദ്ദായി എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഉവ്വോ, ലളിതാംബിക അന്തർജ്ജനം എഴുതിയ രണ്ട് കഥകളും മാടമ്പിൻ്റെ 'ഭ്രഷ്ട്', പുതൂരിൻ്റെ 'അമൃതമഥനം' ദേവകി നിലയങ്ങോടിൻ്റെ ഓർമ്മകൾ ഒന്നും അടിയന് വായിച്ചു കൂടേ? 'ഭ്രഷ്ടി' ൽ പാപ്തിയെ പ്രകൃതിയായി കണ്ട്, 'ദേവീ മഹാമായേ, പാപ്തി' എന്നുള്ള വാക്യം വെട്ടണോ? 'പരിണയം', 'വാനപ്രസ്ഥം', 'ഭ്രഷ്ട്' തുടങ്ങിയ സിനിമകൾ നിരോധിക്കണോ?
അങ്ങനെ ചെയ്താൽ, ഈ യുക്തി എം ടി യുടെ 'ഒരു വടക്കൻ വീരഗാഥ', 'പഴശ്ശിരാജ' തുടങ്ങിയവയ്ക്ക് ബാധകമാകുമോ? കൈപ്പുള്ളി കരുണാകര മേനോൻ പഴശ്ശിയെ ഒറ്റിയോ ഇല്ലയോ? ഉണ്ണിയാർച്ചയ്ക്ക് ചന്തുവിനോട് കാമം ഉണ്ടായിരുന്നോ? പോട്ടെ, 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിൽ ചരിത്രം ശരിയാകാത്തതിനാൽ, നിരോധിക്കണോ? ആറാട്ടുപുഴ വേലായുധ പണിക്കരെ തൊപ്പിയിട്ട കിട്ടനാണ് കൊന്നത്. പണിക്കരുടെ ബന്ധുവായ കിട്ടൻ പൊന്നാനിയിൽ പോയാണ് തൊപ്പിയിട്ടത്. കൊന്നത് കിട്ടനാണെന്ന് പണിക്കരുടെ കൊച്ചുമകൻ മുൻ മന്ത്രി എം കെ ഹേമചന്ദ്രൻ എഴുതിയിട്ടുണ്ട്. (3) പക്ഷെ, സിനിമയിൽ അദ്ദേഹത്തെ കൊല്ലുന്നത് 'സവർണ ചെറ്റകൾ' ആണ്. ഈ വ്യാജ ചരിത്രം ശരിയാണോ രാമദാസേ? ഇല്ലാത്ത നങ്ങേലിയെ അതിൽ കൊണ്ടു വന്നത്, ശരിയായോ?
ഭാവനകളിൽ നിന്ന് താത്രിയെ മോചിപ്പിച്ച രാമദാസ്, ചേർത്തലയിലെ നങ്ങേലിയെക്കൂടി കെട്ടുകഥകളിൽ നിന്ന് മുക്തയാക്കും എന്ന് കരുതുന്നു. രാമദാസ്, താത്രിയുടെ നായികപ്പട്ടം അഴിച്ച ശേഷം, അവരാണല്ലോ ഇപ്പോൾ നവോത്ഥാന നായിക.
-----------------------------------------
1. ചെറായി രാമദാസ്, 'താത്രീ സ്മാർത്ത വിചാരം: സമ്പൂർണ്ണ രേഖകളും പഠനങ്ങളും," ഡി സി ബുക്സ്, 20232. ibid
3.അരുവിപ്പുറം ശതാബ്‌ദി പതിപ്പ്
© Ramachandran